ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 June 2018

ഭഗവാന്റെ ജലാവതാരം

ഭഗവാന്റെ ജലാവതാരം

മത്സ്യാവതാരം, കൂർമ്മാവതാരം തുടങ്ങിപത്ത് അവതാരങ്ങളെക്കുറിച്ച് നാം കേട്ടിരിക്കുന്നു. ഇത് കൂടാതെ ദത്തത്രേയനും ഭഗവാന്റെ അവതാരമായി കരുതുന്നവരുണ്ട്. എന്നാൽ ജലാവതാരം എന്നൊന്ന് എന്താണ്? ഭഗവാന് അങ്ങിനെയൊരു അവതാരമുണ്ടോ? ദൈവം സർവ്വവ്യാപിയായതിനാൽ ജലവും ദൈവമെന്ന് നമുക്ക് കരുതാം. എങ്കിലും ജലാവതാരമെന്നത് പലപ്പോഴും വിശ്വാസിയുടെ ചിന്തയെ മഥിക്കുന്ന പദം ആയി മാറുന്നു.

ഭൂമിയുടെ ഭൂരിഭാഗവും ജലമാണ്. അതുപോലെ മനുഷ്യ ശരീരത്തിന്റെ ഭൂരിഭാഗവും ജലം തന്നെ. മനുഷ്യ ജീവന്റെ നിലനിൽപ്പിന് ശുദ്ധജലം അത്യന്താപേക്ഷിതവുമാണ്. എന്നിരുന്നാലും ലോകത്തിന്റെ പലഭാഗത്തും ശുദ്ധജലത്തിന് ക്ഷാമം നേരിടുന്നു. ഭൂമിയിലെ ജലത്തിന്റെ സിംഹഭാഗവും സമുദ്രത്തിലാണ്. അതാകട്ടെ ഉപ്പുകലർന്നതാകയാൽ ഉപയോഗയോഗ്യമല്ലതാനും.

അടുത്ത ലോക മഹായുദ്ധം കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും, കുടിവെള്ളത്തിന്റെ വില സ്വർണ്ണവിലയെ കവച്ചുവെയ്ക്കുമെന്നും, ലോക ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നുവെന്നുമുള്ള മുന്നറിയിപ്പുകളും വിവിധ കോണുകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു. ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള സ്രോതസ്സുകളെപ്പറ്റി ചിന്തിക്കുമ്പോഴാണ് "വെള്ളത്തിൽ തുപ്പരുതെന്നും മൂത്രമൊഴിക്കരുതെന്നും" ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന പൂർവ്വികരുടെ ആരാധനാഭാവം കലർന്ന ബുദ്ധിയെയും ഉൾക്കാഴ്ചയെയും എടുത്തുപറയേണ്ടത്.

മാനവരാശിയുടെ നിലനിൽപ്പിനു ജലംഎത്രമാത്രം പ്രധാനപ്പെട്ടതാണെന്നുലോകത്തെ ഓർമിപ്പിക്കാൻ വേണ്ടിയാണല്ലോ  എല്ലാ വർഷവും മാർച്ച് 22ന് ലോക ജലദിനം ആചരിക്കുന്നത്? ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ 1993 മുതലാണു ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിലും എത്രയോവർഷം മുൻപ്, ശരിക്കുപറഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ്, ഇങ്ങ് ഭാരതത്തിന്റെ തെക്കേ അറ്റത്ത്, കേരളത്തിന്റെ മദ്ധ്യഭാഗമായ തൃശ്ശിവപേരൂരിന്റെ പടിഞ്ഞാറുഭാഗത്ത്, ആചാരാനുഷ്ഠാനസമൃദ്ധമായ, ശുദ്ധജലം സംഭരിക്കുന്നതിന് വേണ്ടി നടന്നിരുന്ന, ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഈ ചടങ്ങിനെ ഒന്ന് നോക്കിയാൽ വരുന്ന സംശയംഇങ്ങിനെയാകും,  "ഭഗവാൻ ജലമായതോഅതോ ജലം ഭഗവാനായതോ?"

ഈ സന്ദർഭത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തെയും അവിടുത്തെ സേതുബന്ധന ആചാരത്തെയും കുറിച്ച് ഒന്ന് മനനം ചെയ്യുന്നത് നന്നായിരിക്കും.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതനമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർപുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവുംവലുതും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രവും തൃപ്രയാർ തന്നെയാണ്.
ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽപൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം. വൃശ്ചികമാസത്തിലെകറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീപേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമിതന്നെയാണ്. ഇവിടുത്തെ പ്രാധാന്യമേറിയമറ്റൊരു വിശേഷമാണ് സേതുബന്ധനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെകീഴിലാണ് ഈ ക്ഷേത്രം.

രാമായണത്തിലെ രാമസേതു നിർമ്മാണം

രാവണൻ തട്ടിയെടുത്തസീതാദേവിക്ക് മുദ്രമോതിരം നൽകി തന്റെ പ്രഭുവായ ശ്രീരാമചന്ദ്രന്റെ സന്ദേശം കൈമാറി ചൂഡാരത്നവുമായി ഹനുമാൻ തിരിച്ചെത്തി. ദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ ശ്രീരാമനും ലക്ഷ്മണനും വാനരസൈന്യവും രാമേശ്വരത്ത് എത്തി.അതേ സമയത്ത്  വിഭീഷണൻ രാക്ഷസരാജാവായ ജ്യേഷ്ഠൻ രാവണനുമായി, സീതാദേവിയെ തിരികെനൽകണമെന്ന വിഷയത്തിൽ, തമ്മിൽ തെറ്റി ശത്രുക്കളാവുകയും, നാല് മന്ത്രിമാരോടൊപ്പം ശ്രീരാമനെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. എല്ലാവരും എതിർത്തെങ്കിലും ഹനുമാന്റെ വാക്കുകളടിസ്ഥാനമാക്കി ശ്രീരാമൻ വിഭീഷണന് അഭയം നൽകി. കടൽ കടക്കാനെന്താണ് മാർഗമെന്ന് എല്ലാവരും കൂടി ആലോചിച്ചു.

സമുദ്രത്തിൽ ചിറകെട്ടാനുള്ള പദ്ധതിയുടെ ആശയം വിഭീഷണൻ  മുന്നോട്ട് വച്ചു. തുടർന്ന് വരുണനെ പ്രത്യക്ഷപ്പെടുത്തി. വരുണനാണ് വിശ്വകർമ്മാവിന്റെ മകനായ നളനെ മുഖ്യസ്ഥപതിയാക്കി (ചീഫ് എഞ്ചിനീയർ) കടലിനു കുറുകേ സേതു നിർമ്മിക്കാൻ പറയുന്നത്. അതുപ്രകാരം വാനരസൈന്യം വലിയ പാറക്കല്ലുകളും, മരങ്ങളുമെല്ലാം എത്തിച്ച് 5 ദിവസം കൊണ്ട് നൂറു യോജന നീളമുള്ള പാലം നിർമ്മിച്ചു. തുടർന്ന് ലങ്കയിലെത്തി യുദ്ധം ജയിച്ച് സീതാദേവിയെ വീണ്ടെടുത്തു.

ശ്രീരാമൻ ചിറയിലെ ചിറകേട്ടോണം

രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ശ്രീരാമചന്ദ്രഭഗവാനും വാനരസൈന്യവും കൂടിച്ചേർന്ന് സമുദ്രത്തിനു കുറുകേ സേതുബന്ധനം നടത്തിയതിന്റെ ഓർമ്മക്കായി എല്ലാവർഷവും കന്നിമാസത്തിലെ തിരുവോണം നാളിൽ തൃപ്രയാർ ശ്രീരാമസ്വാമി  സേതുബന്ധനച്ചടങ്ങുകൾ നടത്തുന്ന സ്ഥലമാണ് ശ്രീരാമൻ ചിറ. സേതുബന്ധന സ്മരണ ഈ രീതിയിൽ പുതുക്കുന്ന ഭൂമിയിലെ ഒരേ ഒരു സ്ഥലമാണിവിടം

അന്ന് പുലർച്ചെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിയമവെടി കേൾക്കുമ്പോൾ  ചിറ കെട്ടോണത്തിന്റെ ചടങ്ങുകളാരംഭിക്കുന്നു. ഇവിടെ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ച് വച്ച് ചെണ്ട കൊട്ടാൻ തുടങ്ങുന്നു. ഇത് സന്ധ്യക്കുള്ള ചിറകെട്ട് കഴിയുന്നതു വരെ ഉണ്ടായിരിക്കും. പുലർച്ചെയുള്ള ചെണ്ടകൊട്ട് കേൾക്കുന്നതോടെ ചെമ്മാപ്പിള്ളി, പെരിങ്ങോട്ടുകര പ്രദേശത്തുള്ളവർ വീടുകളിൽ തൃക്കാക്കരയപ്പനെ പൂക്കളത്തിലെഴുന്നള്ളിച്ച് വച്ച് പൂവട, വറുത്ത അരി, പയർ എന്നിവ നിവേദിക്കുന്നു.

തൃപ്രയാർ ക്ഷേത്രനട  നേരത്തെ അടയ്ക്കുന്ന രണ്ട് ദിവസങ്ങളാണ് ആറാട്ടുപുഴ ദേവമേളയായ മീനത്തിലെ പൂരവും, ശ്രീരാമൻ ചിറയിൽ ചിറകെട്ടുന്ന കന്നിയിലെ തിരുവോണ ദിനവും. ചിറകെട്ടു ദിവസം  വൈകീട്ട് ദീപാരാധനയും അത്താഴ പൂജയും നേരത്തേ തീർത്ത് നട അടയ്ക്കുന്നു. ആയതിനുശേഷം തേവർ  മുതലപ്പുറത്ത് കയറി  ശ്രീരാമൻ ചിറയിൽ എത്തിച്ചേരുന്നുവെന്നാണ് വിശ്വാസം. 2000ലധികം വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന തൃപ്രയാർ ക്ഷേത്രത്തിന്റെ അത്രയും തന്നെ പഴക്കം ശ്രീരാമൻ ചിറ കെട്ടുന്നതിനും ഇവിടുത്തെ ചിറകെട്ട് ഓണത്തിനും ഉണ്ട്.

ഇതിനുവേണ്ടി അവകാശികളേയും തൃപ്രയാർ ക്ഷേത്രം നിശ്ചയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ പറയസമുദായത്തിനായിരുന്നു അവകാശം. അവരത് ഉപേക്ഷിച്ചുപോയപ്പോൾ തൃപ്രയാർ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായപുന്നപ്പിള്ളിമനയിലെ കാരണവന്മാർ കൊണ്ടുവന്ന് അവരുടെ ഇല്ലപ്പറമ്പിൽ താമസിപ്പിച്ചിരുന്ന വേട്ടുവസമുദായക്കാരാണ് ഇപ്പോൾ ചിറ നിർമ്മിക്കുന്നത്. ഇവിടെയും ചിറകെട്ടിനുശേഷം അനുബന്ധച്ചടങ്ങുകൾ നടക്കുന്ന കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലും പൂജാസാധനങ്ങളൊരുക്കുന്നതിനും സ്ഥലം വൃത്തിയാക്കുന്നതിനും തോരണമിടുന്നതിനും ഈഴവർക്കാണ് അവകാശം. ചിറകെട്ടുന്നതിലും, സേതുബന്ധനവന്ദനം നടത്തുന്നതിലും, വിവിധകലാരൂപങ്ങളവതരിപ്പിക്കുന്നതിലും പങ്കെടുത്തവർക്കുള്ള അവകാശങ്ങൾവിതരണം ചെയ്യുന്നത് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും വരുന്ന നമ്പൂതിരി സമുദായാംഗമാണ്. ചിറകെട്ടിന്മേൽ വിരിക്കുന്നതിനുള്ള വെള്ളയും കരിമ്പടവും, സമർപ്പിക്കുന്നതിനുള്ള താമ്പൂലവു, കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള മാറ്റും കൊണ്ടുവരുന്നതിനുള്ള അവകാശം വെളുത്തേടത്ത് നായർ സമുദായാംഗത്തിനാണ്. കാഴ്ചക്കുലയുംനെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്. വിശ്വകർമ്മജരായ കരുവാൻ, തട്ടാൻ, ആശാരി സമുദായാംഗങ്ങൾ യഥാക്രമം കത്തി, മോതിരം, മുളനാഴി/ഇടങ്ങഴി എന്നിവ സമർപ്പിക്കുന്നു. ഓലക്കുട സമർപ്പിക്കുന്നത് സാംബവ സമുദായമാണ് ( ചടങ്ങ് 2017ൽ പുനരാരംഭിച്ചു)

സേതുബന്ധനവന്ദനം

രാമസേതുവിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  വാമൊഴിയിലൂടെ പ്രചാരം നേടിയതാണല്ലോ അണ്ണാറക്കണ്ണന്റെ കഥ?ലങ്കയിലേക്ക് കടക്കുന്നതിനായി ചിറ നിർമ്മിക്കുവാൻ ഒരുങ്ങിയ സമയത്ത് അണ്ണാറക്കണ്ണൻ കടലിലിറങ്ങി നനഞ്ഞുവന്ന്, തീരത്തെ പൂഴിമണലിൽ കിടന്നുരുണ്ട്, സ്വന്തം ശരീരരോമങ്ങളിൽ പറ്റിപ്പിടിച്ച മണൽ ചിറയിന്മേൽ കൊണ്ടുപോയി കുടഞ്ഞിടുന്നതും, ശ്രീരാമദേവന്റെ പ്രത്യേകാനുഗ്രഹത്തിന് പാത്രമാകുന്നതുമായഇതിഹാസ സന്ദർഭത്തിനാണ് സേതുബന്ധന വന്ദനത്തോട് ബന്ധമുള്ളത്.

അവകാശികൾ ചിറ നിർമ്മിച്ചു തീർന്നതിനു ശേഷം ആണ് ഈ ചടങ്ങ് നടക്കുന്നത്. ഭഗവാൻ ശ്രീരാമചന്ദ്രൻ, ശ്രീരാമൻ ചിറയിൽ എഴുന്നള്ളിയതിനുശേഷമാണല്ലോ ചിറ കെട്ടുന്നത്. അതിനുശേഷം അവകാശികളല്ലാത്ത ഭക്തർക്കുകൂടി ചിറകെട്ടിൽ പങ്കാളികളാകാൻ അവസരം ഉണ്ട്. ഇവിടെ എത്തിയ എല്ലാവർക്കും ഒരു പിടി മണ്ണ്പുതുതായി നിർമ്മിച്ചസേതുവിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ സേതുബന്ധനത്തിൽ പങ്കാളികളാകുന്നവർക്കും ആദ്യകാലത്ത് ഒരു നാഴി നെല്ല് അളന്നു നൽകിയിരുന്നു.ഇപ്പോൾ ഇത് പണമായി നൽകി വരുന്ന. ഭഗവത്പ്രസാദമായി കിട്ടുന്ന ഈ പണം ഭക്തർ വീടുകളിൽ കൊണ്ടു പോയി സൂക്ഷിച്ചു വരുന്നു. ആയത് ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.

ചിറകെട്ടുന്ന ദിവസം ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പിന്നീട് ഈ ചടങ്ങ് നിർവ്വഹിക്കാറുണ്ട്. ആയതിനായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ശ്രീരാമൻചിറയിലെത്തി സ്വന്തം വാസസ്ഥാനത്തുനിന്ന് കൊണ്ടുവന്നതോ അഥവാ സേതുവിനു സമീപത്തു നിന്ന്  ശേഖരിച്ചതോ ആയ ഒരു പിടി മണ്ണ് സേതുബന്ധനത്തിൽ നിക്ഷേപിക്കുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം പൂർണ്ണമാകുന്നതിന് സേതുബന്ധന വന്ദനം നടത്തുന്നത് അഭികാമ്യമാണ്.

താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവികശുദ്ധജല സംഭരണിയാണ്‌ ശ്രീരാമൻ ചിറ എന്നറിയപ്പെടുന്ന 900 പറ പാടശേഖരം. വേനൽക്കാലത്ത് ചെമ്മാപ്പിള്ളിയിലും പരിസരങ്ങളിലും ശുദ്ധജലക്ഷാമം ഇല്ലാതിരിക്കാൻ ശ്രീരാമൻ ചിറ വലിയപങ്കാണ് വഹിക്കുന്നത്. ആചാരങ്ങളിലും ഭക്തിയിലും ഒരുമിച്ച് ഇവിടുത്തെ ജലസമൃദ്ധി ഉറപ്പു വരുത്തുകയായിരുന്നു ചെയ്തിരുന്നത്. തുലാവർഷത്തിലെ ജലം ശേഖരിച്ചു വയ്ക്കാൻ ശ്രീരാമൻ ചിറ ഉപകരിച്ചിരുന്നു.

തുലാവർഷം തീരുന്നതോടെ തൃപ്പാദയാറിൽ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകും. അപ്പോൾ പുഴയുടെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളിളെയും കുളങ്ങളിലെയും ജലം ഉപയോഗിക്കാൻ കഴിയാതെയാകും. ഈ സമയത്ത് ശ്രീരാമദേവന്റെ അവതാരം പോലെയാണ് ശ്രീരാമൻ ചിറയിലെ ശുദ്ധജലം ഗ്രാമീണർക്ക് അനുഭവപ്പെടുക. ഭക്തിയും സമുദായ ഒരുമയും ജലസംരക്ഷണമെന്ന നാടിന്റെ ആവശ്യകതയും  ഒന്നു ചേർന്നാണ് ഇവിടെ ചിറകെട്ടോണം ആഘോഷിക്കുന്നത്.

കലിയുഗത്തിലെ മനുഷ്യജന്മങ്ങൾക്ക് സേതുബന്ധനം ഒരു കേട്ടുകേൾവി മാത്രമാണ്. ഒരു തവണയെങ്കിലും അതിൽ അണ്ണാറക്കണ്ണനായി പങ്കെടുക്കുവാനുള്ള അടുത്ത അവസരം പാഴാക്കരുത്.  എല്ലാ മലയാള മാസം ഒന്നാം തീയ്യതിയും തൃപ്രയാർ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിലും സന്ധ്യയ്ക്ക് ചിറയിന്മേൽ വിളക്ക് വയ്പ്പ് നടന്നു വരുന്നു. ഭക്തർ തന്നെ എണ്ണയും തിരിയും കൊണ്ടുവന്ന് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. സ്ഥലദോഷങ്ങൾ തീർക്കുന്നതിനായി പല സ്ഥലങ്ങളിൽ നിന്നും മണ്ണ് സമർപ്പിക്കുന്നതിനായും ഭക്ത ജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട്.

1 June 2018

പുരാണങ്ങൾ

പുരാണങ്ങൾ

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ.  വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.

പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.

വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.

വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് അനുവദനീയവുമായിരുന്നു. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

പുരാണം എന്നാൽ പുരാതന കാലം മുതൽ നിലനിൽക്കുന്നത് എന്നാണർത്ഥം.

കാലവും കർത്താവും

പുരാണങ്ങളുടെ കാലവും കർത്താവും തർക്കവിഷയമാണ്‌. വിശ്വാസമനുസരിച്ച് വേദവ്യാസൻ ആണ്‌ ഇവയുടേയും കർത്താവ്. ക്രിസ്തുവിന്‌ ഏറെ നൂറ്റാണ്ടുകൾ മുന്നാണിവ എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ ചരിത്രകാരന്മാരും ഗവേഷകരും ഇത് അംഗീകരിക്കുന്നില്ല. കാലഘട്ടം കി.മു 4 ആം നൂറ്റാണ്ടിനും ക്രി.പി ഒന്നാം നൂ‍റ്റാണ്ടിനുമിടയിലാണെന്നാണ് ആധുനിക പണ്ഡിതർ അവകാശപ്പെടുന്നത്. എല്ലാ പുരാണങ്ങൾക്കും പൊതുവായ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും ഭാഷാശൈലികൾ വിഭിന്നമാണെന്നതാണ്‌ അവർ ഉന്നയിക്കുന്ന പ്രധാന തർക്കവിഷയം. ചിലതിൽ ലാഘവമായ ഭാഷയാണെങ്കിൽ മറ്റു ചിലതിൽ ഗാഢവും കഠിനവും ദുർഗ്രഹവുമായ ഭാഷയാണ്‌. പുരാണങ്ങളിലെ പ്രതിപാദ്യവിഷയങ്ങൾ തമ്മിൽ വളരെ വ്യത്യാസമുള്ളവയും തമ്മിൽ പൊരുത്തപ്പെടാത്തവയും ഉണ്ട്. ഒന്നിൽ ഏറ്റവും പ്രധാന ദേവനായി ചിത്രീകരിച്ചിരിക്കുന്ന മൂർത്തി മറ്റൊന്നിൽ വേറൊരു ഈശ്വരന്റെ മുന്നിൽ തരം താഴ്ന്നു നിൽക്കുന്നതായും പ്രതിപാദിച്ചു കാണുന്നു. പഞ്ചലക്ഷണങ്ങളുടെ കാര്യത്തിലും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇവയെല്ലാം വിഭിന്നരായ കർത്താക്കളാണ്‌ പുരാണങ്ങൾ എഴുതിയതെന്നും സ്വീകാര്യത കിട്ടാനായി വ്യാസന്റെ പേർ സ്വീകരിച്ചതായിരിക്കാം എന്നും ചരിത്രകാരന്മാർ കരുതുന്നതിന്റെ ആധാരം. ഗുപ്തസാമ്രാജ്യത്തിന്റെ പതന കാലഘട്ടത്തിലാണ് (320-500 CE) പുരാണങ്ങളുടെ ഉള്ളടക്കം പ്രമാണീകരിക്കപ്പെട്ടത്. മെഡീവൽ കാലഘട്ടം വരെ പുരാണ ഗ്രന്ഥങ്ങളിലേയ്ക്ക് രചനകൾ നിരന്തരം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരുന്നു.

ചരിത്രം

അഥർവ്വവേദത്തിൽ പുരാണങ്ങളെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അക്കാലത്ത് അവ ഗ്രന്ഥരൂപം പ്രാപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഛാന്ദോഗ്യോപനിഷത്തിന്റെ കാലമായപ്പോഴേക്കും പുരാണങ്ങൾ ശരിയായ രൂപം പ്രാപിച്ചിരുന്നു. എങ്കിലും സൂത്രങ്ങളും സൂത്രഭാഷ്യങ്ങളും രചിക്കപ്പെട്ടതോടെയാണ്‌ പുരാണങ്ങളെപ്പറ്റിയുള്ള വ്യക്തമായ പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത്.

ക്രി.വ. അഞ്ചാം ശതകത്തിൽ പുരാണങ്ങളുടെ ലക്ഷണങ്ങളെപ്പറ്റി അമരസിംഹൻ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം സർഗം, പ്രതിസർഗം, വംശം, മന്വന്തരം, വംശാനുചരിത്രം എന്നീ ലക്ഷണങ്ങളെപ്പറ്റി പരാമർശിക്കുന്നു. ഗുപ്തകാലഘട്ടത്തിൽ അതായത് ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിലാണ്‌ പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടത്. ഹിന്ദുമതത്തിന്റെ നവോത്ഥാനം ദർശിക്കപ്പെട്ട അക്കാലത്ത് തന്നെയാണ്‌ രാമായണവുംമഹാഭാരതവും ക്രോഡീകരിക്കപ്പെട്ടത്.

അഷ്ടാദശപുരാണങ്ങൾ

പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

ബ്രഹ്മപുരാണം

ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

വിഷ്ണുപുരാണം

മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു. ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

ശിവപുരാണം

പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

ഭാഗവതപുരാണം

ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

പദ്മപുരാണം

പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

നാരദപുരാണം

ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗ മാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ, നരകയാതനകൾ എന്നിവ വിവരിക്കുന്നു.

മാർക്കണ്ഡേയപുരാണം

ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൽ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

ഭവിഷ്യപുരാണം

അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ലിംഗപുരാണം

അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

വരാഹപുരാണം

ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മവൈവർത്തപുരാണം

കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

സ്കന്ദപുരാണം

സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 82000 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

വാമനപുരാണം

വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

മത്സ്യപുരാണം

മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

കൂർമ്മപുരാണം

കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

ഗരുഡപുരാണം

പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാണ്ഡപുരാണം

അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമംഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

അഗ്നിപുരാണം

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി

1. സംസ്കൃതത്തിലെ മഹത്തായാ കലാശാസ്ത്രഗ്രന്ഥങ്ങളുടെ സാരവും സാധാരണയായി കാണുന്ന പുരാണവിഷയങ്ങളും പ്രതിപാദിക്കുന്നവ. ഉദാ: ഗാരുഡം, അഗ്നീ, നാരദം

2. തീർത്ഥങ്ങളേയും വ്രതങ്ങളേയും പറ്റി വിവരിക്കുന്നവ ഉദാ: പദ്മം, സ്ക്കാന്ദം, ഭവിഷ്യം

3. രണ്ട് പരിഷ്കരണങ്ങൾ കഴിഞ്ഞവ. ഉദാ: ബ്രഹ്മപുരാണം, ഭാഗവതം, ബ്രഹ്മ‌വൈവർത്തം

4. ചരിത്രപുരാണങ്ങൾ- ഉദാ: ബ്രഹ്മാണ്ഡം,

5. മതവിഭാഗങ്ങളുടെ പുരാണം - ഉദാ: ലിംഗം, വാമനം, (ശൈവം) മാർക്കണ്ഡേയം (ശാക്തേയം)

6. പല തവണ വ്യാഖ്യാനിക്കപ്പെട്ട് ഇല്ലാതായിത്തീർന്നവ - വരാഹം, കൂർമ്മം, മാത്സ്യം

ലക്ഷണങ്ങൾ

മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌. ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു

1. സർഗ്ഗം- പ്രപഞ്ച സൃഷ്ടി

2. പ്രതിസർഗ്ഗം- ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു ശേഷമുള്ള പുനഃസൃഷ്ടികൾ.

3. വംശം- ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.

4. മന്വന്തരം- മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.

5. വംശാനുചരിതം- രാജകുലങ്ങളുടെ ചരിത്രം.

മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌.

മറ്റുപല വിശുദ്ധഗ്രന്ഥങ്ങളിലും (മതഗ്രന്ഥങ്ങൾ) ഇതേതരത്തിലുള്ള വേർതിരിവ്‌ ദർശിക്കാൻ കഴിയുമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു (ഉദാ:ബൈബിൾ). ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യംവരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും.

പല ദേശങ്ങളിലും മിക്ക പുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌).

ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ

ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.

വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ

വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.

ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ

വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.

ഉപപുരാണങ്ങൾ

സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമതപുരാണം.

ഇതിലൊന്നും ഉൾപ്പെടാത്ത പ്രശസ്തമായ അനേകം ഉപപുരാണങ്ങളും ഉണ്ട്. ഭവിഷ്യപുരാണത്തിന്റെ അനുബന്ധമായ കൽക്കിപുരാണം അത്തരത്തിലുള്ള ഒന്നാണ് .

രാമായണത്തിലെ സാഹോദര്യം

രാമായണത്തിലെ സാഹോദര്യം

മാനവസാഹോദര്യത്തിന് മകുടോദാഹരണമാണ് രാമലക്ഷ്മണന്മാരും ഭരതശത്രുഘ്‌നന്മാരും കാഴ്ചവച്ചത്. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്‍മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണ് മേല്‍പറഞ്ഞ സഹോദരന്മാരിലൂടെ നാം അനുഭവിക്കുന്നത്. വനഗഹ്വരങ്ങളും കാനനഭംഗിയും കടഞ്ഞെടുത്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും ജീവിതസന്ദേശം ചെങ്കോലും മരവുരിയും തമ്മിലുള്ള  അന്തരം വ്യക്തമാക്കി. പൊന്മകുടങ്ങളും പൊന്‍താലങ്ങളും കാത്തുനില്ക്കാത്ത ആ ധന്യജീവിതം മാനവസാഹോദര്യത്തിന്റെ മഹത്തായ സന്ദേശം എന്നും വിളംബരം ചെയ്യും. രാവണന്‍ സൃഷ്ടിച്ച ഭാവനാസാഹോദര്യം കാലുഷ്യത്തിന്റെ കറപറ്റിയ കാവ്യചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അമിതഭോഗവും അത്യാഗ്രഹവും പടുത്തുയര്‍ത്തിയ കൂറ്റന്‍ മതില്‍ക്കെട്ടുകളും അതിനുള്ളിലെ മണിമാളികകളും രാമായണമഹാസങ്കല്പത്തില്‍ തകര്‍ന്നടിയുന്നു. ദാനവനെ വാനവനേക്കാള്‍ വളര്‍ത്തിയ മാനവസങ്കല്പമാണ് ഭഗവാന്‍ ശ്രീരാമചന്ദ്രനും വിഭീഷണനും തമ്മിലുള്ള ബന്ധം. ശത്രുവിനുപോലും അഭയം നല്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്തസങ്കല്പം ഊഷ്മളഭാവത്തോടെ രാമായണത്തില്‍ ഉയര്‍ന്നുനില്ക്കുന്നു.

വാനരസാഹോദര്യത്തിന്റെ ചാപലമെങ്കിലും ചിന്തോദ്ദീപകമായ ഉദാഹരണമാണ് ബാലിയസുഗ്രീവബന്ധം.  സുഗ്രീവനിലൂടെ പ്രകടമാകുന്ന ധര്‍മശരീരവും ബാലിയുടെ അധര്‍മശരീരശക്തിയും ചിന്തയ്ക്കു വകനല്കുന്ന സന്ദേശങ്ങള്‍ പകരുന്നു. അധര്‍മിയുടെ ശക്തിയെ നിരസിക്കുവാനും ധര്‍മിയുടെ നിസ്സഹായതയെ നിരുത്സാഹപ്പെടുത്തുവാനും നമ്മെ രാമായണസംസ്‌കാരം പഠിപ്പിക്കുന്നു. അനുസരിക്കുനുള്ള ബാധ്യത അഹന്തകൊണ്ട് ചോദ്യം ചെയ്യപ്പെടരുത്. സത്യം അന്വേഷിക്കപ്പെടേണ്ടതാണ്. സത്യാന്വേഷി അധര്‍മമാര്‍ഗം സ്വീകരിക്കരുത്. അത് ശിക്ഷാര്‍ഹമാണ്. മനുഷ്യബന്ധത്തെ നിഷേധിക്കുകയും നിഷിദ്ധമാക്കുകയും ചെയ്ത വാനരബുദ്ധിയെ രാമായണം അംഗീകരിക്കുന്നില്ല. അധര്‍മത്തെ പോഷിപ്പിക്കുന്ന ശക്തിക്കും അധികാരത്തിനും രാമായണത്തില്‍ നീതികരണമില്ല. ”പൂര്‍വജനവനതിപുണ്യചരിതന്‍” എന്നുള്ള സങ്കല്പം ശരീരാഭിമാനം കൊണ്ട് ബാലി കളങ്കപ്പെടുത്തി. സഹോദരഭാര്യാപഹരണം ഹീനമാണ്. ധാര്‍മികസങ്കല്പങ്ങള്‍ ചാപല്യം കൊണ്ട് നിഷേധിക്കപ്പെടരുത്. മാര്‍ഗവും ലക്ഷ്യവും അധാര്‍മികമായാല്‍ അതു ശിക്ഷാര്‍ഹമാണ്. സാഹോദര്യത്തിന്റെ പവിത്രതയും സ്ത്രീത്വത്തിന്റെ ചാരിത്ര്യവും അംഭാവത്തിനു അടിപ്പെടേണ്ടിവന്നു. അതു നിലനിര്‍ത്താനാവില്ല. ധര്‍മസമരം കൊണ്ടാണ് നേരിടേണ്ടത്. സാത്വിക ബോധത്തില്‍ അടിയുറച്ച വിശ്വാസവും നിര്‍ഭയത്വവും ധര്‍മസരസേനാനിക്കുണ്ടാകണം. സുഗ്രീവന്റെ ആദ്യപരാജയവും ആവര്‍ത്തനപരിശ്രമവും വിജയത്തിനുകാരണമായി. രാമനായിരുന്നു ധര്‍മസങ്കേതം. ചാപല്യവും ശരീരാഭിമാനവും സംഹരിക്കപ്പെട്ടു. ബാലിവധത്തിലൂടെ ശിക്ഷയും രക്ഷയും നല്കുന്ന സന്ദേശം നമുക്കു ലഭിക്കുന്നു. ധര്‍മാധര്‍മവിവേചനം നിഷ്പക്ഷമായിരിക്കണം. പക്വമതിയില്‍ നിന്നാണതു ലഭിക്കേണ്ടത്. സാമ്രാജ്യമോഹിക്കോ, പരാര്‍ഥകാമിക്കോ അതു സാധ്യമാവുകയില്ല. രാമന്‍ ധര്‍മസ്വരൂപനാണ്. അതുകൊണ്ടുതന്നെയാണ് ചാപല്യത്തിലും ശരീരാഭിമാനത്തിലും വന്നുചേര്‍ന്ന ധര്‍മച്യുതിക്കു വിരാമമിടാന്‍ കഴിഞ്ഞത്.

ജടായുവും സമ്പാതിയും സഹോദരന്മാരാണ്. ജടായു രാമസങ്കല്പത്താല്‍ സായൂജ്യം നേടി. അഹന്തയും, അഭിമാനവും അജ്ഞാനത്തിന്റെ രണ്ടു ചിറകുകളാണ്. അതു രണ്ടും സമ്പാതിക്കു നഷ്ടപ്പെട്ടു. അജ്ഞാനത്തിന്റെ രണ്ടു ചിറകുകളും ജ്ഞാനസൂര്യന്റെ ഊഷ്മാവിലാണ് കരിഞ്ഞുവീണത്. എങ്കിലും സഹോദരനായ ജടായുവിന്റെ നാമം സമ്പാതിയില്‍ അന്തര്‍ലീനമായിരുന്ന സാഹോദര്യബന്ധത്തെ ഉണര്‍ത്തി. രാമസ്മരണയും രാമസേവകസ്മരണയും രണ്ടല്ല. തുല്യഗുണമുളവാക്കും. ഉപാസകനും ഉപാസ്യവും ഒന്നായിത്തീരും. ഭക്തനും, ഭക്തദാസനും ഭിന്നഗുണങ്ങളില്ല. അതുകൊണ്ടുതന്നെയാണ് രാമസങ്കല്പം പവിത്രമാക്കിയ ജടായുവിന്റെ നാമം അഹന്തയറ്റ സമ്പാതിക്കു മോചനകാരണമായത്.
വൈവിധ്യം നിറഞ്ഞ സഹോദരബന്ധത്തിലൂടെ ധര്‍മാധര്‍മ വിവേചനം നടത്തി മനുഷ്യ ജീവിതത്തിന് മാര്‍ഗനിര്‍ദേശം നല്കുന്ന രാമായണമഹാസങ്കല്പം ഉദാത്തഭാവങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. ധര്‍മം മനുഷ്യജീവിതത്തിന്റെ മാത്രം മാര്‍ഗമായല്ല രാമായണം ഉല്‍ഘോഷിക്കുന്നത്. സമസ്തജീവരാശികളേയും ധര്‍മമാര്‍ഗത്തില്‍ ചരിപ്പിക്കുന്നതിന് രാമായണം ബദ്ധശ്രദ്ധമാണ്. തിര്യക്കുകളെപ്പോലും വിട്ടുവീഴ്ചയില്ലാതെ ശിക്ഷിക്കുവാനും അധര്‍മസങ്കേതങ്ങളില്‍ നിന്ന് മുക്തമാക്കുവാനും രാമായണം ശ്രദ്ധിച്ചിട്ടുണ്ട്. ധര്‍മം മനുഷ്യജീവിതത്തിന്റെ മാത്രം ഭാഗികസങ്കല്പമല്ല. പ്രപഞ്ചജീവിതത്തിന്റെ ആകമാനമുള്ള സ്വരൂപഘടന നാനാത്വങ്ങളില്‍ അധിഷ്ഠിതമാണെന്ന് രാമായണം സമര്‍ഥിക്കുന്നു. സമ്പാതിക്കും ബാലിക്കും രാവണനും മാരീചനും നല്കുന്ന ശിക്ഷ മേല്‍പറഞ്ഞ മഹത്തായ ആദര്‍ശത്തെ സാധൂകരിക്കുന്നു. മകരിക്കു കിട്ടിയ ശിക്ഷ മോക്ഷത്തിലാണ് കലാശിച്ചത്. ലങ്കാലക്ഷ്മിക്കു കിട്ടിയ അടിയും സുരസക്കു ലഭിച്ച സ്തുതിയും ഒരേ ധര്‍മസങ്കല്പത്തിന്റെ വിഭിന്നമാര്‍ഗങ്ങളാണ്. നിഗ്രഹവും അനുഗ്രഹവും ധര്‍മത്തിനും മോക്ഷത്തിനും കാരണമായിത്തീരുന്ന സങ്കല്പം രാമായണത്തിലുടനീളമുണ്ട്. അര്‍ഥകാമങ്ങള്‍ ധര്‍മമാര്‍ഗം വിട്ട് ചരിക്കുവാന്‍ രാമായണം അനുവദിക്കുന്നില്ല.