ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 April 2018

വിവാഹപ്പൊരുത്തം

വിവാഹപ്പൊരുത്തം

കർദ്ദമന്‍റെയും ദേവഹൂതിയുടെയും ദാമ്പത്യ വർണനം

[ഭാഗവതം തൃതീയ സ്കന്ധം ഇരുപതിമൂന്നാം അദ്ധ്യായം]

ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.

ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം. കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.

ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധുവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം.

ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു. ഇതായിരിക്കട്ടെ വിവാഹ പൊരുത്തത്തിന് പ്രമാണമെന്ന് മനുവിലൂടെ വ്യാസൻ ബോധിപ്പിക്കുന്നു.
ത്രിതീയ സ്കന്ധം, അദ്ധ്യായം - 23, ശ്ലോകം - 2, 3. ഈ രണ്ടു ശ്ലോകങ്ങൾ മാത്രമാണ് പറയുന്നത്.

🔱ശ്ലോകം🔱

" വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ "॥

1. വിശ്വാസം
ॐ➖➖➖➖ॐ➖➖➖➖ॐ
വിവാഹ പൊരുത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.

വിശ്വാസമെന്നാൽ മനസ്സിലാക്കാൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച്  മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...

പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.

ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കും. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്.

നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം. ഭർത്താവിന് എല്ലാവിധ സംരക്ഷണവും ഭാര്യയ്ക്ക് നൽകാൻ സാധിക്കണം.

ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, ഭക്ഷണം  ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം.

2. ശുചിത്വം
ॐ➖➖➖➖ॐ➖➖➖➖ॐ
ആത്മശൌചേന, എന്നു പറഞ്ഞാൽ ശുചിത്വം തന്നെ. ശരീരികമായ ശുചിതം. പുരുഷൻമാർക്ക് മദ്യലഹരി, അരോചകമായ ബീഡി, സിഗററ്റ് ഗന്ധം ഇതൊക്കെ ഒഴിവാക്കണം. മദ്യപിക്കുന്ന പുരുഷന് മദ്യപിക്കുന്ന സ്ത്രീ തന്നെയാണ് യോജിക്കുന്നത്. അതു തന്നെയാണ് പൊരുത്തം. അതുകൊണ്ട് ശുചിത്വമുണ്ടാവുക. ശാരീരികമായും മാനസികമായ ശുചിത്വമുണ്ടാകുക.

3. ആദരവ്
ॐ➖➖➖➖ॐ➖➖➖➖ॐ
മൂന്നാമത്തത് ഗൌരവേണ, എന്നു പറഞ്ഞാൽ ആദരവ്. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലാവരുത് എന്നർത്ഥം. ഭാര്യയെ ആദരിക്കുവാൻ കഴിയണം. അവരോട് അഭിപ്രായങ്ങൾ ചോദിക്കണം. അവരെയും കൂടി കേൾക്കുവാൻ തയ്യാറാവണം. ഒരു കാര്യം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മക്കളോടു പറയണം, അമ്മയോടുകൂടി ചോദിക്കാമെന്ന്. ഇതാണ് ഗൌരവേണ ആദരവ് എന്നു പറയും. കാരണം ഭാര്യയുടെ അഭിപ്രായം ഭർത്താവിനോട് ചോദിക്കാറുണ്ട്, അച്ഛനോട് ചോദിച്ചിട്ടു ചെയ്യു എന്നു പറയാറുണ്ട്. ഈ ബഹുമാനം, ആദരവ് ഭാര്യക്കും കൊടുക്കുവാൻ ഭർത്താവിനും കഴിയണം, അപ്പോൾ മാത്രമാണ് കുടുംബത്തിൽ ഇമ്പമുണ്ടാകുന്നത്. ഇത് പലപ്പോഴും നടക്കുന്നില്ല, ഞാൻ പറയുന്നത് ഭാര്യയും മക്കളും കേട്ടുകൊള്ളണം. ചോദ്യത്തിന് മാത്രം ഉത്തരം നൽകുക. ഒരു ദിവസം താമസിച്ചു വരുന്ന ഭർത്താവിനോട് എന്താ നിങ്ങൾ ഇന്ന് താമസിച്ചത് എന്നു ഭാര്യ ചോദിക്കും, സ്വാഭാവികം. എന്നാൽ അത് നീ അറിയണ്ട എന്നാണ് ഭർത്താവിന്റെ മറുപടിയെങ്കിൽ ആ കുടുംബത്തിൽ വഴക്കായിരിക്കും. നേരെ മറിച്ച് ഇന്ന് ജോലി തിരക്കുണ്ടായിരുന്നു എന്ന് ഭാര്യയുടെ ചോദ്യത്തിന്റെ മറുപടി കൊടുത്താൽ പ്രശ്നം തീരും. ഈയൊരു ബഹുമാനം അവർക്ക് കൊടുക്കാൻ ഈ പുരുഷനു സാധിക്കണം, അതാണ് ഗൌരവേണ. സഹധർമ്മിണിയാണ് , ധർമ്മത്തിൽ ചരിക്കുമ്പോൾ കൂടെ നിർത്തേണ്ടുന്ന ആളാണ് പത്നി.

4. ഇന്ദ്രിയ നിഗ്രഹം
ॐ➖➖➖➖ॐ➖➖➖➖ॐ
ദമമെന്നാൽ ഇന്ദ്രിയ നിഗ്രഹം. എല്ലാതരത്തിലുമുള്ള നിയന്ത്രണം. ഭാര്യയെ ഒരു ഉപകരണമായി കാണാതിരിക്കുക. നമ്മൾ ഒന്നാണ് എന്നു പറഞ്ഞ് കൂടെ നിർത്തുക. പങ്കാളിയുടെ താല്പര്യം കൂടി സ്വീകരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ഒന്നാണ് ദമമില്ലായ്മ. ഇതൊക്കെ പലർക്കും അറിയാം പക്ഷേ ചെയ്യില്ല അതാണ് പ്രശ്നം. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കാനുള്ള യന്ത്രമല്ല ഭാര്യയെന്ന ബോധം പുരുഷനിൽ ഉണ്ടാകണം. ഇന്ന് ഗർഭാദാനം പോലും തെറ്റായാണ് നടക്കുന്നത്. ഷോഡശ സംസ്ക്കാരത്തിൽ ആദ്യ കർമ്മം ഗർഭാദാനമാണ്. ഇത് അറിയാതെ സംഭവിക്കേണ്ടതല്ല. ഭാര്യഭർത്തു ബന്ധത്തിൽ ഇരുവരും അറിഞ്ഞു നടത്തേണ്ടുന്ന പവിത്രമായ ഒരു കർമ്മമാണ്. പ്രജാ സൃഷ്ടി അത്ര പവിത്രമായ ഒന്നായിട്ടാണ് ഭാരതീയ ആചാര്യന്മാർ കണ്ടിരുന്നത്. ഭക്തിയുണ്ടായിരിക്കണം, പവിത്രമായിരിക്കണം. സത് സന്താന സൃഷ്ടിയിൽ ഭക്തിപൂർവ്വമായ മൈഥുനമായിരിക്കണം. ഇതാണ് നാലാമത്തത് ദമേന ച.

5. പരിചരണം
ॐ➖➖➖➖ॐ➖➖➖➖ॐ
ശുശ്രൂഷ പരിചരണം തന്നെയാണ്. ഭാര്യയെ കേൾക്കാൻ കഴിയണം. അവരിൽ ശ്രദ്ധയുണ്ടാകണം. മനസ്സിലാക്കണം. സ്നേഹമുണ്ടാകണം. ആചാര്യസ്വാമികൾ സ്നേഹത്തിന്റെ നിർവചനം പറയുന്നത്; കാഴ്ച, സ്പർശം, ശ്രവണം, ഭാഷണം ഇവയിലൂടെ അന്തഃകരണത്തെ ദ്രവിപ്പിക്കുന്നത്, അതാണ് സ്നേഹം. ഇവ കൊണ്ട് ഒരാളിൽ നമുക്കു മാറ്റത്തെ സൃഷ്ടിക്കുവാൻ കഴിയണം. ഉദാഹരണമായി സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ പല ശാരീരിക അസ്വസ്ഥതകളും അവരിൽ ഉണ്ടാകും, ഇതറിഞ്ഞുള്ള പരിചരണവും സഹായവും കൊടുക്കുവാൻ ഭർത്താവെന്ന പുരുഷനു സാധിക്കണം. ഭാര്യ ചെറിയ അസുഖം വന്നു കിടന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കുക. അവരെ പരിചരിക്കുക. ഇതൊക്കെയാണ് സ്നേഹം. ഒന്ന് അടുത്തിരിക്കുക, മക്കളുടെ കാര്യമൊക്കെ  ഓർത്ത് വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളം നീ വിശ്രമിക്കു എന്നു പറയുവാൻ പുരുഷനു കഴിയണം.

6. സ്നേഹം
ॐ➖➖➖➖ॐ➖➖➖➖ॐ
സൌഹൃദേന ഒരു സുഹൃത്തിനെപ്പോലെ എല്ലാം തുറന്നു പറയുവാൻ കഴിയണം. അപ്പോൾ ഒരു സുഹൃത്തിനെപ്പോലെ ഭാര്യയും സംസാരിക്കും. സ്നേഹത്തിൽ ഭക്തിയുണ്ടാകണം. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. സ്നേഹത്തിൽ നിബന്ധനകൾ ഉണ്ടാകുവാൻ പാടില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുവാൻ പാടില്ല എന്നു സാരം (Unconditional Love).

7. മധുര ഭാഷണം
ॐ➖➖➖➖ॐ➖➖➖➖ॐ
പ്രിയമോടെ സംസാരിക്കണം. നല്ല ഭാഷയിൽ സംസാരിക്കണം. ഇത് പലപ്പോഴും ഭർത്താവ് മക്കളോട് ചോദിക്കുന്നത് "നിന്റെ തള്ള എവിടാ " ഇത്തരം ഭാഷണങ്ങൾ ഒഴിവാക്കുക. ചീത്ത വർത്തമാനം, അത്തരം വാക്കുകൾ ചേർത്ത് പറയാതിരിക്കുക.

ഈ ഏഴുമാണ് വിവാഹം കഴിക്കാൻ തുടങ്ങുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടത്. ഈ ഏഴിൽ ഒന്നു കുറഞ്ഞാൽ ജീവിതം നരകമായിരിക്കും. ഇതുണ്ടെങ്കിൽ ഇവൻ വിവാഹത്തിന് യോഗ്യനാണ്. ഈ പൊരുത്തം പുരുഷനു സ്ത്രീയിലുണ്ടായാൽ ഏതു തെരുവിലും ഇവർക്കു ജീവിക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം. എന്റെ മകന് ഇപ്പറഞ്ഞ പൊരുത്തമുണ്ടോ എന്ന് അച്ഛനമ്മമാർ നോക്കണം. ഈ പറഞ്ഞ പുരുഷൻ ഒന്നു വീണാൽ, ഒന്നു പിടിക്കാൻ, കുറച്ച് വെള്ളമെടുത്തു തരാൻ ഭാര്യയെന്ന ഈ സ്ത്രീ മാത്രമേ കാണു എന്നുള്ള ബോധം പുരുഷനുണ്ടാകണം. അതുകൊണ്ട് ജാതകപ്പൊരുത്തമല്ല പ്രധാനം, ഇതാണ് ഭാരതീയ ധർമ്മശാസ്ത്രം അനുശാസിക്കുന്ന പൊരുത്തം. ഇത് ഒരാളുടെയും ജാതകത്തിൽ കാണില്ല. ഇത് വ്യാസൻ നമുക്ക് കാട്ടിത്തരുകയാണ്. ധർമ്മശാസ്ത്രത്തെ മാനിക്കുന്നുവെങ്കിൽ ഇതായിരിക്കട്ടെ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.

ഭാര്യ ഉപേക്ഷിക്കേണ്ട ഏഴു ഗുണങ്ങൾ + ഭാര്യയിൽ ഉണ്ടായിരിക്കേണ്ടാത്ത ഏഴ് ഗുണങ്ങൾ.
➖➖➖➖➖➖➖➖➖
🔱ശ്ലോകം🔱

വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം I
അപ്രമത്തോദ്യതാ നിത്യം തേജീയം സമതോഷയത് II

1. കാമം
ॐ➖➖➖➖ॐ➖➖➖➖ॐ
ആഗ്രഹങ്ങളെ ഉപേക്ഷിക്കുക, എങ്കിൽ ദുഃഖമുണ്ടാകില്ല. ഒരിക്കൽ ഒരു സ്ത്രീ ബുദ്ധനെ കാണുവാൻ ചെന്നു. സന്തോഷമുണ്ടാകാൻ എന്താണ് മാർഗ്ഗം എന്നു ചോദിച്ചു. ബുദ്ധൻ പറഞ്ഞു  ഞാൻ, കാമം ഇവ രണ്ടും ഉപേക്ഷിക്കുക. ഇവിടെ കാമമെന്നാൽ ആഗ്രഹം. ആഗ്രഹം സാധിക്കാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാക്കുന്നത്, ഇത് അവസാനം ദുഃഖത്തിൽ ചെന്നെത്തും. കാമത്തെ ഉപേക്ഷിക്കുക. ഉള്ളതിൽ സംതൃപിയുണ്ടാവണം. കിട്ടയതിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുക. കൃതജ്ഞത ഉള്ളവരായി ജീവിക്കുക.

2. ലോഭം
ॐ➖➖➖➖ॐ➖➖➖➖ॐ
തനിക്ക് ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് കൊടുക്കില്ല. കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടാകണം. കൊടുക്കാൻ സാധിക്കണം. ലോഭം ഉപേക്ഷിക്കുക. ചില സ്ത്രീകൾ, പഴയ സാരിയാണ് ഇനി അത് ഉടുക്കില്ല എങ്കിലും മറ്റൊരാൾ വന്ന് ചോദിച്ചാൽ കൊടുക്കില്ല. അതുകൊണ്ട് ലോഭം ഒഴിവാക്കണം.

3. കാപട്യം
ॐ➖➖➖➖ॐ➖➖➖➖ॐ
കാപട്യം ഉപേക്ഷിക്കുക. ഇല്ലാത്തതിനെ ഉണ്ടെന്ന് കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ മുൻപിലും വീട്ടിലും കാപട്യത്തെ ഉപേക്ഷിക്കുക.

4. വെറുപ്പ്
ॐ➖➖➖➖ॐ➖➖➖➖ॐ
ദ്വേഷം - വെറുപ്പ് വെച്ചു കൊണ്ടിരിക്കാതിരിക്കുക. വെറുപ്പ് ഉപേക്ഷിക്കുക.

5. പാപം
ॐ➖➖➖➖ॐ➖➖➖➖ॐ
അഘം - പാപം ചെയ്യാതിരിക്കുക. പല തരത്തിലുള്ള കൊല്ലൽ ഒഴിവാക്കുക.

6. അഹംഭാവം
ॐ➖➖➖➖ॐ➖➖➖➖ॐ
മദം - അഹംഭാവം ഉണ്ടാകരുത്. വീടുകൊണ്ട്, വീട്ടിലെ സൗകര്യങ്ങൾ, മക്കളുടെ ജോലി, ഭർത്താവിന്റെ ജോലി ഇതൊക്കെ കൊണ്ട് അഹംഭാവമുണ്ടാകരുത്.

7. മറവി
ॐ➖➖➖➖ॐ➖➖➖➖ॐ
മറവി ഉണ്ടാകാതിരിക്കണം, അത് ഭർത്താവിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും. നമ്മുടെ പിറന്നാളിന് എന്നെ വിളിച്ച് ആരും ആശംസിച്ചില്ല എന്നു പറയാതിരിക്കുക. പിറന്നാളിന് സ്വന്തം അമ്മയെ വിളിച്ച് ആശംസിക്കുക, ഇന്ന് അമ്മ അമ്മയായ ദിവസമാണ്. അച്ഛാ ഇന്ന്  അച്ഛൻ അച്ഛനായ ദിവസമാണ്. മറവി ഉണ്ടാവരുത്.

ഇങ്ങനെ എന്നും സന്തോഷിപ്പിക്കുന്നവളായിട്ട് അതിതേജ്വസിനിയായി ഭർത്താവിനെ സന്തോഷിപ്പിച്ച് ജീവിച്ചു. ഇതായിരുന്നു കർദ്ദമദേവഹൂതി വിവാഹപൊരുത്തം. ഇതായിരിക്കട്ടെ നമ്മുടെ ദാമ്പത്യത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ...

ക്ഷേത്രത്തിലെ പ്രസാദം പക്ഷിമൃഗാദികൾക്ക് നൽകാമോ?

ക്ഷേത്രത്തിലെ പ്രസാദം പക്ഷിമൃഗാദികൾക്ക് നൽകാമോ?

പക്ഷിമൃഗാദികൾക്കു ക്ഷേത്രത്തിലെ പ്രസാദം കൊടുക്കുന്നത് ശരിയാണോ? ഒരു മനുഷ്യനു ചില പക്ഷികളുടെയും മൃഗങ്ങളുടെയും കാരകത്വമുണ്ട്. ജനനവർഷത്തെ അടിസ്ഥാനമാക്കിയും പക്ഷിമൃഗാദികൾ ഉണ്ട്. ഏതു സമയത്തും ഇവരിൽ ചിലർക്കു ഭഗവാന്റെ ശ്രീകോവിലിൽ പ്രവേശിക്കാൻ കഴിയും. ഉദാഹരണം അനന്തപത്മനാഭൻ കോടിശ്വരനാണല്ലോ. രാത്രി രണ്ടു മണിക്ക് ഉടമസ്ഥന് പത്മനാഭനെ കാണാൻ തോന്നിയാൽ നടക്കുമോ, ഇല്ല ഒരു പൂച്ചയ്ക്കോ എലിക്കോ തവളയ്ക്കോ ഈ സമയത്തു ശ്രീകോവിലിൽ പ്രവേശിക്കാൻ പറ്റും. അതുപോലെ എല്ലാ ദൈവങ്ങൾക്കും പക്ഷിമൃഗാദികൾ വാഹനമായിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ പള്ളിവേട്ട കഴിഞ്ഞ് ശ്രീകോവിലിനടുത്ത് ഭഗവാനെ പ്രത്യേക രൂപത്തിലാണു കിടത്തുന്നത്. അപ്പോൾ പശുവിനെയും കന്നിനെയും കാണിച്ച് ഭഗവാനെ പിറ്റേദിവസം ഉണർത്തുന്നു. അപ്പോൾ അതു തെറ്റല്ല.

ഭഗവാന്റെ പ്രസാദം പക്ഷിമൃഗാദികൾക്ക് കൊടുക്കണം. അതും ആ പ്രസാദത്തെ ബഹുമാനിച്ചുകൊണ്ട് ആവണം. വെറും തറയിലോ, മണ്ണിലോ എറിഞ്ഞുകൊടുത്തോ ആവരുത് പ്രസാദം നൽകാൻ. പ്രസാദം വൃത്തിയുള്ള ഇലയിലോ പാത്രത്തിലോ വെച്ചുവേണം പക്ഷി മൃഗാദികൾക്ക് നൽകാൻ.

ഐരാവതേശ്വര ക്ഷേത്രം

ഐരാവതേശ്വര ക്ഷേത്രം

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം ദാരാസുരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം. 'ഐരാവതേശ്വരൻ' എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. 12-ആം നൂറ്റാണ്ടിൽ രാജരാജ ചോളൻ രണ്ടാമന്റെ കാലത്താണ് (1143-1173) ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ദ്രാവിഡ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐരാവതേശ്വര ക്ഷേത്രം, ബൃഹദീശ്വര ക്ഷേത്രം (തഞ്ചാവൂർ), ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം(ഗംഗൈകൊണ്ടചോളപുരം) എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് 'ചോഴ മഹാക്ഷേത്രങ്ങൾ' എന്നുവിളിക്കാറുണ്ട്. 1987ൽ യുനെസ്‌കോ ഐരാവതേശ്വര ക്ഷേത്രത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.

ഐതിഹ്യം
ॐ➖➖➖➖ॐ➖➖➖➖ॐ
ഹൈന്ദവ ദേവനായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 'ഐരാവതേശ്വരൻ' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു ആനയാണ് ഐരാവതം. ദുർവാസാവ് മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. ഐരാവതത്തിന്റെ ദുഃഖം അകറ്റിയതിനാൽ ശിവനെ 'ഐരാവതേശ്വരൻ' എന്നും വിളിക്കുന്നു.

മരണത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന യമനും ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നു. 'ശരീരം മുഴുവൻ ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തിൽ നിന്ന് മുക്തി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു യമന്റെ തപസ്സ്. ഇവിടുത്തെ കുളത്തിൽ കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. അതിനാൽ ഈ കുളത്തിനെ യമതീർത്ഥം എന്നും വിളിക്കാറുണ്ട്.

പെരിയ നായകി അമ്മൻ കോവിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
ഐരാവതേശ്വര ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് പെരിയ നായകി അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് ഒറ്റപ്പെട്ടു കാണപ്പെടുന്നു. ശിവന്റെ പത്നിയായ പാർവ്വതി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

12 April 2018

അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും...?

അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും...?

കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :-

" ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ???

ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "...

ധാരാളം സമ്പത്ത് ഉണ്ടായിരുന്നിട്ടും ദുര്യോധനന് ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു ,അതുകൊണ്ടാണ് അമ്മാവനായ ശകുനിയെ കളിക്കാന്‍ കൂട്ടിയത് . ധര്‍മ്മരാജന് വേണ്ടി ഞാന്‍ കളിക്കാമായിരുന്നു !!!
പക്ഷെ എന്‍റെ പേര് ആരും പറഞ്ഞില്ല .ഞാനുമായി കളിച്ചിരുന്നെങ്കില്‍ ആരായിരിക്കും ജയിക്കുക ? മാത്രമല്ല ,എന്നെ കളിക്കാന്‍ ക്ഷണിച്ചില്ല എന്നത് മറക്കാം ,നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു . പ്രാര്‍ത്ഥനയാല്‍ എന്നെ കെട്ടിയിട്ടു . ആരെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് കരുതി ഞാന്‍ സഭയുടെ പുറത്തു കാത്തുനിന്നു !!! . ഒരാള്‍ പോലും എന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചില്ല ... !!! പാണ്ഡവര്‍ ദുര്യോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണ് ചെയ്തത് !!!

ദുശ്ശാസനന്‍ മുടിക്കുപിടിച്ച് വലിച്ചിഴച്ചപ്പോഴും ദ്രൌപതി പോലും എന്നെ വിളിച്ചില്ല !!!.  സ്വന്തം ശക്തിയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ചു . ഒടുവില്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശക്തയായി വിവശയായി ദ്രൌപതി എന്നെ വിളിച്ചു കരഞ്ഞു ...അപ്പോള്‍ മാത്രമാണ് എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയതും അവളുടെ മാനം കാക്കാന്‍ സാധിച്ചതും ...

ഉദ്ധവര്‍ ചോദിച്ചു : " കൃഷ്ണാ ... വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ ? ധര്‍മ്മ സംസ്ഥാപനത്തിനായി സ്വയം അണയുകയല്ലേ ? "

കൃഷ്ണന്‍ തുടര്‍ന്നു :- ഈ ജന്മത്തില്‍ ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചാണ് ജീവിതം മുന്‍പോട്ടു പോകുന്നത്. ഞാന്‍ അത് നടത്തുന്നില്ല . ഞാന്‍ അതില്‍ ഇടപെടുന്നുമില്ല . ഞാന്‍ " സാക്ഷിയാണ് " സര്‍വ്വം സാക്ഷിയായി ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുകയാണ് . അതാണ്‌ ഈശ്വര ധര്‍മ്മം ..

കൊള്ളാം കണ്ണാ ..തൊട്ടടുത്ത്‌ നിന്ന് പാപങ്ങള്‍ കൂടുന്നത് കണ്ടു നില്‍ക്കുകയാണോ ? ഞങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണോ ? ഉദ്ധവര്‍ക്ക് സഹിച്ചില്ല ...

ഉദ്ധവരെ ... ഞാന്‍ സാക്ഷിയായി തൊട്ടടുത്ത്‌ നില്‍ക്കുന്നു എന്ന് അറിയുമെങ്കില്‍ , ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് തെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നത് ? ഞാനൊന്നും കാണുന്നില്ല അറിയുന്നില്ല എന്ന് കരുതി തെറ്റുകള്‍ നിങ്ങള്‍ ചെയ്യുകയാണ് .ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ് ധര്‍മ്മരാജാവിന്‍റെ നഷ്ട്ടങ്ങള്‍ക്ക് കാരണം . സാക്ഷിയായി ഞാനുണ്ടെന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഈ ചൂതാട്ടം ഇങ്ങനെ അവസാനിക്കുമായിരുന്നോ ? കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി ...

ഈശ്വരന്‍റെ സാന്നിധ്യം ,സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ് നമ്മളില്‍ ഉറയ്ക്കുമ്പോള്‍ ,ഭഗവാനറിയാതെ ഇവിടെ ഒരില പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്ക് മനസ്സിലാകുന്നു . നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ " സാക്ഷി " ഒരു സത്യമാണ് . കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയ ബോധത്തില്‍ ലയിക്കാം . പരിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ, സ്നേഹത്തോടെ കണ്ടെത്താം നമുക്ക്... ഒത്തുചേരാം അതിനുവേണ്ടി.....
ഹരേ കൃഷ്ണ ...

ശാപങ്ങള്‍

ശാപങ്ങള്‍

മനുഷ്യജീവിതത്തെ ദുഃഖദുരിതങ്ങളിലാഴ്ത്തുന്ന ഒന്നാണ് ശാപങ്ങള്‍. പെണ്‍ശാപം, പ്രേതശാപം, ബ്രഹ്മശാപം, സര്‍പ്പശാപം, പിതൃശാപം, ഗോശാപം, ഭൂമിശാപം, ഗംഗാശാപം, വൃക്ഷശാപം, ദേവശാപം, ഋഷിശാപം, മുനിശാപം, കുലദൈവശാപം എന്നിങ്ങനെ ആകെ പതിമൂന്നു തരം ശാപങ്ങളുണ്ട്. ഇവ ഓരോന്നും ഒരോ ദോഷഫലങ്ങളേകുന്നു.

ഓരോന്നിന്‍റെയും ദോഷഫലങ്ങള്‍…

പെണ്‍ശാപങ്ങള്‍:
ॐ➖➖➖➖ॐ➖➖➖➖ॐ
സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്നേഹിക്കാതിരിക്കുക, അവരെ മനസ്സുകൊണ്ട് വിഷമിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക എന്നീ കാരണങ്ങളാല്‍ പെണ്‍ശാപമുണ്ടാവുന്നു. ഈ ശാപം നിമിത്തം വംശനാശം ഫലം.

പ്രേതശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
മരിച്ച മനുഷ്യന്‍റെ ശരീരത്തെ കിടത്തിക്കൊണ്ട് അയാളെ അവഹേളിച്ചും തരംതാഴ്ത്തി സംസാരിക്കുന്നതും മൃതശരീരം കവച്ചുവച്ച് നടക്കുന്നതും ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ തടയുന്നതും മരിച്ചവരെ കാണാന്‍ അവര്‍ക്കുവേണ്ടപ്പെട്ടവരെ അനുവദിക്കാതിരിക്കുന്നതും പ്രേതശാപത്തിന് കാരണമാവുന്നു. ഈ ശാപം മൂലം ആയുസ് കുറയുന്നു.

ബ്രഹ്മശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
നമുക്ക് വിദ്യ അഭ്യസിച്ചുതന്ന ഗുരുവിനെ മറക്കുക, പഠിച്ച വിദ്യ തെറ്റായ രീതിയില്‍ ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാതെ ഒരു വിദ്യയെ ഒളിപ്പിച്ചുവയ്ക്കുക ഇത്യാദി കാരണങ്ങളാല്‍ ബ്രഹ്മശാപമുണ്ടാവുന്നു. ബ്രഹ്മശാപത്താല്‍ വിദ്യാ നഷ്ടം അഥവാ വിദ്യ ലഭിക്കാതെ പോകുന്നു.

സര്‍പ്പശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
പാമ്പുകളെ അനാവശ്യമായി കൊല്ലുക, അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുക എന്നീ കാരണങ്ങളാല്‍ സര്‍പ്പശാപമുണ്ടാവുന്നു. അതുകാരണം കാലസര്‍പ്പ ദോഷമുണ്ടായി വിവാഹം തടസ്സപ്പെടുന്നു.

പിതൃദോഷം:
ॐ➖➖➖➖ॐ➖➖➖➖ॐ
പിതൃക്കള്‍ക്ക് ചെയ്യേണ്ട തിഥികര്‍മ്മങ്ങള്‍, ധര്‍മ്മകാര്യങ്ങള്‍ ചെയ്യാന്‍ മറക്കുന്നതും മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ ഉദാസീനപ്പെടുത്തുന്നതും അവഗണിക്കുന്നതും പിതൃശാപമുണ്ടാക്കും. പിതൃശാപം ബാലാരിഷ്ടശാപം കൂടിയുണ്ടാക്കി വംശത്തില്‍ ആണ്‍ സന്താനങ്ങളില്ലാതെയാക്കും. കുട്ടികളുടെ അകാലമരണം എന്നിവ ഫലം.

ഗോശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
പശുവിനെ കൊല്ലുക, കറവ വറ്റാത്ത പശുവിനെ വെട്ടാന്‍ കൊടുക്കുക, കന്നിനേയും പശുവിനേയും വേര്‍പിരിക്കുക, പശു ദാഹംകൊണ്ടു വിഷമിക്കുമ്പോള്‍ വെള്ളം കൊടുക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ ഗോശാപമുണ്ടാവുന്നു. അതുകാരണം കുടുംബത്തിലോ വംശത്തിലോ പുരോഗതിയില്ലാതാവുന്നു.

ഭൂമിശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
ദേഷ്യത്തോട് ഭൂമിയെ ചവിട്ടിമെതിച്ചുകൊണ്ട് നടക്കുന്നതും ഭൂമിയെ പാഴാക്കുന്നതും ഭൂമിയില്‍ അനാവശ്യമായി കുഴികളുണ്ടാക്കുന്നതും മറ്റുള്ളവരുടെ ഭൂമിയെ അപഹരിക്കുന്നത് ഭൂമിശാപത്തിന് കാരണമാകും. ഭൂമിശാപം നരകവേദനയേകുന്ന ഒന്നാണ്.

ഗംഗാശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
പലര്‍ക്കും കുടിക്കാന്‍ ഉപകാരപ്പെടുന്ന വെള്ളം പാഴാക്കുക, ഒഴുകുന്ന നദി, കുളം, കിണറ്, എന്നിവ അശുദ്ധമാക്കുക എന്നീ കാരണങ്ങളാല്‍ ഗംഗാശാപമുണ്ടാവുന്നു. ഗാംഗാശാപം കാരണം എത്ര കുഴിച്ചാലും വെള്ളം കിട്ടുകയില്ല.

വൃക്ഷശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
പച്ചമരം വെട്ടുന്നതും കായ്ച്ചുനില്‍ക്കുന്ന മരം ഉണങ്ങാന്‍ കാരണമാവുന്നതും മരം കത്തിക്കുന്നതും മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്ന സ്ഥലത്തെ മരങ്ങള്‍ വെട്ടിതെളിച്ച് വീടു പണിക്കുള്ള സ്ഥലമാക്കുന്നതും വൃക്ഷശാപമുണ്ടാക്കും. വൃക്ഷശാപത്താല്‍ കടവും രോഗവും ഫലം.

ദേവശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
ദൈവങ്ങളുടെ പൂജ പകുതിക്ക് വച്ച് നിര്‍ത്തുക, ദൈവങ്ങളെ നിന്ദിക്കുക എന്നീ കാരണങ്ങളാല്‍ ദേവശാപമുണ്ടാവുന്നു. ദേവശാപത്താല്‍ ബന്ധുക്കളുമായി അകല്‍ച്ചയാണ് ഫലം.

ഋഷിശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
ഈ കലിയുഗത്തില്‍ ആചാര്യപുരുഷന്മാരേയും യഥാര്‍ത്ഥഭക്തരേയും അവഹേളിക്കുന്നതുമൂലമുണ്ടാവുന്ന വംശനാശമാണ് ഫലം.

മുനിശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
കാവല്‍ ദൈവങ്ങള്‍, ഉപദേവതകള്‍ എന്നിവര്‍ക്കുനല്‍കേണ്ട ബഹുമാനവും പൂജകളും ചെയ്യാന്‍ മറക്കുന്നത് മുനിശാപത്തിന് കാരണമാവുന്നു. മുനി ശാപത്താല്‍ ചെയ്വിന ദോഷങ്ങളുണ്ടാകുന്നു.

കുലദൈവശാപം:
ॐ➖➖➖➖ॐ➖➖➖➖ॐ
നമ്മുടെ പൂര്‍വ്വികര്‍/കാരണവന്മാര്‍ പൂജിച്ചുപോന്ന ദൈവത്തെ മറന്ന് അവര്‍ക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നത് കുലദൈവശാപത്തിന് കാരണമാവുന്നു. കുലദൈവശാപം കാരണം കുടുംബത്തില്‍ ഒരിക്കലും സന്തോഷമില്ലാതെ ഒരുതരം ദുഃഖം നിഴലിച്ചുകൊണ്ടിരിക്കും. മേല്‍പ്പറഞ്ഞ ശാപങ്ങള്‍ നല്ലവരെ നശിപ്പിക്കില്ല. എന്നാല്‍ ദുഷ്ടരെ നിഗ്രഹിക്കും. അതുകൊണ്ട് കഴിയുന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകില്‍ ഈ ശാപദോഷങ്ങളുടെ കാഠിന്യം കുറയും.

10 April 2018

മണിമുഴക്കം

മണിമുഴക്കം

മട്ടാഞ്ചേരി ചെറളായി വലിയമ്പലത്തിലെ മണി ബഹുനിലകെട്ടിടങ്ങളും ശബ്ദ മലിനീകരണവും പൈതൃക കൊച്ചിയെ കീഴടക്കുന്നതിനു മുമ്പ് വരെ കിഴക്ക്  15 കിലോമീറ്റർ അകലെ തൃപ്പൂണിത്തുറ വരെയും തെക്ക് 50 കിലോമീറ്റർ അകലെ ആലപ്പുഴ വരെയും ഈ കൂറ്റൻ മണി മുഴക്കം കേൾക്കാമായിരുന്നു എന്നാണ് പഴമൊഴി...

തൃപ്പൂണിത്തുറ കൊട്ടാരത്തിലെ രാജാവ് പോലും പളളിയുറക്കം വിട്ടുണർന്നിരുന്നത് ഈ മണി നാദം കേട്ടായിരുന്നു എന്ന് കേട്ടു കേൾവി.....

ഇന്തൃയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമണികൾ കേരളത്തിലാണ്. അവയിൽ  ഭൂരിപക്ഷവും ഗൗഢ സാരസ്വത ബ്രാഹ്മണ ക്ഷേത്രങ്ങളുടെ മുതൽക്കൂട്ടുകളാണ്. 1568ൽ നടന്ന വിജയനഗര സാമ്രാജൃത്തിനുണ്ടായ പതനത്തെ തുടർന്ന്,  പോർച്ചുഗീസ് ഭരണത്തിൻ കീഴിലായ ഗോവയിൽ നിന്ന് പീഢനത്തിനത്താൽ പൊറുതി മുട്ടി , 16-ാം നൂററാണ്ടിന്റെ അന്തൃപാദത്തിൽ കൊച്ചിയിലെത്തിയ ഗൗഢ സാരസ്വത ബ്രാഹ്മണരുടെ ആദ്ധൃാത്മിക - സാമൂഹിക സ്ഥാപനമായ കൊച്ചി തിരുമല ദേവസ്വം (ഗോശ്രീപുരം), അതേ നൂററാണ്ടിൽ തന്നെ മട്ടാഞ്ചേരിയുടെ ഹൃദയഭാഗമായ  ചെറളായിയിൽ കൊച്ചി രാജാവ് ദാനമായി നൽകിയ അഞ്ചര ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ച തിരുമല ദേവസ്വം അമ്പലത്തിലാണ് ഈ കൂറ്റൻ മണി ചരിത്ര സാക്ഷൃമായി കൂറ്റൻത്തൂണുകളിൽ തൂങ്ങി കിടക്കുന്നത്.
ഇന്തൃയിലെ ഏറ്റവും വലിയതും ഏഷൃയിലെ രണ്ടാമത്തെ ഏറ്റവും വലിയതുമായ മണി എന്ന ഖൃാതിയും ഈ കണ്ണഞ്ചിപ്പിക്കുന്ന മണിക്കു സ്വന്തമാണ്. ക്ഷേത്രത്തിന്റെ മുഖൃ ദേവനായ വെങ്കടാചലപതി കുടിയിരിക്കുന്ന ശ്രീകോവിലിനു മുന്നിലെ കൽത്തൂണുകളിലാണ് വെങ്കലത്തിൽ തീർത്ത ഈ മണിയെ തൂക്കിയിട്ടിരിക്കുന്നത്..
മൂന്നു ഇഞ്ച് കനവും നാലടി വൃാസവും ആറടി ഉയരവും പതിമൂന്നടി ചുറ്റളവും മൂന്നു ടൺ ഭാരവുമുളള ഈ മണിക്കായിരുന്നു 1878 ഡിസംബർ 2-ാം തീയ്യതി വരെ ഏഷൃയിലെ തന്നെ ഏറ്റവും വലിയ മണി എന്ന സ്ഥാനം.

എന്നാൽ പട്ടണവാസികളിൽ നിന്നു മാത്രമായി പിരിച്ചെടുത്ത 70 ചാക്കോളം ചെമ്പ്, വെന്കല നാണയത്തുട്ടുകൾ ഉപയോഗിച്ച് പണി കഴിപ്പിച്ച, ഫിലിപ്പൈൻസ് റോക്സാസ് സിറ്റിയിലെ സാന്റാ മോനിക്ക് ചർച്ചിലെ (പനായ് ചർച്ച്) മണി 1878 ഡിസംബർ 2ന് ആദൃ നാദം മുഴക്കിയതോടെ, കൊച്ചിയിലെ ഈ കൂറ്റൻ മണി  ഏഷൃയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണി എന്ന സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. സെന്റ് മോനിക്ക ചർച്ചിലെ മണിക്ക് 10.4 ടൺ ഭാരവും ഏഴടി വൃാസവും അഞ്ചടി ഉയരവും രണ്ട് മീറ്റർ വൃാസവും ആണുളളത്.

പോർച്ചുഗീസുക്കാർ തകർത്ത ക്ഷേത്രം ഡച്ചുക്കാരുടെ ഭരണാരംഭത്തിൽ 1663 ൽ പുതുക്കി പണിയുകയാണുണ്ടായത്. അതുകൊണ്ട് തന്നെ  മണി ഗോപുരത്തിൽ ഡച്ച് വാസ്തുവിദൃ പ്രതിഫലിപ്പിക്കുന്ന രീതിയിൽ കുമ്മായവും കല്ലും ചേർത്തു പണികഴിപ്പിച്ചിട്ടുളള ബലിഷ്ഠമായ കൽത്തൂണുകൾ താങ്ങുന്ന, ഇരുപതോളം അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുളള അര മീറ്ററോളം വീതിയുളള തേക്കിൻത്തടിയിൽ തീർത്ത കഴുക്കോലുകളിൽ ആണ് ഇരുമ്പു ചങ്ങലകളിൽ മണി തൂക്കിയിട്ടിരിക്കുന്നത്. മണി നാക്കിനോട് ബന്ധിച്ചിരിക്കുന്ന ഇരുമ്പ് ചങ്ങല വലിച്ചാണ് മണിയടിക്കുന്നത്. ദിവസേന ശ്രീകോവിലിൽ നടത്തുന്ന ആരതി പൂജാസമയങ്ങളിൽ പൂജയ്ക്കായെത്തുന്നവർ തന്നെയാണ് മണി മുഴക്കുന്നത്. മുസ്ളീം ദേവാലയങ്ങളിലെ ബാന്ക് വിളി പോലെ. ക്രിസ്തൃൻ ദേവാലയങ്ങളിലെ മണി മുഴക്കം പോലെ. ഒരു ദിവസം ഏഴോ എട്ടോ തവണ ഈ മണിനാക്കും  ചലിക്കും. പൂജാ വേള വിളംബരം ചെയ്യാൻ ആണ് ഇത്.

ഗൗഢ സാരസ്വത ബ്രാഹ്മണർ പൊതുവേ ഈ അമ്പലത്തിന്റെ ചുറ്റുപാടുകളിൽ തന്നെയാണ് പാർക്കുന്നത്. പക്ഷെ  ഏതാണ്ട് 1950 വരെ ഈ മണി മുഴക്കം തുറസായ സ്ഥലങ്ങൾ ധാരാളം ഉണ്ടായിരുന്നതു മൂലം ചെറളായിക്കുമപ്പുറത്തെ താമസക്കാരായ  മറ്റു സമുദായക്കാർക്കും കേൾക്കായിരുന്നു.. ശുഭസൂചകവും ആത്മീയ ചൈതനൃം നൽകുന്ന ഈ ശബ്ദതരംഗങ്ങൾ കിലോ മീറ്ററോളുകളോളം ഉന്മേഷോർജ്ജം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. അതായത്
ആരാധനാലയങ്ങൾ ഏതായാലും ആ തിരുസന്നിധികളിൽ നിന്നുയരുന്ന മണിനാദങ്ങൾ ശുഭസൂചകങ്ങൾ തന്നെയാണ്. ആരാധന മുഹൂർത്തങ്ങളെ വിളംബരം ചെയ്യാനും അവ സംബന്ധിച്ച്  വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകാനും ആണ്  മണി  സാധാരണ മുഴങ്ങുന്നത്. എന്നാൽ ആരാധനാലയം നേരിടുന്ന കവർച്ച അടക്കമുളള പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചും മറ്റു അപകടവേളകളെ കുറിച്ചും മുന്നറിയിപ്പും  താക്കീതും നൽകാനും അപൂർവ്വ ഘട്ടങ്ങളിൽ ഈ മണികൾ മുഴങ്ങാറുണ്ട്. 1719 ൽ വെങ്കിടാചലതി ദേവന്റെ വിശിഷ്ട വിഗ്രഹം കളവ് പോയപ്പോഴും 1791ൽ രാജഭണ്ടാരത്തിലേക്ക് ഇനാമായി അമ്പല ഭണ്ടാരത്തിൽ നിന്ന് സ്വർണ്ണവും ഫനവും (അന്നത്തെ നാണയം) കാണിക്കയായി ലഭിച്ചില്ല എന്നതിന്റെ പേരിൽ അമ്പലം രാജാവിന്റെ ആളുകൾ കൊളളയടിച്ചപ്പോഴും കൊന്കിണി വൃാപാരികളെ കഴുത്തറുത്ത് കൊല്ലാൻ ഉത്തരവിട്ടപ്പോഴും ഈ മണിനാദം അപായ സൂചന നൽകി സമുദായംഗങ്ങളെ വിളിച്ചു കൂട്ടാൻ മുഴക്കിയ ശബ്ദം തേങ്ങലിന്റെയും കണ്ണീരിന്റേതുമായിരുന്നു എന്ന് ചരിത്രം തന്നെ സാക്ഷൃപ്പെടുത്തുന്നുണ്ട്. അമ്പലത്തിന്റെ ചട്ടങ്ങളനുസരിച്ച് മാത്രമേ സന്ദർശനം അനുവദിക്കൂ എന്നത് കാഴ്ചക്കാരുടെ എണ്ണം  ഇവിടെ തുലോം പരിമിതപ്പെടുത്തുന്നുണ്ട് ..
ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ഗൗഢ സാരസ്വത് വക ശ്രീമത് മഠം തിരുമല ദേവസ്വം അമ്പലത്തിലും ഉണ്ട് അഞ്ചടി ഉയരവും 4.8 അടി വൃാസവും 1.1 ടൺ ഭാരവും ഉളള മണി. വളരെ അടുത്തക്കാലത്ത് 2012ലാണ് ഈ മണി പണി കഴിപ്പിച്ചത്.