ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 April 2017

വിഷു

വിഷു

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം.

ഐതിഹ്യ കഥകള്‍

അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്, സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നുചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ചുവാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

“ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷമദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.” വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ജ്യോതിശാസ്‌ത്രപ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ത്ഥം. മീനംരാശിയില്‍നിന്ന്‌ സൂര്യന്‍ മേടം രാശിയിലേക്ക്‌ പ്രവേശിക്കുന്ന വേളയാണിത്‌. വിഷുവിനാണ്‌ സൂര്യന്‍ ഭൂമധ്യരേഖയ്‌ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്‌.
തുല്യാവസ്‌ഥയോടുകൂടിയത്‌ എന്നാണ്‌ വിഷു എന്ന വാക്കിന്റെ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിനം. വിഷു രണ്ടുണ്ട്‌. രാത്രിയും പകലും തുല്യമായി വരുന്ന രണ്ടുദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്‌. ഒന്ന്‌ മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന്‌ തുലാം ഒന്നിനും. തുലാ വിഷുവേക്കാള്‍ മേടവിഷുവിന്‌ മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം? മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്‌ ഇത്‌ എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്‌തിറങ്ങുന്നതോടെ വിതയ്‌ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നുമുതല്‍ പത്താമുദയംവരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്‌. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെതന്നെ.
കൊല്ലവര്‍ഷം വരുന്നതിനുമുമ്പ്‌ വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്‌. വസന്തത്തിന്റെ വരവിനെയാണ്‌ അക്കാലത്ത്‌ നവവത്സരത്തിന്റെ തുടക്കമായിക്കണക്കാക്കി പോന്നത്‌. വിഷുവിനാണത്രെ സൂര്യന്‍നേരേ കിഴക്കുദിക്കുന്നത്‌.

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ. കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

ആചാരങ്ങൾ

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുക്കണി

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. സ്വര്ണഷവര്ണ്ണടത്തിനാണ് പ്രാധാന്യം. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.

ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍, അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെ സാമീപ്യം മനസ്സിലാക്കാന്‍ കഴിയണം. വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌.

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

വിഭവങ്ങൾ

മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം [ച്ചക്ക] വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

വിഷുഫലം

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.

ആചാരങ്ങൾ

വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.

ചാലിടീൽ

വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.

കൈക്കോട്ടുചാൽ

വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്; വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.

നാരദൻ

നാരദൻ

നാരദൻ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?
നാരം - വെള്ളം /-ദൻ -ദാനം ചെയ്തവൻ .അതായത് ജലം ദാനം ചെയ്തവൻ' ഈ പേരു വരാൻ കാരണമായ കഥ ഇതാ.

തീരെ നിർദ്ധനനായ എന്നാൽ സാത്വിക ഗുണസമ്പന്നനായ ഒരു
ഒരു ഉത്തമ ബ്രാഹ്മണൻ ജീവിച്ചിരുന്നു. ദാനധർമ്മാദികൾ ചെയ്ത് മോക്ഷം സമ്പാദിക്കാൻ മോഹിച്ചു ആ പാവം!

പക്ഷേ എന്താണ് ദാനം ചെയ്യുക? എവിടുന്നെടുത്തു നൽകും?

പ്രകൃതീ ദേവി കനിഞ്ഞു നൽകിയ ജലം. അതിന്നൊരു ക്ഷാമവുമില്ലല്ലോ?

ദാഹജലം പകർന്നു നൽകുന്നതിൽ പരംപുണ്യം വേറൊന്നുമില്ല.
ജല ദാനം ചെയ്തു പുണ്യം നേടാൻ തന്നെ ആ സാധു തീരുമാനിച്ചു.

നാലും കൂടുന്ന വഴിയിൽ ഒരു തണ്ണീർ പന്തൽ കെട്ടിയുണ്ടാക്കി. സ്വയം വെള്ളം കോരി ചുമന്ന് നിറച്ച് വഴിപോക്കായ ജനങ്ങൾക്ക് സ്നേഹ ബഹുമാനങ്ങളോടെ ദാഹഒലം നൽകി നിഷ്ക്കാമ സേവനം ചെയ്ത് കാലം കഴിച്ചു.

ജീവിതാവസാനകാലത്ത് ചിത്രഗുപ്തന്റെ നിശിത വിശകലനത്തിന് ഈ ബ്രാഹ്മണനും ഇരയായി.
അനേകായിരം പേർക്ക് ദാഹശമനം നടത്തിയ ബ്രാഹ്മണൻ വൈകുണ്ഠത്തിൽ ശ്രീനാരായണ സ്വാമിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു.

സുകൃതം നിറഞ്ഞൊരു ബ്രാഹ്മണ ജയം തന്നെ ഭഗവാൻ വീണ്ടും നൽകി.

മുൻ ജന്മത്തെപ്പോലെത്തന്നെ ഈ ജന്മത്തിലും സ്വന്തം കൈകൊണ്ട് അനേകായിരങ്ങൾക്ക് ദാഹജലം പകർന്നു നൽകി ആ സാധു ബ്രാഹ്മണൻ സുകൃതം വർദ്ധിപ്പിച്ചു.

അങ്ങിനെ ഏഴു ജന്മങ്ങൾ ആവർത്തിക്കപ്പെട്ടു. ഏഴു ജന്മങ്ങളിലും പാപ സ്പർശം പോലും ഏൽക്കാതെ പുണ്യകർമ്മം, ജലദാനം ചെയ്ത് പ്രാരബ്ധം തീർന്ന് വിഷ്ണുലോകം പൂകാനുള്ള സമയമടുത്തു.
ഭക്തവത്സലനായ ഭഗവാൻ ശ്രീഹരി ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ദാഹജലം യാചിച്ചു, ആസന്നമരണനായ ആ സാധുവിന്റെ മുന്നിലെത്തി.
സ്വന്തം കൈകൊണ്ടു തന്നെ പതിവുപോലെ ജലം പകർന്നു നൽകി.

ഞൊടിയിടയിൽ ശംഖു, ചക്ര, ഗദാ പത്മപ്രിയായ - പ്രസന്നവദനേക്ഷണനായ
സാക്ഷാൽ ജഗദീശ്വാൻ തന്റെ മുന്നിൽ

ഏതു വരം ചോദിച്ചാലും നൽകി അനുഗ്രഹിക്കാനുള്ള ഭക്തവാത്സല്യത്തോടെ.
അർത്ഥ കാമങ്ങളിൽ ലേശവും മോഹമില്ലാത്ത ആ സാധു ഭഗവാന്റെ തൃപ്പാദപത്മങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. ആ പാദസേവയല്ലാതെ ഭഗവാന്റെ നാമം പ്രകീർത്തിച്ച് ഏതു ലോകത്തും എപ്പോഴും സഞ്ചരിക്കാനുള്ള മോഹമല്ലാതെ മറ്റൊന്നു ആവശ്യമില്ല.

ഭക്ത പരാധീനനായ ഭഗവാൻ തന്റെ ഭക്തന്റെ ആഭീഷ്ടം സാധിപ്പിച്ചു കൊടുത്തു. ഒപ്പം നാദമാധുരി വഴിയുന്ന മഹതി എന്ന വീണയും നൽകി - അർത്ഥസമ്പുഷ്ടമായ ദീക്ഷാ നാമവും കനിഞ്ഞു നൽകി.നാരദൻ ( വെള്ളം ദാനം ചെയ്തവൻ) 'ദേവർഷിയായി ആചാന്ദ്ര താരം പതിന്നാലു ലോകവും സഞ്ചരിക്കാനുള്ള അനുഗ്രഹവും നൽകി ഭഗവാൻ.

1 April 2017

യയാതി

യയാതി

പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവും നഹുഷനു അശോകസുന്ദരിയിൽ ജനിച്ച പുത്രനുമാണ് യയാതി. യദുവിന്റെയും പുരുവിന്റെയും പിതാവ്. വേദപണ്ഡിതനായിരുന്ന യയാതിക്ക് ദേവയാനി, ശർമിഷ്ഠ എന്നീ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെ മകളായിരുന്നു ദേവയാനി. അസുരരാജാവായ വൃഷപർ‌വ്വന്റെ മകളായിരുന്നു ശർമിഷ്ഠ. ദേവയാനിയുടെ തോഴിയായിരുന്നു ശർമിഷ്ഠ.

പുത്രന്മാർ

യയാതിക്ക് ദേവയാനിയിൽ ഉണ്ടായ മക്കളാണ് യദു, തുർ‌വ്വാസു എന്നിവർ.

യയാതിക്ക് ശർമിഷ്ഠയിൽ ഉണ്ടായ മക്കളാണ് ദൃഹ്യു, അനു, പുരു എന്നിവർ.

ശർമിഷ്ഠയെ യയാതി വിവാഹം കഴിച്ചത് ദേവയാനി അറിയാതെ രഹസ്യമായി ആയിരുന്നു. ഇത് കണ്ടുപിടിച്ചപ്പോൾ ശുക്രാചാര്യർ ക്രുദ്ധനായി യയാതിയെ ശപിച്ചു. യയാതിയുടെ യൗവനം നഷ്ടപ്പെടട്ടെ എന്നായിരുന്നു ശാപം. പിന്നീട് ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു. യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.

ദേവയാനി

ദേവയാനി

അസുരഗുരുവായ ശുക്രാചാര്യരുടെയും ഊർജ സ്വതിയുടെയും ഏകപുത്രി ആയിരുന്നുദേവയാനി.
അസുരചക്രവർത്തി ആയവൃഷപർവാവിന്റെ കൊട്ടാരത്തോടടുത്തായിരുന്നു ശുക്രാചാര്യരുടെ ആശ്രമം.
വൃഷപർവാവിന്റെമകൾ ശര്മിഷ്ടയുംദേവയാനിയും ബാല്യംതൊട്ടേസുഹൃത്തുക്കൾ ആയിരുന്നു.
കാലക്രമേണ രണ്ടുപേരും അതീവസുന്ദരികൾ ആയിവളർന്നുവന്നു.; ദേവന്മാരും; അസുരന്മാരും തമ്മിൽ യുദ്ധം ഉണ്ടായി.
ശുക്രാചാര്യർക്ക് മൃതസഞ്ജീവനി വിദ്യ കൈവശം ആയിരുന്നു.
അതുപയോഗിച്ചു അദ്ദേഹം മരിച്ചു വീഴുന്ന അസുരന്മാരെ ജീവിപ്പിച്ചു .
അങ്ങനെ ദേവസൈന്യം പരാജയപ്പെട്ടു പോന്നു.

ദേവന്മാർ കൂടിയാലോചന നടത്തി ദേവഗുരുബ്രുഹസ്പതിയുടെപുത്രനായകചനെ മൃതസന്ജീവനിവിദ്യ കരസ്ഥം ആക്കാൻ ശുക്രാചാര്യരുടെ സമീപത്തേക്ക് അയച്ചു. കചൻ ആദ്യം തന്നെ ചെയ്തത് ഗുരു പുത്രിയായ ദേവയാനിയുടെ സ്നേഹം പിടിച്ചെടുക്കുക ആണ്. എന്നാൽ അസുരന്മാർ കചന്റെ ആഗമനോദ്ദേശം മനസ്സിലാക്കുകയും കചനെ പല തവണ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു
ഒരിക്കൽ കഷണങ്ങളാക്കി ചെന്നയ്ക്കൾക്ക് ഇട്ടു കൊടുക്കുകയും പിന്നൊരിക്കൽ ഭസ്മം ആക്കി കടലിൽ കലക്കുകയും ചെയ്തു .
അപ്പോഴൊക്കെ ദേവയാനി കചനെ തിരിച്ചു കൊണ്ടുവരാൻ അച്ഛനോട് അഭ്യര്ത്തിക്കുകയും ശുക്രാചാര്യർ മൃതസഞ്ജീവനി മന്ത്രം ജപിച്ചു കചനെപുനരുജീവിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീടു അസുരന്മാർ കചനെമദ്യത്തിൽ അരച്ചുകലക്കി ശുക്രാചാര്യരെ കുടിപ്പിച്ചു. അതോടെ ദേവയാനി പ്രതിസന്ധിയിൽ ആയി.
ശുക്രാചാര്യർ മൃത സഞ്ജീവനി ജപിച്ചു വിളിച്ചാൽ കചൻ ജീവിച്ചു തിരിച്ചു വരും. എന്നാൽ അതോടു കൂടി വയറു പിളർന്നു അച്ഛൻ മരിക്കും. ആരെ തഴയണം ആരെ സ്വീകരിക്കണം എന്ന് വിവേചിച്ചു അറിയാതെ അവൾ കുഴങ്ങി.

ഒരു ഭാഗത്ത് പ്രിയപ്പെട്ടവനെ നഷ്ടപ്പെടുന്ന ദുഃഖം. മറുഭാഗത്ത് അച്ഛന് ജീവാപായം സംഭവിക്കുമോ എന്നഭയം. ഇതിനു മുൻപ് കചദേവന് അപകടം സംഭവിച്ചപ്പോൾ ഒക്കെ അദ്ദേഹത്തെ പുനരുജീവിപ്പിക്കാൻ അച്ഛനോട് അഭ്യർത്തിക്കുകയും വാത്സല്യ നിധിയായ അദ്ദേഹം അത് ചെയ്യുകയും ചെയ്തു.
എന്നാൽ ശുക്രാചാര്യരാവട്ടെ ഈഘട്ടം ആർക്കും കുഴപ്പം ഇല്ലാതെ എങ്ങനെ തരണം ചെയ്യാം എന്ന് ആലോചിക്കുക ആയിരുന്നു. മുന്നിൽ നിൽക്കുന്ന ഓമനമകളുടെ മുഖം മനസ്സിനെ അലട്ടി.
മകളുടെ വേദന മനസ്സിലായി.
എന്നാൽ കുമാരനെ ജീവിപ്പിച്ചാൽ അതോടെ തന്റെ ജീവിതം അവസാനിക്കും. പിന്നെ ഒരു വഴി ഉള്ളത് താൻ തപസ്സു ചെയ്തു നേടിയെടുത്ത അത്യപൂർവമായ മൃത സഞ്ജീവനി വിദ്യ കചനു ഉപദേശിച്ചു കൊടുക്കുക എന്നതാണ്.
എന്നാൽ അതോടെ ആ വിദ്യ ദേവപക്ഷത്തിനു കരഗതമാകും.
അത് അസുരഗണത്തെ വഞ്ചിക്കുന്നത്പോലെ ആകില്ലേ.
എന്നാൽ കചനെ നഷ്ടപ്പെട്ടാൽ ദേവയാനി ദുഖഭാരം താങ്ങാൻ ആവാതെ ഹൃദയം പൊട്ടി മരിക്കും.
ഒടുവിൽ അദ്ദേഹം മൃതസഞ്ജീവനി വിദ്യ കചദേവന് ഉപദേശിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു.

ശുക്രാചാര്യർ കചദേവന് മന്ത്രോപദേശം നൽകി.
കചദേവൻ വേഗം തന്നെ അത് ഹൃദിസ്ഥം ആക്കി.
ശുക്രാചാര്യർ മൃതസഞ്ജീവനി ജപിച്ചു കചനെ പേരെടുത്ത് വിളിച്ചു.
കചൻ ശുക്രാചാര്യരുടെ വയറു പിളർന്നു പുറത്തു വന്നു.
അതിനു ശേഷം അദ്ദേഹം മന്ത്രം ജപിച്ചു ഗുരുവിനെ ജീവിപ്പിച്ചു.
എഴുന്നേറ്റുവന്ന ശുക്രാചാര്യർ കചനെ സന്തോഷപൂർവ്വം ആലിംഗനം ചെയ്തു. എങ്കിലും താൻകഠിനതപസ്സിലൂടെ നേടിയെടുത്ത മന്ത്രവിദ്യഇത്രഅനായാസം ആയിമറ്റൊരാൾ നേടിയെടുത്തതിൽ അദേഹത്തിന് വിഷമംതോന്നി.
തന്റെ മദ്യപാനശീലം ആണ് ഇതിനു കാരണം.
അതു കൊണ്ട് അദ്ദേഹം മദ്യപാനം നിർത്തി.
ബ്രാഹ്മണന്മാർക്കു മദ്യപാനം നിഷിദ്ധം ആക്കുകയും ചെയ്തു.
ബ്രുഹസ്പതിയുടെ പുത്രൻ ആണെന്നറിഞ്ഞിട്ടും വിദ്യ അഭ്യസിക്കാൻ വന്ന കചനെ ശുക്രാചാര്യർ സ്വീകരിക്കുക ആണ് ചെയ്തത്. കചന്റെ ശ്രദ്ധയിലും ഗുരുഭക്തിയിലും അദ്ദേഹം പ്രസന്നനായി. ദേവയാനിക്കും സന്തോഷം ആയി. ഇനി കചദേവൻ തന്നെ സ്വീകരിക്കും എന്ന് അവൾ പ്രതീക്ഷിച്ചു. എന്നാൽ തന്റെ വരവിന്റെ ലക്‌ഷ്യം പൂർത്തീകരിച്ചപ്പോൾ കചന്റെ ഭാവം മാറി.
ശുക്രാചാര്യരുടെ ഉദരത്തിൽ നിന്നും പുറത്തു വന്നതിനാൽ താൻ ദേവയാനിക്ക് സഹോദരതുല്യൻ ആണെന്ന് കചൻ വാദിച്ചു.
ദേവയാനിപല രീതിയിൽ അഭ്യർത്തിചിട്ടും കചന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല.
ഒടുവിൽ സംസാരം വാഗ്വാദത്തിൽ എത്തി. കചൻ കാര്യസാധ്യത്തിനായി തന്നോട് സ്നേഹം നടിക്കുക ആയിരുന്നുവെന്നു ദേവയാനിക്ക് തോന്നി.
കചനെന്ന കോമളകുമാരനെ പരിചയപ്പെട്ടപ്പോൾ മുതൽ ഉള്ള സുന്ദര നിമിഷങ്ങൾ മനസ്സിലൂടെ കടന്നു പോയി. എന്തെല്ലാം മധുര ഭാഷണങ്ങൾ കൈമാറി. ജീവൻനഷ്ടപ്പെട്ട
കചനെ തിരിച്ചുകൊണ്ടുവരാൻ താൻ എത്രശ്രമങ്ങൾ നടത്തി.
എന്നിട്ടിപ്പോൾ തന്നെ കൈ ഒഴിയുന്നു .
അവഗണിക്കപ്പെടുമ്പോൾ ഉള്ള വേദനയും കോപവും കൂടി അവളെ മനസ്സമ്മതനം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിച്ചു.
ഇപ്പോൾ നേടിയ മന്ത്ര സിദ്ധി കചനു ഉപകാരപ്പെടാതെ പോകട്ടെ എന്ന് ദേവയാനി ശപിച്ചു.

ദേവയാനിയെ അസുര-ദേവഗണത്തിൽപ്പെട്ട ആരും വിവാഹം കഴിക്കാതെ ഇരിക്കട്ടെ എന്ന് കചൻ തിരിച്ചും ശപിച്ചു .
ദേവലോകത്ത് തിരിച്ചെത്തിയ കചൻ മന്ത്രം മറ്റു ദേവന്മാർക്ക്ഉപദേശിച്ചു കൊടുത്തു.
ദേവയാനി ആകട്ടെ ആശ്രമ ജോലികൾചെയ്തും തോഴികളുടെകൂടെ സമയം ചിലവഴിച്ചും ഉല്ലാസവതി ആകാൻ ശ്രമിച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ദേവയാനിയും രാജകുമാരി ശർമമിഷ്ടയും പരിവാരങ്ങളും തടാകത്തിൽ ക്രീഡിക്കാൻ പോയി .

ശര്മിഷ്ട രാജകുമാരിയും ദേവയാനിയും തോഴിമാരും കാനനമധ്യത്തിൽ ഉള്ള ഒരു ചോലയിൽ നീരാട്ടിനെത്തി.
പ്രകൃതി രമണീയമായ വിജനമായ സ്ഥലം. എല്ലാവരും വെള്ളത്തിൽ ഇറങ്ങി കളി തുടങ്ങി. എല്ലാവരും നല്ല ഉത്സാഹത്തിൽ ആയിരുന്നു. അപ്പോൾ അതു വഴി കടന്നുപോയ ഇന്ദ്രൻ ഈ രംഗം ശ്രദ്ധിച്ചു. ഒരു രസത്തിന് ഇന്ദ്രൻ കാറ്റിന്റെ രൂപത്തിൽ വന്നു കരക്ക്‌ വച്ചിരുന്ന അവരുടെ വസ്ത്രങ്ങൾ പറത്തി വിട്ടു.
പരിഭ്രാന്തരായ യുവതികൾ വെള്ളത്തിൽ നിന്നും ഓടിക്കയറി വസ്ത്രങ്ങൾ എത്തിപ്പിടിച്ചു.
തിരക്കിനിടയിൽ ദേവയാനി എടുത്തുടുത്തത് ശര്മിഷ്ടയുടെ വസ്ത്രം ആയിരുന്നു.
ആശ്രമവാസിയായ ദേവയാനി രാജകുമാരി ആയ തന്റെ വസ്ത്രം എടുത്തു ധരിക്കുകയോ ?. ശര്മിഷ്ട കുപിത ആയി. ദേവയാനിയെ ആക്ഷേപിച്ചു.  ദേവയാനി ധരിച്ചിരുന്ന തന്റെ വസ്ത്രം വലിച്ചഴിക്കാൻ ശ്രമിച്ചു.
ദേവയാ നിയും വെറുതെ ഇരുന്നില്ല. തിരിച്ചും പലതുംപറഞ്ഞു.
ഒടുവിൽ രാജകുമാരി കുലഗുരുവിനെ അപമാനിച്ചു. ഉന്തും തള്ളുമായി.
ബഹളത്തിനിടയിൽ ശര്മിഷ്ട ദേവയാനിയുടെ വസ്ത്രം വലിച്ചഴിച്ചു. ദേവയാനിയെ തള്ളിയപ്പോൾ കിണറ്റിൽ വീഴുകയും ചെയ്തു.
ദേവയാനിയെ അവിടെ ഇട്ടിട്ടു പോകാൻ ആണ് ശര്മിഷ്ടക്ക് തോന്നിയത്. ആജ്ഞാനുവർത്തികൾ ആയ പരിചാരകവൃന്ദം അനുഗമിക്കുകയും ചെയ്തു.

പൊട്ടക്കിണറ്റിൽ കിടന്ന ദേവയാനി ഇനി എന്തു ചെയ്യേണ്ടു എന്ന് അറിയാതെ നിന്നു.
കാനന പ്രദേശം, അപമാനം സഹിക്കേണ്ടി വന്നതിന്റെ വിഷമം, അൽപവസ്ത്രം, സമയം സന്ധ്യയോടടുക്കുന്നു.
വിളിച്ചലറിയാൽ പോലും ആരും കേൾക്കാത്ത വിജനത.
കിണറ്റിൽ പൊത്തിപ്പിടിച്ചു കയറാൻ നോക്കി, പറ്റുന്നില്ല.
പിന്നെ ശ്രമം മതിയാക്കി.
നേരം പിന്നെയും കുറെ പോയി .

ഒരു കുതിരക്കുളമ്പടി ശബ്ദം അല്ലേ ആ കേൾക്കുന്നത്. ക്രമേണ ആ ശബ്ദം അടുത്തടുത്ത് വന്നു. ഇപ്പോൾ ചോലയുടെ സമീപം എത്തി നിലച്ചു .

കുതിരക്കുളമ്പടി ഒച്ച ചോലയുടെ അരികിൽ വന്നു നിലച്ചു.
ആരോ വെള്ളത്തിൽ ഇറങ്ങുന്ന ശബ്ദവും കേട്ടു.
ആരായിരിക്കും. ആരുമായിക്കോട്ടെ. ഇപ്പോൾ തന്റെ രക്ഷക്ക് ദൈവം അയച്ചതാവണം.

ദേവയാനി കഴിയുന്നത്ര ഉറക്കെ രക്ഷിക്കണേ എന്ന് വിളിച്ചു കൂവി.
കിണറ്റിൻ കരയിൽ ഒരാൾ വന്നു എത്തി നോക്കി.
ആരാണ് ഇവിടെ നിലവിളിക്കുന്നത് എന്ന് അന്വേഷിച്ചു. താൻ ശുക്രാചാര്യരുടെ മകൾ ദേവയാനി ആണെന്നും ചോലയിൽ കൂട്ടുകാരികളുടെ കൂടെ കുളിക്കാൻ വന്നതാണെന്നും പിന്നീട് ഉണ്ടായ സംഭവങ്ങളും ദേവയാനി ചുരുക്കിപറഞ്ഞു.
അപ്പോൾ ആ യുവാവ് താൻ ചന്ദ്രവംശരാജാവായ നഹുഷന്റെ പുത്രൻ യയാതി ആണെന്നും കാട്ടിൽ വേട്ടക്കു വന്നപ്പോൾ വെള്ളം കുടിക്കാനും കുതിരകളുടെ ക്ഷീണം അകറ്റാനും ഈ വഴി വന്നതാണെന്നും പറഞ്ഞു. അതിനു ശേഷം ദേവയാനിയെ കിണറ്റിൽ നിന്നും കരകയറ്റാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി.
എന്നാൽ താൻ അൽപവസ്ത്ര ആണെന്നും തനിക്കു പുറത്തിറങ്ങാൻ കഴിയില്ല എന്നും ദേവയാനി പറഞ്ഞു .
ഇത് കേട്ട രാജാവ് ദേവയാനിക്ക് തൻറെ ഉത്തരീയം അഴിച്ചു കൊടുക്കുകയും കിണറ്റിൽ നിന്ന് കൈ പിടിച്ചു കയറ്റുകയും ചെയ്തു .
എന്നാൽ ദേവയാനിയെ തിരിച്ചു കൊണ്ട്പോകാൻ തുനിഞ്ഞപ്പോൾ തന്നെയും തന്റെ പിതാവിനെയും അപമാനിച്ച ശർമിഷ്ഠയുടെ കൊട്ടാരത്തിലേക്ക് ഇനി പ്രവേശിക്കുക ഇല്ലെന്നു ദേവയാനി വാശി പിടിച്ചു.
ഇതോടെ രാജാവായ വൃഷപർവാവ് പ്രതിസന്ധിയിൽ ആയി.
ദേവയാനി പിണങ്ങിപ്പോയാൽ കുലഗുരു ശുക്രാചാര്യരും തങ്ങളെ വിട്ടുപോകും. ഒടുവിൽ രാജാവ് തന്നെ അവളെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടു വന്നു. എന്നാൽ അതിനു അവൾ ആവശ്യപ്പെട്ട പ്രതിഫലം കടുത്തതായിരുന്നു.
രാജകുമാരി ശർമിഷ്ഠ തന്റെ ദാസി ആയിരുന്നാൽ മാത്രമേ തിരിച്ചു വരൂ എന്നായിരുന്നു നിബന്ധന. മാത്രവുമല്ല യയാതിമഹാരാജാവ് തന്റെകരംഗ്രഹിക്കുകയും വസ്ത്രംനൽകുകയും ചെയ്തതിനാൽ തന്നെ ഭാര്യ ആയിസ്വീകരിക്കണം എന്നും അവൾ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ നന്മക്കു വേണ്ടി വൃഷപർവാവു രാജാവിന് ദേവയാനി പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിക്കേണ്ടി വന്നു.
യയാതിയും ദേവയാനിയും ആയി ഉള്ള വിവാഹം ആഡംബരമായിനടത്തി.
ശർമിഷ്ഠ രാജകുമാരിയെയും ആയിരം ദാസിമാരെയും കൂട്ടി ദേവയാനിയെ കൊട്ടാരത്തിലേക്കയച്ചു. ഗുരുവിനെയും ഗുരുപുത്രിയെയും വേണ്ടവിധം സന്തോഷിപ്പിച്ചു .

ദേവയാനി രാജകൊട്ടാരത്തിൽ മഹാരാജാവിന്റെ പട്ടമഹിഷി ആയി, പരിചാരകരുടെ അകമ്പടിയോടെ സസുഖം വാണു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും അവളെകാത്തിരുന്നത് പ്രശ്നങ്ങൾ ആയിരുന്നു.

അധികംതാമസിയാതെ ദേവയാനിക്ക് രണ്ടു പുത്രന്മാർ ജനിച്ചു.
യദുവും തുർവസുവും.
ഒരിക്കൽ ദേവയാനിയും യയാതിയും ശർമിഷ്ഠയുടെ താമസസ്ഥലം സന്ദർശിക്കാൻ ഇട ആയി.
അവിടെ ഓടിക്കളിക്കുന്ന കുട്ടികൾക്ക് മഹാരാജാവിന്റെ മുഖച്ചായ.
ദേവയാനി ശര്മിഷ്ഠയെ ചോദ്യം ചെയ്തു. ഇത് ഒരു മുനിയുടെ അനുഗ്രഹം മൂലം ലഭിച്ച പുത്രലാഭം ആണെന്നാണ് ശർമിഷ്ഠ പറഞ്ഞത്.
എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോൾ യയാതിയും ശർമിഷ്ഠയും വിവാഹിതരാണെന്നും ഇത് അവരുടെ കുട്ടികൾ ആണെന്നും മനസ്സിലായി.
കുപിതയായ ദേവയാനി പിതാവിനെ വിളിച്ചു വരുത്തി യയാതിക്ക് വാർധക്യം ബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു.
എന്നാൽ ആരെങ്കിലും വാർധക്യം ഏറ്റു വാങ്ങാൻ തയ്യാറാവുക ആണെങ്കിൽ യയാതിക്ക് അവരുടെ യൗവനം സ്വീകരിക്കാം എന്നു  വ്യവസ്ഥ വച്ചു.
യയാതി എല്ലാ മക്കളോടും യൗവനം യാചിച്ചു. ഒടുവിൽ ശര്മിഷ്ഠയുടെ മകൻ പുരു അതിനു തയ്യാറായി.
യയാതിക്ക് യൗവനം തിരിച്ചു കിട്ടി.
യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.

പുരുവിന്റെ മകൻ നിലീലൻ, നിലീലന്റെ മകൻദുഷ്യന്തൻ, ദുഷ്യന്തന്റെ മകൻ ഭരതൻ. അതിന്റെ പിൻതലമുറയിൽപ്പെട്ടവർ ആണ് കുരുമഹാരാജാവും ശന്തനു മഹാരാജാവും കൗരവ പാണ്ടവരും ഒക്കെ

ഭരതൻ (ചക്രവർത്തി)

ഭരതൻ (ചക്രവർത്തി)

ഹൈന്ദവ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു മഹാരാജാവാണ് ഭരതൻ. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ മുഴുവൻ ഒന്നായി ഭരിച്ച ആദ്യ ചക്രവർത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരിൽ ഭാരതവർഷം എന്നറിയപ്പെടുന്നു.

മഹാഭാരതത്തിൽ പരാമർശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ- പൂർണമായും അഫ്ഗാനിസ്ഥാൻ, പേർഷ്യ, ശ്രീലങ്ക എന്നീ പ്രദേശങ്ങളെയും ഉൾക്കൊണ്ടിരുന്നു. ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.

ഭാരതവർഷം

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവനായും ഉൾക്കൊണ്ടിരുന്നതാണ് ഭാരതവർഷം. ചക്രവർത്തി ഭരതനാണ് ഇന്ത്യയെ മുഴുവനായി അടക്കിഭരിച്ച ആദ്യ ചക്രവർത്തി.

വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
സമുദ്രത്തിന്റെ ഉത്തരഭാഗത്തായും
ഹിമാലയ പർവതത്തിനെ ദക്ഷിണഭാഗത്തായുമുള്ള
ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം
ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു.

ഭരതന്റെ കഥ

മഹാഭാരതത്തിന്റെ ആദിപർവത്തിൽ പറയുന്നതനുസരിച്ച് ചന്ദ്രവംശരാജാവായ ദുഷ്യന്തന്റെയും പത്നി ശകുന്തളയുടെയും മകനാണ് ഭരതൻ. ഭരതന്റെ യഥാർത്ഥ നാമം സർവദമനൻ എന്നായിരുന്നു. സർവദമനൻ ഭരതൻ എന്നറിയപ്പെടാൻ ഇടയാകുന്ന സംഭവങ്ങൾ മഹാഭാരതതിൽ വിവരിച്ചിട്ടുണ്ട്.

ദേവരാജൻ ഇന്ദ്രന്റെ നിർദ്ദേശപ്രകാരം മേനക എന്ന അപ്സരസ് മഹർഷി വിശ്വാമിത്രന്റെ തപം മുടക്കാൻ എത്തുന്നു. ഉദ്യമത്തിൽ മേനക വിജയിക്കുന്നു. വിശ്വാമിത്രനിൽ അവൾക്കൊരു പെൺകുഞ്ഞ് പിറക്കുന്നു. മേനക ആ കുഞ്ഞിനെ മാലിനീനദിയുടെ തീരത്തുപേക്ഷിച്ച് ദേവലോകത്തേക്കു മടങ്ങുന്നു. ആ കുഞ്ഞിനെ ശകുന്തങ്ങൾ പരിപാലിക്കുന്നു. പക്ഷികളാൽ പരിപാലിക്കപ്പെടുന്ന ഈ കുഞ്ഞിനെ മഹർഷി കണ്വൻ കാണുന്നു. അദ്ദേഹം ആ കുഞ്ഞിനെ ശകുന്തള എന്ന് പേരുനൽകി അദ്ദേഹത്തിന്റെ ആശ്രമത്തിൽ വളർത്തുന്നു. ശകുന്തള ആശ്രമത്തിൽ വളരുന്നു. ചന്ദ്രവംശ മഹാരാഗജാവായ ദുഷ്യന്തൻ നായാട്ടിനായി വനത്തിലെത്തുന്നു. യുവതിയായ ശകുന്തളയെ കാണുന്നു. കണ്വമഹർഷിയുടെ അഭാവത്തിൽ അവർ ഗാന്ധർവ വിവാഹം ചെയ്യുന്നു. ദുഷ്യന്തൻ നാട്ടിലേക്കുപോകുന്നു. കാലം കടന്നുപോകുന്നു. ശകുന്തള ഒരു ആൺ കുഞ്ഞിനു ജൻമം നൽകുന്നു. കണ്വമഹർഷി അവന് സർവദമനൻ എന്ന് പേരിട്ടു. വന്യജീവികളോടൊപ്പം വളർന്ന അവൻ അസാമാന്യ ധൈര്യശാലിയായിരുന്നു. സർവദമനൻ കുമാരനായപ്പോൾ ശകുന്തള അവനെയും കൂട്ടി ദുഷ്യന്തന്റെ രാജസഭയിൽ എത്തന്നു. എന്നാൽ ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയാത്തതായി ഭാവിക്കുന്നു. പ്രജകൾ തന്നെ കുറ്റപ്പെടുത്തും എന്നുകരുതിയാണ് രാജാവ് ഇപ്രകാരം പെരുമാറുന്നത്. ശകുന്തള ശക്തമായി പ്രതികരിക്കുന്നു. വാഗ്വാദങ്ങൾക്കൊടുവിൽ രാജാവ് ശകുന്തളയെ ഭാര്യയായും സർവദമനനെ മകനായും അംഗീകരിക്കുന്നു. അംഗീകരിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ സർവദമനനെ ഭരതൻ എന്ന് പുനർനാമകരണം ചെയ്യുന്നു. യുവാവായ ഭരതൻ രാജ്യഭാരം ഏറ്റെടുക്കുന്നു. ആസേതുഹിമാലയം കീഴടക്കി ഭരതൻ ചക്രവർത്തിയാകുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെട്ടു. ഭരതൻ മഹാനായ ഒരു രാജാവായിരുന്നു. ഭരതന്റെ പത്നി സുനന്ദാദേവി സാധ്വിയും പതിവ്രതയും ആയിരുന്നു. വളരെ നാളുകൾക്കുശേഷമാണ് അവർക്ക് ഒരു മകൻ പിറക്കുന്നത്. ഭരതനു ശേഷം ഭൂമന്യു ചക്രവർത്തിയായി. ഭരതന്റെ വംശത്തിലാണ് കൗരവരും പാണ്ഡവരും പിറന്നത്.

✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
🔘 █║▌█║▌█║▌█|█║🔘