ഓണത്തിന്റെ ചടങ്ങുകളില്‍ ഓണക്കാഴ്ച സമര്‍പ്പണത്തിനും പ്രാധാന്യമുണ്ട്. ഗുരുവായൂരിലടക്കം ഉള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്ചക്കുല സമര്‍പ്പണം നടക്കും. പച്ചക്കറികളും മറ്റ് കാര്‍ഷിക വിളകളും സമര്‍പ്പിക്കുന്നവരും ഉണ്ട്. എന്നാല്‍ ഓണക്കാഴ്ച സമര്‍പ്പണത്തിന്റെ പണ്ടത്തെ ചരിത്രം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ അദ്ധ്വാനത്തിന്റെ ഫലം ജന്മി കൊണ്ടു പോകുന്ന ദു:ഖകരമായ അവസ്ഥയായിരുന്നു.
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നിര്‍ബന്ധപൂര്‍വ്വം നല്‍കേണ്ട പിരിവാണ് ഓണക്കാഴ്ച സമര്‍പ്പണം. കൃഷിയില്‍ നിന്ന് ലഭിച്ച ഏറ്റവും നല്ല വാഴക്കുലയും വിളകളും കുടിയാന്‍ ജന്മിക്ക് നല്കണം. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്‍മാര്‍ക്ക് ജന്മിയുടെ വക തുച്ഛമായ സമ്മാനങ്ങളുണ്ടാകും. അടിമത്തത്തിന്റെ ഉദാഹരണമായിരുന്നു ഈ കാഴ്ച സമര്‍പ്പണം. ഭൂമിയുടെ ഉടമസ്ഥന്‍ ജന്മിയും കൈവശാവകാശം കുടിയാനും മണ്ണില്‍ പണിയെടുക്കാന്‍ കര്‍ഷക തൊഴിലാളിയും.
മഹാകവി ചങ്ങമ്പുഴയുടെ 'വാഴക്കുല'യെന്ന കാവ്യം ഈ കാഴ്ചക്കുല സമര്‍പ്പണത്തിന്റെ പഴയ ഓണ യാഥാര്‍ത്ഥ്യം കൊണ്ടു വരുന്നു. 'മലയപ്പുലയന്‍ മാടത്തിന്‍ മുമ്പില്‍ മഴ വന്ന നാളൊരു വാഴ നട്ടു'. വാഴ വളര്‍ത്തിയെടുക്കുന്ന മലയനും കുടുംബവും അത് പട്ടിണി മാറ്റാനുള്ള ആശ്വാസമായാണ് കരുതുന്നത്. മലയന്റെ കുടിലില്‍ തിരുവോണം വന്നത് വാഴ കുലച്ചപ്പോഴാണെന്ന് കവി പാടുന്നു. കുട്ടികള്‍ കൊതിയോടെ പഴത്തെ കാത്തിരിക്കുന്നു. ഒടുവില്‍ മോഹിച്ച വാഴക്കുല മലയപ്പുലയന് ജന്മിക്ക് ഓണക്കാഴ്ചയായി നല്‍കേണ്ടി വരുന്നു. ഇതറിഞ്ഞ മലയന്റെ കുട്ടികള്‍ കുടിലില്‍ കൂട്ടക്കരച്ചിലായി. ഉടയോന്റെ മേടയില്‍ ഉണ്ണികള്‍ പഞ്ചാരപ്പാലട സദ്യയുണ്ട് ഉറങ്ങുമ്പോള്‍ അടിയോന്റെ മക്കള്‍ തോട്ടു വെള്ളം കുടിക്കുകയാണെന്ന് ചങ്ങമ്പുഴ പാടി. ഇതായിരുന്നു പഴയ ഓണക്കാഴ്ചയുടെ അവസ്ഥ.
ഇന്നും ക്ഷേത്രങ്ങളില്‍ വാഴക്കുലകള്‍ തന്നെയാണ് പ്രധാന കാഴ്ച സമര്‍പ്പണം. ഗുരുവായൂരില്‍ ഓണക്കാഴ്ച സമര്‍പ്പണം ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഉത്രാട ദിവസം ഭക്തര്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കുന്നത്. ചെങ്ങാലിക്കോടന്‍ എന്ന ഇനം നേന്ത്ര വാഴക്കുലയാണ് കാഴ്ചക്കുല സമര്‍പ്പണം നടത്തുന്നത്. ചെങ്ങഴിക്കോടനെന്നും ഇതിനെ വിളിക്കുന്നുണ്ട്. തൃശ്ശൂരിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ഈ വാഴക്കുലയുടെ കൃഷി ഓണക്കാഴ്ച സമര്‍പ്പണത്തിന് മാത്രമായി ചെയ്യുന്നുണ്ട്. ഉത്രാട ദിനത്തിലെ സമര്‍പ്പണത്തില്‍ കിട്ടുന്ന ഈ വാഴക്കുല വെച്ചാണ് ഗുരുവായൂരില്‍ തിരുവോണത്തിന് പഴപ്രഥമന്‍ ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ രാജവാഴ്ചയുടെ ബാക്കിയായി ആദിവാസി വിഭാഗക്കാര്‍ ഓണക്കാഴ്ച സമര്‍പ്പണം നടത്തുന്ന ചടങ്ങുണ്ട്.
No comments:
Post a Comment