ഭാഗം - 21
കാളി തീയാട്ട്
♦️➖➖➖ॐ➖➖➖♦️
കളത്തിനു മുന്നിൽ അരങ്ങേറുന്ന ഒരു അനുഷ്ടാന നൃത്തമാണ് കാളി തീയാട്ട്. ഭദ്രകാളി ചരിതം ആണ് പ്രധാന പ്രമേയം. തിരുവല്ല, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പരിസരത്തുമാണ് പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്.
കോട്ടയത്തെ പള്ളിപ്പുറത്തു കാവ് (കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബക്ഷേത്രം - ഇവിടെ എല്ലാ വെള്ളിയാഴ്ച്ചയും ഇതിന്റെ അവതരണമുണ്ടാകുമത്രേ, തിരുവല്ലയ്ക്കടുത്തുള്ള പുതുകുളങ്ങരെ ദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആഘോഷങ്ങളോടൊപ്പം ഇത് അവതരിപ്പിക്കപ്പെടാറുണ്ട്. ഉണ്ണി എന്ന വിഭാഗം ആൾക്കാരാണ് ഇത് അവതരിപ്പിക്കുന്നത്.
അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. ദൈവാട്ടം അഥവാ ദൈവമായിട്ടാടൽ എന്നത് തെയ്യാട്ട് ആയി എന്നും അതിൽ നിന്നാണ് തീയാട്ട് എന്ന പദം ഉണ്ടായതെന്നുമാണ് പ്രബലമായ മതം. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളത് ആയതിനാലാണ് തീയാട്ട് എന്ന പേരു വന്നത് എന്നും അഭിപ്രായമുണ്ട്.
ഭദ്രകാളിത്തീയാട്ട് ഭദ്രകാളിക്ഷേത്രങ്ങളിലും വീടുകളിലും (നമ്പൂതിരി ഭവനങ്ങൾ, തീയാട്ടുണ്ണിമാരുടെ വീടുകൾ) നടത്തപെടുന്നു.
തീയാട്ടുണ്ണി എന്ന ഏക കലാകാരനാണ് ഇതവതരിപ്പിക്കുക. ഭദ്രകാളി ദാരികനെ വധിച്ച കഥയാണ് സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്.
കളം വരയ്ക്കലും വേഷ ഭൂഷാദികൾ അണിയലുമാണ് തീയാട്ടിന്റെ തയ്യാറെടുപ്പുകൾ. വലിയ വിളക്കു കൊളുത്തിയ വേദിയിലേയ്ക്ക് കിരീടമൊഴികെയുള്ള വേഷഭൂഷാദികളുമായി തീയാട്ടുണ്ണി പ്രവേശിക്കുന്നതോടെ തീയാട്ടിന് തുടക്കമായി. പല ദൈവങ്ങളിൽ നിന്നും അനുഗ്രഹത്തിനപേക്ഷിച്ച ശേഷം വലിയ കിരീടം കാണികൾക്കുമുന്നിൽ വച്ച് അണിയുന്നു. ഇതിനുശേഷം തീയാട്ടുണ്ണി ഭദ്രകാളിയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെടുന്നത്. ദാരികാസുരവധം ശിവനോട് ഭദ്രകാളി വിവരിക്കുന്നതായാണ് അവതരണം. കൊളുത്തിയ വിളക്കാണ് ശിവന്റെ പ്രതിരൂപം. താണ്ഡവനൃത്തശൈലിയിലുള്ള ചുവടുകളും മുദ്രകളും അവതരണത്തിന്റെ ഭാഗമാണ്.
മുദ്രകൾ പരമ്പരാഗത നൃത്ത ശൈലിയിലുള്ളവയായിരിക്കില്ല. ദാരികാസുരനെ കൊല്ലുന്നത് അവതരിപ്പിക്കുന്നതോടെയാണ് അവതരണം അവസാനിക്കുന്നത്. ഇത് തിന്മയുടെ പരാജയത്തെ ദ്യോതിപ്പിക്കുന്നു. പിന്നീട് കാർമികൻ സാധാരണ വേഷത്തിൽ പൂജാകർമങ്ങൾ നടത്തും. പന്തം കൊളുത്തി തേങ്ങാ ഉടച്ച് ബലിയുഴിച്ചിൽ നടത്തുന്നതോടെയാണ് ചടങ്ങുകൾ അവസാനിക്കുക.
No comments:
Post a Comment