ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 January 2020

ഹൈന്ദവ പുതുവർഷങ്ങൾ..!!

 ഹൈന്ദവ പുതുവർഷങ്ങൾ..!!

നമുക്ക് മൂന്ന് പുതുവർഷങ്ങളുണ്ട്. ലോകം മുഴുവൻ ആഘോഷിക്കുന്ന ജനുവരി 1 എന്ന പാശ്ചാത്യ സ്വാധീനമുള്ള ആ ദിനം പ്രകൃതിയുമായി യാതൊരു ബന്ധവുമുള്ള പുതുവർഷമല്ല. അത് വെറുമൊരു സങ്കൽപ്പം മാത്രമാണ്. 

എന്നാൽ ഭാരതീയ ഗണിതശാസ്ത്രം സൂക്ഷ്മമായി കണ്ടെത്തിയിട്ടുള്ള മൂന്നു പുതുവർഷങ്ങൾ  തികച്ചും ഈ ഭൂഗോളത്തിന്റെ ശുഭാരംഭങ്ങളാണ്. അത് തിരിച്ചറിയുന്നില്ലെങ്കിൽ നിങ്ങളെ അദൃശ്യമായി സ്വാധീനിക്കുന്ന സൂക്ഷ്മസത്യങ്ങളെ അവഗണിക്കുക വഴി  കുഴപ്പങ്ങൾ ഉണ്ടാകും. എന്നാൽ പരിപാലിച്ചാലോ?! അനിർവ്വചനീയമായ പല ഗുണാനുഭവങ്ങളും ഉണ്ടാകുകയും ചെയ്യും. 

മകരസംക്രാന്തി

ഇത് എല്ലാ വർഷവും ജനുവരി 14 മുതൽ 17 വരെ ആകാവുന്നതാണ്. മകരം ഒന്ന്  എന്ന് ഇത് സാധാരണ അറിയപ്പെടുന്നു. ധനുവിൽ നിന്ന് മകരത്തിലേക്ക് സൂര്യന്റെ രാശി സംക്രമണം നടക്കുന്ന മുഹൂർത്തമാണിത്. ഈ സമയത്ത് മകര നക്ഷത്രം ഉദിക്കും. അതിന്റെ അനുസ്മരണമായിട്ടാണ് ശബരിമലയിൽ മകരദീപം ജ്വലിപ്പിക്കുന്നത്. 

അതുപോലെ ഈ ദിനത്തിന്റെ സവിശേഷത സൂര്യൻ ഭൂമിയുടെ ഇരുപത്തിരണ്ടര ഡിഗ്രി ചരിവുമൂലം പരമാവധി തെക്കേ അറ്റത്തു പോയതായി തോന്നിച്ചിട്ട് വടക്കോട്ട് സഞ്ചരിക്കാൻ തുടങ്ങുന്ന ദിവസമാണ് എന്നതാണ്. ഇതാണ് വടക്കോട്ടുള്ള യാത്ര അഥവാ 'ഉത്തരായനം' എന്നുപറയുന്നത്‌.

ഇവിടെ മുതൽ ആറു മാസം, ഏതാണ്ട് ജൂലൈ പകുതിവരെ, അതായത് കർക്കിടകമാസ ആരംഭം വരെയുള്ളത്  'ദേവയാനം' എന്ന 'പ്രകാശത്തിന്റെ യാത്ര'യാണ്. ഈ അയനത്തിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്നതൊക്കെ പുണ്യപ്രദമാണ് എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പോലും അരുളുന്നു. 

കർക്കിടകം മുതൽ അടുത്ത ധനു വരെയുള്ള ആറുമാസം ദക്ഷിണായനം അഥവാ 'പിതൃയാനം' എന്ന 'പുനരാഗമനത്തിന്റെ വഴി' യാകുന്നു. ഇത് കൃഷ്ണമാർഗ്ഗം എന്നും പറയുന്നു. ദേവയാനം ശുക്ല മാർഗ്ഗമാണ്. ശുഭത്വത്തിന്റെയും ഉയർച്ചയുടെയും വീഥി. ജന്മകർമ്മ പുണ്യം കൊണ്ട് മരിച്ചാൽ ശുഭ ലോകങ്ങൾ മുതൽ മുക്തി വരെ നൽകുന്ന കാലം. (ഈ മുക്തിയെ ആത്യന്തിക മോക്ഷം എന്ന് കൽപ്പിക്കാതെയുമിരിക്കാം). പിതൃയാനം എന്ന കൃഷ്ണമാർഗ്ഗത്തിലെ മൃത്യു, പരലോകങ്ങളിലേക്കുള്ള കർമ്മഫല യാത്രയും പുനർജന്മത്തിന്റെതുമാണ്. (ഭഗവദ് ഗീതയടക്കം ബ്രഹ്മസൂത്രം, പുരാണങ്ങൾ, തന്ത്ര ശാസ്ത്രങ്ങൾ ഇവയിലെല്ലാം ഇതിന്റെ നിഷ്കർഷയുണ്ട്.)

ഈ ഉത്തരായനം പ്രതീക്ഷിച്ചാണ് സ്വച്ഛന്ദ മൃത്യുവായ ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നത്. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതും ഈ ഉത്തരായനത്തിൽ വരുന്ന (രാമനവമി ) നവരാത്രിയിലാണ്.

താന്ത്രികപരമായി മറ്റൊരു പ്രസക്തി കൂടി ഇതിനുണ്ട്. തന്ത്രമാർഗ്ഗത്തിലെ നിഗൂഢമായ നാലു രാത്രികളിൽ മഹാരാത്രി എന്നുപറയുന്നത് സംക്രാന്തി ദിനത്തിൽ വരുന്ന രാത്രിയാണ്. മഹാമായയിൽ നിന്നും പ്രപഞ്ചം ആവിർഭവിച്ച ശേഷമുള്ള ആദ്യത്തെ രാത്രി ഇതായിരുന്നു എന്നാണ് മഹാരാത്രിയുടെ സങ്കൽപം. അവ്യക്തവും ബിന്ദുരൂപവുമായ മഹാമായയാണ് ഇതിന്റെ അധിഷ്ഠാന ദേവത. (മഹാ ത്രിപുരസുന്ദരിയേയും ഈ ദിനദേവതയായി തന്ത്രം കൽപ്പിക്കുന്നുണ്ട്.)

ഇതിനുശേഷം വരുന്ന ശിവരാത്രി, മോഹരാത്രി* എന്ന കൃഷ്ണാവതാര രാത്രി, കാളരാത്രി എന്ന ദീപാവലി ദിനരാത്രി ഇവയാണ് തന്ത്രത്തിന്റെ മറ്റു മൂന്നു രാത്രികൾ. ഈ നാല് രാത്രികളിലും പൂർണമായി ഉറക്കമൊഴിയുകയോ അല്ലെങ്കിൽ രാത്രി 11. 30 മുതൽ 1. 30  വരെ സാധകർ മന്ത്രജപ ധ്യാനാദികൾ ചെയ്യുകയോ വേണമെന്നും, അത് മറ്റുള്ള സമയങ്ങളേക്കാൾ ബലവത്തായിരിക്കുമെന്നും തന്ത്രശാസ്ത്രം പറയുന്നു. ശിവരാത്രിയും ജന്മാഷ്ടമി രാത്രിയും ഇക്കാരണം കൊണ്ടാണ് പുരാണങ്ങൾ ശിവന്റെയും കൃഷ്ണന്റെയും ചരിത്രം പറഞ്ഞ് നമ്മെക്കൊണ്ട് ജാഗരണം  ചെയ്യിക്കുന്നത് (ഉറക്കമൊഴിപ്പിക്കുന്നത്).  ഇവിടെയെല്ലാം തന്ത്രമാർഗ്ഗത്തിന്റെ സ്വാധീനമാണ് ഒളിഞ്ഞുകിടക്കുന്നത്. (എങ്കിലും, മറ്റു രണ്ടു രാത്രികൾ പുരാണങ്ങൾ  ഒഴിവാക്കിയതുകൊണ്ട് സാമാന്യ ജനങ്ങൾക്കറിഞ്ഞുകൂടാ!)

ഈ നാലുരാത്രികളിൽ താന്ത്രിക സാധകർ ജപിക്കേണ്ട മന്ത്രങ്ങൾ ഇപ്രകാരം:- 

മഹാരാത്രിയിൽ - പഞ്ച മഹാ ബീജങ്ങളും പ്രണവവും, പഞ്ച ദശാക്ഷരി, ഷോഡശാക്ഷരീ, ബാലാ ഇവയും, ശിവരാത്രിയിൽ ശൈവമായ എല്ലാ മന്ത്രങ്ങളും ഒപ്പം ഗണേശ, സ്കന്ദ മന്ത്രങ്ങളും, 

മോഹരാത്രിയിൽ - വൈഷ്ണവ മന്ത്രങ്ങളും

കാളരാത്രിയിൽ - കാളി, ദുർഗ്ഗാ, ചണ്ഡികാദി എല്ലാ മന്ത്രങ്ങളും മറ്റ് ഏതു താന്ത്രിക മന്ത്രങ്ങളും ആകാവുന്നതാണ്. (അന്ന് മധ്യരാത്രിയിൽ ഭൂമിയിൽ വിചരണം ചെയ്യുന്ന കാളരാത്രി എന്ന ദേവി (നവ ദുർഗ്ഗാ  സ്വരൂപത്തിലെ  ഒരാൾ)  അപ്പോൾ ഉണർന്നിരുന്നു ജപിക്കുന്നവർക്ക് സാധനാ സാഫല്യവും മന്ത്രസിദ്ധിയും നൽകുമെന്ന് തന്ത്രലോകത്തിലെ രഹസ്യം) 

മഹാരാത്രിയിൽ ശ്രീവിദ്യാ മന്ത്രമില്ലാത്തവർക്കുള്ളതാണ് പ്രണവവും പഞ്ച മഹാ ബീജങ്ങളും മറ്റും.  കൂടുതൽ വിവരങ്ങൾ ഗുരുമുഖീയം. 

ഇതേരീതിയിൽ ഉപാസ്യദേവതയുടേയും ആത്മഭാവത്തിന്റെയും ബിന്ദുരൂപിണിയായ പരാശക്തിയുടെയും കുണ്ഡലിനീ ഷഡ്‌ചക്രാദി  ധ്യാനങ്ങളും ഒക്കെ ഈ നാലുരാത്രികളിലും ചെയ്യാം. 

ഉത്തരായനം എന്ന മഹാരാത്രിക്ക് യോഗശാസ്ത്രപരമായ ഒരു ബന്ധം കൂടിയുണ്ട്. ദക്ഷിണായനം ഇഡാ നാഡി എന്ന ചന്ദ്ര നാഡിയാണ്. ഉത്തരായനമാകട്ടെ പിംഗളാ നാഡി എന്ന സൂര്യ നാഡിയും. ഇവ തമ്മിൽ ആദ്യം സന്ധിക്കുന്ന മകരസംക്രാന്തി മുഹൂർത്തത്തിൽ സുഷുമ്ന എന്ന ആദ്ധ്യാത്മിക നാഡി ഉണരുകയും, അതിന്റെ ഫലമായി ജീവൻ സഹസ്രാരത്തിൽ ബിന്ദുരൂപമായ പരമാത്മാവിനെയോ പരാശക്തിയേയോ ദർശിക്കുന്ന  ലക്ഷണത്തിന്റെ ബാഹ്യ പ്രതിഫലനമാണ് വാനിലുദിക്കുന്ന മകര നക്ഷത്രം എന്നതും രഹസ്യം. അതുകൊണ്ട് ഈ മുഹൂർത്തം ആദ്ധ്യാത്മികമായി എത്രകണ്ട് ഗംഭീരമാണെന്ന് പറയേണ്ടതില്ലല്ലോ.

ഇപ്രകാരം യഥാർത്ഥ പ്രപഞ്ചത്തിന്റെ ആദ്ധ്യാത്മിക യോഗസത്യത്തിൽ വിശ്വസിക്കുന്നവർ പരമപ്രധാനമായ ഈ ഉത്തരായന ആരംഭ ദിനത്തെ പുതുവർഷമായി കാണേണ്ടതാണ്. അല്ലാതെ അതിനെ മറന്ന് കൃത്രിമവും വെറും അശാസ്ത്രീയവും  മനുഷ്യ നിർമ്മിതവുമായ ഒരു ദിനത്തെ (ജനുവരി 1) വർഷാരംഭമായിക്കണ്ട് പ്രമുഖമാക്കിയാൽ സംഭവിക്കുന്ന നഷ്ടവും ദോഷവും ചിന്തിക്കുക. (2020 ലെ പ്രകാരം ഇത് ജനുവരി 15 നാണ്. ഓരോ വർഷവും നേരത്തേ തന്നെ അത് തിരിച്ചറിഞ്ഞ് കാത്തിരിക്കുക.) 

ഈ ദിനം ശുഭമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അശുഭമാക്കിയാലുള്ള ദോഷങ്ങളും.

നാം പറയാറുണ്ടല്ലോ ഒന്നാം തീയതി തുടങ്ങിവെയ്ക്കുന്നത് ഒരു വർഷത്തെ ഫലമാകുമെന്ന്. വാസ്തവത്തിൽ ആ ചൊല്ലിൽ ഉള്ളത് ഒരു ആത്മീയതയും അതീന്ദ്രിയതയുമല്ലേ? അതെങ്ങനെയാണ് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതുപോലെയുള്ള ജനുവരി ഒന്ന് എന്ന ആരംഭത്തിന് ഫലിക്കുക? മകരസംക്രാന്തി എന്ന ആദ്ധ്യാത്മിക പുതുവർഷത്തിൽ ആദ്ധ്യാത്മിക സാധകരായ ഏവരും ചെയ്യുന്ന ശുഭാശുഭ കാര്യങ്ങൾക്ക് ആ ഒരു വർഷത്തോളം ഫല വ്യാപ്തി ഉണ്ടാവുകതന്നെ ചെയ്യും എന്നത് ഉറപ്പാണ്. അതുകൊണ്ട് നമുക്കിടയിൽ ഈ ദിനത്തെ വളരെ ഗൗരവത്തോടെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് വ്യക്തം. മായയുടെ വഞ്ചനകൊണ്ടാണ് ഈ ദിനം എല്ലാവരിലും മറഞ്ഞുകിടക്കുന്നത്. അതുണ്ടാവാതെ ശ്രദ്ധയോടെ വഞ്ചിക്കപ്പെടാതെ കടത്തിവിടുക. അതേ പറയാനുള്ളു. 

ഉത്തര ഭാരതത്തിൽ ചെന്നാലറിയാം ഈ ദിനത്തിന്റെ ഭൗതികർക്കും ആത്മീയർക്കുമുള്ള പ്രസക്തി. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന മാഘ മേളയാണ് ത്രിവേണീ സംഗമമായ പ്രയാഗിൽ എല്ലാ വർഷവും  ഈ സമയത്ത് നടക്കാറുള്ളത്. സംക്രാന്തി മുഹൂർത്തത്തിലുള്ള ത്രിവേണീ സംഗമ സ്നാനം ഇഡാ, പിംഗളാ, സുഷുമ്നാ സംഗമം പോലെയുള്ള ആ ഗംഗാ, യമുനാ, സരസ്വതി സംഗമസ്നാനം സകല പാപങ്ങളെയും കഴുകിക്കളഞ്ഞ് നമ്മെ യോഗ പുണ്യരാക്കിത്തീർക്കുന്നു എന്ന്  അവിടെയുള്ളവർ വിശ്വസിക്കുന്നു.

(കേരളം എന്നാണാവോ 'ഭാരതത്തിന്റെ ഭാഗ'മാകുന്നത്‌?!)   

മേടസംക്രാന്തി

ഭൗതികരുടെ പുതുവർഷം മേടം 1 എന്ന വിഷുദിനമാണ്. അവർ ആ ദിനത്തെയാണ് ശ്രദ്ധിക്കേണ്ടത്. വിഷുക്കണിയുടെ മനശാസ്ത്രവും അതാണല്ലോ. അന്നേദിവസം മദ്യപിച്ചും മാംസം കഴിച്ചും അശ്ലീലം ചെയ്തും  പോലും ഘോഷിക്കുന്ന വൈകൃതം അതിഭീകരം എന്നേ പറയാനുള്ളൂ.

ഉത്തരായന ദിനം മുതൽ ആറുമാസം നിങ്ങൾ ആരംഭിക്കുന്ന ഭൗതികവും ആത്മീയവുമായ പലകാര്യങ്ങളും അതീവ ശുഭമായിത്തന്നെ ഭവിക്കും എന്നുള്ളത് പ്രത്യക്ഷാനുഭവമാണ്. പുതിയ സംരംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, തീർത്ഥയാത്ര, പഠനാരംഭങ്ങൾ, ഉപാസനാരംഭങ്ങൾ, ദോഷനിവാരണങ്ങൾ ഇവയ്‌ക്കെല്ലാം ബഹുവിശേഷം. മന്ത്രദീക്ഷകളെല്ലാം ഈ കാലത്തിലാവുന്നതും ഇതുകൊണ്ടാണ്. 

ഭൗതിക വൈകൃതങ്ങൾ സൃഷ്ടിക്കുന്ന തുച്ഛമായ സുഖങ്ങളിലും അൽപ്പത്തങ്ങളിലും മതിമറന്ന് ഹൈന്ദവർ അവരുടെ  ഭാവിജീവിതം നശിപ്പിക്കാതിരിക്കുക. നമ്മുടെ ഭാരതീയ ശാസ്ത്രങ്ങൾ നമ്മോട് ജീവിതം കൊണ്ട് 'പുരുഷാർത്ഥങ്ങൾ'  നേടാനാണ് ഉപദേശിച്ചത്. നാം ഇവ ലംഘിക്കുന്നതിലൂടെ പുരുഷാർത്ഥങ്ങളല്ല, 'വിഷാർത്ഥങ്ങളാണ്' നേടിക്കൊണ്ടിരിക്കുന്നത്. ഇനിമുതൽ അത് തിരുത്തുക. 

നിങ്ങളും നിങ്ങളുടെ വരും തലമുറയും പ്രപഞ്ചത്തിന്റെ യഥാർത്ഥ നിയമങ്ങൾ കണ്ടെത്തിയ ഭാരതീയ സിദ്ധാന്തങ്ങളെ അനുസരിക്കുക. ജനുവരി ഒന്നിനുള്ള പുതുവർഷ ആശംസയ്ക്കു പകരം മകര സംക്രാന്തിയ്ക്കും വിഷുവിനും പുതുവർഷാശംസകൾ കൈമാറാൻ ചങ്കൂറ്റം കാണിക്കുക. 

അന്നേദിവസം പാലിക്കേണ്ട  മറ്റുചില കാര്യങ്ങൾ കൂടി...

കുകർമ്മങ്ങൾ ചെയ്യാതിരിക്കുക. അതുപോലെ അലസത ഉപേക്ഷിച്ച് ശുഭ കർമ്മങ്ങൾ ചെയ്യുക. പുതുവസ്ത്രം ധരിക്കുക. ശുഭചിത്തനും പ്രസന്നവാനുമാവുക. കോപം, പാരുഷം, ദുഃഖം, ഭയം ഇത്യാദി നെഗറ്റീവ് വാസനകൾ അഥവാ തമോ ഭാവങ്ങൾ ഒഴിവാക്കുക. മാംസവും ലഹരിയും പൂർണമായി വർജ്ജിക്കുക. ക്ഷേത്ര ദർശനം നടത്തുകയോ ഉപാസനാ മന്ത്രങ്ങളോ സൂക്തങ്ങളോ സ്തോത്രങ്ങളോ ഏറെ നേരം ജപിക്കുകയോ ചെയ്യുക. സാത്വികമായ ഭക്ഷണം കഴിക്കുക. നല്ല ദാനങ്ങൾ ചെയ്യുക. മിണ്ടാപ്രാണികൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പുതുവർഷാശംസ നേരുക. എല്ലാവിധമായ ചാപല്യങ്ങളും ഒഴിവാക്കുക. കുട്ടികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശിഷ്യാ ലോകത്തിന്റെയും നന്മയ്ക്കു വേണ്ടി ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. 

കുട്ടികൾ ഈ ദിനം ഈശ്വര സ്മരണയോടുകൂടി മാതാപിതാക്കളെ ബഹുമാനിക്കുക. രാവിലെതന്നെ സ്നാനം ചെയ്ത് ദൈവീക സ്മരണയിൽ ഏർപ്പെടുക. പുതിയ പാഠഭാഗങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുക. മധുരം നുണയുകയും പങ്കിടുകയും ചെയ്യുക. അദ്ധ്യാപകരോടും സുഹൃത്തുക്കളോടും നല്ലവാക്കുകൾ പ്രയോഗിക്കുക. ഉന്മേഷവാന്മാരും ആഹ്ലാദ ചിത്തരുമായി ഇരിക്കുക. സിനിമാ മുതലായ ആധുനിക ആഹ്ലാദങ്ങൾ ഒഴിവാക്കി താൽപര്യമെങ്കിൽ ശാസ്ത്രീയ സംഗീതം  മുതലായ ആദ്ധ്യാത്മിക കലകൾ ആസ്വദിക്കുക. കൂടുതലും ശുഭ്ര വസ്ത്രം, ശുദ്ധ വസ്ത്രം ഇവ ധരിക്കുക. സുഹൃത്തുക്കൾക്കിടയിൽ വിമർശനാത്മകമായ പ്രശ്നങ്ങൾ ഒഴിവാക്കുക (ഇഷ്ടമല്ലാത്തവരോട് ഈ നിയമങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക എന്നർത്ഥം.) ലോകത്തിന്റെ ശാന്തിക്കും ഉയർച്ചയ്ക്കും പ്രകൃതി സന്തുലനത്തിനും ക്ഷോഭ നിവാരണത്തിനായും പ്രാർത്ഥിക്കുക. 

കൂടാതെ എല്ലാത്തരം ശുഭ കാര്യങ്ങൾ  ചെയ്യാനായും ആരംഭമിടാനായും ആർക്കും ഈ ദിനത്തെ തെരഞ്ഞെടുക്കാം.    

ദക്ഷിണായനം എന്ന ഇരുൾ യാത്രയിൽ നിന്നും, തമസ്സിന്റെ ശക്തിയുടെ പിടിയിൽ നിന്നും മോചിതമായി ഉത്തരായന സൂര്യന്റെ ജ്ഞാന കിരണങ്ങളേറ്റ് ധന്യമാകുന്ന പുണ്യോദയമാണ് മകരസംക്രാന്തി എന്ന ആചരണം നമുക്ക് നൽകുന്നതെന്ന് നമുക്കിടയിൽ എത്രപേർ ചിന്തിക്കുന്നു? ഒരു വലിയ പാപ വിമോചനത്തിന്റെയും ഭാഗ്യ പുണ്യങ്ങളുടെ പ്രാപ്തിയെയുമാണ് ഈ ദിനം വിസ്മരിക്കുന്നതിലൂടെ നാം നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിയുക.

ഇതുവരെപ്പറഞ്ഞതിൽ നിന്നും മേടം 1 എന്ന മേടസംക്രാന്തിയും ഒരു പുതുവർഷമാണെന്ന് മനസ്സിലായല്ലോ. സൂര്യൻ മീനം എന്ന അവസാന രാശിയിൽ നിന്ന് മേടം എന്ന പ്രഥമ രാശിയിലേക്ക് പ്രവേശിക്കുന്ന ഈ പുതുവർഷ ദിനത്തിൽ സൂര്യൻ ഏതാണ്ട് കൃത്യമായ കിഴക്കുതന്നെ ഉദിക്കുന്നു എന്നതും പ്രത്യേകതയാണ്. (ഉത്തരായനാരംഭത്തിൽ അതായത് മകരത്തിൽ അത് കുറേ തെക്ക് നീങ്ങിയാണ് ഉദിച്ചത്. ഉത്തരായനാവസാനം അഥവാ മിഥുനത്തിൽ  അത് കുറേ വടക്കു നീങ്ങിയും ആകുമ്പോൾ, മേടമാസത്തിൽ അത് ഏതാണ്ട് മധ്യഭാഗത്ത് വരുമല്ലോ?) 

അനേകകാലം കൊണ്ട്  വിഷുവിന് രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെന്ന യഥാക്രമത്തിൽ കണികണ്ടും പായസ സദ്യ ഉണ്ടും പടക്കം പൊട്ടിച്ചും, സാത്വികമായി മൂന്നു സന്ധ്യകളേയും നാം ഘോഷിച്ചുകൊണ്ടിരിക്കുന്നതും പുതുവർഷത്തെ വരവേൽക്കാനുള്ള ആഹ്ലാദത്തിലാണ്. ഇതിനെ രാക്ഷസീയ പ്രക്രിയകളിലൂടെ മലീമസവും പാപിഷ്ടവുമാക്കാതിരിക്കുക. വാർഷിക പ്രകൃതിയെങ്കിലും നമ്മെ ഉപദ്രവിക്കാതിരിക്കട്ടെ.    

മൂന്നാമത്തെ പുതുവർഷം  ചിങ്ങം 1 ആണ്. കേരളമാണ് അത് വളരെക്കൂടുതൽ ആഘോഷിച്ചിട്ടുള്ളത്. അതാണ് നമ്മുടെ ഓണക്കാലം. സൂര്യൻ സ്വക്ഷേത്രമായ ചിങ്ങത്തിലേക്ക് എത്തുന്നതാണ് ഇതിന്റെ ആദരവ്. അതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങളാണല്ലോ. അതുമായി ബന്ധപ്പെട്ട മഹാബലി എന്ന അസുര പൂജയുടെ ഭ്രമം വിട്ടിട്ട് കാലസഞ്ചാരത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് ചിന്തിച്ച് അതിനേയും വിശുദ്ധവൽക്കരിക്കാൻ ശ്രമിക്കുക.

ഇവയൊക്കെ ഏർപ്പെടുത്തിത്തന്ന നമ്മുടെ പൂർവ്വികരെ എത്രകണ്ട് നിന്ദിക്കുന്നുവോ അത്രകണ്ട് നിങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യതയില്ലെന്ന് പ്രകൃതി തന്നെ നമ്മെ പഠിപ്പിക്കുന്നത് കാണുക. അതാണ് നമ്മുടെ ഓരോ ഭൗതിക ദുരന്തങ്ങളും. 

ഹരിഃ ഓം
ആചാര്യൻ ശ്രീമദ് ഹരിസ്വാമികൾ

No comments:

Post a Comment