ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 July 2018

ഹനുമാനും നാരദമുനിയും

ഹനുമാനും നാരദമുനിയും

അഞ്ജനാ തനയനായ ഹനുമാനെപ്പറ്റി നിരവധി കഥകളുണ്ട്. ഹനുമാന്‍ നല്ലൊരു സംഗീതജ്ഞന്‍ കൂടിയാണെന്ന് കേട്ടിട്ടില്ലേ? ഒരിക്കല്‍ നാരദമുനി ഹനുമാന്റെ വാസസ്ഥലമായ കദളീവനത്തിലെത്തി. തന്റെ വീണ മനോഹരമായി മീട്ടി, നാരായണ നാമം പാടിയാണ് നാരദരുടെ വരവ്. ആരാണ് ഇത്ര മനോഹരമായി പാടുന്നത? ഹനുമാന്‍ അമ്മയോട് ചോദിച്ചു. അത് നാരദ മുനിയാണ്. അദ്ദേഹമൊരു മഹാത്മാവാണ്. അദ്ദേഹത്തെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. പുത്രാ, നീ ആദ്ദേഹത്തിന്റെ അടുത്തുചെന്ന്, അവിടുത്തെ മഹത്വം എത്രത്തോളമുണ്ടെന്ന് അറിഞ്ഞാലും. ഹനുമാനോട് അമ്മ പറഞ്ഞു. 

ഉടന്‍ തന്നെ ഹനുമാന്‍ നാരദരുടെ മുന്നിലെത്തി. അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു പറഞ്ഞു' നാരദമുനി അങ്ങ് മഹാനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും അങ്ങ് എന്നെ അനുഗ്രഹിക്കണം. അല്ലാതെ താങ്കളെ ഞാന്‍ പോകാന്‍ അനുവദിക്കില്ല'.

നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്? നാരദ മുനി ഹനുമാനോട് ചോദിച്ചു.

വാസ്തവത്തില്‍ എല്ലാ ദേവന്മാരുടേയും അനുഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് അങ്ങേയ്ക്ക് ഇഷ്ടമുള്ള വരം നല്‍കാം. ഹനുമാന്‍ പറഞ്ഞു. 

എന്ത് വരമാണ് ഹനുമാന് നല്‍കേണ്ടത്. നാരദര്‍ ആലോചിച്ചു. തുടര്‍ന്ന് നീ സംഗീതത്തില്‍ അഗ്രഗണ്യനായിത്തീരും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പോകാനൊരുങ്ങി,

നാരദ മുനിയെ തടഞ്ഞുകൊണ്ട് ഹനുമാന്‍ ചോദിച്ചു. ഞാന്‍ നല്ലൊരു സംഗീതജ്ഞന്‍ ആയോ എന്ന് എങ്ങനെ അറിയും. എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് സംഗീതത്തില്‍ അതീവ ഗ്രാഹ്യമുണ്ടെന്ന്. അതുകൊണ്ട് എനിക്ക് സംഗീതത്തില്‍ അങ്ങയേക്കാള്‍ അഗ്രഗണ്യനാകണം. 

ശരി, ഞാന്‍ നിന്റെ സംഗീതാലാപനം ആദ്യം കേള്‍ക്കട്ടെ. നാരദര്‍ സമ്മതിച്ചു. നാരദമുനി തന്റെ വീണ ഒരു ശിലമേല്‍ വച്ചിട്ട് ഹനുമാന്റെ സംഗീതത്തിനായി കാതോര്‍ത്തു. ഹനുമാന്‍ മലഹരി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു. ആ ആലാപന മാധുര്യത്താല്‍ ശില പോലും അലിയാന്‍ തുടങ്ങി. ഹനുമാന്‍ പാട്ട് തുടര്‍ന്നു. ശില ഉരുകിക്കൊണ്ടേയിരുന്നു. നാരദമുനിയുടെ വീണ ദ്രവമായിക്കൊണ്ടിരുന്ന ശിലയിലൂടെ ഒഴുകി നടന്നു. 

നാരദമുനി കണ്ണുകള്‍ അടച്ച് സംഗീതത്തെ അതിന്റെ പാരമ്യതയില്‍ ആസ്വദിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ നീ തന്നെയാണ് മികച്ച സംഗീതജ്ഞന്‍. സംശയമില്ല. ഗാനാലാപനം അവസാനിപ്പിച്ചുകൊള്ളൂ. 

ഹനുമാന്‍ പറഞ്ഞു 'താങ്കള്‍ ആദ്യം കണ്ണുകള്‍ തുറക്കൂ. എന്നിട്ട് പറയൂ, ആലാപനം നിര്‍ത്തണോ എന്ന്'. 

നാരദര്‍ കണ്ണുകള്‍ തുറന്നു. ചുറ്റും നോക്കി. ഉരുകിയ ശിലയില്‍ തന്റെ വീണ ഒഴുകുന്നത് അദ്ദേഹത്തിന് കാണാനായില്ല. അതുകൊണ്ടുതന്നെ ആലാപനം നിര്‍ത്താന്‍ അനുവാദവും നല്‍കി. ഹനുമാന്‍ പാട്ട് മതിയാക്കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയണ്ടേ. ശില വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ ആകാന്‍ തുടങ്ങി. നാരദമുനിയുടെ വീണയും അതില്‍ ഒട്ടിപ്പിടിച്ചു. 

നാരദര്‍ മടങ്ങിപ്പോകാന്‍ നേരം വീണ എടുക്കാന്‍ ശ്രമിച്ചു. ശിലയില്‍ ഒട്ടിപ്പോയതിനാല്‍ അത് അനങ്ങിയില്ല. നീ എന്ത് വേലയാണ് ഒപ്പിച്ചതെന്ന് നാരദര്‍ ഹനുമാനോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ നിര്‍ദ്ദേശ പ്രകാരം പാടുക മാത്രമേ ചെയ്തുള്ളൂ. ഹനുമാന്‍ വിനയാന്വിതനായി.

അതേ രാഗം വീണ്ടും ആലപിക്കാന്‍ നാരദ മുനി ഹനുമാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹനുമാന്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഹനുമാന്‍ അവിടെ നിന്നും അതിവേഗം ചാടി ചാടി പോയി. നാരദരാവട്ടെ ഹനുമാന്റെ പിന്നാലെ ഓട്ടം തുടങ്ങി. കദളീവനത്തിലെ തന്റെ കൊട്ടാരത്തിലെ മുറികളിലൂടെ ഹനുമാന്‍ ഓട്ടം തുടര്‍ന്നു. ഹനുമാനെ പിടിക്കാന്‍ നാരദര്‍ക്കായില്ല. തളര്‍ന്നുപോയ നാരദര്‍ ദയനീയമായി വീണ തിരികെ തരാന്‍ അപേക്ഷിച്ചു. 

അപ്പോഴേക്കും ഹനുമാന്റെ അമ്മ നാരദരുടെ സമീപത്തെത്തി ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. ഹനുമാന്‍ അങ്ങയെ ഏറെ ബുദ്ധിമുട്ടിച്ചുവല്ലെയെന്ന് അവര്‍ തിരക്കി. 

ഹനുമാന്‍ ഒപ്പിച്ച കുസൃതിയെക്കുറിച്ച് നാരദര്‍ ധരിപ്പിച്ചു. 

ഉടന്‍ തന്നെ നാരദമുനിയുടെ വീണ തിരികെ നല്‍കാന്‍ അമ്മ ഹനുമാനോട് നിര്‍ദ്ദേശിച്ചു. 

അപ്പോഴാണ് ഹനുമാന്‍ തന്റെ ഉദ്ദേശ്യശുദ്ധി അമ്മയോട് വെളിപ്പെടുത്തുന്നത്. നാരദമുനിയുടെ പാദസ്പര്‍ശം എല്ലായിടത്തും പതിയുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തതെന്ന്. അതിലൂടെ നമ്മുടെ ഗൃഹം തീര്‍ത്ഥാടനകേന്ദ്രം പോലെ പരിശുദ്ധമായി എന്നും പറഞ്ഞു.

ശ്രീരാമദാസനായ ഹനുമാന്‍ ഏറെ അനുഗ്രഹീതനാണെന്ന് നാരദരും പറഞ്ഞു. 

ഹനുമാന്‍ നാരദര്‍ക്ക് വേണ്ടി വീണ്ടും ഗാനം ആലപിച്ചു. ശില വീണ്ടും അലിയാന്‍ തുടങ്ങിയപ്പോള്‍ നാരദര്‍ തന്റെ വീണയെടുത്തു മടങ്ങി. 

മഹാത്മാക്കള്‍ ഒരിക്കലും അസൂയാലുക്കളല്ല എന്ന ഗുണപാഠം ഈ കഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കാള്‍ കേമന്മാരായാലും അതില്‍ അവര്‍ സന്തോഷിക്കും. കൂടാതെ മഹദ് വ്യക്തികള്‍ നമ്മുടെ ഭവനത്തിലെത്തുമ്പോള്‍ അവിടവും പാവനമാകും. പിന്നെ പുണ്യ സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യം തന്നെ വരുന്നില്ല. 

No comments:

Post a Comment