ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 July 2018

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകമാസം മലയാളിയെ സംബന്ധിച്ചിടത്തോളം ഭക്തിയുടെ കാലമാണ്. ഒപ്പം ആരോഗ്യ സംരക്ഷണത്തിന്റെയും. തോരാമഴയിൽ പണിക്കു പോകാനാകാതെ വീട്ടിനകത്തു തന്നെ കഴിച്ചുകൂടേണ്ടിവരുന്ന നാളുകളായിരുന്നു പണ്ടൊക്കെ. പണിയില്ലാത്തതിനാൽ പട്ടിണിയുടെ നാളുകൾ. താളും തകരയുമൊക്കെ കഴിച്ചു വിശപ്പടക്കിയ നാളുകൾ. അങ്ങനെയാണു കർക്കടകത്തിനു പഞ്ഞമാസം എന്ന പേരു കിട്ടിയത്.

എന്നാൽ, അതൊക്കെ പഴങ്കഥ. ഇപ്പോൾ കർക്കടകം അത്ര പഞ്ഞമാസമൊന്നുമല്ല. എങ്കിലും താളിന്റെയും തകരയുടെയും പ്രസക്തി കുറയുന്നില്ല.

കർക്കടകത്തിൽ ഇലക്കറികള്‍ ധാരാളമായി കഴിക്കണമെന്നത് ആചാരമായിത്തന്നെ പഴമക്കാർ സ്വീകരിച്ചത് പട്ടിണി കൊണ്ടുമാത്രമായിരുന്നില്ല, ഭക്ഷണത്തിൽ ഇലക്കറികളുടെ പ്രാധാന്യം എന്തെന്നു ശരിക്കും അറിയാവുന്നതു കൊണ്ടു കൂടിയായിരുന്നു.

ആരോഗ്യത്തിന് പത്തിലകൾ

കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്ന രീതിയുണ്ടായിരുന്നു. പത്തു തരം ഇലകളാണ് പത്തിലകൾ എന്നറിയപ്പെടുന്നത്. പത്ത് ഇലകൾ ഏതൊക്കെ എന്ന കാര്യത്തിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ട്. എങ്കിലും താള്, തകര, തഴുതാമ, ചേമ്പ്, ചേന, പയർ, കുമ്പളം, മത്തൻ, തൂവ, ചീര എന്നിവയാണു പൊതുവേ പത്തിലകളായി സ്വീകരിക്കപ്പെടുന്നത്.

വെജിറ്റേറിയൻ മാസം

കർക്കടകമാസം മുഴുവൻ പച്ചക്കറികൾ മാത്രമേ കഴിക്കൂ എന്നു പഴമക്കാരിൽ പലർക്കും നിർബന്ധമുണ്ടായിരുന്നുള്ളൂ. മീനും ഇറച്ചിയും ഒഴിവാക്കും. വെജിറ്റേറിയൻ ഭക്ഷണം എന്നതിനു പുറമേ, പല തരത്തിലുള്ള മരുന്നുകഞ്ഞികളും ഉണ്ടാക്കിക്കഴിക്കുന്ന നാളുകളാണിത്. കാലാവസ്ഥയ്ക്കനുസരിച്ചു ഭക്ഷണം ചിട്ടപ്പെടുത്താൻ പണ്ടുള്ളവർ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമാണു കർക്കടകത്തിലെ വ്രതവും മരുന്നുകഞ്ഞിയുമൊക്കെ.

No comments:

Post a Comment