ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2025

മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം

മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം

പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ മഹനീയ സാന്നിധ്യമാണ് തൃശൂർ ജില്ലയിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലുള്ള കടലാശ്ശേരി പിഷാരിക്കൽ ഭഗവതി. 108 ദുർഗ്ഗാലയങ്ങളിലുള്ള ഈ ക്ഷേത്രം 8 കടലായി മനകളിൽ ഒന്നായ കീഴോട്ടുകര മനക്കാരുടെ ഉപാസനാ ദേവിയാണ്. പടിഞ്ഞാട്ട് ദർശനമുള്ള ഈ ക്ഷേത്രത്തിനു അഭിമുഖമായി സ്ഥിതി ചെയുന്ന മറ്റൊരു ക്ഷേത്രമാണ് മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം. പേരുപോലെ ഈ ക്ഷേത്രവും കടലായി മനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രം നിന്നിരുന്ന ഈ സ്ഥലത്ത് പണ്ട് മേലോട്ടുകര കടലായി മനയായിരുന്നു. തിരുവുള്ളക്കാവ് ധർമ്മശാസ്‌താവിൻ്റെ ഉപാസകൻ ആയിരുന്നു ആ മനയിലെ ഒരു ദിവ്യൻ ശാസ്‌താ ചൈതന്യം നിത്യം ഉപാസിക്കാനായി മനയിൽ കുടിയിരുത്തി എന്നാണ് സങ്കല്പം.

ഇടത്തുകാലിന്റെ ഭാഗത്തേക്ക് വലത്തുകാൽ മടക്കിവെച്ച് കൈകൾ അതാതു ഭാഗത്തെ തുടകളുടെ മുകളിലായിട്ടാണ് ബിംബം രൂപകല്പന ചെയ്തിട്ടുള്ളത്. ധ്യാനനിരതനായി തപസ്സു ചെയ്യുന്ന ഒരു മഹർഷിയുടെ ഭാവമാണ് ദേവന്. തിരുവുള്ളക്കാവ്, ചാത്തക്കുടം ശാസ്‌താക്കന്മാരുടെ ചൈതന്യം ഉള്ളതിനാൽ വിദ്യയ്ക്കും ആയുരാരോഗ്യത്തിനും ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ്. കുടുംബ ക്ഷേത്രമായതിനാൽ ഉത്സവങ്ങളോ മറ്റു ആഘോഷങ്ങളോ പതിവില്ല. മീന മാസത്തിലെ അശ്വതി നാളിൽ ആണ് പ്രതിഷ്‌ഠാദിനം. "നാഴിയും പിടിയും" ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഒരു നാഴിയും ഒരു പിടി ഉണക്കല്ലരിയും ദേവന് നിവേദ്യത്തിനായ് സമർപ്പിക്കുന്നതാണ് ഈ വഴിപാട്.

ഉപദേവതയായി ഗണപതി ഭഗവാനും ചുറ്റമ്പലത്തിന് പുറത്ത് ഭദ്രകാളി, ദുർഗ്ഗ, രക്തേശ്വരി, മണികണ്ഠൻ, നാഗരാജാവ് എന്നീ ദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു കുടുബ ക്ഷേത്രമായി അനേകകാലം നിലനിന്നിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നത് കടലാശ്ശേരി NSS കരയോഗമാണ്.





കമാക്ഷി മല്ലികാർജ്ജുനക്ഷേത്രം

കമാക്ഷി മല്ലികാർജ്ജുനക്ഷേത്രം

തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ധർമ്മപുരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ശിവനും കമാക്ഷി അമ്മനും പ്രതിഷ്ഠ ഉള്ള ഒരു പുരാതന ക്ഷേത്രമാണ് കമാക്ഷി മല്ലികാർജുന ക്ഷേത്രം. കമാക്ഷി അമ്മനെ ഇവിടെ ദുർഗ്ഗ ഭാവത്തിലും ഭഗവതി രൂപത്തിലും ആരാധിക്കുന്നു. 

ഈ ക്ഷേത്രത്തിൽ സിദ്ധലിംഗേശ്വരരുടെ സമാധിയുണ്ട്. അവിടെ ആണ് ക്ഷേത്രത്തിലെ ആദ്യ പൂജ നടത്തുന്നത്. ലിഖിതങ്ങളിൽ പ്രതിഷ്ഠ രാജരാജേശ്വരമുടയാർ എന്നാണ് അറിയപ്പെടുന്നത്. 18 പടികൾക്ക് മുകളിൽ ആണ് ഇവിടെ ദേവിയുടെ ശ്രീകോവിൽ ഉള്ളത്. ഇപ്പോൾ ക്ഷേത്രത്തിന്റെ പുണരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തകടൂർ കാമാച്ചി എന്നാണ് ഇവിടുത്തെ ദേവിയെ അറിയപ്പെടുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും ദേവിയെ ദർശിക്കാവുന്നതാണ്. എന്നാൽ ഈ ക്ഷേത്രത്തിൽ പൂർണ്ണരൂപത്തിൽ ഒരു ദിവസം മാത്രമേ കാണാൻ കഴിയൂ. മറ്റ് ദിവസങ്ങളിൽ ആരാധനയ്ക്കായി ദേവിയുടെ മുഖം മാത്രമേ കാണാൻ സാധിക്കൂ. ഈ സ്ഥലം ഒരു ശിൽപ വിസ്മയമാണ്. മഹാബലിപുരം ക്ഷേത്രം പണികഴിപ്പിച്ച മഹാനായ പല്ലവരുടെ വംശപരമ്പരയിൽ ഉള്ള ആൾക്കാർ ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു . ഇവിടുത്തെ ഈ സ്തംഭം തന്നെ ഉദാഹരണമായി എടുക്കുക. സ്തംഭം ഷഡ്ഭുജാകൃതിയിലാണ്, അതിന്റെ എല്ലാ വശങ്ങളിലും നിരവധി ശിൽപങ്ങൾ ഉണ്ട്.

ശിവൻ മഹാമണ്ഡപത്തിൽ നൃത്തരൂപത്തിൽ കാണപ്പെടുന്നു. ക്ഷേത്ര അധിപനായ ദേവന്റെ മണ്ഡപത്തിലെ ശിൽപങ്ങൾ കാണാൻ മനോഹരമാണ്. യോഗ നരസിംഹ മൂർത്തിയെ ഇവിടെ മറ്റൊരു ശ്രീകോവിലിൽ കാണപ്പെടുന്നു. പ്രവേശന കവാടത്തിന്റെ ഇടതുവശത്ത് വീരഭദ്രനെ കാണാം. ഭൈരവൻ, സൂര്യൻ, സൂര്യൻ എന്നിവരെയും ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നു. ഗണേശൻ, സുബ്രഹ്മണ്യൻ, അദ്ദേഹത്തിന്റെ ഭാര്യമാരായ വള്ളി, ദേവനായി എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. വിനായകൻ, ദക്ഷിണാമൂർത്തി, വിഷ്ണു, ബ്രഹ്മാവ്, ദുർഗ്ഗ എന്നിവരെ കാണാം. ഇപ്പോഴത്തെ ധർമ്മപുരി എന്നാണ് പണ്ട് തകടൂർ അറിയപ്പെട്ടിരുന്നത്.

കുംഭമേള

കുംഭമേള

12 കൊല്ലം കൂടുമ്പോൾ, വ്യാഴത്തിൻ്റെ കണക്കിൽ, ഒരു പൂർണ്ണകുംഭമേള നടക്കുന്നു.
അത്തരം 12 പൂർണ്ണകുംഭമേളയാവുമ്പോൾ; അതായത്, 144 വർഷത്തിൽ ഒരിയ്ക്കൽ സംഭവിക്കുന്നതാണ് മഹാകുംഭമേള .

ഈ അപൂർവ്വമുഹൂർത്തത്തിൽ, ഗ്രഹനിലകൾ പ്രത്യേകക്രമം പാലിക്കുമ്പോൾ, ചിലയിടങ്ങളിൽ ജലം അമൃതായി മാറുന്നു.
ഈ അമൃതജലം നുകരാൻ ലോകം മുഴുവൻ ഒഴുകിയെത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ-ഒത്തുകൂടൽ ആണ് ഇത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് മഹാകുംഭമേള നടന്നുകൊണ്ടിരിക്കുന്നത്.

ജനുവരി 13 ന് ആരംഭിച്ചു.
ഫെബ്രുവരി 26 -ലെ ശിവരാത്രിസ്നാനത്തോടെ ഈ പൂർണ്ണകുംഭമേള അവസാനിക്കും.

ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന പുണ്യം നുകരാൻ, ഏവരും , തീർത്ഥരാജനായ ത്രിവേണീ സംഗമത്തിലെത്തിച്ചേരാൻ ശ്രമിക്കുന്നു.

50 കോടിയിൽപ്പരം ജനങ്ങൾ പുണ്യസ്നാനത്തിനായി എത്തുന്ന ഉത്സവം!

'അയ്യേ ! അന്ധവിശ്വാസം !
ഒട്ടും ശാസ്ത്രീയതയില്ലാത്ത പ്രാകൃത ആചാരം!'
എന്നു പറയുന്നവർക്കായി 'ഇച്ചിരി ' ശാസ്ത്രം പറയാം.

രക്തം എന്നത് ഇലക്ട്രിക്കലീ കണ്ടക്റ്റീവ് ആണ്.
കാരണം, അതിൽ മാഗ്നറ്റിക് പാർട്ടിക്കിൾസ് ഒരുപാട് അടങ്ങിയിരിക്കുന്നു.
ഒന്നുകൂടി ശാസ്ത്രീയമായി പറഞ്ഞാൽ; രക്തം ഒരു ഫെറോ ഫ്ലൂയ്ഡ് ആണ്.

മനുഷ്യശരീരത്തിലെ, രക്തമടക്കമുള്ള ജലഭാഗം ഇലക്ട്രോ ഫെറോ മാഗ്നറ്റിക് ഫ്ലൂയ്ഡ് ആണ് എന്നു പറയാം.
അതായത്, ഒരു കാന്തികമണ്ഡലത്തിലെത്തിയാൽ ആ മണ്ഡലത്തിൻ്റെ എല്ലാ ഗുണങ്ങളും നമ്മുടെ ശരീരത്തിനെ ബാധിക്കും.

ശരീരദ്രാവകം എന്നത് ഒരു കാരിയർ ഫ്ലൂയ്ഡ് ആണ്. അതിൽ 100 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഒരുപാട് ഘടകങ്ങൾ നിറഞ്ഞുകിടക്കുന്നു.

ഒതുക്കിപ്പറഞ്ഞാൽ, ഫെറോമാഗ്നറ്റിക് ഫ്ലൂയ്ഡ് എന്നത് , 100 നാനോമീറ്റർ വലുപ്പമുള്ള കണങ്ങളെ വഹിക്കുന്ന ഒരു വാഹകദ്രാവകമാണ്.

ഒരു കാന്തികമണ്ഡലത്തിൻ്റെ സാമീപ്യം കൊണ്ടുപോലും സൂക്ഷ്മതലത്തിൽത്തന്നെ നമ്മുടെ ശരീരം സ്വാധീനിക്കപ്പെടും.

അത്, നമ്മൾ നിൽക്കുന്ന പ്രദേശത്തിൻ്റെ ഊർജ്ജ നിലകൊണ്ട് സംഭവിക്കാം.
ഉയർന്ന ഊർജ്ജനിലയുള്ളവരുടെ സാമീപ്യം കൊണ്ടും സംഭവിക്കാം.
പ്രത്യേക സ്ഥലം, പ്രത്യേക ദിവസം,
പൗർണ്ണമി.. അമാവാസി.. സംക്രമകാലം തുടങ്ങി, പ്രകൃതിയിലെ പലതുകൊണ്ടും ഈ ഊർജ്ജനിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

മനസ്സെന്ന സൂക്ഷ്മഭാവത്തിൻ്റെ അതിശക്തമായ ഊർജ്ജത്തെ കൈകാര്യം ചെയ്യാനായവർക്ക് പ്രകൃതിയിലെ ഈ ഊർജ്ജപ്രസരണത്തിൽ അതാത് കാലങ്ങളിൽ വരുന്ന മാറ്റവും കൃത്യമായി അറിയാനാകും.

ബ്രഹ്മാണ്ഡത്തിൽ, അഥവാ ; ഈ പ്രപഞ്ചത്തിൽ, പൗർണ്ണമി നാളിൽ ചന്ദ്രൻ്റെ ആകർഷണത്താൽ കടൽത്തിര ഉയരുന്നതും വേലിയേറ്റം സംഭവിക്കുന്നതും ശാസ്ത്രീയമായി എപ്രകാരമാണോ, 
അതേ രീതിയിൽ, പിണ്ഡാണ്ഡമായ നമ്മുടെ ശരീരത്തിലെ കടലാകുന്ന ജലത്തിലും തിരകൾ ഉയരും .

മനോകാരകനാണ് ചന്ദ്രൻ.

വല്ലാതെ തിരയുയർന്നാൽ ഉൻമാദവും വരും.
നമ്മൾക്ക് ഈ ചന്ദ്രപ്രഭാവത്തെ നിയന്ത്രിക്കാനായാൽ, മനസ്സിലുയരുന്ന ഈ തിരകളെയെല്ലാം കഥയും കവിതയും ചിന്തയും ശില്പവുമാക്കി മാറ്റാനാകും പ്രതിഭകൾക്ക്.

ഗൗതമൻ ബുദ്ധനായത് കപിലവസ്തുവിൽ വെച്ചല്ല.
എൻലൈറ്റ്മെൻ്റ് സംഭവിക്കാൻ, അദ്ദേഹത്തിന്, ഗയയിൽ, ബോധിച്ചുവട്ടിൽ എത്തേണ്ടിവന്നു.

പൗർണ്ണമിനാളിൽ പ്രകൃതിയിൽ അധികരിക്കുന്ന ഈ എനർജി റേഡിയേഷനെ ഏറ്റുവാങ്ങാനാണ് തിരുവണ്ണാമലയിൽ ഗിരിവലം വെയ്ക്കാൻ എല്ലാ പൗർണ്ണമിക്കും ലക്ഷങ്ങൾ ഒഴുകിയെത്തുന്നത്.

പ്രകൃതിയുടെ ഊർജ്ജതാണ്ഡവത്തിലെ സൂക്ഷ്മഭാവങ്ങൾ പല രീതിയിലാണ് പ്രവർത്തിക്കുക.

ജപം കൊണ്ടോ ജൻമസിദ്ധമായ യോഗം കൊണ്ടോ ഉയർന്ന ഊർജ്ജഭാവത്തിലെത്തിയവരുടെ അടുത്ത്, താഴ്ന്ന ഊർജ്ജനിലയുള്ളവർ എത്തി എന്ന് കരുതുക.
ഉയർന്ന ഭാഗത്തുനിന്നും താണ നിലത്തേയ്ക്ക് ജലമൊഴുകും പോലെ, ഇവിടെയും സൂക്ഷ്മതലത്തിലുള്ള ഒരു ഉർജ്ജപ്രവാഹം സംഭവിക്കും.
അതായത്, ആത്മീയമായി ഉയർന്ന വൈദ്യുതകാന്തിക നിലയുള്ളവരിൽനിന്ന് വൈദ്യുത കാന്തികനില താരതമ്യേന കുറഞ്ഞവരിലേയ്ക്ക് വൈദ്യുത പ്രവാഹം സംഭവിക്കും;
emf എന്ന electro motive force, അഥവാ ; കറൻ്റ് എന്ന വൈദ്യുത പ്രവാഹം ഇലക്ട്രിക് പൊട്ടൻഷ്യൽ കൂടിയ ഒരിടത്തുനിന്നും emf കുറഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒഴുകുംപോലെ.

ഇപ്രകാരം ഒഴുകുന്ന ഈ ജലപ്രവാഹം നമ്മൾക്ക് കാണാമെങ്കിൽ; ഇതിനെ , 'ഒഴുക്ക് ' എന്നുതന്നെ പറയാം.

ലളിതമായി പറഞ്ഞാൽ, ചൂടു കൂടുതലുള്ള ജലത്തിൽനിന്നും ചൂട് കുറഞ്ഞ ജലത്തിലേയ്ക്ക് ചൂട് ഒഴുകുകയാണെങ്കിൽ; ഈ ഊർജ്ജപ്രവാഹത്തെ കൺവെക്ഷൻ എന്നോ, സംവഹനം എന്നോ ആണ് പറയുക.

എന്നാൽ, പ്രഭാവം കൂടിയവരിൽനിന്നും കുറഞ്ഞവരിലേയ്ക്കുള്ള ഈ ഒഴുക്ക് നമ്മൾക്ക് കാണാനാകില്ല.
അതായത്, ആ ഊർജ്ജം പ്രസരിക്കുകയാണ് ചെയ്യുന്നത്.
ഇതിനെ മനസ്സിലാക്കാനായി ശാസ്ത്രഭാഷയിലെ, 'റേഡിയേഷൻ' എന്ന വാക്ക് ഏതാണ്ടൊരർത്ഥത്തിൽ ഉപയോഗിക്കാം.

ഒരു ഗുരുവിൻ്റെ ചിത്രത്തിൽ, അദ്ദേഹത്തിൻ്റെ തലയ്ക്ക് ചുറ്റും വരയ്ക്കുന്ന പ്രഭാവലയം, അദ്ദേഹത്തിലെ ശക്തമായ വൈദ്യുത കാന്തികമണ്ഡലത്തെ സൂചിപ്പിക്കുന്നു.

അദ്ദേഹം ഒരാളെ അനുഗ്രഹിക്കുമ്പോൾ, ആ ഉയർന്ന ഊർജ്ജത്തിൽനിന്നും; ആവശ്യമായത്, അനുഗ്രഹം സ്വീകരിക്കുന്നവനിലേയ്ക്ക് ഒഴുകുന്നു. അഥവാ, റേഡിയേറ്റ് ചെയ്യുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ആവാത്തവർക്കായി, ജ്ഞാനദൃഷ്ടിയിൽ ഈ ഊർജ്ജപ്രവാഹം കണ്ടവർ വരച്ച ചിത്രമാണ്, ഗുരുവിൻ്റെ / സന്ന്യാസിയുടെ / ദൈവത്തിൻ്റെ കയ്യിൽനിന്നും ഒഴുകുന്ന 'ദിവ്യവെളിച്ചം' എന്നത്.

നമ്മൾ പൊതുവേ, ഈ 'റേഡിയേഷൻ' എന്ന വാക്ക് രണ്ട് കാര്യങ്ങൾക്കാണ് ഉപയോഗിക്കാറ്.

ഒന്ന്, 'മൊബൈലിൽനിന്നും
മൊബൈൽ ടവറിൽനിന്നും റേഡിയേഷൻ ഉണ്ട്' എന്ന് പറയാൻ.
'ഈ റേഡിയേഷൻമൂലം ക്യാൻസർ ഉണ്ടാവാം' എന്നും പറയാറുണ്ട്.
മോശമായ ഈ വൈദ്യുതകാന്തിക പ്രസരണംകൊണ്ട് തേനീച്ചകൾ കൂടൊഴിഞ്ഞുപോകുന്നു എന്നും ശാസ്ത്രീയപഠനങ്ങൾ ഉണ്ട്.
ദേശാടനപ്പക്ഷികൾക്ക് റേഡിയേഷൻമൂലം ദിശാബോധം നഷ്ടപ്പെടുന്നു എന്നും പഠനങ്ങളിൽ പറയുന്നു.
ഇത്രയുമാണ് പൊതുവേ നമ്മുടെ, നിത്യം കേൾക്കുന്ന റേഡിയേഷനുകൾ.

ഇനി, ഒരിടത്ത് ആണവനിലയം വരാൻ തീരുമാനമായാൽ ;
'അണുപ്രസരണം കാരണം രോഗങ്ങൾ വരും' എന്ന് പറഞ്ഞ് സമരങ്ങൾ ആരംഭിക്കും.
'റേഡിയേഷൻമൂലം ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതു നോക്കൂ' തുടങ്ങിയ പ്രസ്താവനകളിലൂടെ, ഇത്തരമൊരു റേഡിയേഷനേപ്പറ്റിയും നമുക്കറിയാം.

ഇതെല്ലാം മോശം റേഡിയേഷനുകൾ ആണ്. അതായത് ലോകത്തിന് അപകടകരമായവ.

വെളിച്ചമുണ്ടെങ്കിൽ ഇരുട്ടും 
കറുപ്പുണ്ടെങ്കിൽ വെളുപ്പും ഉണ്ട് എന്നതുപോലെ, മോശം റേഡിയേഷനുണ്ടെങ്കിൽ നല്ലതും ഉണ്ടായേ തീരൂ.

മോശം പ്രസരണത്താൽ തേനീച്ചകൾ ചിതറിയെങ്കിൽ, ഒരു നല്ല ഊർജ്ജപ്രസരണം, അപ്പോൾ, ചിതറിപ്പോയ തേനീച്ചകളെ തിരികെയെത്തിക്കുന്നതായിരിക്കും എന്നർത്ഥം.

സർവ്വജീവജാലങ്ങൾക്കും ഈ നല്ല പ്രസരണം കൃത്യമായ ദിശാബോധം നൽകും.

ഈ, പോസിറ്റീവായ ഊർജ്ജപ്രസരണം തേടി,
ദിശാബോധം തേടി,
നമുക്കും ഈ മഹാകുംഭമേളയിൽ പങ്കെടുക്കാൻ യാത്രയാവാം...

കൂടിയ ഊർജ്ജത്തിൻ്റെ മഹാപ്രവാഹമേറ്റുവാങ്ങാൻ...

എന്നിലെ ഊർജ്ജത്തെ, കുറവുള്ളിടങ്ങളിലേയ്ക്ക് ഒഴുക്കിനൽകാൻ.

എല്ലാ തരത്തിലുമുള്ള ഊർജ്ജങ്ങളെ ഏറ്റവും ഫലപ്രദമായി സ്വീകരിക്കുന്ന മീഡിയം ജലമാണ്.

ഗംഗയും യമുനയും ഗുപ്തസരസ്വതിയും
ഹിമാലയമടക്കമുള്ള ഇടങ്ങളിലെ അമൂല്യമായ ഒരുപാട് രഹസ്യ ഇടങ്ങൾ കടന്നാണ് വരുന്നത്.

ഒഴുകുമ്പോൾ തൊട്ട ഓരോ കല്ലും പാറയും തൊട്ടുതലോടിയ പുൽക്കൊടിത്തുമ്പുകളും
വേരും ചെരിവും 
'ഇത് എന്നെത്തഴുകിയ നിനക്കിരിക്കട്ടെ ' എന്നു പറഞ്ഞ്, അവരിലെ വിലപിടിച്ച പലതും നദികൾക്ക് സമ്മാനമേകിയിട്ടുണ്ട്.

'അമ്മേ' എന്നും 'ദേവീ' എന്നും വിളിക്കുന്നവർക്കും
'ഇത് വെറും പുഴയല്ലേ!' എന്ന് മുഖം കോട്ടുന്ന നിഷേധികൾക്കും ഭേദമില്ലാതെ നൽകാനായി,
നദികൾ, ആ അമൂല്യസമ്മാനങ്ങളുമായി, നൃത്തം ചെയ്തു വരുന്നിടത്ത് ഒന്ന് ഇറങ്ങാൻ...
ഒന്ന്, ആ അമ്മമാരെ വാരിപ്പുണരാൻ...
എനിയ്ക്കുള്ളതെല്ലാം അമ്മയ്ക്കു നൽകാൻ...
അമ്മ എനിയ്ക്കായി കരുതിവെച്ചതെല്ലാം
ഏറ്റുവാങ്ങാൻ...
ഞാനും കാത്തിരിക്കുന്നു.

ദേശാടനക്കിളികൾക്ക് കുറ്റമറ്റ ദിശാബോധം നൽകുന്ന ഊർജ്ജത്തിലേയ്ക്കാണ് ഈ യാത്ര.
വേണമെങ്കിൽ സബ്കോൺഷ്യസ് നാവിഗേഷൻ സിസ്റ്റം എന്ന്, ആധുനികമായിത്തന്നെ വിളിക്കാം.
ഗൂഗിൾ നാവിഗേഷൻ വരുന്നതിനും മുമ്പ്, ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങൾ കൃത്യമായി ഗണിച്ച്, ഒട്ടും പിഴയ്ക്കാതെ, 12 വർഷത്തിലൊരിയ്ക്കൽ കുംഭമേളയ്ക്ക് ഒത്തുകൂടിയിരുന്ന സന്ന്യാസികളുടെ പാതയെ ആദരവോടെ പിൻതുടർന്നാണ് പോകുന്നത് . 
ഇത് പറയാൻ അഭിമാനമേ ഉള്ളൂ.

സയൻ്റിഫിക്കാണ് കാര്യങ്ങൾ.

ഇലക്ട്രോ ഫെറോ മാഗ്നറ്റിക് ഫ്ലൂയിഡിൽ ആധുനിക ശാസ്ത്രം 1960 കളിൽ തുടങ്ങിയ ഗവേഷണം 2020 -കളിൽ എത്തിയപ്പോൾ ഒരറ്റം തൊട്ടിട്ടേ ഉള്ളൂ.
നൂറ്റാണ്ടുകൾക്ക് മുമ്പേ ആ വിഷയത്തിൽ നൃത്തം ചെയ്തവരാണ് ഭാരതീയ ജ്ഞാനികൾ.

ശാസ്ത്രം പറഞ്ഞാൽമാത്രം മനസ്സിലാവുന്ന ചിലർക്കുവേണ്ടി ഭാഷ ഒന്ന് മാറ്റിപ്പിടിച്ചു എന്നു മാത്രം.




ആരാണ് ബ്രാഹ്മണൻ❓

ആരാണ് ബ്രാഹ്മണൻ❓

ഹിന്ദു അടിസ്ഥാനഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം.. 

ആദ്യമേ ഒരു കാര്യം പറയട്ടെ.. ബ്രാഹ്മണൻ എന്നത് ഒരു ജാതിയാണ് എന്ന നടപ്പു ചിന്താഗതി മനസ്സിൽ നിന്ന് മാറ്റിവെച്ചിട്ടു മാത്രം ഇത് വായിക്കുക. 

വളരുക, വികസിക്കുക എന്നൊക്കെ അർഥം വരുന്ന "ബ്രഹ്" എന്ന സംസ്കൃത വാക്കിൽ നിന്ന് ബ്രാഹ്മണ എന്ന വാക്ക് ഉണ്ടായി.

ധനുർവേദത്തിൽ വസിഷ്ഠ സംഹിത 1: 6 ഇൽ 'അയോധന കല പഠിക്കാൻ വരുന്ന ഒരാൾ ബ്രാഹ്മണൻ ആണോ എന്ന് ഗുരു ശ്രദ്ധിക്കണം' എന്ന് പറയുന്നു.. നിശിതമായ നിരീക്ഷണങ്ങൾക്ക് ശേഷം വേണം ഒരു ഗുരു തന്റെ ബ്രാഹ്മണനായ ശിഷ്യന് അമ്പും വില്ലും ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുക്കേണ്ടത്..

ഒരു ബ്രാഹ്മണൻ എന്നത്; "അത്യാഗ്രഹം, കുടിലത, നന്ദിയില്ലായ്മ, വിഡ്ഢിത്തം എന്നിവയില്ലാത്തവൻ ആണ്".. അയോധന കല ക്ഷത്രിയധർമം ആണ്.. അത് പഠിക്കാൻ വരുന്നവനെ ബ്രാഹ്മണൻ ആണോ എന്ന് പരീക്ഷിച്ചു മനസ്സിലാക്കിയ ശേഷമേ പരിശീലിപ്പിക്കാവൂ എന്ന് ഇവിടെ പറയുന്നു.. എന്താണ് ഇതിന്റെ അർത്ഥം... 

അർത്ഥം ഇത്രയേ ഉള്ളു. ബ്രാഹ്മണൻ എന്നത് അതിന്റെ ഒർജിനൽ അർത്ഥത്തിൽ, തെളിഞ്ഞ സാത്വികഗുണങ്ങൾ ഉള്ള ഒരു വ്യക്തി ആണോ അവൻ എന്നത് മാത്രം നോക്കാൻ ആണ് പറയുന്നത്.. താമസ ഗുണങ്ങൾ ആയ അത്യാഗ്രഹം, കുടിലത തുടങ്ങിയവ ഒന്നുമില്ലാത്ത ഒരു ബുദ്ധിമാൻ മാത്രമാണ് ബ്രാഹ്മണൻ എന്ന് ഇവിടെ വേദം പറയുന്നു.

പ്രമുഖ ബ്രാഹ്മണ വാദിയായി അവതരിപ്പിക്കപ്പെടുന്ന ശ്രീ ശങ്കരാചാര്യർ തന്നെ എഴുതിയ വജ്രസൂചി ഉപനിഷത്തിൽ അദ്ദേഹം ആദ്യം അദ്ദേഹം പറയുന്നു "ബ്രാഹ്മണൻ എല്ലാത്തിന്റെയും നേതാവ് അഥവാ തലവൻ ആണ്" എന്ന്.. ശേഷം ഒരു ചോദ്യം ചോദിക്കുന്നു.. "കേ വോ ബ്രാഹ്മണ നാമ.." അപ്പൊ ആരാണ് ഈ പറയുന്ന ബ്രാഹ്മണൻ എന്ന്. ശേഷം ചോദ്യങ്ങൾ തുടരുന്നു.. "അവൻ അവന്റെ ജീവത്മാവ് ആണോ. അതോ ശരീരം ആണോ.. അവൻ ജന്മം കൊണ്ടുള്ള ഒരു വർണം ആണോ അറിവിന്റെ ഉറവിടം ആണോ യജ്ഞാധികാരി ആണോ."

ഇതിന്റെയെല്ലാം ഉത്തരമായി അദ്ദേഹം തന്നെ പറയുന്നു, "ആത്മാവ് എല്ലാവരിലും ഉള്ളതുകൊണ്ടു അതല്ല ബ്രാഹ്മണൻ.. ശരീരവും അതുകൊണ്ടുതന്നെ അല്ല.. മഹാബ്രാഹ്മണർ ആയ വാല്മീകി, ജമ്പുക, കൗഷിക, ഋഷ്യശൃംഗൻ, വ്യാസ, ഗൗതമാ, വസിഷ്ഠ, അഗസ്ത്യ തുടങ്ങിയ അനേകം മഹാഋഷിമാർ മറ്റു വർണങ്ങളിൽ ജനിച്ചവർ ആയതുകൊണ്ടുതന്നെ ബ്രാഹ്മണ്യം ഒരു വർണവും അല്ല. അനേകം ക്ഷത്രിയരും മറ്റു വർണങ്ങളിൽ ഉള്ളവരും അറിവിനെ ഘോഷിക്കുന്നത് കൊണ്ടു ബ്രാഹ്മണൻ അറിവും അല്ല.. അതുകൊണ്ട് തന്നെ യജ്ജ്ഞവും അല്ല. പിന്നെയോ. രണ്ടാമതൊന്നില്ലാത്ത ബ്രഹ്മമാണ് താനും എന്ന ബ്രഹ്മജ്ഞാനം നേടിയ ഒരാൾ ആണ് ബ്രാഹ്മണൻ" എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു. 

അതായതു ബ്രഹ്മത്തെ അറിഞ്ഞ ആരും ബ്രാഹ്മണൻ ആണ് എന്ന് സാരം. അത് ചണ്ഡാളനോ കുശവനോ പറയനോ പുലയനോ ഒക്കെ ആവാം. അതും കഴിഞ്ഞു അദ്ദേഹം തന്നെ ബ്രാഹ്മണന്റെ ലക്ഷണങ്ങൾ പറയുന്നു.. "ബ്രാഹ്മണൻ എന്നാൽ വികാരങ്ങൾ, ദേഷ്യം, അത്യാഗ്രഹം, പ്രതീക്ഷകൾ, ആഗ്രഹം, കാല്പനികതകൾ, അഹങ്കാരം, സ്വതബോധം, ഇഷ്ടങ്ങൾ എന്നിവയെ ഒക്കെ ജയിച്ചവൻ ആണ്.. അവനാണ് ബ്രാഹ്മണൻ.."

ഛാന്ദ്യോപനിഷത്തിൽ 4:4 ഇൽ പറയുന്ന ഗൗതമ - ജബാലി കഥയിലും ഇതേ ആശയം നമുക്ക് കിട്ടും.. വിദ്യ പഠിക്കണം എന്ന ആവശ്യവുമായി തന്റെ അടുക്കൽ വന്ന 7 വയസുകാരൻ സത്യകാമനോട് ഒരു പരിചയപെടലിന്റെ ഭാഗമായി "കിം ഗോത്രം" എന്നൊരു ചോദ്യം ഗൗതമ മഹർഷി ചോദിക്കുന്നു.. ഗോത്രം ചോദിക്കുന്നത് പിതാവിനെ അറിയാൻ ആണ്.. അതിനുത്തരം അറിയാതിരുന്ന കുട്ടി തന്റെ അമ്മയുടെ അടുക്കൽ പൊയി തന്റെ ഗോത്രം ഏതാണ് എന്ന് ചോദിക്കുന്നു.. അവൾ പറഞ്ഞു.. മകനേ.. ഞാൻ അനേകം വീടുകളിൽ ദാസ്യവൃത്തി നടത്തിയാണ് നാം ജീവിക്കുന്നത്.. ഇതിനിടെ അനേകം ആൾക്കാരുമായി ബന്ധപെട്ടു.. അതിൽ ആരോ ആണ് നിന്റെ അച്ചൻ.. അതുകൊണ്ട് ജാബാലി എന്ന എന്റെ പേരും സത്യകാമനെന്ന നിന്റെ പേരും കൂട്ടി നമ്മുടെ ഗോത്രം 'സത്യകാമജാബാലി ' എന്നാണ് എന്ന് അവിടെ പോയി പറയുക എന്ന് പറഞ്ഞു... നിഷ്കളങ്കനായ കുട്ടി ഇതേകാര്യം പിറ്റേന്ന് മഹർഷിയോട് വിശദമായി പറയുന്നു.. അതിന് അദ്ദേഹം പറഞ്ഞ ഉത്തരമാണ് ഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതും വിമർശകരുടെ വായ അടപ്പിക്കേണ്ടതും.. അതിപ്രകാരം ആയിരുന്നു.. "ഒരു അബ്രാഹ്മണനും ഇങ്ങനെ സംസാരിക്കാൻ സാധിക്കില്ല സത്യകാമാ.. നീ ബ്രാഹ്മണൻ തന്നെ ആണ്.. പോയി ദർഭ കൊണ്ടുവരൂ.. ഞാൻ നിന്റെ ഉപനയനം യാജ്ഞായോപവീതം (ദർഭപുല്ലു കൊണ്ടുള്ള പൂണൂൽ) ഇട്ടു കൊണ്ടു തുടങ്ങട്ടെ.. നീ സത്യത്തിൽ നിന്നു വ്യതിചലിക്കാത്തവൻ ആയത്കൊണ്ടാണത്" ..

ചണ്ഡാളൻ ആയിരുന്ന വാല്മീകി മഹാബ്രാഹ്മണൻ ആയ മഹർഷി ആയില്ലേ.. ക്ഷത്രിയ രാജാവായ വസുവിന്റെ മകൾ ശൂദ്ര ആയ സത്യവതിയും അവളുടെ മകൻ മഹാ ബ്രാഹ്മണൻ ആയ വേദവ്യാസനും ആയില്ലേ.. ബ്രഹ്മം തന്നെയായ ശിവൻ ചണ്ഡാളൻ ആണെന്നല്ലേ ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത് . ശിവനും രാമനും കൃഷ്ണനും കറുത്തവർ അല്ലെ. അവരെ ദൈവമായി ആരാധിക്കാത്തവൻ ഹിന്ദു ആണോ..

വേദങ്ങളിലും ഉപനിഷത്തുകളിലും ഉപവേദങ്ങളിലും സംഹിതകളിലും ഉള്ള വിശദീകരണങ്ങളെക്കാൾ ആധികാരികത ഹിന്ദുയിസത്തിൽ മറ്റൊന്നിനുമില്ല. അവയാണ് മേലെ എടുത്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു കൊടുക്കാൻ സാധിക്കും. ഹിന്ദു അറിവിനെ ദൈവമായി കണ്ടു ആരാധിക്കുന്നവൻ ആണ്. അറിവാണ് ഹിന്ദുവിന്റെ ദൈവം.

സനാതനത്തിൽ വിമർശകർ ആരോപിക്കുന്ന ജാതീയതയും ബ്രഹ്മണ്യമേൽക്കോയ്മയും ഒരു കുതന്ത്രം മാത്രമാണ്.. ഹിന്ദുക്കളേ ജാതി പറഞ്ഞു വിഘടിപ്പിച്ചു ഇല്ലാതാക്കാൻ വേണ്ടി മാത്രം ഉള്ളത്. സെമറ്റിക് - കമ്യുണിസ്റ്റ് കൂട്ടുകെട്ടിന്റെ ഉത്പന്നമാണത്.. അതിനേ തിരിച്ചറിയുക. ഇന്നത്തെ ഇന്ത്യയിൽ ജാതിഭേദം ഇല്ലാ എന്നോ ഉച്ചനീച്ചത്വം ഇല്ലാ എന്നോ അല്ല ഞാൻ പറയുന്നത്.. മറിച്ച് അതിന്റെ ഉത്തരവാദിത്വം സനാതന ധർമത്തിന് അല്ലാ എന്ന് മാത്രമാണ് .

ഇന്നു ജാതീയതാ എന്താണോ അതിന്റെ ഉത്തരവാദി ഹിന്ദുക്കളും അതിലേക്ക് അവരെ തള്ളിയിട്ട ബ്രിട്ടീഷ് ഭരണവും തന്നെയാണ്. ഇന്നത്തെ ജാതിബ്രഹ്മണ്യം എതിർക്കപ്പെടേണ്ടത് തന്നെയാണ്.. അവരാണ് സത്യത്തിൽ ഹിന്ദുക്കളുടെ ജാതീയത തുടങ്ങി വെച്ചത്.. പിന്നീട് അത് മറ്റു ജാതിക്കാരും കൊണ്ടാടാൻ തുടങ്ങി എന്ന് മാത്രം. പക്ഷെ സനാതന സംസ്കാരം ഇന്നു നമ്മുടെ കൈകളിൽ ലഭ്യമായതിന്റെ നേട്ടവും അതേ പോലെ അവർക്ക് അവകാശപ്പെട്ടത് തന്നെയാണ്.

കല്പവാസവും കുംഭമേളയും

കല്പവാസവും കുംഭമേളയും

സന്ന്യാസത്തിന് പല പല ഭാവങ്ങളുണ്ട്.
💗✥━═══🪷═══━✥💗
കുടികളിൽ താമസിക്കുന്ന സന്ന്യാസിമാരെ കുടീചകൻമാർ എന്ന് പറയും.

സ്ഥിരമായൊരിടത്തും നിൽക്കാതെ, കറങ്ങി നടക്കുന്നവരെ ബഹൂതകൻമാർ എന്നാണ് പറയുക.

ജ്ഞാനികളെ ഹംസർ എന്ന് വിശേഷിപ്പിക്കുന്നു.

പരമമായ സത്യമറിഞ്ഞവരെ പരമഹംസർ എന്ന് പറയുന്നു.

ആ പരമസത്യത്തിനുമപ്പുറം കടന്നുപോയവർക്ക് തുരീയാതീതൻമാർ എന്നാണ് വിശേഷണം.

എല്ലാ നിയമങ്ങൾക്കും അറിവുകൾക്കും അപ്പുറത്തുള്ളവരാണ് അവധൂതൻമാർ.

ഇപ്രകാരമുള്ള എല്ലാ സന്ന്യാസഭാവങ്ങളും കുംഭമേളയിൽ എത്തുന്നു എന്നതാണ് ഈ ഉത്സവത്തിൻ്റെ ഏറ്റവും വലിയ വിശേഷം.

ആധുനിക കാലഗണനാ സമ്പ്രദായം ഇല്ലാത്ത കാലത്തും, ഗതാഗത സൗകര്യങ്ങളോ പൊതുവഴികളോ ഇല്ലാതിരുന്ന കാലത്തും, മൊബൈലും വാച്ചുമൊന്നും ഇല്ലാതിരുന്ന കാലത്തും, കൃത്യമായി കാലം ഗണിച്ച്, കാടും മേടുമിറങ്ങി, ഭാരതത്തിലെ സമസ്ത സന്ന്യാസികളും കുംഭമേളകളിൽ എത്തി സ്നാനം ചെയ്ത് മടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ജ്യോതിശാസ്ത്രം അത്രയ്ക്ക് ഹൃദിസ്ഥമാണ് ഈ ജനതയ്ക്ക് എന്നതിൻ്റെ തെളിവുകൂടിയാണ് ഇത്.

ഭാരതഖണ്ഡത്തിലെ ഓരോ ഇടത്തും കഴിഞ്ഞ കൊല്ലങ്ങളിൽ എന്ത് നടന്നു എന്ന വിവരം സന്ന്യാസിവര്യൻമാരും ഗുരുക്കളും പരസ്പരം പങ്കുവെച്ചിരുന്നത് ഒരുപക്ഷേ ഈ കുംഭമേളകളിലൂടെ ആയിരുന്നിരിക്കാം.

കഴിഞ്ഞകാല യാത്രകളിൽ, മനസ്സിൽ ഉറവാർന്ന സംശയങ്ങൾക്ക് ഉത്തരം വാങ്ങാൻ, ഗുരുക്കൻമാരെ അന്വേഷിച്ച് സന്ന്യാസവഴിയിലെ ശിഷ്യർ വരുന്നതും, പന്ത്രണ്ട് വർഷത്തിലൊരിയ്ക്കലുള്ള കംഭമേളകളിലായിരുന്നിരിക്കാം.

ആശ്രമത്തിൽനിന്നും യാത്രയായ ഒരു ശിഷ്യൻ സ്വന്തം ഗുരുവിനെ വീണ്ടും കാണുന്നതും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.

ഒരുപക്ഷേ പലരുടെയും സമാധിവിവരം അറിയുന്നതു പോലും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.

എന്തായാലും ഈ രാജ്യത്ത് ധർമ്മം പുലർന്നുപോകാൻ, ഇനിയുള്ള പന്ത്രണ്ട് വർഷക്കാലം എന്തൊക്കെ.... ഏതേതിടങ്ങളിൽ ചെയ്യേണ്ടതുണ്ട് എന്ന തീരുമാനം ഒരു സമൂഹം എടുത്തിരുന്നത് ഈ കുംഭമേളകളിൽ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഇത്തവണത്തെ കുംഭമേള നടക്കുന്നത് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ്.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് പ്രയാഗ് രാജ് കുംഭമേള.

കുംഭമേള ഇല്ലാത്ത വർഷങ്ങളിലും എല്ലാ ജനുവരി - ഫെബ്രുവരി മാസങ്ങളിലുമായി, പ്രയാഗിൽ, 'കല്പവാസം' എന്ന ഒരു അനുഷ്ഠാനം നടക്കുന്നുണ്ട്.

കുംഭമേള സന്ന്യാസികൾക്കുള്ളതാണെങ്കിൽ, കല്പവാസം എന്നത് ഗൃഹസ്ഥർക്കുള്ളതാണ്.

ഉത്തരേന്ത്യയിലെ ഗൃഹസ്ഥർ, പൗഷമാസത്തിലെ പൗർണ്ണമിതൊട്ട് മാഘമാസത്തിലെ പൗർണ്ണമിവരെ, ഗംഗാതീരത്ത്, പ്രാർത്ഥനകളും ജപവും പൂജകളുമായി കഴിയും. ഇതിന്, "കല്പവാസം ചെയ്യുക" എന്നാണ് പറയുക.

കുടുംബത്തിൽനിന്നും ജോലികളിൽനിന്നുമെല്ലാം വിട്ട്, മനസ്സും ശരീരവും പൂർണ്ണമായി, ആത്മീയപാതയിൽ ഉറപ്പിച്ചുള്ള കുറച്ചു നാളുകൾ.

ഗംഗാതീരത്ത് താമസിച്ച്, പുലർച്ചെ എഴുന്നേറ്റ് ഗംഗാമാതാവിനെ വണങ്ങി, ഗംഗാസ്നാനം നടത്തി ഇവർ പ്രാർത്ഥനകളിലേയ്ക്കും ജപത്തിലേയ്ക്കും പ്രവേശിക്കുന്നു.

ഗംഗാജലമാണ് കുടിക്കുക.
ഒരു നേരം മാത്രമേ ഇവർ ആഹാരം കഴിയ്ക്കൂ. ദിവസം മുഴുവൻ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടും സത്സംഗങ്ങളിൽ പങ്കെടുത്തും ഒരു മാസം ഗംഗാതീരത്ത് കഴിയും ഇവർ.

ഇങ്ങനെ, കല്പവാസം ചെയ്യാനെത്തുന്നവർക്കായി എല്ലാ വർഷവും ഗംഗാതീരത്ത് പ്രയാഗ് രാജിൽ താത്ക്കാലിക ഷെഡ്ഡുകൾ ഉയരും. അഞ്ച് ലക്ഷത്തിലധികം ആൾക്കാരാണ് എല്ലാ വർഷവും കല്പവാസം അനുഷ്ഠിക്കാൻ എത്തുന്നത്.

കല്പവാസം എന്ന പേരിൻ്റെ കാരണം നോക്കാം.

ബ്രഹ്മാവിൻ്റെ ഒരു ദിവസമാണ് ഒരു കല്പം എന്നത്. 1008 യുഗങ്ങൾക്ക് തുല്യം. അതായത്, മനുഷ്യൻ്റെ 432 കോടി വർഷത്തിന് തുല്യമാണ് ഒരു കല്പം.
ഒരു കല്പകാലം തപസ്സു ചെയ്താലുള്ള ഫലം ഈ ഒരൊറ്റ മാസത്തെ ജപംകൊണ്ടും ആത്മീയയാത്രകൊണ്ടും ലഭിക്കും എന്നാണ് വിശ്വാസം. ഒരു കല്പത്തിലെ തപസ്സിൻ്റെ ഫലം തരുന്നതിനാൽ ഇത് കല്പവാസം എന്നറിയപ്പെടുന്നു.

എല്ലാ വർഷവും ഈ കല്പവാസത്തിനെത്തുന്ന ലക്ഷങ്ങൾക്കായി ഒരുക്കങ്ങൾ എന്തായാലും വേണ്ടതുണ്ട്.
അതിൻ്റെ വളരെ വലിയൊരു ഒരുക്കമാണ്, പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയ്ക്കുള്ളത്.

പുണ്യതീർത്ഥം പുണ്യനഗരി ത്രിവേണീസംഗമം ചിരപുരാതനം അമൃതസമാനം...
പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളാണ് ഈ ഭൂമിയ്ക്കുള്ളത്.


ഭോഗർ മഹർഷി

ഭോഗർ മഹർഷി

പഴനിയിലെ നവപാഷാണ വിഗ്രഹം..

 പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിൽ ഇന്ന് നാം കാണുന്ന ഭഗവാന്റെ നവപാഷാണ വിഗ്രഹം പ്രതിഷ്ഠിച്ചത് ഭോഗരാണ്. ദക്ഷിണ ദേശത്തെ 18 സിദ്ധന്മാരിൽ ഒരാളായ ഭോഗർ ജ്യോതിഷത്തിലും സിദ്ധവൈദ്യത്തിലും ആചാര്യനായിരുന്നു. ഒരു ചികിത്സാ സമ്പ്രദായമായ സിദ്ധവൈദ്യത്തിൽ യോഗവിദ്യയും, നിഗൂഢ മന്ത്രസിദ്ധികളും അടങ്ങിയിരിക്കുന്നു. 

നവ പാഷാണങ്ങൾ

നവ പാഷാണങ്ങൾ എന്നത് 9 കൊടും വിഷമുള്ള ഔഷധ വസ്തുക്കളാണ്. ആകെയുള്ള 64 പാഷാണങ്ങളിൽ 9 എണ്ണം തിരഞ്ഞെടുത്ത് അവയാൽ നിർമ്മിക്കുന്നതാണ് നവപാഷാണ വിഗ്രഹം. നവപാഷാണത്തിനുവേണ്ടി മൂലികാ ഔഷധങ്ങൾ തിരഞ്ഞെടുത്ത് 473 തരം മൂലികാച്ചാറ് ചേർത്ത് വേണം നവപാഷാണ വിഗ്രഹം നിർമ്മിക്കാൻ. ഇതിനെ മാത്ര (അളവ് ) യോടും ചിട്ടയോടും കൂടി ഉപയോഗിച്ചാൽ അത് മികച്ച ഔഷധമാകുന്നു.
അതുകൊണ്ടാണ് പുരാതനകാലത്ത് സിദ്ധന്മാർ നവപാഷാണം കൊണ്ട് ദൈവവിഗ്രഹം ഉണ്ടാക്കി അഭിഷേകവും, ആരാധനയും ചെയ്തിരുന്നത്. അഭിഷേകം ചെയ്യുന്ന വേളയിൽ നവപാഷാണ സ്പർശനമേൽക്കുമ്പോൾ അഭിഷേകം ചെയ്ത പ്രസാദത്തിന് ഔഷധഗുണമേറുന്നു.

ഈ ഒമ്പത് പാഷാണങ്ങൾ ക്കുമുള്ള ഔഷധഗുണങ്ങൾ ഓരോന്നാണ്. 
1. ലിംഗ പാഷാണം (ഹൃദയത്തിന് ബലവും ശക്തിയും നൽകുന്നു)

2. കുതിര പാഷാണം (തളർന്ന ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു) 

3. കാർമുകിൽ പാഷാണം (തലച്ചോറിലെ നീര് എടുക്കുന്നു) 

4. രസസിന്ദൂരം (ചർമ്മ സംബന്ധിയായ വ്യാധികളെ അകറ്റുന്നു) 

5. വെള്ളപാഷാണം (ധാതുക്കളുടെ കുറവിനെ പരിഹരിക്കുന്നു) 

6. രക്തപാഷാണം (നേത്രത്തിന്റെ ന്യൂനതകളെ പരിഹരിക്കുന്നു) 

7. കമ്പിനവരസം (ശരീരത്തിൽ അടിഞ്ഞിരിക്കുന്ന ദുഷിച്ച നീരിനെ പുറത്തേക്ക് കളയുന്നു) 

8. ഗൗരീപാഷാണം (പൊതുവായ ഔഷധഗുണങ്ങൾ അടങ്ങിയത് ) 

9. സീതാപാഷാണം (എല്ലാ പാഷാണങ്ങളെയും പ്രവർത്തിപ്പിക്കുന്നു) 

എന്നിവയാണ് നവപാഷാണം എന്ന പേരിലറിയപ്പെടുന്നത്. ഏറ്റവും പഴക്കം ചെന്ന ലോകത്തെ ഏക നവപാഷാണ ശില പഴനി മുരുകന്റേതു മാത്രമാണ്. മാത്രമല്ല ഈ ശിലയിൽ നിന്നും താപരശ്മികൾ പുറത്തേക്ക് ഗമിക്കുന്ന തിനാൽ ക്ഷേത്ര നട അടയ്ക്കുന്നതിനു മുമ്പായി നിത്യവും ഈ ശില ചന്ദനം കൊണ്ട് മൂടി വയ്ക്കുന്നു.

ആദിഗുരുവായ ശീ ദക്ഷിണാമൂർത്തിയിൽ നിന്നും സമാരംഭിച് പല കൈവഴികളായി പിരിയുന്ന അനേകം ഗുരു പരമ്പരകളാൽ സമ്പന്നമാണ് ഭാരതം. അവയിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പതിനെട്ടു സിദ്ധന്മാരുടെ സിദ്ധ പരമ്പര. അടിസ്ഥാനപരമായി ശൈവസിദ്ധാന്തികളാണ് ഈ സിദ്ധൻമാർ. 

1. നന്ദീശ്വരർ
2. തിരുമൂലർ
3. അഗസ്ത്യൻ
4. കമലമുനി
5. പതഞ്ജലി
6. കോരക്കാർ
7. സുന്ദരാനന്ദർ
8. കൊങ്ങണർ
9. ചട്ടൈ മുനി
10. വാത്മീകി
11. രാമദേവർ
12. ധന്വന്തരി
13. ഇടൈക്കാടർ
14. മച്ച മുനി
15. കരുവൂരാർ
16. ബോഗർ
17. പാമ്പാട്ടി സിദ്ധർ
18. കുതംപൈചിത്തർ

എന്നിവരാണ് പതിനെട്ടു സിദ്ധന്മാർ. 
ഭാരതമൊട്ടുക്ക് സിദ്ധ പരമ്പരയുണ്ടെങ്കിലും പ്രധാനമായും തമിഴകമായിരുന്നു ഇവരുടെ പ്രവർത്തന കേന്ദ്രം. തമിഴ് ഭാഷയുടെ പുനരുജ്‌ജീവനത്തിനു കാരണക്കാരനായ അഗസ്ത്യ മുനിയുടെ നേതൃത്വത്തിൽ സിദ്ധൻമാർ ഗ്രന്ഥങ്ങൾ വഴിയും വൈദ്യം, ജ്യോതിഷം, യോഗം, ക്രിയ, ചര്യ, ജ്ഞാനം തുടങ്ങി അനേകം വിഷയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഈ സിദ്ധന്മാരിൽ പ്രധാനിയായ ഒരു മഹാ സിദ്ധനാണ് ഭോഗർ മഹർഷി. ബോഗർ, പോകർ, ഭോഗ നാഥർ, ബോയ് - യാങ് തുടങ്ങി പല പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 
കായ കല്പ ചികിത്സ, സിദ്ധവൈദ്യം, ക്രിയാ കുണ്ഡലിനി, പ്രാണായാമം മുതലായ രഹസ്യ സിദ്ധ വിദ്യകളിൽ അതിനിപുണനായിരുന്നു. തമിഴ് സിദ്ധ പാരമ്പര്യത്തിൽ ഇദ്ദേഹത്തെ വളരെ പ്രാധ്യാന്യത്തോട് ഗണിക്കുന്നു. അഗസ്ത്യ മുനിയുടെ ശിഷ്യനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഭോഗർ മഹർഷിയെ കുറിച്ച് ചരിത്ര പരമായ വിവരങ്ങൾ കുറവാണ്. 
തമിഴ് നാട്ടിലെ ഒരു വിശ്വകർമ്മ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചതെന്നും കാശിയിലെ സിദ്ധനായ കാലാംഗിനാഥർ ആണ് ഇദ്ദഹത്തിന് ജ്ഞാനദീക്ഷ നൽകിയതെന്നും പറയപ്പെടുന്നു. ഭോഗർമഹർഷി രാസവാദ വിദ്യ മറ്റു സിദ്ധന്മാരിൽ നിന്നും അഭ്യസിച്ചിട്ടുണ്ട്. പരകായപ്രവേശം പോലുള്ള സിദ്ധികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭോഗർ ഏഴായിരം എന്ന ഏഴായിരം ശ്ലോകങ്ങൾ അടങ്ങുന്ന തമിഴ് കൃതി ഇദ്ദഹത്തിന്റെ ജ്ഞാനസാഗരത്തിന്റെ ഒരു ചെറിയ വിവരണമാണ് തന്റെ ശിഷ്യനായ പുലിപ്പാണിസിദ്ധർക്ക് ഉപദേശിച്ച അനേകം സിദ്ധ മരുന്നുകളെ കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നു. തമിഴ് സിദ്ധവൈദ്യ പാരമ്പര്യത്തിലെ തലതൊട്ടപ്പനായാണ് ഭോഗർമഹർഷി അറിയപ്പെടുന്നത്. പളനി മലയിൽ പ്രത്യേക ക്കൂട്ടിൽ മുരുക വിഗ്രഹം പ്രതിഷ്ഠിച്ചു. ശ്രീലങ്കയിൽ കതിർ ഗ്രാമമെന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രം പണിയുകയും അവടെ മുരുക വിഗ്രഹമല്ല പകരം മന്ത്രങ്ങൾ ആലേഖനം ചെയ്ത ഒരു തകിട് മാത്രമാണുള്ളത്. 
പളനി മുരുക ക്ഷേത്രത്തിലെ പൂജാരികൾ ഭോഗരുടെ ശിഷ്യനായ പുലിപ്പാണിയുടെ പിൻഗാമികളായാണ് പറയപ്പെടുന്നത്. സിദ്ധ മരുന്നുകൾ സംബന്ധിച്ച ഗ്രന്ഥങ്ങൾ പ്രകാരം അമരത്വം നേടുന്നതിനുള്ള പ്രത്യേക ദ്രാവക രൂപത്തിലുള്ള മരുന്ന് കണ്ടുപിടിച്ചത് ഭോഗരാണെന്നാണ്. തന്റെ ഈ മിശ്രണം ലോകമെമ്പാടുമുള്ള ശാസ്ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ഇന്നും നിഗൂഡമായൊരു സമസ്യയാണ്. നാഗരാജ ബാബാജി, സാനുജി കൊങ്കനാവർ, കരുവൂരാ, ഇടയ്കരൂർ മുതലായവർ ഭോഗനാഥരുടെ ശിഷ്യന്മാരാണ്. ഭോഗേർ സിദ്ധരുടെ ജീവിതം അത്ഭുതകരവും നിഗൂഢത നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങളുൾക്കൊള്ളുന്നതുമാണ്. ഭോഗർ തന്റെ ഉപാസനയ്ക്കായി തിരഞ്ഞെടുത്തത് പഴനി മലയായിരുന്നു. പഴനി മലയിലെ മുരുക വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പാൽ, പഞ്ചാമൃതം തുടങ്ങിയവക്ക് ഔഷധ ഗുണമുള്ളതായി പറയപ്പെടുന്നു.
ഭോഗർ മഹർഷി തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ചൈനയെ പ്രവർത്തന മണ്ഡലമാക്കി ബോ-യാങ് എന്ന നാമത്തിൽ പ്രവർത്തിച്ചിരുന്നു. ചൈനയിൽ താവോയിസത്തിന്റെ ഉപജ്ഞാതാവായ ലാവോൽസു യഥാർത്ഥത്തിൽ ഭോഗർ മഹർഷി തന്നെയാണെന്ന് സിദ്ധ പരമ്പരയിൽപെട്ടവർ വിശ്വസിക്കുന്നു. താവോ മതത്തിലെ യിങ് -യാങ് എന്ന സങ്കല്പം ശിവശക്തി സങ്കല്പത്തിന്റെ ഭേദ മായാണ് പറയപ്പെടുന്നത്. അതുപോലെ ചൈനീസ് ആൽക്കമി തമിഴ് സിദ്ധവൈദ്യത്തിന്റെ പരിപൂർണ്ണ രൂപമാണെന്നും പറയപ്പെടുന്നു. 
മനസ്സിനേയും പ്രാണനെയും നിയന്ത്രിച്ചു ജീവനെ ശിവ രൂപത്തിൽ ഐക്യം പ്രാപിക്കുക എന്നതാണ് സിദ്ധ വിദ്യയുടെ ലക്ഷ്യം. കായകൽപ്പത്തിലും ക്രിയാകുണ്ഡലിനിയിലും ആചാര്യനായിരുന്ന ഭോഗരുടെ കൃതികളിലും സന്ധ്യാ ഭാഷയുടെ സ്വാധീനം കാണാം. ആധുനിക കാലത്ത് അറിയപ്പെടുന്ന ക്രിയാബാബാജി യുടെ ഗുരുവും ഭോഗർ മഹർഷി തന്നെയെന്നു വിശ്വസിക്കപ്പെടുന്നു. ഭോഗർ സപ്ത്കാന്ധം, സമാധിദീക്ഷ എന്നിവ അദ്ദേഹത്തിന്റെ വിശേഷ പ്രാധാന്യമർഹിക്കുന്ന ഗ്രന്ഥങ്ങളാണ്. ഭോഗരുടെ ശിഷ്യ പരമ്പര ഇപ്പോഴും തുടരുന്നതായും അദ്ദേഹം സൂക്ഷ്മതലത്തിൽ തന്റെ ശിഷ്യരുമായി സംവദിക്കുന്നു വെന്നും വിശ്വസിക്കപ്പെടുന്നു 
തന്റെ സമാധിക്ക് പഴനി മല തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹം പഴനി മലയിലെ മുരുക വിഗ്രഹത്തിന് കീഴിലായി ഒരു രഹസ്യ അറ ഉണ്ടാക്കുകയും അവിടെ ഇരുന്നു സ്വരൂപ സമാധിയെ പ്രാപിച്ചു ജ്യോതി സ്വരൂപമാവുകയും ചെയ്തു. ഇപ്പോൾ പഴനി മലയിൽ ഉള്ള ഭോഗർ സമാധി മന്ദിരത്തിൽ നിന്നും മുരുക വിഗ്രഹത്തിലേക്ക് അടക്കപ്പെട്ട ഒരു ഗുഹാ മാർഗ്ഗം ഉണ്ട്. ആ മന്ദിരത്തിൽ ഭോഗർ മഹർഷി പൂജിച്ചിരുന്നതായ വേൽ, മരതക ശിവലിംഗം ഭുവനേശ്വരി വിഗ്രഹം എന്നിവയുമുണ്ട്.


സനാതന ധർമ്മത്തിൽ ജ്യോതിശാസ്ത്രത്തിൻ്റെ പ്രാധാന്യം

സനാതന ധർമ്മത്തിൽ ജ്യോതിശാസ്ത്രത്തിൻ്റെ പ്രാധാന്യം

നമ്മുടെ ആഘോഷങ്ങൾക്ക് ഒക്കെ പിറകിലുള്ള കാര്യങ്ങൾ വളരെ രസം ആണ്. കാര്യം നിസാരം ആണെങ്കിലും അതിന് പിറകിൽ ഉള്ള ചിന്താഗതി അതിശയകരമാണ്.

ഇപ്പോൾ ഏവരും ആഘോഷിക്കുന്ന പോകാൻ തയ്യാറെടുപ്പ് നടത്തുന്ന ഒരു കാര്യം ആണല്ലോ കുംഭമേള. കുംഭ മേള ആഘോഷിക്കണം എങ്കിലും അസ്ട്രോണോമി നിർബന്ധമാണ്.
ഇപ്പോൾ നടക്കുന്ന കുംഭ മേള പ്രയാഗിൽ ആണല്ലോ. ജ്യോതിശാസ്ത്രപരമായ പ്രാധാന്യം വെച്ചിട്ടാണ് പ്രയാഗ്, ഹരിധ്വാർ, നാസിക്, ഉജ്ജയിൻ ഒക്കെ തീരുമാനിച്ചിട്ടുള്ളത്. 

ഇനി കുംഭമേള പ്രയാഗിൽ ആരംഭിക്കണം എങ്കിൽ രണ്ട് കണ്ടിഷൻ ഉണ്ട്. ഒന്ന് വ്യാഴം മേടം രാശിയിൽ കയറുകയും സൂര്യനും ചന്ദ്രനും മകര രാശിയിലും. അന്ന് അമാവാസി ആയിരിക്കണം. 

രണ്ടാമത്, വ്യാഴം ഇടവം രാശിയിൽ കയറുകയും സൂര്യൻ മകര രാശിയിൽ കയറുകയും ചെയ്യണം. മകരം രാശിയിൽ കയറുക എന്ന് പറഞ്ഞാൽ മകര മാസം. ആ കുംഭമേളയാണ് ഈ കുംഭമേള.

ഇനി ഹരിദ്വാറിൽ ആഘോഷിക്കണം എങ്കിൽ വ്യാഴം കുംഭം രാശിയിൽ കയറുകയും സൂര്യൻ മേടത്തിൽ ആയിരിക്കുകയും വേണം. മേട മാസത്തിൽ ആണ് ഹരിദ്വാർ കുംഭമേള.

നാസിക്കിൽ ഗോദാവരി തീരത്ത് കുംഭമേള ആഘോഷിക്കണം എങ്കിൽ വ്യാഴം ചിങ്ങ രാശിയിൽ കയറി ഇരിക്കണം. ഇതാണ് സിംഹസ്ഥ കുംഭ് എന്ന് പറയുന്നത്.

ഇനി ഉജ്ജയിനിലെ ക്ഷിപ്ര നദിക്കരയിൽ കുംഭ മേള ആഘോഷിക്കണം എങ്കിൽ വ്യാഴം ചിങ്ങത്തിലും സൂര്യൻ മേടത്തിലും ആയിരിക്കണം.

അങ്ങനെ എന്നാ പിന്നെ ഇവിടെ കൂടാം എന്ന് പറഞ്ഞു കുംഭമേള നടക്കുന്ന സ്ഥലം തീരുമാനിക്കുക അല്ലാ ചെയ്യുന്നത്. അതിന്റെ പിറകിൽ ഇങ്ങനെ ഒരു ചിന്താഗതി ഉണ്ട്. 

നമുക്ക് കുംഭ മേള. സാമ്പ്രാണി മണപ്പിച്ചു നടക്കുന്ന രവി ചന്ദ്രന് അടിമ കിടക്കുന്ന ഹിന്ദു നിരീശ്വര വാദിക്ക് ഇതൊക്കെ വേണമെങ്കിൽ വെള്ളത്തിൽ വെറും ഒരു മുങ്ങിക്കുളി.. എന്നാൽ അതിന് പിറകിൽ ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് പറഞ്ഞാൽ. ഇതൊക്കെ പ്ലസ്ടു പിള്ളേർക്കും അറിയാമല്ലോ എന്ന് പറഞ്ഞു കൊഞ്ഞനം കുത്തും. എന്നാ പിന്നെ താൻ ഒരു പുതിയ ചിന്താഗതി കണ്ടു പിടിക്കാൻ പറഞ്ഞാൽ പറയും അയ്യോ അതൊന്നും നമുക്ക് പറ്റില്ല നമുക്ക് വിമർശനവും പുച്ഛവും സ്വയം പൊങ്ങിത്തരവും ഹിന്ദു വിരുദ്ധതയും മുസ്ലിം പ്രീണനം ഒക്കെ അല്ലേ പറ്റൂ അല്ലാതെ നാട്ടുകാർക്ക് ഉപകാരപ്പെടുന്നത് ചെയ്യാൻ സ്വത്വ ബോധം അനുവദിക്കില്ലല്ലോ...

അത് വിട്..!

ഇനി ഇരുപത്തി എട്ട് കെട്ട് എടുത്താൽ തന്നെ അസ്ട്രണോമിയുടെ സ്വാധീനം അവിടെയും ഉണ്ട്.  

മൂന്ന് ചെറിയ നക്ഷത്രങ്ങൾ ഒരു triangle ആയി കോർത്തിണക്കി അതിനെ കുതിരയുടെ സാമ്യം ഉള്ളതിനാൽ അശ്വതി എന്ന് വിളിച്ചു. അതായത് അശ്വതി നക്ഷത്രം ഒരു നക്ഷത്രം അല്ല. മൂന്നു നക്ഷത്രങ്ങളുടെ ഒരു കൂട്ടം ആണ്. ഒരു കുഞ്ഞു അശ്വതിയിൽ ജനിച്ചു എങ്കിൽ ചന്ദ്രൻ പിന്നെയും സോഡിയാക്കിലൂടെ കറങ്ങി വീണ്ടും അശ്വതി നക്ഷത്രത്തിൽ എത്താൻ 28 ദിവസം എടുക്കും അതാണ്‌ 28 കെട്ടു എന്ന ചടങ്ങ് ആക്കി, കലണ്ടർ ഒന്നും ഇല്ലാത്ത കാലത്ത്. ഇന്ന് ഇതൊക്കെ എന്തിനെന്നു അറിയാതെ ആണ് ആളുകൾ ആചാരിക്കുന്നത്.. നീളത്തിൽ കിടക്കുന്ന ചരടിൽ ചന്ദ്രൻ പിന്നെയും അശ്വതി നക്ഷത്രത്തിന് അടുത്ത് വരുമ്പോൾ കെട്ടുകൾ ഇടും.. അങ്ങനെ കെട്ടുകൾ എണ്ണി പ്രായം കണക്കാക്കാം. സിംപിൾ ബട്ട് പവർ ഫുൾ..!!

നമ്മുടെ പഴഞ്ചൊല്ല് പോലും ജ്യോതിശാസ്ത്രവുമായി ബന്ധപെട്ടിട്ടാണ്. കേട്ടിട്ടില്ലേ, തിരുവാതിരയിൽ തിരു മുറിയാതെ, മകം പിറന്ന മങ്ക, പൂരം പിറന്ന പുരുഷൻ. സംഗതി ഞാറ്റുവേലയുമായി ബന്ധപെട്ടിട്ടാണ്. സൂര്യനെയും ചന്ദ്രന്റെ നക്ഷത്രങ്ങളെയും ബന്ധപെടുത്തി പറയുന്നതാണ് ഞാറ്റുവേല എന്നുള്ളത്. ഞായർ അഥവാ സൂര്യൻ നിൽക്കുന്ന വേള ആണ് ഞാറ്റുവേല.

സൂര്യൻ സഞ്ചരിക്കുന്നത് ചന്ദ്രന്റെ 27 നാളുകളിൽ (നക്ഷത്രങ്ങളിൽ) കൂടിയും ആണല്ലോ. കാരണം 27 നക്ഷത്ര കൂട്ടങ്ങളും നിൽക്കുന്നത് സോഡിയാക്കിലും. അപ്പോൾ സൂര്യൻ ഒരു നക്ഷത്രത്തിന്റെ കൂടെ ഉള്ള ദിവസം 365/27= 13.5ദിവസം.
ഇതിനെ ആണ് ഞാറ്റുവേല എന്ന് വിളിച്ചിരുന്നതു. ഞായർ നിൽക്കുന്ന വേളയാണ് ഞാറ്റുവേല എന്ന് പറയുന്നത്.

ഞാറ്റുവേല ഒക്കെ നോക്കിയിട്ട് ആണ് പണ്ടുള്ളവർ കൃഷി ഇറക്കിയിരുന്നത്. "തിരുവാതിരയിൽ തിരു മുറിയാതെ" എന്ന് പറയുമ്പോൾ, തിരുവാതിര ഞാറ്റുവേലയിൽ തിരു മുറിയാതെ മഴ കിട്ടും എന്നാണ്. തിരു ആർദ്ര ആണ് തിരുവാതിര. നനവുള്ളത് എന്നർത്ഥം.

അത് പോലെ ചിങ്ങ മാസം ആണ് വിളവെടുപ്പിന്റെ മാസം. ആ മാസത്തിൽ വരുന്ന ഞാറ്റുവേലകൾ ആണ് മകവും പൂരവും. സമൃദ്ധമായ മാസം ആണ്.. അത് കൊണ്ടാണ് പൂരം പിറന്ന പുരുഷൻ, മകം പിറന്ന മങ്ക എന്നൊക്കെപറയുന്നത്. പൂയം ഞാറ്റുവേല ഒക്കെ കർക്കിടകത്തിൽ ആണ് വരുന്നത്.. അന്ന് വിളവെടുപ്പ് ഒന്നും ഇല്ലാത്തതിൽ പട്ടിണിയും പരിവട്ടവും ഒക്കെ ആണ്. ഇതൊക്കെ ബന്ധപെടുത്തി ആണ് പഴം ചൊല്ലുകൾ പോലും ഉണ്ടായിരുന്നത്.

പണ്ട് ഗ്രഹണ സമയത്ത് അമ്പലം അടച്ചിടണം എങ്കിൽ പോലും നല്ല രീതിയിൽ തന്നെ അസ്ട്രോണോമി അറിയണം. രാഹു, കേതു പൊസിഷൻ ഒക്കെ അറിയണം. ഇത് പൂർവികർ കൃത്യമായി മനസ്സിൽ ആക്കിയ രണ്ടു പോയ്ന്റ്സ് ആണ്. അതായത് 180ഡിഗ്രി ഉള്ള പോയ്ന്റ്സ്. ഇ പോയിന്റ്ന്റെ ചലനം ഒരു സർപ്പത്തെ പോലെ ആണ്. സർപ്പത്തിന്റെ തല രാഹുവായും വാൽ കേതുവായും അവർ ഭാവനയിൽ സങ്കൽപ്പിച്ചു. പിന്നെ വിഷ്ണു അസുരനെ വെട്ടി രണ്ടാക്കി എന്നൊരു കഥയും പ്രചരിപ്പിച്ചു. അന്നത്തെ കഥകൾക്കൊക്കെ ഇതൊക്കെ പെട്ടെന്ന് ഓർത്തിരിക്കാൻ വേണ്ടി നമ്മുടെ ഒക്കെ അപ്പൂപ്പൻമാർ ഉണ്ടാക്കിയ സാധനങ്ങൾ ആണ്.. അവർ നക്ഷത്രങ്ങളെ കോർത്തിണക്കി വരച്ചു രൂപങ്ങൾ ഉണ്ടാക്കി ഓറിയോൺ, ക്യാപിസ് മൈനർ എന്നൊക്കെ പേരുകളും ഇട്ടു. അല്ലാതെ രാഹുവും കേതുവും ആരെയും വിഴുങ്ങാൻ ഒന്നും നില്പില്ല. ഇ രണ്ടു പോയ്ന്റ്സ് ആണ് യഥാക്രമം ചന്ദ്രനും ഭൂമിയും, സൂര്യനിലും ചന്ദ്രനിലും നിഴൽ വീഴ്ത്തി ഗ്രഹണങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്ന പോയ്ന്റ്സ്. ഇംഗ്ലീഷിൽ ഇതിനെ ascending node എന്നും descending node എന്നും പറയുന്നു.

ഇതൊക്കെ ആണ് നമ്മുടെ പൂർവികന്മാർ ചെയ്തു വെച്ചിരിക്കുന്ന സംഗതികൾ...!!

പറഞ്ഞു വന്നത് നമ്മുടെ പിറന്നാൾ ആഘോഷം ആയാലും കുംഭ മേള ആയാലും അമ്പലം അടച്ചിടുന്നത് ആയാലും മതപരമായ ചടങ്ങുകളിൽ ആയാലും എല്ലാത്തിലും ജ്യോതിശാസ്ത്രത്തിന് നല്ല സ്വാധീനമുണ്ട് എന്നാണ് 

യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ..!!