ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 April 2019

അഘമര്‍ഷണം

അഘമര്‍ഷണം

സര്‍വപാപങ്ങളെയും നിര്‍മാര്‍ജനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന വൈദികമന്ത്രം. അഘങ്ങളെ മര്‍ഷണം ചെയ്യുന്നത് - പാപങ്ങളെ നശിപ്പിക്കുന്നത് - എന്നാണ് ഈ പദത്തിന്റെ അര്‍ഥം.

'സര്‍വൈനസാമപധ്വംസി
ജപ്യം ത്രഷ്വഘമര്‍ഷണം'.

എന്ന് അമരകോശത്തില്‍ (ബ്രഹ്മവര്‍ഗം 51) പറഞ്ഞിട്ടുണ്ട്

ഋഗ്വേദത്തില്‍ 10-ആം മണ്ഡലത്തിലെ 190 മത്തേത് ഒരു അഘമര്‍ഷണസൂക്തമാണ്.

'ഋതഞ്ച സത്യഞ്ചാഭീദ്ധാത്തപസോധ്യജായത
തതോ രാത്രിരജായത തതസ്സമുദ്രോ അര്‍ണവഃ
സമുദ്രാദര്‍ണവാദധിസംവത്സരോ അജായത.
അഗോരാത്രാണി വിദധദ്വിശ്വസ്യ മിഷതോ വശീ.
സൂര്യചന്‍ദ്രമസൌ ധാതാ യഥാപൂര്‍വമകല്പയത്.
ദിവഞ്ച പൃഥിവീഞ്ചാന്തരീക്ഷമഥോസുവഃ'

മധുഛന്ദസ്സിന്റെ പുത്രന്‍ അഘമര്‍ഷണന്‍ ആണ് ഇതിന്റെ ഋഷി; അനുഷ്ടുപ് ഛന്ദസ്സും, സൃഷ്ടി ദേവതയും.

ഈ മന്ത്രത്തിന്റെ സാരം: 'അനുഷ്ഠിക്കപ്പെട്ട തപസ്സില്‍നിന്ന് ഋതവും (മാനസികമായ സത്യം) സത്യവും (വാചികമായ സത്യം) ഉളവായി. പിന്നെ രാത്രിയും സലിലവത്തായ സമുദ്രവും ഉളവായി. സലിലവത്തായ സമുദ്രത്തിനുശേഷം സംവത്സരം ഉളവായി. അതു രാപകലുകളെ സൃഷ്ടിച്ച് സര്‍വപ്രാണികള്‍ക്കും സ്വാമിയായി. സൂര്യചന്ദ്രന്മാരെയും സുഖാത്മകമായ സ്വര്‍ഗത്തെയും ഭൂമിയെയും അന്തരീക്ഷത്തെയും വിധാതാവ് മുന്‍പിലത്തെപ്പോലെ സൃഷ്ടിച്ചു'. (ഋഗ്വേദസംഹിത-വള്ളത്തോള്‍).
ഇതുകൂടാതെ 'സൂര്യശ്ചമാ മന്യശ്ച' (തൈത്തിരീയാരണ്യകം ​X. 25.1). 'ആപഃ പുനന്തുപൃഥിവിം' (തൈത്തിരീയാരണ്യകം X. 23.1) മുതലായ മന്ത്രങ്ങളും അഘമര്‍ഷണങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ജലാന്തര്‍ഭാഗത്തുവച്ചു ജപിക്കേണ്ടവയാണ് ഈ മന്ത്രങ്ങള്‍. ഇവ യഥാവിധി ജപിക്കുന്നവരുടെ സര്‍വപാപങ്ങളും നശിക്കുമെന്ന് ആചാര്യന്മാര്‍ ഉദ്ഘോഷിച്ചിട്ടുണ്ട്.

അഘമര്‍ഷണം എന്നതു വിന്ധ്യപര്‍വതത്തിലുള്ള ഒരു തീര്‍ഥസരസ്സിന്റെ പേരുകൂടിയാണ്. അവിടെവച്ചാണ് ദക്ഷപ്രജാപതി വിഷ്ണുപ്രീതിക്കുവേണ്ടി തപസ്സുചെയ്തതെന്ന് പുരാണങ്ങളില്‍ കാണുന്നു.

മേല്‍പ്പറഞ്ഞ മന്ത്രവും തീര്‍ഥവും അഘമര്‍ഷണന്‍ എന്ന മഹര്‍ഷിയുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഈ അഘമര്‍ഷണ മുനിയെപ്പറ്റി മഹാഭാരതം ശാന്തിപര്‍വത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

വാനപ്രസ്ഥാശ്രമം

വാനപ്രസ്ഥാശ്രമം

പണ്ട് രാജാക്കന്മാരെ ഉദ്ദേശിച്ച് ഈ നിയമങ്ങൾ ഒക്കെ വ്യവസ്ഥചെയ്തു. അന്ന് മനുഷ്യർ ഉടമകളും അടിമകളും ആയിക്കൊണ്ട് ജീവിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു. അന്നത്തെ ആ നിയമങ്ങളിൽ സാധാരണക്കാർക്ക് വലിയപങ്കൊന്നും ഉണ്ടായിരുന്നില്ല. രാജാക്കന്മാർ രാജ്യഭരണം അതടിസ്ഥാനമാക്കി പല നിയമങ്ങളും ഉണ്ടാക്കി. ആശ്രമധർമ്മങ്ങൾ അടിമകളെ അതായത് അന്നത്തെ നാലുവർണ്ണത്തിനു പുറത്തുണ്ടായിരുന്നവരെ കാര്യമായി കണക്കിലെടുത്തുകൊണ്ട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്നത്തെ വാനപ്രസ്ഥം കുടുംബകാര്യങ്ങളെല്ലാം മക്കളെ ഏല്പ്പിച്ച് കാട്ടിൽ പോയി തപസ്സുചെയ്യുന്നതായിരുന്നു. വനത്തിലേകാന്തമായ ഒരിടത്തിരുന്ന്. ഉപാസനയിൽ എന്തെല്ലാം അംഗങ്ങൾ ഉണ്ടായിരുന്നു? ഉപാസനയിൽ തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം മുതലായ മൂന്നംഗങ്ങൾ പ്രധാനമായ് വരുന്നു. ഉപാസനയിലൂടെ ലൌകീകമായ ചിന്തയെ അലൌകീകതയിലേക്കുയര്ത്തുവാൻ പരിശ്രമം ചെയ്യുന്നു. അതിനുവേണ്ടിയായിരുന്നു വാനപ്രസ്ഥാശ്രമം. വാനപ്രസ്ഥത്തിൽ ഏകാന്തമായി ദൈവത്തെ അറിയുവാനുള്ള പദ്ധതിക വ്യവസ്ഥചെയ്തിരുന്നു. ആശ്രമവ്യവസ്ഥകൾ ഞാൻ ആത്മാവാകുന്നു എന്ന് അറിയുവാനുള്ള ഉപായവുമാകുന്നു. വാനപ്രസ്ഥത്തിൽ ജീവിക്കുന്നവർക്കും അനുഷ്ഠാനത്താൽ ആത്മജ്ഞാനം സമ്പാദിക്കാം. "ഇന്നും വീട്ടിലിരുന്നു കൊണ്ട് വാനപ്രസ്ഥധർമ്മം ആചരിക്കാം”. അച്ഛനമ്മമാരേയും സ്വന്തബന്ധങ്ങളേയും മറ്റു സുഹൃത്തുക്കളേയും ഒരു ഭാരമായി കാണുന്നവർക്ക് ഒരു പക്ഷേ കേൾക്കുന്ന മാത്രയിൽ സ്വീകാര്യം ആകണമെന്നില്ല. .ആത്മാർത്ഥമായി സംസ്കാരം നിലനില്ക്കുകയും തുടരുകയും ചെയ്യണം എന്നാഗ്രഹിക്കുന്നവർക്ക് . ഒരുപ്രായം കഴിഞ്ഞാൽ ; അതായത് കുട്ടികൾ വളർന്നുവലുതായി അവർക്കും ജോലിയൊക്കെ ആയി അച്ഛനമ്മമാർ റിട്ടയർ ചെയ്യുകയും ചെയ്തു. മാതാപിതക്കൾ ഉത്തരവാദിത്തം കുട്ടികളെ ഏല്പ്പിച്ചു കൊടുത്ത് സമൂഹസേവനമോ, ആശ്രമത്തിൽ സംന്യാസഗുരുവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ടോ ഇന്നും വാനപ്രസ്ഥധർമ്മം ആചരിക്കാം. ഗുരൂപദേശം അനുസരിച്ച് ഇന്നും എന്നും വാനപ്രസ്ഥം ആചരിക്കുക തന്നെചെയ്യാം. ഇന്ന് കാട്ടിൽ പോകണമെന്നനിർബന്ധം ആവശ്യമില്ല. അന്ന് നാടിനേക്കാൾ കൂടുതൽ കാടായിരുന്നു. ഇന്നോ? മൃഗങ്ങൾക്ക് ജീവിക്കുവാൻ കൂടികാടില്ല. ഉള്ളകാടുകളിൽ റിസോർട്ടുകൾ, ആരാധനാകേന്ദ്രങ്ങൾ തുടങ്ങി മറ്റുപലതുമുണ്ട്. ജന്തുക്കൾക്ക് താമസിക്കുവാൻ കൂടി കാടില്ലാതെ വരുമ്പോൾ മനുഷ്യരെല്ലാം കാട്ടിൽ പോയാൽ ധർമ്മം നടക്കുകയില്ല.

ആത്മീയതയെ വെറുക്കുന്നു?

ആത്മീയതയെ വെറുക്കുന്നു?

ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും ഇഷ്ടപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം, ഉപനിഷത്ത് എന്നൊക്കെ കേട്ടാല്‍ പുച്ഛിച്ചുതള്ളുന്നു. അതൊക്കെ അറുപഴഞ്ചന്‍ സാധനങ്ങള്‍, ആക്രികാര്‍ക്ക് കൊടുക്കൂ!

ഇനിയും കുറച്ചുപേര്‍, പേരുകേട്ട ആത്മീയാചാര്യന്‍മാരായ അമൃതാനന്ദമയി, രവിശങ്കര്‍, സായിബാബാ തുടങ്ങിയവരുടെ ഭക്തരാണ് എന്ന് പറയുന്നതിനും അഭിമാനം കാണുന്നു. “അഹന്ത ഉപേക്ഷിക്കൂ”, “അഭിമാനം ഉപേക്ഷിക്കൂ” തുടങ്ങിയ നല്ലവാക്കുകള്‍ പറഞ്ഞു കൊടുക്കുന്ന (കൊടുക്കേണ്ടുന്ന) ഈ ആചാര്യന്മാരുടെ ഭക്തരാണ് എന്ന് പറയുന്നതു തന്നെ ഇത്തരക്കാര്‍ക്ക് സോഷ്യല്‍ സ്റ്റാറ്റസ്സിന് ഉപയോഗിക്കുന്ന ഒരു നയിംപ്ലേറ്റ് പോലെയാണ്! അല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കുകയോ ആഴത്തില്‍ പഠിക്കുകയോ അല്ല കൂടുതല്‍ പേരുടേയും ലക്ഷ്യം.

അമ്പലത്തില്‍ പോകുമോ എന്ന് ചോദിച്ചാല്‍ ചിലര്‍ പോകുന്നുണ്ട്. അടുത്തുള്ള ‘ചെറിയ’ അമ്പലങ്ങളില്‍ ആരും പോകാറില്ല. അതൊന്നും നമ്മുടെ കോര്‍പ്പറേറ്റ് ഭക്തിക്കു ചേര്‍ന്നതല്ല, ഓഫീസ്സില്‍ പോയി ആരോടും പറയാനും ഒരു രസമില്ല. വല്ലപ്പോഴും ഒരു പിക്നിക് പോലെ ഒരു ഡ്രൈവിനു ഗുരുവായൂരോ മൂക‍ാംബികയിലോ പദ്മനാഭസ്വാമി ക്ഷേത്രത്തിലോ കന്യാകുമാരിയിലോ പളനിയിലോ ഒക്കെ പോകും. അങ്കവും കാണ‍ാം താളിയും ഓടിക്ക‍ാം!

എന്തിനാണ് അമ്പലത്തില്‍ പോകുന്നത്? അവരുടെ കുടുംബത്തിനു എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ‘ദൈവത്തിനു’ കൈക്കൂലികൊടുക്ക‍ാം എന്ന് നേരുന്നു. എന്തെങ്കിലും കാരണത്താല്‍ അവരുടെ ആഗ്രഹം നടപ്പായാല്‍ അവര്‍ കൈക്കൂലിക്കാര്യം തന്നെ മറന്നുപോകും! പിന്നീട് അടുത്ത പ്രശ്നം വരുമ്പോള്‍ ഓര്‍ക്കും, ഓ, പണ്ട് പറഞ്ഞുറപ്പിച്ച കൈക്കൂലി കൊടുത്തില്ലല്ലോ. അത് ഒരു ഭയമായി മാറുന്നു. ഇനി എത്രയും പെട്ടെന്നുതന്നെ ഒരു കാറുപിടിച്ചു ഒരു ഭക്തി പിക്നിക്കിനു പോകുകതന്നെ! അവിടെ ചെന്ന് കുറച്ചുമാത്രം രൂപ കാണിക്ക, അര്‍ച്ചന, വഴിപാട്‌, പൂജ എന്നൊക്കെ പറഞ്ഞു ചെലവാക്കി, അതിന്റെ അമ്പതുമടങ്ങ് രൂപ വഴിക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനും ആഹാരം കഴിക്കാനും കാറില്‍ എ സി ഇടാനും ഒക്കെ ചെലവാക്കി മനസ്സമാധാനത്തോടെ തിരിച്ചു വരുന്നു! ഹോ എന്തൊരു ആശ്വാസം!

ഇതൊക്കെയാണോ നിങ്ങളുടെയും ഭക്തി?

നിങ്ങള്‍ക്ക് ദൈവസ്നേഹമാണോ (god loving) ദൈവഭയമാണോ (god fearing)? നിങ്ങള്‍ ദൈവത്തെ ഭയക്കാന്‍ ദൈവം എന്താ അത്ര ഉപദ്രവകാരിയാണോ! അതോ നിങ്ങള്‍ നിരീശ്വരവാദിയാണോ?

ഉന്നതവിദ്യാഭ്യാസം നേടിയ പലരും പാശ്ചാത്യ മൂല്യങ്ങളില്‍ അമിതമായി വിശ്വസിക്കുമ്പോള്‍ ആര്‍ഷഭാരത സ‍ാംസ്‌കാരിക പൈതൃകത്തെ തീര്‍ത്തും പഴഞ്ചനായി മുദ്രകുത്തുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു വരിപോലും വായിക്കാനോ ചര്‍ച്ച ചെയ്യാനോ മനസ്സിലാക്കാനോ ഒരു ചെറിയ ശ്രമംപോലും നടത്താതെയാണ് ഇങ്ങനെ താറടിച്ചു കാണിക്കുന്നത്. അറിയാന്‍ ശ്രമിക്കാത്ത ഒരു കാര്യത്തെ തള്ളിപ്പറയുന്നത്‌ ഏറ്റവും വലിയ വിവരക്കേടല്ലേ? ഒന്ന് ചിന്തിക്കൂ.

ഒരു ഉദാഹരണത്തിന്, മാതൃഭൂമി പത്രത്തില്‍ ദിവസേന ‘മതപ്രഭാഷണങ്ങളിലൂടെ’, ‘ഗീതാദര്‍ശനം’, തുടങ്ങിയ പംക്തികള്‍ ഉണ്ട്. അറുപതു വയസ്സ് കഴിയാത്ത ആരെങ്കിലും അത് വായിക്കുമോ? കാണേണ്ടാത്തത് കണ്ടതുപോലെ നമ്മുടെ കണ്ണുകള്‍ അറിയാതെ ആ ഹെഡ് ലൈനില്‍ നിന്നും പെട്ടെന്ന് മാറ്റും, സത്യമല്ലേ?

അതുപോലെ, ദൂരദര്‍ശനില്‍ എന്നും രാത്രി 9:30-ന് (IST) സ്വാമി സന്ദീപ് ചൈതന്യയുടെ ഭഗവത്ഗീത വ്യാഖ്യാനം ഉണ്ട്. കീറിമുറിച്ച്‌ ആഴത്തില്‍ എന്നാല്‍ ലളിതമായി അദ്ദേഹം പറഞ്ഞു തരുന്നു. പക്ഷെ നമ്മള്‍ ആര്‍ക്കെങ്കിലും അതൊന്നു ചെവിയോര്‍ക്കാന്‍ തോന്നുമോ? അദ്ദേഹത്തിന്റെ കാവി നിറമുള്ള ആ വസ്ത്രം കാണുമ്പോള്‍ തന്നെ അറിയാതെ ടി വി റിമോട്ട് അമര്‍ത്തി അടുത്ത ചാനലിലേക്ക് മാറി അശ്ലീലച്ചുവയുള്ള തമാശകള്‍ ആസ്വദിക്കുന്നു!

എന്തുകൊണ്ടാണ് അങ്ങനെ? ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കൂ.

നമ്മുടെ മുന്‍‌വിധികളോടെയുള്ള ചിന്തകള്‍ അല്ലേ അതിനു കാരണം?

നമ്മള്‍ പറയും, എന്തിനാ കല്ലിനെ പൂജിക്കുന്നത്, ദൈവം ഉണ്ടോ, ദൈവം കല്ലാണോ, എന്നൊക്കെ. ശരിയാണ്, നല്ല ചോദ്യം. പക്ഷെ, അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ ന‍ാം ശ്രമിച്ചോ? അത് അറിയാന്‍ ചോദിക്കേണ്ടുന്നവരോട് ചോദിക്കണം, അല്ലെങ്കില്‍ വായിക്കേണ്ടുന്നത്‌ വായിക്കണം. അതിനൊന്നും ന‍ാം ശ്രമിക്കാതെ മുന്‍‌വിധിയോടെ ന‍ാം വിലയിരുത്തുന്നത് ശരിയാണോ?

നമുക്ക് ധാരാളം കള്ള രാഷ്ട്രീയക്കാര്‍ ഉണ്ടല്ലോ, അതുപോലെ വളരെ നല്ലവരായ രാഷ്ട്രീയക്കാരും ഉണ്ട്. അതുപോലെ തന്നെയല്ലേ ഈ കാവി വസ്ത്രവും? അതുപോലെ തന്നെയല്ലേ ബിഷപ്പുമാരും മറ്റും?

നാട്ടില്‍ സന്യാസിവേഷം കെട്ടിയ വളരെയേറെ ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ യതാര്‍ത്ഥ സന്യാസിക്കു വേഷംകെട്ടലുകള്‍ ആവശ്യമില്ല. ഇത്തരം കള്ളസന്യാസിമാരും കള്ളഭക്തരും പണ്ട് ശ്രീ ശങ്കരാചാര്യരുടെ കാലത്തും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭജഗോവിന്ദം എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നു. കള്ള നാണയങ്ങള്‍ ആത്മീയ വഴികളില്‍ മാത്രമല്ല, എല്ലാ തുറകളിലും ഉണ്ടല്ലോ. കള്ള നോട്ടുകള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ രൂപയുടെ ഉപയോഗം നിര്‍ത്തി വയ്ക്കാറില്ലല്ലോ. അപ്പോള്‍ കള്ളനാണയങ്ങളെ ദൂരെ വലിച്ചെറിഞ്ഞു നല്ല നാണയങ്ങളെ സ്വീകരിക്കാമല്ലോ.

ശ്രീ മഹാലക്ഷ്മി സ്തോത്രം

ശ്രീ മഹാലക്ഷ്മി സ്തോത്രം

ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.

നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ

[മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]

നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സര്‍വ്വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

[ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]

സര്‍വജ്ഞേ സര്‍വ്വ വരദേ
സര്‍വ്വ ദുഷ്ട ഭയങ്കരി
സര്‍വ്വ ദുഖ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

[സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂര്‍ത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

ആദ്യന്ത രഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ

[ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

[ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

പത്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

[താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]

ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

[വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം

യഃ പഠദ് ഭക്തിമാന്‍ നരഃ 
സര്‍വ്വസിദ്ധി മവാപ്നോതി
രജ്യം പ്രാപ്നോതിസര്‍വ്വദാ

[മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]

ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
ധന-ധാന്യ-സമാന്‍വിത
ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ

23 April 2019

സുഖന്വേഷണം :- 3

സുഖന്വേഷണം :- 3

ശരീരമാണ് താൻ എന്ന് തെറ്റിദ്ധരിച്ച്  സുഖത്തിനുവേണ്ടി നാംബാഹ്യവസ്തുക്കളെ ആശ്രയിക്കുകയാണ്.  നാം ശരീരമല്ലെന്നും പ്രപഞ്ചം മുഴുവൻ  നിറഞ്ഞുനിൽക്കുന്ന  ചൈതന്യവുമാണെന്നുമറിഞ്ഞ്   അവനവനിൽ പൂർണ്ണത ദർശിക്കുവാൻ കഴിയുമ്പോൾ  സമ്പൂർണ ആനന്ദമുണ്ടാവുകയും ശരീരനാശത്തോടെ അനന്തമായ  പരാശക്തിയിൽ ലയിക്കുകയും  ചെയ്യുന്നു. ശരീരമാണ് തനെന്ന് വിചാരിക്കുമ്പോൾ  ശരീരികസൗഖ്യത്തിനുവേണ്ടി  വസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നു.      ഈ മാതിരി വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും എരിയുന്ന തീ കെടുത്തുവാൻ നെയ്യൊഴിക്കന്നതു പോലെ  അവയിലുള്ള ആഗ്രഹം വർദ്ധിക്കുകയല്ലാതെ ഒട്ടും കുറയുകയില്ല. ആഗ്രഹത്തിനുമടിമപ്പെടുന്നതോടെ ശരീരനാശമുണ്ടാവുമ്പോൾ  ആഗ്രഹവൃത്തിക്കായി വീണ്ടും ജനിക്കേണ്ടിവരുന്നു.  ഇങ്ങനെ ജനനമരണമാകുന്ന സംസാരചക്രത്തിൽ നിന്നും മോചനമില്ലാതെ ദുഃഖമനുഭവിക്കേണ്ടി വരുന്നു.  മനുഷ്യൻ പ്രപഞ്ചത്തിന്റെ ഒരംശം മാത്രമാണ്  കൽകണ്ടത്തിൽ നിന്നും ഒരു ചെറിയ തുണ്ട് അടർത്തിയെടുത്താൽ  കൽകണ്ടത്തിനുള്ള എല്ല ഗുണങ്ങളും ആ തുണ്ടിനുമുണ്ടാകുന്നതുപോലെ  ബ്രഹ്മാണ്ഡത്തിന്റെ എല്ലാ ഗുണങ്ങളും മനുഷ്യനുമുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രസമൂഹങ്ങളും ചേർന്നതാണീ പ്രപഞ്ചം.  മനുഷ്യൻ പ്രാകൃതനായിരുന്ന കാലത്ത് കായും കനിയും തിന്നും  കാട്ടുമൃഗങ്ങളെ  വേട്ടയാടിയും ജീവിച്ചിരുന്നു. ഉപജീവനത്തിനാവിശ്യമായ കായ്കനികൾ സമൃദ്ധിയായി  വളരുന്ന നദീ തീരങ്ങളിൽ  അവർ  താവളമുറപ്പിച്ചു.  ക്രമേണ  സ്ഥിരമായി ഒരിടത്തു താമസിക്കുന്നതിനും ആവിശ്യവസ്തുക്കൾ കൃഷിചെയ്തുണ്ടാക്കുന്നതിനും അവർ പഠിച്ചു. സ്വയം പര്യപ്തനേടിയ അവരിൽ ചിലർ  അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ചു.  താങ്ങളുടെ ചുറ്റുപ്പാടും കാണുന്ന ജീവജാലങ്ങൾ എങ്ങനെയുണ്ടായി.  ജീവികൾ മരിക്കുന്നതു എന്തുകൊണ്ട്. മരണാനന്തരം എന്തു സംഭവിക്കുന്നു.   ഇത്തരം ഉത്തരം കിട്ടാത ചോദ്യങ്ങളെ അവർ നിരന്തരം ചിന്തിച്ചുകൊണ്ടേയിരുന്നു.  അതറിയുന്നതിനുവേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. നിരന്തരമായ ഈ പരിശ്രമം അവസാനം  തപസ്സായി മാറി.. ആ കഠിന തപസ്സിൽ അവസാനം സത്യം അവരിൽ തെളിഞ്ഞു.     മറ്റുള്ളവരുടെ ഉപകാരത്തിനുവേണ്ടി  ആ സത്യം അവർ പ്രചരിപ്പിച്ചു.   അവർ കണ്ടെത്തിയ ആ സ്ത്യങ്ങളാണ് വേദങ്ങൾ.   ബാദരായണമഹർഷി അവയെല്ലാം  ക്രമീകരിച്ച് നാലു ഭാഗങ്ങളാക്കിയതുകൊണ്ട്  അദ്ദേഹത്തെ വേദവ്യാസൻ എന്നു പറയുന്നു.  ഋക്ക് യജുസ്സ് സാമം അഥർവ്വം എന്നിവയാണ് അവ. ഇവയാണ്  സനാതനതത്ത്വത്തിന്റെ  അടിത്തറ. 

ഇവയിൽ   ഏറ്റവും കാതലായത്   വേദത്തിന്റെ (അറിവിന്റെ) അന്തമായ വേദാന്തം  അല്ലെങ്കിൽ ഉപനിഷ്ത്തുക്കളാണ്. ദേശകാലങ്ങക്കനുസരിച്ച് മാറ്റം വരാത്ത നിത്യ സത്യങ്ങളാണ് വേദങ്ങൾ.  ശ്രുതികളെ അടിസ്ഥനപ്പെടുത്തി കാലദേശങ്ങൾക്കനുസരിച്ച്  മാറ്റം വരുത്താവുന്ന കാലികനിയമങ്ങളാണ് സ്മൃതി. ശ്രുതിയും സ്മൃതിയും അനുസരിച്ച് ജീവിക്കുന്നവർക്ക്   ലക്ഷ്യത്തിലെത്താൻ സാധിക്കും.

സുഖന്വേഷണം :- 2

സുഖന്വേഷണം :- 2

എന്താണ് യഥാർത്ഥത്തിൽ ഈ സുഖം? കണ്ണ് മൂക്ക് നാക്ക് ചെവി ത്വക്ക്  എന്നീ പഞ്ചേന്ദ്രിയങ്ങൾ വഴി വിഷയബോധം   മനസ്സിലെത്തുമ്പോഴുള്ള അനുഭൂതിയാണ് സുഖം. കാതിൽ കൂടി കേട്ടും,   ത്വക്കിൽക്കൂടി  സ്പർശിച്ചും, കണ്ണിൽക്കൂടി  കണ്ടും,   നാക്കിൽക്കൂടി രുചിച്ചും.  മൂക്കിൽ കൂടി മണത്തും. ഇങ്ങനെ ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ആയി   സുഖം അനുഭവപ്പെടുന്നു. എല്ലാ ഭൗതീകസുഖങ്ങളും ഈ അഞ്ചു ഇന്ദ്രിയങ്ങൾ വഴി കിട്ടുന്നതാണ്. ഈ അനുഭവം അതാതിന് ഉതകുന്ന  വസ്തുക്കളെ ആശ്രയിച്ചാണ്.  നല്ല കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.   തൊലിക്ക് സുഖകരമായ സ്പർശമുണ്ടാകുമ്പോൾ സുഖം തോന്നുന്നു.. രുചികരമായ പ്രാദാർത്ഥങ്ങൾ നാക്കിൽകൂടി അനുഭവിക്കുന്നു. പൂക്കളിൽ നിന്നും  മറ്റുമുണ്ടാകുന്ന സുഗന്ധം  മൂക്കിൽ കൂടി സുഖമുണ്ടാക്കുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളിൽ കൂടി സുഖമനുഭവിക്കാൻ   വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു.  യഥേഷ്ഠം അനുഭവിക്കാൻ കഴിഞ്ഞാൽ  സുഖമായി എന്നു തെറ്റിദ്ധരിച്ച് അവ സമ്പാദിക്കുവാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ വസ്തുക്കളെല്ലാം നശ്വരമായതു കൊണ്ട്  അതിൽ നിന്നും ലഭിക്കുന്ന സുഖവും നശ്വരമാണ്.   മാത്രമല്ല കാലപഴക്കങ്ങൾ കൊണ്ട് ഇന്ദ്രിയങ്ങൾ ബലഹീനമാകുന്നതോടെ  അവ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്മാകുന്നു. ഈ വക വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും  ഒരിക്കൽ അവയൊക്കെ എന്നെന്നേക്കുമായി.  വിട്ടു പിരിയത്തക്ക വിധത്തിൽ ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്നു.  വസ്തുക്കളിൽ നിന്നും കിട്ടുന്ന സുഖത്തിന് പ്രാകാരഭേദമുണ്ട്.  ഒരു വസ്തുവിൽ നിന്നും ഒരാൾക്ക് സുഖമായി തോന്നുന്ന അനുഭവം മറ്റൊരാൾക്ക് സുഖമായി കൊള്ളണമെന്നില്ല. നമുക്കെല്ലാം വളരെ വെറുപ്പുണ്ടാക്കുന്ന  ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന ചില വസ്തുക്കൾ ചില ജന്തുക്കൾ ഭക്ഷിക്കുന്നതു കണ്ടീട്ടില്ലേ.  ആ ഗന്ധവും അതിന്റെ രുചിയും അവക്ക് അതു വളരെ ഇഷ്ടമായതു കൊണ്ടാണല്ലോ അവഭക്ഷിക്കുന്നത്. നാം നല്ല വസ്തുക്കൾ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ്   അവക്കും  ആ വകവസ്തുക്കളിൽ നിന്നും ലഭിക്കുന്നത്.  അവവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഇഷ്ട്പ്പെടാത്ത വസ്തുക്കൾ അവനവന് ചീത്ത,  ഇഷ്ട്പ്പെടുന്നത്  നല്ലത്.  അതായത് ഒരു ജീവിക്കിഷ്ട്പ്പെടുന്നത്  മറ്റൊരു ജീവിക്ക് ഇഷ്ട്പ്പെടുന്നില്ല.  ഇതിൽ നിന്നും  ഗുണദോഷങ്ങൾ പഞ്ചേന്ദ്രിയങ്ങളെ   ആശ്രയിച്ചാണ് എന്ന് അറിയാൻ കഴിയും. വസ്തുക്കൾക്ക് മാറ്റമുണ്ടെങ്കിലും അവയിൽ നിന്നും ലഭിക്കുന്ന  അനുഭൂതികൾ എല്ലാ ജീവികൾക്കും ഒരു പോലെയാണ്. ഇതിൽ നിന്നും സുഖം വസ്തുക്കളിലല്ല.  സ്വന്തം ഉള്ളിൽ തന്നെയാണ് എന്നു മനസ്സിലാക്കാം.

ഉള്ളിലുള്ള സുഖം കണ്ടെത്തുമ്പോഴാണ് പരിപൂർണ്ണമായ ആനന്ദമുണ്ടാകുന്നത്.  അതനശ്വരമാണ്,  വസ്തുക്കളെ ആശ്രയിക്കാതെ  ഇന്ദ്രിയാതീതമായ ആ ആനന്ദത്തിൽ എത്തിചേരുക എന്നതാണ് ജീവിത ലക്ഷ്യം.  അതിനു മനുഷ്യനു മാത്രമേ കഴിയൂ .  ഇതാണ് ഇതരജീവികളെ  മനുഷ്യനുള്ള മേന്മ.

തുടരും....

സുഖന്വേഷണം :- 1

സുഖന്വേഷണം :- 1

ലോകത്തിൽ  പലതരത്തിൽപ്പെട്ട എൺപത്തിനാലു ലക്ഷത്തോളം  ജീവജാലങ്ങളുണ്ടെന്നാണ് ഭാഗവതത്തിൽ വിവരിച്ചിരിക്കുന്നത്. മനുഷ്യരെ കൂടാതെ പക്ഷികളും  മൃഗങ്ങളും വൃക്ഷങ്ങളും ചെടികളും  എല്ലാം ഇതിൽപ്പെടുന്നു.   ഇവയിൽ ഏറ്റവും താണപടിയിലുള്ള   ജീവികളാണ് വൃക്ഷങ്ങളും ചെടികളും.  ആകൃതിയിലും, പ്രകൃതിയിലും ഇവ തമ്മിൽ പല വ്യത്യാസങ്ങളുണ്ട്.  കാലവസ്ഥക്കും പരിതഃസ്ഥിതികൾക്കുമനുസരിച്ച്   നിലനിൽപ്പിനുവേണ്ടിയുള്ള ജീവികളുടെ   അദമ്യമായ  ആഗ്രഹമനുസരിച്ച്  തലമുറകളിൽ കൂടി രൂപാന്തരം  പ്രാപിച്ചതുകൊണ്ടാണ്  ജീവികൾ പലതരത്തിലുള്ളവയാകുവാൻ കാരണമായ എന്നു കരുതപ്പെടുന്നു.  ഇതിൽ നിന്നു തന്നെ ഏതു ജീവിയായാലും അതിന്റെ ആഗ്രഹമനുസരിച്ച് കാലാന്തരത്തിൽ മാറ്റമുണ്ടാകുമെന്ന്  മനസ്സിലാക്കാം.

വൃക്ഷങ്ങൾക്കും ചെടികൾക്കും ഒരു പൊതുസ്വഭാവമുണ്ട്.   ദ്രാവരൂപത്തിലുള്ള ഭക്ഷണംവലിച്ചെടുത്ത് വളരുക.  എന്നതിൽ കവിഞ്ഞ്  അറിവൊന്നുമവയ്ക്കില്ല.   അവ്യക്തമായ ഒരു ജീവചൈതന്യമാണ് അവയിൽ പ്രവർത്തിക്കുന്നത് .   ഇഷ്ടപ്പെട്ട പദാർത്ഥം  മണത്തറിയുന്നു. ദുഃഖത്തെയും സുഖത്തെയും പറ്റിയുള്ള ധാരണ  പെട്ടന്ന് ഇല്ലാതാവുന്നു. ഇവയൊക്കെയാണ് ഇവയുടെ സാമന്യധർമ്മം. എന്നാൽ ഇതിനെക്കാൾ ഏറെ ഉയർന്ന തരത്തിലുള്ള ജീവിയാണ് മനുഷ്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതര ജന്തുക്കൾ എങ്ങനെ ജീവിച്ചിരുന്നോ അതിൽ നിന്നും വ്യത്യസ്തമായി ജീവിക്കാൻ അവക്ക് കഴിയുന്നില്ല.  നൈസർഗ്ഗികമായ ജീവിതത്തിൽ നിന്നും വ്യതിചലിക്കുവാനുള്ള കഴിവ് അവക്കില്ല.  തന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും വർദ്ധിപ്പികുവാനും മനുഷ്യന് കഴിയുന്നു.  മനുഷ്യനില്ലായിരുന്നെങ്കിൽ ലോകം ഇന്നത്തേതു പോലയാകുമായിരുന്നില്ല.  പ്രാകൃതാവസ്ഥയിൽ നിന്നും പുരോഗമിച്ച്  പുതിയ കണ്ടുപിടുത്തങ്ങൾ വഴി  അത്യന്താധുനിക  സൗകര്യങ്ങളിൽ അവൻ എത്തിചേർന്നിരിക്കുന്നു.  ജീവിതം സംതൃപ്തമാക്കാൻ  പുതിയ വ്യവസ്ഥിതികൾ അവൻ സൃഷ്ടിച്ചിരിക്കുന്നു.  ബാഹ്യമായി ഇങ്ങനെ പല മാറ്റങ്ങൾ  വന്നുചേർന്നങ്കിലും  പണ്ടത്തെ പ്രാകൃതമനുഷ്യനിൽ നിന്നും ആന്തരികമായി അവൻ വ്യത്യസ്ഥനാണോ? . പണ്ടത്തെ മനുഷ്യനും ജീവിതത്തിൽ സുഖം അനുഭവിച്ചിരുന്നു,  ദുഃഖം അവനെ വിട്ടു പിരിഞ്ഞീട്ടില്ല.    പുതിയ പുതിയ  കണ്ടുപിടുത്തങ്ങൾ പുതിയ ദുഃഖങ്ങൾ ഉണ്ടാക്കുന്നു.

ആഹാരം നിഹാരം നിദ്ര മൈഥുനം എന്നിവ സകലജീവികളുടെയും അടിസ്ഥനപരമായ വൃത്തിയാണ്. ഒരു പരിധി വരെ നിയന്ത്രിക്കുന്നു എന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാൻ  മനുഷ്യനും കഴിയുന്നില്ല.  സുഖത്തിനു വേണ്ടി ഈ ആവിശ്യങ്ങൾ  കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള   മാർഗ്ഗങ്ങൾ ആരായുകയാണ് മനുഷ്യൻ.  ഈ ആവർത്തന വലയങ്ങൾക്കുള്ളിൽ   ഒതുങ്ങുക എന്നതാണോ ജീവിതലഷ്യം. അങ്ങനെയെങ്കിൽ അതു മൃഗങ്ങൾക്കും കഴിയുന്നുണ്ടെങ്കിലും. ഈ അവസരങ്ങളിൽ സകല ജീവികളിലും ഉള്ള അനുഭൂതിക്ക്   മറ്റമെന്നുമില്ല.

മനുഷ്യനുൾപ്പെടെയുള്ള സകല ജീവികളും സദാ സുഖത്തിനുവേണ്ടി  പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.  അറിഞ്ഞോ അറിയാതെയുമുള്ള എല്ല പ്രവർത്തനങ്ങളും  സുഖത്തിനു വേണ്ടിയാണ്.  നിരന്തരമായ സുഖാന്വേഷണമാണ് ജീവിതം . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം. സ്വന്തം സുഖത്തിനല്ലാതെ  അവൻ പലതും പ്രവർത്തിക്കുന്നിലേ  എന്നു സംശയം തോന്നാം.  ഉദാഹരണത്തിനു ഒരമ്മ  സ്വന്തം മക്കൾക്കു വേണ്ടി എന്തല്ലാം തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്നു   ത്യാഗങ്ങൾ സഹിക്കുന്നു.    മഹാന്മാരായിട്ടുള്ളവർ ലോകനന്മക്ക് വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നു. സൂക്ഷ്മമായി ചിന്തിച്ചാൽ ഇതും അവരുടെ സുഖത്തിനുവേണ്ടി തന്നെയാണെന്നു മനസ്സിലാക്കാം . മക്കൾക്ക് വേണ്ടി കഷ്ട്പ്പാട് അനുഭവിച്ചിലെങ്കിൽ അമ്മക്ക് ദുഃഖമുണ്ടാകുന്നു.   ലോകനന്മക്ക് വേണ്ടി  ത്യാഗമനുഭവിച്ചിലെങ്കിൽ മഹാന്മാർക്ക്   ദുഃഖമുണ്ടാകുന്നു.  നാം കരയുന്നതുപോലും സ്വന്തം സുഖത്തിനു വേണ്ടിയാണ്.  കരയുമ്പോൾ നമുക്ക് ആശ്വാസം കിട്ടുന്നു. ഇങ്ങനെ ബോധപൂർവ്വമോ അബോധാപൂർവ്വമോ ആയ സകല പ്രവർത്തനങ്ങളും സുഖത്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാം. … 

തുടരും....