ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 February 2018

സൗഗന്ധിക പുഷ്പം

സൗഗന്ധിക പുഷ്പം

പാര്‍വതി പരമേശ്വരന്മാര്‍ ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പാര്‍വതിദേവിയുടെ കൈയില്‍ ഉണ്ടായിരുന്ന അതിമനോഹരമായ, സുഗന്ധം പരത്തുന്ന പുഷ്പം താഴേക്ക് പതിച്ചു. അതാകട്ടേ പാണ്ഡവ പത്‌നിയായ ദ്രൗപതിയുടെ സമീപത്താണ് വീണത്. വലിയ താല്പര്യപൂര്‍വം അതെടുത്തു. ഇതുവരെ കാണാത്ത ആപുഷ്പത്തിനോട് ഏറെ പ്രിയം തോന്നി. ഇതുപോലുള്ള പുഷ്പം എനിയ്ക്കുവേണം എന്ന് ഭര്‍ത്താവായ ഭീമസേനനോട് വിനീതമായി പറഞ്ഞു.

ഒട്ടും താമസിയാതെ സര്‍വശക്തിയും സംഭരിച്ചുകൊണ്ട് ഗദയുമേന്തി ശ്രീ കൈലാസഗിരിയെ ലക്ഷ്യമാക്കി ഭമസേനന്‍ നടന്നു. യാത്രക്കിടെ നിരവധി തടസങ്ങള്‍ ഒന്നൊന്നായി വന്നുചേരുന്നുണ്ടായിരുന്നു. പക്ഷേ ആ വായു പുത്രന് അതൊന്നും വിഷയമേ അല്ലായിരുന്നു. കദളീവനം വഴിയായിരുന്നു യാത്ര. ഭൂമികുലുക്കിയുള്ള ആ യാത്രക്കിടെ ഒരിടത്ത് ഒരു വയസ്സന്‍ കുരങ്ങന്‍ വലിയ വാലുംനീട്ടി കിടക്കുന്നുണ്ടായിരുന്നു.

പ്രായാധിക്യമുള്ളതിന്നാല്‍ വാല് കവച്ചുവയ്ക്കാന്‍ വിഷമംതോന്നി. അതിന്നാല്‍ വാലൊന്ന് മാറ്റുവാന്‍ കുരങ്ങനോട് വീര്യത്തോടെ പറഞ്ഞു. എനിയ്ക്ക് വയസ്സേറെയായി വാലനക്കുവാന്‍ പോലും കഴിയുന്നില്ല. അതിനാല്‍ താന്‍തന്നെ എന്റെ വാലുമാറ്റി പൊയ്‌ക്കേളൂ. ഭീമന്‍ നിസ്സാരമാക്കി ഗദയാല്‍ ആ വൃദ്ധനായ വാനരന്റെ വാലിനെ നീക്കുവാന്‍ നോക്കി. ഭീമസേനന്‍ തളര്‍ന്നു വല്ലാതായി. സര്‍വശക്തിയും പ്രയോഗിച്ചിട്ടും ഒരു രക്ഷയുമില്ല. കരുത്തനായ താന്‍ വെറും ഒരു കുരങ്ങന്റെ മുന്നില്‍ ആരുമല്ലാതായി കഴിഞ്ഞു. ഒന്നും മിണ്ടാതെ, വാലിനടിയില്‍ ഗദയും നഷ്ടപ്പെട്ട് അനങ്ങാതിരുന്നു.

താമസിയാതെ വാനരന്‍ എഴുന്നേറ്റ് തളര്‍ന്നുവല്ലാതായ ഭീമസേനനെ പുറത്തുതട്ടി സമാശ്വസിപ്പിച്ചു. ഞാന്‍ നിന്റെ സഹോദരന്‍ വായു പുത്രനായ ഹനൂമാനാണ്. ഇതോടെ ഭീമസേനന്‍ സാഷ്ടാംഗം നമിച്ചു. പറ്റിയ അബദ്ധത്തിന് മാപ്പപേക്ഷിച്ചു. ”നിന്റ പരാക്രമംകണ്ടപ്പോഴാണ് ഒന്ന് പരീക്ഷിക്കുവാന്‍ വിചാരിച്ച് മാര്‍ഗമേദ്ധ്യകിടന്നത്.”എന്നായി ഹനൂമാന്‍. പിന്നെ സൗഗന്ധികം ഉള്ളപ്രദേശത്തെ മനസ്സിലാക്കിക്കൊടുക്കുകയും കാവല്‍ക്കാരോട് പറയേണ്ട സൂത്രവാക്യങ്ങളും മറ്റും വിശദമായി പറഞ്ഞു.

സൗഗന്ധികം വിരിഞ്ഞ് നില്‍ക്കുന്നിടം കാമദേവന്റെ ഉടമസ്ഥതയിലുള്ളതാണ്. ”ഹനൂമാന്‍ പറഞ്ഞയച്ച് വരികയാണെന്നും മറ്റും പറഞ്ഞ് പരിചയപ്പെടുത്തിക്കോ” എന്നും ഭീമനോട് ഹനൂമാന്‍ പറഞ്ഞു. ”വരാന്‍ പോകുന്ന ഭാരതയുദ്ധത്തില്‍ അങ്ങയുടെ സഹായം…” അഭ്യര്‍ത്ഥിച്ചപ്പോള്‍ ഹനുമാന്‍ പറഞ്ഞു. രാമരാവണ യുദ്ധാനന്തരം ഞാന്‍ യുദ്ധത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുകയാണ്. എന്നാലും ക്ഷണിച്ചസ്ഥിതിക്ക് വരാം.

അതും യുദ്ധംകാണാന്‍ മാത്രം. അങ്ങനെയാണ് അര്‍ജുനന്റെ രഥത്തിന് മുകളിലെ കൊടിയില്‍ ആഞ്ജനേയന്‍ വന്നുചേര്‍ന്നത്.
സൗഗന്ധികംതേടി യാത്രയാവും മുന്‍പായി തന്റെ ഗദചോദിച്ച് വീണ്ടും ഭീമന് തലകുനിക്കേണ്ടിവന്നു. സ്‌നേഹപൂര്‍വം ഗദനല്‍കി അനുഗ്രഹിച്ചപ്പോള്‍ ഭീമന്‍ പരാക്രമിയായി മാറി. അതുംകണ്ട് ഹനൂമാന്‍ പുഞ്ചിരിതൂകി. അവിടുത്തെ വിശ്വരൂപം കൂടി കണ്ടാല്‍കൊള്ളാമെന്ന് മോഹത്തോടെ പറഞ്ഞപ്പോള്‍ ഹനൂമാന്‍ തന്റെ മഹത്തായ വിശ്വരൂപം കാണിക്കുകയുണ്ടായി. ആ ഭീമാകാരരൂപം കണ്ട് ഭീമസേനന്‍ ബോധംകെട്ടുവീണുപോയി. ജ്യേഷ്ഠന്റെ അനുഗ്രഹത്തോടെ കാടുംമരങ്ങളും തകര്‍ത്തുള്ള യാത്രതുടങ്ങി ആ രണ്ടാം പാണ്ഡവന്‍.

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ

ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു. അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു.
എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം. എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു. എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം. ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു. എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല. എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി.. വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല. മയിൽ കരഞ്ഞു തുടങ്ങി.  ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു. അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി. ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ. അതു മാത്രമല്ല അത്ഭുതം ശ്രീകൃഷ്ണന്റെ വാതിലിൽ പടിയിൽ തന്നെ ആരും കരയാറുണ്ടായിരുന്നില്ല. മൈന ആലോചിച്ചു എന്തൊരു ദുർഭാഗ്യം ഈ പക്ഷിക്ക് അത് പ്രഭുവിന്റെ പുരദ്വാരത്തിൽ കരയേണ്ടി വരുന്നു ഇവിടെ എല്ലാവരുടെയും കഷ്ടങ്ങൾ  ദൂരെ പോവാറാണുള്ളത്. മൈന മയിലിന്റെയടുത്തു ചെന്നു ചോദിച്ചു. നീ എന്തിനാ കരയുന്നത്. മയിൽ പറഞ്ഞു കഴിഞ്ഞ ഒരു കൊല്ലമായി ഈ മുരളീധരന്റെ ഓർമകളിൽ അദ്ദേഹത്തെ പ്രശംസിച്ച് ഗീതങ്ങൾ പാടുന്നു. എന്നാൽ ഇന്നുവരെ എനിക്ക് കുറച്ചു വെളളം പോലും ഭഗവാൻ ചോദിച്ചു തന്നില്ല. ഇതു കേട്ടു മൈന പറഞ്ഞു. ഞാൻ ബർ്സാനയിൽ നിന്നും വരുന്നു. നീ എന്റെ കൂടെ അവിടെ വരൂ. മനമില്ലാ മനസ്സോടെ മയിലും മയിലും പറന്നു പറന്നു ബർസാനയിലെത്തി. മൈന ബർസാനയിലെ രാധയുടെ വാതിലിൽ എത്തി അവിടെ വെച്ച് മൈന ഭജനഗീതം പാടി തുടങ്ങി.
ശ്രീ രാധേ രാധേ ബർസാനേ വാലി രാധേ. മൈന മയിലിനോട്  രാധയുടെ ഗീതം പാടാൻ പറഞ്ഞു. മയിലിനു അതു പാടാൻ ഇഷ്ടമായിരുന്നു എന്നാലും ബാങ്കേബിഹാരി ജിയുടെ ഭജനകൾ ചൊല്ലുന്നതിലായിരുന്നു താൽപര്യം. അത് ബർസാനയിൽ വന്നു തന്റെ പഴയ ഭജന ഗീതം ചൊല്ലാൻ ആരംഭിച്ചു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങില്ലാതെ ഗോപാലമൂർത്തേ അങ്ങാണെന്റെ അച്ഛനും അമ്മയും.  രാധയുടെ കാതിൽ ഈ ഗീതം പതിച്ചു. ദേവി ഓടി മയിലിന്റെ അടുത്തുവന്നു. അതിനെ പ്രേമത്തോടെ കഴുത്തിൽ തലോടി ആശ്വസിപ്പിച്ചു. രാധാദേവി മയിലിന്റെ അടുത്ത് സംസാരിച്ചു ഏതോ ഒരു പഴയ ബന്ധു വന്നു സംസാരിക്കുന്ന പോലെ സ്നേഹത്തോടെ. അതിന്റെ നന്മയിൽ ചോദിച്ചു നീ എവിടെ നിന്നു വരുന്നു? മയിൽ ഗദ്ഗദ കണ്ഠയായി പറഞ്ഞു തുടങ്ങി. രാധാ ദേവിയ്ക്കു പ്രണാമം. ഇന്നുവരെ കേട്ടിരിക്കുന്നത് അവിടുന്ന് കരുണയുടെ മൂർത്തിയാണെന്നാണ്. എന്നാൽ ഇന്നു തെളിഞ്ഞു അവിടുന്നു കൃപാമൂർത്തി കൂടിയാണെന്ന്.. രാധാദേവി മയിലിനോട് ചോദിച്ചു. എന്തുകൊണ്ടാണ് നീയെന്നെ കരുണാമയിയെന്നു പറയുന്നത്. മയിൽ പറഞ്ഞു. എങ്ങിനെ പറയും ദിവസം മുഴുവൻ ഞാൻ  ശ്യാമന്റെ നാമം ചൊല്ലുന്നു. എന്നാൽ കണ്ണനെ നിക്ക് വെള്ളം പോലും തന്നില്ല. രാധാദേവി ചിരിച്ചു ദേവിയുടെ മനസ്സിൽ തെളിഞ്ഞു അതിന്റെ കാരണം. രാധാദേവി മയിലിനോട് പറഞ്ഞു. നീ ഗോകുലത്തിൽ പോവൂ' എന്നാൽ ഇപ്രാവശ്യം പഴയ ഗീതത്തിന്നു പകരം ഇതു പാടൂ. ജയ് രാധേ രാധേ രാധേ ബർസാനേ വാലി രാധേ .. എന്നാൽ മയിലിനു മനസ്സുണ്ടായിരുന്നില്ല ആ കരുണാമയിയെ ഉപേക്ഷിച്ചു പോവാൻ. എന്നിട്ടും അത് ഗോകുലത്തിൽ പോയി രാധാജി പറഞ്ഞ പോലെ രാധേ രാധേ രാധേ ബർസാനേ വാലി രാധേ എന്നു പാടി ഭഗവാൻ ശ്രീകൃഷ്ണൻ അത് കേട്ടു ആ ഭജനയിൽ മുഴകി സംഭ്റമിച്ച് ഓടി വന്നു. മയിലിന്റെ അടുത്തുവന്നു കഴുത്തിൽ താലാടി അതിനെ പ്രേമപൂർവ്വം ആശ്വസിപ്പിച്ചു ചോദിച്ചു. നീ എവിടെ നിന്നു വരുന്നു. ഇതു കേട്ട് മയിൽ പിടച്ചു പോയി. മയിൽ പറഞ്ഞു. അങ്ങയുടെ നിഴലിൽ ഒരു കൊല്ലക്കാലം അങ്ങയുടെ നാമത്തിൽ മുഴുകി ജീവിച്ചിരുന്നു ഞാൻ. എന്നാൽ അങ്ങ് ഒരിക്കലും കുറച്ച് വെള്ളം പോലും വേണോ എന്നു ചോദിച്ചില്ല. ഇന്ന് ഇപ്പോൾ ഞാൻ ഭാഗം മാറ്റി രാധാദേവിയുടെ നാമം ചൊല്ലിയപ്പോൾ അങ്ങ് ഓടി വരുന്നു. ഭഗവാൻ മന്ദഹസിച്ചു കൊണ്ടു വീണ്ടും ചോദിച്ചു. നീ എവിടെ നിന്നു വരുന്നു? മയിലിനു ഭഗവാനെ കിട്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് അത് പരിശ്രമമെല്ലാം എന്നന്നേയ്ക്കുമായി ദൂരെ കളഞ്ഞു. അപ്പോൾ പ്രഭുവിന് ഓർമ വന്നു. ഞാൻ ആ മയിലാണ് ഒരു വർഷമായി അദ്ദേഹത്തിന്റെ വാതിൽ പടിയിൽ ഭഗവാനെ തനിക്കാരുമില്ല അങ്ങില്ലാതെ ഗോപാലമൂർത്തേ തനിക്കു അമ്മയുമച്ഛനുമില്ല എന്ന കീർത്തനം പാടിയിരുന്നതെന്ന്. വേനലും വർഷവും എല്ലാം സഹിച്ച് ഒരു വർഷകാലം അവിടുത്തെ വാതിലിൻ പടിയിലിരുന്നു അങ്ങയുടെ സ്തുതി ചെയ്തിരുന്നത്. എന്നാൽ എനിക്ക് വെള്ളം വേണോ എന്നു പോലും ആരും ചോദിച്ചില്ല. ഞാൻ പിന്നെ ബർസാനയിൽ പോയി രാധാദേവിയെ കണ്ടു. അവർ എന്നെ പൂർണ്ണ സ്നേഹത്തോടെ ആശ്വസിപ്പിച്ചു വേണ്ട വഴി പറഞ്ഞു തന്നു. ഭഗവാൻ പ്രേമമുഗ്ദ്ധനായി മയിലിനോട് പറഞ്ഞു. നീ രാധയുടെ നാമം എടുത്തു പാടിയില്ലെ?  അത് തന്നെ നിനക്ക് വരദാനമെന്നു തെളിഞ്ഞില്ലെ .ഇനിയെന്തു വേണം' ഇനിയും ഞാനിതാ വരം തരുന്നു ഏതു കാലം വരെ ഈ സൃഷ്ടി നിലനിൽക്കുന്നോ അതു വരെ നിന്റെ പീലി എന്റെ ശിരസ്സിൽ വിരാജ മാനമാവും തീർച്ച.രാധാദേവിയുടെ കൃപയാണ് ഭഗവാൻ ഹരേ

ഭദ്രകാളിയുടെ വൈദീക രഹസ്യം

ഭദ്രകാളിയുടെ വൈദീക രഹസ്യം

ഭദ്രകാളിയെ ഉപാസിക്കേണ്ട ദിവസം - വെള്ളിയാഴ്ച.

ഹിന്ദുധര്‍മപ്രതീകങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. സനാതന സംസ്‌കൃതിയെ തകര്‍ക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില വൈദേശിക ഇന്‍ഡോളജിസ്റ്റുകളാണ് ഹിന്ദുദേവതകളെയും ചിഹ്നങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. ഹിന്ദുദേവതാരൂപങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരം ആരോപിച്ചുകൊണ്ട് വ്യാഖ്യാനം ചമയ്ക്കുന്നതില്‍ പ്രധാനിയാണ് അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റും ചിക്കാഗോ സര്‍വകലാശാലയിലെ അധ്യാപികയുമായ വെന്‍ഡി ഡോണിഗര്‍. ഡോണിഗറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് അവരുടെ ശിഷ്യയായ സാറാ കാല്‍ഡ്വല്‍ രചിച്ച പുസ്തകമാണ് "Oh Terrifying Mother: Sexuality, Violence and Worship of the Goddess Kali" എന്നത്.

കേരളത്തിന്റെ കുലദേവതയായ ഭദ്രകാളിയെ അത്യന്തം പ്രാകൃതമായ ചിന്തകളുടെ ഉത്പന്നമായാണ് സാറാ കാല്‍ഡ്വല്‍ ഗ്രന്ഥത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം വ്യാഖ്യാനങ്ങള്‍ പഠിച്ചിറങ്ങുന്ന പുതുതലമുറ വലിയ തോതിലുള്ള ആശയക്കുഴപ്പത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സംശയങ്ങള്‍ക്ക് വേണ്ടരീതിയില്‍ മറുപടി പറയുവാന്‍ ഹൈന്ദവ ആചാര്യന്മാര്‍ക്കുപോലും പലപ്പോഴും ശ്രമിക്കാറില്ല. ഹിന്ദുധര്‍മപ്രതീകങ്ങളുടെ താത്ത്വികമായ അടിത്തറയെ കണ്ടെത്തി അവതരിപ്പിക്കേണ്ടത് അത്യന്തം ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനൊരു തുടക്കമെന്നോണം വേദങ്ങളുടെ വെളിച്ചത്തില്‍ ഭദ്രകാളിസ്വരൂപത്തെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണിവിടെ.

ദേവത എന്നാല്‍ ഈശ്വരന്റെ ദിവ്യഗുണങ്ങളെ വിളിക്കുന്ന പേരാണ്. ഈശ്വരന്‍ ഒന്നേയുള്ളുവെങ്കിലും അവന് ഒട്ടേറെ വിശേഷഗുണങ്ങളുണ്ട്. ആ വിശേഷഗുണങ്ങള്‍ നേടിയെടുക്കാനായിരുന്നു അതത് ദേവതകളെ നമ്മുടെ പൂര്‍വികര്‍ ഉപാസിച്ചിരുന്നത്. അങ്ങനെ കുലത്തിന്റെ ഒട്ടാകെയുള്ള ദൗര്‍ബല്യങ്ങളെ പരിഹരിക്കാന്‍ അവര്‍ കുലദേവതാ സങ്കല്പത്തിനു രൂപംകൊടുത്തു. അങ്ങനെയെങ്കില്‍ കേരളീയ സമൂഹത്തിന്റെ കുലദേവതയായി ഭദ്രകാളിയെ പ്രതിഷ്ഠിച്ച നമ്മുടെ പൂര്‍വികര്‍, ഈശ്വരന്റെ ഏതൊരു ഗുണവിശേഷത്തെയായിരിക്കും കാളീ ഉപാസനയിലൂടെ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നിരിക്കുക? മുണ്ഡകോപനിഷത്തില്‍ അഗ്നിയുടെ ഏഴുതരം ജിഹ്വകളെ അഥവാ നാക്കുകളെക്കുറിച്ച് പറയുന്ന ഒരു ശ്ലോകമുണ്ട്.

'കാളീ കരാളീ ച മനോജവാ ച സുലോഹിതാ യാ ച സുധൂമ്രവര്‍ണാ സ്ഫുലിങ്ഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്തജിഹ്വാ'

കാളി, കരാളി, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഫുലിങ്ഗിനി, വിശ്വരുചി എന്നീ ഏഴു ജിഹ്വകള്‍ അഗ്നിയുടേതാണന്നാണ്. ഈ പറഞ്ഞതിനര്‍ഥം. സപ്തമാതൃക്കള്‍ എന്നു പിന്നീട് പറയപ്പെട്ട ഏഴു ദേവതകള്‍ ഈ ജിഹ്വകള്‍തന്നെയാണ്.

ഋഗ്വേദത്തിലെ 'സപ്തവാണീഃ' എന്ന പ്രയോഗത്തില്‍ ഈ ചിന്തയുടെ വേര് നമുക്ക് കാണാം (ഋഗ്വേദം. 3.1.6). ആ അഗ്നിജിഹ്വകളില്‍ ആദ്യത്തേതാണ് കാളി. അഗ്നിയില്‍ ആഹുതി വീഴുമ്പോള്‍ നീലജ്വാലകള്‍ കാണാം. ഇതുതന്നെ ഭദ്രകാളി. നീണ്ട നാക്ക് കാണാം കാളീചിത്രങ്ങളിലും പ്രതിമകളിലും. അഗ്നിയുടെ ജിഹ്വ അഥവാ നാക്കാണ് ഈ പ്രതീകം ഉണ്ടാകുന്നതിന് കാരണമായത്. യഥാര്‍ഥത്തില്‍ ഈശ്വരന്റെ വാക്ശക്തിയെയാണ് സപ്തവാണികളില്‍ ഒന്നായ ഭദ്രകാളീദേവത പ്രകടമാക്കുന്നത്. അഗ്നി വാഗ്‌രൂപം സ്വീകരിച്ച് വായില്‍ പ്രവേശിച്ചു എന്ന് ഐതരേയോപനിഷത്തില്‍ പറയുന്നുണ്ട്.

'അഗ്നിര്‍വാഗ്ഭൂത്വാ മുഖം പ്രാവിശത്' (ഐതരേയോപനിഷത്ത് 2.4) (ഐതരേയോപനിഷത്ത് 2.4) ഇക്കാര്യം സൂചിപ്പിക്കാനാണ് ഭദ്രകാളീരൂപത്തില്‍ നീണ്ട നാക്കിനെ നമ്മുടെ പൂര്‍വികര്‍ വരച്ചത്.

നാക്കുനീട്ടിയിരിക്കുന്ന ഭദ്രകാളി വാഗ്‌ദേവി ആണെങ്കില്‍ ആ വാഗ്‌ദേവിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന തലയോട്ടിമാല എന്തായിരിക്കും?

തലയോട്ടിക്ക് സംസ്‌കൃതത്തില്‍ കപാലമന്നാണ് പേര്. 'ക' എന്നാല്‍ പരാശക്തിയാണെന്നാണ് ഏകാക്ഷരകോശത്തില്‍ പറഞ്ഞിരിക്കുന്നത്. 'പാല' എന്നാല്‍ പാലകനായ പരമശിവനുമാണ്. അതായത് ശിവശക്തിയോഗമാണ് കപാലത്തിലുള്ളത്. പാര്‍വതീ-പരമേശ്വരന്മാര്‍ വാക്കിനെയും അര്‍ഥത്തെയുംപോലെ ഒന്നിച്ചിരിക്കുന്നു എന്നാണ് മഹാകവി കാളിദാസന്‍ എഴുതിയത്. 'വാഗര്‍ഥാവിവ സംപൃക്തൗ...പാര്‌വതീപരമേശ്വരൗ'  (രഘുവംശം 1.1) ഓരോ അക്ഷരത്തിനും അര്‍ഥമുള്ളതായി ഏകാക്ഷരകോശത്തില്‍ നിന്നു മനസ്സിലാക്കാം. അതായത് ഓരോ അക്ഷരവും ഓരോ കപാലങ്ങളാണ്. സംസ്‌കൃതങ്ങളിലെ 52 അക്ഷരങ്ങളാകുന്ന കപാലങ്ങള്‍ ചേര്‍ത്തുകെട്ടിയ അക്ഷരമാലയെയാണ് വാസ്തവത്തില്‍ ഭദ്രകാളി അണിഞ്ഞിരിക്കുന്നത്.

സര്‍ ജോണ്‍ വുഡ്‌റൂഫ് The Garland of Letters' അഥവാ 'വര്‍ണമാല' എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിലെ ഒരധ്യായത്തിന്റെ പേര് The Necklace of Kali' എന്നാണ്. ഭദ്രകാളിയുടെ തലയോട്ടിമാല അക്ഷരമാലയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പാണിനിയുടെ വ്യാകരണ സൂത്രങ്ങള്‍ക്ക് ഭാഷ്യമെഴുതിയ നന്ദികേശ്വരനും ഇതേ അഭിപ്രായം സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധിവിപര്യയമെന്ന് പറയട്ടെ, ഈ രഹസ്യകോഡ് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. ഭദ്രകാളിയുടെ രൂപഭാവങ്ങളും കൈകളിലുള്ള ആയുധങ്ങളുമെല്ലാം കൃത്യമായി സാധനാമേഖലകളിലെ ഓരോ കാര്യങ്ങളെ വെളിവാക്കുന്നതാണ്. ഭദ്രകാളിയുടെ കൈയിലുള്ള ത്രിശൂലം ജീവിതത്തില്‍ ഇച്ഛാശക്തി ജ്ഞാനശക്തി - ക്രിയാശക്തി എന്നീ ശക്തിത്രയങ്ങളുടെ പ്രാധാന്യത്തെ പ്രതീകവല്‍ക്കരിക്കുമ്പോള്‍ പരിചയും വാളും യഥാക്രമം ജീവിതത്തില്‍ കടന്നുവരുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും അവയെ ഇല്ലാതാക്കുന്നതിനും ഉപാസകന് പ്രേരണയെ നല്‍കുന്നതാണ്. ഇങ്ങനെ അവനവന്റെ ഉള്ളിലുള്ള നൈസര്‍ഗികമായ വിചാരധാരകളെ ഉണര്‍ത്തി ജീവിതവിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവതയായ ഭദ്രകാളിയുടേത്. 

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍. ‘

ഭദ്രകാളിയുടെ മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

18 February 2018

എന്താണ് യഥാർത്ഥത്തിൽ ഈ സുഖം?

സുഖന്വേഷണം 

ലോകത്തിൽ  പലതരത്തിൽപ്പെട്ട എൺപത്തിനാലു ലക്ഷത്തോളം  ജീവജാലങ്ങളുണ്ടെന്നാണ് ഭാഗവതത്തിൽ വിവരിച്ചിരിക്കുന്നത്.  മനുഷ്യരെ കൂടാതെ പക്ഷികളും  മൃഗങ്ങളും വൃക്ഷങ്ങളും ചെടികളും  എല്ലാം ഇതിൽപ്പെടുന്നു.   ഇവയിൽ ഏറ്റവും താണപടിയിലുള്ള   ജീവികളാണ് വൃക്ഷങ്ങളും ചെടികളും.  ആകൃതിയിലും, പ്രകൃതിയിലും ഇവ തമ്മിൽ പല വ്യത്യാസങ്ങളുണ്ട്.  കാലവസ്ഥക്കും പരിതഃസ്ഥിതികൾക്കുമനുസരിച്ച്   നിലനിൽപ്പിനുവേണ്ടിയുള്ള ജീവികളുടെ   അദമ്യമായ  ആഗ്രഹമനുസരിച്ച്  തലമുറകളിൽ കൂടി രൂപാന്തരം  പ്രാപിച്ചതുകൊണ്ടാണ്  ജീവികൾ പലതരത്തിലുള്ളവയാകുവാൻ കാരണമായ എന്നു കരുതപ്പെടുന്നു.  ഇതിൽ നിന്നു തന്നെ ഏതു ജീവിയായാലും അതിന്റെ ആഗ്രഹമനുസരിച്ച് കാലാന്തരത്തിൽ മാറ്റമുണ്ടാകുമെന്ന്  മനസ്സിലാക്കാം.

വൃക്ഷങ്ങൾക്കും ചെടികൾക്കും ഒരു പൊതുസ്വഭാവമുണ്ട്.   ദ്രാവരൂപത്തിലുള്ള ഭക്ഷണംവലിച്ചെടുത്ത് വളരുക.  എന്നതിൽ കവിഞ്ഞ്  അറിവൊന്നുമവയ്ക്കില്ല.   അവ്യക്തമായ ഒരു ജീവചൈതന്യമാണ് അവയിൽ പ്രവർത്തിക്കുന്നത്. ഇഷ്ടപ്പെട്ട പദാർത്ഥം  മണത്തറിയുന്നു. ദുഃഖത്തെയും സുഖത്തെയും പറ്റിയുള്ള ധാരണ  പെട്ടന്ന് ഇല്ലാതാവുന്നു. ഇവയൊക്കെയാണ് ഇവയുടെ സാമന്യധർമ്മം. എന്നാൽ ഇതിനെക്കാൾ ഏറെ ഉയർന്ന തരത്തിലുള്ള ജീവിയാണ് മനുഷ്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതര ജന്തുക്കൾ എങ്ങനെ ജീവിച്ചിരുന്നോ അതിൽ നിന്നും വ്യത്യസ്തമായി ജീവിക്കാൻ അവക്ക് കഴിയുന്നില്ല.  നൈസർഗ്ഗികമായ ജീവിതത്തിൽ നിന്നും വ്യതിചലിക്കുവാനുള്ള കഴിവ് അവക്കില്ല.  തന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും വർദ്ധിപ്പികുവാനും മനുഷ്യന് കഴിയുന്നു.  മനുഷ്യനില്ലായിരുന്നെങ്കിൽ ലോകം ഇന്നത്തേതു പോലയാകുമായിരുന്നില്ല.  പ്രാകൃതാവസ്ഥയിൽ നിന്നും പുരോഗമിച്ച്  പുതിയ കണ്ടുപിടുത്തങ്ങൾ വഴി  അത്യന്താധുനിക  സൗകര്യങ്ങളിൽ അവൻ എത്തിചേർന്നിരിക്കുന്നു.  ജീവിതം സംതൃപ്തമാക്കാൻ  പുതിയ വ്യവസ്ഥിതികൾ അവൻ സൃഷ്ടിച്ചിരിക്കുന്നു.  ബാഹ്യമായി ഇങ്ങനെ പല മാറ്റങ്ങൾ  വന്നുചേർന്നങ്കിലും പണ്ടത്തെ പ്രാകൃതമനുഷ്യനിൽ നിന്നും ആന്തരികമായി അവൻ വ്യത്യസ്ഥനാണോ? . പണ്ടത്തെ മനുഷ്യനും ജീവിതത്തിൽ സുഖം അനുഭവിച്ചിരുന്നു,  ദുഃഖം അവനെ വിട്ടു പിരിഞ്ഞീട്ടില്ല.    പുതിയ പുതിയ  കണ്ടുപിടുത്തങ്ങൾ പുതിയ ദുഃഖങ്ങൾ ഉണ്ടാക്കുന്നു.

ആഹാരം നിഹാരം നിദ്ര മൈഥുനം എന്നിവ സകലജീവികളുടെയും അടിസ്ഥനപരമായ വൃത്തിയാണ്. ഒരു പരിധി വരെ നിയന്ത്രിക്കുന്നു എന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാൻ  മനുഷ്യനും കഴിയുന്നില്ല.  സുഖത്തിനു വേണ്ടി ഈ ആവിശ്യങ്ങൾ  കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള   മാർഗ്ഗങ്ങൾ ആരായുകയാണ് മനുഷ്യൻ.  ഈ ആവർത്തന വലയങ്ങൾക്കുള്ളിൽ   ഒതുങ്ങുക എന്നതാണോ ജീവിതലഷ്യം. അങ്ങനെയെങ്കിൽ അതു മൃഗങ്ങൾക്കും കഴിയുന്നുണ്ടെങ്കിലും. ഈ അവസരങ്ങളിൽ സകല ജീവികളിലും ഉള്ള അനുഭൂതിക്ക്   മറ്റമെന്നുമില്ല.

മനുഷ്യനുൾപ്പെടെയുള്ള സകല ജീവികളും സദാ സുഖത്തിനുവേണ്ടി  പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.  അറിഞ്ഞോ അറിയാതെയുമുള്ള എല്ല പ്രവർത്തനങ്ങളും  സുഖത്തിനുവേണ്ടിയാണ്. നിരന്തരമായ സുഖാന്വേഷണമാണ് ജീവിതം . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം. സ്വന്തം സുഖത്തിനല്ലാതെ  അവൻ പലതും പ്രവർത്തിക്കുന്നിലേ  എന്നു സംശയം തോന്നാം.  ഉദാഹരണത്തിനു ഒരമ്മ  സ്വന്തം മക്കൾക്കു വേണ്ടി എന്തല്ലാം തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്നു   ത്യാഗങ്ങൾ സഹിക്കുന്നു.    മഹാന്മാരായിട്ടുള്ളവർ ലോകനന്മക്ക് വേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നു. സൂക്ഷ്മമായി ചിന്തിച്ചാൽ ഇതും അവരുടെ സുഖത്തിനുവേണ്ടി തന്നെയാണെന്നു മനസ്സിലാക്കാം. മക്കൾക്ക് വേണ്ടി  കഷ്ട്പ്പാട് അനുഭവിച്ചിലെങ്കിൽ അമ്മക്ക് ദുഃഖമുണ്ടാകുന്നു.   ലോകനന്മക്ക് വേണ്ടി  ത്യാഗമനുഭവിച്ചിലെങ്കിൽ മഹാന്മാർക്ക്   ദുഃഖമുണ്ടാകുന്നു. നാം കരയുന്നതുപോലും സ്വന്തം സുഖത്തിനു വേണ്ടിയാണ്.  കരയുമ്പോൾ നമുക്ക് ആശ്വാസം കിട്ടുന്നു. ഇങ്ങനെ ബോധപൂർവ്വമോ അബോധാപൂർവ്വമോ ആയ സകല പ്രവർത്തനങ്ങളും സുഖത്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാം.

എന്താണ് യഥാർത്ഥത്തിൽ ഈ സുഖം?

കണ്ണ് മൂക്ക് നാക്ക് ചെവി ത്വക്ക്  എന്നീ പഞ്ചേന്ദ്രിയങ്ങൾ വഴി വിഷയബോധം   മനസ്സിലെത്തുമ്പോഴുള്ള അനുഭൂതിയാണ് സുഖം. കാതിൽ കൂടി കേട്ടും,   ത്വക്കിൽക്കൂടി  സ്പർശിച്ചും, കണ്ണിൽക്കൂടി  കണ്ടും,   നാക്കിൽക്കൂടി രുചിച്ചും.  മൂക്കിൽ കൂടി മണത്തും. ഇങ്ങനെ ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ആയി   സുഖം അനുഭവപ്പെടുന്നു. എല്ലാ ഭൗതീകസുഖങ്ങളും ഈ അഞ്ചു ഇന്ദ്രിയങ്ങൾ വഴി കിട്ടുന്നതാണ്.    ഈ അനുഭവം അതാതിന് ഉതകുന്ന  വസ്തുക്കളെ ആശ്രയിച്ചാണ്.  നല്ല കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.   തൊലിക്ക് സുഖകരമായ സ്പർശമുണ്ടാകുമ്പോൾ സുഖം തോന്നുന്നു.. രുചികരമായ പ്രാദാർത്ഥങ്ങൾ നാക്കിൽകൂടി അനുഭവിക്കുന്നു. പൂക്കളിൽ നിന്നും  മറ്റുമുണ്ടാകുന്ന സുഗന്ധം  മൂക്കിൽ കൂടി സുഖമുണ്ടാക്കുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളിൽ കൂടി സുഖമനുഭവിക്കാൻ   വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു.  യഥേഷ്ഠം അനുഭവിക്കാൻ കഴിഞ്ഞാൽ  സുഖമായി എന്നു തെറ്റിദ്ധരിച്ച് അവ സമ്പാദിക്കുവാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ വസ്തുക്കളെല്ലാം നശ്വരമായതു കൊണ്ട്  അതിൽ നിന്നും ലഭിക്കുന്ന സുഖവും നശ്വരമാണ്.   മാത്രമല്ല കാലപഴക്കങ്ങൾ കൊണ്ട് ഇന്ദ്രിയങ്ങൾ ബലഹീനമാകുന്നതോടെ  അവ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്മാകുന്നു.   ഈ വക വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും ഒരിക്കൽ അവയൊക്കെ എന്നെന്നേക്കുമായി.  വിട്ടു പിരിയത്തക്ക വിധത്തിൽ ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്നു.  വസ്തുക്കളിൽ നിന്നും കിട്ടുന്ന സുഖത്തിന് പ്രാകാരഭേദമുണ്ട്.  ഒരു വസ്തുവിൽ നിന്നും ഒരാൾക്ക് സുഖമായി തോന്നുന്ന അനുഭവം മറ്റൊരാൾക്ക് സുഖമായി കൊള്ളണമെന്നില്ല.    നമുക്കെല്ലാം വളരെ വെറുപ്പുണ്ടാക്കുന്ന   ചീഞ്ഞളിഞ്ഞ ദുർഗന്ധം  വമിക്കുന്ന ചില വസ്തുക്കൾ ചില ജന്തുക്കൾ ഭക്ഷിക്കുന്നതു കണ്ടീട്ടില്ലേ.  ആ ഗന്ധവും അതിന്റെ രുചിയും  അവക്ക് അതു വളരെ ഇഷ്ടമായതു കൊണ്ടാണല്ലോ അവഭക്ഷിക്കുന്നത്.   നാം നല്ല വസ്തുക്കൾ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ്   അവക്കും  ആ വകവസ്തുക്കളിൽ നിന്നും  ലഭിക്കുന്നത്.  അവവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഇഷ്ട്പ്പെടാത്ത വസ്തുക്കൾ അവനവന് ചീത്ത,  ഇഷ്ട്പ്പെടുന്നത്  നല്ലത്.  അതായത് ഒരു ജീവിക്കിഷ്ട്പ്പെടുന്നത്  മറ്റൊരു ജീവിക്ക് ഇഷ്ട്പ്പെടുന്നില്ല.  ഇതിൽ നിന്നും  ഗുണദോഷങ്ങൾ പഞ്ചേന്ദ്രിയങ്ങളെ   ആശ്രയിച്ചാണ് എന്ന് അറിയാൻ കഴിയും. വസ്തുക്കൾക്ക് മാറ്റമുണ്ടെങ്കിലും അവയിൽ നിന്നും ലഭിക്കുന്ന  അനുഭൂതികൾ എല്ലാ ജീവികൾക്കും ഒരു പോലെയാണ്. ഇതിൽ നിന്നും സുഖം വസ്തുക്കളിലല്ല.  സ്വന്തം ഉള്ളിൽ തന്നെയാണ് എന്നു മനസ്സിലാക്കാം.

ഉള്ളിലുള്ള സുഖം കണ്ടെത്തുമ്പോഴാണ് പരിപൂർണ്ണമായ ആനന്ദമുണ്ടാകുന്നത്.  അതനശ്വരമാണ്,    വസ്തുക്കളെ ആശ്രയിക്കാതെ  ഇന്ദ്രിയാതീതമായ ആ ആനന്ദത്തിൽ എത്തിചേരുക എന്നതാണ് ജീവിത ലക്ഷ്യം .  അതിനു മനുഷ്യനു മാത്രമേ കഴിയൂ .  ഇതാണ് ഇതരജീവികളെ  മനുഷ്യനുള്ള മേന്മ.