ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 October 2017

തീര്‍ത്ഥാടനം

തീര്‍ത്ഥാടനം

തീര്‍ത്ഥാടനം എന്ന പദത്തില്‍ ക്ഷേത്രം അന്തര്‍ഭവിക്കുന്നില്ല. തീര്‍ത്ഥങ്ങളാണ് അതിലെ പ്രതിപാദ്യ വിഷയം. ഗംഗ തുടങ്ങിയ പവിത്രങ്ങളായ സരിത്തുകള്‍ ഭാരതഭൂമിയിലുള്ളത് വളരെ പവിത്രമാണെന്നും അവയില്‍ പോയി മുങ്ങിക്കുളിക്കുന്നതുകൊണ്ട് പാപങ്ങളെല്ലാം കഴുകിക്കളയുമെന്നും നാം ആത്മീയമായി പരിശുദ്ധിയാര്‍ജിക്കുമെന്നുമുള്ള വിശ്വാസം ഇവിടെ രൂഢമൂലമായിട്ടുണ്ട്. ക്ഷേത്രക്കുളങ്ങളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ കുളി എന്നത് ബാഹ്യസ്നാനമല്ലെന്നും സഹസ്രാരപത്മത്തില്‍നിന്നുള്ള അമൃതവര്‍ഷണത്തിന്റെ ആപ്ലാവനമാണ്. അങ്ങനെ ആകുമ്പോള്‍ ആ യോഗി ശരീരത്തിലുള്ള അമൃതവാഹിനികളായ നാഡികളും കോശങ്ങളുമായിരിക്കണം ഭാരതത്തിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. അതുകൊണ്ട് ഈ വിശ്വാസത്തിന് ശാസ്ത്രീയതയുണ്ട്.

അത് വെറുമൊരു അന്ധവിശ്വാസമാണെന്നു പറയുന്നത് ശരിയല്ല. പില്‍ക്കാലത്ത് ക്ഷേത്രങ്ങളുടെ പ്രാധാന്യം വര്‍ധിച്ചപ്പോള്‍ പവിത്രതയെയും ആധ്യാത്മികതയെയും തേടിയുള്ള ഈ യാത്ര ഭാരതത്തിലുള്ള മഹാക്ഷേത്രങ്ങളിലേക്കുമായി. അങ്ങനെ നമ്മുടെ കേരളത്തിലും വളരെ നൂറ്റാണ്ടുകള്‍തന്നെ പഴക്കമുള്ള ശബരിമല, കൊട്ടിയൂര്‍ തുടങ്ങിയ ചൈതന്യക്ഷേത്രങ്ങളിലേക്ക് ഏതാണ്ട് സംഘടിതമായ രീതിയില്‍ തീര്‍ത്ഥാടനം ആരംഭിച്ചു. അതിന്റെ പിന്നില്‍ ഐതിഹ്യവും ചരിത്രവും മറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ടാകാം. അത്തരം തീര്‍ത്ഥാടനങ്ങള്‍ക്ക് പ്രതേ്യകം വ്രതാനുഷ്ഠാനങ്ങളും പതിവുണ്ട്.

വ്രതധാരികളായി നെയ്ത്തേങ്ങയുമായി ശബരിമലയില്‍ ചെല്ലുകയും അതിനടുത്തുള്ള പമ്പാനദിയില്‍ സ്നാനം ചെയ്യുകയും ഇൗ തേങ്ങയിലെ നെയ്യ് അയ്യപ്പന് ആടുകയും ചെയ്യുക എന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ മുഖ്യചടങ്ങ്. നെയ്യ് സൂര്യന്റെയും മുകളിലേക്കുയരുന്ന ആധ്യാത്മിക ചൈതന്യത്തിന്റെയും പ്രതീകമാണ്. നാളികേരം സഹസ്രാരപത്മത്തിന്റെയും. അങ്ങനെ നെയ്ത്തേങ്ങ നമ്മുടെ ആധ്യാത്മിക ചൈതന്യം സഹസ്രാരത്തിലെത്തിയതിനെ സൂചിപ്പിക്കുന്നു. ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം പിന്നീട് ഈ തീര്‍ത്ഥാടനത്തിന്റെ ആരാധ്യദേവതയായ ഹരിഹരപുത്രന്റെ വിഗ്രഹത്തില്‍ ആടുമ്പോള്‍ അത് അമൃതവര്‍ഷണം തന്നെയാണ്. ഈ ശബരിമല അയ്യപ്പവിഗ്രഹം ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലും അത് ഒരു യോഗീശ്വരപദവിയിലിരിക്കുന്ന ഒരു ദിവ്യചൈതന്യമായതിനാലും ശബരിമല കൈലാസം പോലെ സഹസ്രാരത്തെ സൂചിപ്പിക്കുന്നു എന്നു മൊത്തത്തില്‍ പറയാം. അതിനുപുറമെ മൊത്തത്തില്‍ ഏതു ക്ഷേത്രത്തിന്റെ ശ്രീകോവിലും സഹസ്രാരസൂചകമാണല്ലോ.

ഇതിനുവേണ്ടി ഒരു മണ്ഡലകാലത്തെ വൃശ്ചികം 1 മുതല്‍ 41 ദിവസങ്ങളിലെ കഠിനമായ തപസ്സ് അനുഷ്ഠിക്കേണ്ടതുണ്ട്. അതിന്റെ ഫലമായി ഉണ്ടാകുന്ന ആധ്യാത്മിക ശക്തിയാണ് നെയ്യ്. തീര്‍ത്ഥാടനത്തിന്റെ തൊട്ടുമുമ്പിലായി നെയ് നിറയ്ക്കുന്ന ചടങ്ങുണ്ട്. അതിന് കെട്ടുനിറയ്ക്കുക എന്നു പറയുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപാടും നെയ്ത്തേങ്ങയും മുന്‍വശത്തുള്ള കെട്ടിലും സ്വന്തമാവശ്യമുള്ള സാധനങ്ങള്‍ പിന്‍വശത്തിലുള്ള കെട്ടിലുമാണ് വയ്ക്കുക പതിവ്. ഈ വ്രതനിഷ്ഠയോടുള്ള തപസ്സില്‍ നമുക്കു മാര്‍ഗ്ഗദര്‍ശനം തന്ന ഗുരുഭൂതനായ വ്യക്തിയെ അയ്യപ്പന്റെ പ്രതിനിധിയായി കല്‍പിച്ച്‌ ഗുരുസ്വാമി എന്നു വിളിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തില്‍ ഈ ഗുരുസ്വാമി പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.

അങ്ങനെ ഓരോ ഗുരുസ്വാമിയും താന്‍ ശിഷ്യന്മാരായി കുറച്ചുപേരെ കൂട്ടിയ ഒരു സംഘം ആയി ഘോരവനാന്തരങ്ങളിലൂടെ കാടും മേടും കടന്ന് പമ്പാതീരത്തെത്തുന്നു. അവിടെ സ്നാനവും സ്നാനത്തിനു മുമ്പ് പിതൃക്രിയയുമാണ് പ്രധാനം. ഏത് തീര്‍ത്ഥാടനത്തിലും ഈ പ്രക്രിയ പതിവുണ്ട്. മന്ത്രദീക്ഷക്കും മറ്റേതു പവിത്രകര്‍മ്മത്തിനും സന്ധ്യാവന്ദനത്തിനും മുമ്പായി നമുക്കു ജന്മം നല്‍കിയിട്ടുള്ള പിതൃക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഒരു അനിവാര്യ ഘടകമാണ്. മനുഷ്യന്റെ ജൈവശാസ്ത്രപരമായ വേരുകളില്‍ എല്ലാ കുഴപ്പങ്ങളും തീര്‍ത്തിട്ടു വേണമല്ലോ വാസ്തവത്തില്‍ ജീവിക്കുവാന്‍തന്നെ. ആധ്യാത്മിക പ്രയാണത്തില്‍ ഇതിനു പ്രസക്തിയുണ്ട്. കാശി, രാമേശ്വരം, കുരുക്ഷേത്ര തുടങ്ങിയ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പിതൃക്രിയയ്ക്ക് അങ്ങനെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് പമ്പയിലും പ്രസക്തമാണ്. അങ്ങനെ പമ്പയില്‍ പിതൃക്രിയ കഴിഞ്ഞ് തീര്‍ത്ഥസ്നാനം നടത്തി ദര്‍ശനത്തിനെത്തുമ്ബോള്‍ അതിനു തൊട്ടുമുമ്ബ് 18-ാം പടി കയറുക എന്ന ചടങ്ങുകൂടിയുണ്ട്.

പഴയകാലത്ത് മലമ്ബ്രദേശത്തുള്ള 18 പ്രതിഷ്ഠകളെ കടന്നു വേണമായിരുന്നുവത്രെ ശബരിമലയിലെത്തുവാന്‍ അവയ്ക്ക് ലോപം വന്ന കാലത്ത് ആ ദേവന്മാരുടെ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച പടികളാണ് ഈ 18 പടികളെന്നും ഈ 18 പടികളിലൂടെ ചവിട്ടി പോകുന്നത് ആ 18 മലകളിലെ തീര്‍ത്ഥാടനത്തിന്റെ ഫലമുളവാക്കുമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനും കേരളത്തിലെ എണ്ണപ്പെട്ട താന്ത്രികാചാര്യനുമായിരുന്ന ശ്രീ താഴമണ്‍ കണ്ഠരര് ശങ്കരര് പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ്. അയ്യപ്പന്റെ നിറമായ കറുപ്പണിഞ്ഞുകൊണ്ട് കാണുന്നതെല്ലാം അയ്യപ്പനെന്ന് ചിന്തിച്ചുവേണം സ്വാമി ശരണമയ്യപ്പാ എന്ന ശരണാഗതിവാക്യം മന്ത്രരൂപേണ എപ്പോഴും ഉരുവിട്ടുകൊണ്ട് സ്വന്തം ഗുരുനാഥന്റെ മാര്‍ഗ്ഗദര്‍ശനം സദാ സ്വീകരിച്ചുകൊണ്ട് തന്റെ തപശ്ശക്തിയുടെ പ്രതീകമായ നെയ് സഹസ്രാരത്തില്‍ എത്തിച്ചുകൊണ്ടുള്ള ഈ തീര്‍ത്ഥാടനം വളരെ ഉയര്‍ന്ന പ്രതീകാത്മകത്വം വഹിക്കുന്നതും അതിശക്തവുമായ ഒന്നത്രേ.

41 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്രതം ആര്‍ത്തവകാലാവര്‍ത്തനം അനുഭവിക്കുന്ന യുവതികള്‍ക്ക് ആ കാരണം കൊണ്ടുതന്നെ നിഷിദ്ധമാണ്. കൊട്ടിയൂരൂം ഇതേ വ്രതാനുഷ്ഠാനവും നെയ്ത്തേങ്ങയുമെല്ലാം പ്രയോഗത്തിലുള്ളതായി കാണാം. 'ഗോവിന്ദ്' എന്ന നാമജപത്തോടും സ്മരണയോടുംകൂടിയ ഈ തീര്‍ത്ഥയാത്ര ദക്ഷന്റെ യാഗധ്വംസനം ചെയ്ത ശിവന്റെയടുത്തേക്കാണെന്നത് രസകരമായ ഒരു കാര്യമാണ്. ഗുരുവായൂര്‍ തുടങ്ങിയ മറ്റ് മഹാക്ഷേത്രങ്ങള്‍ എന്നും പോകാനുള്ളവയാണ്. ശബരിമല തീര്‍ത്ഥാടനം മകരസംക്രമത്തിനും കൊട്ടിയൂരില്‍ ഉത്തരായനത്തിന്റെ മധ്യാഹ്നത്തിലും ആലുവയില്‍ ശിവരാത്രി ഉത്സവത്തിനും മറ്റുമാണ് തീര്‍ത്ഥാടനസമയങ്ങളായി കണക്കാക്കപ്പെട്ടിട്ടുള്ളത്.

മകരസംക്രമം എന്ന സൂര്യന്റെ ഊര്‍ദ്ധ്വമുഖപ്രയാണം ഭൂമധ്യരേഖയുടെ മനുഷ്യദേഹത്തിലുള്ള കുണ്ഡലിനീ ശക്തിയുടെ ഊര്‍ദ്ധ്വപ്രവാഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ആരംഭമായ മകരസംക്രമം ആ തരത്തില്‍ ഒരു കുണ്ഡലിനി പ്രബോധനകാലമാണ്. ദിവസത്തിന്റെ പകല്‍ ഭാഗം ഈ ഊര്‍ദ്ധ്വപ്രയാണമായും രാത്രിഭാഗം അധഃപ്രയാണവുമായി കല്‍പ്പിക്കുകയാണെങ്കില്‍ പ്രഭാതം മൂലാധാരസംബന്ധിയാണെന്നും മനസ്സിലാക്കാം.
(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന് )

ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ?

ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ?

ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് സമ്ബന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്. ശയനപ്രദക്ഷിണം ഒരു ആരാധനയാണ്. നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരുന്ന, ചൈതന്യത്തിന്റെ ഉറവിടമായ ആരാധനാ മൂര്‍ത്തിക്ക് മുമ്പിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.

പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്. ശബരിമലയിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് ശയനപ്രദക്ഷിണം.

കാടും മലയും കടന്ന് ശബരിമലയില്‍ എത്തുന്നതു പോലെ പ്രയാസകരമാണ് ശയനപ്രദക്ഷിണവും.ആത്മസാക്ഷാത്കാരത്തിനുള്ള ഭക്തന്റെ അധ്വാനമാണ് വൃതാനുഷ്ഠാനങ്ങള്‍. മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തനനുഷ്ഠിക്കുന്ന വൃതം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.

ദര്‍ശനം പോലെ തന്നെ ക്ഷേത്രങ്ങളിലെ ശയനപ്രദക്ഷണിമെന്നതും ഏറ്റുവും പുണ്യമായി ഭക്തര്‍ കരുതുന്നു.

ശയനപ്രദക്ഷിണത്തിലൂടെ മനസ്സും ശരീരവും ഭക്തന്‍ ഒരുപോലെ ഈശ്വരന് മുന്നില്‍ സമര്‍പ്പിക്കുകയാണ്. ഭഗവാന് മുന്നില്‍ ഭക്തന്‍ ഭക്തിയോടെ സമര്‍പ്പിക്കുന്ന കഠിന വഴിപാടുകളിലൊന്നാണ് ശയനപ്രദക്ഷിണം. അത് തത്ത്വമസിപ്പൊരുളിനുള്ള ഭക്തന്റെ ആത്മസമര്‍പ്പണം തന്നെയാണ്.



അപ്രിയമാകാതെ എങ്ങനെ സത്യങ്ങള്‍ പറയണം

അപ്രിയമാകാതെ എങ്ങനെ സത്യങ്ങള്‍ പറയണം

സത്യങ്ങള്‍ അപ്രിയമാണെങ്കില്‍ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. അപ്രിയമായിപ്പറയുന്നത് ശരിയല്ല. പിന്നെ എങ്ങനെ പറയും. ശ്രീനാരദര്‍ അതു കാണിച്ചുതരുന്നു.
ഒരുനാള്‍ യുധിഷ്ഠിരന്‍ പ്രഭാതകൃത്യങ്ങളും പൂജകളും ദാനങ്ങളുമെല്ലാം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ കുന്തീദേവി, ഗാന്ധാരി, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവരെ അവിടെയൊന്നും കാണാനില്ല. മാതാപിതാക്കന്മാരെയാരെയും കാണാതെ അദ്ദേഹം വേദനിച്ചു.

സഞ്ജയന്‍ തുടങ്ങിയവരോടന്വേഷിച്ചിട്ടും അവരെ സംബന്ധിച്ച ഒരു വിവരവും കിട്ടിയില്ല. കുരുക്ഷേത്ര യുദ്ധം മുഴുവന്‍ നേരില്‍കണ്ട് ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞുകൊടുത്ത ആ ദിവ്യദൃഷ്ടിക്കാരന് ഇപ്പോള്‍ അടുത്തുള്ളതുപോലും പ്രകടമാകുന്നില്ല. ജീവന്‍ വിട്ടുപോയ ശരീരത്തെപ്പോലെ സഞ്ജയന്‍ ജീവച്ഛവമായി.

യുധിഷ്ഠിരനും സഹോദരങ്ങളും മനമുരുകി നിന്നു. ഇവര്‍ എവിടെപ്പോയി. ഇനി എവിടെ അന്വേഷിക്കാനാണ്? ഇവര്‍ക്കെന്തു സംഭവിച്ചു? ഇനി ഞങ്ങളുടെ ശ്രദ്ധക്കുറവില്‍ വിഷമിച്ച്‌ അവര്‍ നാടുവിട്ടുപോയോ? അതോ മനംനൊന്ത് ഗംഗയില്‍ മുങ്ങി ജീവന്‍ വെടിഞ്ഞുവോ? ഈ പാപങ്ങളെല്ലാം ഞാന്‍ എങ്ങനെ കഴുകിക്കളയും?

ഇത്തരം ചിന്തകളുമായി വിഷമിച്ചിരിക്കുമ്പോഴാണ് നാരദമഹര്‍ഷി അവിടെ വന്നുകയറിയത്. പാദപൂജകള്‍ ചടങ്ങുപോലുമില്ലാതെ എഴുന്നേറ്റു നില്‍ക്കലില്‍ ഒതുക്കി. നാരദരോട് സങ്കടാവസ്ഥകള്‍ വിവരിച്ചു.

നാരദര്‍ മറുപടി നല്‍കി. ഹേ യുധിഷ്ഠിരാ, "മാ കംചന ശുചോ രാജന്യദീശ്വരവശം ജഗത്" ആരെക്കുറിച്ചും ശോകമരുത്. ഹേ രാജന്‍, ഈ ജഗത്തുമുഴുവന്‍ ഈശ്വരവശമാണ്. നടക്കുന്നതെല്ലാം ഈശ്വരകല്‍പ്പിതമാണ്. പഞ്ചഭൂതങ്ങളെ കൂട്ടിച്ചേര്‍ത്ത് വസ്തുക്കള്‍ ഉണ്ടാക്കുന്നതും അവയെ വേര്‍പെടുത്തി ഇല്ലാതാക്കുന്നതും ഭഗവാന്‍ തന്നെ. അതുകൊണ്ട് ഹേ മഹാത്മന്‍ അങ്ങ് അതൊന്നുമാലോചിച്ച്‌ വിഷമിക്കരുത്.

ക്രീഡാവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും വേര്‍പിരിക്കുകയുമൊക്കെ ചെയ്യുന്നത് കളിക്കാരന്റെ ഇഷ്ടാനുസരണമാണ്. "സ്യാതാം തഥൈവേശേഛയാ നൃണാം" ഈശ്വരേച്ഛപോലെ അതെല്ലാം സംഭവിക്കുന്നു.

പിന്നെ ലോകത്തിന്റെ അവസ്ഥയെ എങ്ങനെ, ഏതു മനോഭാവത്തോടെ നോക്കിക്കാണുന്നു എന്നതിനനുസരിച്ചാണ് ശോക കാരണമാകുന്നത്. ലോകം നശ്വരമോ (നശിക്കുന്നത്) അനശ്വരമോ (നശിക്കാത്തത്) അതോ ഇതുരണ്ടുമല്ലാത്ത അവസ്ഥയാണോ ഇതെല്ലാം മനസ്സിന്റെ ചിന്താശക്തിക്കനുസരിച്ച്‌ നോക്കിക്കാണാം. കാണുന്ന വസ്തു, ആലോകനം ചെയ്യുന്ന വസ്തുവാണ് ലോകം. അത് നശ്വരമാണ്. കണ്ണിനു കാണാന്‍ കഴിയാത്ത ജീവശക്തിയാണ് ലോകമെങ്കില്‍ അനശ്വരമാണത്.

ഉഭയചിന്തയില്‍ സത്തും ജഡവും ചേര്‍ന്നതാണെന്നു ചിന്തിച്ചാല്‍ രണ്ടുമല്ലെന്നു മനസ്സിലാക്കാം. പ്രകൃതി പുരുഷന്മാര്‍ ഒന്നെന്നു കണ്ടാല്‍ ബ്രഹ്മം മാത്രമല്ലാതെ മറ്റൊന്നുമില്ല. പിന്നെ ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യം തന്നെയില്ല.

മാതാപിതാക്കന്മാരെ രക്ഷിക്കുന്നതും രക്ഷിക്കേണ്ടതും അങ്ങാണെന്ന ചിന്തയും ശരിയല്ല. ജീവോജീവസ്യ ജീവനം എന്നാണ് ശാസ്ത്രം. ഉപജീവനത്തിനുള്ള വസ്തുക്കള്‍ ജഗത്തില്‍ ബാക്കിയുണ്ട്. രക്ഷിക്കുന്നവനും രക്ഷിക്കപ്പെടുന്നവനും എല്ലാം ഭഗവാന്‍ തന്നെയെന്നറിഞ്ഞ് അങ്ങോട്ട് സമര്‍പ്പിച്ചേക്കുക.

26 October 2017

പ്രദക്ഷിണം വെക്കേണ്ടത് എപ്രകാരം

പ്രദക്ഷിണം വെക്കേണ്ടത് എപ്രകാരം

പദാത് പദാനുരംഗ ഛേത് കരൗചല
വിവര്‍ജ്ജിതൗ
സ്തുതിര്‍വാചിര്‍ഹൃദി ധ്യാനം
ചതുരംഗം പ്രദക്ഷിണം

ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകള്‍ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തില്‍ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തില്‍ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിനിങ്ങനെ നാലാംഗങ്ങള്‍ ഉണ്ടെന്നാണ് താല്‍പര്യം.

ആസന്ന പ്രസവാ നാരീ
തൈലപൂര്‍ണ്ണം യഥാഘടം
വഹന്തീകര്യാതി
തഥാകാര്യാല്‍ പ്രദക്ഷിണം

പ്രസവം അടുത്തവളായ ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ഓട്ടപ്രദക്ഷിണം ചെയ്യരുതെന്നാണ് ഇവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്. ഭക്തിപരവശന്മാരായുള്ളവര്‍ സ്വന്തം ദേഹത്തെ ആകമാനം നിലത്തുകിടത്തി ശയനപ്രദക്ഷിണവും നിര്‍വഹിക്കാറുണ്ട്. ഈ പ്രദക്ഷിണം ഈശ്വരപ്രീതിക്കുവേണ്ടിയുള്ള ദുര്‍ഘടമായ സാധനാ മാര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.

പ്രദക്ഷിണ കാലത്തെക്കുറിച്ചും വിധികളുണ്ട്.

പൂര്‍വ്വാഹ്നേ വ്യാധിനാശസ്യാല്‍ മദ്ധ്യാഹ്നേ
വാഞ്ഛിതാര്‍ത്ഥദം
സായാഹ്നേ സര്‍വ്വപാപഘ്‌നം അര്‍ദ്ധയാമേ
വിമുക്തിദം

കാലത്തുചെയ്യുന്ന പ്രദക്ഷിണം രോഗനാശവും മദ്ധ്യാഹ്നകാലത്തുചെയ്യുന്ന പ്രദക്ഷിണം സര്‍വ്വാഭിഷ്ടദായകവും സായാഹ്നകാലത്തുചെയ്യുന്നത് എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രിയില്‍ ചെയ്യുന്നത്
മുക്തിപ്രദവുമത്രെ.

സൂര്യോദയം സമാരഭ്യയാവദസ്തം
രവേര്‍ഭവേത്
താവത് പ്രദക്ഷിണം കൃത്വാസര്‍വ്വാന്‍
കാമാവാപ്‌നുയാത്

സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ ചെയ്യുന്ന പ്രദക്ഷിണ വ്രതത്താല്‍ എല്ലാ ആഗ്രഹങ്ങളും സഫലീകൃതങ്ങളാകുന്നു.

പ്രദക്ഷിണങ്ങളുടെ എണ്ണം

ഏകവിംശതി സംഖ്യാകാദുത്തമംതുപ്രക്ഷിണം

ഇരുപത്തൊന്നു പ്രാവശ്യം ചെയ്യുന്ന പ്രദക്ഷിണമാണത്രെ ഉത്തമമായിട്ടുള്ളത്.

ഏകം വിനായകേ കുര്യാല്‍ദ്വേ
സൂര്യേത്രീണി ശങ്കരേ
ചത്വാരി ദേവ്യാവിഷ്‌ണോശ്ച
സപ്താശ്വത്ഥ പ്രദക്ഷിണം

ഗണപതിക്ക് ഒന്ന്
സൂര്യന് രണ്ട്
ശിവന് മൂന്ന്
ദേവിയ്ക്ക് വിഷ്ണുവിനും നാല്
ആലിന് ഏഴ് പ്രദക്ഷിണങ്ങള്‍ ഉത്തമങ്ങളാണ്.

രാജന്‍ പ്രദക്ഷിണൈകേന മുച്യതേ
ബ്രഹ്മഹത്യയാ
ദ്വിതീയേനാധികാരീസ്യാല്‍ തൃതീയെ
നൈന്ദ്രസംപദ
(ബ്രഹ്മനാരദീയം)

ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മഹത്യാദിപാപങ്ങള്‍ മുഴുവന്‍ നശിക്കുമെന്നും രണ്ടാമത്തേതുകൊണ്ട് ദേവനെ ആരാധിക്കുവാന്‍ അധികാരി ആകുമെന്നും മൂന്നാമത്തേതുകൊണ്ട് ഭോഗസുഖങ്ങള്‍ ലഭിച്ചു സിദ്ധിനേടുമെന്നും ഇതുകൊണ്ട് പറയുന്നു.

(മാധവജിയുടെ ക്ഷേത്രചൈതന്യ
രഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്)

മനുഷ്യശരീരത്തിലെ ശക്തികൾ

മനുഷ്യശരീരത്തിലെ  ശക്തികൾ

ഒരു മനുഷ്യശരീരത്തില്‍ എപ്രകാരം ഈ ശക്തികള്‍ ഉള്‍ക്കൊള്ളുന്നുവെന്നു ചിന്തിക്കാം. ആയുര്‍വേദപ്രകാരവും യോഗശാസ്ത്രപ്രകാരവും മനുഷ്യശരീരം സ്ഥൂല-സൂക്ഷ്മ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാണപ്പെടുന്ന സ്ഥൂലശരീരം അന്നമയ കോശങ്ങൡ നിര്‍മ്മിതമാണ്. അതായത് കഴിക്കുന്ന ആഹാരത്തില്‍നിന്നും വളരുന്ന ശരീരം. ഇതുകൂടാതെ സൂക്ഷ്മവും അതിസൂക്ഷ്മവുമായ മറ്റ് നാലുതരം കോശങ്ങളും കൂടി ചേരുന്നതാണ് മനുഷ്യശരീരം.

അവ പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ്. ഇൗ കോശങ്ങളാല്‍ നിര്‍മ്മിതമായ ഓരോ തലവും ഒന്നിനു മുകളില്‍ അഥവാ ഒന്നിനൊന്നിലുള്ളില്‍ മറ്റൊന്ന് എന്ന വിധത്തില്‍ ആണ് എങ്കിലും, ഉള്ളിയുടെ തൊലികള്‍ അടുക്കിവച്ചിരിക്കുന്ന വിധമല്ലതാനും. ഇവയുടെ ഘടന സംസ്‌കൃതത്തില്‍ ‘ഓതപ്രോത’മെന്നു പറയുന്നു. അതായത് ഓരോ തലവും പരസ്പരം കയറിയിറങ്ങിയും, നട്ടെല്ലിനുള്ളില്‍ സ്ഥിതിചെയ്യുന്ന സുഷുമ്‌ന എന്ന നാഡിയിലെ മൂലാധാരം മുതല്‍ ഉപരിയുപരിയായുള്ള ചക്രങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഈ അഞ്ചുതരം കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ശരീരതലങ്ങളെ ആകെക്കൂടി സൂക്ഷ്മ (പരീവേഷശരീരം/Aura) ശരീരമെന്നറിയപ്പെടുന്നു.

ആധികാരികമായ ഈ ഘടനാ വിശേഷങ്ങള്‍ യോഗശാസ്ത്ര പ്രകാരമുള്ളതും, ഹൈന്ദവമായ എല്ലാ ആധ്യാത്മികതത്വങ്ങളുടെയും (മന്ത്ര-തന്ത്ര-യോഗശാസ്ത്രം) അടിസ്ഥാനവുമാണ്. ഏറെക്കാലം വിശ്വാസം മാത്രമായിരുന്ന ഈ ശരീരസൂക്ഷ്മഘടന ശരിയാണെന്ന് ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പു കണ്ടുപിടിച്ചതായ ‘കിര്‍ലിയന്‍ ക്യാമറ’യിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എനര്‍ജിയുടെയും ശബ്ദത്തിന്റെയും വരെ ഫോട്ടോ എടുക്കുവാന്‍ പ്രാപ്തമായ ക്യാമറയാണ് കിര്‍ലിന്‍ ക്യാമറ. ഈ ക്യാമറ വഴി മനുഷ്യശരീരത്തിലെ ‘ഓറ’യുടെയും ആധാരചക്രങ്ങളുടെയും വ്യക്തമായ ഫോട്ടോകള്‍ എടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയില്ല.

ആധുനികശാസ്ത്രം ഒരു വസ്തുവിന്റെ (matter) അവസ്ഥകളെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അവ ഘരം, ദ്രാവകം, വാതകം, പ്ലാസ്മ, ബയോപ്ലാസ്മ എന്ന അഞ്ച് അവസ്ഥകള്‍ / തലങ്ങളാണ്. ഇതില്‍ അതിസൂക്ഷ്മമായ ബയോപ്ലാസ്മ കൊണ്ടാണ് മനുഷ്യന്റെ സൂക്ഷ്മശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ശക്തിയേറിയ മൈക്രോസ്‌കോപ്പിലൂടെ പോലും സൂക്ഷ്മശരീരത്തിന്റെ പടമെടുക്കുക അസാധ്യമാണ്. ദേവീചൈതന്യത്തിന്റെ പ്രഭാവവും സാന്നിധ്യവും മനുഷ്യശരീരത്തില്‍ എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാകണമെങ്കില്‍ സൂക്ഷ്മശരീരഘടനയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാണ്.

ഗുരുവിന്റെ പത്തു ലക്ഷണങ്ങള്‍

ഗുരുവിന്റെ പത്തു ലക്ഷണങ്ങള്‍

1) ആചാര്യന്‍
ഒന്നാമതായി ഗുരു ആചാര്യനായിരിക്കണം. വിഷയത്തിന്റെ പൊരുളറിഞ്ഞ് അതു പ്രാവര്‍ത്തികമാക്കുന്നവനാണ് ആചാര്യന്‍. ചിന്തയും ഗവേഷണ പടുതയും ആചാര്യനുണ്ടാവും. ആചരണമാണാവശ്യം; പ്രചരണമല്ല.

2) വേദസമ്പന്നന്‍
അറിയേണ്ടവ അറിഞ്ഞ് അറിവാക്കി മാറ്റിയവനാകണം ഗുരു. വേദം ഗ്രഹിച്ചവന്‍ എന്നും പറയാം. യഥാര്‍ത്ഥ ഗുരു വേദവിത്തായിരിക്കും.

3) ദൈവഭക്തന്‍
ഗുരു ഈശ്വരവിശ്വാസിയാവണം. നാസ്തിക ചിന്താഗതി പാടില്ല. ദൈവ പദത്തിനര്‍ത്ഥം വ്യാപനപ്രകൃതയുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ ഗുരു അറിഞ്ഞ് ശിഷ്യരെ അറിയിക്കണം.

4) വിമത്സരന്‍
സദ്ഗുരുവിനൊരിക്കലും മത്സരബുദ്ധി ഉണ്ടാവരുത്. ഗുരു അഥവാ ആരോടാണ് മത്സരിക്കുക? ശിഷ്യര്‍ യഥാബലം ആരോഗ്യകരമായി മത്സരിക്കട്ടെ. കോപവും മദവും ഉല്‍പ്പാദിപ്പിക്കുവാനാവരുത് മത്സരം.

5) മന്ത്രജ്ഞന്‍
മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അതത്രെ മന്ത്രം, മന്ത്രത്തെ അറിയുക എന്നാല്‍ മന്ത്രത്തെ സാക്ഷാത്കരിക്കുക എന്നര്‍ത്ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.

6) മന്ത്രഭക്തന്‍
മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവന്‍ മന്ത്രഭക്തന്‍. ഗുരു മന്ത്രഭോക്താവ് ആയിരിക്കണം.

7) മന്ത്രാര്‍ത്ഥദന്‍
മന്ത്രദ്രഷ്ടാവും മന്ത്രഭക്തനുമായതിനുശേഷം മന്ത്രാര്‍ത്ഥത്തെ മറ്റുള്ളവര്‍ക്ക് എപ്പോഴും പകര്‍ന്നു കൊടുക്കുന്നവനാവണം സദ്ഗുരു.

8) ഗുരുഭക്തന്‍
യഥാര്‍ത്ഥ ഗുരു തന്റെ ഗുരുവിനെ നിരന്തരം സ്മരിക്കുന്നവനാവണം. ഗുരുവിനെ ധ്യാനിക്കുന്നവനാവണം. ഗുരു പൂജക്ക് പാരസ്പര്യം നിലനിര്‍ത്തേണ്ടതുണ്ട്.

9) ശുചി
ഗുരു ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാവണം. ദേഹശുദ്ധിയും ചിത്തശുദ്ധിയും നിര്‍ബന്ധം തന്നെ.

10) പുരാണജ്ഞന്‍
പുരാണം പഠിച്ചവനും പുരാണപുരുഷനെ ഉപദര്‍ശിക്കുന്നവനുമാവണം സദ്ഗുരു. എന്നും നവമായിരിക്കുന്നതെന്തോ അതാണ് പുരാണം. ഗുരു ജ്ഞാനസിന്ധുവും ദയാസിന്ധുമാവണമെന്ന് പ്രശ്‌നോപനിഷത്ത്.

ബലിപീഠങ്ങളും ബലിക്രിയകളും

ബലിപീഠങ്ങളും ബലിക്രിയകളും

ക്ഷേത്രസങ്കല്‍പത്തെപ്പറ്റി പഠിക്കുമ്പോള്‍ അകത്തെ ബലിവട്ടത്തെയും പുറത്തെ ബലിവട്ടത്തെയും പറ്റി പറഞ്ഞിരിക്കും. ദേവന്റെ പുരോഭാഗത്ത് നാലമ്പലത്തിനുള്ളില്‍ കാണുന്ന പ്രധാന ബലിപീഠങ്ങള്‍ ഇന്ദ്രാദി ദിക്പാലന്മാരുടെയും ബ്രാഹ്മ്യാദി സപ്തമാതൃക്കളുടെയും സ്ഥാനങ്ങള്‍ ആണ്. ആ സങ്കല്‍പങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി അല്‍പം ചിലത് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്.
ക്ഷേത്രശില്‍പത്തിന്റെ അവശ്യഭാഗങ്ങളാണ് പ്രാസാദത്തിന്റെ അഥവാ ശ്രീകോവിലിന്റെ ചുറ്റും കാണുന്ന ബലിപീഠങ്ങള്‍. ദേവശരീരത്തിന്റെ മുഖ്യഘടകങ്ങള്‍ തന്നെയാണ് ആ ബലിപീഠങ്ങള്‍. ശരിക്കും ഒരു പൂജ ചെയ്യണമെങ്കില്‍ ഈ ബലിപീഠസ്ഥദേവതകളെയും അര്‍ച്ചിച്ചേ മതിയാകൂ.

ഈ ക്രിയയാണ് ക്ഷേത്രത്തില്‍ കാണുന്ന ബലിദാനക്രമങ്ങള്‍. സാധാരണ വലിയ ഒരു പൂജ മുഴുമിപ്പിക്കണമെങ്കില്‍ ശ്രീഭൂതബലി എന്ന ബലിക്രിയാദികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉത്‌സവാദ്യവസരങ്ങളില്‍ ഇതേ ക്രിയ കുറച്ചുകൂടി വിസ്തരിക്കുന്നത് മാത്രമാണ് ഉത്‌സവബലി എന്ന ക്രിയ.

ഒരു മന്ത്രത്തിന്റെ സമൂര്‍ത്തമായ ശക്തിരൂപമാണല്ലോ ആ മന്ത്രത്തിന്റെ യന്ത്രം. വാസ്തവത്തില്‍ ക്ഷേത്രം തന്നെ എല്ലാ മന്ത്രങ്ങളെയും കുടിവെയ്ക്കുവാന്‍ തക്കവണ്ണമുള്ള ഒരു സര്‍വ്വമന്ത്രയന്ത്രം തന്നെയാണ്. അതില്‍ ദേവചൈതന്യമാകുന്ന മന്ത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് അതിന്റെ ബിന്ദുസ്ഥാനത്തു വിരാജിക്കുന്ന പ്രതിഷ്ഠാവിഗ്രഹത്തിന്മേലാണ്. അതിനുചുറ്റും ദേവന്റെ ശിരസ്സ് അഥവാ സഹസ്രാരപത്മം തന്നെയായ ശ്രീകോവിലാണ് ഉണ്ടാവുക.

അതിനുശേഷം ഉള്ള മനോമയ ശരീരത്തിന്റെ അതിര്‍ത്തിയാണ് മേല്‍പറഞ്ഞ ഇന്ദ്രാദി ദിക്പാലന്മാരാല്‍ പരിവേഷ്ടിതമായ ചതുരം. ഏതൊരു മന്ത്രത്തിന്റെയും യന്ത്രസംവിധാനത്തില്‍ ഏറ്റവും പുറത്തെ ഭൂപുരം എന്നു പറയുന്ന സ്ഥാനംതന്നെയാണിത്. പാര്‍ത്ഥിവശരീരത്തിന്റെ ബീജരൂപമായി അതിനെ തൊട്ടുകിടക്കുന്ന മനോമയശരീരം തന്നെയാണിത്. ഏതു യന്ത്രത്തിലും ഇൗ ഭൂപുരമെന്ന ചതുരശ്രത്തില്‍ പൂജിക്കാനുള്ളത് ഇന്ദ്രാദി ദിക്പാലകന്മാരെയായിരിക്കും.
അഷ്ടദിക്പാലന്മാര്‍

കിഴക്ക് ഇന്ദ്രന്‍, തെക്കുകിഴക്ക് അഗ്‌നി, തെക്ക് യമന്‍, തെക്കുപടിഞ്ഞാറ് നിരൃതി, പടിഞ്ഞാറ് വരുണന്‍, വടക്കുപടിഞ്ഞാറ് വായു, വടക്ക് സോമന്‍, വടക്ക് കിഴക്ക് ഈശാനന്‍ എന്നീ ദേവതകള്‍ ആണല്ലോ പ്രസിദ്ധന്മാരായ അഷ്ടദിക്പാലകര്‍.

പക്ഷെ ഇതൊരു ദ്വിമാനകല്‍പന ആകുന്നതേയുള്ളൂ. ത്രിമാന കല്‍പനയെടുക്കുകയാണെങ്കില്‍ ഊര്‍ദ്ധ്വഭാഗവും അധോഭാഗവും ചേര്‍ന്ന് ദശദിക്കുകള്‍ ഉണ്ടാകും. പക്ഷെ ക്ഷേത്രമാകുന്ന ദ്വിമാനതലത്തില്‍ ഊര്‍ദ്ധ്വദ്വിക്കിനെയും അതിന്റെ അധിപനായ ബ്രഹ്മാവിനെയും പൂര്‍വ്വേശാന മദ്ധ്യത്തിലും (കിഴക്കിന്റെയും വടക്കുകിഴക്കിന്റെയും മദ്ധ്യം) അധോദിക്കിന്റെയും അതിന്റെ അധിപനായ അനന്തനെയും പശ്ചിമ നിരൃതിമദ്ധ്യത്തിലും (പടിഞ്ഞാറിന്റെയും തെക്കുപടിഞ്ഞാറിന്റെയും മദ്ധ്യത്തിലും) ആണ് സ്ഥാനസങ്കല്‍പം ചെയ്യാറുള്ളത്.

ദിക്കുകളുടെ കല്‍പന മാനസിക സങ്കല്‍പം മാത്രം

വാസ്തവത്തില്‍ ഈ ദിക്കുകളുടെയും വിദിക്കുകളുടെയും കാര്യങ്ങള്‍ സൂക്ഷ്മമായി ചിന്തിച്ചാല്‍ അവ നിരര്‍ത്ഥകങ്ങളാണെന്നും നമ്മുടെ മനസ്സങ്കല്‍പങ്ങള്‍ മാത്രമാണെന്നും കാണാന്‍ പ്രയാസമില്ല. ഒരു പ്രത്യേക സമയത്ത് നാം കിഴക്കോട്ട് എന്നു സങ്കല്‍പ്പിച്ച് വരക്കുന്ന രേഖ അല്‍പനിമിഷങ്ങള്‍ക്കുള്ളില്‍ അല്‍പം ചെരിയുന്നതായിട്ടാണ് വാസ്തവത്തില്‍ മാറുന്നത്. കാരണം സ്വന്തം അച്ചുതണ്ടിന്മേല്‍ കറങ്ങുന്ന നമ്മുടെ ഭൂഗോളത്തില്‍ ഒരു പ്രത്യേക സമയത്ത് നാം വരയ്ക്കുന്ന രേഖ അടുത്ത നിമിഷത്തില്‍ ആ ദിശയില്‍ത്തന്നെ പ്രപഞ്ചത്തില്‍ വര്‍ത്തിക്കുന്നില്ല.

കാലത്ത് 3 മണിക്ക് ഭൂമിയില്‍ അ എന്ന സ്ഥലത്ത് ശരിക്ക് കിഴക്കോട്ടായി വരച്ചതായ രേഖ 10 മണിക്കും ഭൂമിയില്‍ നിവസിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം കിഴക്കോട്ടുതന്നെയാണ് എന്നു പറയാം. 10 മണിക്ക് ആ രേഖ കാണിക്കുന്നത് 8 മണിക്ക് കാണിക്കുന്ന ദിശയല്ല. പകല്‍ 8 മണിക്ക് നാം കിഴക്കോട്ട് എന്ന് സങ്കല്‍പ്പിച്ച് വരയ്ക്കുന്ന രേഖ 8 ന് നാം വരച്ച കിഴക്കു രേഖയുടെ നേരെ എതിര്‍വശമാണ് ചൂണ്ടുകയെന്നത് വളരെ വ്യക്തമാണ്.

വാസ്തവത്തില്‍ നമ്മുടെ കിഴക്ക് എന്ന സങ്കല്‍പദിശ നാം നിവസിക്കുന്ന ഭൂമിയുടെ കറക്കത്തോടൊപ്പം കറങ്ങുകയാണ്. കിഴക്കെന്നത് സൂര്യോദയത്തെ അപേക്ഷിച്ച് നമ്മുടെ ഒരു സങ്കല്‍പം മാത്രമാണ്. വാസ്തവത്തില്‍ സൂര്യന്‍ ഉദിക്കുന്നില്ലല്ലോ. ഭൂമി കറങ്ങുന്നതേ ഉള്ളൂവല്ലോ. അപ്പോള്‍ കിഴക്ക് എന്നത് സൂര്യോദയത്തെ സംബന്ധിച്ച നമ്മുടെ ആ ആപേക്ഷിക സങ്കല്‍പം മാത്രമാണ്.

ആത്യന്തികമായ ഒരു അസ്തിത്വം പ്രപഞ്ചത്തില്‍ നമ്മുടെ കിഴക്ക് എന്ന സങ്കല്‍പത്തിനില്ല. കിഴക്കും പടിഞ്ഞാറും മാറും; അതോടെ അഷ്ടദിക്കുകളും ഭൂമിയോടുകൂടി 24 മണിക്കൂറില്‍ ഒരു വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ കറങ്ങിത്തിരിയുന്ന സങ്കല്‍പങ്ങള്‍ മാത്രമാണ്. അതുപോലെ നാം ഒരു പേടകത്തില്‍ കയറി ചന്ദ്രമണ്ഡലത്തില്‍ നേരെ ഇറങ്ങുകയാണെങ്കില്‍ ഇവിടെനിന്നു സങ്കല്‍പിക്കുന്ന ഊര്‍ദ്ധ്വം എന്ന ദിക്ക് അവിടെ അധോദിക്കായി തീരുമെന്ന് എളുപ്പത്തില്‍ കാണാവുന്നതേയുള്ളൂ.

ഭൂമിയുടെ പരിധി വിട്ട് പ്രപഞ്ചത്തില്‍ കിഴക്കും പടിഞ്ഞാറും മുകളിലും താഴെയും ഒന്നുമില്ല. അതാണല്ലോ ശൂന്യാകാശ സഞ്ചാരികളുടെ അനുഭവവും. അപ്പോള്‍ മനസ്സിന്റെ ചില സങ്കല്‍പങ്ങള്‍ മാത്രമാണ് സ്‌പേസ് എന്നതും അതിന്റെ ദിഗ്വിശേഷങ്ങളും എന്ന് വന്നുകൂടുന്നു.

ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളും ഇവിടെയാണ് വന്നുനില്‍ക്കുന്നത്. പൗരാണിക ഋഷീശ്വരന്മാര്‍ കല്‍പിച്ച ദിക്പാലകന്മാര്‍ വാസ്തവത്തില്‍ നമ്മുടെ മനസ്സിന്റെ അതിര്‍ത്തികളെ കാത്തുസൂക്ഷിക്കുന്ന പ്രപഞ്ചശക്തികളാണ് എന്നതാണ് വാസ്തവം. അങ്ങനെയാണ് ദിക്പാലകന്മാരാല്‍ ആവൃതമായ ആ ചതുരം ദേവന്റെ മനോമണ്ഡലമായിത്തീരുന്നത്.

ദേവന്റെ സൂക്ഷ്മദേഹപരിധിയാണത്. വാസ്തവത്തില്‍ മനസ്സിന് പരിധികളില്ല. സൃഷ്ടിക്കപ്പെട്ട ബ്രഹ്മാണ്ഡത്തോടൊപ്പം വലിച്ചുനീട്ടാന്‍ കഴിയുന്ന ഒന്നാണ് മനസ്സ്. ആ അഖണ്ഡ ബ്രഹ്മാണ്ഡത്തിന്റെ പരിധികള്‍ തന്നെയാണ് ഏതൊരു താന്ത്രിക യന്ത്രത്തിന്റെയും ഏറ്റവും ബാഹ്യാതിര്‍ത്തിയായ ഭൂപുരം പ്രതിനിധാനം ചെയ്യുന്നത്.

ക്ഷേത്രത്തിന്റെ ഈ ഭൂപ്രദേശം ഒരു താന്ത്രികയന്ത്രത്തിന്റെ അതിര്‍ത്തി തന്നെയാണ്. അതാണല്ലോ അതിനു ചുറ്റുമുള്ള പരിക്രമണം പ്രാധാന്യമര്‍ഹിക്കുന്നത്. അകത്തെ ബലിവട്ടത്തെ പ്രദക്ഷിണം വയ്ക്കുന്നത് അതിനാല്‍ ദൃശ്യപ്രപഞ്ചത്തിന്റെ സൂക്ഷ്മാംശത്തെ ഒരുവട്ടം പ്രദക്ഷിണംവയ്ക്കുന്നതിന് തുല്യമാണ്.

ഇന്ദ്രാദി ദിക്പാലന്മാര്‍ അങ്ങനെ ഏതൊരു മന്ത്രദേവതയുടെയും അഥവാ ജീവന്റെയും മനോമണ്ഡലത്തിന്റെ അധിഷ്ഠാതൃദേവതകളാണ്. പഞ്ചഭൂത കല്‍പനയില്‍ ചതുരശ്രമെന്നത് ഭൂമി അഥവാ ഘനീഭൂതമായ സൃഷ്ടിയുടെ അവസാനത്തെ പടിയെ സൂചിപ്പിക്കുന്നു. സൂക്ഷ്മപ്രപഞ്ചവും സ്ഥൂലപ്രപഞ്ചവുമായി സമ്മേളിക്കുന്ന മനസ്സിന്റെ ഏറ്റവും അധോമയ തലങ്ങളാണിത്.

(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്)