ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 January 2025

മധുരവീരൻ

മധുരവീരൻ

തമിഴ്നാട്ടിലും കേരളത്തിലെ ചിലപ്രദേശങ്ങളിലും ദേശത്തിന്റെ കാവൽദൈവമായി ആരാധിച്ചുവരുന്ന ഒരു വീരപുരുഷ ദൈവഭാവമാണ് മധുരവീരൻ സ്വാമി. കുതിരപ്പുറത്ത് ഉടവാൾ ഉയർത്തിപ്പിച്ചിട്ട് ഇരിക്കുന്ന രൂപത്തോടെയും വള്ളിയമ്മ, ബോമ്മയമ്മ എന്നീ ദേവിമാരോടൊപ്പവും മധുരവീരൻ സ്വാമിയെ ആരാധിക്കുന്നു. 
പലകഥകളിലും ഈ മൂർത്തിയുടെ ഉത്ഭവവുമായി പ്രചരിക്കുന്നു.

കാശീരാജാവിൻെറ പുത്രനായാണ് ശ്രീ മധുരവീരൻ സ്വാമി ജനിച്ചതെന്ന് പറയപ്പെടുന്നു. ജനിച്ചസമയത്തെ ഗ്രഹനില നോക്കി ജ്യോതിഷികൾ ആ കുഞ്ഞ് കൊട്ടാരത്തിൽ വളർന്നാൽ രാജാവിനും രാജ്യത്തിനും നാശം ചെയ്യുമെന്ന് പ്രവചിച്ചു. അതുകൊണ്ട് രാജാവ് ആകുട്ടിയെ ഒരു പേടകത്തിലടച്ച് നദിയിൽ ഒഴുക്കി.
മധുരക്ക് അടുത്ത് കാട്ടിൽ വിറക് വെട്ടാൻപോയ ഒരു വ്യക്തിക്ക് ആ പേടകം ലഭിക്കുകയും അതിലെ കുട്ടിയെ അയാൾ ഏറ്റെടുത്ത് വളർത്തുകയും ചെയ്തു. ചെറുപ്പകാലം മുതലേ അതീവമായ ദേവിഭക്തി പ്രകടിപ്പിച്ചിരുന്ന ആ കുട്ടി ആയോധനകലയിലും നൃത്തകലയിലും തുടങ്ങി സകലകലകളിലും അതീവസാമർത്ഥ്യം നേടിയിരുന്നു. യുവാവായികഴിഞ്ഞപ്പോൾ ആ യുവാവിന്റെ വീരകഥകൾ അന്യനാടുകളിൽ പോലും പ്രചരിച്ചിരുന്നു.

ആ കാലഘട്ടത്തിൽ മധുരനഗരം ഭരിച്ചിരുന്നത് ശ്രീ തിരുമലനായ്ക്കർ രാജാവായിരുന്നു, ദിവസംപ്രതി രാജ്യത്ത് കൊള്ളക്കാരുടെ ഉപദ്രവം കൂടിവരികയും അതിന്റെ കാരണക്കാർ അവിടത്തെ കള്ളർ സമുദായക്കാരായ ചിലയാളുകളാണെന്നും രാജാവ് അറിഞ്ഞു. തൻെറ സൈന്യം പലകുറി ശ്രമിച്ചിട്ടും ആ കൊള്ളസംഘത്തെ പിടികൂടാൻ സാധിച്ചില്ല. അവസാനം അതീവ ബലശാലിയും ആയോധനകലകളിൽ അഗ്രകണ്യനുമായ ഒരുയുവാവ് അടുത്തഗ്രാമത്തിൽ ഉണ്ടെന്നറിഞ്ഞ് രാജാവ് ആ യുവാവിനേ മധുരയുടെ പടതലവനായി നിയോഗിച്ചു. 

അതേസമയം യുവാവിന്റെ നൃത്തകലയിലെ സാമർഥ്യം കണ്ട് രാജാവ്, രാജകുമാരിയായ വള്ളിയമ്മാളെ നാട്യശാസ്ത്രവും പഠിപ്പിക്കാൻ ഏൽപ്പിച്ചു. ആ ബന്ധം അവസാനം രണ്ടുപേരെയും പ്രേമബന്ധത്തിലേക്ക് നയിച്ചു.
രാജാവുമായും കൊട്ടാരവുമായും മധുരവീരന് ഉള്ള അടുപ്പം മറ്റുള്ളകൊട്ടാരവാസികളുടെ കണ്ണിലെ കരടായി മാറി. എങ്ങനെയും മധുരവീരനേ വകവരുത്താൻ അവർ തീരുമാനിച്ചു. അവസാനം മധുരവീരനെ എടുത്തുവളർത്തിയത് കള്ളാർ സമുദായത്തിലെ ഒരാളാണെന്നും ആയതിൽ മധുരവീരൻ കൊള്ളസംഘത്തിലെ പ്രധാനിയാണെന്നും രാജാവിനോട് പറഞ്ഞുവിശ്വസിപ്പിച്ചു. യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കാതെ ഉടൻതന്നെ മധുര വീരന്റെ ഒരു കാലും തലയും വെട്ടാൻ രാജാവായ തിരുമലനായ്ക്കർ ഉത്തരവിട്ടു. ഇതേസമയം പരമദേവീഭക്തനായ മധുരവീരന് പരാശക്തി ദർശനം നൽകി നടന്നകാര്യങ്ങൾ വെളിപ്പെടുത്തി കൊടുത്തിരുന്നു. രാജകല്പന അറിഞ്ഞ വള്ളിയമ്മാളും ഇതേസമയം തന്നേ മധുരവീരനെ മനസിൽ കൊണ്ടു നടന്നിരുന്ന ബൊമ്മിയമ്മയും ശിക്ഷനടത്തുന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ ശിക്ഷകഴിഞ്ഞ് പോകുന്ന ഭടന്മാരെയും നിലത്ത് മുറിഞ്ഞ് കിടക്കുന്ന മധുരവീരന്റെ വിരലുകളും മാത്രമാണ് കാണാനായത്. അതീവദുഃഖത്തോടെ പരാശക്തിയെ വിളിച്ചുകരഞ്ഞ അവരിൽ ദേവി കാരുണ്യം ചൊരിയുകയും മധുരവീരന്റെ ജീവൻ തിരികെനൽകുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ജീവൻ തിരിച്ചുകിട്ടിയ മധുരവീരനും ബോമ്മിയമ്മയും, വള്ളിയമ്മാളും അവിടെതന്നെയുള്ള ഗുഹയിലേക്ക് കയറിപോയതായും പറയപ്പെടുന്നു. 
പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ തിരുമലനായ്ക്കർ പശ്ചാതാപത്തോടെ മധുരവീരൻ കയറിയ ഗുഹക്കുമുൻവശം മധുരവീരന് ദൈവീകപരിവേഷം നൽകി ആരാധിച്ചതായും ആസ്ഥലം ഇപ്പോൾ മധുര മീനാക്ഷിക്ഷേത്രത്തിന്റെ ഗോപുരത്തോടൊപ്പം ചെറിയ ക്ഷേത്രം നിർമ്മിച്ചു മധുരയുടെ കാവൽദൈവമായി ആരാധിച്ചുവരുന്നു.


ഭർത്തൃഹരി

ഭർത്തൃഹരി

ഭർത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു.

പിന്നീടു വിരക്തനും സന്യാസിയുമായിത്തീർന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേൾവിയുണ്ട്. അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീർന്നതിന് ഒരു കാരണവും ചിലർ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു.

ഒരു ദിവസം ഒരു യോഗീശ്വരൻ ഭർത്തൃഹരിയുടെ ഗൃഹത്തിൽ വന്നു. ആ യോഗി ഒരു മാമ്പഴം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തിട്ട്, “ഈ മാമ്പഴം തിന്നാൽ ജരാനരകൾ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു.

യോഗി പോയതിന്റെ ശേഷം ഭർത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോൾ എന്റെ പ്രിയതമ വാർധക്യം നിമിത്തം ജരാനരകളാൽ ബാധിതയായി മരിച്ചുപോകുമല്ലോ. അവൾ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അതിനാൽ ഈ മാമ്പഴം അവൾക്കു കൊടുക്കണം. അവൾ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്ന് അവളെ ധരിപ്പിക്കുകയും ചെയ്തു.

ഭർത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്ക് ഒരു ജാരൻ ഉണ്ടായിരുന്നു. അവൻ ഭർത്തൃഹരിയുടെ അശ്വപാലകൻ (കുതിരക്കാരൻ) തന്നെയായിരുന്നു. മാമ്പഴം കൈയിൽക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോൾ പുംശ്ചലിയായ ആ സ്ത്രീ, “നമ്മുടെ ജാരൻ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവൻ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി, അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരൻ, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവൾ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ച് അത് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭർത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവൾ അവിടെ വന്ന് അടിച്ചുതളി കഴിഞ്ഞ് അവളുടെ വീട്ടിലേക്കു പോയ സമയത്താണ് കുതിരക്കാരൻ ഈ മാമ്പഴം അവൾക്കു കൊടുത്ത് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചത്. ഭർത്തൃഹരി പുറത്ത് എവിടെയോ പോയി തിരിച്ചുവരുമ്പോൾ മാധ്യേമാർഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടുപോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോൾ അതു തനിക്ക് യോഗി തരികയും താൻ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്ന് അദ്ദേഹത്തിനും മനസ്സിലാവുകയാൽ അദ്ദേഹം അവളോട് “ നിനക്ക് ഈ മാമ്പഴം എവിടെനിന്നു കിട്ടി?” എന്നു ചോദിച്ചു. “ ഇത് എനിക്ക് എന്റെ ഭർത്താവു തന്നതാണ്” എന്നു മാത്രം പറഞ്ഞിട്ട് അവൾ പോയി.

ഭർത്തൃഹരി സ്വഗൃഹത്തിൽ വന്നതിന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവന് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവൻ ചില വ്യാജങ്ങൾ പറഞ്ഞുവെങ്കിലും ഒടുക്കം ഭർത്തൃഹരിയുടെ നിർബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോൾ ഭർത്തൃഹരിക്കു വളരെ വ്യസനമുണ്ടായി.”കഷ്ടം ഞാൻ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല. കഷ്ടം! ഇവൾക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നിചങ്കലാണല്ലോ അഭിനിവേശമുണ്ടായത്. ആശ്ചര്യം തന്നെ! ഇവൻ ഇവളുടെ ജാരനല്ലെങ്കിൽ ഇവൾക്ക് ഇവനോട് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ട് ശയനഗൃഹത്തിൽ പോയി വിചാരമഗ്നനായി കിടന്നു. കുതിരക്കാരൻ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭർത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭർത്താവറിഞ്ഞു എന്നറിഞ്ഞപ്പോൾ അവൾക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്ക് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കിൽ ഭർത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവൾ നിശ്ചയിച്ചു. ഉടനെ അവൾ വിഷം ചേർത്ത് ഒരു ഓട്ടട (ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കാൻ കുറച്ചു താമസമുണ്ട്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞ് ആ പലഹാരം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തു. അംഗനാജനത്തോളം ദുർബുദ്ധി മറ്റാർക്കുള്ളു?

ഭർത്തൃഹരി പലഹാരം കൈയിൽ വാങ്ങിക്കൊണ്ട്, “ഇവൾ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണ് യുക്തം; സംശയമില്ല. നാലാശ്രമങ്ങളുള്ളതിൽ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നത് ചതുർത്ഥാശ്രമം തന്നെയാണ്. അതിനാൽ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മനസ്സിലാക്കിക്കൊണ്ടു നിശ്ചയിച്ചിട്ട് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പിൽ തിരുകിവെച്ചിട്ട് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്തുകൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭർത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സർവസ്വവും ഭസ്മാവശേഷമായിത്തീരുകയും ചെയ്തു.

അനന്തരം ഭർത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കിൽ മാത്രം ഭക്ഷിച്ചാൽ മതിയെന്നും നിശ്ചയിച്ച് പരദേശത്തുള്ള ഒരു മഹാക്ഷേത്രത്തിൽ (ചിദംബരത്താണെന്നു ചിലർ പറയുന്നു) ചെന്നുചേർന്നു. അവിടെ കിഴക്കേ ഗോപുരത്തിൽ “പട്ടണത്തുപിള്ള” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠൻ ഇരിക്കുന്നുണ്ടായിരുന്നു. അതിനാൽ ഭർത്തൃഹരി പടിഞ്ഞാറേ ഗോപുരത്തിൽ പോയി തന്റെ ചട്ടിയും മുമ്പിൽവെച്ച് അവിടെയിരുന്നു. ആ ചട്ടിയിൽ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാൽ ഭർത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതിൽ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കിൽ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങൾ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാൽ അതുകൊണ്ട് അദ്ദേഹത്തിന് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം ഒരു ഭിക്ഷക്കാരൻ അവിടെ കിഴക്കേ ഗോപുരത്തിൽ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോൾ പട്ടണത്തുപിള്ള “ ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണ്. തനിക്കു തരുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. എന്നാൽ പടിഞ്ഞാറേ ഗോപുരത്തിൽ ഒരു ധനികൻ ഇരിക്കുന്നുണ്ട്. അവിടെച്ചെന്നു ചോദിച്ചാൽ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരൻ പടിഞ്ഞാറേ ഗോപുരത്തിൽ ഭർത്തൃഹരി യുടെ അടുക്കൽ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോൾ ഭർത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണ്” എന്നു പറഞ്ഞ്. ഉടനെ ഭിക്ഷക്കാരൻ “*അങ്ങ് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യൻ പറഞ്ഞല്ലോ?*” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണ് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തൻമാർക്ക് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്ന അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാൽ വല്ലവരും വല്ലതും തന്നാൽ കൊള്ളാമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അർഥമാകുന്നതാണെന്നുമാണ് പിള്ളയുടെ അഭിപ്രായമെന്നും മനസ്സിലാവുകയാൽ “*ഇനി ഇതിരുന്നിട്ട് ആരും ഇങ്ങനെ പറയാനിടയാകരുത്*” എന്നും പറഞ്ഞ് അദ്ദേഹം ആ ചട്ടിയെടുത്ത് ഒരേറുകൊടുത്തു. മൺപാത്രമായ ചട്ടി ഉടഞ്ഞു തകർന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ.

പിന്നെ ഭർത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയിൽ തന്നെ ഇരുന്നിരുന്നു വെന്നും അദ്ദേഹത്തിന്റെ വിശിഷ്ട കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്ന് ഉണ്ടാക്കിയിട്ടുള്ളവയാണെന്നുമാണ് കേൾവി



തെയ്യങ്ങളുടെ പട്ടിക

തെയ്യങ്ങളുടെ പട്ടിക

അങ്കദൈവം
അങ്കക്കാരനും പപ്പൂരനും
അങ്കക്കാരൻ
അങ്കക്കുളങ്ങര ഭഗവതി
ആടിവേടൻ
അണങ്ങ്ഭൂതം
അണ്ടലൂർ ദൈവം
അണ്ണപ്പഞ്ചുരുളി
അതിരാളൻ ഭഗവതി
അന്തിത്തറ
അമ്മയാറ്
അമ്പിലേരി കുരിക്കൾ
അയ്യപ്പൻ
അസുരാളൻ ദൈവം
ആനാടി ഭഗവതി
ആയിത്തിഭഗവതി
ആരിയപൂമാല ഭഗവതി
ആര്യപ്പൂങ്കന്നി
ആര്യയ്ക്കരഭഗവതി
ആലി തെയ്യം(ആലി ഭൂതം)
ഇളം കരുമൻ
ഇളയഭഗവതി
ഇളവില്ലി
ഉച്ചാർ തെയ്യങ്ങൾ
ഉച്ചിട്ട
ഉതിരപാലൻ തെയ്യം
ഉതിരാല ഭഗവതി
ഉണ്ടയൻ
ഉമ്മച്ചി തെയ്യം
ഊർപ്പഴശ്ശി തെയ്യം
ഐപ്പള്ളിത്തെയ്യം
ഐപ്പള്ളിത്തെയ്യം
ഒറവങ്കര ഭഗവതി
ഓണപ്പൊട്ടൻ
കക്കരക്കാവ് ഭഗവതി
കണങ്ങാട്ടുകാവ് ഭഗവതി
കണ്ടനാർ കേളൻ
കണ്ടപ്പുലി
കണ്ടംഭദ്ര
കണ്ഠാകർണൻ (ഘണ്ടാകർണൻ)
കണ്ണങ്ങാട്ടു ഭഗവതി
കതിവനൂർ വീരൻ
കന്നിക്കൊരുമകൻ
കന്നിമതെ
കമ്മാരൻ തെയ്യം
കമ്മിയമ്മ
കരക്കീൽ ഭഗവതി
കരിങ്കാളി
കരിങ്കുട്ടിച്ചാത്തൻ
കരിഞ്ചാമുണ്ഡി
കരിന്തിരിനായർ
കരിംപൂതം
കരിമുരിക്കൻ
കരിയത്തുചാമുണ്ഡി
കരിയാത്തൻ
കരിവാള്
കർക്കടോത്തി
കലന്താട്ട് ഭഗവതി
കലിച്ചി
കലിയൻ
കല്ലുരൂട്ടി
കളിക്കത്തറ
കാട്ടുമടന്ത
കാട്ടുമൂർത്തി
കാപ്പാട്ടു ഭഗവതി
കാപ്പാളത്തി
കാപ്പാളത്തിച്ചാമുണ്ഡി
കാരൻ ദൈവം
കാരണോർ
കാരിക്കുരിക്കൾ
കാലചാമുണ്ഡി
കാലിച്ചേകോൻ
കാവുമ്പായി ഭഗവതി
കാളപ്പുലി
കാള രാത്രി
കാളർഭൂതം
കിഴക്കേൻ ദൈവം
കുഞ്ഞാർകുറത്തി
കുടിവീരൻ
കുട്ടിക്കര ഭഗവതി
കുട്ടിച്ചാത്തൻ
കുണ്ഡോറച്ചാമുണ്ഡി
കുരിക്കൾ തെയ്യം
കുറത്തി
കുറവൻ
കുറുന്തിനിക്കാമൻ
കൈക്കോളൻ
കൊവ്വമ്മൽ ഭഗവതി
കോരച്ചൻ തെയ്യം
ക്ഷേത്രപാലൻ
ഗളിഞ്ചൽ
ഗുളികൻ തെയ്യം
വിഷകണ്ഠൻ
ചെരളത്തു ഭഗവതി
ചാമുണ്ഡി
ചിറ്റോത്ത് കുരിക്കൾ
ചീറങ്ങോട്ടു ഭഗവതി
ചീറത്തു ഭഗവതി
ചുകന്നമ്മ(ചോന്നമ്മ)
ചുടലഭദ്രകാളി
ചുവന്നഭൂതം
ചുഴലിഭഗവതി
ചൂട്ടക്കാളി
ചൂളിയാർ ഭഗവതി
ചോരക്കളത്തിൽ ഭഗവതി
തമ്പുരാട്ടി
തായിപ്പരദേവത
തിരുവപ്പൻ
തിരുവർകാട്ടുകാവ് ഭഗവതി
തിരുവാർക്കാട്ടു ഭഗവതി
തീ ചാമുണ്ടി
തീത്തറ ഭഗവതി
തൂവക്കാരൻ
തൂവക്കാളി
തെക്കൻ വീരൻ തെയ്യം
തെക്കൻകരിയാത്തൻ
തെക്കൻകുറത്തി
തോട്ടുകര ഭഗവതി
തോട്ടുംകര ഭഗവതി
ദണ്ഡദേവൻ
ധർമദൈവം
ധൂമഭഗവതി
നരമ്പിൽ ഭഗവതി
നാഗകണ്ഠൻ
നാഗകന്നി
നാഗക്കാമൻ
നീലിയാർ ഭഗവതി
നീലോൻ(മണത്തണ നീലോൻ)
നെടുപാലിയൻ ദൈവം
നേമം ഭഗവതി
പഞ്ചുരുളി
പടമടക്കിത്തമ്പുരാട്ടി
പടവീരൻ
പടിഞ്ഞാറെച്ചാമുണ്ഡി
പനയാർകുരിക്കൾ
പരാളിയമ്മ
പള്ളക്കരിവേടൻ
പാടാർകുളങ്ങര ഭഗവതി
പാമ്പൂരി കരുമകൻ
പാറമേൽക്കാവ് ഭഗവതി
പിത്താരി
പുതിയ ഭഗവതി
പുലഗുളികൻ
പുലച്ചാമുണ്ഡി
പുലപ്പൊട്ടൻ
പുലികണ്ടൻ
പുലിക്കണ്ടൻ
പുലിത്തെയ്യങ്ങൾ
പുലിമറഞ്ഞ തൊണ്ടച്ചൻ (കാരികുരിക്കൾ)
പുലിമാരുതൻ
പുലിയുരുകണ്ണൻ
പുലിയുരുകാളി
പുളിച്ചാമുണ്ഡി
പുള്ളിക്കരിങ്കാളി
പുള്ളിക്കാളി
പുള്ളിക്കുറത്തി
പുള്ളിച്ചാമുണ്ഡി
പുള്ളിപ്പുളോൻ
പുള്ളുക്കുറത്തി
പൂക്കുട്ടിച്ചാത്തൻ
പൂതാടിദൈവം
പൂതൃവാടി കന്നിക്കൊരുമകൻ
പൂമാരുതൻ ബപ്പിരിയൻ
പൂമാരുതൻ
പൂമാലക്കാവ് ഭഗവതി
പൂവില്ലി
പൂളോൻ ദൈവം
പെരിയാട്ടു കണ്ടൻ
പെരുമ്പുഴയച്ചൻ തെയ്യം
പേത്താളൻ
പേനത്തറ
പൊട്ടൻ
പൊന്ന്വൻ തൊണ്ടച്ചൻ
പൊൻമലക്കാരൻ
പൊല്ലാലൻ കുരിക്കൾ
പൊല്ലാലൻകുരിക്കൾ
പ്രമാഞ്ചേരി ഭഗവതി
ബപ്പിരിയൻ
ബമ്മുരിക്കൻ
ബാലി
ബില്ലറ
ഭദ്രകാളി
ഭൈരവൻ
മംഗലച്ചാമുണ്ഡി
മടയിൽ ചാമുണ്ഡി
മണവാട്ടി
മണവാളൻ
മനയിൽ ഭഗവതി
മന്ത്രമൂർത്തി
മരക്കലത്തമ്മ
മരുതിയോടൻ കുരിക്കൾ
മലങ്കുറത്തി
മലവീരൻ
മല്ലിയോടൻ
മാക്കം
മാക്കഭഗവതി
മാടായിക്കാവിലച്ചി
മാണിക്ക ഭഗവതി
മണിക്കിടാക്കളും വെള്ളപ്പേരിയും
മാനാക്കോടച്ചി
മാരപ്പുലി
മാരി
മാർപ്പുലിയൻ
മുച്ചിലോട്ടു ഭഗവതി
മുതലത്തെയ്യം
മുതിച്ചേരി ദൈവം
മുത്തപ്പൻ
മുത്തപ്പൻതെയ്യം
മുന്നായരീശ്വരൻ
മൂത്തഭഗവതി
മൂവാളം കുഴിച്ചാമുണ്ഡി
മേലേതലച്ചിൽ
രക്തചാമുണ്ഡി
രക്തേശ്വരി
വടക്കിനേൽ ഭഗവതി
വടക്കേൻ കോടിവീരൻ
വടവീരൻ
വട്ടിപ്പൂതം
വട്ടിയൻ പൊള്ള
വട്ട്യൻപൊള്ള പുലപൊട്ടൻ
വണ്ണാത്തി ഭഗവതി
വയനാട്ടുകുലവൻ
മലപ്പിലവൻ
വല്ലാകുളങ്ങര ഭഗവതി
വസൂരിമാല
വളയങ്ങാടൻ തൊണ്ടച്ചൻ
പാലന്തായിക്കണ്ണൻ
വിഷ്ണുമൂർത്തി
വീരചാമുണ്ഡി
വീരഭദ്രൻ
വീരമ്പിനാർ
വീരർകാളി
വീരാളി
വെളുത്തഭൂതം
വെള്ളുക്കുരിക്കൾ
വേടൻ
വേട്ടയ്ക്കൊരുമകൻ
വേത്താളൻ
വൈരജാതൻ
ശ്രീശൂല കുഠാരിയമ്മ


തെയ്യത്തിലെ ദേവതകൾ

തെയ്യത്തിലെ ദേവതകൾ

പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഭയത്തോടും ഭക്ത്യാരാധനയോടേയും നോക്കികണ്ടതിൽ നിന്നുമാണ് പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താനെന്ന പേരിൽ തെയ്യം കെട്ടിയാടുവാൻ തുടങ്ങിയത്. പരേതരോടുള്ള ആരാധന, അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന എന്നിവയാണു് തെയ്യം കെട്ടിയാടലിൽ പ്രധാനമായും കാണുന്നത്. തങ്ങളെ അടിച്ചമർത്തുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുള്ള അധഃസ്ഥിതവർഗ്ഗത്തിന്റെ രോഷപ്രകടനവും തെയ്യത്തിൽ കാണാവുന്നതാണ്. ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്. ഇന്നാട്ടിലെ ജനങ്ങളെല്ലാം തങ്ങളുടെ കീഴിലാണെന്ന ബ്രാഹ്മണ മേധാവിത്വചിന്തയും പ്രവർത്തനവും ഫലമായി, തെയ്യത്തിലും ബ്രാഹ്മണബന്ധമുണ്ടാക്കിയെടുക്കുവാൻ ശ്രമമുണ്ടായിട്ടുണ്ട്. ചില തെയ്യങ്ങളിൽ കാണുന്ന വിഷ്ണവാരാധനയും, ശിവാരാധയും അത്തരത്തിൽ വന്നതാണു്. അമ്മദൈവങ്ങളിൽ ദുർഗ്ഗാബന്ധവും അത്തരത്തിൽ ആരോപിക്കപ്പെട്ടവയാണു്.

യുദ്ധ ദേവതകൾ :
💗✥━═══🪷═══━✥💗
കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളിൽപ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്ന പോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകൾ മാത്രമല്ല ക്ഷേത്രപാലൻ, വൈരജാതൻ, വേട്ടയ്ക്കൊരുമകൻ, പടവീരൻ, വിഷ്ണുമൂർത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളിൽ പങ്കെടുത്തവരത്രെ.

രോഗദേവതകൾ :
💗✥━═══🪷═══━✥💗
രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാർ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവൻ, കണ്ഠാകർണൻ, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരൻ, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.

നാഗ-മൃഗ ദേവതകൾ :
💗✥━═══🪷═══━✥💗
നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തിൽ നിലനില്ക്കുന്നു. നാഗകണ്ഠൻ, നാഗകന്നി, നാഗക്കാമൻ (കുറുന്തിനിക്കാമൻ), നാഗഭഗവതി തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളിൽ പുലിദൈവങ്ങൾക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാർവതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ, കാളപ്പുലി, പുലിയുരുകണ്ണൻ, പുള്ളിക്കരിങ്കാളി എന്നീ ദേവതകൾ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം.

ഭൂത-യക്ഷി ദേവതകൾ :
💗✥━═══🪷═══━✥💗
ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്. എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം) 'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

വനമൂർത്തികൾ - നായാട്ട് ദേവതകൾ :
💗✥━═══🪷═══━✥💗
വനമൂർത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചിൽ, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവൻ എന്നിങ്ങനെ ചില തെയ്യങ്ങൾ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടൻ, പുള്ളിപ്പുളോൻ എന്നീ ദേവതകൾ കാവേരി മലയിൽനിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പൻതെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലർ കെട്ടിയാടുന്ന വീരഭദ്രൻ, വീരമ്പിനാർ എന്നീ തെയ്യങ്ങളും നായാട്ടു ധർമ്മ്മുള്ളവയാണ്. വേലന്മാരുടെ അയ്യപ്പൻ തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉൾക്കൊള്ളുന്ന തെയ്യങ്ങളാണ്.

മന്ത്രമൂർത്തികൾ :
💗✥━═══🪷═══━✥💗
മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂർത്തികൾ' എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂർത്തികൾ' പ്രശസ്തരാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ തെയ്യം, ഗുളികൻ, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂർത്തികൾ. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവൻ. മലയരുടെ കരിങ്കുട്ടിച്ചാത്തൻ ശിവാംശഭൂതമായ ദേവതയാണ്. എന്നാൽ പൂക്കുട്ടിച്ചാത്തൻ വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടൻ. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ കാൽ പെരുവിരലിൽനിന്നു പൊട്ടിപ്പിളർന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേൽ ഭഗവതി'യത്രെ. കുറത്തിയും മന്ത്രമൂർത്തികളിൽപ്പെടും. കുഞ്ഞാർകുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയിൽ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകർണനെ ചിലർ മന്ത്രമൂർത്തിയായി ഉപവസിക്കുന്നു.

വൈഷ്ണവ മൂർത്തികൾ :
💗✥━═══🪷═══━✥💗
ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവ സങ്കല്പത്തിലുള്ളവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. നരസിംഹാവതാര സങ്കല്പത്തിലുള്ള വിഷ്ണുമൂർത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാര സങ്കല്പത്തിലുള്ള അണ്ടലൂർ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊർപ്പഴച്ചി ദൈവം വൈഷ്ണവാംശ ഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കൻ, ബമ്മുരിക്കൻ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നിടുബാലിയൻ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേൻ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമൻ, സീത എന്നിവരുടെ സങ്കല്പത്തിൽ മണവാളൻ, മണവാട്ടി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു

പരേതാത്മാക്കൾ:
💗✥━═══🪷═══━✥💗
പൂർവികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തിൽ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യjർ തെയ്യത്തിലൂടെ കെട്ടിയാടപ്പെടുന്നു. മരണാനന്തരം മനുഷ്യർ ചിലപ്പോൾ ദൈവമായി മാറുമെന്ന വിശ്വാസം കാരണമാണു് ഇതു് ചെയ്യുന്നത്. കതിവനൂർ വീരൻ, കുടിവീരൻ, പടവീരൻ, കരിന്തിരിനായർ, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള തെയ്യക്കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയിൽ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ പേരിലും തെയ്യങ്ങളുണ്ട്. കുരിക്കൾ തെയ്യം, പൊന്ന്വൻ തൊണ്ടച്ചൻ, വിഷകണ്ഠൻ എന്നീ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള മുന്നായരീശ്വരൻ, പാലന്തായിക്കണ്ണൻ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.

ദുർമൃതിയടഞ്ഞ മനുഷ്യരുടെ പേരിലുളഅള തെയ്യങ്ങളാണു്. കണ്ടനാർകേളൻ, പെരുമ്പുഴയച്ചൻ തെയ്യം, പൊൻമലക്കാരൻ, കമ്മാരൻ തെയ്യം, പെരിയാട്ടു കണ്ടൻ, മലവീരൻ തുടങ്ങിയവ.. പാമ്പുകടിയേറ്റ് തീയിൽ വീണു മരിച്ച കേളനെ [വയനാട്ടു കുലവനാണ് ദൈവമാക്കി മാറ്റിയത്. കിഴക്കൻ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയിൽ വീണു മരിച്ച ഒരാളുടെ സങ്കല്പിച്ചുള്ള തെയ്യമാണ് പെരുമ്പുഴയച്ചൻ. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊൻമലക്കാരൻ തെയ്യവും കമ്മാരൻ തെയ്യവും. ദൈവത്താൽ കൊല്ലപ്പെടുന്ന മനുഷ്യർ ദൈവമായിത്തീരുമെന്ന വിശ്വാസവും നിലവിലുണ്ടു്. ഐതിഹ്യപ്രകാരം ഭദ്രകാളിയാൽ കൊല്ലപ്പെട്ട ചിണ്ടനെ മലവീരൻ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാൽ കൊല്ലപ്പെട്ടുവെന്നു് പറയപ്പെടുന്ന 'ചാത്തിര' നാണ് പാടാർകുളങ്ങരവീരൻ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാൽ കൊല്ലപ്പെട്ട ഒരാളുടെ പോരിലുള്ളതത്രെ രുധിരപാലൻ തെയ്യം.

ഗുരുപൂജയ്ക്കൊപ്പം പരേതാരാധനയും പുലയവിഭാഗത്തിൽ ശക്തമാണ്. അവരുടെ 'തൊണ്ടച്ചൻ ദൈവ'ങ്ങളിൽ പ്രമുഖൻ പുലിമറഞ്ഞ തൊണ്ടച്ചനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയിൽനിന്ന് ആൾമാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥൻ തമ്പുരാക്കന്മാരുടെ നിർദ്ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാൻ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോൾ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാൽ പുലിവേഷത്തോടെ കാരിക്കുരിക്കൾ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാർ കുരിക്കൾ, വട്ടിയൻ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കൾ, അമ്പിലേരി കുരിക്കൾ, ചിറ്റോത്ത് കുരിക്കൾ, പൊല്ലാലൻ കുരിക്കൾ, വളയങ്ങാടൻ തൊണ്ടച്ചൻ തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയർ തെയ്യം കെട്ടിയാരാധിക്കുന്നു

മറ്റ് ദേവ സങ്കൽപ്പങ്ങൾ :
💗✥━═══🪷═══━✥💗
കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങൾക്കു പുറമേ ഭവനം തോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതൽ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങൾക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകൾക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങൾക്കില്ല. മഴ കോരിച്ചൊരിയുന്ന കർക്കടകത്തിലാണ് ഇത്തരം തെയ്യങ്ങൾ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാർക്ക് ഒരു വരുമാനമാർഗ്ഗം കൂടിയാണ് ഇത്. വേടൻ, കർക്കടോത്തി, കന്നിമതെ, ഗളിഞ്ചൽ, കലിയൻ, കലിച്ചി തുടങ്ങിയവയാണ് കർക്കടകമാസത്തിലെ തെയ്യങ്ങൾ. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദർശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.

2 January 2025

രാമായണം രചിക്കുവാനുണ്ടായ സാഹചര്യം

രാമായണം രചിക്കുവാനുണ്ടായ സാഹചര്യം

വാത്മീകി മഹർഷി ശിഷ്യപ്രധാനിയായ ഭരദ്വാജനുമൊന്നിച്ച് ഗംഗാനദിയുടെ സമീപത്തുള്ള തമസാ നദിയുടെ തീരത്ത് കൂടെ സഞ്ചരിക്കുമ്പോൾ കളകൂജനങ്ങളോടെ ഇണപിരിയാതിരിക്കുന്ന ക്രൗഞ്ച പക്ഷികളെ കണ്ടു.. അവയുടെ കൊഞ്ചലുകൾ മഹർഷി ആസ്വദിച്ചു കൊണ്ടിരിക്കവേ ആൺപക്ഷിയെ ഒരു കാട്ടാളൻ അമ്പെയ്ത് വീഴ്തി. തൻറ്റെ ഇണ ചോരയിൽ കിടന്ന് പിടയുന്നത് കണ്ട പെൺപക്ഷി ദീനദീനം ആർത്തു കരഞ്ഞു. അമ്പിൻറ്റെ മുനയിൽ കോർക്കപ്പെട്ട ആൺപക്ഷി ക്രമത്തിൽ ചലനരഹിതനായി. അത് കണ്ടു നിന്ന ആ ബ്രഹ്മർഷിയുടെ ഹൃദയം തരളിതമായി. 

കാട്ടാളനെ നോക്കി അദ്ദേഹം ഇപ്രകാരം അരുളി ചെയ്തു. 
" മാനിഷാദ പ്രതിഷ്ഠാം
ത്വ മഗമഃ ശാശ്വതീ സമാഃ 
യൽ ക്രൗഞ്ച മിഥുനാദേക-
മവധീഃ കാമമോഹിതം "

ഹേ കാട്ടാളാ ക്രൗഞ്ചപക്ഷികളിൽ ആസക്തനായി ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ അനശ്വരമായ ജീവിതം നിനക്ക് ലഭിക്കുന്നതല്ല. അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല.

തിരികെ ആശ്രമത്തിലെത്തിയിട്ടും ആ പക്ഷിയും അതിനെയോർത്ത് വിലപിച്ചു കഴിയുന്ന പിടയും തൻറ്റെ ഹൃദയത്തിൽ മായാതെ കാണുന്നതെന്തെന്ന് ഓർത്ത് മഹർഷി ചിന്താവിഷ്ടനായി. 
അപ്പോൾ ലോകവിധാതാവും തേജോനിധിയുമായ ബ്രഹ്മാവ് ആ മുനിപുംഗവനെ കാണുവാനായി ആശ്രമത്തിലേക്ക് എഴുന്നള്ളി. മഹർഷി യഥോചിതം അദ്ദേഹത്തെ സ്വീകരിച്ചു.

 ബ്രഹ്മാവ് മന്ദഹാസത്തോടെ പറഞ്ഞു.. " വാത്മീകീ അങ്ങ് ചൊല്ലിയത് ശ്ലോകം തന്നെയാണ് ചിന്തയോ വ്യസനമോ വേണ്ട. എല്ലാം പരമപുരുഷൻറ്റെ ഇഷ്ടം പോലെ നടന്നു. സത്ഗുണസമ്പന്നനായ ശ്രീരാമചന്ദ്രൻറ്റെ ചരിത്രം ശ്ലോകരൂപത്തിൽ നിർമ്മിക്കൂ.. സീതാചരിത്രവും വാനരൻമാരുടെ കഥയും രാക്ഷസൻമാരുടെ കഥയും മറ്റാർക്കും പറയുവാൻ കഴിയാത്തവിധം അങ്ങേക്ക് സാധിക്കും. 

പുണ്യസംവർധകവും മനോരമവുമായ രാമായണം, പർവ്വതങ്ങൾ, പുഴകൾ, ഇവ ഭൂമിയിൽ ഉള്ള കാലത്തോളം പ്രചരിക്കും. ഇത്രയും പറഞ്ഞശേഷം ബ്രഹ്മാവ് അവിടെ നിന്നും അന്തർധാനം ചെയ്തു. 

ശോകത്തിൽ നിന്നുദ്ഭവിച്ച ആ ശ്ലോകരൂപത്തിൽ തന്നെ രാമായണം രചിക്കപ്പെട്ടു. മനോഹരമായ വൃത്തങ്ങളും പദങ്ങളും അനേകതരം അർത്ഥങ്ങളും ഒത്തുചേർന്ന അനേകശതം ശ്ലോകങ്ങളെ കൊണ്ട് അനശ്വരയശസ്സിയായ വാത്മീകി മഹർഷി ശ്രീരാമചരിതം നിർമ്മിച്ചു. 

ഉചിതപദസമാസവും സന്ധിയും ഒത്തുചേർന്ന ശ്രീരാമായണം വിശ്വാസത്തോടും ഭക്തിയോടും കൂടി എന്നും വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർ ജനനമരണങ്ങളാകുന്ന ദ്വന്ദ്വങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട് പരമപദം പുൽകുന്നതായിരിക്കും.

ശാസ്താവിന്റെ പ്രധാനമായ എട്ടു ഭാവങ്ങൾ

ശാസ്താവിന്റെ പ്രധാനമായ എട്ടു ഭാവങ്ങൾ

ശാസ്താവിന് പ്രധാനമായും എട്ടു ഭാവങ്ങൾ പറയുന്നു. ഇവയെ അഷ്ട ശാസ്താക്കന്മാർ എന്ന് പറയുന്നു.

ആദി മഹാശാസ്താവ്
ധർമ്മ ശാസ്താവ് (അയ്യപ്പൻ) 
ജ്ഞാന ശാസ്താവ്
കല്യാണ വരദ ശാസ്താവ് 
സമ്മോഹന ശാസ്താവ്
സന്താനപ്രാപ്തി ശാസ്താവ്
വേദ ശാസ്താവ്
വീര ശാസ്താവ് 
എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താക്കന്മാർ ഉണ്ട്.

ആദി മഹാശാസ്താവ്
💗✥━═══🪷═══━✥💗
ചോളന്മാരണ് ആദി ശാസ്താവിനെ ആരാധിച്ചിരുന്നതായി രേഖയുള്ളത്. ഇടുപ്പിനും ഇടത് കാലിനും മുകളിൽ ഒരു യോഗപട്ട ധരിച്ച് രണ്ട് ഭാര്യമാരായ പൂർണ്ണയും പുഷ്‌കലയും ഒപ്പം ഇരിക്കുന്നതായാണ് സങ്കൽപ്പം.

ധർമ്മ ശാസ്താവ് (അയ്യപ്പൻ)
💗✥━═══🪷═══━✥💗
കേരളത്തിൽ പൊതുവെ നാം കാണുന്നതും വളരെ പ്രചാരത്തിലുള്ളതുമായ ആരാധനാ മൂർത്തിയാണിത്. കൂടുതലും ബ്രഹ്മചാരിയായി ആരാധിക്കുന്നുണ്ടെകിലും, ധർമ്മശാസ്താവ് എന്ന സങ്കൽപ്പത്തോടെ ഇരുഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നു.

ജ്ഞാന ശാസ്താവ്
💗✥━═══🪷═══━✥💗
ജ്ഞാനത്തിൻറെ അധിപനായി രൂപപ്പെടുന്ന ശാസ്താവ്. ശിവൻറെ ദക്ഷിണാമൂർത്തി എന്ന സങ്കൽപ്പത്തോട് വളരെ സാദൃശ്യം ഉണ്ട്. ബ്രഹ്മ ദേവനും സരസ്വതി ദേവിയും ഭഗവാനിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഭഗവാൻ സരസ്വതിയെപ്പോലെ കൈയ്യിൽ വീണയും, പാദങ്ങളുടെ അരുകിൽ വേദങ്ങളും വെച്ച് യോഗാസനത്തിൽ ഇരിക്കുന്നു.

കല്യാണ വരദ ശാസ്താവ്
💗✥━═══🪷═══━✥💗
ഇരു ഭാര്യമാരോടൊപ്പം ആനപ്പുറത്ത് ഇരിക്കുന്ന ഭഗവാൻ, സ്വയംവര കർത്താവായി (വിവാഹം നടത്തിക്കൊടുക്കുന്ന സ്വരൂപം) സങ്കൽപ്പിച്ചിരിക്കുന്നു.

സമ്മോഹന ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിൻറെ ഈ രൂപം ചന്ദ്രൻറെയും ഇന്ദ്രൻറെയും സങ്കൽപ്പത്തെ പ്രതിനിധീകരിക്കുന്നു. ഇന്ദ്രൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇന്ദ്രൻ ശാസ്താവിന് ഐരാവതം നൽകിയതായി പുരാണം. ഭഗവാന് ചുറ്റുമുള്ള പ്രഭാവലയം ചന്ദ്രൻറെതാണ്. ഈ സ്വരൂപം ഉത്തമ ദാമ്പത്യവും, സകല ഐശ്വര്യവും നൽകുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു.

സന്താനപ്രാപ്തി ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിന്റെ ഈ രൂപം ശുക്രൻറെ പ്രതിബിംബമാണ്. അസുരഗുരു ശുക്രാചാര്യരുടെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട രൂപമാണിത്. സദാ ദമ്പതികളെ, കുട്ടികളെ അനുഗ്രഹിക്കുന്നതായി സങ്കൽപ്പിക്കുന്ന ശാസ്താവ്. ദശരഥൻ പുത്രകാമേഷ്ടി യജ്ഞം നടത്തിയപ്പോൾ അഗ്നി ദേവനൊപ്പം സംബാതം നൽകാൻ പ്രത്യക്ഷപ്പെട്ടന്ന് രാമായണത്തിൽ പരോക്ഷമായി ഈ ഭഗവാനെ പരാമർശിക്കുന്നുണ്ട്. ഭാര്യ പ്രഭയോടും സത്യകൻ എന്ന മകനോടും കൂടിയാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത്.

വേദ ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിൻറെ ഈ രൂപം വില്ലും അമ്പും കൊണ്ട് സിംഹത്തിൻറെയോ അല്ലെങ്കിൽ കടുവയുടെയോ മേൽ ഇരിക്കുന്നതായി സങ്കൽപ്പം. കണ്ഠത്തിൽ മണിയുള്ളതിനാൽ മണികണ്ഠൻറെ രൂപമാണ്. വേദ ശാസ്‌താവായ മണികണ്ഠനെ ഇരു ഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നുണ്ട്.

വീര ശാസ്താവ്
💗✥━═══🪷═══━✥💗
യോദ്ധാവിൻറെ രൂപത്തിൽ കുതിരപ്പുറത്ത് ഇരിക്കുന്ന ശാസ്താവ് (അശ്വാരൂഡ ശാസ്‌താവ്‌). ശാസ്താവിൻറെ ഈ രൂപം തമിഴ് നാടോടി ദൈവമായ അയ്യനാറുമായി സാദൃശ്യമുണ്ട്. ഈ രൂപത്തെ വേട്ടക്കൊരുമകൻ എന്നും വിളിക്കുന്നു.

ഭക്തർക്ക് സുരക്ഷ നൽകുന്നതിൽ ശാസ്താവിനെപ്പോലെ ശക്തനായ മറ്റൊരു ദൈവമില്ല എന്നതാണ് വിശ്വാസം. എല്ലാ രാത്രിയിലും ഗ്രാമത്തിലൂടെ ശാസ്താവ് സവാരി നടത്തുകയും, കാര്യങ്ങൾ ശരിയാണെന്നും തൻറെ പ്രദേശത്ത് പ്രവേശിക്കുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വരാനിരിക്കുന്ന അപകടങ്ങളിൽ നിന്നോ, അപകടത്തിൽ നിന്നോ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്നു. പക്ഷെ നിങ്ങൾ പാപികളാണെങ്കിലോ, അല്ലെങ്കിൽ അധർമ്മം ചെയ്യുന്നവരാണെങ്കിലോ സംരക്ഷണം ലഭിക്കില്ല. അതാണ് ശാസ്താവും ശിക്ഷകനായ ശനിദേവനുമായുള്ള ഉടമ്പടി.


1 January 2025

കാളിദേവിയും ഘോരഘണ്ടാകർണ്ണനും

കാളിദേവിയും ഘോരഘണ്ടാകർണ്ണനും

"കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ"

വസൂരിയെന്ന മഹാരോഗം അമർച്ച ചെയ്യാൻ ഭദ്രകാളിക്ക് മാത്രമേ കഴിയൂ എന്ന വിശ്വാസം ഇന്നും ഹൈന്ദവർക്കിടയിൽ ഉണ്ട്. രോഗം വരാതിരിക്കാനും, രോഗിക്ക് ആശ്വസമുണ്ടാക്കാനും ഭദ്രകാളി ക്ഷേത്രത്തിൽ വഴിപാടുകഴിക്കാൻ പ്രാർത്ഥിക്കുകയും രോഗം മാറി കുളിച്ചു കഴിഞ്ഞാൽ ദേവിയെ ദർശനം ചെയ്ത് വഴിപാടുകൾ കഴിച്ച് മടങ്ങുന്ന ധാരാളം ആളുകളേയും കാണാം. പൊതുവായി കാളിയെ കൊപമൂർത്തിയായിട്ടാണ് കണക്കാക്കുന്നത്. മാരക രോഗങ്ങളെപ്പോലെ തന്നെ ശത്രുക്കളെ നശിപ്പിക്കുവാനും ഭദ്രകാളി ശക്തയാണ്.

പ്രസിദ്ധവും പ്രാചീനവുമായ ആദികാളിക്കാവാണ് കൊടുങ്ങല്ലൂർ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. വസൂരിമാല അവിടുത്തെ ഉപ പ്രതിഷ്ഠയാണ്. അത്തരം ഒരു പ്രതിഷ്ഠ മറ്റൊരിടത്തും ഉള്ളതായി അറിയില്ല. പടിഞ്ഞാറെ നടയിൽ വടക്കോട്ട് ദർശനമേകിയാണ് വസൂരിമാലയുടെ ഉപക്ഷേത്രം. സാമാന്യം വലിയ വിഗ്രഹമാണ്. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ഭദ്രകാളിയോട് പ്രാർത്ഥിച്ചാൽ ദേവി ഘണ്ടാകർണ്ണനോടൊപ്പം വസൂരിമാലയെ കൂടി രോഗിയുടെ അടുത്തേക്ക് ആശ്വാസമരുളാൻ പറഞ്ഞയക്കുമെന്നാണ് വിശ്വാസം.

ദേവീഭാഗവതപ്രകാരം കാളിയുടെ ശരീരത്തിൽ നിന്നും വസൂരികുരുക്കൾ നക്കിതുടച്ച് നീക്കുന്നതിന് അവതരിച്ച ഭൂതമാണ് ഘണ്ടാകർണ്ണൻ. ആ ഭൂതത്തെ സഹായിക്കാൻ പരമശിവൻ വസൂരിമാലക്ക് നിർദേശം കൊടുത്തു. അവൾ (മനോദരി) ചുടു രക്തം സ്വീകരിച്ച് ഓജസ്വിനിയായി ഘണ്ടാകർണ്ണനോടൊപ്പം സഞ്ചരിച്ചു. പിന്നീട് വസൂരിമാലക്ക് കുരുതിയും ആര്യവൽക്കരണത്തോടെ ഗുരുതിയും രൂപംകൊണ്ടുവെന്നു പുരാവൃത്തം. ഘണ്ടാകർണ്ണന്റെ സാന്നിദ്ധ്യം വസൂരിമാലക്ക് ശക്തി പകർന്നുവെന്നും വസൂരിമാല ഗുരുതി സ്വീകരിച്ച് ദേവിഭക്തയായെന്നുമാണ് വിശ്വാസം.

കൊടുങ്ങല്ലൂർ വെളിച്ചപ്പാട് വസൂരീമാലയുടെ പ്രതീകമായതിന് പിന്നിലും ഒരു കഥയുണ്ട്. ദാരികാസുരനെ നിഗ്രഹിക്കാനായി ശിവൻ തൃക്കണ്ണിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ച സമയം. യുദ്ധത്തിൽ കാളി ദാരികാസുരനെ വധിക്കുമെന്ന് ഉറപ്പായതോടെ ഭാര്യ മനോദരി കൈലാസത്തിൽ കഠിന തപസ് തുടങ്ങി. പക്ഷേ ശിവൻ പ്രസാദിച്ചില്ല. പാർവതിയുടെ നിർബന്ധത്താൽ മനോദാരിക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. തന്റെ ദേഹത്തിലെ വിയർപ്പ് വടിച്ചെടുത്ത് കൊടുത്തു. ഇത് മനു‌ഷ്യരുടെ ദേഹത്ത് തളിച്ചാൽ അവർക്ക് നിനക്ക് വേണ്ടതെല്ലാം തരുമെന്ന് പറഞ്ഞനുഗ്രഹിച്ചു.

മനോദരി കൈലാസത്തിൽ നിന്ന് പോകുംവഴി, ദാരികന്റെ ശിരസു മുറിച്ചെടുത്ത് വിജയഭേരി മുഴക്കി വരുന്ന ഭദ്രകാളിയെയാണ് കണ്ടത്. രോഷവും സങ്കടവും കൊണ്ട് വിറച്ച മനോദരി ശിവന്റെ വിയർപ്പുവെള്ളം ഭദ്രകാളിയുടെ ദേഹത്ത് തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തെല്ലാം കുരുക്കൾ നിറഞ്ഞു. വാർത്തയറിഞ്ഞ് കോപിച്ച ശിവന്റെ ചെവിയിൽനിന്ന് ഘണ്ടാകർണ്ണൻ എന്ന ഭയങ്കര രൂപി പിറവിയെടുത്തു. ഘണ്ടാകർണൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. മനോദരിയെ പിടിച്ച് ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. അവളുടെ കണ്ണും ചെവിയും കാലും ഛേദിച്ച് “വസൂരി” എന്നു പേരുമാറ്റി കാളി തന്റെ ആജ്ഞാനുവർത്തിയാക്കി. ഇതാണ് വസൂരിമാല. വിരോധമുണ്ടാകുന്ന കാലങ്ങളിൽ മനു‌ഷ്യരുടെയടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. അതിനാൽ വസൂരി ശമനത്തിനും രോഗം വരാതിരിക്കാനും ആളുകളിപ്പോഴും ഭദ്രകാളിയെ പൂജിക്കുന്നു.

കൊടുങ്ങല്ലൂർ ഭഗവതിയോട് പ്രാർത്ഥിച്ചാൽ വസൂരി ഉണ്ടാകില്ലെന്നും ഉണ്ടായാൽത്തന്നെ ആപത്ത് ഉണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. വസൂരിമാലക്കുള്ള പ്രധാന വഴിപാടാണ് ഗുരുതി. അത്താഴപൂജ കഴിഞ്ഞ് അടികളാണ് ഗുരുതി ചെയ്യുന്നത്. കുംഭഭരണി മുതൽ മീനഭരണി വരേയും മണ്ഡലകാലത്തും ഗുരുതി നടത്തുക പതിവില്ല. ഗുരുതി സ്വീകരിച്ച് വസൂരിമാലയും ഘണ്ടാകർണ്ണനും ശക്തരാകുമെന്നും അവർ ദേവിയുടെ ആജ്ഞ നടപ്പാക്കുന്നതോടെ ആപത്തുകൾ ഒഴിവാകുമെന്നും വിശ്വസിക്കപ്പെടുന്നു.

തൃശൂർ ജില്ലയിൽ എൻ.എച്ച്. 17 നു സമീപം കൊടുങ്ങല്ലൂരിലാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നത്. ചേരൻ ചെങ്കുട്ടുവന്റെ കാലത്ത് നിർമ്മിച്ച ക്ഷേത്രത്തിൽ ശങ്കരാചാര്യസ്വാമികൾ പുനപ്രതിഷ്ഠ നിർവഹിച്ചുവെന്നു പഴമ. പൂജാദികാര്യങ്ങൾക്കു നേതൃത്വം വഹിക്കുന്നത് അടികളാണ്. തന്ത്രി സ്ഥാനം താമരശ്ശേരി മേക്കാട്ട് ഇല്ലത്തിനാണ്. കൊടുങ്ങല്ലൂരമ്മ-ഭദ്രകാളി-ദാരുവിഗ്രഹത്തിൽ സാന്നിദ്ധ്യം ചെയ്യുന്നു. ആദിപ്രതിഷ്ഠ സ്ഥാനം അടച്ചിട്ട് സപ്തമാതൃക്കളിലെ ചാമുണ്ഡിയെ ഭദ്രകാളിയായി സങ്കൽപ്പിച്ച് ആരാധിക്കപ്പെടുന്നു. വടക്കോട്ട് ദർശനം.
"ബ്രാഹ്മീ മാഹേശ്വരീ ചൈവ
കൌമാരീ വൈഷ്ണവീ തഥാ
വാരാഹീച തഥേന്ദ്രാണീ
ചാമുണ്ഡാ സപ്ത മാതര".

ഉപദേവതകളായി ശിവൻ, ഗണപതി, ക്ഷേത്രപാലകൻ, വസൂരിമാല, തവിട്ടുമുത്തി, എന്നിവരും ഉണ്ട്. ആചാരത്തിലും ആകാരത്തിലും മഹാക്ഷേത്ര പദവി അലങ്കരിക്കുന്ന ക്ഷേത്രത്തിന്റെ മുഖ്യ ശ്രീകോവിലിന് കിഴക്ക് ഭാഗത്ത് കാണുന്ന രഹസ്യ അറ ക്ഷേത്ര ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു. രഹസ്യ അറയിൽ നിന്നുള്ള ദേവി സങ്കല്പം പ്രധാന മൂർത്തിയിലേക്ക് പ്രവഹിക്കുന്നുവെന്നാണ് വിശ്വാസം. മൂലസ്ഥാനത്ത് നിന്ന് ആവാഹിക്കലും അവസാനം ഉദ്ധ്വസിക്കളും ഇന്നും നടന്നുവരുന്നു. ശങ്കരാചാര്യസ്വാമികൾ ശ്രീചക്രം സ്ഥാപിച്ചപ്പോൾ ചൈതന്യം വർദ്ധിച്ചതിനാൽ മൂല സ്ഥാനം അടച്ചിട്ടുവെന്നാണ് ഐതീഹ്യം. രഹസ്യ അറയിലെ മൂലപ്രതിഷ്ഠ ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയാണെന്നും വിശ്വാസമുണ്ട്. ചിലപ്പതികാരത്തിലെ പല പരാമർശങ്ങളോടും ക്ഷേത്രത്തിന് ബന്ധം കാണുന്നു. വസൂരിമാലയുടെ ഗുരുതി വഴിപാടുപോലെ തന്നെ ക്ഷേതപാലകന്റെ പുളിഞ്ചാമൃത് നിവേദ്യവും പ്രധാനമാണ്.

മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലിയും മീന ഭരണി (കൊടുങ്ങല്ലൂർ ഭരണി) യുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് കുംഭമാസത്തിലെ ഭരണി ദിവസം കാളി-ദാരിക യുദ്ധം തുടങ്ങിയെന്ന സങ്കൽപ്പത്തിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പേരാൽ മരങ്ങളിലും നടപ്പുരകളിലും അവകാശികൾ കൊടികൾ ഉയർത്തുന്നു. ഈ മഹോത്സവം ചെറുഭരണി എന്ന പേരിൽ അറിയപ്പെടുന്നു. മീന മാസത്തിലെ തിരുവോണം നാളിലെ കോഴിക്കല്ല് മൂടൽ, രേവതി നാളിലെ രേവതി വിളക്ക്, പാലക്കാവേലാൻ കൊണ്ടുവരുന്ന മരുന്നുകൂട്ടങ്ങൾ ചേർത്ത് കുന്നത്ത് മഠം, നീലത്ത് മഠം മഠത്തിൽ മഠം എന്നീ 3 മഠങ്ങളിലെ അടികൾമാർ ചേർന്ന് നടത്തുന്ന അതീവ രഹസ്യമായ അശ്വതി പൂജ (ത്രിച്ചന്ദന ചാർത്ത് പൂജ), തുടർന്ന് നടക്കുന്ന അശ്വതി കാവുതീണ്ടൽ എന്നിവ പ്രസിദ്ധമാണ്. കൊടുങ്ങല്ലൂർ ഭരണിയുടെ ഭക്തി സാന്ദ്രമായ വിസ്മയ കാഴ്ചകൾ വിവരിക്കാൻ വാക്കുകൾക്കോ വരികൾക്കോ ആകില്ല. ഭരണി കഴിഞ്ഞാൽ ആറാം ദിവസമാണ് നട തുറപ്പ്. അതുവരെ ഓരോ യാമങ്ങളിലും ഓരോ പൂജ അടികൾമാർ ചേർന്ന് നിർവ്വഹിക്കുന്നു. ഈ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല. നട തുറപ്പിന്റെയന്ന് ഏഴാം യാമത്തിലെ പൂജ കഴിയുന്നതോടുകൂടി കൊടുങ്ങല്ലൂർ കാവ്‌ സാധാരണ ദിവസങ്ങളിലേക്കും പൂജാദികർമ്മങ്ങളിലേക്കും മടങ്ങിയെത്തുന്നു മേട മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ദേവിക്കും സപ്തമാതൃക്കൾക്കും നടക്കുന്ന 'ചന്താട്ടം' എന്ന ചടങ്ങ് വളരെ പ്രശസ്തമാണ്. വരിക്ക പ്ലാവിന്റെ തടിയിൽ തീർത്ത വിഗ്രഹങ്ങളിൽ രഹസ്യകൂട്ടുകൾ അടങ്ങിയ ചാന്ത് തേച്ചുപിടിപ്പിച്ച് അടികൾമാർ അഭിഷേകങ്ങൾ കഴിക്കുന്ന ചടങ്ങാണിത്‌. കൂടാതെ കർക്കിടകത്തിലെ ഇല്ലം നിറയും, ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ തൃപ്പുത്തരിയും നടക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഇത്തരം ചടങ്ങുകൾ ഇല്ല.

ഇത് കൊടുങ്ങല്ലൂർ തമ്പുരാന്റെ ക്ഷേത്രമായിരുന്നു. ഇപ്പോൾ ക്ഷേത്ര ഭരണത്തിന്റെ ചുമതല കൊച്ചിൻ ദേവസ്വം ബോർഡിനാണ്.
ഉത്തരായനം തുടങ്ങുന്ന മകര സംക്രാന്തിക്ക് നടക്കുന്ന ഒന്നാം താലപ്പൊലിയുടെ പൂർണ്ണ ചുമതല ഇന്നും 'ഒന്നു കുറെ' യോഗത്തിനാണ്. പഴയകാലത്ത് പെരുമാളിന്റെ അംഗരക്ഷകരായി 'ഒന്നു കുറെ ആയിരം' എന്ന നായർ സൈന്യം ഉണ്ടായിരുന്നു. ഈ യോഗത്തിൽ പെട്ടവർ കൊടുങ്ങല്ലൂർ തമ്പുരാന്റെ അനുമതിയോടെ ഒരു പടനായരുടെ നേതൃത്വത്തിൽ എല്ലാ മലയാളമാസം ഒന്നാം തിയതിയും ക്ഷേത്രത്തിന്റെ കിഴക്കേ മുറ്റത്ത്‌ പ്രദക്ഷിണ വഴിക്ക് പുറത്ത് ആയുധ ധാരികളായി ഉച്ച പൂജ വരെ 2 വരികളായി ഇരിക്കുന്നു. ഈ ചടങ്ങ് നിഴലിരിക്കൽ എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിൽ നവരാത്രിയും വിശേഷമാകുന്നു.

പൂന്താനത്തിന് വസൂരി വന്നപ്പോൾ 'ഘനസംഘം' എന്ന സ്തോത്രം നിർമ്മിച്ച് തിരുമാന്ധാംകുന്ന് ഭഗവതിക്ക് സമർപ്പിച്ചു. തുടർന്ന് അദ്ദേഹം രോഗ വിമുക്തി നേടിയെന്ന് പഴമ. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് ക്ഷേത്രം. തിരുമാന്ധാംകുന്നിലമ്മ കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് സങ്കല്പം.

ക്ഷേത്ര ദർശന സമയം (സാധാരണ ദിവസങ്ങളിൽ) 
പുലർച്ചെ 4 മുതൽ ഉച്ചക്ക് 12 വരെ. 
വൈകീട്ട് 4 മുതൽ രാത്രി 8 വരെ.

നിത്യപൂജക്രമങ്ങൾ:-
💗✥━═══🪷═══━✥💗
04.00 നടതുറക്കൽ
04.30 മലർ നിവേദ്യം
06.00 ഉഷപൂജ
07.00 പന്തീരടി നേദ്യം.
07.30 പന്തീരടി പൂജ
11.00 ഉച്ചപൂജ നേദ്യം
11.30 ഉച്ചപൂജ
12.00 നട അടക്കൽ.
04.00 നടതുറക്കൽ (വൈകീട്ട്)
06.15 ദീപാരാധന
07.00 അത്താഴപൂജ നേദ്യം
07.30 അത്താഴപൂജ
08.00 നട അടക്കൽ
08.30 നു ശേഷം ഗുരുതി.