ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 January 2025

കാളിയും സൃഷ്ടി രഹസ്യവും

കാളിയും സൃഷ്ടി രഹസ്യവും

നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ അരൂഢമായി നിൽക്കുന്നതാണ് ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും

സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന മഹാകാലന്റെ ഹൃദയത്തിൽ നിന്ന് അടുത്തസൃഷ്ടിക്കായ് ചലനാത്മകമായും കാലസംഘർഷിണിയായും കാലകാലനെന്ന വിധായിനിയുമായ മഹാകാളി ഹൃദുത്ഭവിക്കുന്നു. സാക്ഷാൽ പരമാത്മാവാണ് പുരുഷൻ, പുരുഷനിൽ നിന്ന് സ്ത്രീരൂപിണിയായ പ്രകൃതി രൂപംകൊള്ളുന്നു.

പ്രകൃതിപുരുഷ സംയോഗത്താൽ പ്രപഞ്ചസൃഷ്ടിയുണ്ടാകുന്നു. 'പ്ര' എന്നത് പ്രകൃത്യാഷ്ടകവും 'കൃതി' എന്നത് സൃഷ്ടി വാചകവുമാകയാൽ പ്രകൃതി പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്ന അർത്ഥം വരുന്നു.
'പ്ര' ശുദ്ധതത്വത്തെയും 'കൃ' രജസിനെയും 'ത' തമസ്സിനെയും സൂചിപ്പിക്കുന്നതിനാൽ പ്രകൃതിക്ക് സത്വരജസ്സ് തമസ്സുകൾ ചേർന്ന് ത്രിഗുണാത്മകമായ ശക്തിയോട് കലർന്ന് നിൽക്കുന്ന പ്രധാന സൃഷ്ടികർത്തൃണി എന്ന് അർത്ഥം സിദ്ധിക്കുന്നു. 'പ്ര' ശബ്ദത്തിന് മുൻപുള്ളതെന്നും 'കൃതി' എന്ന ശബ്ദത്തിന് സൃഷ്ടി എന്നും അർത്ഥമുള്ളതിനാൽ സൃഷ്ടിക്ക് മുന്പേ ഉള്ളത് എന്ന അർത്ഥം വരുന്നു.

സൃഷ്ടിക്ക് മുൻപ് ഈ ശക്തി പരമാത്മാവിനോട് കലർന്ന് അഭേദമായിരീക്കുന്ന ചിത്ശക്തിയാണ്. സൃഷ്ടിക്കുവേണ്ടി ഉദ്യമിക്കുമ്പോൾ ഈ ചിത്ശക്തി വലത്തേ പകുതി പുരുഷനായും ഇടത്തേ പകുതി സ്ത്രീയായ പ്രകൃതിയായും പരിണമിക്കുന്നു. പ്രകൃതിയും പുരുഷനും ഒന്നാണ് എന്നറിയുന്ന യോഗീന്ദ്രന്മാർ ആ പിരിവുകളെ അഗ്നിയും ചൂടും എന്നപോലെ അഭേദ്യമായി കരുതി 'സർവം ബ്രഹ്മമയം' എന്ന് സിദ്ധിക്കുന്നു എന്ന് പറയുന്നു.

ജലം മുതലായ പഞ്ചഭൂതങ്ങളെക്കൊണ്ട് ഭൂമിയിൽ ജീവികളെ സൃഷ്ടിച്ച് പ്രകൃതി ആ ബ്രഹ്മത്തിൽ നിന്നു തന്നെയാണ് ഉണ്ടായത്. പിന്നീട് ഓഷാദികളിലും മനുഷ്യരിലും മൃഗങ്ങളിലും എന്ന് വേണ്ട സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ ഭൂതങ്ങളിലും ആ ആത്മാവ് പ്രവേശിക്കുകയും ചെയ്തു. പ്രപഞ്ചസൃഷ്ടി നടത്തുന്നത് പ്രകൃതിയാണ്, സമസ്ത ചരാചരങ്ങളും പ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്നു, ഒടുവിൽ പ്രകൃതിയിൽ തന്നെ ലയം പ്രാപിക്കുന്നു.
ആ ശക്തി ബ്രഹ്മത്തിന്റെ ശക്തി തന്നെയാണ്. ആ ശക്തിയെയാണ് 'മായ' എന്ന് പറയുന്നത്. ശക്തിസ്വരൂപിണിയായ ദേവിയായി നാം ആരാധിക്കുന്നത് സൃഷ്ടി തുടങ്ങുവാൻ ആലോചിക്കുമ്പോൾ ആ ശക്തി ബ്രഹ്മത്തിൽ നിന്ന് ആവിർഭവിച്ച്, സൃഷ്ടി നടത്തുന്ന ആ സൃഷ്ടിയിലെല്ലാം ആത്മാവിന്റെ രൂപത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒരു നിലയിൽ ബ്രഹ്മം തന്നെയാണ് ജീവജഗത്തുക്കളായി രൂപം പ്രാപിക്കുന്നത്.

മഹാകാലനെ ചവിട്ടിനിൽക്കുകയല്ല ദേവി എന്നും, മഹാകാലനിൽ നിന്നും സൃഷ്ട്യാർത്ഥമായി ലീലാരൂപിണിയായി ബഹിർഗമിക്കുകയാണെന്നും സ്പഷ്ടമാണല്ലോ.. ദേവീപാദം മഹാദേവൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് ദേവീപുരാണം സൂചന.


ശക്തിയെ സൂചിപ്പിക്കുന്ന കുങ്കുമം

ശക്തിയെ സൂചിപ്പിക്കുന്ന കുങ്കുമം

ദേവീതത്ത്വത്തിന്റെ പ്രതീകമാണ് കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്റെ ആകൃതിയിലും മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ കുങ്കുമം തൊടാം. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്.

കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും, മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുരസുന്ദരീ സൂചകവുമാണ്. ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട് പതിവായി തിലകം ധരിക്കാം.

അതത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള തിലകധാരണം ഉത്തമം. 
ചന്ദ്രന് - ദുര്‍ഗയും 
ചൊവ്വയ്ക്ക് - ഭദ്രയും
ശുക്രന് - മഹാലക്ഷ്മിയും
കേതുവിന് - ചാമുണ്ഡിയും അധിദേവിമാരാകുന്നു.

ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേന തിലകമണിയാം. നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ.

ദൃഷ്ടിദോഷങ്ങള്‍ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും ഐശ്വര്യാദികള്‍ വര്‍ദ്ധിക്കുവാനും കുങ്കുമ ധാരണം സഹായിക്കും.

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. സീമയെന്നാല്‍ പരിധിയും സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവാത്മാവിന്റെ പരിധി അവസാനിക്കുന്നത് പരമാത്മാവിലാണല്ലോ. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ് എന്നതാണ് സങ്കല്‍പം.

എന്താണ് ഭഗവതിസേവ?

എന്താണ് ഭഗവതിസേവ?

സായം സന്ധ്യയ്ക്ക് ശേഷം ഹിന്ദു ഭവനങ്ങളിലോ, ക്ഷേത്രങ്ങളിലോ, ഐശ്വര്യ ലബ്ധിക്കായിനടത്തുന്ന ദേവീ പ്രീതികമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ.

ഹിന്ദു ഭവനങ്ങളിൽ വിഘ്ന നിവാരണത്തിനായി രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവതിസേവയും നടത്തുന്നത് സർവ്വസാധാരണമാണ്.

പ്രത്യേകിച്ച് വീടിന്റെ പാലുകാച്ചൽ ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം മിക്കവരും ഇത് നടത്തിവരുന്നു. വൈകിട്ട് നടത്തുന്ന ഭഗവതിസേവയിൽ ദുർഗ്ഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തശേഷം, ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തെ "പത്മം" എന്നുവിളിക്കുന്നു. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, വേദാന്തർഗതമായ ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ 11-ാം അദ്ധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. ഒപ്പം പഞ്ചൊപചാരപൂജ ചെയ്ത് നിവേദ്യവും വയ്ക്കണം.

(ചന്ദനം, തീർത്ഥം, പുഷ്പ്പം, ഗന്ധം (ചന്ദനത്തിരി) ദീപം എന്നിവയുടെ കൃത്യമായ സമർപ്പണമാണ് പഞ്ചോപചാരപൂജ.)

ഇങ്ങനെ ഭഗവതിസേവ ലളിതമായും, വിപുലമായും നടത്താറുണ്ട്.
വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ (രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും) എന്ന് പറയുന്നു. ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്.

ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കുന്നു. 
നിവേദ്യം ഈ മൂന്ന് നേരവും വ്യത്യസ്തമാണ്.

രാവിലെ മഞ്ഞപൊങ്കലും, ഉച്ചയ്ക്ക് പാൽപ്പായസവും, വൈകീട്ട് കടുംപായസവുമാണ് നിവേദ്യങ്ങൾ.
താമരപ്പൂവ് നിർബന്ധമാണ്. തെറ്റി (തെച്ചി) മുതലായ ചുവന്ന പുഷ്പ്പങ്ങളാണ് മറ്റു പൂക്കളായി വേണ്ടത്. എത്രയും കൂടുതൽ പൂവ് ഉണ്ടോ അത്രയും നല്ലത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശാന്തിദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവും ഉണ്ട്.

മംഗല്യസിദ്ധിക്കായി സ്വയംവരമന്ത്രവും,
സർവ്വകാര്യവിജയത്തിനായി ജയദുർഗ്ഗാമന്ത്രവും, ഭയത്തിൽ നിന്നുള്ള മോചനത്തിനായി വനദുർഗ്ഗാമന്ത്രവും, വശ്യത്തിനായി ആശ്വാരൂഡമന്ത്രവും, ബാധാപ്രവേശ ശമനത്തിനായി ആഗ്നേയതൃഷ്ട്ടുപ്പും ഒക്കെ ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

സാധാരണയായി വൈകിട്ട് ഒരു നേരം മാത്രം കടുംപായസം നേദിച്ച് ലളിതമായ പൂജയാണ് നടത്താറുള്ളത്. ദോഷങ്ങളുടെ കാഠിന്യം അനുസരിച്ച് 3/7/12 തുടങ്ങിയ ദിവസങ്ങളില് അടുപ്പിച്ചു നടത്തുന്നതും പതിവാണ്.
മാസംതോറും അവരവരുടെ ജന്മ നക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ നല്ലതാണെന്ന് കരുതപ്പെടുന്നു.

പൗർണമിദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവീ പ്രീതിക്ക് ഏറ്റവും ശ്രേഷ്ട്ടമാണ്. മന്ത്രസിദ്ധിയുള്ള ഒരു പുരോഹിതനെ കൊണ്ട് ഈ പൂജ ഗൃഹത്തിൽ ചെയ്യിക്കുന്നതാണ് ഏറെ പ്രധാനമായ സംഗതി.

ഇനിയിപ്പോ എല്ലാവർക്കും ഇതൊന്നും ചെയ്യാൻസാധിച്ചില്ലെങ്കിലും മനസ് വിഷമിപ്പിക്കേണ്ട കാര്യമില്ല. മുടങ്ങാതെ പതിവായി ലളിതാസഹസ്രനാമം ജപിച്ചാൽ മതി.


അക്ഷമാല

അക്ഷമാല

മഹാത്രിപുരസുന്ദരിയുടെ മഹാകാളീരൂപം ചിത്രങ്ങളില്‍ക്കൂടി ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല ഓര്‍മ്മവരും. 51 ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല്‍ ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് 'അക്ഷ'മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള അമ്പത് അക്ഷരങ്ങള്‍ കൂടാതെ "ക്ഷ" എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്‍പിക്കപ്പെട്ടിരിക്കുന്നു.

ഷഡാധാരചക്രങ്ങളിലെ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ആ ആറ് ആധാരചക്രങ്ങള്‍. 

വിശുദ്ധി എന്ന ചക്രത്തിന് പതിനാറ് ദളങ്ങളുണ്ട്. ഓരോ ദളവും "അ" മുതല്‍ "അഃ" വരെയുള്ള പതിനാറ് സ്വരങ്ങളുടെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടള്ളുന്നവയാണ്. 

താഴെയുള്ള അനാഹതചക്രത്തിന് പന്ത്രണ്ട് ദളങ്ങളുള്ളതില്‍ ഓരോദളവും അനുക്രമമായി "ക" മുതല്‍ "ഠ" വരെയുള്ള പന്ത്രണ്ട് വ്യഞ്ജനങ്ങൾ

മണിപൂരകം എന്ന ചക്രത്തിന് പത്ത് ദളങ്ങളുള്ളതില്‍ ഓരോ ദളവും ശേഷമുള്ള "ഡ" മുതല്‍ "ഫ" വരെയുള്ള പത്ത് വ്യഞ്ജനങ്ങൾ

സ്വാധിഷ്ഠാനമെന്ന അടുത്ത ചക്രത്തിന് ആറ് ദളങ്ങളുള്ളതില്‍ ഓരോ ദളവും "ബ" മുതല്‍ "ല" വരെയുള്ള ആറ് വ്യഞ്ജനങ്ങൾ

മൂലാധാരചക്രത്തില്‍ ആകെ നാല് ദളങ്ങളുള്ളതില്‍ "വ,ശ,ഷ,സ" എന്ന നാല് ഊഷ്മാക്കൾ

പുരികമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിന് രണ്ട് ദളങ്ങളുള്ളതില്‍ വലതുവശത്തുള്ള ദളത്തില്‍ "ഹ" എന്നും ഇടതുവശത്തുള്ള ദളത്തില്‍ "ക്ഷ" എന്നുമുള്ള രണ്ട് അക്ഷരങ്ങളുടെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 

ഇപ്രകാരം ആകെ അമ്പത് അക്ഷരങ്ങളും [16+12+10+6+4+2] അമ്പത് ദളങ്ങളിലായി സ്പന്ദനസ്വഭാവത്തോടെ വിരാജിക്കുന്നു എന്ന് യോഗതന്ത്രശ്ശാസ്ത്രങ്ങള്‍. ഒരക്ഷരമുച്ചരിക്കുമ്പോള്‍ മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മം എന്ന ചക്രത്തില്‍ ആയിരം ദളങ്ങളുള്ളതില്‍ ഓരോ ദളത്തില്‍ ഓരോ അക്ഷരമെന്ന പ്രകാരം ഇരുപത് ആവൃത്തി സ്പന്ദനസംഘാതമുണ്ടാകുന്നു. യോഗസാധനയില്‍ക്കൂടി സിദ്ധി കൈവന്ന യോഗി തന്റെ ഇച്ഛാശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്ന മന്ത്രത്തിലെ ഓരോ അക്ഷരവും അതത് ചക്രത്തിലെ അതത് ദളങ്ങളെ സ്പന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോള്‍ മൂര്‍ദ്ധാവില്‍ അതേ അവസരത്തില്‍ ഓരോ അക്ഷരവും ഇരുപതുവീതം ദളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അനേക തന്ത്രികളില്‍ നിന്ന് ശ്രുതിലയമായുണ്ടാകുന്ന സ്വരധാരപോലെയുള്ള നാദത്തോടുകൂടി പ്രകമ്പിതമായിക്കൊണ്ടിരിക്കുന്ന ശരീരത്തിനുള്ളില്‍ കുണ്ഡലിനീശക്തി ഉണര്‍ന്നാടുന്നു. യോഗികള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ആ ശബ്ദത്തെ ഝങ്കാരം എന്നു യോഗശാസ്ത്രത്തില്‍ പേരിട്ടിരിക്കുന്നു. 'ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളില്‍.' എന്ന് ഹരിനാമകീര്‍ത്തനം. ദളങ്ങള്‍ എന്നു പറയുമ്പോള്‍ അതിസൂക്ഷ്മമായ നാഡീകേന്ദ്രങ്ങളെന്നും അക്ഷരവിന്യാസം എന്നു പറയുമ്പോള്‍ ആ നാഡീകേന്ദ്രങ്ങളില്‍ ഓരോ അക്ഷരത്തിനുമുണ്ടാകുന്ന പരാദ്യവസ്ഥകളുമാണെന്ന് അറിയുക. 15 സ്വരങ്ങള്‍ 15 യോഗിനിമാരുടെ മൂലപ്രതീകങ്ങളായി തന്ത്രശാസ്ത്രം വിവരിക്കുന്നു. എട്ട് ദുര്‍ഗ്ഗാപരിചാരികമാരും സപ്തമാതൃക്കളുമടങ്ങിയതാണ് ഈ 15 യോഗിനിമാര്‍. 

അഷ്ടപരിചാരിണിമാര്‍ ഇവരാണ്:-
💗✥━═══🪷═══━✥💗
മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായിക, ജയ. 

സപ്തമാതൃക്കള്‍:-
💗✥━═══🪷═══━✥💗
ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, മാഹേന്ദ്രീ, വാരാഹീ, ചാമുണ്ഡീ. 

ഈ സപ്തമാതൃക്കളില്ലാത്ത ഒരു ക്ഷേത്രവും കാണുകയില്ല. ശ്രീകോവിലിന്റെ തെക്കുവശത്തായി, ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ ബലിതൂകുന്ന വഴിയില്‍ ഈ ശിലകള്‍ കാണാവുന്നതാണ്. 


ശ്രീ അംബാബായി മഹാലക്ഷ്മി

ശ്രീ അംബാബായി മഹാലക്ഷ്മി

വെള്ളി, ചെമ്പ്, പിച്ചള എന്നിങ്ങനെ മൂന്ന് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ഏക വിഗ്രഹം - മഹാരാഷ്ട്രയിലെ കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ ശ്രീ അംബാബായി മഹാലക്ഷ്മിയുടെ ഉത്സവവിഗ്രഹം. ഇവിടെ ദേവിയുടെ മുഖം വെള്ളിയും, ശരീരത്തിന്റെ ബാക്കിഭാഗം ചെമ്പും, തുണി പിച്ചളയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മൂന്ന് ലോഹങ്ങളുടെയും ദ്രവണാങ്കങ്ങൾ (melting points) വ്യത്യസ്തമാണ്.

എന്നാൽ ഈ വിഗ്രഹത്തിൽ എവിടെയും വെൽഡിംഗ് ഇല്ല, കൂട്ടിയോജിപ്പിക്കലും കൂട്ടിച്ചേർക്കലുകളുമില്ലാത്ത ഇത് ഒരു പൊട്ടാത്ത പൂർണ്ണവിഗ്രഹമാണ്. ദേവിയുടെ താഴെയുള്ള സിംഹത്തിന്റെ സവിശേഷതയും ശരീരം മുഴുവൻ ചെമ്പും അലങ്കാരങ്ങൾ പിച്ചളയുമാണ് എന്നതാണ്. ശാസ്ത്രം ഇത്രയേറെ വികാസം പ്രാപിച്ച ഇക്കാലത്തും കൂട്ടിയോജിപ്പിക്കലുകളില്ലാതെ ഇത്തരം വിഗ്രഹങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ പക്ഷേ പരാജയപ്പെടുന്നു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിന് മറ്റു ചില സവിശേഷതകൾ കൂടിയുണ്ട്. സൂര്യന്റെ കിരണങ്ങൾ സൂര്യാസ്തമയ സമയത്ത് ചെറിയൊരു ജാലകത്തിലൂടെ നേരിട്ട് ദേവിയുടെ മേൽ പതിക്കുന്നു. ഇതിനെ കിരണോത്സവം (സൂര്യരശ്മികളുടെ ഉത്സവം) ആയി ആഘോഷിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ആഘോഷവും ഇതാണ്.

ഒരുവർഷത്തിൽ രണ്ടുതവണയായി മൂന്ന് ദിവസം സൂര്യദേവൻ മഹാലക്ഷ്മി അംബാബായിക്ക് ആരാധന അർപ്പിക്കുന്നുവെന്ന് വിശ്വാസം. സൂര്യരശ്മികൾ ജനുവരി 31നും നവംബർ 9നും ദേവിയുടെ കാലിലും ഫെബ്രുവരി 1നും നവംബർ 10നും ദേവിയുടെ നെഞ്ചിലും ഫെബ്രുവരി 2 നും നവംബർ 11 നും ദേവിയുടെ മുഴുവൻ ശരീരത്തിലും നേരിട്ട് പതിക്കുന്നു. 
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ വാസ്തുശില്പനിർമ്മാണത്തിലെ മികവാണ് കിരണോത്സവത്തിന് ആധാരം എന്നുവേണമെങ്കിൽ പറയാം. ഭാരതീയ ക്ഷേത്രങ്ങളിലും സൗധങ്ങളിലും കണ്ടുവരുന്ന ശില്പവൈദഗ്ദ്ധ്യത്തിന് മറ്റൊരു ഉദാഹരണം കൂടി.


സ്വയംവരമന്ത്രം

സ്വയംവരമന്ത്രം

ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ സങ്കല്‍പ്പിച്ചു ഈ ധ്യാനശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക. പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും.കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.

അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം ജപിക്കുന്നത്‌ ഉത്തമമാണ്. നിലവിളക്കിനു മുമ്പിലിരുന്ന്‍ ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ചു 41 പ്രാവശ്യം രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിനു ഇതിലും ഉത്തമമായ മറ്റൊരു കര്‍മ്മമില്ല.

ശംഭും ജഗന്മോഹനരൂപ പൂര്‍ണ്ണം വിലോക്യലജ്ജകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം സംബിഭ്രതീം അദ്രി സുതാം ഭജേയം

മൂലമന്ത്രം :
💗✥━═══🪷═══━✥💗
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗഭയങ്കരി 
സകല സ്ഥാവരജംഗമസ്യ മുഖഹ്രദയം മമ വശം
ആകർഷയ ആകർഷയ സ്വാഹ.


ദേവി മാഹാത്മ്യ പാരായണം എങ്ങനെ ചെയ്യാം

ദേവി മാഹാത്മ്യ പാരായണം എങ്ങനെ ചെയ്യാം

"ജപേൽ സപ്തശതിം ചണ്ഡിo കൃത്വാ തു കവചം പുരാ 
യാവൽ ഭൂമണ്ഡലം ധത്തേ സ ശൈല വന കാനനം 
താവത് ത്തിഷ്oത്തി മേദിന്യാം സന്തതി പുത്ര പൗത്രകി 
ദേഹാന്തേ പരമം സ്ഥാനം യൽസുരൈരപി ദുര്ലഭം 
പ്രാപ്നോതി പുരുഷോ നിത്യം മഹാ മായ പ്രസാദ ത:"

ദേവി കവചം ജപിച്ചു ശേഷം മാഹാത്മ്യം പാരായണം ചെയ്യുന്നവന് ഈ ഭൂമി എത്ര കാലത്തോളം നിലനിൽക്കുന്നു അത്ര കാലം വരെ ഭൂമിയിൽ പുത്ര പൗത്രാദി സുഖങ്ങളോട് കൂടി ജീവിക്കാം എന്നു.. കൂടാതെ ദേഹാന്തത്തിൽ പരമ പദം പോകുകയും ചെയ്യുമെന്ന് സാരം.

മാർക്കണ്ഡേയ പുരാണത്തിലെ 74-ാം അധ്യായം മുതൽ 86-ാം അധ്യായം വരേ മാർക്കണ്ഡേയ ഉവാച എന്ന ആരംഭിച്ചു. സാവർണ്ണീർ ഭാവിതാമനു എന്നവസാനിക്കുന്ന പതിമൂന്നു അധ്യായം ആണു ദേവി മാഹാത്മ്യം 
കാർത്യായനി തന്ത്രത്തിലും, ഹരഗൗരി തന്ത്രത്തിലും, വാരാഹി തന്ത്രത്തിലും, മരീചിതന്ത്രം, ദുർഗാ തന്ത്രം, ദുർഗാകല്പം എന്നിങ്ങനെ ഉള്ള ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള 700 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള മന്ത്ര വിവരണമായാണ് ദേവി മാഹാത്മ്യം പറഞ്ഞിട്ടുള്ളത്. ദേവി മാഹാത്മ്യം മൂന്നു ചരിതങ്ങളായാണ് എഴുതിയിട്ടുള്ളത്. പ്രഥമ ചരിതം, മാധ്യമ ചരിതം, ഉത്തര ചരിതം.

പ്രഥമ ചരിതം
💗✥━═══🪷═══━✥💗
"കവചാർഗ്ഗള ച കീലകമാദൗ മദ്ധ്യേ ത്രയോദശാധ്യായി 
അന്തേ പ്രാധാനിക വൈകൃതീക മൂർത്തി ത്രയം രഹസ്യാനാം

കവചം അർഗളം കീലകം നവാക്ഷരി മന്ത്രം.(ദീക്ഷ ഉള്ളവർ മാത്രം ജപിക്കുക) രാത്രി സൂക്തം എന്നിവയും 

മദ്ധ്യമ ചരിതം
💗✥━═══🪷═══━✥💗
ചണ്ഡി സപ്ത ശതീ മദ്ധ്യേ സമ്പുടയോ മുദാഹൃതാഃ 
മദ്ധ്യേ ചണ്ഡി സ്തവം പടേൽ

പതിമൂന്നു അദ്ധ്യായം പാരായണം ചെയ്യുക 

ഉത്തര ചരിതം
💗✥━═══🪷═══━✥💗
അന്തേ പ്രധാനിക വൈകൃതികേ മൂർത്തി ത്രയം രഹസ്യാനാം

ദേവി സൂക്തം നവാക്ഷരി മന്ത്രം (ദീക്ഷ ഉള്ളവർ മാത്രം ജപിക്കുക) പ്രാധാനികാ രഹസ്യം വൈകൃതീക രഹസ്യം മൂർത്തി രഹസ്യം ഇങ്ങനെ പ്രഥമ മാധ്യമ ഉത്തര ചരിതം മൂന്നു ദിവസങ്ങളിൽ പാരായണം ചെയ്യുന്നതാണ് ശാസ്ത്രോക്തമായ വിധി 

ജപിക്കുന്ന താളം
💗✥━═══🪷═══━✥💗
ഗീതി ശീഘൃ ശിരഃ കമ്പി തഥാ ലിഖിത പാഠക:
   അനർത്ഥഞെൽ പകണ്ഠശ്ച ഷഡേതെ പാഠം കാധഃ മ

▪️സംഗീതം പോലെ പാരായണം ചെയ്യരുത്.
▪️അതിവേഗത്തിൽ പാരായണം ചെയ്യരുത്.
▪️തലകുലുക്കി പാരായണം ചെയ്യരുത്.
▪️വളരെ ചെറിയ ശബ്ദത്തിൽ പാരായണം ചെയ്യരുത്.

"ചരിത്രർദേന്ദു ന ജപേൽ ജപം ച്ഛിദ്രമ വാപ്നുയാൽ"

ഓരോ ചരിതവും ജപിക്കുമ്പോൾ ഇടയ്ക് വച്ചു മുറിക്കാതെ ജപിക്കണം അങ്ങനെ മുറിച്ചാൽ ഒന്നുമുതൽ വീണ്ടും ആരംഭിക്കണം. (ഒന്നാം അദ്ധ്യായം പ്രഥമ ചരിതം 2,3.4 അദ്ധ്യായം മാദ്ധ്യമ ചരിതം ശേഷമുള്ള ഒൻപത് അദ്ധ്യായം ഉത്തര ചരിതം ആകുന്നു)

"ആധാരെ സ്ഥാപയിത്വാത് പുസ്തകം വാചയേ ത്തത"

പുസ്തകം കയ്യിൽ വയ്ക്കാതെ പീഠമോ അതിൽ വച്ചു കൊണ്ട് പാരായണം ചെയ്യുന്നതാകുന്നു ശാസ്ത്ര വിധി 

"ന മാനസം പടേൽ സ്തോത്രം വാചികന്തു പ്രശസ്യതേ"

മനസ്സിൽ ജപിക്കരുത് അക്ഷരം സ്പഷ്ടമാകുന്ന വിധം ഉറയ്ക്കേ ജപിക്കുക.

നിലവിൽ ഒൻപത് വ്യാഖ്യാനം ഉണ്ട് അതിൽ ഏഴെണ്ണമേ കിട്ടിയിട്ടുള്ളു രണ്ടു വ്യാഖ്യാനം ഇനിയും കണ്ടെത്തിയിട്ടില്ല.