ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 December 2024

മരണം

മരണം 

ജനിച്ചവർ എല്ലാം മരിക്കണം... മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ്...

വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു.

സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു. ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു. മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്. ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും., ഞാൻ ഇനി അധികനാൾ ഇല്ല എന്ന്, ചിലർ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും. ചിലർ അങ്ങനെ അറിയുമ്പോൾ ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു.

അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച ,കേൾവി ) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു. അപ്പോൾ ഉച്ചാരണ ശേഷി നശിക്കുന്നു. ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു. അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു. സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപസംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു.

ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു. അപ്പോൾ കണ്ണുകളൾ അടയുന്നു. ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു

പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു. വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും. ചില മരണങ്ങളിൽ മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ സ്വയം ഉപസംഹരിക്കപ്പെടുന്നു. അതിനാൽ വേദന അനുഭവപ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല. ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു. ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു, ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു. ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു.

എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ ലയിക്കുന്നു.

തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു. പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും. പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ ചൂട് ഉണ്ടായിരിക്കും മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു.

അനന്തരം ജീവൻ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു.

ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു. മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു. വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത്. അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു.

ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു. പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്.

ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത്) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു ..

24 December 2024

സ്വയംവര മന്ത്രം

സ്വയംവര മന്ത്രം

ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ സങ്കല്‍പ്പിച്ചു ഈ ധ്യാനശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക. പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും .
കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.

അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം ജപിക്കുന്നത്‌ ഉത്തമമാണ്. നിലവിളക്കിനു മുമ്പിലിരുന്ന്‍ ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ചു 41 പ്രാവശ്യം രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിനു ഇതിലും ഉത്തമമായ മറ്റൊരു കര്‍മ്മമില്ല.

ശംഭും ജഗന്മോഹനരൂപ പൂര്‍ണ്ണം വിലോക്യലജ്ജകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം സംബിഭ്രതീം അദ്രി സുതാം ഭജേയം

മൂലമന്ത്രം :
💗✥━═══🪷═══━✥💗
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗഭയങ്കരി 
സകല സ്ഥാവരജംഗമസ്യ മുഖഹ്രദയം മമ വശം
ആകർഷയ ആകർഷയ സ്വാഹ...


സർവം ദേവീമയം

സർവം ദേവീമയം

ദേവിയുടെ ഉത്ഭവമെങ്ങനെയെന്നറിയാന്‍ സമീപിച്ച ജനമേയ രാജാവിനോട് വ്യാസമഹര്‍ഷി പറഞ്ഞു, ദേവിയുടെ ഉത്ഭവത്തെപ്പറ്റി വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കുപോലും ശക്തിയില്ലെന്നിരിക്കെ ഞാനെന്തു പറയാന്‍? എനിക്ക് നിശ്ചയമുള്ളതുമാത്രം പറഞ്ഞു തരാം എന്നറിയിച്ച് തുടര്‍ന്നു: പ്രപഞ്ചത്തില്‍ നാനാരൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം നിത്യയും അരൂപിയും നിരാമയയുമായ ആ ദേവി തന്നെയാകുന്നു. നിര്‍ഗുണയെങ്കിലും പ്രപഞ്ചകര്‍മങ്ങള്‍ക്കായി ദേവി അനേക രൂപങ്ങള്‍ കൈക്കൊണ്ട് സഗുണയാകുന്നു. രൂപങ്ങളെയും ധര്‍മ്മകര്‍മ്മാദികളെയും ആധാരമാക്കി ദേവി പല നാമങ്ങളിലും അറിയപ്പെടുന്നു. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവയാണ് ദേവിയുടെ പ്രധാന രൂപങ്ങള്‍. എന്നുവച്ചാല്‍ പഞ്ചരൂപങ്ങള്‍. ഈ അഞ്ചുരൂപങ്ങളെ പഞ്ചദേവിമാര്‍ എന്നുപറയുന്നു. ദേവിയുടെ അംശത്തില്‍ നിന്നു രൂപംകൊണ്ട ആറു ദേവികളുണ്ട്. വിഷ്ണുവിന്റെ ദേഹത്തുനിന്നുത്ഭവിച്ച ഗംഗാദേവി, വിഷ്ണുവിന്റെ പാദസേവിനിയായ തുളസി, ശിവന്റെ പ്രിയ ശിഷ്യയും മഹാമായയുടെ അംശവുമായ മനസാദേവി, മഹാമായയില്‍ നിന്നുത്ഭവിച്ച ദേവസേനാദേവി, മൂലപ്രകൃതിയുടെ വദനത്തില്‍നിന്നും ജനിച്ച മംഗളചണ്ഡിക, ബ്രഹ്മാവിന്റെ പുത്രിയും വിഷ്ണുവിന്റെ പത്‌നിയുമായ ഭൂമിദേവി. മഹാമായയുടെ അംശങ്ങളുടെ അംശങ്ങള്‍കൊണ്ട് ജനിച്ച 37 ദേവിമാര്‍ കൂടിയുണ്ട്.

അംശകലാദേവികളുടെ പേരുകള്‍ ഇങ്ങനെ: 

സ്വാഹാദേവി, ദക്ഷിണാദേവി, ദീക്ഷാദേവി, സ്വധാദേവി, സ്വസ്തിദേവി, പുഷ്ടിദേവി, തുഷ്ടിദേവി, സമ്പത്തി, ധൃതി, സതീദേവി, ദയാദേവി, പ്രതിഷ്ഠാദേവി, സിദ്ധാദേവി, കീര്‍ത്തി ദേവി, ക്രിയാദേവി, മിഥ്യാദേവി, ശാന്തിദേവി, ലജ്ജാദേവി, ബുദ്ധിദേവി, ധൃതിദേവി, മൂര്‍ത്തി, ശ്രീദേവി, നിദ്രാദേവി, രാത്രി, സന്ധ്യ, ദിവസം, വിശപ്പ്, ദാഹം, പ്രഭാദേവി, ദാഹികാദേവി, മൃത്യു, ജര, തന്ദ്രി, പ്രീതി, ശ്രദ്ധ, ഭക്തി.

കേരളീയര്‍ക്ക് ദേവി ഭഗവതിയാണ്. അമ്മയാണ്. തമിഴ്‌നാട്ടുകാര്‍ക്ക് അമ്മന്‍. ഉത്തരേന്ത്യക്കാര്‍ക്ക് മാ യും അംബയും. ഭഗവതിയും അംബയും അംബികയും അമ്മയും ശക്തിയുടെ രൂപാന്തരങ്ങള്‍ തന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങി എല്ലാ ദേവകളിലും ഈ ശക്തി അംശമായുണ്ട്. ദേവാസുരയുദ്ധമുണ്ടായപ്പോള്‍ ചണ്ഡികാദേവിയുടെ സഹായാര്‍ത്ഥം ദേവ് ശക്തികള്‍ ആവിര്‍ഭവിച്ചു:- ബ്രഹ്മാണി, വൈഷ്ണവി, ശങ്കരി, കൗമാരി, വാരാഹി, നാരസിംഹി, കൗബേരി, വരുണി. സര്‍വം ദേവീമയം. 


മനസാദേവി

മനസാദേവി

കശ്യപ പുത്രിയും ശങ്കരന്റെ പ്രിയശിഷ്യയും മഹാജ്ഞാന വിശാരദയും നാഗരാജാവായ അനന്തന്റെ സഹോദരിയും നാഗവാഹിനിയും തപോധനന്മാര്‍ക്കു ഫലം കൊടുക്കുന്നവളും മന്ത്രങ്ങളുടെ അധിദേവതയും ജരല്‍ക്കാരുമുനിയുടെ പത്നിയും ആസ്തികമുനിയുടെ മാതാവുമായ തപസ്വിനിയാണ് മനസാദേവി.

പണ്ട് ഒരു കാലത്ത് സർപ്പങ്ങളുടെ ഉപദ്രവം നിമിത്തം ഭൂമിയിലുള്ള മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടി... അവർ കശ്യപ പ്രജാപതിയോട് സങ്കടമുണർത്തിച്ചു. കശ്യപനും അദ്ദേഹത്തിന്റെ പിതാവായ ബ്രഹ്മാവും കൂടി ആലോചിച്ച് സർപ്പങ്ങളുടെ ഉപദ്രവശാന്തിക്കായി അനേകം മന്ത്രങ്ങളെയും, അതിന്റെ അധിഷ്ടാന ദേവതയായി ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ച് കശ്യപന്റെ മനസ്സുകൊണ്ട് മനസാദേവിയെയും സൃഷ്ടിച്ചു...

കശ്യപ പ്രജാപതിയുടെ മനസ്സിൽ നിന്ന് ഉണ്ടായിട്ടുള്ളവളാകയാൽ ആ ദേവിക്ക് മനസ്സാദേവി എന്നാ പേരുണ്ടായി... 
ഈ ദേവി മൂന്നു യുഗക്കാലം മുഴുവനും ശ്രീകൃഷ്ണപരമാത്മാവിനെ തന്നെ ധ്യാനിച്ചുകൊണ്ടിരുന്നതിനാൽ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്നവളും സിദ്ധയോഗിനിയായും വിഷ്ണുഭക്തയായും തീർന്നു... 

ഈ ദേവിക്ക് പന്ത്രണ്ട് പേരുകളുണ്ട്...
1 ) ജരൽക്കാരു :- മനസാദേവി മൂന്നുയുഗക്കാലം ശ്രീകൃഷ്ണപരമാത്മാവിനെ ഉദ്ദേശിച്ച് തപസ്സ് ചെയ്യുക നിമിത്തം ദേവിയുടെ ശരീരവും വസ്ത്രവും വളരെ ജീർണ്ണിച്ചു പോയി ,അത് നിമിത്തം ഭഗവാൻ ദേവിക്ക് ജരൽക്കാരു എന്ന പേര് നൽകി.

2 ) ജഗൽഗൌരി :- സുന്ദരിയും വെളുത്ത നിറത്തോട് കൂടിയവളുമാകയാലും ലോകത്തിലെങ്ങും പൂജിക്കപ്പെടുന്നതായതുകൊണ്ടും ജഗൽ ഗൌരി എന്ന പേര് ലഭിച്ചു.

3 ) മനസാ :- കശ്യപന്റെ മാനസപുത്രിയായതിനാൽ മനസായെന്നും പേര് കിട്ടി.

4 ) സിദ്ധയോഗിനി :- ദേവി ചെയ്ത തപസ്സിന്റെ ഫലമായി വേണ്ട യോഗസിദ്ധികളെല്ലാം ഉണ്ടായതുകൊണ്ട് ഈ പേരിൽ അറിയപ്പെട്ടു.

5 ) വൈഷ്ണവി :- വിഷ്ണുഭഗവാനിൽ സ്ഥിരമായി ഭക്തിയുള്ളവളായതുകൊണ്ട് വൈഷ്ണവിയെന്ന് വിളിച്ചുപോന്നു.

6 ) നാഗഭഗിനി :- നാഗരാജാവായ വാസുകിയുടെ സഹോദരിയായതുകൊണ്ട് നാഗഭഗിനിയെന്നു അറിയപ്പെട്ടു.

7 ) ശൈവി :- ശിവന്റെ ശിഷ്യ ആയതുകൊണ്ട് ശൈവി എന്ന പേര് ലഭിച്ചു.

8 ) നഗേശ്വരി :- പരീക്ഷിത്ത് രാജാവിന്റെ പുത്രനായ ജനമേജയൻ ചെയ്ത സർപ്പയാഗത്തിൽ നിന്നും നാഗങ്ങളെ രക്ഷിച്ചതുകൊണ്ട് ഈ പേര് ലഭിച്ചു.

9 ) ജരൽക്കാരുപ്രിയ :- ജരൽക്കാരു എന്ന് തന്നെ പേരായ മഹർഷിയുടെ ഭാര്യ ആയതുകൊണ്ട് ജരൽക്കാരു പ്രിയ എന്ന് അറിയപ്പെട്ടു.

10 ) ആസ്തികമാതാ :- ആസ്തിക മഹർഷിയുടെ മാതാവായതുകൊണ്ട് ഇങ്ങനെ പേര് ലഭിച്ചത്.

11 ) വിഷഹാരി :- വിഷത്തെ നശിപ്പിക്കുന്ന ഈശ്വരിയായതുകൊണ്ട് വിഷഹാരിയെന്ന പേര് ലഭിച്ചു.

12 ) മഹാജ്ഞാനവതി :- മഹാജ്ഞാനസിദ്ധിയും യോഗസിദ്ധിയും മരിച്ചവരെ ജീവിപ്പിക്കാനുള്ള സിദ്ധിയും ഉള്ളതുകൊണ്ട് മഹാജ്ഞാനവതിയെന്നും അറിയപ്പെട്ടു..

വസന്തപഞ്ചമി

വസന്തപഞ്ചമി

കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യം കൊടുത്തുകാണുന്നില്ല. ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍... എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായ വസന്തപഞ്ചമിയെ കുറിച്ചാണ് വിവരിക്കുന്നത്. ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു (മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ മാഘശുക്ലപഞ്ചമി ദേവിയുടെജന്മദിനമായി ആഘോഷിക്കപ്പെടുന്നു. കാളിദാസനുമുന്നില്‍ സരസ്വതീദേവി പ്രത്യക്ഷയായി വരം നല്‍കിയതു വസന്തപഞ്ചമിനാളിലാണ് എന്നും വിശ്വസിക്കപ്പെടുന്നു. മാഘശുക്ലപഞ്ചമി വസന്തപഞ്ചമി എന്ന പേരിലാണു കൂടുതലായി അറിയപ്പെടുന്നത്. ശ്രീപഞ്ചമി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. മാഘമാസം അതീവ വൈശിഷ്ട്യമാര്‍ന്ന പുണ്യമാസമാണ്. മാഘം (മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാര്‍ത്തികം (തുലാം-വൃശ്ചികം) എന്നിവയ്ക്ക് ഹൈന്ദവ പുരാണങ്ങള്‍ വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വസന്തകാലം ആരംഭിക്കുന്നത് മാഘമാസത്തിലാണ്. വസന്തപഞ്ചമി ദിനം വിജയദശമിപോലെതന്നെ പ്രധാനപ്പെട്ടതാണ്. ഉത്തരേന്ത്യയില്‍ ഈ ദിവസം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. കേരളീയര്‍ വിദ്യാരംഭം കുറിക്കുവാന്‍ വിജയദശമി തിരഞ്ഞെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കുന്നത് ദേവിയുടെ ജന്മദിനമായ വസന്തപഞ്ചമിയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നു ദേവിയെ പൂജിക്കാറുണ്ട്. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (കാശി ഹിന്ദുവിശ്വവിദ്യാലയം) യ്ക്കു പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ശിലാസ്ഥാപനം നടത്തിയത് ഒരു വസന്തപഞ്ചമി നാളിലായിരുന്നു. സത്വപ്രധാനയും ശുക്ലവര്‍ണ്ണയുമായ സരസ്വതീദേവിയെ വസന്തപഞ്ചമി നാളില്‍ പ്രഭാതത്തില്‍ ജലഗന്ധപുഷ്പദീപാദികളാല്‍ പൂജിക്കേണ്ടതാണ്. വസന്തപഞ്ചമി നാളില്‍ദേവിക്കു മഞ്ഞനിറമുള്ള പൂക്കളും വസ്ത്രങ്ങളും സമര്‍പ്പിക്കുകയാണു ഉത്തരേന്ത്യയില്‍ പതിവ്. ദേവിക്ക് അന്നേദിവസം നിവേദിക്കുന്ന മധുരപലഹാരങ്ങളും മഞ്ഞനിറമുള്ളതായിരിക്കും (മഞ്ഞ ലഡ്ഡു, കേസര്‍ഹല്‍വ, കേസരി). ആളുകളും മഞ്ഞവസ്ത്രങ്ങള്‍ ധരിക്കുന്നു. വസന്തത്തിന്റെ വര്‍ണ്ണമായി മഞ്ഞ കരുതപ്പെടുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊര്‍ജ്ജത്തിന്റേയും നിറമാണു മഞ്ഞ. പുസ്തകവും, പേനയുമെല്ലാം ദേവിയുടെമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുന്നു. വസന്തപഞ്ചമി നാളില്‍ സരസ്വതീദേവിയെ പൂജിക്കുന്നവര്‍ക്ക് ജ്ഞാനസിദ്ധിയും മോക്ഷവും ലഭിക്കുന്നതാണ്. മാഘശുക്ലപഞ്ചമിയില്‍ ഷോഡശോപചാരങ്ങളോടെ സരസ്വതിയെ പൂജിക്കുന്നവര്‍ മണിദ്വീപില്‍ ഒരു ബ്രഹ്മദിനം കഴിയുകയും പുനര്‍ജന്മത്തില്‍ മഹാപണ്ഡിതനായി ഭവിക്കുകയും ചെയ്യും.

 മാഘസ്യശുക്ലപഞ്ചമ്യാം പൂജയേദ്യഃസരസ്വതീം സംയതോ ഭക്തിതോദത്വാചോപചാരാണിഷോഡശ മഹീയതേമണിദ്വീപേ യാവദ്ബ്രഹ്മദിവാനിശം സംപ്രാപ്യ ച പുനര്‍ജ• സഭവേത്കവി പണ്ഡിതഃ (ദേവീഭാഗവതം 9:30:1820)

അന്നേദിവസം സരസ്വതീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും സരസ്വതീ സ്‌തോത്രങ്ങളും (വിശിഷ്യാ സഹസ്രനാമസ്‌തോത്രം) മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും ഫലദായകമാണ്. മഹാലക്ഷ്മിയെ പൂജിക്കുന്ന ദിനം കൂടിയാണു ശ്രീപഞ്ചമി. മാഘശുക്ലപഞ്ചമി പൂജയെക്കുറിച്ച് സംവത്‌സര പ്രദീപം പറയുന്നു 

പഞ്ചമ്യാം പൂജയേല്ലക്ഷ്മീം പുഷ്പധൂപാന്നവാരിഭിഃ മസ്യാധാരംലേഖിനീഞ്ച പൂജയേന്ന ലിഖേത്തതഃ മാഘേമാസിസിതേ പക്ഷേ പഞ്ചമീയാ ശ്രിയഃ പ്രിയാ തസ്യാഃ പൂര്‍വാഹ്നഏവേഹകാര്യഃസാരസ്വതോത്‌സവഃ 

പഞ്ചമിയില്‍ മഹാലക്ഷ്മിയെ പുഷ്പം, ധൂപം, നിവേദ്യം, ജലം എന്നിത്യാദികളാല്‍ പൂജിക്കണം. ദേവിയുടെ ആധാരശക്തികളെയും എഴുത്തുപകരണങ്ങളെയും പൂജിച്ച ശേഷം എഴുതണം. ശ്രീക്ക് പ്രിയങ്കരമായ മാഘശുക്ലപഞ്ചമിയില്‍ പൂര്‍വാഹ്നത്തില്‍ (പ്രഭാതത്തില്‍) സാരസ്വതോത്‌സവം ആഘോഷിക്കണം. 'ശ്രീ' ശബ്ദത്തിനു ലക്ഷ്മിയെന്നും സരസ്വതിയെന്നും അര്‍ത്ഥമുള്ളതിനാല്‍ ഇവിടെ സരസ്വതി എന്നു സ്വീകരിക്കുന്നതാണ് ഉചിതം എന്ന് ശബ്ദകല്‍പദ്രുമം. വസന്തപഞ്ചമിയുടെ നാല്‍പതാം ദിനമാണുഹോളി (ഫാല്‍ഗുന പൂര്‍ണ്ണിമ). പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ ശ്രമിച്ച ഹോളികയുടെ (ഹിരണ്യകശിപുവിന്റെ സഹോദരിയുടെ) രൂപം വസന്തപഞ്ചമി നാളുമുതല്‍ ഒരുക്കിതുടങ്ങുകയും ഹോളിയുടെ അന്നു കത്തിച്ചുകളയുകയും ചെയ്യുന്നു.

ഉത്തരേന്ത്യയിലെ കടുകു പാടങ്ങളെല്ലാം മഞ്ഞനിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു മനോഹരമാകുന്ന കാലംകൂടിയാണിത്. പഞ്ചാബില്‍ സിഖ്‌സമൂഹം പട്ടങ്ങളുടെ ഉത്‌സവമായും മാഘശുക്ലപഞ്ചമി ആഘോഷിക്കുന്നു. കാമദേവനേയും, രതീദേവിയേയും, വസന്തദേവനേയും പൂജിക്കുന്ന ദിനം കൂടിയാണിത്. വസന്തപഞ്ചമിയുടെ തലേദിവസം ചതുര്‍ത്ഥിയാണ്. ഗണപതിയെ പൂജിക്കുവാന്‍ വിനായകചതുര്‍ത്ഥി പോലെതന്നെ പ്രാധാന്യമേറിയദിവസം. ചതുര്‍ത്ഥി നാളില്‍ മഹാഗണപതിയേയും വസന്ത പഞ്ചമി നാളില്‍ സരസ്വതിയേയും ആരാധിക്കുക വഴി മനുഷ്യര്‍ക്കു നിത്യജീവിതത്തില്‍ ആവശ്യമായ സകലതും സിദ്ധിക്കും. കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യം കൊടുത്തുകാണുന്നില്ല.

ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍ (യഥാക്രമം ഭഗവാന്‍ കൃഷ്ണന്റേയും, ഭഗവാന്‍ ശിവന്റേയും വാമന മൂര്‍ത്തിയുടെയും, ദേവിയുടേയും ജന്മദിനങ്ങള്‍). ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായകചതുര്‍ ത്ഥി, ശ്രീരാമജന്മദിനമായ രാമനവമി, ഹനുമാന്റെജന്മദിനമായ ഹനുമദ്ജയന്തി, ബലരാമജന്മദിനമായ അക്ഷയതൃതീയ, വൈശാഖമാസത്തിലെ നരസിംഹജയന്തി എന്നിവയ്ക്ക് മുമ്പുണ്ടായിരുന്നതിലുമധികം ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും മലയാളികള്‍ ആരംഭിച്ചിട്ടുണ്ട്... ഇതുപോലെ വസന്തപഞ്ചമിയും സമുചിതമായി അനന്തരഭാവിയില്‍ കൊണ്ടാടപ്പെടും.

തിരുമുടി എഴുന്നള്ളത്ത്

തിരുമുടി എഴുന്നള്ളത്ത്

വരിക്കപ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര ബിംബത്തെയണ്. അതായത് ചലിക്കുന്ന ബിംബത്തെയാണ് തിരുമുടി മുടി എന്നു പറയുന്നത്. സാധാരണ മറ്റു ക്ഷേത്രങ്ങളിൽ മൂർത്തിയൂടെ ബിംബത്തെ പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ അത് പുറത്ത് എടുക്കില്ല എന്നാൽ തിരുമുടി ഇതിൽ നിന്നും വിഭിന്നമാണ് ആണ്. ഭദ്രകാളിയുടെ തിരുമുഖവും ഒപ്പം തലമുടി ആയി സങ്കൽപ്പിച്ചു കൊണ്ട് സർപ്പങ്ങളെയും ആണ് ഇതിൽ സാധാരണ ആയി കൊത്തി ചേർക്കുന്നത്. 

എന്നാൽ ചില തിരു മുടികൾ ദേവിയുടെ പൂർണ രൂപത്തിൽ തന്നെ കാണും അതിൽ വാഹനം ആയി വേതാളം, ആയിരം ഹസ്തങ്ങളും അതിൽ ശംഖ്, ചക്രം, ഗദ, വാള്, പരിച, ധനുസ്സ്, അസ്ത്രം, പത്മം, അഗ്നിയും ദാരികശിരസ്സും ഏന്തി കഴുത്തില്‍ തലയോട് മാലയിമായി അണിഞ്ഞും ഗജത്തെ കർണ്ണഭാരമാക്കിയും കേസരിയെ അംഗുലീയമായും പ്രകാശപൂരിതമായ നയനങ്ങളും, ബീഭത്സമായ ദംഷ്ട്രകളും പുറത്തേക്കു കാട്ടി നിണം ചൊരിയുന്ന നാവുമുള്ള ഭഗവതി, വേതാളത്തെ വാഹനമാക്കി ഈരേഴുപതിനാല് ലോകവും അടക്കി വാഴുന്ന ജഗദാംബികയുടെ വിശ്വരൂപത്തിന്റെ സങ്കൽപ്പരൂപമാണ് ദാരുവിൽ തീർത്ത മുടി...

രണ്ട് ഭാവത്തിലാണ് ഭദ്രകാളി മുടികൾ സാധാരണമായീ കൊത്തുന്നത്. ശാന്ത രൂപത്തിലും മറ്റൊന്ന് രൗദ്രഭാവത്തിലും. കൂടുതൽ തിരു മുടികൾ ശിരസിൽ ആണ് എഴുന്നെള്ളിക്കുന്നതു എന്നാൽ കൊയ്പ്പള്ളികാരാഴ്മ ക്ഷേത്രം ചെട്ടികുളങ്ങര ക്ഷേത്രത്തിലെ തിരു മുടി കുതിര മാളിക ആണ് എഴുന്നെള്ളിക്കുന്നത്.

ഉത്സവത്തിനു മാത്രമേ ക്ഷേത്രത്തിൽ 21 ദിവസം ദർശനം ഉണ്ടാകു. അതു കഴിഞ്ഞു ബാക്കി ഉള്ള ദിവസം അറയിൽ പട്ടു കൊണ്ട് മുടി ആരും ദർശനം നടത്താതെ പുറമെ വിളക്ക് കത്തിച്ചു വെക്കും.    

ഭദ്രകാളി ക്ഷേത്രങ്ങളിൽ തോറ്റം പാട്ടിലൂടെയാണ് ഉത്സവം ആരംഭിക്കുക. ഈ ദിവസം മുടി പുരയിൽ അതിനനുസരിച്ചുള്ള പ്രത്യേക പൂജയും ആഘോഷങ്ങളും ഉണ്ടാവും, തിരുമുടി എഴുന്നള്ളിപ്പിന്. കാപ്പുകെട്ടി വൃതശുദ്ധിയോടെ കൂടിയാണ് ഇവർ തിരുമുടി എടുക്കുന്നത്. തിരുമുടി എഴുന്നള്ളത്ത് (കുലവാഴ വെട്ടു) കാളി-ദാരിക യുദ്ധവും തുടർന്ന് ഭദ്രകാളിയെ പേടിച്ച് ഭൂമിയിൽ വന്നു കുലവാഴ ആയി ദാരികൻ. എന്നാണ് സങ്കല്പം . ഭാരതത്തിൽ പരക്കെ ആരാധിക്കുന്നത് ദാരികനെ വധിച്ച ഭദ്രകാളിയാണ്.    

1) കേരളത്തിലെ ഏറ്റവും വലിയ തിരുമുടി തിരുവനന്തപുരം ജില്ലയിലെ വെള്ളായണി ദേവി ക്ഷേത്രത്തിലെതാണ്.

2) 3 തിരുമുടികൾ ഉള്ള ക്ഷേത്രമാണ് കന്യാകുമാരി ഇട്ടകവേലി മുടിപ്പുര.

3) 2 തിരുമുടികൾ ഉള്ള ചില ക്ഷേത്രങ്ങൾ ആണ് കൊല്ലംകോട് മുടിപ്പുര, ഫണമുഖം മുടിപ്പുര, ഇനിയും ധാരാളം ഉണ്ട്.


ബ്രഹ്മാദിസപ്ത മാതൃക്കളുടെ തത്ത്വം

ബ്രഹ്മാദിസപ്ത മാതൃക്കളുടെ തത്ത്വം

പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

പ്രപഞ്ചത്തിൻ്റെയും വൃഷ്ടിശരീരത്തിൻ്റെയും സൂക്ഷ്മതലങ്ങളിൽ പ്രവർത്തിക്കുന്നു. ശക്തിവിശേഷങ്ങളെയാണ് ബ്രഹ്മാദിസപ്തമാതൃക്കൾ കുറിക്കുന്നത്. ബ്രഹ്മി എന്നത് സൃഷ്ടിശക്തിയും, മഹേശ്വരി എന്നത് സംഹാരശക്തിയും, കൗമാരി എന്നത് ഗുരുശക്തിയും, വൈഷ്ണവി എന്നത് സ്ഥിതി ശക്തിയും, വരാഹി എന്നത് മൂലാധാരത്തെ കുത്തിയിളക്കികൊണ്ട് താഴോട്ട് പ്രവഹിക്കുന്ന അതിശക്തിയായ ഈശ്വരീയ പ്രവാഹവും, ഇന്ദ്രാണി എന്നത് മൂലാധരത്തിൽ പ്രഥ്വവിതലത്തിൽ യോഗനിദ്രകൊള്ളുന്ന ശക്തിയും, ചാമുണ്ഡാ എന്നത് അവിടെ നിന്ന് ഉയർന്നു പൊങ്ങുന്ന അത്യുഗ്രമായ പ്രചണ്ഡമായ സാധകൻ്റെ തപശക്തിയുമാണ്. ഇവയെല്ലാമാണ് നമ്മുടെ ആന്തരീകതലത്തിൽ പ്രവർത്തനമാനങ്ങളായിരിക്കുന്ന ശക്തികൾ. ഏതു വൃഷ്ടിശരീരത്തിലും ഈ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. വിശേഷിച്ച് മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും, പ്രപഞ്ചശരീരീം ഒരു വൃഷ്ടിശരീരമാണല്ലോ. ഇത് രണ്ടിനോടും സാദൃശ്യം വഹിക്കുന്ന തരത്തിലാണല്ലോ. ക്ഷേത്രഗാത്രത്തെ സംവിധാനം ചെയ്തിട്ടുള്ളത്. അപ്പോൾ സ്ഥൂലദേഹത്തിൻ്റെ ഉപരിയായി മനോമയ കോശത്തിൻ്റെ താഴേയായി ഈ ശക്തികളുടെ പ്രവർത്തനരംഗം വരും. ക്ഷേത്രശിൽപ്പത്തിൽ യമനിൽ നിന്ന് സ്വൽപ്പം പടിഞ്ഞാറുമാറികൊണ്ടുള്ള പ്രദക്ഷിണമാർഗ്ഗത്തിൽ കൂടിയുള്ള ഈ ചലനം ഈശ്വരാഭിമുഖമായ ഈ അനന്തതയിലേക്കുള്ള പ്രയാണത്തെയാണ് കുറിക്കുന്നത്. അതായത് അൽപ്പം പടിഞ്ഞാറോട്ട് മാറുമ്പോൾ മാതൃക്കൾ യമൻ്റെ ഉപരിഭാഗത്താകുകയാണ് ചെയ്യുന്നത്. ഈ സപ്തമാതൃക്കളുടെയും ബലിപീഠങ്ങൾ ഈ സങ്കൽപ്പങ്ങൾക്കനുസരിച്ചാണ് . ഈ ഏഴു ശക്തികളേയും മൂലാധാരത്തിൻ്റെ അധിഷ്ഠാന ദേവതയായ ഗണപതിയെയും , സഹസ്രാരത്തിൻ്റെ അടിസ്ഥാനദേവതയായ ശിവൻ്റെ പ്രാതിനിധ്യം വഹിക്കുന്ന വീരഭദ്രനും വലയം ചെയ്തിരിക്കുന്നത് യുക്തി സഹമാണെന്ന് പറയാൻ കഴിയും..
യമൻ്റെ പടിഞ്ഞാറ് ഒരു നീളമുള്ള പീഠത്തിൽ തന്നെ ഈ ഏഴു മാതൃക്കളേയും ഓരേ വരിയിലും , അൽപ്പം വടക്കുമാറി ആ പീഠത്തിൽ തന്നെ കിഴക്കും പടിഞ്ഞാറും അഗ്രങ്ങളിൽ വീരഭദ്രനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. ബ്രഹ്മി എന്ന സൃഷിശക്തിയേയും , മഹേശ്വരി എന്ന സംഹാരശക്തിയേയും സൃഷ്ടമായ സമഷ്ടിവൃഷ്ടി ശരീരങ്ങളിൽ ഹംസമന്ത്രരൂപങ്ങളിലുള്ള പ്രാണചലനങ്ങളാണ് ഹംസപീഠത്തിനുപരിയായി നിൽക്കുന്ന ഗുരുശക്തിയാണ് കൗമാരി. അതിനെ ആവരണം ചെയ്ത് നിൽക്കുന്നത് അമൃതമയമായ (പാലാഴിയിൽ പള്ളികൊള്ളുന്ന) വൈഷ്ണവിശക്തിയണ്. അവിടെ നിന്ന് ഭൂമിയെ ഉദ്ധരിക്കുവാൻ അതിശക്തമായി താഴോട്ട് അവതരിച്ച ശക്തിയാണ് വരാഹി. വാരഹത്തിൻ്റെ തോറ്റകൊണ്ട് താണുപോയ ഭൂമിയെ ഉദ്ധരിച്ചതായിട്ടാണല്ലോ പുരാണകഥ. ആ ഭൂമിയുടെ അഥവാ പാർത്ഥിവമായ അധസ്തലത്തിൽ കുടിക്കൊള്ളുന്ന ശക്തിയാണ് സുപ്തമായ കുണ്ഡലിനി അഥവ ഇന്ദ്രാണി, അതിൻ്റെ ഉർത്ഥിരൂപമാണ് ഉയരുന്ന പ്രചണ്ഡശക്തിയായ കുണ്ഡലിനി- അതാണ് ചാമുണ്ഡാ, ഈ കൽപ്പനാ സപ്തമാതൃക്കളുടെ സൂക്ഷ്മതത്ത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ജീവൻ്റെ ഈശ്വരാഭിമുഖമായ പ്രയാണത്തിൻ്റെ ആദ്ധ്യത്മികഗതിയുടെ പടികളാണ് ഈ സപ്തമാതൃക്കളുടെ പഠിഞ്ഞാറോട് നീണ്ടു നിൽക്കുന്ന പ്രതിഷ്ഠകൾ.

• അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.

• ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.

• ആൺമയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയിൽ വേലാണ് ആയുധം.

• വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.

• ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.

• ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. ഇതാണ് പ്രത്യംഗിരിദേവി.

• വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.

• പോത്താണ് പരാശക്തിയുടെ തന്നെ അംശമായ ചാമുണ്ഡിയുടെ വാഹനം. ത്രിലോചനയായ ഈ കാളി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ .

ഇതുകളെ കൂടാതെ മാതൃക്കൾക്കും കുറച്ച് പടിഞ്ഞാറുമാറി ശാസ്താവിനേയും വായുകോണിൻ്റെ അൽപം കിഴക്കായി ദുർഗ്ഗയെയും സോമൻ്റെ തൊട്ടുപടിഞ്ഞാറായി സുബ്രമണ്യനെയും സോമൻ്റെ തൊട്ടു കിഴ്ക്കായി കുബേരനെയും പ്രതിനിദാനം ചെയ്യുന്ന ബലിപീഠങ്ങളുണ്ട്. ഇതിൽ കുബേരൻ ഉത്തരദിക്കിൻ്റെ അധിപൻ എന്ന നിലയിൽ സോമൻ്റെ ഒരു ആവർത്തനമാണ്. ശാസ്താവ് കേരളത്തിൽ പ്രചുരപ്രചാരമായ ഒരു മന്ത്രസങ്കൽപമാണ്, സുബ്രമണ്യൻ ഗുരുവിനെ പ്രതിനിദാനം ചെയ്യുന്നു. ഗുരു ഗുഹൻ എന്നി പേരുകളുടെ മന്ത്രശാസ്ത്രപ്രകാരമുള്ള അടുപ്പം അതിനെയാണ് സുചിപ്പിക്കുന്നത്. കൂടാതെ പുരാണങ്ങൾ ഗുഹനെയാണല്ലോ പരമശിവനുപോലും പ്രണവോപദേശം ചെയ്യുന്ന ഗുരുവായി സങ്കൽപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് സോമൻ്റെ തൊട്ടടുത്തു തന്നെയാണ് സുബ്രമണ്യൻ്റെ സ്ഥാനം.

മറ്റൊരു മന്ത്ര സങ്കൽപമുള്ളത് ഗണപതി, ദുർഗ്ഗ, വടുകഭൈരവൻ, ക്ഷേത്രപാലൻ, എന്നി മന്ത്രമൂർത്തികൾക്ക് ഏതോരു മന്ത്രപ്രതിഷ്ഠയെയും പ്രധാന ബലിസ്ഥാനങ്ങളാണിവ. ശ്യാമളദണ്ഡകത്തിൽ "തത്രവിഘനേശ്വര ദുർഗ്ഗാവടു ക്ഷേത്രപാലൈര്യുതേ" എന്നിവരികൾ ഈ മന്ത്രശാസ്ത്രസങ്കേതത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിൽ ഗണപതിയും വടുകഭൈരവനും സപ്തമാതൃക്കളുടെ ഇരുപുറവുമുള്ള ഗണപതി വീരഭദ്രന്മാർ പ്രതിനിദാനം ചെയ്യുന്നു. അതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു സമാന്ത്രമായി നിൽക്കുകയാണ് ദുർഗ്ഗാക്ഷേതപാലന്മാർ, ക്ഷേത്രപാലൻ എന്ന സങ്കൽപ്പം അകത്തെ ബലിവട്ടത്തിലെ നിർമ്മാല്യധാരിയാണ്. , നിർമ്മാല്യധാരിക്ക് സമാനമായ ഒരു സ്ഥാനമാണ് പുറത്തെ ബലിവട്ടത്തിൽ ക്ഷേത്രപാലനുള്ളത്, ബലിയുടെ അവസാനം പാത്രത്തോടെ ക്ഷേത്രപാലകനു നിവേദിക്കുമെങ്കിൽ ദേവൻ്റെ ഏതു നിവേദ്യവും നിർമ്മാല്യധാരിക്ക് നിവേദിച്ച് നിർമ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തിൽ ചെയ്യുന്നത്. ദേവപരമായ നിവേദ്യത്തിനുശേഷം നിർമ്മാല്യധാരിക്കും. ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമർപ്പിക്കുന്നത്. അതിനാൽ സൂക്ഷശരീരത്തിൻ്റെയും സ്ഥൂലശരീരത്തിൻ്റെയും പാലകന്മാരായ നിർമ്മാല്യധാരിയുടെയും ക്ഷേത്രപാലൻ്റെയും സങ്കൽപ്പങ്ങൾ ഒന്നു തന്നെയാണ്. ദേവൻ എങ്ങോട്ട് തിരിഞ്ഞാലും നിവേദ്യത്തിൽ അവസാനത്തെ കുടിക്കുനീർ വീഴ്ത്തി നിവേദ്യത്തെ വടക്കോട്ട് നിർമ്മല്യധാരിക്ക് പ്രാണാഹൂതിപുരസ്സരം നിവേദിക്കുന്നു എന്നോർക്കുക. ഈശ്വാനപദത്തിൽ ശിവലിംഗസമാനനായി ഈ നിർമ്മാല്യധാരി സ്ഥിതിചെയ്യുന്നു. ഇങ്ങനെയാണ് അകത്തെ ബലിവട്ടത്തെ ബലിദേവതകളുടെ സ്ഥിതി.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു...