ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 December 2024

ഭദ്രകാളിയും വഴിപാടുകളും

ഭദ്രകാളിയും വഴിപാടുകളും

അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് കുംഭമാസത്തിലെ ഭരണി നാൾ. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര , ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, കാട്ടിൽ മേക്കാതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെവിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്..

ചില വഴിപാടുകളും ഫലങ്ങളും ഫലങ്ങളും:
💗✥━═══🪷═══━✥💗
കടും പായസം - കാര്യവിജയം

പുഷ്പാഭിഷേകം - ഐശ്വര്യം

സഹസ്രനാമാർച്ചന - കാര്യവിജയം, കർമ്മലാഭം

ഭാഗ്യസൂക്താർച്ചന - ഭാഗ്യവർദ്ധന

അഷ്‌ടോത്തരാർച്ചന - തടസനിവാരണം

ചുവന്നപട്ട് - തടസ നിവാരണം

കരിക്ക് അഭിഷേകം - രോഗശാന്തി

മഞ്ഞൾ അഭിഷേകം - കുടുംബഭദ്രത

ചാന്താട്ടം - ശത്രുദോഷശാന്തി

കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം

കുങ്കുമാർച്ചന - കാര്യസിദ്ധി

പനിനീരാഭിഷേകം - കർമ്മവിജയം

കളഭം ചാർത്ത് - ധനാഭിവൃദ്ധി

കാളീസൂക്തം - ശത്രുദോഷം മാറാൻ

പട്ടും താലിയും - വിവാഹം, ദാമ്പത്യഭദ്രത

ചെമ്പരത്തിമാല - ദൃഷ്ടിദോഷമോചനം

എണ്ണ അഭിഷേകം - രോഗശാന്തി

രക്തപുഷ്പാഞ്ജലി - ദുരിതമോചനം

ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം

പൂമൂടൽ - ദുരിതശാന്തി

ഓം ശ്രീ കാളിയേ നമഃ 

കുലദേവത

കുലദേവത

തങ്ങളുടെ ധർമ്മ ദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മ ദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മൂലകുടുംബത്തിൽ നിന്നും വേർപെട്ട് വിദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും മാറി താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ...
കുടുംബദേവതകൾ, ഗ്രാമദേവതകൾ, ദേശദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീമാഹാത്മ്യം10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.
"ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ
മമാ പരാ'
ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ.
അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലക്ഷ്മിയായും, കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണുവായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും ഏകീഭവിച്ച ആ നിത്യലീലാമയിയെ, അന്യദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോദയമായ, മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേനിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ ജനനമരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമുയർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാപരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം, ഇത് പലർക്കും സംശയമാണ്.. അങ്ങനെയുള്ള സന്ദർഭത്തിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകലദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്.. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ, ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം.
ഒന്നാമത് പരദേവതയെടുക്കാം.
'പര' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്, ദേവതയെന്ന വാക്ക്'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു. കൂടാതെ'പര' എന്നത്
ശബ്ദത്തിന്റെ ആദിരൂപമാണ് അതായത് ശബ്ദത്തിന്4 അവസ്ഥകളുണ്ട്, പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ.
ലളിതാസഹസ്രനാമത്തിൽ366, 368, 370, 371 എന്നീ നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്. ശബ്ദബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ.. ഇതിന്റെ ഉൽപ്പത്തി സൂഷ്മശരീരത്തിലെ ആധാരചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്, ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീശക്തി കുടികൊള്ളുന്നത്.
ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്, മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു. ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു. ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു. ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന 514-ാം നാമവും വ്യക്തമാക്കുന്നത്. കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്. ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്.
യജുർവേദഭാഷ്യകാരനായ മഹീധരന്റെ'മന്ത്രമഹോദധി'യെന്ന തന്ത്രഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക.
"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത:"
അർത്ഥം:
ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും
പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക.
ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു. കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു.
ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി. കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതായെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി. അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്.

ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടി

കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടിയെപ്പറ്റി കേട്ടിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്താണ് ആറന്മുള കണ്ണാടിയുടെ സവിശേഷത?. എന്തുകൊണ്ടാണ് ആറന്മുള കണ്ണാടി ഇത്രയധികം വിലപിടിച്ചതാകുന്നത്.? ഈ ചോദ്യങ്ങൾക്ക് ഉത്തരം തിരയുമ്പോഴാണ് ആറന്മുള കണ്ണാടി നിസ്സാരക്കാരനല്ലെന്ന് തിരിച്ചറിയുന്നത്...

പത്തനംതിട്ടയിലെ ആറന്മുള എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടികളാണ് ആറന്മുള കണ്ണാടി എന്ന് അറിയപ്പെടുന്നത്. സാധാരണ സ്ഫടിക കണ്ണാടികളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. 

പൂർണ്ണമായും കരവേലയാൽ നിർമ്മിക്കുന്ന ഈ കണ്ണാടി ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കര അനുപാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു രഹസ്യമാണ്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനെൽവേലിക്കടുത്തുള്ള ശങ്കരൻ കോയിലൂരിൽ നിന്നും ആറന്മുള പാർത്ഥസാരഥി ക്ഷേത്രനിർമ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴിൽ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിർമ്മിച്ചത്. ഇവരുടെ പിൻതലമുറക്കാരായ ഏതാനും കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോഴും ഈ നിർമ്മാണരഹസ്യം അറിയുകയുള്ളൂ. ഈ അറിവ് ദൈവികമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് കണ്ണാടി നിർമ്മാണം കച്ചവടത്തെക്കാളുപരി അനുഷ്ഠാനം കൂടിയാണ്.

അങ്ങേയറ്റം ക്ഷമയോടെ ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് ഓരോ കണ്ണാടിയും രൂപപ്പെടുത്തിയെടുക്കുന്നത്. ആറന്മുളയിലെ നെൽപ്പാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം കളിമണ്ണ് അരച്ചെടുത്ത് കണ്ണാടിക്ക് ആവശ്യമായ അച്ചുകൾ നിർമ്മിക്കുന്നു. കുപ്പിയുടെ മാതൃകയിലുള്ള ഈ അച്ചിന്റെ കഴുത്തു ഭാഗത്തുള്ള ചെറിയ ദ്വാരത്തിനു മുകളിൽ ചോർപ്പിന്റെ ആകൃതിയിലുള്ള ഭാഗത്ത് ചെറു ലോഹക്കഷണങ്ങൾ (പ്രത്യേക അനുപാതത്തിലുള്ള കോപ്പർ-ടിൻ സങ്കരം) നിറച്ച ശേഷം ഈ ഭാഗം അരച്ച കളിമണ്ണ് കൊണ്ട് പൊതിയുന്നു. തുടര്‍ന്ന് ഈ അച്ച് 400 ഡിഗ്രി ചൂടിൽ ഉലയിൽ വെച്ച് രണ്ടോ മൂന്നോ മണിക്കൂർ നേരം പഴുപ്പിച്ചെടുക്കുന്നു.
ഈ ചൂടേറ്റ് ലോഹക്കഷണങ്ങൾ ഉരുകി അച്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്നു. തണുത്ത ശേഷം കളിമണ്ണ് പൊട്ടിച്ച് അതിനുള്ളിൽ ഉരുകിയുറച്ച ലോഹസങ്കരത്തെ പുറത്തെടുക്കുന്നു.

അടുത്ത പടി ഇതിനെ ഉരച്ചു മിനുക്കിയെടുക്കലാണ്. ആദ്യ ഘട്ടത്തിൽ നന്നായി വെന്തു ഭസ്മമായ കളിമണ്ണ്, നല്ലെണ്ണ, ചണം ഇവചേർന്ന മിശ്രിതത്തിലാണ് ഉരയ്ക്കുന്നത്. പിന്നീട് കോട്ടൺ തുണിയിലും അവസാനം വെൽവെറ്റിലും ഉരച്ചു മിനുക്കുന്നു. ഈ ചിലപ്പോൾ അഞ്ചും ആറും ദിവസം വരെ നീളുന്ന ഈ പ്രക്രിയ്ക്കൊടുവിൽ ലോഹക്കഷണം സ്ഫടിക സമാനമായ കണ്ണാടിയായി മാറും!. തുടര്‍ന്ന് ഈ കണ്ണാടിയെ ഓട്ടുചട്ടത്തിൽ ഉറപ്പിച്ചെടുക്കുന്നു. സാധാരണ കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി വിഭ്രംശമില്ലാത്ത യഥാര്‍ത്ഥ രൂപമാണ് ആറന്മുള കണ്ണാടി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിനും പ്രതിബിംബത്തിനുമിടയിൽ അകലം ഉണ്ടാകില്ല.  

ലോഹനിർമ്മിതമാണെങ്കിലും താഴെ വീണാൽ സാധാരണ കണ്ണാടി പോലെ ഉടഞ്ഞു പോകുന്നത് ഈ ലോഹസങ്കരത്തിന്റെ പ്രത്യേകതയാണ്. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലുമാണ് ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്നത്.

ആറന്മുള കണ്ണാടിയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കിഴക്ക് ദിക്കിനഭിമുഖമായി പൂജാമുറിയിൽ വെയ്ക്കുന്ന ആറന്മുള കണ്ണാടി വാസ്തുദോഷം നീക്കുമെന്നും, വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. അഷ്ടമംഗല്യത്തട്ടിലെ പ്രധാന ഇനമാണ് ആറന്മുള കണ്ണാടി (വാൽക്കണ്ണാടി). വലിപ്പത്തിനനുസരിച്ച് 3000രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികളുണ്ട്. 

നിർമ്മാണത്തിലെ നിഗൂഢതയും, അനുപമമായ സൗന്ദര്യവും തൊഴിലാളികളുടെ അർപ്പണവുമാണ് ആറന്മുള കണ്ണാടിയെ ഇത്രയധികം വിലപിടിച്ചതാക്കുന്നത്. 2004-05ൽ geographical Indication (GI) tag ലഭിച്ച ആറന്മുള കണ്ണാടികളുടെ പ്രശസ്തി വിദേശ വിനോദ സഞ്ചാരികളിലൂടെ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്.

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ 
45സെന്റിമീറ്റർ നീളമുള്ള ഒരു ആറന്മുള കണ്ണാടി സൂക്ഷിച്ചിട്ടുണ്ട്. ആറന്മുള കണ്ണാടിയിലൂടെ കേരളത്തിന്റെ മഹത്തായ സംസ്കാരവും, ലോഹസംസ്കരണ പാരമ്പര്യവും ലോകം മുഴുവനും പ്രതിഫലിക്കട്ടെ.

23 December 2024

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ

എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാധ്യ ദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട്. 

ദേവതകളെ - ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്. 

അവയിൽ ചിലതിനെ പരിചയപ്പെടുത്താം. 
💗●➖➖●ॐ●➖➖●💗
അമരകോശത്തിൽ വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രാക്ഷസന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഹുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.

തന്ത്രസമുച്ചയാദി ഗ്രന്ഥങ്ങളിൽ ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.

ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.

താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.
ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.

യക്ഷികൾ :
💗●➖➖●ॐ●➖➖●💗
സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി (ആകാശയക്ഷി), മായയക്ഷി, അരക്കി, അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി, അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.

പക്ഷി(പുള്ള്) ദേവതകൾ :
💗●➖➖●ॐ●➖➖●💗
ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്... ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.

ഗന്ധർവ്വൻ (കാമൻ, കന്നി, മാരൻ) :
💗●➖➖●ॐ●➖➖●💗
ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ, ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ, കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി... ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം :
💗●➖➖●ॐ●➖➖●💗
വെളുത്ത ഭൂതം, ശ്രീ (കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി, തോട്ടു ചിലച്ചി.... ഇവ ഭൂതങ്ങളാണ്.

മാടൻ :
💗●➖➖●ॐ●➖➖●💗
ചെറുമാടൻ, തൊപ്പിമാടൻ, വടിമാടൻ, പുള്ളിമാടൻ, ചുടലമാടൻ, കാലമാടൻ, അഗ്നിമാടൻ, ഭൂതമാടൻ, പിള്ളതിന്നിമാടൻ, ചിതവറയിൽമാടൻ... അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.

ഭൈരവൻ :
💗●➖➖●ॐ●➖➖●💗
അഗ്നിഭൈരവൻ, കാലഭൈരവൻ, ആദിഭേരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയഭൈരവൻ, കപാലഭൈരവൻ... അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.

പൊട്ടൻ :
💗●➖➖●ॐ●➖➖●💗
പുലപ്പൊട്ടൻ, മാരണപ്പൊട്ടൻ, ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പൊട്ടൻ ദേവങ്ങൾ.

കുട്ടിച്ചാത്തൻ :
💗●➖➖●ॐ●➖➖●💗
കരിങ്കുട്ടിച്ചാത്തൻ, പൂങ്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, വിഷ്ണുമായച്ചാത്തൻ, കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.

ഗുളികൻ :
💗●➖➖●ॐ●➖➖●💗
കുളിയൻ (ഗുളികൻ), തെക്കൻ കുളിയൻ, കാര ഗുളികൻ, മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ, മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.

കുറത്തി :
💗●➖➖●ॐ●➖➖●💗
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.

മറുത :
💗●➖➖●ॐ●➖➖●💗
കരിമറുത, കാലകേശി മറുത, ഈശാന്തൻ മറുത, പണ്ടാരമറുത, പച്ചമറുത, തള്ളമറുത... ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.

രക്ഷസ്സ് :
💗●➖➖●ॐ●➖➖●💗
ബ്രഹ്മരക്ഷസ്സ്, ഗോരക്ഷസ്സ്, മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.

വീരൻ :
💗●➖➖●ॐ●➖➖●💗
കതുവന്നൂർ വീരൻ, കോയിച്ചാറു വീരൻ, പാടൻകുളങ്ങര വീരൻ, തുളുവീരൻ, മലവീരൻ, പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.

മല്ലൻ :
💗●➖➖●ॐ●➖➖●💗
മൂവോട്ടുമല്ലൻ, തെറ്റിക്കോട്ടുമല്ലൻ, കാരക്കോട്ടുമല്ലൻ, പറമല്ലൻ, മലിമല്ലൻ.... ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.

പിശാച് :
💗●➖➖●ॐ●➖➖●💗
കാലപിശാച്, ഭസ്മപിശാച്, ജലപിശാച്, പൂതപിശാച്, എരിപിശാച്, മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.

കാളി :
💗●➖➖●ॐ●➖➖●💗
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കരിങ്കാളി, മലയകരിങ്കാളി, വേട്ടക്കാളി, ശൂലക്കാളി... ഇങ്ങനെ പലതരം കാളികളുണ്ട്.

ചാവ് :
💗●➖➖●ॐ●➖➖●💗
പുലിചാവ്, ആനചാവ്, പാമ്പ്ചാവ് (ഇങ്ങനെ ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).

ഈശ്വരി :
💗●➖➖●ॐ●➖➖●💗
രക്തേശ്വരി, ഭുവനേശ്വരി, പരമേശ്വരി... തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.

ചാമുണ്ഡി :
💗●➖➖●ॐ●➖➖●💗
രക്തചാമുണ്ഡി, മാടച്ചാമുണ്ഡി, മുട്ടിയറച്ചാമുണ്ഡി, നീലംകൈച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, മലച്ചാമുണ്ഡി, എടപ്പാറച്ചാമുണ്ഡി, ആനമടച്ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി..... ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.

നാഗദേവതകൾ :
💗●➖➖●ॐ●➖➖●💗
നാഗകണ്ഠൻ, നാഗകന്നി, നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, എരിനാഗം, കരിനാഗം, മണിനാഗം, കുഴിനാഗം, നാഗക്കാളി, നാഗഭഗവതി, നാഗേനീശ്വരി.... ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.

വനദേവതകൾ :
💗●➖➖●ॐ●➖➖●💗
ആയിരവില്ലി, കരിവില്ലി, പൂവല്ലി, ഇളവില്ലി, കരീമലദൈവം, തലച്ചിറവൻ, താന്നിയോടൻ, മലക്കാരി, പുളിപ്പൂളോൻ... ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.

മൂർത്തികൾ :
💗●➖➖●ॐ●➖➖●💗
കണ്ടകമൂർത്തി, കടുവാ മൂർത്തി, മാരണമൂർത്തി, വനമൂർത്തി, പാഷാണമൂർത്തി, കാട്ടുമൂർത്തി.... ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.

രോഗദേവതകൾ :
💗●➖➖●ॐ●➖➖●💗
ചീറുമ്പമാർ, ദണ്ഡദേവൻ, വസൂരിമാല, ഭദ്രകാളി, മാരിയമ്മൻ, മാരിമടക്കിത്തമ്പുരാട്ടി, തൂവക്കാളി, അപസ്മാരമൂർത്തി... ഇവ രോഗദേവതകളാണ്.

ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് 
കരിങ്കുഴി ശാസ്താവ്, കൊട്ടിയൂർ പെരുമാൾ, ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി, തൃക്കരിപ്പൂർ ചക്രപാണി.... എന്നിവ.

കാട്ടുമടന്ത, പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി, ചെറുകുന്നത്തമ്മ, തുടങ്ങിയ നാമങ്ങൾ മല, പാറ, കുന്ന്, കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.

ദേശദേവതയും ഭദ്രകാളിയും

ദേശദേവതയും ഭദ്രകാളിയും

പലതരത്തിലുള്ള പൂജകളും പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ടും വീട്ടിൽ ദുരിതങ്ങൾ ഒഴിയാതിരിക്കുക, മംഗളകർമ്മങ്ങൾ യഥാസമയം നടക്കുന്നതിന് തടസം നേരിടുക, എത്ര പ്രയത്നിച്ചാലും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാതിരിക്കുക തുടങ്ങിയവ മിക്ക കുടുംബങ്ങളിലെയും പ്രശ്‌നമാണ്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ആ കുടുംബത്തിന്റെ ഭദ്രകാളീബന്ധം വെളിപ്പെടുക. കാവിലമ്മയായ കളരിമൂർത്തിയായും കുടുംബദേവതയായും ദേശദേവതയായും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയാണ് ഭദ്രകാളി. അതിനാൽ തീർച്ചയായും നമ്മുടെ പൂർവ്വികർക്ക് ഭദ്രകാളീബന്ധം ഉറപ്പാണ്. ഈ പൂർവ്വികർ നടത്തിയിരുന്ന ഉപാസകൾക്ക് പിൽക്കാലത്ത് ലോപം സംഭവിച്ചതാണ് ദുരിതങ്ങൾക്ക് കാരണം. പൂർവ്വികർ നടത്തി വന്ന ഉപാസനകൾ കൃത്യമായി തുടരാൻ കഴിയാതിരിക്കുക, പൂർവ്വികർ പ്രാർത്ഥനാപൂർവ്വം പ്രസാദിപ്പിച്ചിരുന്ന ദേവതയെ പിൻതലമുറ അവഗണിക്കുക, ഭദ്രകാളിയെ ഭാവസ്വരൂപാദികൾ മാറ്റി ഭുവനേശ്വരിയായും വനദുർഗ്ഗയായും മറ്റും പ്രതിഷ്‌ഠിക്കുക തുടങ്ങിയവയെല്ലാം ദുരിത കാരണമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അതുപോലെ, ദേവിയുടെ സമ്പത്തിന്റെ ഒരംശമെങ്കിലും സ്വന്തം സമ്പത്താക്കി മാറിയിട്ടുണ്ടെങ്കിൽ അതും ദുരിതങ്ങൾക്ക് കാരണമാകും.

ഏതെങ്കിലും തരത്തിൽ പൂർവ്വബന്ധമുള്ള ഭക്തരെ അമ്മ കാത്തിരിക്കും എന്ന് വിശ്വാസമുണ്ട്. അങ്ങനെ വരുമ്പോൾ പൂർവ്വികർ ഏതെങ്കിലും തരത്തിൽ ഉപാസിച്ചിരുന്ന ദേവതയെ പിൻതലമുറയിൽപ്പെട്ടവരും ഉപാസിച്ചാൽ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും എന്ന കാര്യത്തിൽ തർക്കമില്ല. ആ ഉപാസനാപുണ്യം തലമുറയായി കൈമാറി വരുന്നതാണ്. പൂർവ്വബന്ധമുള്ള ദേവതാ ചൈതന്യത്തെ പിൻതലമുറിയിൽപ്പെട്ടവർ അവഗണിക്കുമ്പോഴാണ് ദുരിതങ്ങൾ കൂടുന്നത്. ഭദ്രകാളിയുമായി പൂർവ്വബന്ധമുള്ളവരാകും മിക്കവരും. ദേശദേവതയായിത്തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ഭദ്രകാളീക്ഷേത്രങ്ങളുണ്ടല്ലോ. ആ ദേശത്തിൽ കുടുംബവും വേരുകളുമുള്ളിടത്തോളം
കാലം ഭദ്രകാളീപ്രീതി അനിവാര്യമാണ്. നമ്മുടെ പൂർവ്വ പരമ്പരയിയിൽ എവിടെയോ ഉണ്ടായിരുന്ന ഒരു അമ്മ, അല്ലെങ്കിൽ അമ്മമാർ, അല്ലെങ്കിൽ പൂർവ്വ പിതാക്കന്മാർ; ഇവർ പ്രാർത്ഥിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത‌ ഒരു ദേവതാശക്തിയെ തലമുറകൾക്കുശേഷം ആ പരമ്പരയിലെ ഒരാൾ പ്രാർത്ഥിച്ചു പ്രസാദിപ്പിച്ചാൽ കൈവരുന്ന അനുഗ്രഹം അത്ഭുതകരമായിരിക്കും. ആ ദേവത നമ്മെ കാത്തിരിക്കയാവും എന്നാണു വിശ്വാസം. ദീർഘകാലമായി കാണാതിരുന്ന മകനെ കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ സന്തോഷം പോലെ ഇവിടെ ദേവിയുടെ അനുഗ്രഹം പ്രവഹിക്കുന്നു. ഇത്തരത്തിൽ ഭദ്രകാളിയുമായി പൂർവ്വബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഭദ്രകാളിയെ ഇഷ്ടദേവതയായും ദേശദേവതയായും ആരാധിക്കുന്നതിനും ഏറ്റവും പ്രയോജനപ്രദമായ ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.

ഭൂമിയിലെ ദേവതാസാന്നിധ്യം
💗●➖➖●ॐ●➖➖●💗
ഒരുകാലത്ത് കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ പരക്കെ പാരായണം ചെയ്യപ്പെട്ടിരുന്ന ഗ്രന്ഥമായിരുന്നു ഭദ്രകാളീമാഹാത്മ്യം. ഇന്നും പല ക്ഷേത്രങ്ങളിലും ധർമ്മദേവതാസ്ഥാനങ്ങളിലും ഇതു തുടരുന്നുമുണ്ട്. ഇതിലെ ദിവ്യവും അതിശക്തവുമായ സ്തോത്രങ്ങൾ വീടുകളിൽ സന്ധ്യാസമയത്ത് ജപിക്കുന്ന പതിവുമുണ്ടായിരുന്നു. ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം പോലെ വിശിഷ്ടമാണ് ഭദ്രകാളീമാഹാത്മ്യം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ ഇരുപത്തൊൻപതുവരെയുള്ള ശ്ലോകങ്ങളടങ്ങിയ സ്‌തുതി. പൂർവ്വികമായ ദോഷങ്ങൾ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും ഐശ്വര്യത്തിനുമായി
ആർക്കും ജപിക്കാവുന്ന സ്തോത്രമാണിത്. ധർമ്മദേവതാക്ഷേത്രങ്ങളിൽ വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യിച്ചിരുന്നതും ഒരുകാലത്ത് പതിവായിരുന്നു. ഇത്തരം ഉപാസനകൾ തുടർന്നാൽ ജീവിതത്തിലും കുടുംബത്തിലും അതിവേഗമാണ് മാറ്റങ്ങളുണ്ടാവുക.

ഏറ്റവും വിശ്വാസവും ആത്മബന്ധവുമുള്ള പ്രിയക്ഷേത്രത്തിലെ ഭദ്രകാളിയെ തീവ്രമായി മനസ്സിൽ ഭാവന ചെയ്‌ത്‌ ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യുകയോ അതിലെ സ്തോത്രങ്ങൾ എല്ലാ ദിവസവും ജപിക്കുകയോ ചെയ്യുക. അതിന് പറ്റുന്നില്ലെങ്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപിക്കാം. പുരോഗതിക്കു പ്രതിബന്ധമായി നിൽക്കുന്ന പല ദോഷങ്ങളും ഉപദ്രവങ്ങളും പെട്ടെന്ന് ഇല്ലാതാകും. കരുത്തിന്റെ പ്രതീകമായ ഭദ്രകാളി തടസ്സങ്ങളെയും ബാധോപദ്രവങ്ങളെയുമൊക്കെ അതിശക്തമായി തട്ടിത്തകർക്കുന്നവളാണ്. മനസ്സുരുകി, ഭക്തിപൂർവ്വം അമ്മയെ സ്തു‌തിച്ചാൽ മതി. ഇത്തരത്തിൽ അത്ഭുതകരമായ വളർച്ച നേടുന്ന കുടുംബങ്ങൾ നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാൽ ധാരാളം കാണാൻ കഴിയും. എന്നാൽ ഇക്കാലത്ത് പലർക്കും തങ്ങളുടെ ധർമ്മദൈവം ഏതാണെന്നു പോലും അറിയില്ല,ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയില്ല.

മൂലകുടുംബത്തിൽനിന്നു വേർപെട്ട് വിവിധ പ്രദേശങ്ങളിലും വിദേശത്തും മറ്റും താമസമുറപ്പിച്ചിട്ടുള്ളവർക്ക് യഥാവിധി ധർമ്മദൈവാരാധന നടത്തുന്നതിനും കഴിയുന്നില്ല.
ഇതിനൊക്കെ ഒരു പരിധിവരെ പരിഹരമാണ് ഭദ്രകാളിമാഹാത്മ്യം പാരായണം ചെയ്യുക എന്നത്.

22 December 2024

തച്ചോളി മാണിക്കോത്ത് ക്ഷേത്രം

തച്ചോളി മാണിക്കോത്ത് ക്ഷേത്രം

കേരളത്തിലെ ക്ഷേത്രപൂജകളിൽ ഏറ്റവും ദൈർഘ്യമേറിയ പൂജ നടക്കുന്ന തച്ചോളി മാണിക്കോത്ത് ക്ഷേത്രം

തച്ചോളി മാണിക്കോത്ത് സ്വയംഭൂ സങ്കല്പത്തിലുള്ള ഭഗവതിയുടെ പൂജയാണ് കേരളത്തിലെ ഏറ്റവും സമയമെടുക്കുന്ന ക്ഷേത്ര പൂജ, മൂന്നരയാമം
 (പത്തര മണിക്കൂർ )നീളുന്ന വലിയ കളരി പൂജയിൽ മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം, ഭഗവതിയെ അഞ്ച് ഭാവത്തിലാണ് പൂജിക്കുന്നത്, ആദ്യം ഭദ്രകാളിയായും, രണ്ടാമത് കൊടുങ്ങല്ലൂരമ്മയായും, മൂന്നാമത് ശ്രീപോർക്കലിയായും,
നാലമത് ദുർഗ്ഗാ ഭാവത്തിൽ ലോകനാർകാവിലമ്മയായും ,
അഞ്ചാമതായി ബാലാ പരമേശ്വരി ഭാവത്തിലും പൂജിക്കുന്നു,
കളരിപൂജയുടെ ഓരോ സമയത്തും തൊഴുന്നത് ഓരോ ഫലത്തെ നൽകുന്നു. മുഴുവനായി കളരിപൂജ തൊഴുതു പ്രാർത്ഥിച്ചാൽ സർവാഭീഷ്ടങ്ങളും സാധിക്കുമെന്നും എത്ര വലിയ ശത്രുദോഷവും , ആഭിചാര ദോഷങ്ങളും തീരുമെന്നാണ് വിശ്വാസം. 

ആദ്യ മൂന്ന് പൂജ അതിരൗദ്രഭാവത്തിലാണ് 
(ആലിംഗനപുഷ്പാജ്ഞലി ആദ്യപൂജയിലാണ് ) , -
ലോകനാർകാവിലമ്മയെ ദുർഗ്ഗാ ഭാവത്തിലും, 
അതു കഴിഞ്ഞ് സരസ്വതി സങ്കല്പത്തിൽ ബാലാപരമേശ്വരി ഭാവത്തിലും എത്തിച്ച് 'പിന്നീട് മാതൃഭാവത്തിലായ അമ്മ ധ്യാന നിദ്രയിലേക്ക് പോകുന്നു,

സരസ്വതി പൂജ സമയത്തെ കഷായം സേവിച്ചാൽ വിദ്യയും അറിവും വർദ്ധിക്കും, അതീവ രഹസ്യ സ്വഭാവമുള്ളതും , ഗൂഢ മന്ത്രങ്ങളാൽ പൂജിക്കുന്നതുമായ ഗളൂരിക പൂജ ആരും കാണാറില്ല,
പൂജ തുടങ്ങുന്നതിന് മുമ്പ് കോഴിയെ ബലിയർപ്പിക്കും,

അക്രമികളിൽ നിന്നും കൊടുങ്ങല്ലൂർ ക്ഷേത്രം സംരക്ഷിച്ച തച്ചോളി ഒതേനനിൽ സംപ്രീതയായ ഭഗവതി ഒതേനനൊപ്പം കടത്തനാട്ടിൽ വന്നു കുടി കൊണ്ടു എന്നാണ് വിശ്വാസം, അതിന്റെ പഞ്ചമകാരങ്ങളോടുകൂടിയ പൂജവിധാനങ്ങളും ഗുരുതിയും കൈ കൊണ്ട് ഭഗവതി തച്ചോളി കളരിയിൽ കുടികൊള്ളുന്നു, സ്വയംഭൂ സാന്നിധ്യത്തിൽ നിന്നും അത്യുഗ്രഭാവത്തിൽ തിടമ്പിലേക്ക് ആവാഹിക്കപ്പെടുന്ന ദേവിയെ ശിവനെന്ന ഭാവേന തന്ത്രി തിടമ്പിൽ ആലിംഗനം ചെയ്തു നടത്തുന്ന പുഷ്പാജ്ഞലി ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കുന്നു, അത്യുഗ്രഭാവത്തിൽ നിന്ന് മാതൃവാത്സല്യത്തിൻ്റെ പൂർണതയിലേക്ക് മാറുന്ന സമയം തൊഴുതു പ്രാർത്ഥിക്കുന്നവർക്ക് സന്താനഭാഗ്യം നിശ്ചയമാണ്,

കൊട്ടിയൂർ പെരുമാൾ ഭക്തനായ ഒതേനൻ നൽകിയ അനേകം ഭണ്ഡാരങ്ങൾ ഇന്നും കൊട്ടിയൂരിൽ ഉണ്ട് , തന്റെ ഭക്തനായ ഒതേനന്റെ കളരിയിൽ മഹാദേവനും മൃത്യുജ്ഞയനായി തച്ചോളി മാണിക്കോത്ത് കുടികൊള്ളുന്നു, ദേവിയുടെ സങ്കല്പത്തിന് എതിർ ദിശയിൽ കുടികൊള്ളുന്ന ശിവനും സ്വയംഭൂ പ്രതിഷ്ഠയായിട്ടാണ്, രോഗ ദുരിതങ്ങളും - മൃത്യു ദോഷങ്ങളും തീരാനായി ഇവിടെ മൃത്യുഞ്ജയ ഹോമം ചെയ്യുന്നു 

തച്ചോളി കളരിയുടെ 
പുനർനവീകരണം നടക്കുന്നതു കൊണ്ട് ശിവനെയും ഭഗവതിയേയും അരയാൽ തറയിലെ ബാലാലയത്തിൽ കുടിയിരുത്തി,

തച്ചോളി മാണിക്കോത്ത് തറവാടിൻ്റെ രണ്ട് അറകളുള്ള
ഒരു ഭാഗമാണ് ക്ഷേത്രമായി ഇന്ന് കാണുന്നത്, മറ്റ് ഭാഗങ്ങൾ പൊളിച്ചുനീക്കി,
ഒന്നാമത്തെ കൊട്ടിലിൽ ഒതേനൻ്റെ ജ്യേഷ്ടൻ കോമപ്പകുറുപ്പിൻ്റെ ചന്ദനകട്ടിൽ, രണ്ടാമത്തെ കൊട്ടിലിൽ തച്ചോളി ഒതേനൻ്റെ ഉടവാളും പീഠവും,
ഒതേനൻ്റെ അറയുടെ താഴെ കോലായിൽ സന്തത സഹചാരിയായിരുന്നചാപ്പൻ്റെ പീഠ പ്രതിഷ്ഠയും കാണാം,

കൊട്ടിലിന് പുറത്ത് ഇടതു ഭാഗത്ത്
ഒതേനൻ്റെ മരുമകൻ കേളു കുറുപ്പിൻ്റെ പീഠ പ്രതിഷ്ഠയുള്ള ക്ഷേത്രം, വലതുഭാഗത്ത് കുട്ടിച്ചാത്തനേയും ഗുളികനേയും പ്രതിഷ്ഠിച്ചിരിക്കുന്നു,
ക്ഷേത്രത്തിൽ നിന്ന് കുറച്ച് മാറി വലതു ഭാഗത്ത് പുള്ളുവൻ ക്ഷേത്രം കാണാം, (ഒതേനനെ വെടിവെച്ച മായിൻകുട്ടിയെ അമ്പെയ്ത് കൊന്ന പുള്ളുവൻ)

പീഠസങ്കല്പത്തിലാണ് തച്ചോളി മാണിക്കോത്ത് തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ,
തച്ചോളി കളരിയിൽ ശിവനും ഭഗവതിയും കുടികൊള്ളുന്നു,

എല്ലാമാസം സംക്രമത്തിന് രാവിലെ ഒരു നേരം തച്ചോളി മാണിക്കോത്ത്പൂജ ചെയ്യും,
വിശേഷ അവസരങ്ങളിൽ മാത്രം കളരിയിൽ പൂജ, കുംഭം 10-11 തീയതികളിൽ ആണ് തച്ചോളി മാണിക്കോത്ത് ഉത്സവം, അന്ന് ഒതേനൻ്റെ തെയ്യം കെട്ടിയാടും, ലോകനാർകാവിൽ നിന്ന് ദീപം താലപ്പൊലിയുടെ അകമ്പടിയോടെ തച്ചോളി മാണിക്കോത്ത് എത്തുന്നതോടെ ഉത്സവത്തിന് ആരംഭമായി,

തച്ചോളി മാണിക്കോത്ത് രണ്ടു ദിവസ ഉത്സവം, കൊടുങ്ങല്ലൂർ ഉത്സവം, നവരാത്രി എന്നി ദിവസങ്ങളിൽ മാത്രമാണ് കളരി പൂജ ചെയ്യുന്നത്

പ്രാചീനകാലത്തെ പ്രസിദ്ധമായ തളികൾ

പ്രാചീനകാലത്തെ പ്രസിദ്ധമായ തളികൾ

എന്താണ് 'തളി' ?

പ്രാചീനകാലത്ത്, കേരളത്തിലേയും തുളുനാട്ടിലേയും 32 ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാന്‍ പതിനെട്ടര തളികള്‍ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയില്‍ പറയുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നിരുന്നതായി പറയപ്പെടുന്നു. ഇതിന്‍റെ സങ്കേതമാണ്‌ തളി. കേരളത്തിൽ ഈ സങ്കേതങ്ങളോടൊപ്പം ശിവക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി കാണുവാൻ സാധിക്കും. അപ്രകാരമുള്ള ശിവക്ഷേത്രവും അവയോടനുബന്ധിച്ചുള്ള സഭയേയുമാണ് 'തളി' എന്ന് വിളിച്ചിരുന്നത്. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദി കൂടിയായിരുന്നു ഇത്തരം തളികൾ. തളികളുടെ അധിപന്മാര്‍ 'തളിയംതിരിമാര്‍' എന്നറിയപ്പെട്ടു. ഇവരാണ്‌ ക്ഷേത്രപരിപാലനം നടത്തിയിരുന്നത്‌.

ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് 'ചേരമാൻ പെരുമാൾ' അഥവാ 'കുലശേഖര കോയിലധികാരികൾ' എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് (കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണപണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. ഇതിൽ നിന്ന് തന്നെ തളികൾക്ക് ഉണ്ടായിരുന്ന പ്രാധാന്യം എത്രമാത്രമാണെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ...

തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നതായി ചരിത്രം പറയുന്നു. ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നതായി കാണുവാൻ സാധിക്കും. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യം ചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു നടന്നിരുന്നത്.

പതിനെട്ടര തളികൾ

പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട തളികൾ പയ്യന്നൂർ, പെരിഞ്ചല്ലൂർ (തളിപ്പറമ്പ്), പറവൂർ, ചെങ്ങന്നൂർ എന്നീ നാലു ബ്രാഹ്മണകഴകങ്ങൾക്കും അവയിലുൾപ്പെടുന്ന 32 ഗ്രാമങ്ങൾക്കുമായി ആകെ പതിനെട്ടെണ്ണമാണ്‌.

1. നീലേശ്വരം തളി (കാസർഗോഡ് ജില്ല)
2. തളിപ്പറമ്പ്‌ (കണ്ണൂർ ജില്ല)
3. രാമന്തളി (കണ്ണൂർ ജില്ല)
4. കോഴിക്കോട്‌ തളി (കോഴിക്കോട് ജില്ല)
5. അങ്ങാടിപ്പുറം തളി (മലപ്പുറം ജില്ല)
6. ആലിപ്പറമ്പു തളി (മലപ്പുറം ജില്ല)
7. പാറൽ തളി (മലപ്പുറം ജില്ല)
8. ഈശാനമംഗലം തളി / ഓങ്ങല്ലൂർ തളി  (പാലക്കാട് ജില്ല)
9. കൈത്തളി (പട്ടാമ്പി, പാലക്കാട് ജില്ല)
10. ദേശമംഗലം തളി (വരവൂർ, തൃശ്ശൂർ ജില്ല)
11. പറമ്പന്തളി (മുല്ലശ്ശേരി, തൃശ്ശൂർ ജില്ല)
12. മേൽത്തളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
13. കീഴ്ത്തളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
14. ചിങ്ങപുരത്തു തളി (ശൃംഗപുരം, കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
15. നെടിയതളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
16. കടുത്തുരുത്തി തളി (കോട്ടയം ജില്ല)
17.കോട്ടയം തളി (കോട്ടയം ജില്ല)
18. കരമന തളി (തിരുവനന്തപുരം ജില്ല)

ചേരമാൻ പെരുമാളിന്റെ അധികാര പ്രാതിനിധ്യത്തിനായി ഒരു തളി കൊടുങ്ങല്ലൂർ ഉണ്ടായിരുന്നതിനെ അരത്തളി എന്നു വിളിച്ചിരുന്നതായും അതുകൂടി ഉൾപ്പെടുത്തി പതിനെട്ടര തളികൾ എന്നു പറയുന്നയായും ചില ചരിത്രകാരന്മാർ പറയുന്നു. ഇത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രമാണെന്ന് ചിലരുടെ വാദം. എന്നാൽ പെരുമാളുടെ അരത്തളിയാണ് മാലിക് ദിനാറിന് പള്ളി വയ്ക്കാനായി വിട്ടുകൊടുത്തത് എന്നും ചിലർ വാദിക്കുന്നു. 

പത്താം നൂറ്റാണ്ടിന് മുമ്പ് മേൽപ്പറഞ്ഞതിൽ മേൽത്തളി, കീഴ്ത്തളി, നെടിയതളി, ചിങ്ങപുരത്തു തളി എന്നീ കൊടുങ്ങല്ലൂരിലെ "നാങ്കു തളികൾ" മാത്രമാണുണ്ടായിരുന്നത്. പിന്നീട് ബ്രാഹ്മണർ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായാണ് കടുത്തുരുത്തി, കോട്ടയം തളി അടക്കം മറ്റു തളികളും സ്ഥാപിച്ചത്.

ഈ പതിനെട്ടര തളികൾ കൂടാതെ തളി എന്നു പേരായി മറ്റനവധി ക്ഷേത്രങ്ങൾ കേരളത്തിൽ കാണാമെങ്കിലും ചരിത്രപരമായ പ്രസക്തി പതിനെട്ടര തളികൾക്ക് മാത്രമാണ്. മറ്റുള്ളവയ്ക്ക് ക്ഷേത്രമെന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിക്കുന്നു എന്നേയുള്ളൂ.