ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 13

ഷോഡശസംസ്കാരം

ഭാഗം - 13

11 - വേദാരംഭം
💗✥━═══🪷═══━✥💗
ഉപനയനത്തോടുകൂടി വേദാരംഭ സംസ്കാരം വീട്ടിൽവച്ചും വിദ്യാരം ഭസംസ്കാരം ഗുരുകുലത്തിൽ വച്ചും നടത്തുന്നു.

ഷോഡശസംസ്‌കാരങ്ങളിൽ ഒന്നായ ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭം ഉപാകർമം എന്നു പറഞ്ഞു വരുന്നു. "സംസ്‌കാരപൂർവം ഗ്രഹണം സ്യാദുപാകരണം ശ്രുതേഃ'' എന്ന്‌ ഇതിനെ അമരകോശത്തിൽ നിർവചിച്ചിരിക്കുന്നു; വേദം ഇതുകൊണ്ട്‌ സ്വീകരിക്കപ്പെടുന്നു എന്നാണ്‌ ഇതിന്റെ അർഥം. ഉപനയനത്തിനു ശേഷമേ ദ്വിജനാകുന്നുള്ളൂ; അതിനാലാണ്‌ അതിനു മുമ്പ്‌ വേദം പഠിക്കാന്‍ അധികാരിയാകാത്തത്‌. ഉപാകർമത്തിന്‌ ചില പ്രത്യേകദിവസങ്ങള്‍ തന്നെ മുഹൂർത്തകാരന്മാർ നിർദേശിച്ചിട്ടുണ്ട്‌. കർക്കിടക മാസത്തിൽ അത്തം നക്ഷത്രവും പഞ്ചമിയും കൂടി വരുന്ന ദിവസം ഉപാകർമം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ ചിങ്ങമാസത്തിൽ തിരുവോണ നാളിൽ പഞ്ചമി വന്നാൽ അന്നും ഇതിനു യോജിച്ച ദിവസമാകുന്നു; അതേ മാസത്തിൽ രണ്ടു തിരുവോണ നാളുകള്‍ വരുന്ന പക്ഷം രണ്ടാമത്തെ നാളിൽ ഇതു ചെയ്യാം. കന്നി മാസത്തിലാകട്ടെ രണ്ടു തിരുവോണനാളുകള്‍ ഉള്ളപക്ഷം രണ്ടു ദിവസവും ഉപാകർമത്തിനു കൊള്ളാം, ആഷാഢ മാസത്തിലെ വെളുത്തവാവിനും ഉപാകരണം ചെയ്യുന്നതിൽ വിരോധമില്ലെന്നു മുഹൂർത്ത സംഗ്രഹകാരന്‍ പറഞ്ഞിരിക്കുന്നു. വേദാധ്യയനം ശ്രദ്ധാപൂർവം അനുഷ്‌ഠിക്കേണ്ട ഒരു കർമമാകയാൽ ഉപനയനം കഴിഞ്ഞ്‌ വേദത്തിനധികാരിയായ ദ്വിജനെ ആചാര്യന്‍ ശുഭമുഹൂർത്തത്തിൽ വേദം അഭ്യസിപ്പിക്കാനാരംഭിക്കുന്നു. ഗൃഹ്യകർമങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്‌തകങ്ങളിൽ ഇതു ചെയ്യേണ്ട രീതികളെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ഋഗ്വേദികള്‍, യജുർവേദികള്‍, സാമവേദികള്‍ എന്നിങ്ങനെ വിഭിന്നവേദങ്ങള്‍ അഭ്യസിക്കുന്നതിന്‌ അധികാരികളായവർ അവർക്കു വിധിച്ചിട്ടുള്ള രീതിയിൽ വേണം മേല്‌പറഞ്ഞ ശുഭദിവസങ്ങളിൽ വേദാധ്യയനം ആരംഭിക്കാന്‍.

[ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. പക്ഷേ ഏതെങ്കിലും ഒരു വിധത്തിൽ എല്ലാ ഹിന്ദുക്കളുമായി ബന്ധപ്പെട്ടതാണ് അവ ഓരോന്നും. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്. പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു.]

വിദ്യാരംഭസംസ്ക്കാരം
💗✥━═══🪷═══━✥💗
വേദത്തിൽ വിദ്യാരംഭത്തെ തന്നെ വേദാരംഭമെന്നു വിവക്ഷിക്കുന്നുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൗകികവുമായ് വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാകുന്ന സംസ്ക്കാരമാണ് വേദാരംഭം. നാല് ആശ്രമങ്ങളായി വിഭജിച്ചിരിക്കുന്ന മനുഷ്യജീവിതത്തിന്റെ പ്രഥമഘട്ടം ഇവിടെ രൂപവൽകരിക്കപ്പെട്ടിരിക്കുന്നു.

വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭവസ്ത്രധാരിയായ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേക്ക് ആനയിക്കുന്നു, ആചാര്യനും ആഗതരായിരിക്കുന്ന ബന്ധുമിത്രാദികളും ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായിരിക്കുമത്, കുട്ടിയെ യജ്ഞവേദിക്ക് പ്രദക്ഷിണമായി കൊണ്ടുവന്ന് മന്ത്രോച്ചാരണ പൂർവ്വം ജലപ്രോക്ഷണാദി ചടങ്ങുകൾ ചെയ്തത്തിനുശേഷം യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് - ഇടത്തെ കാൽമുട്ട് മടക്കി ഇരുത്തണം , ഇങ്ങനെയിരുന്ന് കൈക്കൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു.

'അധീഹിഭൂഃ സാവിത്രീംഭോ അനുബ്രൂഹി' (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൂതിയും, സാവിത്രിയും യഥാക്രമം മൂന്നും ചേർന്ന പരത്മാവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ച് തന്നാലും")

അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധരായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പര പ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചാര്യ ജീവിതത്തിന്റെ എല്ലാചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

"മാതൃമാൻ പിതൃമാൻ ആചാര്യവാൻ പുരുഷോ വേദ"... മാതാവ് പിതാവ് ആചാര്യൻ എന്നീ ഉത്തമാദ്ധ്യാപകരെ ലഭിച്ചിട്ടുള്ള ഒരാൾക്കു മാത്രമേ ശരിയായ അറിവ് സമ്പാധിക്കുവാൻ കഴിയൂ എന്ന് ധർമ്മ ശാസ്ത്രം. ഏതൊരാളിന്റെ മാതാപിതാക്കൾ ധർമ്മശാസ്ത്രത്തിൽ ശ്രദ്ധയുള്ളവരും പഠിപ്പുള്ളവരും ആകുന്നുവോ അയാളാണ് ഭാഗ്യവാൻ. അങ്ങനെയുള്ള കുടുംബമാണ് ധന്യമായവ. മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് എത്രത്തോളം സാരോപദേശവും സഹായവും ലഭിക്കുന്നുവോ അത്രത്തോളം മറ്റൊരാളിൽ നിന്നും ലഭിക്കുന്നതല്ല. അതുകൊണ്ടാണ് മാതൃമാൻ- ഭക്തിയും ധർമ്മതൽപ്പരരുമായ മാതാവുള്ളവൻ എന്ന് എടുത്ത് പറഞ്ഞിട്ടുള്ളത്. ഗർഭസ്ഥനാവുന്നതു മുതൽ വിദ്യഭ്യാസം കഴിയുന്നതു വരെ സ്വസന്താനങ്ങൾക്ക് സൗശീലം ഉപദേശിക്കുന്ന് പ്രസവിത്രിയാണ് പരമധന്യ...

വേദാരംഭത്തിൽ കുട്ടിയുടെ പിതാവ് നൽക്കുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. ഗോപിലസൂത്രത്തിലെ "ആചാര്യാധീനോ ഭവാന്യത്രാധർമ്മാചരണാത്" എന്നു തുടങ്ങുന്ന ഉപദേശങ്ങളുടെ സാരം ഇപ്രകാരം ആണ്.

മകനെ നീ ഇന്നുമുതൽ ബ്രഹ്മചാര്യ വ്രതം സ്വീകരിച്ചിരിക്കുന്നു, നിത്യവും സന്ധ്യോപാസനകളും ഭക്ഷണത്തിനുമുമ്പ് ആചമനവും അനുഷ്ഠിക്കണം കൃത്യനിഷ്ഠയോടെ പഠിക്കുകയും പണിയെടുക്കയും വേണം. പകൽ കിടക്കരുത്, ആചാര്യന്റെ മുന്നിലിരുന്ന് വേദാദിവിദ്യകൾ വ്യക്തമായി പഠിക്കുക. വേദശാസ്ത്രങ്ങൾ അഭ്യസിച്ച് പൂർണ്ണമാകുന്നതുവരെ ബ്രഹ്മചാര്യവ്രതം പാലിക്കുക. ക്രോധവും കളിപറച്ചിലും വർജ്ജിക്കണം. കഥ ക്രിഡാ നോട്ടം ആലിംഗനം തുടങ്ങിയ കാമോദ്ദീപനങ്ങളായ എട്ടുവിധം മൈഥുനങ്ങൾ നിന്നെ തീണ്ടരുത്. തറയിൽ ശയിക്കുക , കട്ടിലും മെത്തയും ഉപയോഗിക്കാതിരിക്കുക. അമിതമായി ഭക്ഷിക്കരുത് , അധികം ഉറങ്ങരുത്, ഉറക്കമിളക്കരുത് . രാത്രി നാലാം യാമത്തിൽ - ബ്രഹ്മമുഹൂർത്തത്തിൽ - ഉണർന്നെഴുനേൽക്കുക. ശൗചം, ദന്തധാവനം സ്നാനം എന്നിവ നിർവഹിച്ചിട്ട് സന്ധ്യോപാസന ഈശ്വരപ്രാർത്ഥന യോഗഭ്യാസം സ്വാദ്ധ്യായം എന്നിവ നിത്യവും ആചരിക്കുക.

പിതാവിന്റെ ഉപദേശം ശിരസാവഹിച്ച് ബ്രഹ്മചാര്യം അനുഷ്ഠിക്കുമെന്ന് ഉറപ്പ് കൊടുത്തതിനുശേഷം ബ്രഹ്മചാരി യജ്ഞകുണ്ഡത്തിന് പ്രദക്ഷിണമായി വന്ന് പശ്ചിമഭാഗത്ത് നിൽക്കുന്ന മാതാപിതാക്കന്മാരെയും മറ്റു ബന്ധു-ഗുരുജനങ്ങളെയും നമസ്ക്കരിച്ച് അവരിൽ നിന്ന് ഭിക്ഷ വാങ്ങി ആചാര്യന്റെ മുന്നിൽ സമർപ്പിക്കണം. പിന്നിട് ആചാര്യന്റെ ആജ്ഞപ്രകാരം വിശേഷ ദ്രവ്യങ്ങൾ മന്ത്രോച്ചാരണ പൂർവ്വം ആഹൂതി നൽകിയിട്ട്... ഗോത്രോത്പന്നോഹം ഭോഭവന്ത മഭിവാദയേ" എന്നുച്ചരിച്ചുകൊണ്ട് ആചാര്യനെ നമസ്ക്കരിക്കുമ്പോൾ അദ്ദേഹം ' ആയുഷ്മാൻ വിദ്യാവാൻ ഭവസൗമ്യ" എന്നു പറഞ്ഞ് ആശിർവദിക്കും.

പിന്നിട് ഹവിഷ്യാന്നവും മറ്റു വിശേഷപദാർത്ഥങ്ങളും ചേർത്ത് ആചാര്യനെയും ശിഷ്യനെയും ഊട്ടണം. അതുപോലെ കൂടിയിരിക്കുന്നവരെയും സൽക്കരിച്ചയക്കുമ്പോൾ അവർ ബ്രഹ്മചാരിയെ നോക്കി

"ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ
ശരീരാത്മനാബലായുക്തഃ കുശലീ
വീര്യവാനരോഗഃ സർവ്വം വിദ്യാ
അധീത്യാ ഽസ്മാൻ ദിദൃക്ഷുഃ സന്നാഗമ്യാഃ

എന്ന മന്തോച്ചാരണപൂർവ്വം ആശിർവദിക്കണം... തുടർന്ന് വിദ്യഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലം കേന്ദ്രമാക്കി ജീവിക്കുന്നു. കുറഞ്ഞത് ഒമ്പതു കൊല്ലമെങ്കിലും ഗുരുകുലവിദ്യഭ്യാസം ചെയ്തിരിക്കണമെന്നുണ്ട്.


ഷോഡശസംസ്കാരം - 12

ഷോഡശസംസ്കാരം

ഭാഗം - 12

9. ഉപനയന സംസ്കാരം
💗✥━═══🪷═══━✥💗
യജ്ഞോപവീതം – പൂണൂല്‍ – ധാരണത്തിനുള്ള സംസ്‌ക്കാരമാണിത്. കുട്ടിയുടെ മനസ്സില്‍ വിഷയവാസനകള്‍ ഊറുന്നതിനുമുമ്പ് ഈ കര്‍മ്മം അനുഷ്ഠിക്കണമെന്നുണ്ട്. മുന്‍പ് വര്‍ണ്ണാശ്രമധര്‍മ്മം യഥോചിതം പാലിച്ചിരുന്ന കാലഘട്ടങ്ങളില്‍ ദീര്‍ഘായുസ്സുണ്ടായിരുന്നതിനാല്‍ യഥാക്രമം എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വയസ്സുകളില്‍ ഉപനയനം നടത്തിയിരുന്നു. ധര്‍മ്മശാസ്ത്രങ്ങളുടെ കാലധര്‍മ്മാനുസൃതമായ വിധിയനുസരിച്ച് അല്പായുസ്സിന്റെ ഈ കാലഘട്ടത്തില്‍ കുട്ടിക്ക് അഞ്ചുവയസ്സ് കഴിഞ്ഞാല്‍ ഈ സംസ്‌ക്കാരം നടത്താവുന്നതാണ്.

എന്നാല്‍ വര്‍ണ്ണസങ്കരം സംഭവിച്ചിരിക്കകൊണ്ട് പൂണൂല്‍ധാരണം ആര്‍ക്കെന്ന പ്രശ്‌നത്തെക്കാള്‍, ഉപനയനം എല്ലാവര്‍ക്കും ആവശ്യമുള്ള കര്‍മ്മമാണെന്നകാര്യം ശ്രദ്ധിക്കണം. വിശിഷ്യ എല്ലാ ഹിന്ദുക്കളും – ശ്രദ്ധയുള്ളവരാണെങ്കില്‍ ശ്രദ്ധയുടെ സുരക്ഷിതത്വത്തിനും, ശ്രദ്ധയില്ലാത്തവരാണെങ്കില്‍ അത് ഉളവാക്കുന്നതിനും – ഉപനയന സംസ്‌ക്കാരവേളയില്‍ പൂണൂലോ പകരം കൈത്തണ്ടയില്‍ നൂലുകൊണ്ട് ‘രക്ഷ’യോ ധരിക്കേണ്ടതാണ്. പവിത്രസങ്കല്പങ്ങളുടെ ചിഹ്നമാണത്. ധാര്‍മ്മികകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് ഒരു കുട്ടിക്കുള്ള അര്‍ഹതയെ അഭിവ്യഞ്ജിപ്പിക്കുന്ന അടയാളമാണത്. ഉപനയനത്തോടുകൂടി ബാലന്‍ ബ്രഹ്മചാരിയായിത്തീരുന്നു.

വേദാരംഭം – വിദ്യാരംഭത്തിന് അഥവാ ജ്ഞാനസമ്പാദനത്തിന് അധികാരിയാക്കുന്നത് ഉപനയനസംസ്‌ക്കാരംകൊണ്ടാകുന്നു.

ഉപനയന സംസ്‌ക്കാരത്തിന് മുന്‍കൂട്ടി ബാലന്‍ മൂന്ന് ദിവസം അല്ലെങ്കില്‍ ഒരു ദിവസമെങ്കിലും പാലും പഴവും കഴിച്ച് വ്രതമാചരിക്കണം. പ്രാതഃകാലമാണ് ഉപനയനത്തിന് പറ്റിയം സമയം. ബാലന്‍ ശൗചസ്‌നാനാദികള്‍ കഴിച്ച് വിശേഷവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറ് വശത്ത് പൂര്‍വ്വാഭിമുഖമായിരിക്കുമ്പോള്‍ അച്ഛനും ആചാര്യനും ബന്ധുമിത്രാദികളും ചുറ്റുമിരുന്ന് ഈശ്വരോപാസന, യജ്ഞം എന്നിവ നടത്തണം. പിന്നീട് പുരോഹിതന്റെയോ ആചാര്യന്റെയോ ആജ്ഞപ്രകാരം ബാലന്‍ പൂണൂല്‍ കയ്യിലെടുത്തുകൊണ്ട് ആഹൂതികള്‍ അര്‍പ്പിക്കണം. എന്നിട്ട് മന്ത്രോച്ചാരണപൂര്‍വ്വം ആചാര്യനാല്‍ യജ്ഞോപവീതധാരണം ചെയ്യപ്പെടുന്ന ബ്രഹ്മചാരി ഈ മന്ത്രം ചൊല്ലി ബ്രഹ്മചര്യവ്രതം കൈക്കൊള്ളുന്നു.

ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരാസ്താത്
ആയുഷ്യമഗ്ര്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതേനോപനഹ്യാമി

സാരം – പരിശുദ്ധമാക്കാന്‍ പ്രാപ്തിയുള്ളവയിലേറ്റവും ശ്രേഷ്ഠമായതും ആദിയില്‍ ബ്രഹ്മാവിനോടൊപ്പം ആവിര്‍ഭവിച്ചതും ആയൂര്‍ബലവും മനശക്തിയും പ്രദാനം ചെയ്യുന്നതുമായ ശുഭ്രമായ പൂണൂല്‍ ഞാന്‍ ധരിക്കുന്നു. ജ്ഞാനവെളിച്ചവും ശക്തിയും ഇതിനാല്‍ സുരക്ഷിതമായി നില്ക്കുമാറാകട്ടെ.

പിന്നീട് ബ്രഹ്ചാരിയെന്ന നിലയില്‍ ആചാര്യാനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം.
യജ്ഞാഗ്നിയില്‍

ഓം അഗ്നേനേവ്രതപതേ വ്രതം ചരിഷ്യാമി
തത്തേ പ്രബ്രവീമി തച്ഛകേയം
തേനര്‍ദ്ധ്യാസമിതമഹമന്യതാ-
ത്സത്യമുപൈമി സ്വാഹാ-ഇദമഗ്നയേ ഇദം ന മമ.

ഇത്യാദി മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് വിശേഷാഹൂതികള്‍ നല്കണം. യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കുവശത്ത് പൂര്‍വ്വാഭിമുഖമായിരിക്കുന്ന ആചാര്യനില്‍നിന്ന് അദ്ദേഹത്തിനഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി, ബ്രഹ്മചര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങള്‍ മന്ത്രോപദേശരൂപേണ സ്വീകരിക്കണം. ആചാര്യന്‍ ഉപനീതനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നതുപോലെ ബ്രഹ്മചാരി ആചാര്യനെക്കൊണ്ടും പ്രതിജ്ഞയെടുപ്പിക്കും. അതായത് ആചാര്യന്‍ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളില്‍ ശ്രദ്ധയും ഏകാഗ്രതയും ചെലുത്തി സ്വചിത്താനുകൂലം അനുവര്‍ത്തിക്കുവാന്‍ പ്രതിജ്ഞ ചെയ്യിക്കുന്നതോടൊപ്പം ബ്രഹ്മാചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട്, സന്ദേശങ്ങള്‍ ക്ഷമാപൂര്‍വ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേര്‍വഴിക്ക് നയിക്കണമെന്ന് ആചാര്യനെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും.

അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാര്‍ത്ഥം ആചാര്യന്‍

ഓം അസ്യബ്രഹ്മചാര്യസി പ്രാണസ്യ ബ്രഹ്മചാര്യസി
കസ്ത്വകമുപനയതേ കായത്വപരിദദാമി

ഇത്യാദി മന്ത്രങ്ങള്‍ ചൊല്ലുന്നു. സാമവേദഗാനത്തോടുകൂടി ഉപനയനകര്‍മ്മം സമാപിച്ചശേഷം ആചാര്യനെയും ഉപസ്ഥധിതരായിരിക്കുന്ന ജ്ഞാനികളെയും മറ്റും യഥോചിതം സത്ക്കരിക്കണം. യാത്രയാവുന്നതിനുമുന്‍പ് എല്ലാവരും ചേര്‍ന്ന്

ഓം തത്വം ജീവ ശരദഃ ശതം വര്‍ദ്ധമാനഃ
ആയുഷ്മാന്‍ തേജസ്വീ വര്‍ചസ്വീ ഭൂയാഃ

എന്ന മന്ത്രം ചൊല്ലി വടു (ബ്രഹ്മചാരി)വിനെ ആശീര്‍വദിക്കണം. യഥായോഗ്യം വേദം അഭ്യസിച്ച് കല്മഷരഹിതരായി, ധനത്തേക്കാള്‍ ധര്‍മ്മത്തെ മനസാ വാചാ കര്‍മ്മണാ ബഹുമാനിക്കുന്ന സമുദായക്ഷേമതല്പരനും ജിതേന്ദ്രിയനും ധര്‍മ്മാത്മാവുമായ വ്യക്തിയെയാണ് ‘ആചാര്യന്‍’ എന്ന സംജ്ഞകൊണ്ട് ധര്‍മ്മശാസ്ത്രങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത്.

ജ്ഞാനസമ്പാദനാര്‍ത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂര്‍വ്വം നോക്കുന്ന ആളാണ് ആചാര്യന്‍. അദ്ദേഹം ശിഷ്യനെ ഒരു പാറമേല്‍ നിര്‍ത്തി ആശീര്‍വ്വദിക്കുന്ന മന്ത്രം ‘ആ പാറപോലെ ഉറപ്പുള്ള ശരീരവും മനഃശക്തിയും ഹേ ശിഷ്യാ! നിനക്കുണ്ടാകട്ടെ. നിന്റെ പവിത്രവ്രതം ഭംഗപ്പെടുത്തുന്ന എതിര്‍ശക്തികളെ തോല്പിക്കുവാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു.

സന്ധ്യാവന്ദനവും നിത്യകര്‍മ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുക. എപ്പോഴും ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് ജാഗരൂകനായിരിക്കുക’ ഇത്യാദി പവിത്ര സങ്കല്പങ്ങള്‍ അടങ്ങിയതാണ്.

‘ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരും ഉപനയനകര്‍മ്മത്താല്‍ ജ്ഞാനത്തെ ആശ്രയിക്കാത്തവരും ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.’ എന്നാണ് വേദം അനുശാസിക്കുന്നത്. അടുക്കലേക്ക് കൊണ്ടുചെല്ലുകയെന്നതാണ് ഉപനയനത്തിന്റെ അര്‍ത്ഥം. ആദ്ധ്യാത്മികമായി ബ്രഹ്മത്തിന്റെ സമീപത്തിലേക്ക് ആചാര്യന്‍ ശിഷ്യനെ ആനയിക്കുന്നുവെന്ന് സാരം. യുഗധര്‍മ്മമനുസരിച്ച് പ്രാഥമികകര്‍മ്മത്താല്‍ ഹിന്ദുധര്‍മ്മത്തലേക്ക് അടുപ്പിക്കുക അഥവാ പ്രവേശിപ്പിക്കുകയെന്നതാണ് ഉപനയനം കൊണ്ടുദ്ദേശിക്കുന്നത്.

മാതൃഗര്‍ഭത്തിലായിരുന്നപ്പോള്‍, മാതാവിലൂടെ അവലംബിച്ച സംസ്‌ക്കാരവിശേഷം കൊണ്ട് ബാല്യത്തിലേ പ്രഭാവശാലികളായി ഭവിച്ച ഋഷികൂമാരന്മാരുടേയും രാജകുമാരന്മാരുടെയും വൈശ്യ-ശൂദ്രകുലജാതന്മാരുടെയും ദിവ്യചരിതങ്ങളുണ്ട്. വേദങ്ങളിലും, പുരാണേതിഹാസങ്ങളിലും, ദേശീയചരിത്രങ്ങളിലും മാത്രമല്ല ഇന്നും അത്തരം ബാലികാബാലന്മാര്‍ ജീവിച്ചിരിക്കുന്നു. അവരില്‍ ദൈവീപ്രഭാവത്തോടു കൂടിയവരും ഉണ്ട്. യാജ്ഞവല്ക്യന്‍, ധ്രുവന്‍, പ്രഹഌദന്‍, അഭിമന്യു, ജ്ഞാന സംബന്ധന്‍, ആദിശങ്കരന്‍, നരേന്ദ്രന്‍ എന്നിങ്ങനെ നിരവധി നാമങ്ങള്‍ ഉദാഹരണത്തിനായി ഉദ്ധരിക്കാം.

നരജന്മമെടുക്കുന്ന ജീവന് ഭൂജാതനാവുന്നതിന് മുന്‍പ് ഗര്‍ഭസ്ഥിതനായിരിക്കെ പൂര്‍വ്വജന്മങ്ങളെപ്പറ്റി ബോധമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ ജീവിതലക്ഷ്യത്തെപ്പറ്റിയും ബോധവാനാകുന്നു. ജീവാത്മാവ് പരമാത്മാവിനോട് അകംനൊന്ത് പ്രാര്‍ത്ഥിക്കകുയം പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഗര്‍ഭപാത്രത്തില്‍ തലകീഴായി വരിഞ്ഞുകെട്ടിയ രൂപത്തില്‍, അവിടെനിന്നും വിമുക്തനാവാന്‍ തപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ അവര്‍ണ്ണനീയമാണ്. എന്നാലും ഭൂജാതനാവുന്നതോടുകൂടി വിശ്വാമായയുടെ ആവരണംകൊണ്ട്, ശരീരാഭിമാനം നിമിത്തം അതെല്ലാം മറക്കുന്നു. അപൂര്‍വ്വമായ മനുഷ്യജന്മത്തെ സ്വാഗതം ചെയ്ത്, ശുദ്ധിവരുത്തി പരമലക്ഷ്യപ്രാപ്തി സുഗമമാക്കുന്ന പ്രക്രിയയാണ് ഓരോ സംസ്‌കാരകര്‍മ്മവും. മനുഷ്യജീവിതംതന്നെ പ്രാരബ്ധം, സഞ്ചിതം, ആഗന്തുകം എന്നീ മൂന്നുവിധകര്‍മ്മത്തോടുകൂടിയതാണ്. പ്രാരബ്ധം അനുഭവിച്ചു കൊണ്ടും തുടര്‍ന്നുള്ള സഞ്ചിതാഗന്തുകര്‍മ്മ ബന്ധങ്ങളിലകപ്പെടാതെയും കര്‍മ്മകുശലതയോടെ ജീവിക്കണമെങ്കില്‍ ഈശ്വരാര്‍പ്പണഭാവം വേണം. ഈ ഭാവശുദ്ധി ജീവിതപുരോഗതി സുഗമമാക്കുകയല്ലാതെ തടസ്സപ്പെടുത്തുന്നില്ല.

ഷോഡശസംസ്ക്കാരങ്ങളിൽ പ്രധാനപ്പെട്ട യജ്ഞോപവീത - പൂണൂൽധാരണത്തിനുള്ള സംസ്കാരമാണിത്. ചെറുപ്പത്തിൽ ഗായത്രീയുപദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോട് കൂടിയാണ്. ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നുവെന്നും ജ്ഞാനസമ്പാദനത്തിന് താൻ അർഹനായിക്കഴിഞ്ഞിരിക്കുന്നുമുള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്തു നൽക്കുന്ന ഗായത്രീയുപദേശത്തിന്നു ശേഷമാണ് ഗായത്രിയിൽ നിന്നും ഉൾഭവിച്ച വേദങ്ങളും വേദാന്തങ്ങളും മറ്റു ധർമ്മശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാകുന്നത്. ഉപനയനത്തോടപ്പം ബ്രഹ്മചാരിക്കു ലഭിക്കുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല. ബ്രഹ്മജ്ഞാന സമ്പാധനത്തിനുവേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നതെന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണിത്.

പ്രണവത്തോടും മൂന്ന് വ്യാഹൃതികളോടും ചേർന്ന് എഴുന്നളുന്ന ഗായത്രിയെ സ്വീകരിച്ചുകൊണ്ട് ഉപനയനം എങ്ങനെ വിധിപ്രകാരം നടത്തുന്നുവെന്ന് അറിഞ്ഞിരിക്കണം. സർവ്വവ്യാപകവും സർവ്വജ്ഞാനവും സർവ്വ ശക്തിയും നിറഞ്ഞ ഗായത്രി സ്വീകരിക്കപ്പെടുമ്പോഴുള്ള ഉപനയനസംസ്ക്കാരം വൈശിഷ്ട്യമാർന്നതും ദിവ്യവുമാണ്.

ഉപനയനത്തെ പൊതുവെ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണതിനുള്ള സംസ്ക്കരമെന്നാണ് . ആദ്യകാലങ്ങളിൽ എട്ട് പതിനൊന്ന് പന്ത്രണ്ട് എന്നീ പ്രായങ്ങളിലേതൊലേങ്കിലുമാണ് ഈ കർമ്മം നിർവഹിക്കപ്പെട്ടിരുന്നത്. ചിലപ്പോൾ അഞ്ചു വയസ്സിലും ഇത് അനുഷ്ഠിക്കാപ്പെടാറുണ്ട്. കുട്ടികകളുടെയുള്ളിൽ വിഷയവാസന കടന്നെത്തുന്നതിനുമുമ്പ് ഉപനയനം ചെയ്യിക്കണമെന്നാണ്. പവിത്രതയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസികവികാസവും സംഭവിക്കുന്നു. ശ്രദ്ധയും സുരക്ഷിതത്വവും നിലനിർത്താനായി ആർക്കും ഈ സംസ്ക്കാരകർമ്മം നിർവഹിക്കാവുന്നതാണെന്നാണ് ആചാര്യമതം. ഇളം പ്രായത്തിൽ പൂണൂൽ ധരിക്കുന്നതതോടെ കുട്ടിക്ക് ജ്ഞാനസമ്പാനത്തിന് അധികാരം ലഭിക്കുന്നു എന്നതാണ് പ്രത്യേകത.

ഉപനയന സംസ്ക്കാരം ആരംഭിക്കുന്നതിനുമുമ്പ് മൂന്ന് ദിവസത്തെ വ്രതമാചരിച്ചുകൊണ്ടാണ്. ഈ ദിവസങ്ങളിൽ മിതാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് ആചാര്യന്മാർ ഓർമ്മിപ്പിക്കുന്നത്. പ്രഭാതത്തിലാണ് ഉപനയനം അനുഷ്ഠിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായി യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭമുഖമായിരിക്കണം. ആ സമയം അച്ഛനും ബന്ധുമിത്രദികളും ഈശ്വരോപാസന യജ്ഞം എന്നിവ നടത്തണം അതിനുശേഷം ആചാര്യന്റെ ആജ്ഞപ്രാകാരം ആഹൂതികൾ അർപ്പിക്കണം. പിന്നീട് മന്ത്രോച്ചാരണ പൂർവ്വം അചാര്യനാൽ യജ്ഞോപവീതം. ധരിക്കണം മാത്രമാല്ല ആചാര്യൻ ചെല്ലുന്ന മന്ത്രം കേട്ട് മന്ത്രം ചൊല്ലുകയും വേണം . അതോടെ കുട്ടി ബ്രഹ്മചാരിയായിത്തീരുന്നു പിന്നീട് ജ്ഞാനസമ്പാദനത്തിന് യോഗ്യതയുള്ളവനായി പരിണമിക്കുന്നു.

"ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപഹ്യാമി"

പവിത്രമാക്കി തീർക്കാൻ യോഗ്യമായതിൽ ഏറ്റവും ശ്രേഷ്ഠവുമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ഞാൻ ധരിക്കുകയാണ്. ഇതിനാൽ അറിവിന്റെ നിറവെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ.

പിന്നീട് ബ്രഹ്മചാരി എന്നനിലയിൽ ആചാര്യനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം . യജ്ഞാഗ്നിയിൽ. വിശേഷാഹൂതികൾ ചെയ്യണം . അതിനുശേഷം യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കു വശത്ത് പൂർവ്വാഭിമുഖമായിരിക്കുന്ന് ആചാര്യനിൽ നിന്നും അദേഹത്തിന് അഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി , ബ്രഹ്മചാര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങൾ - ഗായത്രീമന്ത്രം- മന്ത്രോപദേശപൂർവ്വം സ്വീകരിക്കണം . ആചാര്യൻ ഉപനീതനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും . അതുപോലെ ആചാര്യനും പ്രതിജ്ഞയെടുക്കും. അതായത് ആചാര്യൻ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളിൽ ശ്രദ്ധയും ഏകാഗ്രതയും ചൊലുത്തി സ്വചിത്താനുകൂലം അനുവർത്തിക്കാൻ പ്രതിജ്ഞ ചെയ്യുന്നതോടപ്പം ബ്രഹ്മചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട് സന്ദേഹങ്ങൾ ക്ഷമാപൂർവ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേർവഴിക്ക് നയിക്കണമെന്ന് ആചാര്യനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും

മന്ത്രോപാസനയിലൂടെ ബ്രഹ്മചാരി അനേകം കാര്യങ്ങൾ തിരിച്ചറിയുകയും. ഉൾക്കൊള്ളുകയും വേണം ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും, മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്. ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്.

ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കു കൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള് അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില് കര്മങ്ങള് അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില് ജനിച്ചതിന്റെ ചിഹ്നം. ഞാന് അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം. തന്തുക്കള് ചേര്ന്ന് സൂത്രം അഥവാ നൂല് ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില് നിന്ന് ജീവന് ഉണ്ടാകുന്നത് പോലെ അണ്ഡത്തില് നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്. അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തില് ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ്. ഈ അണ്ഡത്തിനുള്ളില് ജീവനുള്ള ശരീരവും അതിനുള്ളില് ജീവാത്മാവും കുടികൊള്ളുന്നു. അവയും ഈ മൂന്നു തത്വത്തെയും ഉള്ക്കൊള്ളുന്നു. ഈശാനകോണ് മുതല് നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത്. ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷിണം ചെയ്യുന്നു എന്ന് കാണിക്കുന്നു. ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷിണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു. ഈശാനകോണില് ഈശാനന് കിഴക്ക് ഇന്ദ്രന് തെക്കുകിഴക്ക് അഗ്നി തെക്ക് യമന് തെക്കുപടിഞ്ഞാറു അനന്തന് പടിഞ്ഞാറു വരുണന് പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന് എന്നീ ദേവതകളെ ഞാന് സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില് നില നില്ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്" സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്ത്തുന്നതും ഇതിന്റെ ധാരണത്തിന്റെ ഉദേശ്യമാണ്. ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന് എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം. സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില് പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാന് സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾ ചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ) മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെ കാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാർത്ഥം ആചാര്യൻ
"ഓം അസൃബ്രഹ്മചാര്യസി പ്രാണസി ബ്രഹ്മചാര്യസി കസ്ത്വകമുപനയതേകായത്വാപരിദദാമി."

ഇത്യാദി മന്ത്രങ്ങൾ ചൊല്ലുന്നു. ഉപനയനകർമ്മം അവസാനിച്ച ശേഷം , ആചാര്യനെയും ഉപസ്ഥിതരായവരെയും യഥോചിതം സൽക്കരിക്കണം. യാത്രയാവുന്നതിനുമുമ്പ് എല്ലാവരും ചേർന്ന് ബ്രഹ്മചാരിയെ-- " ഓം ത്വം ജീവശരദഃ ശതം വർദ്ധമാനഃ ആയുഷ്മാൻ തേജസ്വീ വർചസ്വീഭൂയഃ  എന്ന മന്ത്രം ചൊല്ലി ആശിർവദിക്കണം

" യഥായോഗ്യം വേദങ്ങൾ അഭ്യസിച്ച് കല്മഹരഹിതരായി, ധനത്തെക്കൾ ധർമ്മത്തെ മനസ്സാ വാചാ കർമ്മണാ ബഹുമാനിക്കുന്ന സമുദായ ക്ഷേമ തൽപ്പരനും ജിതേന്ദ്രിയനും ധർമ്മാത്മാവുമായ വ്യക്തിയെയാണ് ആചാര്യൻ എന്ന സംജ്ഞകൊണ്ട് ധർമ്മശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത്. ജ്ഞാന സമ്പാദനാർത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂർവ്വം നോക്കുന്ന ആളാണ് ആചാര്യൻ. അദ്ദേഹം ശിഷ്യനെ അനുഗ്രഹിക്കുന്ന മന്ത്രം " പാറപോലെ ഉറപ്പുള്ള ശരീരവും മനശക്തിയും ഹേ ശിഷ്യനിനക്ക് ഉണ്ടാകട്ടെ. നിന്റെ പവിത്രവൃതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കനുള്ള കരുത്ത് നിന്നക്ക് ഉണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു, സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക, എപ്പോഴു ജ്ഞാനമാർഗ്ഗത്തിലേക്ക് ജാഗരൂഗനായിരിക്കുക. ഇത്യാദി പവിത്ര സങ്ക്ൽപ്പങ്ങൾ അടങ്ങിയതാണ്. ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരം, ഉപനയന കർമ്മത്താൽ ജ്ഞാനത്തെ ആശ്രയിക്കാത്തവരും , ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.

മനുഷ്യനായി ജനിക്കുന്ന ജീവൻ സംസ്ക്കരകർമ്മം കൊണ്ട് ദ്വിജൻ ആവണമെന്ന് ധർമ്മശാസ്ത്രത്തിൽ പറയുന്നു. അതായത് മനുഷ്യരൂപത്തിൽ ജനിച്ചുവളർന്നാൽ മാത്രം പോരാ മനുഷ്യത്വവികാസത്തിന്റെ രണ്ടാം പിറവി ( ദ്വിജത്വം) സംസ്ക്കാരകർമ്മത്തെകൊണ്ട് നേടണമെന്ന് താൽപര്യം. ബ്രഹ്മചര്യാശ്രമം തന്നെ രണ്ടാം പിറവി മുതൽ ആരംഭിക്കുന്നു. യജ്ഞോപവീത - ഉപനയനസംസ്ക്കാരം മുതൽ ബ്രഹ്മചാരിയുടെ യജ്ഞോപവീതം , വൽക്കലം. , കൗപീനം സ്വധർമ്മാചരണത്തിന്റെ പ്രതിജ്ഞാസൂത്രങ്ങളാണ്. ദണ്ഡ് (വടി) സ്വധർമ്മ സംരക്ഷണത്തിന്റെ ബാദ്ധ്യസ്ഥസ്വരൂപമായ മാനദണ്ഡമാകുന്നു. മാനവദർശനങ്ങളെ സ്വായത്തമാക്കുന്ന ബ്രഹ്മചാരി സ്വകർത്തവ്യങ്ങളെപ്പറ്റി ബോധവാനാകുന്നു. മതാപിതാഗുരുജനങ്ങളോടെന്നപോലെ സ്വസമുദായത്തോടും സ്വരാജ്യത്തോടും തനിക്കുള്ള ഋണബാദ്ധ്യാതകളെ പറ്റി യഥായോഗ്യം ഗ്രഹിക്കുന്നു. ആത്മമോക്ഷത്തിനും ജനഹിതത്തിനും വേണ്ടി സ്വജീവിതം യജ്ഞസ്വരൂപമാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അഭ്യസിക്കുന്നു. എല്ലാം ഗായത്രി തത്ത്വത്തിലൂടെ ലഭിക്കുന്ന പ്രചോദനത്താൽ നിർവഹിക്കുന്ന ദിനചര്യക്രമത്തിൽകൂടെയാണ് സാധിക്കുന്നത്.

യജ്ഞാത്മകമായ ശരീരത്തിൽ ഒമ്പതു സൂത്രങ്ങളോടുകൂടിയ യജ്ഞോപവീതം യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അന്ധകാരജഡിലമായവയെ ദ്വിതീയദിവ്യജീവിതത്തെയും ഗ്രഹിക്കുന്നു. യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്ന് ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നി ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം. ഹൃദയത്തിൽ വിശാല പ്രേമം, വാക്കിൽ മാധുര്യം, വ്യവഹാരത്തിൽ സരളത, സ്ത്രീകളിൽ മാതൃത്വഭാവന, കർമ്മങ്ങളിൽ കലയുടെയും സൗന്ദര്യത്തിന്റെയും ആവിഷ്ക്കരണം, എല്ലാവരോടും ഔദാര്യസേവനഭാവം , ഗുരുജനങ്ങളോടും, മൂത്തവരോടും ബഹുമാനം, സദ്ഗ്രന്ഥങ്ങളുടെ സ്വദ്ധ്യായം , സത്സംഗം, സാധനയിൽ രുചി, ശരീരം, വസ്ത്രം, വീട്, പരിസരങ്ങൾ എന്നിവ സ്വച്ഛവും ശുചിയായും കലാപരമായും സൂക്ഷിക്കുക. ആലസ്യവും നിരാശയും അകറ്റുക, എല്ലായ്പ്പോഴും ചൊടിയോടും ചുറുചുറുപ്പോടും കൂടി എല്ലാകാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നിവ ഉപനയനം നിർവഹിച്ച ബാലന്റെ ലക്ഷണങ്ങളാകുന്നു.

യജ്ഞോപവീതഉപനയനസംസ്ക്കരത്തോട് കൂടി വേദമന്ത്ര ദീക്ഷസ്വീകരിക്കുകയും വിദ്യരംഭസംസ്ക്കരം നടത്തുകയും ചെയ്യുന്നു. ഇവ ഓരോന്നും മുറപ്രകാരം ബ്രഹ്മചാര്യത്തിന്റെ ഭാഗങ്ങളാകുന്നു. അതായത് ബാല-കിശോരാവസ്ഥകളിലെ (വിദ്യാർത്ഥിജീവിതഘട്ടത്തിലെ) സംസ്ക്കരസോപാനങ്ങളാകുന്നു. ഉപനയനം , വിദ്യാരംഭം, സമാവർത്തനം. തുടങ്ങിയ സംസ്ക്കരങ്ങൾ പൂർണ്ണ ജീവിതത്തിന്റെ പരിശീലനഘട്ടമാണ്. യൗവനാരംഭം വരെയുള്ള ബ്രഹ്മചര്യാശ്രമജീവിതം


ഷോഡശസംസ്കാരം - 11

ഷോഡശസംസ്കാരം

ഭാഗം - 11

8. ചൂഡാകർമ സംസ്കാരം
💗✥━═══🪷═══━✥💗
ഷോഡശക്രിയകളിൽപ്പെടുന്ന എട്ടാമത്തെ ക്രിയ ആണ് ചൗളം. കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞ്ഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്. പക്ഷേ പിന്നീട് ഏഴാം വയസ്സുവരെ ഈ കാലയളവ് നീട്ടി. ആദ്യം വലതു, ഇടതു, പിന്നിൽ, മുന്നിൽ എന്നീ ക്രമത്തിലാണ് മുടി മുറിക്കേണ്ടത്. മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം. പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.

ഷോഡശസംസ്കാരം - 10

ഷോഡശസംസ്കാരം

ഭാഗം - 10

7. അന്നപ്രാശന സംസ്കാരം
💗✥━═══🪷═══━✥💗
കുഞ്ഞിന് ആദ്യമായി അന്നം അല്ലെങ്കില്‍ ചോറൂണ് നല്‍കുന്ന കര്‍മ്മമാണ് ഇത്. അന്നം പചിപ്പിക്കാനുള്ള ശക്തി ശിശുവില്‍ ഉണ്ടാകുമ്പോള്‍ ആറാം മാസത്തില്‍ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

ഷഷ്‌ഠേ മാസ്യന്ന പ്രാശനം
ഘൃതൗദനം തേജസ്‌കാമഃ
ദധിമധുഘൃ തമിശ്രിതമന്നം പാശ്രയേത്

എന്ന വിധിപ്രകാരം പാകം ചെയ്ത ചോറില്‍ നെയ്യ്, തേന്‍, തൈര് ഇവ മൂന്നും ചേര്‍ത്ത്, മാതാപിതാക്കളും പുരോഹിതനും ബന്ധുമിത്രാദികളും യജ്ഞവേദിക്കുചുറ്റും യഥാസ്ഥാനങ്ങളിലിരുന്ന് ഈശ്വരോപാസന ഹോമാദികര്‍മ്മങ്ങള്‍ – നടത്തി നിവേദിക്കുകയോ ആഹൂതി നല്‍കുകയോ ചെയ്യണം. പ്രസ്തുത അന്നം യജ്ഞാഗ്നിയില്‍ ആഹൂതി ചെയ്യുമ്പോള്‍ ഉച്ചരിക്കുന്ന വേദമന്ത്രം

ഓം പ്രാണേനാന്നമശീയ സ്വാഹാ
ഇദം പ്രാണായ – ഇദം ന മമ
ഓം അപാനേന ഗന്ധാനശീയ സ്വാഹാ
ഇദമപാനായ – ഇദം ന മമ
ഓം ചക്ഷുഷാ രൂപാണ്യശീയ സ്വാഹാ
ഇദം ചക്ഷുഷേ – ഇദം ന മമ
ഓം ശ്രേത്രേണ യശോf ശീയ സ്വാഹാ
ഇദം ശ്രോത്രായ ഇദം ന മമ

ഇങ്ങനെ നെയ്യും തേനും ചേര്‍ത്ത് ആഹൂതി ചെയ്യുന്നതിനുമുമ്പ് വളരെ പവിത്രമായി പാകം ചെയ്യുന്ന ചോറുമാത്രം ആഹൂതി ചെയ്തിരിക്കണമെന്നുണ്ട്. അതിന്റെ മന്ത്രങ്ങളില്‍ ഒന്ന് ഇതാണ്

ഓം ദേവീം വാചമ ജനയന്ത ദേവാസ്താം
വിശ്വരൂപാഃ പശുവോ വദതി
സനോ മന്ദ്രേഷമൂര്‍ജ്ജം ദുഹാനാ
ധേനൂര്‍വാശാസ്മാനുപസുഷ്ട് തൈതു സ്വാഹാ

നിവേദ്യ അന്നത്തില്‍ അഥവാ ആഹൂതി നല്‍കിയതിന്റെ ശിഷ്ടാന്നത്തില്‍ അല്പംകൂടി തേന്‍ ചേര്‍ത്ത് – ഭഗവല്‍ പ്രസാദമെന്നഭാവത്തില്‍

ഓം അന്നപതേ f നസ്യ നോ
ദേഹ്യനമി വസൃസൂക്ഷ്മിനഃ
പ്രദാതാരം താരിഷ ഉര്‍ജേനോ
ധേഹി ദ്വിപതേ ചതുഷ്പദേ

എന്ന മന്ത്രജപപൂര്‍വ്വം മൂന്നുപ്രാവശ്യം കുഞ്ഞിനുകൊടുക്കണം. ചടങ്ങിനുമാത്രം അല്പമാത്രം തേച്ചുകൊടുത്താല്‍ മതിയാവും പിന്നീട് ശിശുവിന്റെയും അന്നപ്രാശനം നടത്തിയവരുടെ വായ്, കൈയ് എന്നിവ വെള്ളമൊഴിച്ച് ശുദ്ധിചെയ്തിട്ട് മാതാപിതാക്കളും കൂടിയിരിക്കുന്ന സ്ത്രീപുരുഷന്മാരും ചേര്‍ന്ന് ഈശ്വരാപ്രാര്‍ത്ഥനാപൂര്‍വ്വം

‘ത്വം അന്നപതിരന്നാദോ
വര്‍ദ്ധമാനോ ഭൂയാഃ’

എന്നുചൊല്ലി ആശീര്‍വദിക്കണം അന്നത്തിന്റെ സൂക്ഷ്മവും പവിത്രവുമായ ശക്തിവിശേഷത്തേയും ജീവേശ്വര ബന്ധത്തിന് അതെങ്ങനെ കാരണമായി ഭവിക്കുന്നുവെന്നും ബോദ്ധ്യപ്പെടുത്തുന്ന പുരോഹിതന്റെയോ ആചാര്യന്റേയോ പ്രഭാഷണം ഈ സന്ദര്‍ഭത്തിലുണ്ടായിരിക്കണം.

ഈ സംസ്‌കാര കര്‍മ്മം ആദ്യാവസാനം പിതാവിനെക്കാള്‍ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. പുരോഹിതനേയും ഗുരുജനങ്ങളെയും പിതാവ് സ്വീകരിച്ച് സത്കരിച്ചാലും. സ്ത്രീകളെയും കുട്ടികളെയും മാതാവുതന്നെ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യണമെന്നുണ്ട്.

കുട്ടിയുടെ ശബ്ദമാധുര്യം, സ്വഭാവനൈര്‍മല്യം, ആരോഗ്യം എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് ആന്നപ്രാശന കര്‍മ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ ഭക്ഷണത്തിന്റെ സൂക്ഷ്മഭാഗത്തില്‍നിന്ന് മനോ വികാസമുണ്ടാകുന്നു. അന്നം ന്യായപൂര്‍വ്വം ആര്‍ജ്ജിച്ചതും സാത്വികവും പവിത്രസങ്കല്പത്തോടുകൂടി തയ്യാറാക്കുന്നതുമാകണം.

ശിശുവിന്റെ ഹൃദയത്തില്‍ എപ്രകാരമുള്ള ഗുണങ്ങള്‍ ഉളവാകണമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണപാനീയങ്ങള്‍ പാകമാക്കിക്കൊടുക്കണം. ഭക്ഷണത്തെ ഔഷധം, പ്രസാദം, ബ്രഹ്മസ്വരൂപി എന്നീവിധത്തില്‍ മനസ്സിലാക്കി പ്രസന്നഭാവത്തില്‍ ഭുജിക്കണമെന്ന് പൊതുവിധിയുണ്ട്.

ശിശുവിന്റെ തുലാഭാരം നടത്തി – ശിശുവിന്റെ തൂക്കത്തിനുതുല്യം അന്നം ദാനം ചെയ്യുന്ന ചടങ്ങ് അന്നപ്രാശന സംസ്‌കാരത്തില്‍ കഴിവുള്ളവര്‍ ചെയ്യണമെന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ജപിക്കുന്ന വേദമന്ത്രമിതാണ്

ഓം തേജോ f സി ശുക്രമമൃതമാ
യുഷ്യ ആയുര്‍മേ പാഹി
ദേവസ്യ ത്വാ സവിതുഃ
പ്രസവേ f ശ്വിനോര്‍
ബാഹുഭ്യാം പുഷ്‌ണോ ഹസ്താ
ഭ്യാമാദാദേ



ഷോഡശസംസ്കാരം - 9

ഷോഡശസംസ്കാരം

ഭാഗം - 09

6. നിഷ്ക്രമണ സംസ്കാരം
💗✥━═══🪷═══━✥💗
ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ്ഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണ സംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം. ഗൃഹാന്തര്‍ഭാഗംവിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സചീകരിക്കുന്നതാകുന്നു ഈ കര്‍മ്മത്തിന്റെ ഉദ്ദേശ്യം.

കര്‍മ്മത്തിനായി പങ്കെടുക്കുന്നതിനായിവന്ന ബന്ധുമിത്രാദികള്‍ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് മാതാവ് എടുത്തുകൊണ്ടുവരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുവശത്ത് പൂര്‍വ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാര്‍ത്ഥന, ഹോമം, സ്വസ്തിവചനം മുതലായവ യഥാവിധി അനുഷ്ഠിക്കുകയും ചെയ്തിട്ട് ശിശുവിനെ ശിരസ്സില്‍ സ്പര്‍ശിച്ചുകൊണ്ട് ഈ മന്ത്രം ചൊല്ലണം.

ഓം അംഗാദ ഗാത് സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവ ശരദഃശതം
ഓം പ്രജാപതേഷ്ട്വാ ഹിംഗാരേണാവജിഘ്രാമി
സഹസ്രായുക്താസൗ ജീവ ശരദഃശതം
ഗവാം ത്വാഹിങ്കരേണാവജിഘ്രാമി
സഹസ്രായുഷാസൗ ജീവ ശരദഃശതം

അനന്തരം മാതാവിന്റെ കൈയ്യില്‍ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സില്‍ മൗനമായി സ്പര്‍ശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തുകൊണ്ട് ഇരുവരും പ്രസന്നതാപൂര്‍വ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദര്‍ശനം ചെയ്യിക്കുകയും വേണം. അപ്പോള്‍ ചൊല്ലുന്നമന്ത്രം.

ഓം തച്ചക്ഷുര്‍ദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരത്
പശ്യേമ ശരദഃ ശതം, ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃ ശത ദമീനൗഃസ്യാമ
ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത്

ഇങ്ങനെ മന്ത്രോച്ഛാരണപൂര്‍വ്വം വായുസഞ്ചാരമുള്ള വെളിസ്ഥലത്ത് അല്പനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തുവരുമ്പോള്‍ അവിടെകൂടിയിരിക്കുന്നവരെല്ലാം ചേര്‍ന്ന് ‘യുക്തം ജീവ ശരദഃ ശതം വര്‍ത്തമാന’ എന്ന മന്ത്രോച്ഛാരണപൂര്‍വ്വം ശിശുവിനെ ആശീര്‍വദിക്കണം. പിന്നീട് പുരോഹിതപ്രഭാഷണവും സംസ്‌കാരകര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് സല്‍ക്കാരവും നടത്തണം. അന്നു വൈകുന്നേരം ചന്ദ്രന്‍ ഉദിച്ച് പ്രകാശിക്കുമ്പോള്‍ മാതാപിതാക്കള്‍ ശിശുവിനെ എടുത്തുകൊണ്ട് വീട്ടിന്റെ പുറത്തുവന്ന് മാറിമാറിവന്ന് കൈയില്‍ ജലമെടുത്ത് ചന്ദ്രനെ നോക്കി

ഓം യദദശ്ചന്ദ്രമസി കൃഷ്ണം
പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിശ്വാസ്തത് പശ്യ
ന്മാഹം പൗത്രമഘംതദം.

എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ജലം ഭൂമിയില്‍ പ്രോഷിക്കുകയും ശിശുവിനെ ചന്ദ്രദര്‍ശനം നടത്തിക്കുകയും വേണം.

ഷോഡശസംസ്കാരം - 8

ഷോഡശസംസ്കാരം

ഭാഗം - 08

5. നാമകരണ സംസ്കാരം
💗✥━═══🪷═══━✥💗
ശിശുവിന്റെ ജനനത്തിനു ശേഷം പതിനൊന്നാംദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണ സംസ്കാരം. 

ഓരോ സംസ്‌കാരത്തിലും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാര്‍ത്ഥന, ഹോമം, സ്വസ്തി വചനം, ശാന്തിവചനം എന്നിവയെല്ലാം ശിശുവിനും വേണ്ടി പിതാവും പുരോഹിതനും നിര്‍വ്വഹിക്കണം.

മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം. മുറജപപ്രകാരം നാമകരണവും വിശേഷ യജ്ഞാഹുതികളോടെ നടത്തുന്നു. 

ആണ്‍കുട്ടികള്‍ക്ക് ഐശ്വര്യം, വീര്യം, വിദ്യ, ബലം മുതലായ ഗുണങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന പേരുകളും പെണ്‍കുഞ്ഞുങ്ങള്‍ക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങള്‍ അടങ്ങുന്നതുമായ പേരുകള്‍ വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകര്‍മ്മത്തിനുവേണ്ടി വന്ന് ഉപസ്ഥിതരായിരിക്കുന്നവരെല്ലാം ചേര്‍ന്ന് സാമൂഹിക ഉപാസന നടത്തും.

പുരോഹിതന്റെ നാമകരണ സംസ്‌കാര വിഷയത്തെ സംബന്ധിച്ച് പ്രഭാഷണത്തിനു ശേഷം യഥോചിതം സല്‍ക്കരിക്കപ്പെടുന്നു. ആഗതര്‍ യാത്രചോദിച്ച് പിരിയുമ്പോള്‍ ശിശുവിനെ നോക്കി 

ഹേ ബാലകാ! ത്വ മായുഷ്മാന്‍
വര്‍ച്ചസ്വീ, തേജസ്വീ, ശ്രീമാന്‍ ഭൂയാ:-

“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും, യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യസമ്പന്നനുമാകട്ടെ.”

എന്ന് ആശിർവദിക്കുന്നു.

നാമകരണത്തില്‍പോലും ബാലികാബാലന്മാരെ സത്തുക്കളുടെ സത്കര്‍മ്മങ്ങളിലേക്ക് ആകര്‍ഷിക്കത്തക്കവിധം പൂര്‍വ്വികര്‍ ശ്രിദ്ധിച്ചിരുന്നു

നാമധേയം തയോശ്ചാപി
മഹാപുരൂരുഷ കര്‍മ്മണാം.
വിശദാനം പ്രേരകഞ്ച ഭവേല്‍
സ്വഗുണ ബോധകം.

 

ഷോഡശസംസ്കാരം - 7

ഷോഡശസംസ്കാരം

ഭാഗം - 07

4. ജാതകർമ സംസ്കാരം
💗✥━═══🪷═══━✥💗
പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവകാലം അടുക്കുമ്പോള്‍ ഭര്‍ത്താവും വയോവൃദ്ധരായ സ്ത്രീബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാംവിധം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് തദനുസൃതമായ ആചാരങ്ങളും മന്ത്രോച്ഛാരണങ്ങളും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധി ഉണ്ട്.

കുഞ്ഞു ജനിച്ചു പൊക്കിൾകൊടി മുറിക്കുന്നതിനു മുൻപും പിന്പുമായി നടത്തുന്ന സംസ്കാരമാണ് ജാതകർമ സംസ്കാരം. മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനും ഈ വൈദിക സംസ്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ ശുദ്ധിയും ശുശ്രുഷയും ചെയ്തിട്ടു സൂതികർമിണി പിതാവിനെ ഏല്പിക്കണമെന്നും കാറ്റും തണുപ്പും ഏൽക്കാത്ത സ്ഥലത്തിരുന്നു വേദമന്ത്രോച്ചാരണപൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്താൽ പുതച്ചു ഹോമകുണ്ഡത്തിനരികെ ഇരുന്ന് ഈശരോപാസന, ഹവനം എന്നിവ നടത്താനമെന്നാണ് വിധി. നെയ്യും തേനും ശരാശരി ചേർത്ത് ചാലിച്ച് ഒരു സ്വർണം കൊണ്ടതിൽ തൊട്ടു ശിശുവിന്റെ നാവിൽ "ഓം" എന്നെഴുതണം തുടർന്ന് ശിശുവിന്റെ വലത്തെ ചെവിയിൽ "വേദോസീതി" എന്ന് പതിയെ ചൊല്ലണം. തുടർന്ന് ഇടത്തെ ചെവിയിലും ഇതുപോലെ ഉച്ചരിക്കണം. 

ഈ സന്ദര്‍ഭത്തില്‍ ജപിക്കുന്ന മന്ത്രം

1 ഓം മേധാം തേ ദേവഃ സവിതാ
  മേധാംദേവി സരസ്വതി
  മേതാം തേ അശ്വിനൗ ദേവാ
 വാധത്താം പുഷ്‌കര സ്രജൗ

2. ഓം അഗ്നിരായുഷ്മാന്‍ സ
  വനസ്പതിഭിരായുഷ്മാം സ്‌തേന
  ത്വായുഷായൂഷ്മന്തം കരോമി.

3. ഓം സോമ ആയുഷ്മാന്‍ സ
    ഓഷധിഭിരായുഷ്മാം സ്‌തേന
    ത്വായുഷായുഷ്മന്തം കരോമി

4. ഓം ബ്രഹ്മ ആയുഷ്മത് തദ്
  ബ്രാഹ്മണൈരായുഷ്മത്തേന
  ത്വായുഷായൂഷ്മന്തം കരോമി.

5. ഓം ദേവാ ആയുഷ്മ
  ന്തസ്‌തേfമൃതേനായുഷ്മന്ത സ്‌തേന
  ത്വയുഷായൂഷ്മന്തം കരോമി.

6. ഓം ഋഷയ ആയുഷ്മന്തസ്‌തേ വ്രതൈരാ-
  യൂഷ്മന്തസ്‌തേന
  ത്വായൂഷായൂഷ്മന്തം കരോമി.

7. ഓം പിതര ആയുഷ്മന്തസ്‌തേ
  സ്വധാഭിരായുഷ്മന്തസ്‌തേന
  ത്വായുഷായൂഷ്മന്തം രോമി

8. ഓം യജ്ഞ ആയുഷ്മാന്‍സ
  ദക്ഷിണാഭിരായുഷ്മാംസ്‌തേന
  ത്വായുഷായുഷ്മന്തം കരോമി.

9. ഓം സമുദ്ര ആയുഷ്മാന്‍സ
  സ്രവന്തിഭിരായുഷ്മാംസ്‌തേന
  ത്വായുഷായുഷ്മന്തം കരോമി

അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ചില വേദമന്ത്രങ്ങൾ ചൊല്ലുന്നു.

ഓം ഇന്ദ്രശ്രേഷ്ഠാനി ദ്രവിണാനിധേഹി
ചിത്തിം ദക്ഷസ്യ സുഭഗത്വമസ്‌മേ
പോഷം രയീണാമരിഷ്ടിം തനൂനാം
സ്വാത്മാനം വാഃ സുദിനത്വമഹ്നാം

അസ്‌മേ ശതം ശരദോ ജീവസേധാ
അസ്‌മേ വീരാച്ഛശ്വത ഇന്ദ്രശിപ്രിന്‍.

ഓം അശ്മാഭവ പരശൂര്‍ഭവ ഹിരണ്യമസ്തൃതം
ഭവ വേദോ വൈ പുത്രനാമാസി
സ ജീവ ശാരദഃശതം.

തുടർന്ന് ശിശുവിന്റെ വീട്ടിലും മാതാവിന്റെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു. തുടർന്ന് മാതാവിന്റെ സ്തനങ്ങൾ പവിത്രജലംകൊണ്ട് കഴുകി തുടച്ചു ആദ്യ മുലയൂട്ടൽ കർമം നിർവഹിക്കുന്നു. ആദ്യം വലതെതും പിന്നീടു ഇടത്തെ മുലപാലും കുഞ്ഞിനു കൊടുക്കണമെന്നാണ് വിധി. മാതാവിന്റെ തലയ്ക്കല്‍ (കിടക്കയുടെ) മന്ത്രജപപൂര്‍വ്വം ഒരു കലശം ജലം സൂക്ഷിക്കുക.

തുടർന്ന് വരുന്ന പത്ത് ദിവസങ്ങളിലും കുഞ്ഞിന്റെയും മാതാവിന്റെയും രക്ഷക്കായി രണ്ടു സന്ധ്യകളിലും പ്രസവരക്ഷക്കായും ശിശുരക്ഷക്കായും ഹോമകർമങ്ങളും ചെയ്യുക എന്നുള്ളതും ഈ സംസ്‌കരത്തില്‍ ഉള്‍പ്പെടുന്നു.