ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം
💗●➖➖●ॐ●➖➖●💗
കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലില്‍ വര്‍ഷം തോറം നടത്തുന്ന വള്ളംകളിയാണ് പ്രസിഡന്റസ് ട്രോഫി വള്ളംകളി. 2011 ആഗസ്റ്റ് 30 നാണ് ആദ്യ ജലോത്സവം നടന്നത്. മത്സരം കാണാന്‍ അന്ന രാഷ്ട്രപതി പ്രതിഭാപാട്ടില്‍ എത്തിയതിനെത്തുടര്‍ന്നാണ് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയെന്ന പേര് നല്‍കിയത്. അഷ്ടമുടിക്കായലില്‍ തേവള്ളി പാലം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷന്‍ സമീപത്തുള്ള ബോട്ട് ജട്ടിവരെയാണ് മത്സരങ്ങള്‍ക്കുള്ള ട്രാക്ക്. 1200 മീറ്റര്‍ നീളമുണ്ട് ഈ മത്സര ട്രാക്കിന്. പത്ത് മീറ്റര്‍ വീതിയില്‍ 4 ട്രാക്കുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ ജലോത്സവത്തില്‍ തന്നെ 2011 ല്‍ 16 ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിച്ച് ഇതിനു പുറമെ വയ്പ്പ്, ഇരുട്ടുകുത്തി 2 ഗ്രേഡുകള്‍, തെക്കമ്പോടി വിഭാഗങ്ങളിലും മത്സരങ്ങള്‍ നടക്കും. കൊല്ലം സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബിന്റെ ശ്രീ.ഗണേശന്‍ രാഷ്ട്രപതിയുടെ പേരിലുള്ള ആദ്യ സുവര്‍ണ്ണകപ്പ് സ്വന്തമാക്കി. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനമാണ് പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളി അരങ്ങേറുന്നത്. ഇപ്പോഴത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കീഴിലുള്ള ജലമേളയായി മാറിയിട്ടുണ്ട്. മുമ്പ് നെഹ്‌റുട്രോഫി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്കിയിരുന്ന ജലമേളയാണ് അഷ്ടമുടിക്കായലിലെ പ്രസിഡന്റ്‌സ്‌ ട്രോഫി ജലമേള. 

കോട്ടപ്പുറം ജലോത്സവം

കോട്ടപ്പുറം ജലോത്സവം
💗●➖➖●ॐ●➖➖●💗
കണ്ടശ്ശംകടവ് ജലോത്സവം കഴിഞ്ഞാല്‍ തൃശ്ശൂരില്‍ നടക്കുന്ന മറ്റൊരു വള്ളംകളിയാണ് കോട്ടപ്പുറത്തേത്. 26 കൊല്ലമായി കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കായലില്‍ ഈ മത്സര വള്ളംകളി നടക്കുന്നു. എന്നാല്‍ സാമ്പത്തിക പരാധീനത മൂലവും സംഘാടനത്തിലെ പോരായ്മയും കാരണവും കഴിഞ്ഞ കാലങ്ങളില്‍ പല തവണ ഈ വള്ളംകളി മുടങ്ങിപ്പോയി. തുടര്‍ന്ന് ടൂറിസം വകുപ്പിന്റെ കൂടി ആഭിമുഖ്യത്തിലാണ് ഒരു വാട്ടര്‍ കാര്‍ണിവല്‍ എന്ന നിലയില്‍ കോട്ടപ്പുറം ജലോത്സവം ആരംഭിച്ചത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാണ് കോട്ടപ്പുറം ജലോത്സവം. 

ഉത്തര മലബാര്‍ ജലോത്സവം

ഉത്തര മലബാര്‍ ജലോത്സവം
💗●➖➖●ॐ●➖➖●💗
മലബാറിലെ ഏറ്റവും പഴക്കം ചെന്ന വള്ളംകളി നടക്കുന്നത് കാസര്‍കോഡാണ്. നീലേശ്വരത്തിനടുത്ത് തേജസ്വിനിപുഴയില്‍ 1970 മുതല്‍ ഉത്തര മലബാര്‍ ജലോത്സവം നടക്കുന്നു. ആദ്യകാലത്ത് തിരുവേണത്തിനായിരുന്നു ഈ വള്ളംകളി നടത്തിയിരുന്നത്. പിന്നീട് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിവസത്തിലേക്ക് അത് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് മഹാത്മാഗാന്ധി ട്രോഫി വള്ളംകളി നടത്തുന്നത്. ആദ്യകാലത്ത് പുരുഷന്മാരുടെ വള്ളംകളി മാത്രമേ പതിവുണ്ടായിരുന്നുള്ളു. മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകുന്ന തോണ്ടിക്കായലായിരുന്നു ആദ്യം വള്ളംകളിക്ക് ഉപയോഗിച്ചിരുന്നത്. 15 പേരുടെ പുരുഷന്മാരുടെ വളളംകളി, 25 പേരുള്ള പുരുഷന്മാരുടെ വള്ളംകളി, 15 പേരുടെ വനിതകളുടെ വള്ളംകളി എന്നിങ്ങനെയാണ് മത്സരങ്ങള്‍. 800 മീറ്റര്‍ മുതല്‍ 1000 മീറ്റര്‍ വരെയാണ് തേജസ്വിനിയിലെ ട്രാക്കിന്റെ നീളം. 5 മീറ്റര്‍ വീതിയുടെ 6 ട്രാക്കുകളിലാണ് മത്സരം. 1987 മുതല്‍ ഇങ്ങോട്ട് 35 കൊല്ലത്തെ വനിത വള്ളംകളിയുടെ ചരിത്രം കൂടിയുണ്ട് തേജസ്വിനിയിലെ ഉത്തര മലബാര്‍ ജലോത്സവത്തിന്. പണ്ട് മലബാറില്‍ നടന്നിരുന്ന ഏക വള്ളംകളി തേജസ്വിനിയിലേതായിരുന്നു. ഇപ്പോള്‍ ചെറുവത്തൂര്‍ കാര്യങ്കോട് പുഴയിലും, അരിക്കോട് കീഴുപറമ്പ് ചാലിയാറിലും, തൃക്കരിപ്പൂര്‍ കവായിക്കായല്‍, കണ്ണൂര്‍ മംഗലശ്ശേരിപ്പുഴ എന്നിവിടങ്ങളിലൊക്കെ മലബാര്‍ ജലോത്സവം എന്ന പേരില്‍ വള്ളംകളികള്‍ നടത്താറുണ്ട്. 

കണ്ടശ്ശാം കടവ് ജലോത്സവം

കണ്ടശ്ശാം കടവ് ജലോത്സവം
💗●➖➖●ॐ●➖➖●💗
തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല ജലമേളയാണ് കണ്ടശ്ശാംകടവ് ജലോത്സവം. കനോലി കനാലില്‍ എല്ലാ വര്‍ഷവും തിരുവോണത്തിനാണ് ഈ വള്ളംകളി നടത്താറ് പതിവ്. 1956 ല്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കനോലി കനാലില്‍ ആദ്യത്തെ കണ്ടശ്ശാം കടവ് വള്ളംകളി നടന്നത്. അന്ന രണ്ട് ചുരുളന്‍ വളളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. പിന്നീട് ഒരു ഇടവേളയുണ്ടായി. 1962 ല്‍ മണലൂര്‍ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികളുടെ നേതൃത്വം നല്കിയ കേണ്ടസ് ആര്‍ട്‌സ് ക്ലബ്ബ് കനോലി കനാലില്‍ വള്ളംകളി മത്സരമൊരുക്കി. 1968 ആയതോടെ അതും നിലച്ചു. തുടര്‍ന്ന് ആദ്യ മത്സരത്തിന് മുന്നിട്ടിറങ്ങിയ ചിലരുടെ ഉത്സാഹത്തില്‍ 1976 ല്‍ കണ്ടശ്ശാം കടവ് ജലവാഹിനി ബോട്‌സ്‌ക്ലബ് രൂപീകരിക്കപ്പെട്ടു. 1977 ല്‍ അവര്‍ രണ്ടാം ഓണത്തിന് വള്ളംകളി സംഘടിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് എല്ലാക്കൊല്ലവും രണ്ടാം ഓണത്തിന് ജലമേള നടക്കാന്‍ തുടങ്ങി. 1990 വരെ ജലമേള കൂടിയുംകുറഞ്ഞും നന്നായി നടക്കപ്പെട്ടു. ജലോത്സവത്തിന്റെ ഭാരിച്ച ചിലവാണ് നാട്ടുകാരെ പ്രതിസന്ധിയിലാക്കിയത്. ആലപ്പുഴ നിന്നും ചുണ്ടന്‍ വള്ളങ്ങളെ ത്രിപുരയിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ഓരോ വള്ളങ്ങളിലും മതിയായ തുഴക്കാരെ കൊണ്ടുവരല്‍ അവരുടെ ചിലവ്, തുടങ്ങി ഭാരിച്ച ചിലവുകളില്‍ വള്ളംകളി മുടങ്ങി. 2011-ല്‍ ജില്ലാ ഭരണകൂടത്തിന്റെയും മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂര്‍ ഡിറ്റിപിസി യുടേയും സഹകരണത്തോടെ കണ്ടശ്ശാംകടവ് ജലോത്സവം വീണ്ടുമാരംഭിച്ചു. 10 ദിവസത്തെ ഓണാഘോഷവും ഇതോടനുബന്ധിച്ച് ഒരുക്കി. ഇന്ന് ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിംഗ് ട്രോഫിക്കായാണ് കണ്ടശ്ശാംകടവ് വള്ളംകളി മത്സരം നടക്കുക. കനോലി കനാലില്‍ പുലാം പുഴക്കടവില്‍ നിന്നും വടക്കോട്ട് കണ്ടശ്ശാംകടവ് ബോട്ട് ജട്ടിവരെയാണ് മത്സരം നടക്കുന്നത്. 990 മീറ്റര്‍ നീളമുണ്ട് മത്സരപ്പാതയ്ക്ക്. 

കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളി

കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളി
💗●➖➖●ॐ●➖➖●💗
ഓണനാള്‍ കഴിഞ്ഞ് ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളി. കുമരാനല്ലൂര്‍ ഭഗവതി പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ആണ്ടിലൊരിക്കല്‍ ഊരു ചുറ്റാനിറങ്ങുമെന്നണ് ഭക്തരുടെ വിശ്വാസം. ഭഗവതിയുടെ വാഹനമായ സിംഹത്തിന്റെ ബിംബത്തില്‍ ശക്തി ആവാഹിച്ച് ഒരു ചുരുളന്‍ വള്ളത്തിലാണ് ഈ ഊരു ചുറ്റല്‍. ദേവിക്കൊപ്പം നട്ടാശ്ശേരി, മള്ളൂശ്ശേരി, പെരുമ്പായിക്കാട്ടുശ്ശേരി, എന്നീ മൂന്നു കരക്കാര്‍ മറ്റു കളിവള്ളങ്ങളില്‍ ഈ സിംഹവാഹനത്തിന് അകമ്പടി സേവിക്കും. ഈ വള്ളങ്ങള്‍ സൂര്യകാലടി മനയിലെത്തി ഭട്ടതിരിപ്പാടില്‍ നിന്നും ദേവിക്കുള്ള വഴിപാട് സ്വീകരിക്കും. പിന്നീട് വഞ്ചിപ്പാട്ടുകള്‍ പാടിയുള്ള ഊരു ചുറ്റല്‍ ഘോഷയാത്രയാണ്.

ക്ഷേത്രത്തിന്റെ ആറാട്ടുകടവില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിനെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെ അഞ്ചു മൈല്‍ ചുറ്റി ഘോഷയാത്ര ക്ഷേത്രക്കടവില്‍ തിരിച്ചെത്തും. ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ കരക്കാര്‍ പറകളൊരുക്കി സ്വീകരിക്കും. ഉത്രട്ടാതി നാളിലാണ് കളിവള്ളങ്ങളുടെ അകമ്പടിയോടെ ഊരുചുറ്റുന്നത് എന്നതിനാല്‍ ഇതിനെ ഉത്രട്ടാതി ഊരു ചുറ്റി വള്ളം കളിയെന്നും പറയുന്നു. ഓടിവള്ളങ്ങളും, ചുണ്ടന്‍ വള്ളങ്ങളും ഇതില്‍ പങ്കെടുക്കാറുണ്ട്.

ഊരുചുറ്റി വള്ളംകളിക്ക് മറ്റൊരു ചരിത്ര കഥ കൂടിയിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് 1749 ല്‍ തെക്കുകൂര്‍ ആക്രമിച്ച് കീഴടക്കി വേണാടിനൊപ്പം ചേര്‍ത്തിരുന്നു. അന്ന് തെക്കുംകൂറിനെ സഹായിക്കാന്‍ നട്ടാശ്ശേരി പെരുമ്പായിക്കാട്ടുശ്ശേരി, മള്ളൂശ്ശേരി, കരകളിലെ 3000 ത്തിലധികം പടയാളികള്‍ മുന്നിട്ടിറങ്ങിയിരുന്നുവത്രെ. ഈ പടനീക്കങ്ങള്‍ക്കായി തെക്കുംകൂര്‍ നിരവധി പോര്‍വള്ളങ്ങള്‍ പണി കഴിപ്പിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റെങ്കിലും പോര്‍ വള്ളങ്ങള്‍ പിന്നീട് കളിവള്ളങ്ങളായി. അന്നത്തെ യുദ്ധത്തിന്റെ അനുസ്മരണ യാത്രയാണ് ഊരു ചുറ്റു വള്ളംകളിയെന്നും മറ്റൊരു വിശ്വാസം കൂടിയുണ്ട്. 

കല്ലട ജലോത്സവം

കല്ലട ജലോത്സവം
💗●➖➖●ॐ●➖➖●💗
തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രശസ്തമായ ജലമേഖലകളില്‍ ഒന്നാണ് കല്ലട ജലോത്സവം. എല്ലാക്കൊല്ലവും ഇരുപത്തിയെട്ടാം ഓണത്തിനാണ് കല്ലട ജലമേള നടത്താറുള്ളത്. അതായത് കന്നിമാസത്തിലെ തിരുവോണം നാള്‍. പ്രധാനപ്പെട്ട എല്ലാ ചുണ്ടന്‍ വള്ളങ്ങളും ഓളപ്പരപ്പില്‍ മാറ്റുരയ്ക്കുന്ന വള്ളംകളിയാണിത്. കൊല്ലത്തെ മണ്‍റോതുരുത്തിലാണ് ജലമേള സംഘടിപ്പിക്കുന്നത്. കല്ലടയാറ്റിലെ പുതിരപ്പറമ്പ് കരുത്രക്കടവ് നെട്ടയത്തിലാണ് വള്ളംകളി. കല്ലട ജലോത്സവം മണ്‍റോതുരുത്തുകാരുടെ സ്വന്തം ഉത്സവം കൂടിയാണ്. കല്ലടയാറ്റിന്റെ 1400 മീറ്റര്‍ ദുരം ഇരുകരകളിലും അന്ന് ആയിരങ്ങളുടെ ആവേശമുയരും. ഓണത്തിന്റെ എല്ലാ ആഘോഷങ്ങളും ഈ 28 -ാം ഓണനാളിലേ അവസാനിക്കൂ. ഒരു പക്ഷെ ചമ്പക്കുളത്ത് നിന്ന് ആരംഭിക്കുന്ന വള്ളംകളി സീസണ്‍ കേരളത്തില്‍ അവസാനമാകുന്നതും കല്ലട ജലോത്സവത്തോടെയാണെന്ന് പറയാം. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായ സുപ്രധാന വള്ളംകളിയാണ് കല്ലട ജലോത്സവം.

മഹാത്മാ മാന്നാര്‍ ജലോത്സവം

മഹാത്മാ മാന്നാര്‍ ജലോത്സവം
💗●➖➖●ॐ●➖➖●💗
ചിങ്ങമാസത്തിലെ ചതയം നാളില്‍ നാലാം ഓണത്തിനാണ് എല്ലാക്കൊല്ലവും മാന്നാര്‍ ജലോത്സവം നടക്കുക. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലൂടെ ഈ വള്ളംകളി മറ്റ് ജലവേളകളില്‍ നിന്ന് അങ്ങിനെ വ്യത്യസ്തമാകുന്നു. 1971 ലാണ് മാന്നാര്‍ മഹാത്മാ ജലോത്സവം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പഞ്ചായത്തിലൂടെയും പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലൂടെയും ഒഴുകിയെത്തുന്ന പമ്പാനദിയില്‍ ഒരു കിലോമീറ്റര്‍ ദൂരം വരുന്ന നെട്ടയത്തിലാണ് വള്ളംകളി നടക്കുന്നത്. കരിവേലിക്കടവ് മുതല്‍ കുര്യത്തുകടവ് വരെയുള്ള നെട്ടയത്തില്‍ പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് മത്സരം. നല്ല നീരൊഴുക്ക് ഉള്ളതും നേരെ ഒഴുകുന്നതുമായ പമ്പാനദിയുടെ ഈ ഭാഗത്തിന് നല്ല ആഴവും 100 മീറ്ററോളം വീതിയുമുണ്ട്. മാന്നാറിലെ അരികുപുറം കുടുംബത്തിലെ എ.സി.തോമസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയാണ് ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍ വളളത്തിന് സമ്മാനിക്കുക. എല്ലായിനം കളിവള്ളങ്ങളുടെയും മത്സരം ഇവിടെ നടക്കാറുണ്ട്. ഇരു ജില്ലകളിലുമുള്ള അടുത്ത കരക്കാര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന മാന്നാര്‍ ജലോത്സവസമിതിക്കാണ് വള്ളംകളി നടത്തിപ്പിന്റെ ചുമതല.