പുളിങ്കുന്ന് ജലോത്സവം
💗●➖➖●ॐ●➖➖●💗
കുട്ടനാട്ടിലെ പുളിങ്കുന്നാറ്റില്‍ അതായത് പമ്പയാറ്റില്‍ തന്നെയാണ് ഈ ജലോത്സവം നടക്കുന്നത്. എല്ലാവര്‍ഷവും ആഗസ്റ്റിലെ അവസാന ശനിയാഴ്ചയാണ് പുളിങ്കുന്ന് വള്ളംകളി നടക്കുന്നത്. 1985 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കുട്ടനാട് സന്ദര്‍ശനത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ആണ്ടുതോറും ഈ ജലമേള സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം നേരിട്ടു കണ്ടു ബോധ്യപ്പെടുന്നതിനാണ് രാജീവ്ഗാന്ധി സന്ദര്‍ശനം നടത്തിയത്. പുളിങ്കുന്നിലായിരുന്നു അദ്ദേഹത്തിന് സ്വീകരണം ഏര്‍പ്പെടുത്തിയത്. നിരവധി കളി വള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും അന്ന് രാജീവ് ഗാന്ധിക്ക് സ്വീകരണം നല്‍കാന്‍ എത്തിയിരുന്നു. 1991 ല്‍ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ എക്കാലവും സ്മരിക്കാന്‍ പുളിങ്കുന്നാറ്റില്‍ വള്ളംകളി ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ സംഭാവന ചെയ്ത രാജീവ് ഗാന്ധിയുടെ പേരിലുളള ട്രോഫിക്കായാണ് ചുണ്ടന്‍വള്ളങ്ങളുടെ വാശിയേറിയ മത്സരം ഇവിടെ നടക്കുന്നത്. 2012 വരെ സ്ഥിരമായി നടന്ന പുളിങ്കുന്ന് വള്ളംകളി ചില വര്‍ഷങ്ങളില്‍ തടസ്സപ്പെട്ടു.
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
3 September 2024
പുളിങ്കുന്ന് ജലോത്സവം
പായിപ്പാട് ജലോത്സവം
പായിപ്പാട് ജലോത്സവം
💗●➖➖●ॐ●➖➖●💗
മറ്റെല്ലാ വള്ളംകളികളും ഒറ്റ ദിവസമാണെങ്കില്‍ പായിപ്പാട് വള്ളംകളി 3 ദിവസമാണ്. ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായാണ് പായിപ്പാട് ജലോത്സവം നടക്കുക. ആലപ്പുഴ ജില്ലയിലെ വിയപുരം പഞ്ചായത്തിലാണ് പായിപ്പാട്. അച്ചന്‍ കോവിലാറാണ് പായിപ്പാട് ജലോത്സവത്തിന്റെ മത്സരവേദി. പായിപ്പാട് വള്ളംകളിയും ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രവും തമ്മില്‍ ഐതിഹ്യപരമായ ഒരു കഥയുണ്ട്. ഹരിപ്പാട്ടുകാരുടെ കീഴ്തൃക്കോവില്‍ എന്ന മുരുകക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെ ക്ഷേത്രപൂജാരിക്ക് ദര്‍ശനമുണ്ടായത്രേ. കായംകുളം കായലില്‍ ജലോപരിതലത്തില്‍ ഒരു ചുഴികാണുമെന്നും അതിനു താഴെ ചതുര്‍ബാഹുവായ ഒരു സുബ്രഹ്‌മണ്യ വിഗ്രഹം കിടപ്പുണ്ടെന്നും അത് കണ്ടെടുത്ത് ഹരിപ്പാട് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കണമെന്നുമായിരുന്നു ദര്‍ശനം. ഊരാണ്‍മക്കാരും നാട്ടുകാരും കായംകുളം ഗോവിന്ദമുട്ടം കായലില്‍ ചുഴികാണുകയും തപ്പിയപ്പോള്‍ വിഗ്രഹം കിട്ടുകയുമുണ്ടായത്രേ. വിഗ്രഹവുമായി തിരിച്ച് പായിപ്പാട്ടെത്തിയപ്പോള്‍ നാട്ടുകാര്‍ വിഗ്രഹത്തെ വന്‍ വരവേല്‍പ്പ് നല്കി. തുടര്‍ന്ന് പായിപ്പാട്ടാറ്റിലൂടെ ജലഘോഷയാത്രയായി അരനാഴിക നെല്പുരക്കടവിലെത്തി വിഗ്രഹം അവിടെ ഇറക്കി. ഹരിപ്പാടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം വിഗ്രഹം ആഘോഷപൂര്‍വ്വം പുതിയ ക്ഷേത്രത്തിലെത്തിച്ച് സുബ്രഹ്‌മണ്യ പ്രതിഷഠ നടത്തി. ഇതിന്റെ ഓര്‍മ്മ പുതുക്കാനാണ് പായിപ്പാട് ജലോത്സവം നടത്തുന്നത്. തിരുവേണ ദിവസം എല്ലാ ചുണ്ടന്‍ വള്ളങ്ങളും അരനാഴിക നെല്പുരക്കടവിലെത്തുന്നു. തഴകള്‍ ഉയര്‍ത്തിയ വഞ്ചിപ്പാട്ട് പാടിവള്ളക്കാര്‍ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് പോകും. തുടര്‍ന്ന് പായിപ്പാടാറ്റില്‍ ഉച്ചതിരിഞ്ഞ് വള്ളംകളി ആഘോഷം തുടങ്ങും. രണ്ടാം ദിവസമായ അവിട്ടം നാളില്‍ നാടന്‍ കലാരൂപങ്ങളടങ്ങിയ നിശ്ചലദൃശ്യങ്ങളോടെ വര്‍ണ്ണാഭമായ ജലഘോഷയാത്ര നടക്കും. മൂന്നാംദിവസമായ ചതയത്തിലാണ് വള്ളങ്ങളുടെ വാശിയേറിയ ഫൈനല്‍ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ക്കൊപ്പം ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വള്ളങ്ങളുടെ മത്സരങ്ങളും നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് പായിപ്പാട് ജലോത്സവത്തിന്റെ മുഖ്യചുമതല.
നീരേറ്റുപുറം ജലോത്സവം
നീരേറ്റുപുറം ജലോത്സവം
💗●➖➖●ॐ●➖➖●💗
കേരളത്തിലെ മറ്റ് ജലോത്സവങ്ങളെ അപേക്ഷിച്ച് തിരുവോണനാളില്‍ നടക്കുന്ന ഏക വള്ളംകളി എന്ന പ്രത്യേകത നീരേറ്റുപുറം വള്ളംകളിക്കുണ്ട്. നീരേറ്റുപുറം വായനശാല, യൂണിയന്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി പ്രേമികളായ ഒരുപറ്റം ചെറുപ്പക്കാര്‍ 1957 ല്‍ തുടക്കം കുറിച്ചതാണ് ഈ ജലോത്സവം. പമ്പാജലമേള എന്നു കൂടി ഇതിനെ പറയുന്നുണ്ട്. പമ്പയാറും മണിമലയാറും കൈവഴിയായൊഴുകുന്ന പമ്പാ വാട്ടര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏകദേശം ഒരു കിലോ മീറ്ററോളം ദൂരം വരുന്ന മത്സര ട്രാക്കിനു കിഴക്കും വടക്കും പത്തനംതിട്ട ജില്ലയും പടിഞ്ഞാറും തെക്കും ആലപ്പുഴ ജില്ലയാണെന്നുമുള്ള പ്രത്യേകത ഉണ്ട്. ആറിനു കുറുകെ നീരേറ്റുപുറം പാലത്തിനു സമീപത്തു നിന്നും കിഴക്കോട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. പരമാവധി 3 ചുണ്ടന്‍വള്ളങ്ങള്‍ക്ക് അണിനിരക്കാനുള്ള വീതിയാണ് ആറിനുള്ളത്.
ആദ്യകാലത്ത് വെപ്പുവള്ളങ്ങളുടെ മത്സരം മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. പുൡക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി ഏര്‍പ്പെടുത്തിയ ട്രോഫിക്കു വേണ്ടിയായിരുന്നു വെപ്പ് വള്ളങ്ങളുടെ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തിനു പങ്കെടുത്ത് തുടങ്ങിയപ്പോള്‍ മലയാള മനോരമ ഏര്‍പ്പെടുത്തിയ മാമ്മന്‍ മാപ്പിള ട്രോഫിക്കു വേണ്ടിയായി പ്രധാന മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമെ വെപ്പ്, വടക്കേനോടി, സ്ത്രീകളും വിദ്യാര്‍ത്ഥികളും തുഴയുന്ന വള്ളങ്ങള്‍ എന്നിവയുടെ മത്സരങ്ങളും നടക്കും. 1957 ല്‍ കുട്ടനാട്ടിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം ചേര്‍ന്ന് രൂപം നല്കിയ ജനകീയ സമിതിയായ പമ്പാ ബോട്ട് റേസ് ക്ലബ്ബാണ് നീരേറ്റുപുറം പമ്പാ ജലോത്സവത്തിന് നേതൃത്വം നല്കുന്നത്.
കരുവാറ്റാ ജലോത്സവം
കരുവാറ്റാ ജലോത്സവം
💗●➖➖●ॐ●➖➖●💗
എല്ലാവര്‍ഷവും ഓണക്കാലത്ത് പൂരുരുട്ടാതി നാളിലാണ് കരുവാറ്റാ ജലോത്സവം നടക്കുക. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിന് വടക്കുള്ള ഒരുഗ്രാമമാണ് കരുവാറ്റ. ഡോ.തോമസ് ചന്ദ്രത്തില്‍, ചെങ്ങാരപ്പള്ളി ദാമോദരന്‍ പോറ്റി, റവ. ഫാദര്‍ ജോര്‍ജ് സ്രാമ്പിക്കല്‍ എന്നിവരുടെ ആശീര്‍വാദത്തോടെയും സഹായത്തോടെയും രൂപീകരിച്ച കരുവാറ്റ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ വള്ളംകളി ആരംഭിച്ചത്.
1966 ആണ് കരുവാറ്റ ജലോത്സവം ആരംഭിച്ചത്. ബ്രദേഴ്‌സ് ട്രോഫി വള്ളംകളിയെന്നാണ് പേര്. ആദ്യം കരുവാറ്റ ലീഡിംഗ് ചാനല്‍ വള്ളംകളിയായിരുന്നു എന്നായിരുന്നു പേരിട്ടിരുന്നത്. വള്ളംകളി നടക്കുന്നത് കരുവാറ്റ ലീഡിംഗ് ചാനലിലാണ്. മനുഷ്യപ്രയത്‌നം കൊണ്ട് പുഞ്ചപ്പാടത്തെ വെട്ടിമുറിച്ച് ഉണ്ടാക്കിയതാണ് കരുവാറ്റ കനാല്‍. കുട്ടനാടിന്റെ തെക്കന്‍ കാര്‍ഷിക മേഖലയെ വെള്ളപ്പാച്ചിലില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി ഒരുക്കിയെടുത്തതാണ് ഈ കനാല്‍. 1953 ലാണ് നല്ല നീരൊഴുക്കുള്ള ഈ കനാല്‍ നിര്‍മ്മിച്ചെടുത്തത്.
അച്ചന്‍ കോവിലാറില്‍ നിന്നും തോട്ടപ്പള്ളി കടല്‍ത്തീരം വരെ കനാലിന്റെ ഇരുവശത്തും നീണ്ട ബണ്ട് കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. കരുവാറ്റ വള്ളംകളി പ്രേമികള്‍ക്ക് ഈ ബണ്ട് ഗ്യാലറി പോലെ ഇരുന്ന് കാണാവുന്ന തരത്തിലാണ്. ലീഡിംഗ് ചാനലിന്റെ ഇരുവശത്തുമുള്ള ബണ്ടുകളില്‍ നിന്നു കൊണ്ട് മത്സര വള്ളംകളി വീക്ഷിക്കാം. ഏതാണ്ട് 1200 മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കില്‍ ലീഡിംഗ് ചാനലിന് പടിഞ്ഞാറ് വശം തൈവൈപ്പിന്‍ കടവ് മുതല്‍ കിഴക്ക് കുറിച്ചിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തിനു മുന്‍വശം വരെയാണ് മത്സരം. ദേവാലയത്തിനു സമീപം സ്ഥിരം പവലിയനുമുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ വെപ്പ്, ഓടി, ചുരുളന്‍, തുടങ്ങിയ ഇനങ്ങളിലുള്ള വള്ളങ്ങളുടെ മത്സരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് കേരളത്തിലെ പ്രമുഖ ചുണ്ടന്‍ വള്ളങ്ങളെല്ലാം മത്സരിക്കുന്ന പ്രമുഖ ജലോത്സവങ്ങളിലൊന്നാണ് കരുവാറ്റ വള്ളംകളി. ജലോത്സവത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ ജലഘോഷയാത്രയും നടക്കും. കരുവാറ്റ ലീഡിംഗ് ചാനല്‍ ജലോത്സവ സമിതിക്കാണ് ജലോത്സവ നടത്തിപ്പിന്റെ ചുമതല.
ചമ്പക്കുളം വള്ളംകളി
ചമ്പക്കുളം വള്ളംകളി
💗●➖➖●ॐ●➖➖●💗
ഓണക്കാലത്തിന്റെ വരവറിയിച്ചും ഓളപ്പരപ്പുകളെ ആര്‍പ്പുവിളി മേളങ്ങളാല്‍ മുഖരിതമാക്കിയും കേരളത്തിന്റെ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്നത് കുട്ടനാട്ടിലെ ചമ്പക്കുളത്താണ്. മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക. ആദ്യകാലത്ത് മൂലക്കാഴ്ച എന്നാണ് ഈ വള്ളംകളി അറിയപ്പെട്ടിരുന്നത്. മറ്റ് ജലമേളകളില്‍ നിന്നും വ്യത്യസ്തമായി നാനൂറോളം വര്‍ഷം പഴക്കമുണ്ട് ഈ ജലമേളയ്ക്ക് എന്നു കരുതുന്നു.
അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഈ വള്ളംകളി. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച വിഗ്രഹ പ്രതിഷ്ഠാ സമയത്ത് അശുദ്ധമാണെന്ന് കണ്ടെത്തി, ചെമ്പകശ്ശേറി രാജാവ് മറ്റൊരു വിഗ്രഹം പെട്ടെന്ന് കണ്ടെത്താന്‍ മന്ത്രി പാറയില്‍ മേനോനെ ചുമതലപ്പെടുത്തി. കുറിച്ചി കരിക്കുളം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ലക്ഷണമൊത്ത വിഗ്രഹമുണ്ടെന്ന് മന്ത്രി കണ്ടെത്തി.
കുറിച്ചി വലിയമഠം കുടുംബക്കാരുടേതാണ് ക്ഷേത്രം. അവരുടെ സമ്മതത്തോടെ വിഗ്രഹം ഏറ്റെടുത്ത് മന്ത്രി മേനോനും സംഘവും വള്ളത്തില്‍ യാത്ര തിരിച്ചു. നേരം ഇരുട്ടിയാല്‍ കൊള്ളക്കാരുടെ ശല്യം വരുമെന്നും, അതൊഴിവാക്കാന്‍ വഴിയില്‍ ചമ്പക്കുളത്ത് കോയിക്കരി എന്ന് വീട്ടുപേരുള്ള മാപ്പിളശ്ശേരി കുടുംബത്തില്‍ ഇറക്കി വയ്ക്കണമെന്നും ചെമ്പകശ്ശേരി രാജാവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് വിഗ്രഹം അന്ന് രാത്രി മാപ്പിളശ്ശേരി ഇട്ടിത്തൊമ്മന്റെ വീട്ടില്‍ ഇറക്കി വച്ചു. ദൂതന്‍ വഴി ഇക്കാര്യം ചെമ്പകശ്ശേരി രാജാവിനെ അറിയി്ച്ചു. പിറ്റെ ദിവസം മൂലം നാളില്‍ ചെമ്പകശ്ശേരി രാജാവ് പരിവാരങ്ങളും നാട്ടുകാരുമായി ഒട്ടേറെ വള്ളങ്ങളിലായി മാപ്പിളശ്ശേരി വീട്ടിലെത്തി. അവിടെ നിന്നും വിഗ്രഹം വാദ്യഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയും അമ്പലപ്പുഴയിലെത്തിയ ശേഷം പ്രതിഷ്ഠ നടന്നു. ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ച് മൂലം നാളില്‍ ചെമ്പകശ്ശേരി രാജാവ് നടത്തിയ ആ ജലഘോഷയാത്രയെ അനുസ്മരിച്ചാണ് ചമ്പക്കുളം വള്ളംകളി നടക്കുക. രാജാവിന്റെ വരവിന്റെ ഓര്‍മ്മക്കായി ഇന്നും അമ്പലപ്പുഴയില്‍ നിന്നും പ്രത്യേക സംഘം പാല്‍പ്പായസവുമായി മാപ്പിളശ്ശേരി കുടുംബത്തില്‍ എത്താറുണ്ട്. അവിടത്തെ പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷമാണ് ചമ്പക്കുളം ജലമേള ഔപചാരകമായി തുടങ്ങുക.
നൂറ്റാണ്ടുകളായുള്ള ചമ്പക്കുളം വള്ളംകളിക്ക് ആധുനികകാലത്ത് വഴിത്തിരിവുണ്ടായത് 1927 ലാണ്. അക്കൊല്ലം തിരുവിതാംകൂര്‍ ദിവാന്‍ എം.ഇ. വാട്‌സ് ആണ് വള്ളംകളി ഉത്ഘാടനം ചെയ്തത്. 1952 ല്‍ തിരു-കൊച്ചി രാജപ്രമുഖനായിരിക്കെ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍ വള്ളത്തിന് അദ്ദേഹം രാജപ്രമുഖന്‍ ട്രോഫി ഏര്‍പ്പെടുത്തി. അന്ന് മുതല്‍ ചമ്പക്കുളം വള്ളംകളി മത്സരം ഈ രാജപ്രമുഖന്‍ ട്രോഫിക് വേണ്ടിയാണ്.
നെഹ്‌റുട്രോഫി വള്ളംകളി
നെഹ്‌റുട്രോഫി വള്ളംകളി
💗●➖➖●ॐ●➖➖●💗
കേരളത്തിലെ വള്ളംകളിയില്‍ ഏറ്റവും പ്രശസ്തമേതെന്ന് ചോദിച്ചാല്‍ അത് നെഹ്‌റുട്രോഫി വള്ളംകളിയാണ്. ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള ജലമേളയും അത് തന്നെ. ആലപ്പുഴ പട്ടണത്തിന് കിഴക്ക് വശത്തുള്ള പുന്നമടക്കായലിലാണ് വര്‍ഷം തോറും നെഹ്‌റുട്രോഫി വള്ളംകളി നടക്കുക. വള്ളംകളികളില്‍ പരമ്പരാഗതമായ ആചാരങ്ങള്‍ ഒന്നും ഇല്ലാത്തതാണ് നെഹ്‌റുട്രോഫി വളളംകളി. 1952 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ ജലമേളയുടെ തുടക്കം. കോട്ടയത്തെത്തുന്ന നെഹ്‌റുവിനെ ജലമാര്‍ഗ്ഗം ആലപ്പുഴയ്ക്ക് കൊണ്ടു വരാനായിരുന്നു സംഘാടകരുടെ ആഗ്രഹം. ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുടെ അകടമ്പടിയോടെ കുട്ടനാടിന്റെ സവിശേഷതകള്‍ കൂടി അദ്ദേഹത്തെ ബോധ്യപ്പെടുത്തി എതിരേല്ക്കാനായിരുന്ന ഉദ്ദേശ്യം. അദ്ദേഹത്തിന് വേണ്ടി ചുണ്ടന്‍ വള്ളങ്ങളുടെ ഒരു മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. പി.സി.അലക്‌സാണ്ടറിനായിരുന്നു വള്ളംകളിയുടെ ചുമതല. വിശിഷ്ടാതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കിയത് കേണല്‍ മണ്‍റോയുടെ പേരിലുള്ള വിളക്കുമാട ഇരുത്തിലാണ്. നെഹ്‌റു, മകള്‍ ഇന്ദിരാഗാന്ധിക്കും, പേരക്കുട്ടികളായ രാജീവിനും, സഞ്ജയിനുമൊപ്പം 1952 ഡിസംബര്‍ 22 ന് രാവിടെ 11 ന് മണ്‍റോതുരുത്തിലെ പ്രത്യേക വേദിയിലെത്തിച്ചേര്‍ന്നു. കൊച്ചിയില്‍ നിന്നും ബോട്ട് മാര്‍ഗമാണ് അവര്‍ വന്നത്. തുടര്‍ന്ന് 9 ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിച്ച വള്ളം കളി നടന്നു. ഒന്നര കിലോമീറ്റര്‍ ട്രാക്കില്‍ നടുഭാഗം, നെല്‍സണ്‍, ഗോപാലകൃഷ്ണന്‍, പാര്‍ത്ഥസാരഥി, നെപ്പോളിയന്‍, കാവാലം, ചമ്പക്കുളം, നേതാജി, ഗിയര്‍ ഗോഡ് എന്നിവയാണ് മത്സരിച്ചത്. മത്സരത്തില്‍ നടുഭാഗം ഒന്നാമതെത്തി.
ക്യാപ്റ്റന്‍സ് ട്രോഫി നല്‍കിയ നെഹ്‌റു ആവേശത്തോടെ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. തുടര്‍ന്ന് അതേ ചുണ്ടന്‍ വള്ളത്തില്‍ തന്നെ അദ്ദേഹം ആലപ്പുഴയിലേക്കും തിരിച്ചു. അതൊരു വമ്പന്‍ വള്ളഘോഷയാത്രയായി ആലപ്പുഴയിലെത്തി. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം സ്വന്തം കൈയ്യൊപ്പോടെ വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ള മാതൃക ജവഹര്‍ലാല്‍ നെഹ്‌റു അയച്ചു തന്നു. എന്നാല്‍ 1953 ല്‍ വള്ളം കളി നടന്നില്ല. 1954 ല്‍ പ്രൈംമിനിസ്റ്റോഴ്‌സ് ട്രോഫി എന്ന പേരില്‍ കൈനകരി മീനപ്പള്ളിക്കായലില്‍ (വട്ടക്കായല്‍) വള്ളംകളി നടന്നു. കാവാലം ചുണ്ടനാണ് അദ്യത്തെ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി നേടിയത്. വട്ടക്കായലിലെ ഓളത്തിരയും കാറ്റും അപകടം പിടിച്ചതിനാല്‍ മറ്റൊരു സ്ഥലം തിരഞ്ഞാണ് നെഹ്‌റുട്രോഫിയുടെ സ്ഥിരം വേദി പുന്നമടക്കായലായത്. അവിടെ 1380 മീറ്റര്‍ ട്രാക്ക് കണ്ടെത്തി. വടക്കു നിന്നും തെക്കോട്ട് നാല് ട്രാക്കുകള്‍, ഫിനിഷിംഗ് പോയിന്റില്‍ പ്രത്യേക തുരുത്ത് കെട്ടിപ്പൊക്കി 2004 ഓടെ പവലിയനും നിര്‍മ്മിച്ചു. വള്ളംകളി സമയത്ത് താല്ക്കാലിക ഗ്യാലറികള്‍ക്കും സൗകര്യമൊരുക്കി. ഇന്ന് ഓണക്കാലത്ത് സംസ്ഥാനത്തെത്തുന്ന വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഏറ്റുവും ആകര്‍ഷകമായ കായിക വിനോദ പരിപാടിയായിക്കഴിഞ്ഞു നെഹ്‌റു ട്രോഫി ജലോത്സവം.
ആറന്‍മുള വള്ളംകളി
ആറന്‍മുള വള്ളംകളി
💗●➖➖●ॐ●➖➖●💗
കാലപ്പഴക്കം, പാരമ്പര്യം, ആധ്യാത്മികമായ പശ്ചാത്തലം എന്നിവ കൊണ്ടും പങ്കെടുക്കുന്ന ചുണ്ടന്‍ വളളങ്ങളുടെ ആകാര ശൈലി വ്യത്യാസം കൊണ്ടും കേരളത്തിലെ മറ്റ് വള്ളംകളികളില്‍ നിന്ന് തീര്‍ത്തും വേറിട്ടു നില്‍ക്കുന്നതാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്ര ആചാരവുമായും അനുഷ്ഠാനങ്ങളുമായും ഉത്രട്ടാതി വള്ളംകളിയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്.
ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ആറന്‍മുള വള്ളംകളി നടക്കുക. ആറന്‍മുളയില്‍ പാര്‍ത്ഥ സാരഥിയുടെ പ്രതിഷ്ഠാ ദിനവും അന്നാണ്. അര്‍ജുനന്‍ നിലയ്ക്കലില്‍ പ്രതിഷ്ഠിച്ച പാര്‍ത്ഥസാരഥി വിഗ്രഹം ഭൂമിദേവി ആറന്‍മുളയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചവെന്നാണ് വിശ്വാസം. പളളിയോടങ്ങളില്‍ അന്നേദിവസം ദേവ സാന്നിദ്ധ്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
വള്ളം കളിയുടെ ഉത്പത്തിയ്ക്ക് മറ്റൊരു ഐതിഹ്യവുമുണ്ട്. കുട്ടികളില്ലാതിരുന്ന കാട്ടൂര്‍ മങ്ങാട് ഭട്ടതിരിയ്ക്ക് കൃഷ്ണ ദര്‍ശനമുണ്ടായെന്നും തിരുവോണത്തിന് ആറന്‍മുള ക്ഷേത്രത്തില്‍ വന്ന് തനിക്ക് സദ്യ നല്‍കിയാല്‍ മതിയെന്നും ദേവന്‍ നിര്‍ദ്ദേശിച്ചുവത്രെ. തുടര്‍ന്ന് എല്ലാ വര്‍ഷവും കാട്ടൂര്‍ ഭട്ടതിരി സദ്യ വിഭവങ്ങളുമായി തോണിയില്‍ തിരുവോണത്തലേന്ന് ആറന്‍മുളയിലേക്ക് തിരിയ്ക്കും. ഒരിക്കല്‍ തോണി വഴി മദ്ധ്യേ ആക്രമിക്കപ്പെട്ടപ്പോള്‍ കരക്കാര്‍ വള്ളങ്ങളില്‍ വന്ന് സംരക്ഷണം കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പോര്‍ വള്ളങ്ങളായ ചുണ്ടന്‍ വള്ളങ്ങളാണ് തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിച്ചത്.
മങ്ങാട്ടു ഭട്ടതിരിയുടെ തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിച്ചു നടത്തിയ ജലയാത്രയുടെ അനുസ്മരണമായാണ് ആറന്‍മുളയില്‍ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉണ്ടായത്. പിന്നീട് എല്ലാ പള്ളിയോട കരക്കാരെയും പങ്കെടുപ്പിച്ച് പ്രതിഷ്ഠാദിനമായ ഉത്രട്ടാതിയില്‍ വള്ളംകളിയും ആരംഭിച്ചു.
ആറന്‍മുള വള്ളംകളിയുടെ കാലപ്പഴക്കം സംബന്ധിച്ച് പല അഭിപ്രായങ്ങളാണ് ഉള്ളത്. കുട്ടനാട്ടിലെ ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് കെട്ടിലും മട്ടിലും വ്യത്യസ്തമാണ് ആറന്‍മുള ചുണ്ടന്‍മാര്‍. ആറന്‍മുള ഭഗവാന് സമര്‍പ്പിക്കപ്പെട്ട ഓടങ്ങളായതിനാലാണ് അവയെ പള്ളിയോടങ്ങള്‍ എന്ന് വിളിയ്ക്കുന്നത്. അമരവും അണിയവും വെടിത്തടിയുമെല്ലാം മറ്റ് ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് പള്ളിയോടങ്ങള്‍ക്ക്. ഉയരക്കൂടുതല്‍ പ്രധാന ഘടകമാണ്.
വഞ്ചിപ്പാട്ട് പാടാനായി മാത്രം 15 പേര്‍ക്ക് വള്ള മദ്ധ്യത്തില്‍ നില്ക്കാനാകും. കിഴക്കന്‍ ശൈലി വഞ്ചിപ്പാട്ടുകള്‍ ആണ് ആറന്‍മുള വള്ളംകളിയ്ക്ക് പാടുക. കുചേല വൃത്തം, ഭീഷ്മപര്‍വ്വം, സന്താന ഗോപാലം, ഭഗവദൂത് തുടങ്ങി ഒട്ടേറെ വഞ്ചിപ്പാട്ടുകള്‍ ആറന്‍മുളയ്ക്ക് മാത്രമായുണ്ട്. സ്വര്‍ണ്ണ നെറ്റിപ്പട്ടം പോലെ അണിയിച്ചൊരുക്കിയ ആറന്‍മുള പള്ളിയോടങ്ങള്‍ക്ക് ഉത്രട്ടാതിയില്‍ മത്സരം ഏര്‍പ്പെടുത്തി തുടങ്ങിയത്, 1971 മുതലാണെന്ന് കരുതുന്നു. എ ഗ്രേഡ്, ബി ഗ്രേഡ് എന്നിങ്ങനെ പള്ളിയോടങ്ങളെ തിരിച്ചാണ് പമ്പയാറ്റിലെ മത്സരം. കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌ക്കാരിക ചരിത്രത്തിന്റെ മാത്രമല്ല ഒട്ടനവധി വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്നതാണ് ആറന്‍മുള വള്ളംകളി.
Subscribe to:
Posts (Atom)