ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 January 2021

സ്വസ്തിക ചിഹ്നവും വാസ്തുവും

സ്വസ്തിക ചിഹ്നവും വാസ്തുവും

സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൌരാണിക അടയാളമാണ് സ്വസ്തിക.

ഈ സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം സ്വാഗതം എന്നാണ്. ഹിറ്റ്‌ലറെ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകമൊട്ടാകെ വിശുദ്ധമായ അടയാളമായാണ് സ്വസ്തികയെ കാണുന്നത്.

വാസ്തു ശാസ്ത്രത്തില്‍ സ്വസ്തിക അടയാളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്വസ്തിക എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ‘നല്ല ജീവിതത്തിനോട് ചേര്‍ന്നുള്ള ചെറിയ കാര്യങ്ങള്‍’ എന്നാണ് വാസ്തുശാസ്ത്രം വിശദീകരിക്കുന്നത്.

സ്വസ്തിക ചിഹ്നം യഥാര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.

ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്.

വീടിന്‍റെ പ്രധാന വാതിലിനു മുകളില്‍ സ്വസ്തിക ചിഹ്നം പതിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പ്രധാന വാതിലിനു മുകളില്‍ വെളിയിലായി സ്വസ്തിക പതിക്കുന്നതിനൊപ്പം അകത്തും ഇതേ സ്ഥലത്ത് ആദ്യത്തേതിനോട് പുറം തിരിഞ്ഞരീതിയില്‍ സ്വസ്തിക പതിക്കണമെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു.

ബാണലിംഗം

ബാണലിംഗം

നർമ്മദാനദിയിൽ കാണപ്പെടുന്ന ശിവലിംഗ രൂപത്തിലുള്ള ശിലാഖണ്ഡങ്ങളാണ് ബാണലിംഗങ്ങൾ. ഗണ്ഡകീനദിയിൽ കാണപ്പെടുന്ന സാളഗ്രാമങ്ങൾ പോലെ ബാണലിംഗങ്ങൾ നർമ്മദയിൽ മാത്രം കാണപ്പെടുന്നവയാണ്. ഇവ പല നിറങ്ങളിലും വ്യത്യസ്ത വലിപ്പത്തിലും കാണപ്പെടുന്നു. സാളഗ്രാമങ്ങൾ എത്രകണ്ട് വിശുദ്ധമായി കണക്കാക്കപ്പെടുന്നോ അത്രകണ്ട് വിശുദ്ധമാണ് ബാണലിംഗങ്ങളും. മധ്യപ്രദേശിൽ നർമ്മദയുടെ ഉത്ഭവതടങ്ങളിൽ അധികമായി  കാണപ്പെടുന്ന ഇവയെ സ്വയംഭൂ ലിംഗങ്ങളായി കരുതപ്പെടുന്നു.

ഹിന്ദുവിശ്വാസപ്രകാരം വളരെ പരിശുദ്ധമായി കണക്കാക്കപ്പെടുന്ന നർമ്മദയിലെ ബാണലിംഗങ്ങൾ ശൈവാരാധനക്ക് വിശിഷ്ടമായതായി ഗണിക്കപ്പെടുന്നു.

നർമ്മദ നദി 'രേവ' എന്ന പേരിലും അറിയപ്പെടുന്നു. നർമ്മദയിൽ കാണപ്പെടുന്ന ബാണലിംഗങ്ങളെപ്പറ്റി ഗ്രീക്ക് തത്വചിന്തകനായ ടോളമി തന്റെ ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഭാരതീയേതിഹാസങ്ങളിലും പുരാണങ്ങളിലും ഇവയെപ്പറ്റി പരാമർശമുണ്ട്.

വായുപുരാണത്തിലെ 'രേവാഖാണ്ഡം' സ്കന്ദപുരാണത്തിലെ 'രേവാഖാണ്ഡം' എന്നിവ നർമ്മദയുടെ പരിശുദ്ധിയേയും പ്രാധാന്യത്തേയും പരാമർശിക്കുന്ന ഭാഗങ്ങളാണ്. നർമ്മദയുടെ തെക്കൻ തീരത്തുകൂടി ഉത്ഭവസ്ഥാനം വരെയും അവിടുന്ന് വടക്കൻ തീരത്തേക്കും നടത്തുന്ന 'നർമ്മദാപരിക്രമണം (പ്രദക്ഷിണം ) ഹൈന്ദവവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്.

നർമ്മദാനദി മഹാദേവന്റെ ശരീരത്തിൽ നിന്ന് ഉദയം കൊണ്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നർമ്മദയിലെ ഓരോ ശിലാഖണ്ഡവും ഭഗവാൻ ശിവന്റെ പ്രത്യക്ഷ പ്രകടീകരണങ്ങളാണെന്ന് പുരാണങ്ങൾ വാഴ്ത്തുന്നു....

ഹാലാസ്യമാഹാത്മ്യം [ശിവന്റ 64ലീലകള്‍]

ഹാലാസ്യമാഹാത്മ്യം [ശിവന്റ 64ലീലകള്‍]
                                                        
ആദിയും അന്തവും ഇല്ലാത്തവനും, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയവര്‍ക്കുകൂടി വേദ്യനല്ലാത്തവനും, സര്‍വ്വജ്ഞനുമായ പരമേശ്വരന്‍െ സര്‍വ്വലോകരക്ഷാര്‍ത്ഥം പാര്‍വ്വതീ ദേവിയോടുകൂടി ഹാലാസ്യത്തില്‍ വന്ന് ലിംഗരൂപിയായി സാന്നിദ്ധ്യം ചെയ്യുന്നു. ചന്ദ്രവംശജരായ പാണ്ഡ്യരാജാക്കന്‍മാര്‍ സോമസുന്ദരനില്‍ അതിയായ ഭക്തിയോടുകൂടിയവരായിരുന്നു. അവരെല്ലാം മനസ്സ്,ശരീരം,വാക്ക് മുതലായവകൊണ്ട് ഭഗവാനെ സദാ ഭജിക്കുന്നവരാകുന്നു. ഭക്തരക്ഷാര്‍ത്ഥം അദ്ദേഹം ഓരോ യുഗത്തിലും പതിനാറ് ലീലകള്‍ വീതം ചെയ്തു. അവയെല്ലാം കൂട്ടിനോക്കിയാല്‍ നാലുയുഗത്തിലുംകൂടി അറുപത്തിനാലെണ്ണമായി. 

ഭഗവാന്‍െറ ഒന്നാമത്തെ ലീല ഇന്ദ്രന്‍െറ ബ്രഹ്മഹത്യാ പാപനാശാര്‍ത്ഥമായിരുന്നു.

രണ്ടാമത്തേത് ഐരാവതത്തിന് ശാപമോക്ഷം നല്‍കുന്നതിനു വേണ്ടിയായിരുന്നു.

മൂന്നാമത്തെ ലീലയിലാണ് ഭഗവാന്‍ നീപകാനനത്തില്‍ അതിസുന്ദരമായ മധുരാപുരം പണിതത്.

ഭഗവാന്‍െറ നാലാമത്തെ ലീലയില്‍ ഈശപത്നിയായ പാര്‍വ്വതി തടാതകയായി അവതരിച്ചു.

അഞ്ചാമത്തേതില്‍ ഭഗവാന്‍ പാണ്ഡ്യഭൂപനായി അവതരിച്ച് തടതകയെ പരിണയിച്ചു.

ആറാമത്തേതില്‍ ഭഗവാന്‍ പതഞ്ജലിമുനിയ്ക്കായി കൊണ്ട് നൃത്തം ചെയ്തു.

ഏഴാമത്തേതില്‍ ഭഗവാന്‍ ധാരാളം അന്നം ഭുജിക്കുന്നതിനുള്ള ശക്തി കുണ്ഡോദരന് നല്‍കി.

ഏട്ടാമത്തെ ലീലകൊണ്ട് ഭഗവാന്‍ കുണ്ഡോദരന്‍െറ വിശപ്പ് ശമിപ്പിച്ചു.

ഒന്‍പത്താമത്തെ ലീലകൊണ്ട് ഭഗവാന്‍ പാര്‍വ്വതീപ്രീതിക്കായികൊണ്ട് ഏഴുസമുദ്രങ്ങളെ മധുരാപുരിയിലേക്ക് വരുത്തി.

പത്താമത്തെ ലീലകൊണ്ടദ്ദേഹം ദേവലോകത്ത് വസിക്കുന്ന മലയദ്ധ്വജനെ മധുരാപുരിയിലേക്ക് വരുത്തി.

പതിനൊന്നാമത്തേതില്‍ അദ്ദേഹത്തിന് ഉഗ്രന്‍ എന്ന പേരോടുകൂടിയ ഒരു പുത്രനുണ്ടായി.

പന്ത്രണ്ടാമത്തെ ലീലയില്‍ അദ്ദേഹം ഉഗ്രന് മൂന്ന് ആയുധങ്ങള്‍ നല്‍കി.

പതിമൂന്നാമത്തേതില്‍ അദ്ദേഹം സപ്തസമുദ്രങ്ങളെ തിരികേ അയച്ചു.

പതിനാലാമത്തേതില്‍ അദ്ദേഹം ഇന്ദ്രന്‍െറ കിരീടം തകര്‍ത്തു.

പതിനഞ്ചാമത്തേതില്‍ ഭഗവാന്‍ ശംഭു മേരുവില്‍ നിന്ന് സ്വര്‍ണ്ണമെടുത്തു.

പതിനാറാമത്തേതില്‍ വേദാര്‍ത്ഥത്തെ ഉപദേശിച്ചു.

പതിനേഴാമത്തെ ലീലയില്‍ അദ്ദേഹം രാജാവിന്‍െ കിരീടത്തിനായികൊണ്ട് രത്നവിക്രയം നടത്തി.

പതിനൊട്ടാമത്തെ ലീലയില്‍ മേഘങ്ങള്‍ സമുദ്രപാനം ചെയ്തു

പത്തൊന്‍പതില്‍ അതിവൃഷ്ടിയെ ഇല്ലാതാക്കി.

ഇരുപത്തില്‍ സിദ്ധവൈഭങ്ങളെ വിസ്തരിച്ചുകാട്ടി.

ഇരുപത്തിയൊന്നില്‍ ശിലാഗജം കരിമ്പുതണ്ട് ഭക്ഷിച്ചു.

ഇരുപത്തിരണ്ടാം ലീലയില്‍ നഗ്നമാരയച്ച ആനയെ ഇല്ലാതാക്കി.

ഇരുപത്തിമൂന്നാമത്തേതില്‍ വിപ്രകന്യകയെ അനുഗ്രഹിച്ചു.

ഇരുപത്തിനാലില്‍ വ്യത്യസ്തനൃത്തങ്ങള്‍ ചെയ്തു.

ഇരുപത്തിയഞ്ചില്‍ ബ്രാഹ്മണപത്നിവധം തെളിയിച്ചു.

ഇരുപത്തിയാറില്‍ പിതാവിനെകൊന്ന് മാതാവിനെ പ്രാപിച്ച ദുഷ്ടബ്രാഹ്മണനെ പാപമുക്തനാക്കി തീര്‍ത്തു.

ഇരുപത്തിയേഴില്‍ ഗുരുപത്നിയെ കാമിച്ച സിദ്ധനെ ഭടരൂപിയായി വന്ന് കൊന്നുകളഞ്ഞു.

ഇരുപത്തെട്ടില്‍ നഗ്നന്‍മാരാല്‍ പ്രേരിതനായി വന്ന ക്രൂരസര്‍പ്പത്തെ വിഷം നശിപ്പിച്ച് സജ്ജനങ്ങളെ രക്ഷിച്ചു.

ഇരുപത്തിയൊമ്പതില്‍ ശ്രമണന്‍മാരയച്ച ധേനുവിനെകൊന്ന് ലോകരക്ഷചെയ്തു.

മുപ്പതില്‍ പാണ്ഡ്യസേനാപതിയെ രക്ഷിക്കാനായി സൈന്യത്തെ കാണിച്ചുകൊടുത്തു.

മുപ്പത്തിയൊന്നില്‍ രാജാവിന് നീധിയെ നല്‍കി.

മുപ്പത്തിരണ്ടില്‍ വൈശ്യരൂപം പൂണ്ട് വളകള്‍ വിറ്റു.

മുപ്പത്തിമൂന്നില്‍ യക്ഷസ്ത്രീകള്‍ക്ക് അഷ്ടസിദ്ധികള്‍ നല്‍കി.

മുപ്പത്തിനാലില്‍ ചോളരാജാവിനുവേണ്ടി ക്ഷേത്രാദ്വാരം തുറന്നു.

മുപ്പത്തിയഞ്ചില്‍ പാണ്ഡ്യസേനയ്ക്ക് ജലം നല്‍കി.

മുപ്പത്തിയാറില്‍ ഭഗവാന്‍ രസവാദം കാണിച്ചു.

മുപ്പത്തിയേഴില്‍ ചോളരാജാവിനെ ജയിച്ചു.

മുപ്പത്തിയെട്ടില്‍ ശൂദ്രന് ധാന്യപാത്രം നല്‍കി.

മുപ്പത്തിയൊമ്പത്തില്‍ വൈശ്യബാലന് വ്യവഹാരവിജയം നല്‍കി.

നാല്‍പ്പതില്‍ പാണ്ഡ്യരാജാവിന്‍െറ ബ്രഹ്മഹത്യാപാപത്തെ നശിപ്പിച്ചു.

നാല്‍പ്പത്തിയൊന്നില്‍ ഭഗവാന്‍ വിറക് വിറ്റ് നടന്നു.

നാലപത്തിരണ്ടില്‍ ചോളഭൂപന് പത്രമയച്ചു.

നാല്‍പ്പത്തിമൂന്നില്‍ ഭദ്രന് ഫലകദാനം ചെയ്തു.  

നാല്‍പ്പത്തിനാലില്‍ ഭദ്രഭാര്യയ്ക്ക് ജയം നല്‍കി.

നാല്‍പ്പത്തിയഞ്ചില്‍ പന്നികുഞ്ഞങ്ങളെ സംരക്ഷിച്ചു.

നാല്‍പ്പത്തിയാറില്‍ അവയെ മന്ത്രികളാക്കി.

നാല്‍പ്പത്തിയേഴില്‍ ഖഞ്ജരീടപക്ഷിക്ക് മൃത്യുഞ്ജയ മന്ത്രം ഉപദേശിച്ചു.

നാല്പത്തിയെട്ടില്‍ ശരാരീക്ക് മുക്തി നല്‍കി.

നാല്പത്തൊമ്പതാമത്തെ ലീല പുരത്തിന്‍െ ലീല പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നു.

അന്‍പതാമത്തെ ലീല ചോളരാജാവിനെ പരാജയപ്പെടുത്തിയതാണ്.

അന്‍പത്തൊന്നാമത്തെ ലീലയില്‍ സംഘികള്‍ക്ക് സംഘഫലകത്തെ നല്‍കി.

അന്‍പത്തിരണ്ടാമത്തെ ലീലകൊണ്ട് ശൈവ ബ്രാഹ്മണന് ശ്ലോകദാനം ചെയതു.

അമ്പത്തിമൂന്നില്‍ നല്‍ക്കീലനെ സംരക്ഷിച്ചു.

അമ്പത്തിനാലില്‍ അദ്ദേഹത്തിന് ദ്രാവിഡസൂത്രങ്ങള്‍ ഉപദേശിച്ചുകൊടുത്തു.

അമ്പത്തിയഞ്ചില്‍ ഭഗവാന്‍ പ്രബന്ധതാരതമ്യ നിര്‍ണ്ണയം നടത്തി. അമ്പത്തിയാറില്‍ ഭഗവാന്‍ ഉത്തരഹാലാസ്യത്തില്‍ പ്രവേശിച്ചു.

അമ്പത്തിയേഴില്‍ കൈവര്‍ത്തകകന്യകയെ പരിണയിച്ചു.

അമ്പത്തിയെട്ടില്‍ വാതപുരേശന് ജ്ഞാനദീക്ഷ നല്‍കി.

അമ്പത്തിയൊമ്പതില്‍ മായാശ്വങ്ങളെ വിറ്റു.

അറുപതില്‍ നദിയെ ആകര്‍ഷിച്ചു.

അറുപ്പത്തിയൊന്നാമത്തെ ലീല പീട്ടിനുവേണ്ടി മണ്‍ചുമന്ന് വടികൊണ്ടുള്ള താണ്ഡനമേറ്റതായിരുന്നു

അറുപത്തിരണ്ടാമത്തെ ലീല കുബ്ജപാണ്ഡ്യന്‍െ ജ്വരവും,കുബ്ജത്വവും  തീര്‍ത്തതായിരുന്നു.

അറുപത്തിമൂന്നാമത്തെ ലീല ദുഷ്ടരായ നഗ്നൻമാരെ ത്രിശൂലത്തിൽ കയറ്റി കൊല്ലിച്ചതായിരുന്നു. ശിവലിംഗം, ശമീവൃക്ഷം, കൂപം എന്നിവയെ വരുത്തിയതാണ് ഭഗവാന്റെ അറിപത്തിനാലാമത്തെ ലീല. വിശ്വമഹാകവി കാളിദാസന്റെ കുമാരസംഭവം ആരംഭിക്കുന്നത് ജഗത്തിന്റെ  മാതാപിതാക്കളായിരിക്കുന്ന  പാർവതീപരമേശ്വരൻമാരോട് വാഗർത്ഥങ്ങളെ നൽക്കേണമെന്ന അഭ്യർത്ഥനയോടെയാണ്. ആദ്യത്തെ വരിതന്നെ പാർവ്വതീ പരമേശ്വരൻമാരുടെ സവിശേഷതയെ പ്രകീർത്തിക്കുന്നു. അവർ വാക്കും അർത്ഥവും പോലെ വേർപിരിയാത്തവരാണ്. ശിവനെ വെടിഞ്ഞ് ശിവയോ, ശിവയെ വെടിഞ്ഞ് ശിവനോ നിലനിൽക്കുകയില്ല. വൈദികവും, താന്ത്രികവുമായ പല സിദ്ധാന്തങ്ങളും ഈ ശിവശക്ത്യൈക്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ ശിവശക്തിഭാവത്തിലുള്ളതാണ്. അതിൽ വച്ച് ഏറ്റവും പ്രമുഖമായിട്ടുള്ളത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണ്. ആയിരത്തിണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തെ കുറിച്ച് പുരാണങ്ങളിൽ മാത്രമല്ല, തമിഴിലും, സംസ്കൃതത്തിലുമുള്ള മറ്റു പല സാഹിത്യകൃതികളിലും വിസ്തരിച്ചുള്ള വർണ്ണനകളുണ്ട്. പുരാണസാഹിത്യത്തിൽ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന ഉത്തമഭാഗമാണ് സ്കന്ദപുരാണത്തിലെ ഹാലാസ്യമാഹാത്മ്യം. സ്വയംഭൂവായ ലിംഗത്തിൽ അധിവസിക്കുന്ന സുന്ദരേശൻ ദേവേന്ത്രൻ മുതൽ സാധാരണക്കാരായ ജനങ്ങളെ വരെ അനുഗ്രഹിക്കുന്നതിനു വേണ്ടി അറുപത്തിനാല് ലീലകൾ ചെയ്തതാണ് ഹാലാസ്യമാഹാത്മ്യത്തിലെ പ്രതിപാദ്യവിഷയം. ചരിത്രവും, തത്ത്വശാസ്ത്രവും, ഐതിഹ്യവും, ആത്മീയതയും എല്ലാം ഇഴുകി ചേർന്നിരിക്കുന്നതു കൊണ്ട് തന്നെ ഹാലാസ്യമാഹാത്മ്യം പ്രത്യേകം പഠനത്തെ അർഹിക്കുന്നുണ്ട്.

കോഹിനൂർ അഥവാ പ്രകാശ ഗോപുരം

കോഹിനൂർ അഥവാ പ്രകാശ ഗോപുരം

അല്പം പഴക്കമുള്ള ഒരു കഥയാണ്. ആന്ധ്രപ്രദേശിലെ ഗോൽക്കൊണ്ട എന്ന സ്ഥലത്തു ഒരു രത്ന ഖനിയുണ്ടായിരുന്നു. കൃഷ്ണാനദിയുടെ ബേസിൻ ആയ ആ പ്രദേശത്തിന് കൊല്ലൂർ എന്നാണ് പേര്. കൊല്ലൂർ ഖനി എന്നപേരിലാണ് പ്രശസ്തി. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രത്നഖനിയായിരുന്നു.  ഗോൽക്കൊണ്ട രത്നങ്ങൾ എന്നപേരിൽ പ്രശസ്തമായിരുന്നു ഇവിടുത്തെ രത്നങ്ങൾ.

തെലുങ്കുഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ
അടക്കിവാണിരുന്ന കാകതീയ വംശത്തിന്റെ അധീനതയിലായിരുന്നു ഗോൽക്കൊണ്ടയും കൊല്ലൂരുമെല്ലാം. കാകതീയരുടെ കുലദേവതയായിരുന്നു വാറങ്കൽലെ ഭദ്രകാളി. കാകതീയർക്കും മുൻപ് ചാലൂക്യ രാജാവായ പുലികേശി രണ്ടാമനാണ് ആ ഭദ്രകാളി ക്ഷേത്രം പണികഴിപ്പിച്ചത്. അവരുടെ ഭരണശേഷമാണ് കാകതീയർ ഇന്നത്തെ വാറങ്കൽ ആസ്ഥാനമായി ഭരണം തുടങ്ങിയത്.

കുലദേവതയായ ഭദ്രകാളിയുടെ ഇടതുകണ്ണിന്റെ സ്ഥാനത്തു, അന്നോളം ഗോൽക്കൊണ്ട ഖനിയിൽനിന്നും കിട്ടിയ ഏറ്റവും വലിയ രത്നം പിടിപ്പിച്ചു. രത്നംകൊണ്ടുള്ള ഇടതുകണ്ണുള്ള ഭദ്രകാളി, കാകതീയരുടെ ശക്തിയായിരുന്നു. പിൽക്കാലത്തു ഡൽഹി സുൽത്താന്മാർ കാകതീയരെ കീഴടക്കി. പ്രതാപരൂദ്രൻ എന്ന രാജാവിനെ കീഴടക്കി രാജ്യം കൊള്ളയടിച്ചു. ക്ഷേത്രം തകർത്ത അവർ ഭദ്രകാളിയുടെ കണ്ണായ രത്നം അപഹരിച്ചു.

ഡൽഹിയിലെ ഭരണം മാറുന്നതിനനുസരിച്ചു രത്നം കൈമാറി. ലോധി വംശത്തിന്റെ കയ്യിലെത്തിയ രത്നം മുഗൾ വംശക്കാരനായ ബാബറിന്റെ കൈവശം എത്തി. അവിടെനിന്നും അത് പരമ്പരയാ കൈമാറി ഷാജഹാനിലും പുത്രനായ ഔരംഗസേബിലും വന്നെത്തി. ഔറംഗസീബ് ആ രത്നം ലാഹോറിലേക്ക് കൊണ്ടുപോയി. ലാഹോറിലെ ബാദ്ഷാഹി മസ്ജിദിലായിരുന്നു ഔറംഗസീബ് ആ രത്നം സൂക്ഷിച്ചത്. 1739 ഇൽ ഇറാനിയൻ ഭരണാധികാരിയായ നാദിർഷാ ലാഹോർ കീഴടക്കി, ആ രത്നം സ്വന്തമാക്കി. വലുപ്പമേറിയതും വിശിഷ്ടവുമായ ആ രത്നം കണ്ട നാദിർഷാ കണ്ണുതള്ളി അറിയാതെ പറഞ്ഞുപോയത്രെ - കോ - ഹെ  - നൂർ (പ്രകാശ ഗോപുരം ..) അങ്ങനെ ആദ്യമായി ആ രത്നത്തിന് പെരുകിട്ടി - കോഹിനൂർ.

നാദിർഷാ 1747 ഇൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരാളായ അഹമ്മദ് ഷാ ദുറാനി കോഹിനൂർ രത്നം തന്റെ സ്വദേശമായ അഫ്‌ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീടത് ദുറാനി വംശത്തിന്റെ കയ്യിലായി. 1830 ഇൽ ഷുജാ ഷാ ദുറാനി എന്ന രാജാവ് ഭരണത്തിൽനിന്നും പുറത്താക്കപ്പെട്ടു അദ്ദേഹം ഒടുവിൽ ലാഹോറിൽ എത്തി. അന്ന് ലാഹോർ ഭരിച്ചിരുന്ന മഹാരാജ രഞ്ജിത്‌സിംഗ് ഷുജ യിൽനിന്നും കോഹിനൂർ കരസ്ഥമാക്കി, ഷൂജയെ തടവിലിട്ടു.

രഞ്ജിത്ത് സിംഗ് കോഹിനൂർ തന്റെ തലപ്പാവിൽ പിടിപ്പിച്ചു ആനപ്പുറത്തുകയറി നാടുകാണാൻ ഇറങ്ങും, അങ്ങനെയാണ് എല്ലാവരും ആ രത്നം കാണുന്നത്. ദസറക്കും ദീപാവലിക്കും അദ്ദേഹം കോഹിനൂർ കയ്യിലണിയുമായിരുന്നു. 1839 ഇൽ രഞ്ജിത്ത് സിംഗ് രോഗശയ്യയിലായി. മരണത്തിനുമുന്പ് കോഹിനൂർ രത്നം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു നൽകുവാൻ അദ്ദേഹം ഉത്തരവിട്ടെങ്കിലും ഖജാന അധികാരി ബേലി രാം അതിനു തയ്യാറായില്ല. രഞ്ജിത്ത് സിങിന്റെ മരണശേഷം പ്രധാനമന്ത്രി ധിയാൻ സിംഗ് കോഹിനൂർ ലാഹോറിന് പുറത്തേക്കു കൊണ്ടുപോകരുത് എന്ന് ഉത്തരവിട്ടു. അദ്ദേഹം ലാഹോറിന്റെ ഭരണം പിടിച്ചടത്തു. തുടർന്ന് പല ഭരണമാറ്റങ്ങളും നടന്നു. ഒടുവിൽ രഞ്ജിത്ത് സിങിന്റെ ഒടുവിലത്തെ പുത്രൻ അഞ്ചുവസ്സുകാരൻ  ദുലീപ് സിംഗ് രാജാവായി. അദ്ദേഹത്തിന്റെ കയ്യിൽ അലങ്കാരമായി കോഹിനൂർ. 1846 ഇൽ ഒന്നാം സിഖ് - ആംഗ്ലോ യുദ്ധം നടന്നു. ലാഹോർ ഉടമ്പടി പ്രകാരം കോഹിനൂർ രത്നം ബ്രിട്ടീഷ് രാഞ്ജിക്കു നൽകപ്പെട്ടു.

പിന്നീട് കോഹിനൂർ ബ്രിട്ടീഷ് കിരീടത്തിനു അലങ്കാരമായി.

കോഹിനൂർ രത്നം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് ടവർ ഓഫ് ലണ്ടൻ എന്ന പേരിൽ അറിയപ്പെടുന്ന, ബ്രിട്ടീഷ് രാഞ്ജിയുടെ കൊട്ടാരത്തിൽ. ഈ രത്നം തങ്ങളുടെയാണ് എന്ന് പാകിസ്ഥാൻകാരും, അഫ്‌ഗാനിസ്ഥാൻകാരും , ഇറാൻകാരും അവകാശപ്പെടുന്നു. ഇതൊക്കെ രത്നം സഞ്ചരിച്ച വഴികൾ തന്നെ സംശയമില്ല.

പക്ഷെ അത് കാകതീയരുടെ കുലദേവതയുടെ കണ്ണാണ്.

കാകതീയരുടെ കുലദേവതയായ ഭദ്രകാളിയുടെ ഇടതുകണ്ണ് ഇപ്പോഴുമിരിക്കുന്നത് ലണ്ടനിൽ. അതതിന്റെ ശരിയായ സ്ഥാനത്തുതന്നെ എത്തുമെന്ന് കരുതാമോ? 0.00001 % പോലും സാധ്യതയില്ല. എന്നാലും ഭഗവതിയുടെ ഇച്ഛയെന്തെന്നു ആർക്കറിയാം ?

ഭദ്രകാളിയും വഴിപാടുകളും

ഭദ്രകാളിയും വഴിപാടുകളും

അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് കുംഭ മാസത്തിലെ ഭരണി നാൾ. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര,ചോറ്റാനിക്കര , ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്,  പനയന്നാർകാവ് , കാട്ടിൽ മേക്കേതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്.ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെവിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ  ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും  ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്.

ചില വഴിപാടുകളും ഫലങ്ങളും

കടും പായസം - കാര്യവിജയം

പുഷ്പാഭിഷേകം - ഐശ്വര്യം

സഹസ്രനാമാർച്ചന - കാര്യവിജയം, കർമ്മലാഭം

ഭാഗ്യസൂക്താർച്ചന - ഭാഗ്യവർദ്ധന

അഷ്‌ടോത്തരാർച്ചന - തടസനിവാരണം

ചുവന്നപട്ട് - തടസ നിവാരണം

കരിക്ക് അഭിഷേകം - രോഗശാന്തി

മഞ്ഞൾ അഭിഷേകം - കുടുംബഭദ്രത

ചാന്താട്ടം - ശത്രുദോഷശാന്തി

കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം

കുങ്കുമാർച്ചന - കാര്യസിദ്ധി

പനിനീരാഭിഷേകം - കർമ്മവിജയം

കളഭം ചാർത്ത് - ധനാഭിവൃദ്ധി

കാളീസൂക്തം - ശത്രുദോഷം മാറാൻ

പട്ടും താലിയും  -  വിവാഹം, ദാമ്പത്യഭദ്രത

ചെമ്പരത്തിമാല - ദൃഷ്ടിദോഷമോചനം

എണ്ണ അഭിഷേകം - രോഗശാന്തി

രക്തപുഷ്പാഞ്ജലി - ദുരിത മോചനം

ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം

പൂമൂടൽ - ദുരിതശാന്തി
            

ശ്രീ പാർവതി ദേവിയുടെ തൃശൂലം -ഉത്തരകാശി

ശ്രീ പാർവതി ദേവിയുടെ തൃശൂലം -ഉത്തരകാശി

ഉത്തരകാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ശക്തി ക്ഷേത്രത്തിൽ ആണ് ഈ ഭീമൻ ത്രിശൂലം സ്ഥിതി ചെയുന്നത്.

ദേവി മഹിഷാസുരനെ ഈ ത്രിശൂലം കൊണ്ടാണ് വധിച്ചത്. തുടർന്ന് ഈ ത്രിശൂലം ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. പാതാളത്തിൽ   ഭൂമിയെ താങ്ങി നിർത്തുന്ന ആദിശേഷന്റെ ശിരസ്സിൽ ചെന്നു നിൽക്കുന്നു എന്നാണ് വിശ്വാസം.

26 അടി ഉയരമുണ്ട് ഈ ത്രിശൂലത്തിന്. ഈ ത്രിശൂലം നിർമ്മിച്ചിരിക്കുന്നത് ഏതു മെറ്റൽ കൊണ്ടാണെന്നു ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് ശാസ്ത്രജ്ഞന്മാർ വന്നു ഗവേഷണം നടത്തി നോക്കിയിട്ടും ഒന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

അടുത്തിടെ ക്ഷേത്രം പുനർനിർമ്മിക്കാൻ വേണ്ടി  ഈ ത്രിശൂലം ഇളക്കി മാറ്റാൻ ഒരു ശ്രമം നടന്നു. അപ്പോഴാണ് ഇത് ഭൂമിയിൽ നിന്നും താഴേയ്ക്കു ഒരുപാട്  നീളം ഉണ്ടെന്നു മനസ്സിലായത്.

ഈ ത്രിശൂലത്തിൽ ഒരു മനുഷ്യന്റെ മുഴുവൻ ശക്തി ഉപയോഗിച്ച് ശ്രമിച്ചാലും അനങ്ങില്ല. ഒരു വിരൽ കൊണ്ടു സ്പർശിച്ചാൽ വൈബ്രേറ്റ് ചെയ്യുന്ന അത്ഭുതം കാണാം.

2 January 2021

പ്രാർത്ഥന പതാക

പ്രാർത്ഥന പതാക

ലഡാക്കില്‍ പോയവരും പോകാത്തവരും വണ്ടികളില്‍ ഈ പതാക കെട്ടാറുണ്ട്...എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ പതാക എന്താണെന്നോ എന്തിനാണെന്നോ അറിയില്ല..ആ അറിവിനു വേണ്ടിയാണീ പോസ്റ്റ്..

പ്രാർത്ഥന പതാക

പ്രാർത്ഥന പതാക ബുദ്ധമതക്കർക്കിടയിലെ മതാചാരപരമായ മന്ത്രം ആലേഘനം ചെയ്ത തുണിയുടെ കഷണങ്ങൾ ആണ്.

വിശ്വാസം

“ഓം മണി പദ്മേ ഹും” എന്നാണ് ഈ മന്ത്രം. (തിബറ്റൻ ലിപിയിൽ ഓരോ സ്വരവും വിവിധ വർണ്ണങ്ങളിൽ). ശുഭകരമായി ഇരിക്കുക എന്ന അർത്ഥത്തിൽ ആണ് ഇത് ഉപയോഗിച്ചു വരുന്നത്. ഈ മന്ത്രത്തിനു ഒരു പ്രത്യേക അർത്ഥം എന്നതിൽ ഉപരിയായി നമ്മൾ ജീവിതത്തിൽ ആർജിക്കുന ക്ഷമ, അനുകമ്പ, വിശ്വാസം, വിജ്ഞാനം, നൈതികത എന്നിവയുടെ സംക്ഷിപ്ത രൂപം ആയി കരുതുന്നു. ഫ്ലാഗിൽ ആലേഘനം ചെയ്ത പ്രാർത്ഥനകൾ അതിൻറെ മറുപടികൾ തേടി കാറ്റിലൂടെ സഞ്ചരിച്ചു തിരിച്ചു വരും എന്നാണ് അവരുടെ വിശ്വാസം.

ഫ്ലാഗിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെ ആണ്. അതിൽ വെള്ളനിറം വായുവിനെയും, ചുവപ്പു നിറം അഗ്നിയെയും, പച്ച നിറം വെള്ളത്തെയും, നീല നിറം കാറ്റിനെയും, മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു. ഫ്ലാഗുകൾ എപ്പോഴും ഉയരത്തിലോ കാറ്റ് ലഭിക്കത്തക്ക രീതിയിലോ മാത്രമേ കെട്ടുവാൻ പാടുള്ളൂ, ഫ്ലാഗുകൾ കാറ്റിൽ ആടി ഉലയുന്ന ചലനങ്ങൾ ഒരു പോസറ്റീവ് എനർജി സൃഷ്ടിക്കുന്നു എന്നും, ആ ചലനങ്ങൾ ഒരു നിശ്ശബ്ദ പ്രാർത്ഥന പോൽ കാറ്റു കൊണ്ടുപോകുന്നും എന്നു കരുതപ്പെടുന്നു.

ഈ ഫ്ലാഗുകൾ നിലത്തു വെക്കുന്നത് അതിനോടുള്ള അനാധരവായി കണക്കാകപ്പെടുന്നു. ഇവ വാഹനങ്ങളിലും വീടിൻറെ മുൻവശങ്ങളിലും കെട്ടി ഇടാറുണ്ട്. തെക്കേ ഇന്ത്യയിൽ ഇലകൾ ചേർത്തു കെട്ടി വീടിൻറെ മുന്നിലെ വാതിൽ പടിയിൽ കേട്ടിയിടുന്നതും ഇതുകണക്കെ ആണെന്ന് അഭിപ്രായപ്പെടുന്നു.

ഫ്ലാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാർത്ഥനകളെ പൂർണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയതിൻറെ സൂചനയായി കണക്കാക്കുന്നു. ആരെങ്കിലും ഇവ ഉപഹാരം ആയി നൽകിയാൽ ഇവ സ്വീകരിക്കുന്നവർക്ക് ഗുണപ്രദം എന്നും അഭിപ്രായം ഉണ്ട്. മന്ത്രങ്ങളുടെ വ്യാഖ്യാനങ്ങൾ അതുപാസിക്കുനവരുടെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തപ്പെടാം. അതുമല്ലെങ്കിൽ അക്ഷരങ്ങൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നവിധം നിശ്ചിത അർത്ഥമുള്ളവയാകണമെന്നില്ല മന്ത്രങ്ങൾ