ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 January 2019

വാസനകള്‍

വാസനകള്‍

മനുഷ്യന്‍ ജനിച്ചു വരുന്നത്‌ വാസനകളോടു കൂടിയാണ്‌ എന്നു പറയാറുണ്ട്‌. എന്താണ്‌ ഈ വാസനകള്‍? മുമ്പുണ്ടായിരുന്ന ജന്മങ്ങളില്‍ പലതവണ ആവര്‍ത്തിച്ച്‌ അനുഭവിച്ച കാര്യങ്ങളോട്‌ നമുക്കുണ്ടായിത്തീരുന്ന അടുപ്പം അഥവാ അഭിനിവേശം ആണ്‌ ഇവ. അതായത്‌ കുറേ തവണ ഇടപെടുന്ന ആളോട്‌ നമുക്കുണ്ടാകുന്ന മാനസികമായ അടുപ്പം പോലെ അനുഭവങ്ങളോടും നമുക്ക്‌ അടുപ്പം ഉണ്ടാകും - പിന്നീട്‌ അവ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കില്ല എന്ന തോന്നല്‍ ഉണ്ടാകും. ശീലം കൊണ്ട്‌ ഈ അടുപ്പത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. പുകവലി, ലഹരി ഉപയോഗം എന്നിവയുടെ ഉദാഹരണം എടുത്താല്‍ ഇത്‌ വളരെ പെട്ടെന്ന്‌ മനസ്സിലാകും. അങ്ങനെ നേരത്തെ തന്നെ സൂക്ഷ്മശരീരത്തില്‍ ഉണ്ടായിട്ടുള്ള സംസ്കാരം ആണ്‌ വാസനകള്‍. ശീലം കൊണ്ട്‌ ഇവയുടെ തീവ്രത വര്‍ദ്ധിക്കും എന്നു പറഞ്ഞപ്പോള്‍ തന്നെ ശീലം ഇല്ലാഴിക കൊണ്ട്‌ ഇവയെ ഒഴിവാക്കുവാനും സാധിക്കും എന്ന്‌ അര്‍ഥം ലഭിക്കുമല്ലൊ.
തന്നെയുമല്ല ഇവയെ തന്നെ നല്ലതും ചീത്തയും എന്നും തിരിക്കാം.

ഈ തത്വങ്ങളെ യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമന്‌ ഉപദേശിക്കുന്ന ഒരു ഭാഗം നോക്കാം-
"ശുഭാശുഭാഭ്യാം മാര്‍ഗ്ഗാഭ്യാം വഹന്തീ വാസനാസരിത്‌
പൗരുഷേണ പ്രയത്നേന യോജനീയാ ശുഭേ പഥി"

ശുഭവും അശുഭവും ആയ മാര്‍ഗ്ഗങ്ങളില്‍ കൂടി ഒഴുകുന്ന വാസന ആകുന്ന നദിയെ പൗരുഷങ്ങളാല്‍ - (കര്‍മ്മങ്ങളാല്‍) ശുഭമായ വഴിയിലേക്ക്‌ തിരിച്ചു വിടണം.

പറഞ്ഞപ്പോള്‍ എളുപ്പം കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ മനസ്സിലാകാണമെങ്കിലോ? പ്രാവര്‍ത്തികമാക്കണമെങ്കിലോ?
നാം എങ്ങനെ ആണ്‌ നമുക്കു ചുറ്റും ഉള്ള പ്രപഞ്ചത്തോട്‌ ഇടപെടുന്നത്‌? ഇന്ദ്രിയങ്ങളില്‍ കൂടി. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്ന സമയത്തും ഉണ്ടായിട്ടും അന്നേരം നമുക്ക്‌ ഈ അനുഭവം ഉണ്ടാകുന്നില്ലല്ലൊ. അപ്പോള്‍ ഇന്ദ്രിയങ്ങള്‍, മനസ്‌ , ബുദ്ധി തുടങ്ങി പലഘടകങ്ങളുടെ പ്രവര്‍ത്തനം ഇതില്‍ ഉള്‍പ്പെടുന്നു എന്ന്‌ മനസ്സിലാക്കാം.
എന്താണ്‌ ഈ മനസ്സ്‌? അത്‌ ഇന്ദ്രിയങ്ങളെ പോലെ വേര്‍തിരിച്ചു കാണിക്കുവന്‍ സാധിക്കുന്ന ഒരു ദ്രവ്യം അല്ല. പിന്നെയോ?

പരീക്ഷണശാലയില്‍ വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താവുന്ന ഒരു വസ്തുവും അല്ല.

മനസ്സിനെ പറ്റിയും ശ്രീരാമന്‍ വസിഷ്ഠനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌- " നാം ആകാശം എന്നു പറഞ്ഞിട്ട്‌ എന്തിനേയോ മനസ്സിലാക്കുന്നില്ലേ?, വാസ്തവത്തില്‍ എന്തിനെ എങ്കിലും അറിയുന്നുണ്ടോ? ശൂന്യവും ജഡവുമായ ഒന്നിനെ എങ്ങനെ ആണ്‌ മനസ്സിലാക്കുക? അതുപോലെ തന്നെ ആണ്‌ മനസ്സിന്റെയും സ്ഥിതി"
ആകാശം എന്നതു കൊണ്ട്‌ നാം മുകളില്‍ കാണുന്ന വ്യാവഹാരിക ആകാശം അല്ല ഉദ്ദേശിച്ചത്‌ - പഞ്ചഭൂതങ്ങളിലെ ആകാശം ആണ്‌. അത്‌ ശുദ്ധമായ ശൂന്യത - absolute space ആണെന്നു പറയുന്നു. അതിനെ മനസ്സിലാകുവാന്‍ ബുദ്ധിമുട്ടാണ്‌. അതുപോലെ തന്നെ ആണ്‌ മനസ്സും എന്ന്‌.

ഈ ഉത്തരത്തില്‍ മറ്റൊരു വലിയ തത്വം കൂടി ഒളിഞ്ഞു കിടക്കുന്നു. മനസ്സ്‌ എന്നത്‌ ഒരാളില്‍ ഒതുങ്ങി കഴിയുന്ന ഒരു തത്വം അല്ല - പിന്നെയോ അത്‌ universal ആണ്‌. അത്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഒരു തത്വമാണ്‌. ബ്രഹ്മാണ്ഡവ്യാപിയായ പ്രപഞ്ചമനസ്സ്‌.

ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ സൂചിപ്പിക്കുന ഒരു തത്വം ഉണ്ട്‌, എവിടെ ചലനം കണ്ടാലും അതിനു പിന്നില്‍ ഒരു ചേതനസങ്കല്‍പം ഉണ്ടെന്ന്‌.

എന്തു ചലനം ഉണ്ടാകണം എങ്കിലും അത്‌ വ്യക്തമായ ഒരു planning ന്റെ ഫലമായേ ഉണ്ടാകൂ. ആ planning തുടങ്ങുന്ന ഒരു ചേതന - അഥവാ ബോധം അതിനു പിന്നില്‍ ഉണ്ടായേ ഒക്കൂ.

ഇല്ലെങ്കില്‍ എന്തില്‍നിന്നും എന്തും ഉണ്ടാകാം എന്ന അരക്ഷിതാവസ്ഥ ഉണ്ടാകും.

ഈ planning നടത്തുന്ന തന്ത്രം - technoLogy, അതു നടപ്പിലാക്കുന്ന യന്ത്രം machinery ഇവയെ രണ്ടിനെയും ധരിക്കുന്നത്‌ വായു (പഞ്ചഭൂതങ്ങളിലെ വായു) ആണ്‌ എന്ന്‌
"വായുസ്തന്ത്രയന്ത്രധര:" എന്ന വാക്യത്തില്‍ പറയുന്നു

വായുവിന്റെ ധര്‍മ്മമാണ്‌ ചലനം. അതിനെ നിയന്ത്രിക്കുന്ന ബോധവും സര്‍വവ്യാപിയാണ്‌- universal ആണ്‌. അഥവാ ആ ബോധ തന്നെ ആണ്‌ പരമാത്മതത്വം. അതിനെ സൂചിപ്പിക്കുന്നു ഈ മന്ത്രം-
"ഭയാദസ്യാഗ്നിസ്തപതി
ഭയാത്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച
മൃത്യുര്‍ധാവതി പഞ്ചമഃ".
ഇങ്ങനെ ഉള്ള, നമ്മില്‍ തന്നെ ഉള്ള ഈ ബോധത്തെ നാമറിയാതെ മറച്ചു വയ്ക്കുന്നവന്‍ ആരാണ്‌, അഥവാ ഈ ബോധം നാം അറിയുവാതിരിക്കുവാന്‍ സഹായിക്കുന്നത്‌ ആരാണ്‌? അത്‌ മനസാണ്‌.

ആ മനസ്സും universal ആണെന്ന്‌ നേരത്തെ പറഞ്ഞു.

അരണികള്‍ കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നു, രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉരയുമ്പോള്‍ തീയുണ്ടാകുന്നു. മുമ്പില്ലാതിരുന്ന തീ പുതിയതായി ഉണ്ടാകുവാന്‍ സാധിക്കുകയില്ല. തീ ഏതെങ്കിലും ഒരു രൂപത്തില്‍ ആ വസ്തുക്കളില്‍ ഉണ്ടായിരുന്നു എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ എവിടെ നിന്നു വന്നു?

അപ്പോള്‍ എല്ലാ വസ്തുക്കളിലും അഗ്നി ഉണ്ട്‌, പക്ഷെ അതു വെളിപ്പെടുന്നത്‌ രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉണ്ടാകുന്ന സമ്പര്‍ക്കത്തിലായി എന്നു മാത്രം.

ഇതെ പോലെ ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ഥങ്ങളും തമ്മില്‍ബന്ധപ്പെടുമ്പോല്‍ തല്‍ക്കാലം ഉണ്ടാകുന്ന ഒരു സങ്കല്‍പമാണ്‌ മനസ്സ്‌ എന്നു പറയാം.

അഗ്നി എല്ലാ വസ്തുക്കളിലും ഉണ്ട്‌ എന്നു വച്ച്‌ അത്‌ അപകടകാരിയാകുന്നില്ല. അഗ്നിയെ വേണ്ട വിധം നിയന്ത്രിച്ചുപയോഗിച്ചാല്‍ അത്‌ നമുക്ക്‌ ഇഷ്ടഫലത്തെ പ്രദാനം ചെയ്യുന്നവനും അണ്‌, പക്ഷെ അനിയന്ത്രിതമായാല്‍ അത്‌ അപകടകാരിയും ആണ്‌. ഇതുപോലെ തന്നെ ആണ്‌ മനസ്സിന്റെ കാര്യവും.

ഈ മനസ്സ്‌ എന്ന സങ്കല്‍പശക്തി തുടക്കത്തില്‍ ഒരു ചെറു ദീപനാളം പോലെ ഉണ്ടാകുന്നു എങ്കിലും അതിന്റെ ക്രമേണ ഉള്ള പോഷണം - അതായത്‌ കൂടുതല്‍ കൂടുതല്‍ അതിനെ ഉപയോഗിച്ചു കൊണ്ടിരുന്നാല്‍- അതു വളര്‍ന്ന്‌ വളര്‍ന്ന്‌ ഈ ബ്രഹ്മാണ്ഡത്തെ പോലും നശിപ്പിക്കുവാന്‍ കെല്‍പുള്ളതാകും, മറിച്ച്‌ അതിനെ അതിന്റെ ഉറവിടത്തില്‍ തന്നെ ഉപശമിപ്പിച്ചാല്‍ അതു വീണ്ടും പൊതിവരുവാന്‍ കഴിവുള്ള വണ്ണം അടങ്ങി ഇരിക്കും.

എന്നാല്‍ നിയന്ത്രിതമായി അതിനെ ഉപരോധിച്ചാല്‍ - ബോധപൂര്‍വം അതിനെ അടക്കിയാല്‍- അതെങ്ങോ പോയിമറയും, സച്ചിദാനന്ദസ്വരൂപനായ പരമപുരുഷന്‍ വെളിപ്പെടുകയും ചെയ്യും.

എണ്ണമില്ലാത്തത്ര പ്രാപഞ്ചികദൃശ്യങ്ങളെ കാട്ടി നമ്മെ വഴിതെറ്റിക്കുന്നത്‌ ഈ മനസ്സിന്റെ അനിയന്ത്രിതമായ അവസ്ഥയാണ്‌, മനസ്സിന്റെ ആസ്വഭാവം നിയന്ത്രിതമായാലോ ? ദ്വൈതഭാവം അസ്തമിച്ചു -

"മനോദൃശ്യമിദം ദ്വൈതം യത്‌കിഞ്ചിത്‌ സചരാചരം
മനസോ ഹ്യമനീഭാവേ ദ്വൈതം നൈവോപലഭ്യതേ"

എന്നു മാണ്ഡൂക്യകാരികയില്‍ പറയുന്നത്‌ ഇതു തന്നെ ആണ്‌.

ഈ മനസ്സിനെ നിശ്ശേഷം ഇല്ലാതാകുവാന്‍ അനുവദിക്കാതെ നിലനിര്‍ത്തുന്നതും അവസരം കിട്ടുമ്പോള്‍ തളിര്‍ക്കുവാന്‍ സഹായിക്കുന്നതും ആയ വസ്തുവാണ്‌ നാം ആദ്യം കണ്ട 'വാസന'

അതുകൊണ്ട്‌ ആ വാസനകളെ അഭ്യാസം കൊണ്ട്‌ ശുഭമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വിട്ട്‌, മനസ്സിനെ നിഗ്രഹിച്ച്‌ നിത്യസത്യത്തെ അനിഭവിക്കുവാന്‍ വേദാന്തം ഉപദേശിക്കുന്നു.

മനസ്സാണ്‌ ബന്ധത്തിനും മോക്ഷത്തിനും കാരണം-

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിര്‍വിഷയം സ്മൃതം"

വിഷയാസക്തമായ മനസ്‌ ബന്ധങ്ങള്‍ക്കായും , നിര്‍വിഷയമായത്‌- വിരക്തമായത്‌ മോക്ഷത്തിനും കാരണമാകുന്നു.

ഈ ജീവിതത്തില്‍ തന്നെ ഈ തത്വങ്ങള്‍ മനസ്സിലാക്കി, അവനവന്റെ ധര്‍മ്മങ്ങള്‍ വൃത്തിയായി നിറവേറ്റിക്കൊണ്ടിരിക്കുവാന്‍ അവസരം കിട്ടുന്ന ഭാഗ്യവാന്മാര്‍ ഈ ജന്മത്തില്‍ തന്നെ മുക്തന്മാരാകുന്നു- കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക...

ശബരിമല ദർശന തത്ത്വം

ശബരിമല ദർശനം

അയ്യപ്പഭക്താരുടെ കറുത്തവേഷം ജീവിത വിരക്തിയേയും, ശരണംവിളി ആത്മീയ ജീവിതചര്യയേയും കാണിക്കുന്നു, ഇരുമുടികെട്ടിന്റെ മുൻവശം തീർത്ഥാടന മാർഗ്ഗത്തെയും പിൻവശം ജീവിത പ്രാരബ്ദത്തെയും സൂചിപ്പിക്കുന്നു. പതിനെട്ട് തട്ടുകളാകുന്ന പതിനെട്ട് പടികൾ
1.ജ്ഞാനം, 2.അജ്ഞാനം ത്രിഗുണങ്ങൾ (3.സാത്വികം, 4.രാജസം 5.താമസം,) അഷ്ടരാഗങ്ങൾ, (6.കാമം, 7.ക്രോധം, 8.മോഹം, 9.ലോഭം, 10.മദം, 11.മാത്സര്യം, 12.തത്ത്വം, 13.അഹങ്കരം,) പഞ്ചേന്ദ്രിയങ്ങൾ, (14.കണ്ണ്, 15.മൂക്ക്, 16.കാത്, 17.നാക്ക്, 18.ത്വക്ക്,) ഇതിലും ഉയർന്ന തലത്തിലുള്ള പത്തൊൻപതാമത്തെ ഉണ്മയായ ആ പരംപൊരുളിനെ സാക്ഷാൽകരിക്കുവാൻ എല്ല ഭക്തന്മാർക്കും സാധിക്കുമാറാകട്ടെ.

തത്വമസി എന്ന സംസ്കൃത പദം പരാമർശിക്കപ്പെടുന്നത് സാമവേദത്തിൽ ആണത്രേ. അതിൽ പോലും ഈ പദത്തിനർത്ഥം പറയുന്നത് ഇത് മൂന്ന് വാക്കുകളുടെ സംയോജനം ആണെന്നും അതായതു ,
തത് എന്നാൽ "അത്"
ത്വം എന്നാൽ "നീ"
അസി എന്നാൽ "ആകുന്നു"

അതായതു തത്വമസി എന്നാൽ "അത് നീ തന്നെ ആകുന്നു" എന്നർത്ഥം.
ശബരിമല സന്ദർശിച്ചിട്ടുള്ളവർക്കും പടത്തിൽ കൂടിയെങ്കിലും കണ്ടിട്ടുള്ളവർക്കും അവിടെ ക്ഷേത്രത്തിനു മുൻപിൽ എഴുതി വച്ചിരിക്കുന്ന ഈ വാക്ക് മറക്കാൻ സാധിക്കില്ല. ഇനി ഇതു അവിടെ എഴുതി വച്ചത് വഴി നാം എന്താണ് മനസിലാക്കേണ്ടത് എന്ന് നോക്കിയാൽ ആ പരമാർത്ഥം വ്യക്തമാകും.

41 ദിവസത്തെ കഠിന വ്രതമെടുത്ത്, സുഖഭോഗങ്ങൾ എല്ലാം ഉപേക്ഷിച്ചു മുദ്ര അണിഞ്ഞു താൻ കാണാൻ പോകുന്ന ഭഗവാന്റെ ഒരംശമായി ആ നാമം സ്വീകരിച്ചു കറുപ്പുമുടുത്ത് കല്ലും മുള്ളും ചവിട്ടി ഇരുമുടിയും എടുത്തു കാതങ്ങൾക്കു അകലെ നിന്നും കാൽനടയായി എത്തി ഒടുവിൽ ആ 18 പതിനെട്ടു പടികൾ കയറി ഭഗവാനെ അന്വേഷിച്ചു ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭക്തൻ അവിടെ നേരിട്ട് ദൈവത്തെ കാണുന്നില്ല പകരം "തത്വമസി" എന്ന ഈ വാക്ക് മാത്രം കാണുന്നു.
അതെ ഇതെല്ലാം ചെയ്തു ദൈവത്തെ അന്വേഷിച്ചു തളർന്ന ഭക്തനോട് ശബരിമല പറയുന്നു "തത്വമസി" അതെ അത് നീ തന്നെ ആണ് എന്ന്.
വൃതം എടുക്കുമ്പോൾ തന്നെ മുദ്ര നൽകുകയും ഭഗവാന്റെ നാമം നൽകി അവനെ സ്വാമി എന്ന് വിളിക്കുകയും ചെയ്തു ഒടുവിൽ പരമമായ ആ സത്യം അവനെ ശബരിമല പഠിപ്പിക്കുന്നു, അതായതു നീ അന്വേഷിച്ചു നടക്കുന്ന ആ ദൈവം നീ തന്നെ എന്ന്...

ലോകത്തിൽ അനേകായിരം മതങ്ങളും ദൈവങ്ങളും ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശബരിമല മാറുന്നതും ഇവിടെയാണ്. തന്നെ കാണാൻ വരുന്ന ഭക്തനു സ്വന്തം നാമം നൽകുന്ന ഒരു വിശ്വാസവും വേറെ ഇല്ല. ദൈവത്തെ അന്വേഷിച്ചു തളർന്ന ഭക്തനു ഇതിലും നല്ല ഒരു പാഠം നൽകാനുമില്ല. നീ തന്നെ ആണ് ദൈവം എന്നും, ദൈവത്തിൽ നിന്നും നീ പ്രതീക്ഷിക്കുന്നത് മറ്റുള്ളവർക്കായി ചെയ്യേണ്ട കടമ നിന്നിൽ തന്നെ നിക്ഷിപ്തമാണെന്നും സ്വാമി അയ്യപ്പൻ പറഞ്ഞു തരുന്നു.

ഇതൊക്കെ മനസിലാക്കി, ദൈവത്തെ അന്വേഷിച്ചു അലഞ്ഞു ജന്മം പാഴാക്കാതെ സ്വന്തം കടമ നിർവഹിച്ചു പരോപകാരപ്രദമായി, തന്നാൽ ആവുന്നത് ചെയ്തു ജീവിച്ചാൽ നന്ന് എന്ന് ചുരുക്കം.
മാലയിട്ട ഭക്തനും, മലയിലെ ദൈവവും ഒന്നാണെന്ന പരമമായ സത്യം.....തത്വമസി ...!

കാലാന്തകനായ കാമാരി

കാലാന്തകനായ കാമാരി

ശിവനാമം ജപിക്കുവാന്‍, ശിവമഹിമ മനസ്സിലാക്കുവാന്‍, ശിവന്റെ അദ്ഭുത ചരിതങ്ങള്‍  ഹൃദയത്തിലുറപ്പിക്കുവാന്‍ ശിവനാമം പോലൊരു ശബ്ദം സുകൃതികള്‍ക്ക് ആനന്ദമരുളുന്ന മറ്റൊരും ആവില്ല കൈലാസാചലവാസിയും ശൈലജാകാന്തനും കാലാരിയും കപാലപാണിയും ശ്രീനീലകണ്ഠനും ഗൗരീശനും ശിവന്റെ അദ്ഭുത ലീലകളാടിയ ഓരോ സവിശേഷനാമരൂപങ്ങളാണ്. ഓരോ നാമത്തിലും നീണ്ടകഥ തന്നെ കാണാം.

ശിവമഹിമ വര്‍ണിക്കാത്ത ഒരു പുണ്യഗ്രന്ഥവും ഇല്ല. നാഗേന്ദ്ര ഹാരനും, ഭസ്മാംഗരാഗനുമായ ശിവന്‍ സര്‍വവിധ ശ്രേയസ്സുകളേയും പ്രദാനം ചെയ്യുന്ന ക്ഷിപ്രപ്രസാദിയും അതേ സമയം ക്ഷിപ്രകോപിയുമാണ്. കൈലാസാചലവാസി ശിവന്റെ വാസസ്ഥാനം ഹിമവത്ശൃംഗമാണ് ഹിമാലയത്തിന്റെ ശൃംഗമായ കൈലാസം വെള്ളിമാമലയാണ്. പാര്‍വതീ പരമേശ്വരന്മാരുടെ സംഗമഭൂമി ലോകോത്തരമായ ഒരു പര്‍വതശ്രേണിയാക്കാന്‍ കാരണം പ്രകൃതിയുടെ സര്‍വസാന്നിധ്യം വിളിച്ചോതുവാനാണ്. പ്രകൃതിയിലെ ഉന്നതപീഠം ശിവസ്വരൂപത്തിന്റെ സമ്മോഹനപ്രകാശമാണ്. പ്രകൃതിയിലെ അമേയകാന്തി ചൊരിയുന്നു. ഈ ഭാരതഭൂമിയെ കടാക്ഷിച്ചുകൊണ്ട് ഹിമവാന്‍ സദാ സംരക്ഷണമേകുന്നു.

ഭാരത ഭാഗ്യവിധാവായി കൈലാസത്തില്‍ ശിവസാന്നിദ്ധ്യത്താല്‍ ധന്യതയേകുന്നു. പക്ഷികളും മൃഗങ്ങളും പാമ്പുകളും ആയ ഹിമവാന്‍ ഭാഗധേയം കുറിക്കുന്നു. പാമ്പുകളെ ശിവാഭരണമാക്കി സ്വീകരിച്ചിരിക്കുന്നു. ചന്ദ്രക്കല ഹിമവല്‍ശൃംഗത്തില്‍ ശോഭിക്കുന്നു. ശിവശീര്‍ഷത്തിലും കാണാം. മാമരങ്ങള്‍ വള്ളിപ്പടര്‍പ്പുകളാല്‍ പ്രകൃതീശ്വരിക്ക് മാലകളാക്കിയിരിക്കുന്നു. ശിവനിലും കാണാം ജടാജൂഡമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന മാലകള്‍. ദേവമന്ദാകിനിയായ ഗംഗാദേവി ശിവശിരസ്സിലൂടെ ഒഴുകി ഭൂമിയില്‍ നിപതിക്കുന്നു. അതും ശിവഭഗവാനില്‍ കാണാം. ഗംഗാദേവി അലംകൃതയായി പ്രശോഭിക്കുന്നത്. വെള്ളിമാമലയില്‍ പല ഔഷധങ്ങളഉടെ കൃഷിയേറ്റം കാണാം. ഈ കാര്‍ഷിക ഭൂമിയെ ഉഴുതുമറിക്കാന്‍ ശക്തിയുടെയും വീര്യത്തിന്റെയും സാമര്‍ത്ഥ്യത്തിന്റെയും കൂട്ടുകാരനായി കാളയെ ശിവന്‍ കൊണ്ടുനടക്കുന്നു;

പരമേശ്വരന്റെ വാഹനമാണ് കാള. കൃഷിയേറ്റാന്‍ വളം വേണം. ഭസ്മം ധാരാളമായി അവിടെയുണ്ട്. ചുടല ഭസ്മം അണിഞ്ഞ് തന്റെ ദേവഭൂമിയെ പവിത്രീകരിക്കുന്നു. എല്ലാവരും വെള്ളിക്കുന്നിനെ ഭാരതത്തിന്റെ ആത്മാവായി വാഴ്ത്തിയിരിക്കുന്നു. ദേവഭൂമിയും തപോവാടവും മറ്റെങ്ങുമല്ല. പവിത്ര സംസ്‌കാരത്തിന്റെ ഉറവിടവും ജന്മഭൂമിയും കൈലാസമെന്ന് ഉദ്‌ഘോഷിക്കാം. ഭാരതാത്മാവ് ആ വിശിഷ്ട ഭൂമിയാണ്. മഹാപുണ്യം സുഗന്ധം വീശുന്ന ആത്മതേജസ്സിന്റെ അദ്വൈത കാന്തിയാല്‍ അഴകും മിഴിവുംകൊണ്ട് അവിടം സുകൃതപൂര്‍ണമാണ്.

ശിവപൂജയുടെ മഹിമകൊണ്ട് ബാണന്‍, രാവണന്‍ എന്നിവര്‍ക്കുപോലും ദേവന്മാരും ഭയപ്പെടുത്തക്കതായ ഭുജപരാക്രമങ്ങളും ഐശ്വര്യസമൃദ്ധികളും കൈവരിക്കാനായി. ശിവപൂജയുടെ മാഹാത്മ്യംകൊണ്ട് ബാണരാവണന്മാര്‍ ഏകാഗ്രതയോടെ ചെയ്ത ശിവപൂജാസമാപ്തിയില്‍ അവര്‍ക്ക് ഏവരും സ്മരിക്കത്തക്ക ഭാഗ്യവും നേടാന്‍ സാധിച്ചു. മന്ത്രത്തോടുകൂടിയൊ, ഏകാഗ്രമായ ഭക്തിയോടുകൂടിയൊ ഒരു ബില്വം (കൂവളത്തില) സ്വല്‍പം തീര്‍ത്ഥം എന്നിവകൊണ്ട് ഭഗവാനെ പൂജിക്കുന്നതുകൊണ്ട് അവധിയില്ലാത്ത ക്ഷേമൈശ്വര്യങ്ങള്‍ നിഷ്പ്രയാസം വന്നുചേരും. ഈ ശ്ലോകം ഇക്കാര്യം ഉറപ്പിക്കുന്നു. ' ഏകം ചബില്വം സലിലം ചകിംചിത് സമര്‍പ്പിതം ശങ്കരമൂര്‍ദ്ധ്‌നി ഭക്ത്യാ അമന്ത്രകം യേന സമന്ത്രകം വാ സവംശഗകാട്യാ ശിവലോകമേതി' ശിവതത്ത്വം ശിവനെ രുദ്രന്‍ എന്ന് വേദങ്ങള്‍ കീര്‍ത്തിക്കുന്നു.

ത്രിമൂര്‍ത്തികളിലൊരാളാണ്. പ്രപഞ്ചത്തിന്റെ സകല പ്രവൃത്തികളും സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നുവിധത്തില്‍ വിഭജിച്ചിരിക്കുന്നു. ഈ പ്രവൃത്തികള്‍ക്കായി മൂന്നുരൂപങ്ങള്‍ സങ്കല്‍പ്പിച്ച് സൃഷ്ടിക്ക് ബ്രഹ്മാവ്. സ്ഥിതിക്ക് (പരിപാലനത്തിന്) വിഷ്ണുവും സംഹാരത്തിന് ശിവനും ആണ് കര്‍മ്മാധികാരികള്‍. മൂന്നുപേരെയും ഒന്നിച്ച് GOD എന്നും കീര്‍ത്തിക്കാം. Generator= സൃഷ്ടി,  O= observator പരിപാലകന്‍, D= Destructor സംഹാരം. ഇവരില്‍ ആദ്യം മഹാവിഷ്ണുവും രണ്ടാമത് ബ്രഹ്മാവും മൂന്നാമത് ശിവനും സംജാതരായി. ബ്രഹ്മപ്രളയമായ കല്‍പാന്തകാലത്തില്‍ ഈശ്വരന്റെ സ്പഷ്ടരൂപമായ ഈ മൂന്നുമൂര്‍ത്തികളും നശിച്ച് പരാശക്തിയില്‍ ചേരുമെന്നും അടുത്ത കല്‍പത്തിന്റെ ആരംഭത്തില്‍ വീണ്ടും ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഭൂമിയില്‍ അവതരിക്കുമെന്നും സൃഷ്ടിയും പരിപാലനവും തുടരുമെന്നുമാണ് ഭാരതീയ ആധ്യാത്മിക ശാസ്ത്രത്തിന്റെ തത്ത്വം.

ഭക്തിയോഗത്തിന് മാഹാത്മ്യങ്ങൾ

ഭക്തിയോഗത്തിന് മാഹാത്മ്യങ്ങൾ

'സാ തു കര്‍മ്മജ്ഞാനയോഗേഭ്യോപ്യധികതരാ'' പരമപ്രേമരൂപയായ ഭക്തിക്ക് കര്‍മ്മജ്ഞാന യോഗാദികളേക്കാള്‍ ശ്രേഷ്ഠത കൂടുതലാണ് എന്നാണ് നാരദമഹര്‍ഷിയുടെ അഭിപ്രായം. ഭക്തി എന്നത് പരമപ്രേമരൂപയാണെന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞതാണ്. അതിന്റെ പ്രാധാന്യം ഇവിടെ അനുസ്മരിക്കുകയാണ്. യോഗമാര്‍ഗത്തിലും കര്‍മമമാര്‍ഗത്തിലും ജ്ഞാനമാര്‍ഗത്തിലും തെറ്റുകള്‍ പറ്റാനുള്ള സാധ്യതകളും അഹങ്കാരാഗമനത്തിനുള്ള സാധ്യതകളുമുണ്ട്. പ്രേമരൂപയായ ഭക്തിയില്‍ അഹങ്കാരാഗമനമുണ്ടായാല്‍ പ്രേമസ്വരൂപനായ ഭഗവാന്‍ തന്നെ തത്‌ദ്ദോഷത്തെ നീക്കം ചെയ്യും. കുട്ടികള്‍ ചെയ്യുന്ന അപരാധങ്ങളെ വാത്സല്യനിധികളായ മാതാപിതാക്കള്‍ ക്ഷമിക്കുന്നതുപോലെ. എന്നാല്‍ ധൃതരാഷ്ട്രരുടെ പോലെ അവരുടെ ചെയ്തികളെ മുഴുവന്‍ അംഗീകരിച്ചുകൊണ്ടല്ല, മറിച്ച് അതാതവസരങ്ങളിലെല്ലാം ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ട്. ആ തിരുത്തലുകള്‍ വരുത്തുന്നത് ഒരുപക്ഷേ നമ്മള്‍പോലും അറിയില്ല. ഒരു ഗുരു ശിഷ്യനോട് പരിസരത്തുള്ള രണ്ടു കുട്ടകളില്‍ ഒന്നെടുത്ത് അതില്‍ നദിയില്‍നിന്നും വെള്ളമെടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. വെള്ളവുംകൊണ്ട് നദി കയറിവന്നപ്പോഴേക്കും വെള്ളം മുഴുവന്‍ കുട്ടയിലെ ദ്വാരങ്ങളിലൂടെ ഒലിച്ചുപോയി. ശിഷ്യന്‍ വിവരം ഗുരുവിനോടു പറഞ്ഞപ്പോള്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പലവട്ടം ചെയ്തിട്ടും കുട്ടയിലെ വെള്ളം ചോര്‍ന്നുകൊണ്ടേയിരുന്നു. വീണ്ടും വിവരം ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എത്ര പ്രാവശ്യം വെള്ളമെടുത്താലും പ്രയോജനമില്ലെന്നാണ് ശിഷ്യന്റെ വ്യക്തമാക്കല്‍. ഗുരു ആ കുട്ടയെ അവിടെ ശേഷിച്ചിരുന്ന മറ്റു കുട്ടയുമായി താരതമ്യപ്പെടുത്തി ചൂണ്ടിക്കാട്ടി. പല പ്രാവശ്യം വെള്ളമെടുത്തുകൊണ്ടുവന്ന കുട്ടയിലെ അഴുക്കെല്ലാം പോയിരിക്കുന്നു. പ്രയോജനമുണ്ടായില്ല എന്ന് എങ്ങനെ പറയാനാവും എന്നു ചോദിച്ചപ്പോഴാണ് ശിഷ്യന്‍ അക്കാര്യം ശ്രദ്ധിക്കുന്നതുതന്നെ. അറിയാതെ തന്നെ അതിലെ അഴുക്കെല്ലാം പോയിരിക്കുന്നു. ഇതുപോലെയാണ് പരമപ്രേമരൂപയായ ഭക്തിയിലെ തിരുത്തലുകള്‍. എന്നാല്‍ കര്‍മ്മമാര്‍ഗത്തില്‍ പോരായ്മകളും തെറ്റുകളും ഏറെ സംഭവിക്കാമെന്ന് ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസ്സിന്റെ കഥയിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. പ്രാചീന ബര്‍ഹിസ്സിന് യാഗാദികര്‍മ്മങ്ങളിലുള്ള ശ്രദ്ധകൊണ്ട് കര്‍മ്മലക്ഷ്യം മറന്നു. ബലികൊടുത്ത മൃഗങ്ങള്‍ ശത്രുതാഭാവത്തിലേക്കെത്തിയത് നാരദര്‍ ചൂണ്ടിക്കാട്ടുംവരെ പ്രാചീന ബര്‍ഹിസ്സ് ശ്രദ്ധിച്ചിരുന്നില്ല. ജ്ഞാനയോഗത്തിലും അഹങ്കാര സാധ്യതയുണ്ട്. ശങ്കരാചാര്യസ്വാമികളെ ചണ്ഡാളരൂപത്തില്‍ വന്ന ശിവശങ്കരന് തിരുത്തേണ്ടി വന്നില്ലേ?    

നാരദന്‍ വെറുമൊരു വഴക്കാളിയല്ല...

നാരദന്‍ വെറുമൊരു വഴക്കാളിയല്ല....

അഥതോ ഭക്തിംവ്യാഖ്യാസ്വാമഃ ഒരു ചരടില്‍ മുത്തുകള്‍ കോര്‍ക്കുന്നതുപോലെ അനേക കാര്യങ്ങള്‍ ചെറിയ പദങ്ങളുടെ മാലകളായി അവതരിപ്പിക്കുന്നതാണ് സൂത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രം വ്യാഖ്യാനം പ്രസിദ്ധമാണല്ലോ. അദ്വൈതചിന്താ പദ്ധതികളാണ് അതില്‍. ജൈമിനിസൂത്രം കര്‍മയോഗ പ്രധാനമാണ്. ശ്രീനാരദസൂത്രത്തില്‍ ഭക്തിക്കാണ് പ്രാധാന്യം. ശ്രീനാരദന്‍ ആരാണ്? വെറുമൊരു 'വഴക്കാളി' എന്നാണ് പലരുടെയും ധാരണ. ദൈവികതത്വങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജലം ദാഹത്തിനെ അകറ്റുന്നതുപോലെ ഹൃദയദാഹമായ ജന്മലക്ഷ്യമായ വൈകുണ്ഠപ്രാപ്തിലെത്തിച്ച് ജന്മമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് ശ്രീനാരദന്‍ ചെയ്യുന്നത്. ''നാരം ദദാതി ഇതി നാരദഃ'' എന്ന് പദവിഗ്രഹം. നാരം വെള്ളം. വെള്ളം ദാനം ചെയ്യുന്നവന്‍ എന്ന് പദത്തിന് അര്‍ഥം. പലര്‍ക്കും ആവശ്യമായ ഘട്ടത്തില്‍ ഓടിയെത്തി ഭഗവത് തത്ത്വം ഉപദേശിച്ചുനല്‍കും. മൂലമന്ത്രവും അനുഷ്ഠാനവുമെല്ലാം പറഞ്ഞുതരും. പല മന്ത്രങ്ങളും ഉപാസിച്ചു സിദ്ധി വരുത്തിയ ആളാണ് നാരദന്‍. സത്യം എവിടെയും വിളിച്ചുപറയുന്നവനും സത്യം മാത്രം പറയുന്നവനും അതിന് പ്രത്യേകമായ ശൈലി ഉപയോഗിക്കുന്നവനുമാണ് നാരദന്‍. പ്രാചീന ബര്‍ഹിസിന് വാര്‍ധക്യത്തോടടുത്തും ധ്രുവന് ബാല്യത്തിലും മന്ത്രോപദേശം ചെയ്തു. ഭക്തിമാര്‍ഗത്തില്‍ ജീവിച്ച് മോക്ഷപ്രാപ്തിയിലെത്താന്‍ ബാല്യത്തിനും ശൈശവത്തിനും മുന്‍പ് ഗര്‍ഭവാസകാലത്തുതന്നെ ഉപദേശിക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് മനസിലാക്കിയാണ് പ്രഹ്‌ളാദന് അമ്മയടെ വയറ്റില്‍ കിടക്കുമ്പോള്‍തന്നെ ഉപദേശം നല്‍കിയത്. ഇവിടെ ''അഥതോ ഭക്തിം വ്യാഖ്യാസ്യാമഃ'' എന്നു ഭക്തിസൂത്രം തുടങ്ങുന്നു. തുടര്‍ന്ന് നമുക്ക് ഭക്തിയെ വ്യാഖ്യാനിക്കാം എന്നു സാരം. ഞങ്ങള്‍ വ്യാഖ്യാനിച്ചുതരാം എന്നാണ് പറയുന്നത്. മഹര്‍ഷിമാരുടെ ഒരു പ്രതിനിധി എന്ന നിലയിലാണ് നാരദന്‍ പറയനാരംഭിക്കുന്നത്. അതിനാലായിരിക്കണം ഞങ്ങള്‍ വ്യാഖ്യാനിക്കാം എന്നു പറഞ്ഞത്. നേരത്തേ പല കാര്യങ്ങളും പറഞ്ഞെങ്കിലും ഭക്തിയെക്കുറിച്ച് ഇവിടെ ആരംഭിക്കുകയാണ് എന്ന സൂചനയുമായാണ് തുടങ്ങുന്നത്. ''അഥാതോ ബ്രഹ്മജിജ്ഞാസ'' എന്നാണ് ബ്രഹ്മസൂത്രം തുടങ്ങുന്നത്. പക്ഷെ ബ്രഹ്മത്തിലേക്ക് ജ്ഞാനമെത്തണമെങ്കില്‍ ഭക്തി വേണമെന്നാണ് നാരദര്‍ നല്‍കുന്ന സൂചന. നാരദര്‍ കര്‍മ്മയോഗത്തിനേക്കാള്‍ ഭക്തിമാര്‍ഗ്ഗത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസിനോട് പുരഞ്ജനോപാഖ്യാനവും മറ്റും വിശദീകരിച്ച് പറഞ്ഞുകൊടുക്കുന്നത് കര്‍മമാര്‍ഗത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടികൂടിയാണ്. യാഗങ്ങള്‍ക്കായി നീ ബലി നല്‍കിയ മൃഗങ്ങളെല്ലാം നീ മരിച്ചുചെല്ലുമ്പോള്‍ ആക്രമികാന്‍ സന്നദ്ധരായി നില്‍ക്കുകയാണ് എന്ന് കര്‍മമാര്‍ഗത്തിലെ അപകടങ്ങളെ നാരദര്‍ പ്രാചീന ബര്‍ഹിസിനെ ഓര്‍മിപ്പിച്ച് ഭയപ്പെടുത്തുന്നുണ്ട്. ദാനത്തില്‍ പോലും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാകാം എന്ന് ഭാഗവതത്തിലെ നൃഗമോക്ഷം കഥാഭാഗത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ ഭക്തിമാര്‍ഗത്തെ പഠിക്കേണ്ടതുണ്ട് എന്ന് നാരദര്‍ ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നു. നാരദ ഭക്തിസൂത്രത്തിലെ പല ഭാഗങ്ങളും ഭാഗവതത്തില്‍ കടന്നുവരുന്നുണ്ട്. അതു സ്വാഭാവികം മാത്രം. കാരണം ശ്രീ വേദവ്യാസന്‍ നാരദനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണല്ലോ ഭാഗവതം രചിച്ചത്. നാരദന്‍ പറയാനുദ്ദേശിച്ച പല കാര്യങ്ങളും വ്യാസനെക്കൊണ്ട് വ്യാസശൈലിയില്‍ അവതരിപ്പിക്കുകയാണ് ഭാഗവതത്തില്‍.