ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 July 2018

ലളിതാ സഹസ്രനാമത്തിന്റെ പ്രാധാന്യം:

ലളിതാ സഹസ്രനാമത്തിന്റെ പ്രാധാന്യം:

പല ബീജമന്ത്രങ്ങളും ചൊല്ലണമെങ്കിൽ ഗുരുവിന്റെ ഉപദേശവും, സാധന ചെയ്യണമെങ്കിൽ ഗുരുവിന്റെ മേൽനോട്ടവും വേണമെന്നാണ് പറയുക. ആ ഭാഗ്യം ലഭിക്കുന്നവർ വളരെ കുറവാണ്. ലഭിച്ചാൽ തന്നെ ഉപദേശം കിട്ടിയ മന്ത്രം ജപിച്ചു സിദ്ധി വരുത്താനുള്ള ക്ഷമയുള്ളവർ അതിലും കുറവ്. അതുകൊണ്ട് സാധാരണക്കാരന് ചൊല്ലാൻ പാകത്തിന് ബീജമന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം മന്ത്രങ്ങളും സ്തോത്രങ്ങളുമുണ്ട്.

ദേവിയെ ആരാധിക്കാന്‍ ഏറ്റവും നല്ല മന്ത്രങ്ങളിൽ ലളിതാ സഹസ്രനാമമാണ്‌ ആദ്യത്തേത്. 32 അക്ഷരങ്ങളില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള മന്ത്രമായതുകൊണ്ട് മാലമന്ത്രം എന്ന് ഇതറിയപ്പെടുന്നു. സകല ബീജമന്ത്രങ്ങളും ഷോഡശാക്ഷരീ മന്ത്രവും സഹസ്രനാമത്തിൽ അന്തർല്ലീനമാണ്. സഹസ്രനാമം തുടങ്ങുന്നത് തന്നെ "ശ്രീമാതാ ശ്രീമഹാരാജ്ഞി ശ്രീമദ് സിംഹാസനേശ്വരി " എന്നല്ലേ? ആദ്യവരിയിൽ തന്നെ മഹാലക്ഷ്മീ ബീജമായ "ശ്രീം" മൂന്നു തവണ ചൊല്ലിക്കഴിഞ്ഞു. "ക്രോധാകാരാങ്കുശോജ്വലാ" എന്നു ചൊല്ലുമ്പോൾ മഹാകാളീ ബീജമായ "ക്രോം" ആയി. "രാഗസ്വരൂപ" എന്നതിൽ മായാബീജമായ "ഹ്രീം" ഉണ്ട്. "ശ്രീപദാമ്ബുജാ" എന്നതിൽ വീണ്ടും ശ്രീം വന്നു. "ഹ്രീംകാരി, ഹ്രീമതി" എന്നു ചൊല്ലുമ്പോൾ ഹ്രീം രണ്ടു തവണയായി. അതുകൊണ്ട് , സഹസ്രനാമം ബീജമന്ത്രാക്ഷരങ്ങളുടെ മുത്തുകൾ കോർത്ത ശക്തിയുള്ള മാലാമന്ത്രമാണ്. അതുകൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലുമ്പോൾ ഈണത്തിൽ ചൊല്ലരുത്. രാഗമോ താളമോ ഉപയോഗിക്കരുത് എന്ന് പ്രത്യേക നിഷ്കർഷയുണ്ട്.

ലളിതാ സഹസ്രനാമത്തിന്റെ അവതാരികയില്‍ ഡോ. ബി.സി. ബാലകൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: "മൂന്ന്‍ എകാക്ഷരീ മന്ത്രങ്ങളും 72 ദ്വ്യക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും 2 സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദാശാക്ഷരീ മന്ത്രങ്ങളും 3 എകാഡശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് വാഗ്ദേവതകള്‍ ദേവിയുടെ ആയിരം നാമങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്." അത്രയും മന്ത്രനിബദ്ധമാണ് ലളിതാസഹസ്രനാമം. വേറെ എന്തു മന്ത്രോപദേശമാണ് നമുക്കു വേണ്ടത്! ശ്രീവിദ്യാ മന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും ശ്രീവിദ്യാ ദേവിയുടെയും ഐക്യമാണ് ലളിതാ സഹസ്രനാമം.

താന്ത്രിക ആരാധനയിലെ സകല രീതികളെക്കുറിച്ചും ലളിതാ സഹസ്രനാമത്തില്‍ പറയുന്നുണ്ട്. സമയചാരതല്പര എന്നതില്‍ സമയാചാരത്തെക്കുറിച്ചും കൌളമാര്‍ഗ്ഗതല്‍പ്പരസേവിതാ എന്നതില്‍ കൌള മാര്‍ഗ്ഗത്തെക്കുറിച്ചും പറയുന്നു. വാമമാര്‍ഗ്ഗവും ദക്ഷിണമാര്‍ഗ്ഗവും ഒരേ പ്രാധാന്യത്തോടെ കാണുന്നതാണ് ഈ മന്ത്രം. വാഗ്ദേവതകളാണ് സഹസ്രനാമത്തിന്റെ ഋഷിമാര്‍. ഒരു നാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും മറ്റു സഹസ്രനാമങ്ങളില്‍ നിന്നു വ്യതസ്തമായി നാമങ്ങളെ കൂട്ടിച്ചേര്‍ത്തു ഛന്ദസ്സ് ശരിയാക്കാന്‍ 'അഥ', 'അപി' 'ച' തുടങ്ങിയവ ഒന്നും ചേര്‍ക്കാതെ സൌപര്‍ണ്ണികയുടെ ഒഴുക്കുപോലെ സുവ്യക്ത മധുരമായിട്ടാണ് ലളിതാ സഹസ്രനാമം രചിക്കപ്പെട്ടിരിക്കുന്നത്.

ഒരു തട്ടത്തില്‍ ചുവന്ന പട്ടു വച്ച് അതില്‍ നിലവിളക്കു വച്ചു കൊളുത്തി ലളിതാ സഹസ്രനാമം ചൊല്ലി ചുവന്ന പൂക്കള്‍ അര്‍ച്ചിച്ചാല്‍ അതു സമ്പൂര്‍ണ്ണ ശ്രീചക്രപൂജയുടെ ഫലം ചെയ്യും എന്നു പറയപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വിദ്യയും എല്ലാവര്‍ക്കും ഐശ്വര്യവും തരുന്നതാണ് ഈ ഉപാസന. ശ്രീമാതാ എന്നു തുടങ്ങി ലളിതാംബികാ എന്ന് അവസാനിക്കുന്നതുവരെ ഒരൊറ്റ മന്ത്രമായതുകൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലുമ്പോള്‍ ഇടയ്ക്കു നിര്‍ത്താന്‍ പാടില്ല.അര്‍ത്ഥം കഴിയുന്നത്ര മനസ്സിലാക്കി ശ്രദ്ധയോടെ ചൊല്ലണം. ലളിതാ സഹസ്രനാമം വ്യാഖ്യാനം പഠിച്ചാല്‍ തന്ത്രശാസ്ത്രത്തത്തെക്കുറിച്ച് നല്ലൊരു അവഗാഹമുണ്ടാവും.

ലളിതാസഹസ്രനാമം ചൊല്ലുന്നവരുടെ മഹാത്മ്യങ്ങള്‍ ഏറെയാണ്‌. അവനെതിരെ ആഭിചാരം ചെയ്യുന്നവനെ പ്രത്യംഗിരാ ദേവി നശിപ്പിക്കുമത്രേ. ആറുമാസം സഹസ്രനാമം പാരായണം ചെയ്യുന്നവരുടെ ഭവനത്തില്‍ മഹാലക്ഷ്മി സ്ഥിരമായി വസിക്കും. ശ്രീവിദ്യാമന്ത്രമറിയാത്ത ബ്രാഹ്മണന്‍ പശുതുല്യനാണത്രേ.വെള്ളിയാഴ്ചകളില്‍ സഹസ്രനാമം ചെല്ലുന്നത് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണമാകും. ഒരു പോസ്റ്റില്‍ എഴുതാന്‍ കഴിയുന്നതില്‍ അപ്പുറമാണ് ലളിതാ സഹസ്രനാമം ജപിക്കുന്നവരുടെ ഫലശ്രുതി. ഈ സഹസ്രനാമം ചൊല്ലാന്‍ കഴിയുന്നത്‌ ജന്മാന്തരസുകൃതം കൊണ്ടു മാത്രമാണ്.

പക്ഷേ, ശ്രീവിദ്യാ ദേവിയെ അറിയാത്തവന്, ശ്രീവിദ്യാ ജ്ഞാനമില്ലാത്തവന് സഹസ്രനാമം ഉപദേശിക്കരുത് എന്നും അങ്ങനെ ചെയ്‌താല്‍ വാഗ്ദേവിമാരുടെ കോപത്തിന് ഇരയാകും എന്നു കൂടി പറയുന്നുണ്ട്. കഴിഞ്ഞ നാലു പോസ്റ്റുകളില്‍ കൂടി ശ്രീവിദ്യാ മന്ത്രത്തെക്കുറിച്ചും ഷോഡശാക്ഷരീ മന്ത്രത്തെയും കുറിച്ച് ചര്‍ച്ച ചെയ്തത് ഈ മഹാസ്തോത്രം മനസ്സിലാക്കി എല്ലാവര്‍ക്കും ചൊല്ലാന്‍ വേണ്ടിയാണ്. കുറേപ്പേര്‍ക്കെങ്കിലും കുറച്ചെങ്കിലും തന്ത്രശാസ്ത്രവും ശ്രീവിദ്യാ ഉപാസനയും എന്താണെന്നറിഞ്ഞ് ദേവിയെ ഉപാസിക്കാന്‍ സഹായിചിട്ടുണ്ടാവും എന്നു കരുതട്ടെ.
എല്ലാവര്‍ക്കും ശ്രീ മഹാദേവിയുടെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഹരിഃ ഓം

Swami Bhaskarananda Saraswathy

ഏതാണ് ആ ആറ് പടികള്‍ ?

ഏതാണ് ആ ആറ് പടികള്‍ ?

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിങ്കേന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

മരണ കാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

ശിവ ശിവ ഒന്നും പറയാവതല്ല
മഹമായ തൻെറ പ്രകൃതികൾ
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർ വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

എളുപ്പമായുള്ള വഴിയേ കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ട്
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

”ഏതാണ് ആ ആറ് പടികള്‍ ?”
“ഷഡാധാരങ്ങളാണ് ഈ ആറ് പടികള്‍”.

ലളിതമായി വിശദീകരിക്കാം
മനുഷ്യന് സുഖാവസ്ഥ കൈവരാന്‍ ഷഡാധാരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്.

ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ  കൃശമായ സുഷുമ്നാനാഡിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ആറ് ശക്തികേന്ദ്രങ്ങളെയാണ് ഷഡാധാരങ്ങള്‍ എന്ന് പറയുന്നത്.

ഷഡാധാരങ്ങള്‍ ആറെണ്ണമാകുന്നു... അവ:

1) മൂലാധാരം (ഗുദത്തിനും ലിംഗ-യോനിയ്ക്കും മദ്ധ്യേയായി സുഷുമ്നാനാഡിക്കുള്ളില്‍)
2) സ്വാധിഷ്ഠാനം (ലിംഗ-യോനീ സ്ഥാനത്തിനും പുറകില്‍)
3) മണിപൂരകം (നാഭിയ്ക്ക് പുറകില്‍)
4) അനാഹതം (വയറും നെഞ്ചും കൂടിച്ചേരുന്ന ഭാഗത്തിന് പുറകില്‍)
5) വിശുദ്ധി (തൊണ്ടക്കുഴിയ്ക്ക് പുറകില്‍)
6) ആജ്ഞ (ഭ്രൂമദ്ധ്യത്തിന് പുറകില്‍, നട്ടെല്ല് അവസാനിക്കുന്ന ഭാഗം)

ഈ സുഷുമ്നാനാഡിയും ഷഡാധാരങ്ങളും കീറിമുറിച്ച് കണ്ടുപിടിക്കാന്‍ കഴിയാത്തത്ര ചെറുതാണ്. സുഷുമ്നാനാഡിയുടെ വലിപ്പം തലനാരിഴയുടെ ആയിരത്തിലൊന്ന് മാത്രമാകുന്നു.

മനുഷ്യശരീരത്തില്‍ 1,72,000 (ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം) യോഗനാഡികള്‍. ഇവയില്‍ 72,000 യോഗനാഡികള്‍ സുഷുമ്നാനാഡിയിലുള്ള ആറ് ശക്തികേന്ദ്രങ്ങളിലായി 1440 നാഡികള്‍ വീതം 50 കൂട്ടങ്ങളായി വന്നുചേരുന്നു.ഈ ശക്തികേന്ദ്രങ്ങളാണ് ‘ഷഡാധാരങ്ങള്‍’ എന്നറിയപ്പെടുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. ബാക്കി ഒരു ലക്ഷം യോഗനാഡികളില്‍ പ്രപഞ്ചരഹസ്യം ആലേഖനം ചെയ്തിരിക്കുന്നു.

യോഗനാഡീസമൂഹം ആധാരചക്രത്തില്‍ ചേരുന്നതിനെ ഇതളുകള്‍ എന്നാണ് പറയുന്നത്.മൂലാധാരത്തില്‍ നാലും, സ്വാധിഷ്ഠാനത്തില്‍ ആറും, മണിപൂരകത്തില്‍ പത്തും, അനാഹതത്തില്‍ പന്ത്രണ്ടും, വിശുദ്ധിയില്‍ പതിനാറും, ആജ്ഞയില്‍ രണ്ടും കൂട്ടങ്ങളുമാണ് വന്നുചേരുന്നത്.ഓരോ ആധാരചക്രങ്ങള്‍ക്കും പ്രത്യേക നിറവും, പഞ്ചഭൂതവും, നവഗ്രഹവും, ദേവതകളുമുണ്ട്. ഈ ആധാരചക്രങ്ങളിലെ നാഡീസമൂഹത്തിലേക്ക് ശക്തി പകരുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തെ ആധാരമാക്കിയാണ് സംസ്കൃതഭാഷ ഉണ്ടാക്കിയിരിക്കുന്നത്.മൂലാധാരം ഭൂമിതത്വമാകുന്നു. സ്വാധിഷ്ഠാനം ജലതത്വമാകുന്നു.മണിപൂരകം അഗ്നിതത്വമാകുന്നു. അനാഹതം വായൂതത്വമാകുന്നു. വിശുദ്ധി ആകാശതത്വമാകുന്നു. ആജ്ഞ മന:തത്വമാകുന്നു.ജീവശക്തി സുഷുമ്നയിലൂടെ മേല്‍പ്പോട്ടുയര്‍ന്ന്‍ മേല്‍പ്പറഞ്ഞ തത്വങ്ങളെ മുഴുവന്‍ ഭേദിച്ച് സഹസ്രാരപത്മത്തിലെ സ്ഫടികലിംഗവിജനത്തില്‍ വസിക്കുന്ന സദാശിവനോട് ക്രീഡയ്ക്കായി എത്തിച്ചേര്‍ന്ന് ലയം പ്രാപിക്കുന്നു. എന്തെന്നാല്‍, ശിവശക്തികളുടെ സ്ഥൂലപരിണാമമാണ് നമ്മുടെയീ പ്രപഞ്ചം.പ്രയാസമെന്ന് തോന്നാവുന്ന അവസ്ഥയില്‍ എളുപ്പമാര്‍ഗ്ഗമായി ഭഗവാന്‍ പരമശിവനിലേക്ക് എത്താനാകുന്നവയാണ് ‘ആറ് പടികളായ’ ഷഡാധാരങ്ങള്‍

12 July 2018

തത്ത്വഭേദങ്ങള്‍

തത്ത്വഭേദങ്ങള്‍

പ്രപഞ്ചത്തിന്റെ നിലനില്പിനാധാരമായ അടിസ്ഥാന തത്ത്വങ്ങള്‍. ഭാരതീയ ദാര്‍ശനികന്മാര്‍ ഇത് പല രീതിയില്‍ വ്യവച്ഛേദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ശാസ്ത്ര വിശാരദന്മാര്‍ തത്ത്വങ്ങളുടെ സംഖ്യയെപ്പറ്റി പര്യാലോചിക്കുമ്പോള്‍ പല ഭേദങ്ങളും കണ്ടെത്തുന്നു. തത്ത്വസംഖ്യകളിലെ ഇത്തരത്തിലുള്ള ഭേദങ്ങള്‍ ഭാഗവതം ഏകാദശസ്കന്ധത്തിലെ ഇരുപത്തിരണ്ടാം അധ്യായത്തില്‍ ഉദ്ധവര്‍ ഭഗവാനോട് ചോദിക്കുന്ന രൂപത്തില്‍ വര്‍ണിച്ചു കാണുന്നു. തത്ത്വങ്ങള്‍ ഇരുപത്തിയഞ്ചാണെന്നും അറുപതാണെന്നും ഇരുപത്താറാണെന്നും അതല്ല, തൊണ്ണൂറ്റാറാണെന്നും പല തരത്തില്‍ സങ്കല്പനം നടത്തിയിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നറിയുന്നതിനായിരുന്നു തന്റെ ചോദ്യങ്ങളിലൂടെ ഉദ്ധവര്‍ ഉദ്യമിച്ചത്. തത്ത്വഭേദങ്ങള്‍ എല്ലാ ഉദ്യമങ്ങളും മായയാല്‍ സന്നിവേശിച്ചിട്ടുള്ളതാണെന്നും ഓരോ വ്യക്തിയും ഭേദബുദ്ധിയോടെ എങ്ങനെ സങ്കല്പിക്കുന്നുവോ അപ്രകാരത്തില്‍ ഗണിക്കുന്നുവെന്നേയുള്ളുവെന്നും സംഖ്യാഭേദം സാങ്കല്പികമാകയാല്‍ സംശയത്തിനവകാശമില്ലെന്നും ഭഗവാന്‍ മറുപടി നല്കി ഉദ്ധവരുടെ ജിജ്ഞാസ ശമിപ്പിച്ചു. ജ്ഞാനേന്ദ്രിയങ്ങളും (മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി) കര്‍മേന്ദ്രിയങ്ങളും [വാക്ക്, പാണി, പാദം, പായു (ഗുദം), ഉപസ്ഥം (ഗുഹ്യ പ്രദേശം)] മനസ്സും ഒത്തുചേരുന്നതോടെ തത്ത്വങ്ങള്‍ ഏകാദശ(പതിനൊന്ന്)ങ്ങളായിത്തീരുന്നു.
ജ്ഞാനേന്ദ്രിയ പഞ്ചകം, കര്‍മേന്ദ്രിയ പഞ്ചകം, ജ്ഞാനേന്ദ്രിയ വിഷയങ്ങളായ രൂപരസഗന്ധസ്പര്‍ശശബ്ദങ്ങള്‍, പഞ്ചപ്രാണങ്ങള്‍ (പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ച് പ്രാണന്‍മാര്‍), പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, തേജസ്സ്, വായു, ആകാശം) എന്നിവ ചേരുമ്പോള്‍ തത്ത്വങ്ങള്‍ 25 ആകുന്നു എന്ന് ഒരു വിഭാഗം വേദാന്തികള്‍ അഭിപ്രായപ്പെടുന്നു.
മുമ്പ് സൂചിപ്പിച്ച 25 തത്ത്വങ്ങളോടൊത്ത് ഷഡാധാരങ്ങള്‍
(മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ) കൂടി ചേരുമ്പോള്‍ തത്ത്വഭേദങ്ങള്‍ 31 ആയി വികസിക്കുന്നു എന്ന് വേറൊരു വിഭാഗം പണ്ഡിതന്മാര്‍ വാദിക്കുന്നു.
ഈ മുപ്പത്തിഒന്നിന് പുറമേ വചനം, ദാനം, ഗമനം, വിസര്‍ജനം, ആനന്ദം എന്നീ അഞ്ച് കര്‍മേന്ദ്രിയ വിഷയങ്ങള്‍ കൂടി ഒരുമിച്ച് തത്ത്വഭേദങ്ങള്‍ 36 ആയിത്തീരുന്നു എന്ന് മൂന്നാമതൊരു സംഘം ജ്ഞാനസിദ്ധന്മാര്‍ അനുമാനിക്കുന്നു.
ഹരിനാമകീര്‍ത്തനത്തിലെ-

'ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതില്‍
മേവുന്ന നാഥ ഹരിനാരായണായനമഃ'

എന്ന 25-ാമത്തെ ശ്ലോകത്തിലൂടെ തത്ത്വഭേദങ്ങള്‍ 96 എണ്ണമുണ്ടെന്നും ഇവ മായാവിഭ്രമം മൂലമാണുണ്ടാകുന്നതെന്നും പരംപൊരുള്‍ സച്ചിദാനന്ദരൂപമായ പരമാത്മാവ് മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുന്നു. ഈ ശ്ലോകത്തില്‍ വിവരിക്കുന്ന പ്രകാരം ഐയ്യഞ്ചും ഇരുപത്തിയഞ്ചും; ഉടന്‍ അഞ്ചും-പിന്നെ ഒരു അഞ്ചും; അയ്യാറും-അഞ്ചും ആറും ചേര്‍ന്ന് പതിനൊന്നും; ഉടനെട്ടും-കൂടെ ഒരു എട്ടും; അവ്വണ്ണമെട്ടും-അതുപോലെ വീണ്ടുമൊരു എട്ടും; എണ് മൂന്നും-ഇരുപത്തിനാലും; അഥ ഏഴും-അതിനുശേഷം ഏഴും; ചൊവ്വോടെ ഒരഞ്ചും-വേണ്ടപോലെ പിന്നെയും ഒരഞ്ചും; രണ്ട് ഒന്നും-പിന്നെ രണ്ടും ഒന്നും-മൂന്നും ആകുമ്പോള്‍ 96 തത്ത്വഭേദങ്ങളുണ്ടാകുന്നു. ഇവയില്‍ നിറഞ്ഞു വര്‍ത്തിക്കുന്ന നാഥനായ ഹരിനാരായണന് നമസ്കാരം പറഞ്ഞുകൊണ്ടാണ് ഇതു രചിച്ച ദാര്‍ശനിക കവി ശ്ലോകം അവസാനിപ്പിക്കുന്നത്.
ഇവിടെ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചമ ഹാഭൂതങ്ങള്‍; മൂക്ക്, നാക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ (ഐയ്യഞ്ചും അഞ്ചും 25+5=30), നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ എന്നിവയെയാണ് അയ്യാറും (5 + 6 = 11) എന്ന ഹരിനാമ ശ്ളോകത്തില്‍ നിഗ്രഹണം ചെയ്തിട്ടുള്ളത്.
രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികളാണ് ഉടനെട്ടും(8) എന്ന പ്രയോഗത്തില്‍ സൂചിതമാകുന്നത്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങളും; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികളുമാണ് (8) 'അവ്വണ്ണമെട്ടും' എന്ന പ്രയോഗം കൊണ്ടര്‍ഥമാക്കുന്നത്. ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികളും; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങളും; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയവും; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളും; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങളും; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാരും കൂടി ചേരുമ്പോള്‍ 24 തത്ത്വഭേദങ്ങള്‍ രൂപംകൊള്ളുന്നതിനെയാണ് 'എണ്മൂന്ന്' (8 x 3 = 24) എന്ന പ്രയോഗത്തിലൂടെ ഉദ്ഘോഷിച്ചിരിക്കുന്നത്.
ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കളും; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങളും; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയവും സംഗമിക്കുന്നതിലൂടെ തത്ത്വഭേദങ്ങള്‍ 96 എണ്ണമാകുന്നു എന്ന് ഹരിനാമകീര്‍ത്തനാചാര്യന്‍ വ്യക്തമാക്കിയിരിക്കുന്നു.
അഖണ്ഡജ്ഞാനസ്വരൂപനും സച്ചിദാനന്ദാവസ്ഥിതനുമായ പരമാത്മാവിലാണ് മായാസ്പന്ദനംമൂലം തത്ത്വഭേദങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്. തത്ത്വങ്ങളില്‍ പ്രതിബിംബിച്ച് അവയുമായി താദാത്മ്യം പ്രാപിച്ച് ജീവന്‍ നിലനില്ക്കുന്നു. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണെന്ന സത്യം അറിയുന്നതിനുള്ള അറിവ് കതിരിട്ടുയരുന്നതോടെ തത്ത്വങ്ങളെപ്പറ്റിയുള്ള ഭേദഭാവങ്ങള്‍ അവസാനിക്കുന്നു എന്ന് വേദാന്തദര്‍ശനം ഉദ്ബോധിപ്പിക്കുന്നു. ഒരേ കാരണവസ്തുവിനെ പലതായി കാണുന്നതാണ് തത്ത്വസംഖ്യ 96 ആയി വിവരിക്കാന്‍ കാരണമാകുന്നതെന്ന് ഭഗവദ്ഗീതയില്‍ അനുശാസിച്ചിരിക്കുന്നതിന്റെ പൊരുളും ഇതുതന്നെയാണ്.
'യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ'
(ഗീത-1330)
(വിവിധ പ്രാപഞ്ചികഘടകങ്ങളില്‍ വെവ്വേറെ നില്ക്കുന്നതു പോലെ കാണപ്പെടുന്ന സത്യം ഒരാള്‍ തന്നില്‍ കാണുമ്പോള്‍ അത് ജഗദ്വ്യാപിയായി വളര്‍ന്നു വികസിക്കും). ഈശാവാസ്യാദി ഉപനിഷദ് കൃതികളിലും ബ്രഹ്മസൂത്രം, വിവേകചൂഡാമണി തുടങ്ങിയ വേദാന്ത ഗ്രന്ഥങ്ങളിലും തത്ത്വഭേദങ്ങളെല്ലാം പരമാത്മാവ് തന്നെയാണെന്ന് സയുക്തികം സ്ഥാപിച്ചിട്ടുള്ളതിന്റെ ശാശ്വത പശ്ചാത്തലം ഈ സത്യദര്‍ശനം തന്നെയാണ്.

10 July 2018

മാപ്പിള രാമായണം

മാപ്പിള രാമായണം

രാമായണത്തിലെ കഥാസന്ദർഭങ്ങൾ മാപ്പിള പാട്ടിന്റെ ശൈലിയിൽ രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം എന്ന പേരിൽ അറിയപ്പെടുന്നത്

കർത്താവാരെന്നോ രചനക്കാലം ഏതെന്നോ വ്യകതമായി അറിയില്ലെങ്കിലും മാപ്പിള രാമായണം ഒരു മലബാർ കലാരൂപമായി ആണ് നിലവിൽ വന്നതും നിലനിൽക്കുന്നതും. മലബാർ മുസ്ലീങ്ങളുടെ ഇടയിൽ മാത്രം പ്രചാരത്തിലുള്ള പദാവലി കൊണ്ടും ശൈലികൾ കൊണ്ടും മാപ്പിള രാമായണം ശ്രദ്ധയാകർഷിക്കുന്നു. വാമൊഴിയായി മാത്രം നിലനിന്നുവന്നിരുന്ന മാപ്പിള രാമായണം ലിഖിത രൂപത്തിൽ സമാഹരിക്കപ്പെട്ടത് ഈ അടുത്ത കാലത്തുമാത്രമാണ്. നിരവധി വേദികളിൽ മാപ്പിള രാമായണംചൊല്ലി അവതരിപ്പിച്ചിട്ടുണ്ടായിരുന്ന, ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരാണ് പ്രസിദ്ധീകൃതമായ ഏകസമാഹാരത്തിന്റെ സമ്പാദകൻ.

ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥൻ ബാപ്പയാണ്. രാമൻ സീതയെ (കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ" യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണായഭ്യർഥനയും രാമന്റെ തിരസ്ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.

മാപ്പിളരാമയണത്തിലെ ചില വരികൾ
➖➖➖➖➖➖➖➖➖
“പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്‌
കണ്ടതല്ലേ ഞമ്മളീ ലാമായണംകത പാട്ട്‌

കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്‌

മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌.
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്

കെട്ടിയോൾക്ക് വരംകൊടുത്തുസുയാപ്പിലായപാട്ട്
ലങ്കവാഴും പത്തുമൂക്കനെഹലാക്കിലാക്കിയപാട്ട്

നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്

ഹാലിളകിത്താടിലാമൻ വൈ തടഞ്ഞ പാട്ട്
ഹാല്‌മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്

നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനിനൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്

ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്
കൂടെയനുശൻ കൂട്ടിനോളും കൂടിപ്പോയ പാട്ട്

മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശലാശൻ മൌത്തിലായ പാട്ട്

ഉമ്മ നാട്ടിനു പോയ വരതൻ ഓടി വന്ന പാട്ട്
ലാമനെക്കൂട്ടിവരുവാൻ പോയി വന്ന പാട്ട്”

ശൂർപ്പണഖ അണിഞ്ഞൊരുങ്ങി വരുന്ന വർണ്ണനയിൽ നിന്നും ഏതാനും വരികൾ
➖➖➖➖➖➖➖➖➖
കുന്നുമ്മലയും കേറിവരുന്നചിലമ്പൊരുക്കം
വന്നുലാവണന്റെ പെങ്ങളുമ്മാ

പൊന്നുപെരുത്തൊരുപാതാളത്തിലെസുൽത്താനോടെ
പൊന്നും മിന്നും പൊന്മണി കണ്മണി ശൂർപ്പണാകാ

കാലക്കേടിനു,ഹലാക്കിനു,സുൽത്താൻ മയ്യത്തായീ
ശീലംകെട്ടോൾക്കിന്നും ബേണം മാപ്പളയൊന്ന്

ആങ്ങള ലാവണ രാസാവോടെ സംഗതി ചൊല്ലീ
പെങ്ങളുകണ്ടാൽ,സമ്മതമാണെന്നവരും ചൊല്ലീ.

“ഒറ്റക്കൊറ്റവെളുത്തുനരച്ച തലയിലെ ലോമം
കട്ടക്കരിയും തേനും ചേർത്തു കറപ്പിക്കുന്നു

പറ്റേവീട്ടിലെ പാത്തുമ്മാനെത്തേടി വരുത്തീ
ഒത്തൊരു കൂലി പറഞ്ഞ്‌, തലയോ മുപ്പിരികൂട്ടി

പൊട്ടക്കിണറുകണക്കു കുഴിഞ്ഞ വട്ടക്കണ്ണ്‌
ചുറ്റിലുമഞ്ഞനമിട്ടു നല്ലൊരു കൽത്തറ കെട്ടി

പണ്ടേ മൂത്ത് മയ്യത്തായ മൂത്തുമ്മാന്റെ
കുണ്ടാമണ്ടിപ്പെട്ടി തുറന്ന് പൊന്നു വാരീ

കാതിന്നപ്പുറമിപ്പുറമൊന്നു മുക്കിത്തേച്ച്
കാതിലെതൊമ്പൻ തോടെയിട്ട് കാതൊന്നാട്ടീ

മാറുമുലക്കൊരു താങ്ങുകൊടുത്തു കുത്തനെയാക്കി
മേലെ നേരിയ കുപ്പായത്തില്‌ മാങ്കനി പൊന്തി”

ശൂർപ്പണഖ രാമനോട്‌ പ്രണായാഭ്യർത്ഥന നടത്തുന്നു.
➖➖➖➖➖➖➖➖➖
പൂവ് വച്ച് തോലുകൊണ്ട് തറ്റുടുത്തനല്ലൊരാണാ
ലാമനോട് പൂതി തോന്നീ

പുന്നാരപ്പു പൊന്നുബീവി ശൂർപ്പണാഖാ 
കിന്നാരക്കണ്ണിച്ചു നോക്കി രാമനോട്

“ആരാ നിങ്ങള്‌ ബാല്യക്കാരാ, പേരെന്താടോ 
കൂടക്കാണുന്നോരാ പെണ്ണ്‌ ബീടരാണോ

മക്കളില്ലേ കൂടെ മരുമക്കളില്ലേ
കൊക്കും പൂവും ചോന്ന പെണ്ണ്‌ പെറ്റിട്ടില്ലേ?”

“ഞാനോ,ലാമൻ ബീടരുസീത പെറ്റിട്ടില്ലാ
കൂടെ അനുജൻ കൂട്ടിനുലക്ഷ്ണനുമരികത്തുണ്ട്

വാപ്പാനാട് നമ്മുടെ നാട് കോസലനാട് കുസലടിനാട്
കാരണമുണ്ടീകാട്ടില് ബന്നത് നീയാണുമ്മാ,,,,,

രാവണൻ അശോകവനത്തിലെ സീതയോട്:
➖➖➖➖➖➖➖➖➖
“പൊന്നുമോളേ നിന്നെ ഞമ്മള്‌ ലങ്കയിൽ കൊണ്ടാച്ചി-
റ്റെത്തിരനാളായി മുത്തേ കത്തിടും പൂമാലേ !

അന്നുകൊണ്ടാച്ചിയിട്ടുന്നുകൊല്ലമൊന്നായ്
നിന്നിലെപ്പുതമിയിന്നും ഞമ്മളറിയുന്ന്

താമരത്തളിരോടൊക്കും പൂവുടലെൻ ഖല്ബിൽ
ഉമ്മിണി നാളായി മുത്തേ കണ്ടിടാനും ആശ

പേടികൊണ്ടല്ലന്നു പൊന്നേ നിന്നെ ലാമൻ കാണാ-
പ്പൂതികൊണ്ടാണെന്റെ മോളെ തേരിലാക്കിപ്പോന്ന്‌”

ഹനുമാൻ രാക്ഷസികൾക്കൊപ്പം സീതയെ കാണുന്നു:
➖➖➖➖➖➖➖➖➖
“കാലൻ കരിങ്കാലൻ ലാവണൻ പത്തു
താടിവടിപ്പിക്കും നേരത്ത്‌

വാലുള്ളനുമാനോ ലങ്കയിൽ ചാടി
ചേലുള്ള കൊമ്പത്തു കൂട്‌ന്ന്‌

പണ്ടാരക്കോയിപോലഞ്ചു പെണ്ണുങ്ങള്‌
കുണ്ടാണക്കൈബെച്ചൊറങ്ങുന്നു

കാതിലു ചിറ്റിട്ടു കൈവളയിട്ട
പാവാടക്കൂമ്പാളക്കൂത്തച്ചി

മുന്നരപ്പല്ലുന്തി മൂക്ക് മാളത്തിൽ
കിന്നരമണ്ണട്ടപ്പാടിച്ചി

മുക്കൂടെ പല്ലുന്തി മൊക്കോണച്ചന്തി
മാക്കീരിച്ചെള്ളച്ചിക്കാളിച്ചി

പാവാട നീങ്ങിയരപ്പൊറം കാരി
പാലം പോലെ തുട കാണ്‌ന്ന്‌

കുപ്പായമില്ല പുതപ്പില്ല മൊല
കുത്തനെ നിന്നു കെതക്ക്‌ന്ന്‌

പൊന്നും മലർകനി സീതയെ കണ്ടു
മിന്നും മുടിപ്പൊന്നും വാങ്ങ്‌ന്ന്‌

മാലാഖപ്പെണ്ണിന്റെ മാറ്റുകണ്ടിറ്റ്
വാലുള്ളോൻ നിക്കാരം ചെയ്യ്‌ന്ന്‌.

സാംസ്ക്കാരിക പഠനകൃതി
➖➖➖➖➖➖➖➖➖
രാമായണം സ്വാധീനം ചെലത്താത്ത പൂർവ്വേഷ്യൻ രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഭൂട്ടാൻ, തായ്‌ലാന്റ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ അതാതു ജനതയുടെ സംസ്ക്കാരവും തനിമയും പ്രകടിപ്പിക്കുന്ന രാമായണ അഖ്യാനങ്ങളുണ്ട്. രാമായണത്തിന്റെ പ്രസിദ്ധിയും ജനസ്വാധീനവും മറ്റ് മതസ്ഥരിലും പ്രതിഫലിച്ചിട്ടുണ്ട് എന്നു വെളിപ്പെടുത്തുന്ന ഒരമൂല്യ ചരിത്രരേഖയായി മാപ്പിള രാമായണത്തെ സമകാലിക ചരിത്രകാരന്മാർ കാണുന്നു.