ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2018

ഉപനിഷത്തുകള്‍

ഉപനിഷത്തുകള്‍

സര്‍വ്വജീവജാലങ്ങളിലെന്നപോലെ മനുഷ്യനിലും ഞാനെന്ന ‘അഹം’ ഭാവം അങ്കുരിച്ചത് അനാദിയായകാലത്തുതന്നെയാണ്. മനുഷ്യന്റെ ആദിപിതാവായ വാനരനും എത്രയോ മുമ്പുണ്ടായ അമീബയിൽ ‍പോലും അതിന്റേതായ രീതിയില്‍ ഞാനെന്ന ‘അഹംഭാവം’ അങ്കുരിച്ചിരുന്നു. എന്തിനു നീട്ടുന്നു ബ്രഹ്മത്തില്‍ ത്രിപുടീഭാവം ഉണ്ടായതുതന്നെ മറ്റൊന്നിനെ അറിയാനുള്ള ആഗ്രഹത്തിന്റെ സംശയരൂപത്തിലണല്ലോ. അങ്ങിനെ അറിയേണ്ട വസ്തുവിനെപ്പറ്റിയുള്ള സംശയരൂപത്തിലുള്ള ചിന്ത യാതൊന്നില്‍ നിഴലിച്ചുവോ, അതാണല്ലോ ആദ്യത്തെ ‘ഞാന്‍’. ആ ചെറിയ സംശയത്തിന്റെ ആദികര്‍ത്താവായ ഞാന്‍ എന്ന അഹം യുഗയുഗാന്തരമായി അമീബയിലൂടെ, മത്സ്യവര്‍ഗ്ഗത്തിലൂടെ, തവളവര്‍ഗ്ഗത്തിലൂടെ, പറവകളിലൂടെ ഇഴജന്തുക്കളിലൂടെ, സസ്തനികളിലൂടെ വളര്‍ന്ന് മനുഷ്യനില്‍ എത്തിനില്‍ക്കുമ്പോഴാണ് ഞാന്‍ ആര്? എന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ചിന്ത വേദകാലമനുഷ്യന്‍ മുതലേ തുടങ്ങിയിരുന്നുവെന്ന് വേദാദിഗ്രന്ഥങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ആ വേദകാല മനുഷ്യന്‍ തന്റെ മൂലാഭാവചിന്താ പരീക്ഷണശാലയിലെ അത്യൂന്നത ശാസ്ത്രജ്ഞന്മാരായിരുന്നു. താന്‍ ആരെന്നു ചിന്തിക്കുകയും, തന്റെ മൂലരൂപത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നതിനുള്ള കാരണമന്വേഷിക്കുന്നതിലും വീണ്ടും തിരിച്ച് അതിലേയ്ക്ക് ലയിക്കുന്നതിനുള്ള മാര്‍ഗ്ഗമന്വേഷിക്കുന്നതിലും അതില്‍ വിജയിക്കുന്നതിലും മറ്റെന്നെത്തേക്കാളും അവര്‍ വിജയിച്ചിരുന്നു. ആ വിജയകാഹളത്തിന്റെ സുവര്‍ണ്ണരേഖകള്‍ ആണ് ഇന്ന് നമുക്ക് കിട്ടിയിട്ടുള്ള അമൂല്യമായ ഉപനിഷത്തുകള്‍.

വേദങ്ങളുടെ പൂര്‍വ്വാര്‍ദ്ധം കര്‍മ്മഭാഗവും ഉത്തരാര്‍ത്ഥം ജ്ഞാനഭാഗവും ആണ്. വേദങ്ങളുടെ അന്ത്യഭാഗമെന്ന അര്‍ത്ഥം വരുന്ന വേദാന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വേദാന്തങ്ങള്‍ തന്നെയാണ് ഉപനിഷത്തുകള്‍.

ഉപനിഷത്തുകള്‍ എന്ന വാക്കിന്റെ അര്‍ത്ഥം അടുത്ത് വസിക്കുന്നത് എന്നാണ്. എന്തിനടുത്ത് വസിക്കുന്നത്? എന്നാണെങ്കില്‍ ആത്മാന്വേഷകന്റെ സൂഹൃത്ത് എന്ന നിലയില്‍ ആത്മാന്വേഷകന്റെ അടുത്ത് അഥവാ ആത്മാവിന്റെ അടുത്ത് എന്ന് ഉത്തരം പറയാം.

സത്യവും ജ്ഞാനവും ആയ വിദ്യയാണല്ലോ ഉപനിഷത്തുകള്‍. ഉപനിഷത്തുകള്‍ ആത്മാവിനെപ്പോലെ ജ്ഞാനമാണെന്നിരിക്കെ രണ്ടും തമ്മിലെന്താണു വ്യത്യാസം? വ്യത്യാസം ഉണ്ടെന്നു പറയാം. ഉപനിഷത്തും ആത്മാവിനെപ്പോലെ ബ്രഹ്മം തന്നെ. അതിനെ ഗ്രഹിക്കുന്നതും പഠിക്കുന്നതും ബ്രഹ്മസായൂജ്യത്തിനു കാരണമാകും.

ഈ ഉപനിഷത്തുകള്‍ 1008 എണ്ണമുണ്ടെന്നു പറയപ്പെടുന്നു. ഇവയില്‍ 108 എണ്ണത്തോളമേ നമുക്കു ലഭ്യമായിട്ടുള്ളൂ. അവയില്‍ തന്നെ ആദിശങ്കരാചാര്യ സ്വാമികള്‍ പത്തു ഉപനിഷത്തുകള്‍ക്കുമാത്രമേ വ്യാഖ്യാനം എഴുതിയിട്ടുള്ളൂ. അവയാണ് ദേശോപനിഷത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ആത്മാന്വേഷണമാണ് ഉപനിഷത്തുകളുടെ പ്രതിപാദ്യവിഷയം ആ ആത്മാവാകുന്ന ഒന്നിനെപ്പറ്റിയുള്ള അന്വേഷണം ഓരോ ഉപനിഷത്തിലും ഓരോ രീതിയിലാണെന്നു കാണാം. അങ്ങനെ ആത്മാന്വേഷണത്തിന്റെ വിവിധങ്ങളായ ഓരോ വസ്തുക്കള്‍ ആണ് ഓരോ ഉപനിഷത്തും എന്നു പറയുന്നതില്‍ തെറ്റില്ല. മാര്‍ഗ്ഗം ഭിന്നങ്ങളെങ്കിലും ലക്ഷ്യം ഒന്നുതന്നെയായ ഉപനിഷത്തുകള്‍ പലകാലങ്ങളായി എഴുതപ്പെട്ടിട്ടുള്ളവയാണ്. ചിലവ വേദങ്ങളെപ്പോലെതന്നെ വേദകാലത്തുണ്ടായവയാണ് ചിലവ ഇതിഹാസകാലത്തും മറ്റുചിലവ പുരാണകാലത്തിനുശേഷം ഉണ്ടായവയാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായത് എന്നറിയപ്പെടുന്നത് ആദിശങ്കരാചാര്യ സ്വാമികളുടെ ഗുരുവായ ഗോവിന്ദഗുരുവിന്റെ ഗുരുവായ ഗൗഡപാദാചാര്യ സ്വാമികള്‍ എഴുതിയ മാണ്ഡൂക്യകാരിക അഥവാ ഗൗഡപാദകാരികയാണെന്നു തോന്നുന്നു. ഭൂമിയിലെ പ്രതിപാദന രീതിയിലുള്ള പ്രത്യേകതകൊണ്ടും ഭാഷാപ്രയോഗ വ്യത്യാസങ്ങള്‍കൊണ്ടും മറ്റും ഇവയിലെ കാലവ്യത്യാസം മനസ്സിലാക്കാം.

ഉപനിഷത്തുകളിലെ പ്രതിപാദന രീതിക്കും വ്യത്യാസം ഉണ്ട്. ഈശാവാസ്യോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ സ്വയം പ്രകാശിതമാകുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കഠോപനിഷത്തിലാകട്ടെ ദേവനായ ഗുരു മനുഷ്യനായ ശിഷ്യന് ഉപദേശിക്കുന്ന രീതിയിലാണ്, ഭര്‍ത്താവായ യാജ്ഞവല്ക്യമുനി ഭാര്യയായ മൈത്രേയിക്കുപദേശിക്കുന്ന രീതിയിലാണ് ബൃഹദാരണ്യകോപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശ്രീരാമന്‍ തന്റെ ദാസഭക്തനായ ശ്രീഹനുമാന് ഉപദേശിക്കുന്ന രീതിയിലാണ് മുക്തികോപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. ദേവനായ ശ്രീപരമശിവന്‍ തന്റെ മകനായ ശ്രീസുബ്രഹ്മണ്യസ്വാമിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് തേജബിന്ദൂപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. വരുണന്‍ തന്റെ മകന്‍ ഭൃഗുവിനെ ഉപദേശിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന രീതിയിലാണ് മുണ്ഡകോപനിഷത്ത് എഴുതിയിരിക്കുന്നത്. ഇനി സര്‍വോപനിഷത്ത് സംഗ്രഹമായ ശ്രീമത് ഭഗവത്ഗീത തന്നെ പരമാത്മാവായ ശ്രീകൃഷ്ണന്‍ തന്റെ സഖാവായ അര്‍ജ്ജുനന് ഉപദേശിക്കുന്ന രീതിയിലാണല്ലോ പ്രതിപാദിക്കപ്പെടുന്നത്. ഇങ്ങിനെ ഉപനിഷത്തുകള്‍ ഓരോന്നിനും അതിന്റെതായ പ്രത്യേകതയും ആഖ്യാനവിശേഷതയും ഉണ്ട്. ഇങ്ങനെയൊക്കെ വ്യത്യാസമുണ്ടെങ്കിലും ‘ഏതദ്ധ്യേതക്ഷരം ബ്രഹ്മഃ ഏതദ്ധ്യേതക്ഷരം പരം’ എന്ന രീതിയില്‍ ക്ഷയിക്കാത്തതും പരമവുമായ ബ്രഹ്മത്തെ ആധാരമാക്കിയിട്ടുള്ള പഠനമാണ് എല്ലാ ഉപനിഷത്തിലും കാണുന്നത്.

കഠോപനിഷത്തില്‍ ധര്‍മ്മദേവനും, മൃത്യുദേവനുമായ യമന്റെ അടുത്ത് നചികേതസ് എന്ന ബാലന്‍ എത്തിച്ചേരുന്നു. അവനുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കുന്ന രീതിയിലാണ് കഠം എഴുതപ്പെട്ടിരിക്കുന്നത്. ബ്രഹ്മവിദ്യ പഠിക്കാന്‍ വേണ്ട ശ്രദ്ധാവൈരാഗ്യാദികള്‍ തന്റെ ശിഷ്യനാവാന്‍ വന്നിരിക്കുന്നവനുണ്ടോ എന്ന് ആദ്യമായി ശിഷ്യനെ പരീക്ഷിക്കുന്നു. ശിഷ്യന്‍ തൃപ്തനെന്നു കണ്ടിട്ട് വിദ്യയേപ്പറ്റി ഉപദേശം തുടങ്ങുന്നു. വിദ്യ പരയെന്നും, അപരയെന്നും രണ്ടുവിധത്തിലുണ്ടെന്നും അതില്‍ പരാവിദ്യയാണ് മോക്ഷമാര്‍ഗ്ഗത്തിനുള്ള വിദ്യയെന്നും അപരാവിദ്യ ഉദരപൂരണത്തിലുള്ള അവിദ്യയാണെന്നും പറയുന്നു. വിദ്യയിലൂടെ അക്ഷരബ്രഹ്മത്തില്‍ എത്തിച്ചേരുന്നതിലുളള മാര്‍ഗ്ഗങ്ങള്‍ ഓരോന്നായി വിശദീകരിക്കുന്നു. അതിനായിജ്ഞാനിയായ ഗുരുവിനെ സ്വീകരിക്കേണമെന്നും ആ ഗുരു അവിദ്യയില്‍വര്‍ത്തിക്കുന്നവനും ജ്ഞാനാന്ധനാകരുതെന്നും പറയുന്നു. അങ്ങിനെയായാല്‍ വഴിയറിയാത്ത അന്ധനെ വഴിയറിയാത്ത മറ്റൊരന്ധന്‍ നയിക്കുന്നതുപോലെ ലക്ഷ്യപ്രാപ്തിയില്‍ എത്താതെ ജന്മം നശിച്ചുപോകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പിന്നീട് തടസ്ഥാദി ലക്ഷണങ്ങള്‍ വിശദീകരിക്കുന്നു. ബ്രഹ്മം ഇങ്ങിനെയൊക്കെയുള്ളതാണെങ്കിലും എന്തുകൊണ്ട് നമുക്ക് അനുഭവയോഗ്യമാകുന്നില്ല? അതിന്റെ കാരണവും പറയുന്നു. സ്വയംഭൂവായ ബ്രഹ്മം തന്നെ മനസ്സിലാക്കാതിരിക്കാന്‍ ഇന്ദ്രിയങ്ങളെ ഹനിച്ചെന്നും അങ്ങനെ ഹനിച്ചതുകൊണ്ട് അവ ഒരു വശത്തേക്കു മാത്രം അതായത് പുറത്തേക്കുമാത്രം തുറക്കുന്നവയായിത്തീര്‍ന്നു. അകത്തേക്ക് അടഞ്ഞിരിക്കുന്ന സ്വഭാവം ഇന്ദ്രിയങ്ങള്‍ക്കുള്ളതുകൊണ്ട് ഉള്ളിലിരിക്കുന്ന ബ്രഹ്മഭാവത്തെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവയോഗ്യമാകുന്നില്ല. അതുകൊണ്ട് ധീരനായ ഉത്തമനായ മനുഷ്യന്‍ ക്ലേശം സഹിച്ചും പുറത്തേക്കു തുറന്നതായ ഇന്ദ്രിയത്തെ പുറത്തേക്ക് അടച്ചും അകത്തേക്ക് തുറന്നും ഉള്ളിലിരിക്കുന്ന ആത്മാവിനെ കാണാന്‍ ശ്രമിക്കണം എന്നു പറയുന്നു. അങ്ങനെ അന്തര്‍സ്ഫുരണങ്ങളായ ഇന്ദ്രിയങ്ങളെകൊണ്ടും അന്തരാത്മാവിനെ കാണാന്‍ സാധിക്കുന്നു.

ഓരോ ശരീരത്തില്‍ ജീവാത്മാവെന്നും പരമാത്മാവെന്നും വ്യത്യാസസ്വഭാവത്തില്‍ പറയപ്പെടുന്നതായ ആത്മാക്കള്‍ വെയിലും, നിഴലും പോലെ ഒരേ ആത്മാവിന്റെ തന്നെ പ്രതിഭയാണെന്നും വെയിലിനെ ആശ്രയിച്ച നിഴലുപോലെ പരമാത്മാവിനെ ആശ്രയിച്ച അവിദ്യ സ്വരൂപമായ നിഴലാണ് ജീവാത്മാവെന്നും വിശദീകരിക്കുന്നു. അതുപോലെ പരമാത്മാവില്‍ ലയിക്കാന്‍ വെമ്പുന്ന ജീവാത്മാവിനെ അമ്പിനോടും വില്ലിനോടും താരതമ്യപ്പെടുത്തുന്നു. പ്രണവമന്ത്രമാകുന്ന ഉപനിഷത്ത് പ്രസിദ്ധമായവയില്‍ ജീവാത്മാവാകുന്ന അമ്പിനെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തെ അപ്രമത്തേനവേധിയില്‍ ജീവാത്മാവ് പരമാത്മാവാകുന്ന പരമ ലക്ഷ്യത്തില്‍ തറച്ച് ബ്രഹ്മസായൂജ്യം ലഭിക്കും എന്നാണ് ഈ മനോഹരമായ ഉപമകൊണ്ട് ഉപനിഷത്തുകാരന്‍ വിശദീകരിക്കുന്നത്.

യാതൊരുവനാണോ തന്റെ മനസ്സിലിരിക്കുന്ന സര്‍വകാമക്രോധ ലോഭമോഹാദികളായ മനോമാലിന്യങ്ങളെ ജ്ഞാനയോഗം വഴി നശിപ്പിക്കുന്നത് അവന്‍ ബ്രഹ്മസായൂജ്യം പ്രാപിക്കുന്നു. അതുപോലെതന്നെ യാതൊരുവനാണോ അവന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഹൃദയഗ്രന്ഥിയെ യോഗാദി പ്രക്രിയകള്‍കൊണ്ട് ഭിന്നമാക്കുന്നത് അവനും ബ്രഹ്മസായൂജ്യം ലഭിക്കുന്നു. യോഗികള്‍ അംഗുഷ്ഠമാത്ര പരിണാമിയായ പുരുഷനെ (ജീവനെ) ഹൃദയമദ്ധ്യത്തില്‍ യോഗത്താല്‍ ദര്‍ശിക്കുന്നെന്നും ആ അംഗുഷ്ഠരൂപി സൂര്യനുതുല്യം പ്രകാശിക്കുന്നതും സങ്കല്പാഹങ്കാരാദികളോടു കൂടിയ ജീവഗ്രന്ഥിയാണെന്നും, അങ്ങിനെയുള്ള ആ ജീവഗ്രന്ഥിയെ യോഗശാസ്ത്രപ്രകാരം പൊട്ടിച്ച് ജീവന് പരമമായ ബ്രഹ്മസായൂജ്യത്തില്‍ ലയിക്കാമെന്നും കഠോപനിഷത്തിലൂടെ ധര്‍മ്മരാജാവായ യമന്‍ തന്റെ ശിഷ്യനായ നചികേതസിന് ഉപദേശിക്കുന്നു.

മുണ്ഡകോപനിഷത്തില്‍ മറ്റൊരുവിധത്തിലാണ് ബ്രഹ്മസായൂജ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു. അതിനു മറുപടി നല്‍കുന്നതിപ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ ഈ ക്കാണായതെല്ലാം ഉണ്ടാകുന്നത് യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം. ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെവിടുന്നു. ഭൃഗുവിനോടു പറയുന്നു. വീണ്ടും തപസിനുശേഷം മനസ്സിലായി പ്രാണനാണു ബ്രഹ്മം എന്ന് കാരണം പ്രാണന്‍ ഉണ്ടായപ്പോഴാണല്ലോ ജീവികള്‍ ഉണ്ടായത്. പ്രാണന്‍കൊണ്ടാണല്ലോ വര്‍ത്തിക്കുന്നത് പ്രാണന്റെ നാശമാണല്ലോ ജീവനാശവും, അതുകൊണ്ട് പ്രാണന്‍ ബ്രഹ്മമാകുന്നു എന്ന് കഠിനമായ തപസ്സിനുശേഷം ഗുരുവിനോടുപറഞ്ഞു. ഗുരു പറഞ്ഞു പോരാ മകനേ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു തപസ്സിനായിപ്പോയി. കഠിന തപസ്സുകൊണ്ട് വീണ്ടും ഭൃഗുവിന് മനസ്സിലായി മനസ് ബ്രഹ്മമാകുന്നു എന്ന്. കാരണം മനസ്സുണ്ടാകുമ്പോഴാണല്ലോ സര്‍വ്വതിലും ഞാനെന്ന ഭാവം ഉണ്ടാകുന്നത്. മനസ്സുകൊണ്ടുതന്നെ വര്‍ത്തിക്കുകയും മനസ്സിനുള്ളില്‍ നശിക്കുകയും ചെയ്യുമല്ലോ. അതുകൊണ്ട് മനസ്സ് ബ്രഹ്മമാകുന്നു എന്ന്. ഗുരുവിനെ ധരിപ്പിച്ചു. ഗുരു പോരാ മകനേ വീണ്ടും തപസ്സു ചെയ്യൂ എന്നു വീണ്ടും കഠിനമായ തപസ്സുകൊണ്ട് ഭൃഗുവിനു മനസ്സിലായി വിജ്ഞാനം നശിച്ചാല്‍ സര്‍വ്വതും നശിക്കുകയും ചെയ്യുന്നല്ലോ അതുകൊണ്ട് വിജ്ഞാനം ബ്രഹ്മം ആകുന്നൂവെന്ന് ഗുരുവിനെ ധരിപ്പിച്ചു.ഗുരുപറഞ്ഞു പോരാ മകനെ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു കഠിനതപസ്സനുഷ്ഠിച്ചു. തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞൂ ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു.

ഇവിടെ മുണ്ഡകത്തില്‍ ബ്രഹ്മത്തെ നാം സ്വയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അതിന് പക്വതയെത്തിയ ഗുരുവിന്റെ ആവശ്യവും സഹിഷ്ണുതയും താല്പര്യബോധവും വൈരാഗ്യവും അത്യന്താപേക്ഷിതമാണ്. ബ്രഹ്മജ്ഞാന സമ്പാദനത്തിന് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇവ ഇല്ലാതെ ഒരു കാരണവശാലും ആ സ്ഥാനത്ത് എത്തിപ്പറ്റുകയില്ല.

ഇനി മറ്റൊരുപനിഷത്തുണ്ട്. ബ്രഹ്മഭാവത്തെത്തന്നെ വിശദമായി വിവരിക്കുന്നു. പദാര്‍ത്ഥ പരിമാണു ആറ്റമാണെന്നു കണ്ടിട്ട് വീണ്ടും അതിനെ പരിഛേദിച്ചിട്ട് അതിലെയും സൂക്ഷ്മഘടകങ്ങള്‍ ന്യൂക്ലിയസും ഇല്‌ക്ട്രോണും മറ്റുമാണെന്നു വിശദീകരിച്ച് സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്നതുപോലെ എല്ലാം ബ്രഹ്മമാണ് അഥവാ പ്രണവമാണ് എന്നു മനസ്സിലാക്കിയ ഋഷികള്‍ അതിനെ വീണ്ടും വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. ശബ്ദാടിസ്ഥാനത്തില്‍ അ,ഉ,മ എന്നും മനസ്സിന്റെ തലത്തില്‍ ജാഗ്രത്, സ്വപ്തം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളെയും ഈശ്വരന്റെ തലത്തില്‍ വൈശ്വാനരന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ അവസ്ഥകളും മറ്റും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്യുന്നു. മാണ്ഡൂക ഉപനിഷത്തില്‍ അവയെ പരസ്പരം ബന്ധിച്ച് വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉപനിഷത്തുകളുടെ രാജാവ് എന്ന നിലയില്‍ വര്‍ത്തിക്കുന്ന മാണ്ഡൂക്യോപനിഷത്ത് അവയെ വിശദമായി വിശകലനം ചെയ്യാന്‍ ഗൗഡപാദാചാര്യര്‍ ഗൗഡപാദകാരിക തന്നെ എഴുതുകയുണ്ടായി. ഈ മാണ്ഡൂക്യകാരികയും ഒരു പ്രത്യേക ഉപനിഷത്തായി ഗണിക്കപ്പെട്ടുപോരുന്നു. ബ്രഹ്മഭാവത്തിന്റെ പരമാണു രൂപത്തിലേക്കിറങ്ങിച്ചെയ്യുന്ന ബ്രഹ്മസൂക്ഷ്‌മോപാസന ഈ മാണ്ഡൂക്യോപനിഷത്തിലാണ് വിവരിക്കപ്പെടുന്നത്.

ഇങ്ങനെ ഓരോ ഉപനിഷത്തും ഓരോ വിധത്തിലാണ് ബ്രഹ്മത്തെ അഭിമുഖീകരിക്കുന്നത്. മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ബ്രഹ്മപ്രാപ്തിതന്നെയാണെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായല്ലോ. എല്ലാ ഉപനിഷത്തുകളുടെയും ആഖ്യാനവിഷയം ബ്രഹ്മം തന്നെ.

സൃഷ്ടി നാടക ചക്രം

സൃഷ്ടി നാടക ചക്രം

നമ്മൾ ഇവിടെ എന്തിന് വന്നു

ഈ ലോകത്ത് കാണപ്പെടുന്ന ലക്ഷക്കണക്കിനു വ്യത്യസ്ഥ വേഷങ്ങളുടെ ( മനുഷ്യരുടെ) ജീവിത ഉദ്ധേശമെന്താണ്? ജീവിതത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന നിരവധി രംഗങ്ങളുടെ കാരണമെന്താണ്  ആദ്യന്ത്യരഹിതമായ ഈ സൃഷ്ടിചക്രത്തിന്‍റെ രഹസ്യങ്ങൾ എന്തെല്ലാമാണ്? ഒരു ദിവസം ആരംഭിച്ച് ഇനി ഒരിക്കൽ അവസാനിക്കുവാനുള്ള പ്രയാണത്തിലാണോ ഈ പ്രപഞ്ചം ?  അതോ ആദ്യമോ അവസാനമോ ഇല്ലാത്തതും കർമ്മങ്ങളുടെയും കർമ്മഫലങ്ങളുടെയും പുനരാവർത്തനങ്ങളിലൂടെ ചുറ്റികൊണ്ടിരിക്കുന്ന ഒരു ചാക്രിക സ്വഭാവമാണോ  ഈ പ്രപഞ്ചത്തിനുള്ളത്?

സമയമാകുന്ന ചക്രം അനാദിയാണ്.

അനാദി എന്ന ശബ്ദത്തെക്കുറിച്ച് ഗ്രഹിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. ചിന്താതലം അത്രത്തോളം ഉയർന്നവർക്കു മാത്രമെ അനാദിയായ ഒരു പ്രപഞ്ച വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ. ആദിയുമില്ല, അന്ത്യവുമില്ല. സൃഷ്ടിയുമില്ല മഹാപ്രളയവുമില്ല.  ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ?  അഥവാ ഈ മഹാവിശ്വ നാടകം ഒരു നിശ്ചിത കാലത്തിൽ ആരംഭിച്ചതാണെങ്കിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നതായിരിക്കും. ലോകത്തിൽ രണ്ടു തരം സമയഗണന വ്യവസ്ഥയുണ്ട്. ഒന്ന് ലീനിയർ  സ്പേസ് ടൈം, രണ്ട് സൈക്ലിക്ക് സ്പേസ് ടൈം. ഇവിടെ പറയുന്ന വിഷയങ്ങൾ ലീനിയർ സ്പേസ് ടൈം ചിന്താഗതി ഉപയോഗിച്ച് മനസ്സിലാക്കുവാൻ കഴിയില്ല. ഇവിടെ കൊടുത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ സൃഷ്ടിയുടെ പുനരാവർത്തനമാണ് വ്യക്തമാവുന്നത്. ഋതു ചക്രം, ദിനരാത്രചക്രം, ഭൂമിയുടെ പരിക്രമണം ഇവയെല്ലാം സദാ പുനരാവർത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നില്ലെ. അതുപോലൊരു ചക്രം തന്നെയാണ് യുഗചക്രം. ഒരു ഘടികാരത്തിലെ സൂചി വൃത്താകാരത്തിൽ ചുറ്റി തുടങ്ങിയ ഭാഗത്തു തന്നെ തിരിച്ചെത്തുകയും വീണ്ടും ചുറ്റുകയും ചെയ്യുന്നതുപോലെ. മഹാസൃഷ്ടിയുടെ സ്ഥിതിഗതികളെല്ലാം കാലാന്തരത്തിൽ പുനരാവർത്തിക്കുന്നതാണ്. മനുഷ്യ കുലത്തിനെയും ഈ പുനരാവർത്തനം ബാധിക്കുന്നതുമാണ്.

നാടക ചക്രം

ഈ മഹാനാടകത്തിന്‍റെ ചക്രം മനുഷ്യാത്മാക്കളഉടെ ഒരു കഥ കൂടിയാണ്. ഈ ചക്രത്തിന്‍റെ ആദ്യപകുതി ഉയർച്ചയുടെയും ശിഷ്ട പകുതി താഴ്ചയുടേതുമാണ്. അതുപോലെ ജയം – പരാജയം, സന്തോഷം- സങ്കടം, ജ്ഞാനം-അജ്ഞാനം, സ്വാതന്ത്ര്യം- പാരതന്ത്ര്യം, ഈശ്വരീയത- ആസുരീയത, ഇങ്ങനെയുള്ള രണ്ടു എതിർധ്രുവ ഗുണങ്ങൾ ഈ ചക്രത്തിന്‍റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി മനുഷ്യാത്മാക്കളിൽ കാണപ്പെടുന്നു. അഞ്ച് യുഗങ്ങളിലൂടെയാണ് ഈ ചക്രം മുന്നേറുന്നത്. ഇതിലെ അഞ്ചാമത്തെ ചെറിയ യുഗം പഴയ ചക്രത്തിന്‍റെ പരിസമാപ്തിയും പുതിയ ചക്രത്തിന്‍റെ ആരംഭവും സംഭവിക്കുന്ന യുഗമാണ്. മനുഷ്യാത്മാക്കൾ ഈ യുഗത്തിൽ എത്തുന്ന സമയത്ത് പൂർണ്ണമായും ഊർജ്ജക്ഷയം സംഭവിച്ചിരിക്കും. പുതിയ സ്വർണ്ണിമ യുഗത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി ആത്മാക്കൾക്ക് ഊർജ്ജം നിറച്ചു നൽകാനായി പരമോന്നത ഊർജ്ജ സ്രോതസ്സായ പരമാത്മാവ് ഈ യുഗത്തിലാണ് ഈ നാടകചക്രത്തിലാണ് ഇടപെടുന്നത്.

സ്വർണ്ണിമ യുഗം ( സത്യയുഗം)

സൃഷ്ടിചക്രത്തിന്‍റെ പുലർകാലമെന്ന് ഈ യുഗത്തെ പറയാം പൂർണ്ണമായ പവിത്രതയുടെ, സ്നേഹത്തിന്‍റെ, ശാന്തിയുടെ, സന്തോഷത്തിന്‍റെ, ദിവ്യതയുടെ, സത്യതയുടെ യുഗമാണിത്. ഇന്നു നമ്മൾ സമത്വമെന്ന വിഷയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു എന്നാൽ അസമത്വം അതുപോലെ തന്നെ നിലനിൽക്കുന്നു.  ഒരു കാലത്തും ഇവിതെ സമത്വം ഉണ്ടായിരുന്നില്ല എങ്കിൽ ഈ ഇല്ലാത്ത സങ്കല്പത്തിനു വേണ്ടി ആരും പ്രയത്നിക്കില്ലായിരുന്നു. സമത്വം എന്നത് ഒരു മാനസികാവസ്ഥയാണ്. അതിനർത്ഥം എല്ലാവരും ഒരുപോലെ എന്നല്ല. ഭൌതിക ലോകത്തിൽ നിൽക്കുന്ന വ്യത്യസ്ഥതയുടെ ആധാരത്തിൽ പരസ്പരം കാണാതെ അങ്ങോട്ടും ഇങ്ങോട്ടും ആത്മാക്കളായി കണ്ട് സഹകരിച്ചും സമർപ്പിച്ചും, സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന അവസ്ഥയാണ് സമത്വം. ഇത്തരത്തിലുള്ള ഒരു സമത്വം നിലനിന്നിരുന്നത് സത്യയുഗത്തിലായിരുന്നു. അന്നത്തെലോകത്തെ സ്വർഗ്ഗമെന്നും അന്ന് ജീവിച്ചിരുന്നവരെ ദേവി-ദേവതകളെന്നും വിളിക്കാം. ആത്മാക്കൾ തന്‍റെ നൈസർഗ്ഗികമായ ഗുണങ്ങളിലും കലകളിലും രമിച്ച് ജീവിക്കുന്ന ജീവൻമുക്താവസ്ഥയാണ് സത്യയുഗത്തിൽ ഉള്ളത്.

വെള്ളി യുഗം (ത്രേതായുഗം)

നാടകത്തിലെ രണ്ടാമത്തെ രംഗമാണിത്. ആദ്യരംഗത്തിലുള്ള സുഖമോ സമൃദ്ധിയോ രണ്ടാം രംഗത്തിലില്ല. ആത്മാക്കൾ ഈ യുഗത്തിൽ നൈസർഗിക ഗുണമൂല്യങ്ങളിൽ നിന്ന് അല്പ സ്വല്പം വ്യതിചലിച്ച് തുടങ്ങിയിരിക്കും. പക്ഷെ അത് അവർ അറിയുന്നില്ല. നാടകത്തിലെ അഭിനേതാക്കളുടെ എണ്ണം വർദ്ധിക്കും എന്നാൽ ഗുണം കുറയും. പുനർജന്മത്തിലൂടെ സഞ്ചരിച്ച് ഊർജ്ജം ക്ഷയിക്കുന്നതിനാൽ ഈ ഗുണശോഷണം അനിവാര്യമാണ്. പുതിയ ആത്മാക്കൾ നാടകത്തിലേക്ക് പ്രവേശിക്കുകയും വന്നെത്തിയവരെല്ലാം പുനർജനിക്കുകയും ചെയ്യുന്നതിനാൽ ജനസംഖ്യാവർദ്ധനവും സ്വാഭാവികം തന്നെ. രാവിലെ ഉണർന്നപ്പോൾ ഉണ്ടായിരുന്നത്ര ഉന്മേഷം മദ്ധ്യാഹ്നമാകുന്ന സമയത്ത് ഉണ്ടാവില്ല. അതുപോലെ സൃഷ്ടിയുടെ മദ്ധ്യാഹ്നമാകുന്ന സമയത്തും ആത്മാക്കളുടെ ബോധതലത്തിൽ വലിയ പരിവർത്തനങ്ങൾ സംഭവിക്കും. ഈ യുഗത്തിന്‍റെ അന്ത്യത്തിൽ തന്‍റെ ആത്മീയ വ്യകതിത്വവും അതിൽ നിന്ന് ഉദ്ഭവിക്കുന്ന സംസ്കാരവും മറയപ്പെടും.  ദേഹബോധത്തിൽ അതിഷ്ഠിതമായ ഒരു മിഥ്യയായ വ്യക്തിത്വം രൂപവൽകരിക്കപ്പെടും. അതോടെ മൂന്നാമത്തെ യുഗം ആരംഭിക്കും.

ദ്വാപരയുഗം

സൃഷ്ടിയുടെ സായാഹ്നം ആരംഭിക്കുകയായി. അഭിനേതാക്കൾ ക്ഷീണിച്ചിരിക്കുന്നു. ഒരല്പ ശാന്തിക്കും സ്നേഹത്തിനുമായുള്ള ദാഹത്താൽ അവർ ഈശ്വരാന്വേഷണമാരംഭിക്കുന്നു. എന്നാൽ തന്റെ ആത്മസ്വരൂപത്തിന്‍റെ വിസ്മൃതികൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ വന്നുചേരുന്നത് ആത്മാവിനെ തിരിച്ചറിയാതെ ചെയ്യുന്ന ഈശ്വരാരാധനകൾപോലും ഈ സമയത്ത് ഭിന്നതകൾ സൃഷ്ടിക്കുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. തന്മൂലം അനവധി മാർഗ്ഗങ്ങൾ (മതങ്ങൾ) ഈശ്വരനെ അറിയുവാനായി തുറന്നിട്ടും ആത്മാക്കൾ അനുഭവിക്കുന്ന ശൂന്യതയും പ്രശ്നങ്ങളും വർദ്ധിച്ചുവരുകയാണ് ചെയ്തത്. വിശ്വശാന്തിയുടെയും അളവ് കുറഞ്ഞു വരുകയാണ് ചെയ്യുന്നത്. സംഘർഷങ്ങളാണെങ്കിൽ കൂടുകയും ചെയ്യുന്നു. ഇരുട്ടിൽ ഉഴലുന്ന സമൂഹം പ്രകാശത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നത് ഈ യുഗത്തിലാണ്. ആദ്യം നിരാകാരമായ ഈശ്വരനെ ഉപാസിച്ചുകൊണ്ട് ഈ യുഗത്തിൽ ഭക്തി ആരംഭിക്കുന്നു. പിന്നീട് ദേഹബോധത്തിന്‍റെ തീക്ഷ്ണത കൂടുന്നതിനനുസരിച്ച് ഈശ്വരനെ വിവിധതരം രൂപങ്ങളിൽ ആരാധിക്കുന്ന സംസ്കാരവും ഉടലെടുത്തു. ഭൌതീക സമൃധിയിലൂടെ സുഖ-ശാന്തി നേടാമെന്ന തെറ്റിധാരണയും ആത്മാക്കളിൽ വളർന്നു. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നീ ദുർവ്വികാരങ്ങൾ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുവാൻ തുടങ്ങി. ഭൂമിയിലെ സ്വർഗ്ഗം നരകത്തിന് വഴിമാറിക്കൊടുത്തു. അതോടെ ഇരുണ്ട യുഗം ആരംഭിക്കുന്നു.

ഇരുണ്ട യുഗം

മനുഷ്യാത്മാക്കളുടെ നാടകാഭിനയം നാലാം പാദത്തിലെത്തുന്ന കാലത്തെ കലികാലമെന്നു പറയുന്നു. സൃഷ്ടിയുടെ രാത്രിയാണിത്. ഇവിടെ ആത്മാക്കൾ അജ്ഞാനത്തിന്‍റെ ഗാഢ നിദ്രയിലായിരിക്കും. അതായത് ആത്മാവിലെ ഗുണങ്ങളാകുന്ന വെളിച്ചം ക്ഷയിച്ച് അന്ധകാരം നിറഞ്ഞ അവസ്ഥയിൽ എത്തും. അധാർമ്മികപരമായ ശീലങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും മനുഷ്യ ശൃംഗല ബന്ദിക്കപ്പെട്ടുപോയിരിക്കും. വിഷാദവും ഉത്കണഠയും അസ്വസ്ഥതയും മാനവജനതയുടെ മാനദണ്ടമായി വ്യാപിക്കാൻ ആരംഭിക്കും. ഈ സമയത്ത് വിശ്വം മുഴുവനും പല ഭാഗങ്ങളായി ഭാഗിക്കപ്പെടുന്നു, തന്റെ ഔചിത്യത്തിനും താൽപര്യത്തിനും അനുസരിച്ച് സ്വരൂപിച്ചിട്ടുള്ള ശക്തികൾ ഉപയോഗിച്ച് പരസ്പരം അവർ മത്സരിക്കാൻ തുടങ്ങുന്നു. ധർമ്മം നടപ്പിലാക്കേണ്ടവരിലും അധർമ്മം കുടികൊള്ളുന്ന കാലമായിരിക്കും ഇത്. വ്യക്തിത്വവും കുടുംബങ്ങളും സാമൂഹിക വ്യവസ്ഥയും തകിടം മറിയുന്ന കാലഘട്ടമാണിത്. എന്നാൽ ഈ ഘോര രാത്രിയിൽ  ഭൂമിയിൽ ജീവാത്മാക്കൾ ക്രമാതീതമായി വർദ്ധിക്കുന്നു. ഭൂമിയുടെ നൈസർഗിക സ്രോതസ്സുകൾ ദുരുപയോഗം ചെയ്യപ്പെട്ട് പ്രകൃതിയും അതിന്റെ സന്തുലനം വീണ്ടെടുക്കുവാനായി കേഴുന്ന സമയമാണിത്. എന്നാൽ പ്രതീക്ഷയുടെ ഒരു പുതുകിരണം ഈ യുഗത്തിന്‍റെ അവസാന സമയത്ത് കാണപ്പെടും. പൂർണ്ണ അന്ധകാരത്തിൽ നിന്ന് സൃഷ്ടിയുടെ പുതു പ്രഭാതത്തിലേക്കുള്ള പരിവർത്തനത്തിന്‍റെ സമയമാകും. അതോടെ പുരുഷോത്തമ സംഗമയുഗം ആരംഭിക്കും.

വജ്രയുഗം

ഇവിടെ നാടകത്തിലെ സംവിധായകനാണ് ആദ്യത്തെ അഭിനേതാവ്. നാടകവേദിയിലെ ഒരു കോണിൽ വളരെയധികം നിശബ്ധമായി പരമാത്മാവ് അതീവ രഹസ്യമായി പ്രത്യക്ഷപ്പെടുന്നു, എന്നിട്ട് മനുഷ്യ ജീവിതത്തിന്‍റെ കഥയെക്കുറിച്ചുള്ള രഹസ്യത്തിന്‍റെ ചുരുളഴിക്കുന്നു. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചുള്ള സത്യത, ആത്മാവും പരമാത്മാവുമായുള്ള സത്യമായ ബന്ധം, ആത്മാവിനകത്ത് നിദ്രപൂണ്ടിരിക്കുന്ന അനന്ദശക്തികളെക്കുറിച്ചുള്ള ജ്ഞാനം എന്നിവ സമസ്ത മാനവരാശിക്കും പ്രദാനം ചെയ്യുന്നു. എന്നാൽ ഈശ്വരന്‍റെ പേരിൽ പലരും പല അഭിപ്രായങ്ങളുമായി അണിനിരന്നിരിക്കുന്ന ഈ കാലത്ത് സത്യം പലരും വിശ്വസിക്കാതാകും. ഈ സത്യമായ ജ്ഞാനം  അഭിനേതാക്കളായ ആത്മാക്കളുടെ സ്മൃതി തലങ്ങളലേക്ക്  സ്വാധീനിക്കുകയും കഴിഞ്ഞുപോയ യുഗങ്ങളിലെ പ്രഭാവത്തെക്കുറിച്ച് ബോധവാൻമാരാവുകയും ചെയ്യുന്നു. സംഗമയുഗമെന്ന ഈ പുലർകാലത്തിൽ  ജ്ഞാനസൂര്യനായ പരമാത്മാവിനെ നോക്കി കണ്ണു തുറക്കുന്നവരെ രാജയോഗികൾ എന്നു വിളിക്കുന്നു. ദൈവീകതയിൽ നിന്നും ആസുരീയതയിലേക്ക് ഞങ്ങളെങ്ങനെ എത്തിചേർന്നു എന്ന് ആത്മാക്കൾക്ക് ബോധ്യമാകന്നു. ഒരിക്കൽക്കൂടി ആത്മാവ് പൂർണ്ണത നേടേണ്ട സമയമായെന്നും അതിനായി തന്‍റെ ഉള്ളിലേക്ക് പതുക്കെ-പതുക്കെ ആഴ്ന്നിറങ്ങേണ്ടത് ആവശ്യമാണെന്നും ആത്മാക്കൾ തിരിച്ചറിയുന്നു. ഈ പൂർണ്ണത നേടിക്കഴിഞ്ഞാൽ പഴയ നാടകത്തിന് തിരശ്ശീല വീഴും. പിന്നീട് തിരശ്ശീല ഉയരുന്ന സമയത്ത് കാണപ്പെടുന്നത് നവീന സൃഷ്ടിയുടെ സുപ്രഭാതമായിരിക്കും. എന്നാൽ ഇത് വളരെ സാവധാനത്തിൽ നടക്കുന്ന സംഗമയുഗത്തിലെ ആത്മീയ വിപ്ലവത്തിലൂടെയാണ് സാധ്യമാവുക. ഇപ്പോൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ചേക്കേറുവാൻ സദാ വെളിച്ചമായിരിക്കുന്ന ഈശ്വരൻ നമ്മെ ക്ഷണിക്കുകയാണ്. ഒരിക്കൽകൂടി പൂർണ്ണത നേടുവാൻ താങ്കൾ തയ്യാറാണോ ?