ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 November 2017

നമുക്ക് എവിടെയാണ് പിഴച്ചത്

നമുക്ക് എവിടെയാണ് പിഴച്ചത്

വൃക്ഷങ്ങളിലേയും പര്‍വ്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആണ്. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്. പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.

ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെടുത്തി പുശ്ചിച്ചുതള്ളിയപ്പോള്‍ അതിന്‍റെയൊന്നും ശാസ്ത്രീയത മനസ്സിലാക്കാന്‍ നമ്മളാരും മെനക്കെട്ടില്ല.
കാവുകളില്‍ എത്രതരം വൃക്ഷങ്ങളാണ് തിങ്ങിനിറഞ്ഞ് വളര്‍ന്നിരുന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമായതിനാല്‍ അവയൊന്നും നശിപ്പിക്കാറില്ലായിരുന്നു. കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിനിലനിന്ന കാവുകള്‍ വെട്ടിക്കളഞ്ഞു. കുളങ്ങള്‍ നികത്തി പകരം നമ്മള്‍ അവിടെ കെട്ടിടങ്ങള്‍ വെച്ചു. ആര്‍ക്കും ശല്യമാകാതെ കാവുകളില്‍ സ്വര്യമായി വസിച്ചിരുന്ന ഇഴജന്തുക്കളെ നമ്മുടെ അടുക്കളയിലേക്കും കൂട്ടിവെച്ച വിറകിന്‍റെ അടിയിലേക്കും എത്തിച്ചത് നമ്മള്‍ തന്നെയല്ലേ? ആ ഇഴജന്തുക്കളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയല്ലേ നാം ഇല്ലാതാക്കിയത്?
ഇന്ന് ലോക ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുള്ള ഒരു പ്രകൃതി സംരക്ഷണ മാര്‍ഗ്ഗമാണ് കാവുകള്‍. കാവുകള്‍ ഒരു മൈക്രോ ഫോറസ്റ്റ് ആയി ഇന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍, കാവുകള്‍ എന്നത് പച്ചപ്പില്ലാതെ വെറും കോണ്‍ക്രീറ്റ് തറയിലേക്കോ നാഗശിലയിലേക്കോ മാത്രം ചുരുങ്ങിയത് ദൗര്‍ഭാഗ്യകരം.

ഏറ്റവും നല്ല ഇടിമിന്നല്‍ രക്ഷാചാലകമായി കാവുകളിലെ ചിതല്‍പുറ്റ് പ്രവര്‍ത്തിക്കുകയും  പ്രത്യേകതരം മിന്നലുകലിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചിതലിന് ചിറകുമുളക്കുകയും ഉപയുക്തങ്ങളായ പുതിയ ജനുസ്സുകള്‍ പരിണമിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങള്‍ കാവിന്‍റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകള്‍ ഇല്ലാതായാല്‍ പുതിയജനുസ്സുകള്‍  ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ലാതാകും എന്നോക്കെയുള്ള അറിവുകള്‍  കാവുകളെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ പ്രചോദനമാകുന്നു.

അന്തരീക്ഷ ശുദ്ധീകരണത്തില്‍ കാവുകള്‍ വഹിക്കുന്ന പങ്ക്കൂടെ അറിയുമ്പോള്‍ ഞെട്ടാതെ തരമില്ല കാരണം ക്ഷേത്രത്തിനുള്ളില്‍ സര്‍പ്പവിഗ്രഹത്തിനു മുമ്പില്‍ കൈകൂപ്പുകയും നൂറും പാലും നല്‍കുകയും, ക്ഷേത്രത്തിന് പുറത്ത് പാമ്പിനെ കണ്ടാല്‍ ആ കൈകൊണ്ട് തന്നെ അവയെ തല്ലി കൊല്ലുകയും ചെയ്യുന്ന വിചിത്ര സ്വാഭാവം നമുക്കുണ്ട്. എന്തുകൊണ്ട് സര്‍പ്പങ്ങളെ ആരാധിക്കുവാന്‍ നമ്മുടെ ഋഷീശ്വരന്മാര്‍ നമ്മളെ പഠിപ്പിച്ചു എന്ന് നമ്മള്‍ ചിന്തിച്ചില്ല !

ഈ ജീവജാലങ്ങള്‍ക്കെല്ലാം പരിശുദ്ധമായ പ്രാണവായുവിനെ തരുന്നതുകൊണ്ടല്ലേ അവയെ ആരാധിക്കാന്‍ പറഞ്ഞത്?, അവയുടെ വംശം നിലനിക്കാന്‍, അവ നമ്മുടെ ശത്രു അല്ലെന്നറിയിക്കാനോക്കെയായിരുന്നില്ലേ അവയെ ആരാധിക്കാന്‍ പറഞ്ഞത്?.

എത്രതരം വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞതായിരുന്നു നമ്മുടെ കാവുകള്‍. ഓരോ നാളുകാര്‍ക്കും നട്ടുപരിപാലിക്കാന്‍ വ്യത്യസ്ത വൃക്ഷങ്ങളെത്തന്നെ നിര്‍ദ്ധേശിച്ച് തന്നിരുന്നു നമ്മുടെ പൂര്‍വ്വികര്‍. അതൊന്നും വളര്‍ച്ചയെത്തിയാല്‍ വെട്ടിവിറ്റ്‌ കാശാക്കാന്‍ പറ്റുന്ന തേക്കും ഈട്ടിയും മാഞ്ചിയവും ഒന്നും അല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഈ മരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു അതുതന്നെയല്ലേ അവര്‍ ആഗ്രഹിച്ചതും?
എന്നാല്‍ നമ്മള്‍ അക്കൂട്ടത്തില്‍ പലതും പാഴ്മരങ്ങളില്‍ പെടുത്തി വെട്ടി നശിപ്പിച്ചു. ബാക്കിയുള്ളതിനെ പരിപാലിക്കാനുള്ള മെനക്കേടോര്‍ത്ത് ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ന്നാല്‍ മതിയെന്ന് നമ്മള്‍ തീരുമാനിച്ചു. ആല്‍മരവും അശോകവൃക്ഷവും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായത് കൊണ്ടാണോ അതോ അതിന്‍റെ മഹത്വം അറിയാന്‍ മേലാഞ്ഞിട്ടാണോ ചിലര്‍ ഇത്തരം വൃക്ഷങ്ങള്‍ നടുന്നതില്‍ മടികാണിക്കുന്നതും എതിര്‍ക്കുന്നതും?!  ആല്‍മരം ക്ഷേത്രങ്ങളിലും ആല്‍ത്തറകളിലും എന്തുകൊണ്ട് സ്ഥാനം പിടിച്ചു എന്നറിയുമ്പോള്‍ ആല്‍മരത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍ കഴിയും. അറബ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നട്ടുവളര്‍ത്തുന്നത്‌ നമ്മുടെ ആല്‍മരവും ആര്യവേപ്പും ഒക്കെയാണെന്ന് അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം.
ഓസോണ്‍ ഉല്പ്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള രണ്ട് സസ്യങ്ങളില്‍ ഒന്ന് ആല്‍മരവും രണ്ടാമത്തേത് തുളസിയുമാണ്. കൂടിയ അളവില്‍ ഓസോണ്‍ വിഷവാതകമാണെങ്കിലും, കുറഞ്ഞ അളവില്‍ ഓസോണ്‍ ഒരു അണുനാശിനിയും ആരോഗ്യദായകവുമാണ്. വായുവിനേക്കാള്‍ ഘനം കൂടിയ ഓസോണ്‍ കാറ്റില്ലാത്ത പ്രഭാത വേളകളില്‍ ആല്‍മരത്തിന് ചുവട്ടില്‍ തങ്ങി നില്‍ക്കുന്നു. ഈ ഓസോണ്‍ സമ്പുഷ്ടമായ വായൂ ശ്വസിക്കുന്നത് ശ്വാസകോശ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഈ അന്തരീക്ഷവായൂ ശ്വസിക്കുവാന്‍ കൂടിയാണ് പ്രഭാതത്തില്‍ ആല്‍മരത്തിന് പ്രദക്ഷിണം വെക്കണം എന്ന് പറയുന്നത്. പ്രദക്ഷിണവേളയില്‍ ആവശ്യത്തിന് ശുദ്ധവായൂ ലഭിക്കാന്‍ വേണ്ടിയല്ലേ ആല്‍മരത്തിന് ക്ഷേത്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദക്ഷിണം (ഏഴുപ്രാവശ്യം) പറഞ്ഞിരിക്കുന്നത്.
അസാഡിറാക്ടിന്‍ തുടങ്ങിയ ആതിശക്തമായ ഔഷധ വീര്യവും അതോടൊപ്പം അണുനാശിനിയുമായ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്ന വേപ്പിനും ആല്‍മരത്തോടൊപ്പം പ്രദക്ഷിണം വെക്കുമ്പോള്‍, നാം അറിയാതെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും മറ്റും പ്രകൃത്യാലുള്ള ചികിത്സയായി ഈ ആചാരങ്ങള്‍ പ്രയോജനപ്പെടുന്നു. അതുകൊണ്ടായിരിക്കണം ആല്‍മരവും ആര്യവേപ്പും ഒന്നിച്ചു നട്ടു വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ ആല്‍മരത്തിനേയും ആര്യവേപ്പിനേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന ഒരു ആചാരം നിലനിന്നിരുന്നത് എന്ന് കരുതാം.

കുളങ്ങള്‍ നികത്തുവാന്‍ പാടില്ലെന്നും, അവയ്ക്ക് ഭൂജലവിധാനവുമായി ഗാഡബന്ധമുണ്ടെന്നും, ഒരു ഗ്രാമത്തിലെ അന്തരീക്ഷ വ്യവസ്ഥിതി സംതുലിതമാക്കി നിലനിര്‍ത്തുന്നതും , ഭൂമിയിലെ ജല സ്രോതസ്സുകള്‍ താഴാതെ നിലനിര്‍ത്തുന്നതും ഈ സംഭരണികളാണ് എന്നൊക്കെ ആധുനിക ശാസ്ത്ര പഠനങ്ങളിലൂടെ തെളിയിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ക്ഷേത്രക്കുളം എന്നത് ക്ഷേത്രങ്ങളുടെ ഭാഗം തന്നെയായിരുന്നു ഇതില്‍ നിന്നൊക്കെ പ്രകൃതിയും സനാതനധര്‍മ്മവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയും.
“പത്ത് കിണര്‍ കുഴിക്കുന്നത് ഒരു കുളം കുഴിക്കുനതിന് തല്യമാണെന്നും പത്ത് കുളം കുഴിക്കുന്നത് ഒരു നദിക്ക് തുല്യണെന്നും പത്ത് നദിയുണ്ടാക്കുന്നത് ഒരു സത്പുത്രന് തുല്യമാണെന്നും അതുപോലെ ഒരു വൃക്ഷം വെക്കുന്നത് പത്ത് പുത്രന്മാര്‍ക്ക് തുല്യണെന്നും പറഞ്ഞ ഉപനിഷത് സന്ദേശത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതിനര്‍ത്ഥം സന്താനോല്പ്പാദനം നിര്‍ത്തി വൃക്ഷം വെക്കാനല്ല, മറിച്ച് വൃക്ഷം നട്ടു വളര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ്‌ നമ്മോട് പറയുന്നത്.

ഒരു കുട്ടി ജനിക്കുമ്പോഴുണ്ടാകുന്ന സന്തോഷ ദിനത്തില്‍ നമുക്ക് കുറച്ച് വൃക്ഷംകൂടെ നട്ട് വളര്‍ത്തിക്കൂടേ? ആ കുട്ടിക്കൊപ്പം ആ വൃക്ഷവും വളരട്ടെ. ആ കുട്ടിയുടെ ഓരോ പിറന്നാളിനും ഇതുപോലെ വൃക്ഷങ്ങള്‍ നടാന്‍ കഴിഞ്ഞാലോ ? ഇതൊരു സംസ്കാരമായി നമുക്ക് വളര്‍ത്തിക്കൊണ്ട് വരാം. ഇത് കണ്ടുവളരുന്ന കുട്ടികള്‍ക്കും, അവരില്‍ നിന്നും തലമുറകളുടെ സംസ്കാരമായി ജാതി- മത ഭേദമന്യേ ഒരു ആചാരമായി മാറാന്‍ നമുക്ക് തുടക്കം കുറിക്കാം.
മരം നടുന്നത് ഭാരതത്തിന്‍റെ ദേശീയ ആചാരവും ആഘോഷവുമാകട്ടെ.

കോണ്‍ക്രീറ്റില്‍ തീര്‍ക്കാത്ത കാവും, കുളങ്ങളും നമ്മുടെ വീടിന്‍റെ ഭാഗവുമാകട്ടെ.

കര്‍മ്മഫലം

കര്‍മ്മഫലം

ആത്യന്തികമായ ആത്മതത്വത്തെ കുറിയ്ക്കുന്ന ഭാഗത്ത്‌ ദര്‍ശനങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും, നിലനില്‍ക്കുന്ന, നാം ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കുന്ന ജഗത്തിനെ പറ്റിയുള്ള വിവരണം വലിയ വ്യത്യാസമില്ല.

ആദ്യം ഒരു ദ്രവ്യം എന്ന അവസ്ഥയിലുള്ള, ഇന്ദ്രിയവേദ്യമായ ഒരു വസ്തു ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും? അല്ലെങ്കില്‍ ആയിരിക്കാം?

ഇന്ദ്രിയവേദ്യമായ രൂപമാണ്‌ ഒരു വസ്തുവിന്റെ ശരീരം

ഏതൊരു വസ്തുവും അനുസ്യൂതമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഒരു പച്ച മാങ്ങ കുറച്ചു ദിവസം വച്ചിരുന്നാല്‍ അത്‌ ക്രമേണ പഴുത്ത്‌ പഴുത്ത മാങ്ങയാകുന്നു. പുളിയുള്ള പച്ച നിറമുള്ള കടൂത്ത ദ്രവ്യം മധുരമുള്ള മഞ്ഞ നിറമുള്ള, മൃദുവായ ഒരു ദ്രവ്യമാകുന്നു. ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ നോക്കിയാല്‍ മങ്ങയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയമല്ല - അവ നമുക്ക്‌ മനസ്സിലാകുന്നില്ല , എന്നാല്‍ സമയദൈര്‍ഘ്യം കൂടുന്നതിനനുസ്സരിച്ച്‌ വ്യത്യാസം മനസ്സിലാക്കത്തക്കവണ്ണം വെളിപ്പെടുന്നു. ഇതിനര്‍ത്ഥം പരിണാമം എന്നത്‌ സൂഷ്മരൂപത്തില്‍ അനുനിമിഷം നടക്കുന്നു എന്നല്ലേ?

(ശരീരം എന്ന വാക്കിന്റെ നിഷ്പത്തി - "ശീര്യതെ ഇതി ശരീരം " = നശിക്കുന്നത്‌ ശരീരം- അനുനിമിഷം നശിക്കുന്നത്‌ എന്നര്‍ത്ഥം)

അതായത്‌ ഒരു നിമിഷത്തില്‍ നാം മനസ്സിലാക്കുന്ന വസ്തു അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുന്‍പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ?

ക്രമമായി ഇങ്ങനെ പരിണാമം നടക്കുന്നതു കൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌ - അല്ലെങ്കില്‍ അതു പച്ചയായി തന്നെ ഇരുന്നേനേ അല്ലേ?

ഇനി ഈ പരിണാമത്തിന്റെ നിയന്താവ്‌ ആരാണ്‌?

അതായത്‌ ഈ പരിണാമത്തിനെ നിയന്ത്രിക്കുന്ന എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ?

ഉണ്ടായിരിക്കണം.

ഇല്ലെങ്കിലോ?

മാങ്ങ പഴുക്കുമ്പോള്‍ പഴുത്ത ചക്ക ഉണ്ടായേക്കാം. അങ്ങനെ എന്തു കൊണ്ട്‌ സംഭവിക്കുന്നില്ല?

അതായത്‌ സധാരണഗതിയില്‍ ഒരു മാങ്ങ വച്ചിരുന്നാല്‍ അത്‌ ഇത്ര ദിവസത്തിനുള്ളില്‍ പഴുത്ത്‌ പഴുത്ത മാങ്ങയാകും എന്ന ഒരു നിയമം ഏതു മാങ്ങയ്ക്കും ഉണ്ട്‌. സാഹചര്യം അനുസരിച്ച്‌ അതിന്‌ അല്‍പസ്വല്‍പം വ്യത്യാസം വരാം

ഉദാഹരണത്തിന്‌ വയ്ക്കോല്‍ കൂട്ടി അതിനകത്തു വച്ചാലോ പുകച്ചാലോ പെട്ടെന്നു പഴുക്കും, ഫ്രിഡ്ജില്‍ വച്ചാല്‍ താമസിച്ചേ പഴുക്കൂ ഇത്യാദി - എന്നല്ലാതെ ഒരിക്കലും മാങ്ങ പഴുത്താല്‍ തേങ്ങയോ ചക്കയോ ഒന്നും ആവുകയില്ല. അത്‌ നിയമം ആണ്‌.

ഈ നിയമം മാങ്ങയ്ക്കു മാത്രമേ ഉള്ളോ?

അല്ല പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും ബാധകം ആണ്‌.

അപ്പോള്‍ പരിണാമം നിശ്ചിതം ആണ്‌. അതിന്റെ നിയമങ്ങളും നിശ്ചിതമാണ്‌ - സാഹചര്യത്തിന്‌ പങ്കുണ്ടെന്നു മാത്രം.

ആ നിശ്ചിതമായ പരിണാമത്തെ നമുക്ക്‌ നിയന്ത്രിക്കുവാന്‍ നമ്മുടെ കയ്യിലുള്ള ഒരേ ഒരായുധം ആണ്‌ നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുക ഏന്നത്‌ - ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന്‌ പൂര്‍വികര്‍ പറഞ്ഞു. 

ആ വാക്കാണ്‌ കര്‍മ്മഫലം

"സുഖസ്യ മൂലം ധര്‍മ്മഃ"  [ചാണക്യസൂത്രം]

"സുഖസ്യ മൂലം ധര്‍മ്മഃ"  [ചാണക്യസൂത്രം]

ജീവനുള്ള ഏതൊരു ജന്തുവും എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതായി കണ്ടാല്‍, അതെന്തിനായിരിക്കാം എന്നതിന്‌ ആത്യന്തികമായ ഒരേ ഒരു ഉത്തരമേ ഉള്ളു - സുഖത്തിന്‌. ഏതെങ്കിലും തരത്തിലുള്ള ഒരു സുഖം അന്വേഷിച്ചാണ്‌ നമ്മുടെ ഒക്കെ ഏതൊരു പ്രവൃത്തിയും.

ഇത്‌ എന്റെ അഭിപ്രായം മാത്രമല്ല. പൗരാണികരായ ആളുകളും ഇതു തന്നെ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞത്‌ സംസ്കൃതത്തില്‍ ഇപ്രകാരമായിരുന്നു -

"സുഖാര്‍ത്ഥാസ്സര്‍വഭൂതാനാം മതാസ്സര്‍വാഃ പ്രവര്‍ത്തയഃ"

സര്‍വങ്ങളായ ഭൂതങ്ങളുടെയും സര്‍വപ്രവൃത്‌തികളും സുഖത്തിനു വേണ്ടിയാകുന്നു.

എന്നാല്‍ ഈ സുഖം എന്നത്‌ എന്താണ്‌?

ഒരോരുത്തരേയും സംബന്ധിച്ച്‌ അതിന്റെ നിര്‍വചനം വ്യത്യസ്ഥമായിരിക്കും. സുഖമായി ഉണ്ണാം, സുഖമായി ഉറങ്ങാം, ഇങ്ങനെ പലതരത്തില്‍ എന്നാല്‍ ഇതൊന്നും ശാശ്വത സുഖങ്ങളല്ല, പിന്നെയോ താല്‍ക്കാലികങ്ങളാണ്‌. (ശാശ്വതമായ സുഖം ഒരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ അവന്‍ താല്‍കാലിക സുഖങ്ങളില്‍ ഭ്രമിക്കുകയില്ലത്രേ.) അതുകൊണ്ട്‌ ശാശ്വതമായ സുഖം ലഭിക്കുന്നതു വരെ ജീവജന്തുക്കള്‍ പ്രവര്‍ത്തനനിരതരായിരിക്കും. 

ശാശ്വതമായ സുഖം എന്നത്‌ ഭഗവത്‌ ഗീതയില്‍ പറയുന്നു...

"സുഖമാത്യന്തികം യത്‌ തത്‌
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം"

ആത്യന്തികമായ ആ സുഖം എന്നത്‌ ഇന്ദ്രിയവിഷയമല്ല, പിന്നെയോ ബുദ്ധിഗ്രാഹ്യമാണ്‌. അത്‌ ബോധത്തിലുണ്ടാകേണ്ടതാണ്‌, അനുഭവത്തിലറിയേണ്ടതാണ്‌.
ഇന്ദ്രിയവിഷയമല്ലാത്ത ആ സുഖമാണ്‌ ഏതൊരു ജീവിയുടെയും ആത്യന്തികലക്ഷ്യം. അതു കിട്ടുന്നതുവരെ അവന്‍ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതു കിട്ടിയാലോ - ദുഃഖജന്മപ്രവൃത്തിദോഷമിഥ്യാജ്ഞാനാദികളൊക്കെ നശിച്ചു എന്ന് അര്‍ത്ഥം.

ഈ ലക്ഷ്യം ആണ്‌ ചാണക്യന്‍ ആദ്യമായി സൂചിപ്പിക്കുന്നത്‌. എന്നിട്ട്‌ അതിലേക്കുള്ള പടികള്‍ ഓരോന്നോരോന്നായി വെളിപ്പെടുത്തിത്തരുന്നു. 

എന്നാല്‍ സുഖം എപ്പോഴാണ്‌ ലഭിക്കുക? - അത്‌ ധര്‍മ്മമുള്ളപ്പോഴേ ഉള്ളു. ഇത്‌ പണ്ടുള്ളവര്‍ പറഞ്ഞു -

"സുഖം ച ന വിനാ ധര്‍മ്മാത്‌
തസ്മാദ്ധര്‍മ്മപരോ ഭവേത്‌"

ധര്‍മ്മമില്ലെങ്കില്‍ സുഖം ഉണ്ടാവുകയില്ല അതുകൊണ്ട്‌ നിങ്ങള്‍ ധര്‍മ്മിഷ്ഠരായിരിക്കൂ.

എന്താണു പോലും ഈ ധര്‍മ്മം?

പണ്ട്‌ മരണശയ്യയില്‍ കിടക്കുന്ന ഭീഷ്മരോട്‌ ഈ ചോദ്യം ചോദിച്ചതാണ്‌. അന്ന്‌ അദേഹം പറഞ്ഞു " ധര്‍മ്മത്തിന്റെ ഗതി സൂക്ഷ്മമാണ്‌" എന്ന്‌.

എന്തൊരു പുലിവാല്‌. ഇങ്ങനൊരുത്തരം കിട്ടാനായിരുന്നു എങ്കില്‍ പിന്നെ ഇങ്ങേരോടു ചോദിക്കണമായിരുന്നൊ?

പക്ഷെ പറഞ്ഞതു നേരല്ലെ? എങ്ങനെ വിശദീകരിക്കും ഇന്നതാണ്‌ ധര്‍മ്മം എന്ന്‌? 

ഓരോരുത്തരും നേരിടൂന്ന ഓരോ അവസ്ഥകള്‍ക്കനുസരിച്ച്‌ ഇന്നിന്നതാണ്‌ ധര്‍മ്മം ഇന്നിന്നതാണ്‌ അധര്‍മ്മം എന്നു നിര്‍വചിക്കുവാന്‍ സാധിക്കുമോ?

ആരെയും അടിയ്ക്കരുത്‌ പാപമാണ്‌ (അല്ലെ?)

ഭാര്യയുമായി രോഡില്‍ കൂടി പോകുമ്പോള്‍ വെള്ളമടിച്ച ഒരുത്തന്‍ അസഭ്യം പറഞ്ഞു പിന്നാലെ കൂടുന്നു, ഒഴിവാക്കുവാന്‍ നോക്കി വേഗം നടന്നു പോകാന്‍ തുടങ്ങുമ്പോള്‍ അവന്‍ ഭാര്യയെ കടന്നു പിടിയ്ക്കുന്നു.

അയ്യൊ തല്ലുന്നത്‌ 'പാപം' അല്ലേ 'ഹിംസ' അല്ലെ -
അവനെ ഗല്‍ത്തായ്ക്ക്‌ പിടിച്ച്‌, നാഭി നോക്കി ഇടംകാല്‍ പൊക്കി ഒരു തൊഴി കൊടുത്ത്‌ താഴെ ഇട്ടിട്ട്‌ നാല്‌ ചവിട്ടു കൂടൂതല്‍ കൊടുത്താല്‍ അത്‌ ധര്‍മ്മം അല്ലാതെ പിന്നെ എന്താണ്

അപ്പോള്‍ പറഞ്ഞു വന്നത്‌ ധര്‍മ്മം എന്നത്‌ വളരെ നിഗൂഢമായ ഒരു തത്വമാണെന്നര്‍ത്ഥം

ഇങ്ങനെ ഒക്കെയുള്ള തത്വങ്ങള്‍ രാജ്യതന്ത്രജ്ഞതയില്‍ ആവശ്യമാണെന്നു കണ്ട്‌ അതിനുണ്ടാക്കിയ സംഹിതയാണ്‌ ചാണക്യസൂത്രം. അതിലെ ആദ്യത്തെ സൂത്രമാണ്‌
മേല്‍ പറഞ്ഞ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന 
" സുഖസ്യ മൂലം ധര്‍മ്മഃ" എന്നത്‌.

ശിവമംഗളം (സ്തോത്രം)

ശിവമംഗളം (സ്തോത്രം) 

ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരീ മനോഹരായ ശാശ്വതായ മംഗളം
സുന്ദരേശ മംഗളം സനാതനായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം

അനന്തരൂപ മംഗളം ചിരന്തനായ മംഗളം
നിരജ്ഞനായ മംഗളം പുരജ്ഞനായ മംഗളം
അചഞചലായ മംഗളം അകിഞ്ചനായ മംഗളം
ജഗച്ഛിവായ മംഗളം നമ:ശിവായ മംഗളം

എന്താണ് ഹിന്ദുമതം?

എന്താണ് ഹിന്ദുമതം?

രാമകൃഷ്ണദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്‌. `ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്‌. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്‌. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്‌. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’

1. സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്‌. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്‌.

2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത്‌ ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്‌. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ്‌ ഹിന്ദുമതത്തിനുള്ളത്‌. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല. (ഉദാ: സല്‍മാന്‍ റഷ്‌ദി + ആയത്തുള്ള ഖൊമേനി.)

3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.

4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.

5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗം മാത്രമാണ്‌ സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.

6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട്‌ ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത്‌ പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്‌. ഉദാഹരണം – ഏതു മതത്തില്‍പെട്ടവനായാലും ജനിക്കുന്നതിനു മുമ്പും മരണത്തിനുശേഷവും ഇന്ന രൂപത്തിലാണെന്നു പറയാന്‍ കഴിയുന്നില്ല. ഇന്ന ഗുണമാണവനുള്ളതെന്നും പറയാനാവില്ല. അതുകൊണ്ട്‌ വ്യക്തമായ അവസ്ഥയാണാദ്യത്തേത്‌ എന്നതിനു സംശയമില്ല. ഈ ശാസ്‌ത്രസത്യം മറ്റു മതങ്ങള്‍ അറിയുന്നില്ല. `ആദിയില്‍ വചനം ഉണ്ടായി’. വചനം വാക്കാണ്‌. വാക്കിനു അര്‍ഥം ഉണ്ട്‌. അര്‍ഥം ഏതെങ്കിലും വസ്‌തുവിനോട്‌ ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ വചനത്തിനു മുന്‍പ്‌ വസ്‌തു വേണമല്ലോ. അതേതു വസ്‌തുവെന്നു കണ്ടുപിടിക്കേണ്ടതുണ്ട്‌.

7. ഹിന്ദുമതം ഒരു ഭൗതികശാസ്‌ത്രവും അതേസമയം ജീവശാസ്‌ത്രവുമാണ്‌. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്‌ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുന്നു. ജീവനെ അടിസ്ഥാനമാക്കിയുള്ള സുഖവും വസ്‌തുവിനെ അടിസ്ഥാനമാക്കിയുള്ള സുഖവും ചര്‍ച്ച ചെയ്‌തു ശരിയേതെന്നു നിര്‍ദേശിക്കുന്നു. തീരുമാനിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്കു തന്നെ നല്‌കിയിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ഏതെങ്കിലും അഭിപ്രായത്തിനടിമയായിത്തീരും. മറ്റു മതങ്ങളില്‍ ഈ ശാസ്‌ത്ര വീക്ഷണവും ദര്‍ശനസ്വാതന്ത്ര്യവുമില്ല.

9. മറ്റു മതങ്ങള്‍ സ്വര്‍ഗം വരെ ചെന്നെത്തുതല്ലാതെ മോക്ഷം എന്തെന്നു വിവരിക്കുന്നില്ല. അതുകൊണ്ട്‌ ദുഃഖസീമയില്‍ തന്നെ അവസാനിക്കുന്നു.

10. വര്‍ഗം, വര്‍ണം, ജാതി, മതം, തേജോഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെല്ലാം ഒരു പൊതുതത്ത്വം കണ്ടെത്തുന്നതില്‍ മറ്റു മതങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുമതം ആ സനാതനതത്ത്വത്തില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഏകത്വം ദര്‍ശിക്കുന്നു. മറ്റുള്ളവയ്‌ക്ക്‌ അതിനു കഴിയുന്നില്ല.

11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട്‌ മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ, സര്‍വജ്ഞനായ പൂര്‍ണത്തെ ഈശ്വരനായി കാണുന്നു.

12. മറ്റു മതങ്ങളില്‍ സൃഷ്‌ടിയും (പ്രകൃതിയും) സൃഷ്‌ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി നിരീക്ഷിച്ചിട്ടില്ല. ഹിന്ദുമതം അതു നിര്‍വഹിക്കുന്നു. ഈശ്വരനില്‍ നിന്ന്‌ അന്യമായി മറ്റൊന്ന്‌ നിലനില്‌ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണനാവുകയില്ല.

13. വ്യക്തിയെ പരിമിതികളില്‍ നിന്ന്‌ അനന്തതയിലേക്കു വളര്‍ത്താനുള്ള ശാസ്‌ത്രം മറ്റുമതങ്ങള്‍ ചര്‍ച്ചചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതം അതു നിര്‍വഹിച്ചിരിക്കുന്നു. ആ ശാസ്‌ത്രമാര്‍ഗം എല്ലാറ്റിനും തുറന്നുകൊടുത്തിരിക്കുന്നു.

14. ഹിന്ദുമതത്തില്‍ നന്മ തിന്മകള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. മറ്റു മതങ്ങള്‍ ആ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.

15. ഹിന്ദുമതത്തില്‍ പ്രകൃതിക്കും ഈശ്വരനും അഭേദം കല്‌പിച്ചിരിക്കുന്നു. വ്യഷ്‌ടിയും സമഷ്‌ടിയും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ശാസ്‌ത്രവും അതംഗീകരിക്കുന്നു. മറ്റു മതങ്ങളില്‍ അങ്ങനെ ഒരു ചിന്താമണ്‌ഡലമില്ല.

16. ഹിന്ദുമതം എല്ലാ മാര്‍ഗങ്ങളെയും അംഗീകരിക്കുന്ന മഹാസമുദ്രമാണ്‌. മറ്റു മതങ്ങള്‍ നദികളും.

17. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. മറ്റു മതങ്ങള്‍ അതില്‍ കുടുങ്ങുന്നു.

18. ഹിന്ദുമതം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാര്‍ഗം (ജീവന്‍ മുക്താവസ്ഥ, ഭാവ സമാധി) നിര്‍ദേശിക്കുന്നു. മറ്റുമതങ്ങള്‍ അങ്ങോട്ടു കടന്നിട്ടേയില്ല.

19. മറ്റു മതങ്ങള്‍ വിഷയസാധനങ്ങളെ വര്‍ണിച്ച്‌ സ്വര്‍ഗസുഖം കണ്ടെത്തുന്നു. ഹിന്ദു സര്‍വവും ത്യജിക്കുന്നതിലൂടെ നിത്യസുഖം കണ്ടെത്തുന്നു. അതു ശാസ്‌ത്രീയം. മറ്റുള്ളത്‌ അശാസ്‌ത്രീയം.

20. ഹിന്ദുമതത്തില്‍ നിത്യത, അനിത്യത എന്നീ തത്ത്വങ്ങള്‍ക്ക്‌ ശാസ്‌ത്രരീത്യാ ഉള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട്‌. മറ്റുള്ള മതങ്ങള്‍ ഒരുവന്റെ അഭിപ്രായവും മറ്റുള്ളവരുടെ വിശ്വാസവും മാത്രം.

21. രാഷ്‌ട്രമീമാംസ, ഗോളശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, ഉത്‌പത്തിശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ആണവശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ഭൂമിശാസ്‌ത്രം, അധ്യാത്മശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, കാമശാസ്‌ത്രം, മോക്ഷശാസ്‌ത്രം, തച്ചുശാസ്‌ത്രം, ധര്‍മശാസ്‌ത്രം, ഗണിതശാസ്‌ത്രം, യോഗശാസ്‌ത്രം എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രങ്ങളും നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്ത്വങ്ങള്‍, പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍, സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ തുടങ്ങിയ ജീവഭാവങ്ങള്‍, അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാസ്‌ത്രങ്ങള്‍, ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്ത്വങ്ങള്‍ ഇവയെല്ലാം ഹിന്ദുമതഗ്രന്ഥങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (താഴെ അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം; മുകളില്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം ) , സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷ സാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍; ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞ; ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം. ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഹൈന്ദവമതശാസ്‌ത്രത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ.

22. `തത്ത്വമസി – അതു നീയാകുന്നു’, എന്നിങ്ങനെ തത്ത്വത്തേയും വ്യക്തിയേയും കാണുന്ന അവസ്ഥയില്‍ നിന്നും ഘട്ടം ഘട്ടമായി വളര്‍ത്തി `പ്രജ്ഞാനം ബ്രഹ്മ’, `അയമാത്മാ ബ്രഹ്മ’, `അഹം ബ്രഹ്മാസ്‌മി’ എന്നുവരെയുള്ള അനന്തത വരെ വളരുവാന്‍ വ്യക്തിക്ക്‌ ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും, വിധി നിഷേധങ്ങളും ക്രമമായി വിവരിച്ചിട്ടുണ്ട്‌. ഈ സങ്കല്‌പമോ സ്വാതന്ത്ര്യമോ മറ്റു മതങ്ങളിലില്ല.

23. വ്യക്തിജീവിതം, കുടുംബജീവിതം, സമൂഹജീവിതം തുടങ്ങിയ മനുഷ്യജീവിതത്തിനു ഉദാത്തമായ ഉദാഹരണം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്‌. മേല്‌പറഞ്ഞ ജീവിതത്തെ ഓരോന്നിനേയും പ്രത്യേകമായും പരസ്‌പരബന്ധത്തോടെയും കൂട്ടിയിണക്കിക്കൊണ്ടുള്ള മാതൃകയും മറ്റൊരിടത്തുമില്ല.

24. ഒരു സാധാരണ കുടുംബത്തിനും അതിനുപരി ഒരു രാജകുടുംബത്തിനും ഒന്നുപോലെ മാതൃക കാട്ടുന്ന ഉദാഹരണവും ഇതുപോലെ മറ്റൊന്നില്ല.

25. ധര്‍മാധര്‍മങ്ങള്‍ നിരൂപിക്കേണ്ടിടത്ത്‌ ആത്മധര്‍മവും ത്യാഗവും നഷ്‌ടപ്പെടാതെ ഇത്രശക്തമായി പ്രതികരിച്ച ധര്‍മസമരസന്ദേശം മറ്റൊരു മതവീക്ഷണത്തിലും സ്ഥാനം പിടിച്ചിട്ടില്ല.

26. ശത്രുമിത്രഭേദം കൂടാതെ ധര്‍മത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഉത്തമോദാഹരണവും സമദര്‍ശിത്വം വിളംബരം ചെയ്യുന്ന മാതൃകയും മറ്റൊരു മതത്തിലും കാണുവാനില്ല.

27. സമൂഹത്തിലെ അസമത്വങ്ങളെയും, ദൗര്‍ബല്യങ്ങളെയും സ്വജനതാത്‌പര്യവും സ്വാര്‍ഥതയും കൂടാതെ നോക്കിക്കാണുന്ന ദര്‍ശനവും ഇതുപോലെ മറ്റെങ്ങുമില്ല.

28. മറ്റു മതങ്ങള്‍ ജീവിതത്തിന്റെ വിവിധ വീക്ഷണത്തിലും സമീപനത്തിലും വളരെ ചുരുങ്ങിയ ചില പശ്ചാത്തങ്ങള്‍ മാത്രമേ ആദര്‍ശത്തിനുവേണ്ടിയുള്ള ചര്‍ച്ചാ മാധ്യമമാക്കിയിട്ടുള്ളു. എന്നാല്‍ ഹിന്ദുമതം പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ദൗര്‍ബല്യങ്ങളേയും പശ്ചാത്തലമാക്കി ജീവിത ചര്‍ച്ചനടത്തിയിട്ടുണ്ട്‌. അവിടെയെല്ലാം ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്‌.

29. പ്രായോഗികമായ പ്രതികരണശേഷി പ്രദാനം ചെയ്യുവാനും മാര്‍ഗനിര്‍ദേശം നല്‌കുവാനും ആദര്‍ശശുദ്ധമായ ജീവിതോദാഹരണം ഇതേപോലെ മറ്റെങ്ങുമില്ല.

30. പക്ഷഭേദമില്ലാത്ത ധാര്‍മികബോധം, സ്വാര്‍ഥതയില്ലാത്ത സമീപനം, നിര്‍മത്സരമായ സമരതന്ത്രം, സാമ്രാജ്യമോഹമില്ലാത്ത രാജ്യതന്ത്രജ്ഞത. ഇതിനെല്ലാം പോരുന്ന ഉദാഹരണവും മറ്റൊരിടത്തുമില്ല. അണുജീവി മുതല്‍ ആഗോളതലം വരെ കൂട്ടിയിണക്കുകയും ഏകത്വം ദര്‍ശിക്കുകയും ചെയ്യുന്ന വീക്ഷണവും ഹിന്ദുമതത്തിലല്ലാതെ മറ്റൊരിടത്തും കാണുവാനില്ല. ഇത്‌ വസ്‌തുനിഷ്‌ഠവും നിഷ്‌പക്ഷവുമായ വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാര്‍ഗമല്ല.