ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 November 2017

പിതൃമേധസൂത്രങ്ങളും ആചാരങ്ങളും

പിതൃമേധസൂത്രങ്ങളും ആചാരങ്ങളും

കല്‍പശാസ്ത്രഗ്രന്ഥങ്ങളുടെ ഭാഗമാണ് പിതൃമേധസൂത്രം. മരണാനന്തര കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ വിവരണങ്ങളാണിതിലുള്ളത്. മന്ത്രത്തോടുകൂടിയ മരണാനന്തര ചടങ്ങുകളില്‍ അനുഷ്ഠിക്കേണ്ട സര്‍വവിധ ആചാരങ്ങളും പിതൃമേധസൂത്രങ്ങളില്‍ നിന്ന് മറ്റു ഗ്രന്ഥങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ബൗധായന പിതൃമേധം, ഭരദ്വാജ പിതൃമേധം, അപസ്തംബ പിതൃമേധം, മാനവ പിതൃമേധം എന്നിങ്ങനെ നാലു പ്രധാന പിതൃമേധഗ്രന്ഥങ്ങളാണുള്ളത്. ചില ഗുഹ്യകര്‍മ്മങ്ങളിലും ശ്രൗത കര്‍മ്മങ്ങളിലും ഈ വിഷയവിവരണം കാണാം. പിതൃമേധഗ്രന്ഥങ്ങളില്‍ പൊതുവെ വിവരിക്കുന്ന വിഷയങ്ങള്‍ ഇപ്രകാരമാണ്.

മരണ സമയത്ത് അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ ജഡവുമായി ശ്മശാന യാത്ര, ചിത ഒരുക്കുന്ന ചടങ്ങ്, മണ്‍കുട സ്ഥാപനം, ദഹന (അഗ്നിയില്‍ ദഹിപ്പിക്കുന്നത്) ക്രിയ, ദഹനാനന്തരകര്‍മ്മം, അസ്ഥിസഞ്ചയനം, ശാന്തി കര്‍മ്മം, സ്‌നാനവിധികള്‍, അശൗചവിധി ചടങ്ങുകള്‍ എന്നിവയുടെ വിവരണങ്ങള്‍ സവിസ്തരം നല്‍കുന്നു. കുഞ്ഞുങ്ങള്‍, അവിവാഹിതര്‍, കുമാരി-കുമാരന്മാര്‍, രോഗികള്‍ എന്നിവരുടെ ജഡദഹനകര്‍മ്മങ്ങളില്‍ പ്രത്യേകമായി ആചരിക്കേണ്ട ചടങ്ങുകള്‍, ബ്രഹ്മചാരി, സന്ന്യാസി എന്നിവരുടെ ജഡം ദഹിപ്പിക്കുന്ന പ്രത്യേകവിധികള്‍, പരദേശത്തുവച്ച് മരിക്കുന്ന ബന്ധുക്കളുടെയും യുദ്ധത്തില്‍ മരിക്കുന്നവരുടെയും അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതു സംബന്ധിച്ച ആചാരങ്ങള്‍ എന്നീ വിഷയങ്ങളാണ് പിതൃമേഥഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ചുരുക്കത്തില്‍ പിതൃകര്‍മ്മങ്ങളുടെ പ്രധാനപ്പെട്ട ആധാരസ്രോതസ്സ് പിതൃമേധസൂത്രഗ്രന്ഥങ്ങളാണ്.

പിതൃമേധസൂത്രങ്ങളിലെ വിഷയം കഥാരൂപത്തില്‍, ആചാരാനുഷ്ഠാന വിവരണത്തോടുകൂടി ഗരുഡ പുരാണത്തിന്റെ രണ്ടാം ഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്ന് മരണാനന്തര ക്രിയകളുടെ ആചാരങ്ങളില്‍ ഗരുഡപുരാണത്തിന് വളരെയേറെ പ്രാധാന്യം നല്‍കിവരുന്നു. പ്രത്യേകിച്ചും മരണാനന്തരം ആത്മാവിന്റെ ഗതിയെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും. ഗരുഡപുരാണഭാഗങ്ങള്‍ മലയാള വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പിതൃമേധ സൂത്രങ്ങളുടെ വ്യാഖ്യാനങ്ങളും വിവര്‍ത്തനവും മലയാളികള്‍ക്കപ്രാപ്യമാണ്.
ധര്‍മ്മസൂത്രങ്ങളും ആചാരങ്ങളും

വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിനും പരസ്പര സഹവര്‍ത്തിത്വത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും വേണ്ട സാമൂഹ്യനിയമങ്ങളും അവയുടെ അടിസ്ഥാനങ്ങളായ ആചാരങ്ങളും അടങ്ങുന്നതാണ് ധര്‍മ്മസൂത്രങ്ങള്‍, ശരീര ശുദ്ധീകരണം, ബ്രഹ്മചര്യം, ശിഷ്യഗുണസ്വഭാവങ്ങള്‍, സന്ന്യാസിയുടെ കര്‍മ്മധര്‍മ്മാചാരങ്ങള്‍, ഗൃഹസ്ഥവ്രതങ്ങള്‍, വിവാഹനിയമങ്ങള്‍, നാലു വര്‍ണ ധര്‍മ്മങ്ങള്‍, അതിഥിസല്‍ക്കാരം, ബ്രാഹ്മണാദികളുടെ പ്രവൃത്തികള്‍, ഷോഡശസംസ്‌കാര കര്‍മ്മങ്ങള്‍, രാജകര്‍ത്തവ്യം, രാജ്യരക്ഷ, രാജപുരോഹിതധര്‍മ്മം ഭക്ഷണനിയമം, പുത്രധര്‍മ്മം, പതി-പത്‌നീധര്‍മ്മം, യാത്രാചാരം, പ്രായശ്ചിത്തകര്‍മ്മങ്ങള്‍ തുടങ്ങി അനവധി സാമൂഹ്യാചാരങ്ങള്‍ ധര്‍മ്മസൂത്രഗ്രന്ഥങ്ങളെ ആധാരമാക്കിയിട്ടുള്ളവയാണ്. ബൗധായന, ഗൗതമ, ആപസ്തംബ, വസിഷ്ഠ, ഹാരിത, ഹിരണ്യകേശി, വൈഖാനസ, ധര്‍മ്മസൂത്രങ്ങളാണ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍.

സുദീര്‍ഘമായ സാമൂഹ്യാചാരനിഷ്ഠകള്‍ വിവരിക്കുന്ന ധര്‍മ്മശാസ്ത്രങ്ങളുടെ തുല്യപദവിയും അംഗീകാരവുമുള്ള ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവയാണ് സ്മൃതികള്‍. അതത് കാലഘട്ടങ്ങളില്‍ ആചരിക്കേണ്ടതും വിവിധ ദേശങ്ങള്‍ക്കനുയോജ്യമായ നിയമങ്ങളിലൂടെ ആചരിക്കപ്പെടുന്നവയാണ് സ്മൃതികളിലെ ധര്‍മ്മാചാരങ്ങള്‍. അനവധി പുതിയ സ്മൃതികള്‍ രചിക്കപ്പെട്ടിട്ടുള്ളതുകൊണ്ട്, ദേശത്തിനും കാലത്തിനും അനുയോജ്യം എന്നു തോന്നുന്ന സ്മൃതി വിഷയങ്ങള്‍ പുനര്‍വിചിന്തനത്തിലൂടെ നവീകരിച്ചെഴുതപ്പെടുകയുണ്ടായിട്ടുണ്ട്.

പ്രധാനപ്പെട്ട സ്മൃതിഗ്രന്ഥങ്ങള്‍ ഉശനസ്മൃതി, യജ്ഞവല്‍ക്യസ്മൃതി, മനുസ്മൃതി, അംഗീരസസ്മൃതി, യമസ്മൃതി, അത്രിസ്മൃതി, സംവര്‍ത്തനസ്മൃതി, കാര്‍ത്യായനസ്മൃതി, ദക്ഷസ്മൃതി, വ്യാസസ്മൃതി, പരാശരസ്മൃതി, ശംഖസ്മൃതി, ഗൗതമസ്മൃതി, ആപസ്തംബസ്മൃതി, വസിഷ്ഠ സ്മൃതി, ബൃഹദ്പരാശര സ്മൃതി, വൃദ്ധ ആത്രേയസ്മൃതി, ഹാരിതസ്മൃതി എന്നിവയാണ്. ഇവയില്‍ ചിലത് ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു. ഭാരതീയന്റെ ജീവിതത്തില്‍, ആചരിക്കപ്പെടുന്ന ഏതാണ്ടെല്ലാ സാമൂഹ്യാചാരങ്ങള്‍ക്കും മൂലമായിട്ടുള്ളത് ഈ സ്മൃതി ഗ്രന്ഥങ്ങളാണ്.

വിഷ്ണുസ്മൃതി ഗ്രന്ഥങ്ങളിലെ വിഷയങ്ങളുടെ യഥാക്രമ വിവരണം കൊണ്ടുമാത്രം സാമൂഹ്യാചാരങ്ങളുടെ അടിസ്ഥാനം, സ്മൃതികളാണെന്നു വ്യക്തമാകും. നാലുവര്‍ണ്ണങ്ങള്‍, അവയുടെ കര്‍മ്മധര്‍മ്മങ്ങള്‍, രാജാവിന്റെ ധര്‍മ്മം, കരംപിരിക്കുന്നതിന്റെ നിയമങ്ങള്‍, അളവുതൂക്കങ്ങള്‍, കുറ്റകൃത്യങ്ങളും ശിക്ഷകളും, (ഓരോ കുറ്റത്തിന്റെയും വ്യക്തമായ വിവരണങ്ങളടങ്ങുന്നു). കൈക്കൂലി, ഭൂമിയുടെ ക്രയവിക്രയ പത്രങ്ങള്‍, കടം സംബന്ധമായ നിയമങ്ങള്‍, കടപ്പത്രങ്ങള്‍, സാക്ഷികള്‍, പുത്രന്റെ അവകാശങ്ങള്‍, മിശ്രവിവാഹത്തിലെ പുത്രനിയമം, സ്വത്ത് വിഭജനം, ജഡദഹനം, പുലകുളിയുടെ ആചാരങ്ങള്‍, യുഗ-മന്വന്തര-കല്‍പാദിവിവരണം, മരണാനന്തര ക്രിയ, പുലശുദ്ധീകരണാചാരം, മിശ്ര-സ്വജാതിവിവാഹ നിയമം, പത്‌നീധര്‍മ്മം, ഷോഡശകര്‍മ്മാചാരങ്ങള്‍, ബ്രഹ്മചാരിയുടെ ആചാരം വേദപഠനാചാരം, ഗുരുമഹത്വം, ആചാര്യ-മാതൃ-പിതൃ ബന്ധ സംബന്ധിയായ ആചാരം, കാമക്രോധാദി വികാര നിയന്ത്രണം പഞ്ചമഹാപാപങ്ങള്‍ അവയുടെ പ്രായശ്ചിത്തങ്ങള്‍, മൃഗവധവമായി ബന്ധപ്പെട്ട പാപങ്ങള്‍, നരഹത്യാ പ്രായശ്ചിത്തം, മദ്യപാന പ്രായശ്ചിത്തം, മാംസഭക്ഷണ പ്രായശ്ചിത്തം, ഭിക്ഷാടന നിയമം, സ്‌നാനനിയമം, യാത്രാനിയമം, ശകുനനിയമങ്ങള്‍, നിദ്രാനിയമങ്ങള്‍, ശ്രാദ്ധകര്‍മ്മങ്ങള്‍, ജ്യോതിശാസ്ത്രസംബന്ധിയായ ആചാരങ്ങള്‍,

ശ്രാദ്ധക്ഷണത്തിര്‍ഹതയുള്ളവരുടെ വിവരണം, ദാനധര്‍മ്മാചാരം, പൊതുജനങ്ങള്‍ക്കായുള്ള കുളം-കിണര്‍-പൂന്തോട്ടം-ക്ഷേത്രം എന്നിവയുടെ നിര്‍മാണവും ദാനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, ദാനസ്വീകരണത്തിന് യോഗ്യരായ വ്യക്തികളുടെ വിവരണം, വാനപ്രസ്ഥനിയമത്തിന്റെ ഭാഗമായി ഉത്തരവാദിത്തങ്ങള്‍ പുത്രനെ ഏല്‍പ്പിച്ച് കുടുംബ ബന്ധമോചനം തുടങ്ങേണ്ട സമയത്തനുഷ്ഠിക്കുന്ന ആചാരങ്ങള്‍, മനുഷ്യശരീരം ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുള്ളതാണെന്നതിന്റെ ശാസ്ത്രീയ (ശരീരഘടനാ) വിവരണം എന്നീ വിഷയങ്ങളിതിലടങ്ങുന്നു.

മേല്‍ വിവരിച്ച ‘നിയമ’ പദങ്ങളെല്ലാം ഇന്ന് ആചാരങ്ങളുടെ ഭാഗമായിരിക്കുന്നു. വൈദീകശാഖയുടെയും ഉപശാഖയുടെയും വ്യത്യാസമനുസരിച്ച് അവയുടെ അനുശാസകര്‍ തമ്മില്‍ ആചാരനുഷ്ഠാന രീതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ആചാരതത്വങ്ങള്‍ പൊതുവെ ഒന്നുതന്നെയാണ്. ഈ വിഷയങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവും, വ്യത്യസ്ത വീക്ഷണങ്ങളും ചേര്‍ത്ത് പലതും നവീകരിച്ചും പുതിയവ ചേര്‍ത്തും മറ്റു സ്മൃതികള്‍ രചിച്ചിരിക്കുന്നു.

1 November 2017

കൂവള മാഹാത്മ്യം

കൂവള മാഹാത്മ്യം

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്.

കൂവളത്തിലതിലൂടെ ജന്മാന്തരപാപങ്ങള്‍ നശിക്കും. സര്‍വ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നല്‍കി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണു കൂവളം. ഈ നാളുകാര്‍ ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങള്‍ കുറയ്ക്കും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും. 27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചുപോന്നാല്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കും.

കൂവളം നടുന്നതും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടില്‍ ദീപം തെളിയിക്കുന്നതും ഐശ്വര്യം നിലനിര്‍ത്താന്‍ ഉത്തമം. ഒരു കൂവളം നട്ടാല്‍ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുളള ശിവക്ഷേത്രദര്‍ശനം നടത്തിയ ഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയില്‍ നീരാടിയ ഫലം എന്നീ സല്‍ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങളില്‍ പറയുന്നു.

കൂവളം പറിക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍

മാസപ്പിറവി, പൗര്‍ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളില്‍ കൂവളത്തില പറിക്കുന്നതു ശിവകോപത്തിനു കാരണമാകുമെന്നാണു വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തില്‍ നിന്ന്, ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകള്‍ അടര്‍ത്താവൂ. കൂവളത്തില മരത്തില്‍ കയറിപ്പറിക്കുന്നതാണ് ഉത്തമം.
ക്ഷേത്രത്തില്‍ വില്വപത്രം പൂജയ്ക്കായി സമര്‍പ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്‌കരിക്കുന്നത് ഇരട്ടിഫലം നല്‍കും, പ്രത്യേകിച്ച് ശിവരാത്രിദിനത്തില്‍. ശിവക്ഷേത്രത്തില്‍ കൂവളത്തില കൊണ്ടുളള അര്‍ച്ചനയാണ് ഏറ്റവും പ്രധാനം. കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാല്‍ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും.

കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?

കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?

അഹങ്കാരിയായിരുന്നു കുബേര മഹാരാജാവ്. മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ അയാള്‍ ഒരു പിശുക്കും വരുത്തിയിരുന്നില്ല. എന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥനുമായിരുന്നു.

ഒരിക്കല്‍ കുബേരന്‍ പരമശിവനെ കാണാന്‍ കൈലാസത്തിലെത്തി. ഒരു വലിയ പഴക്കുലയുമായിട്ടായിരുന്നു കുബേരന്‍ എത്തിയത്. പഴക്കുല കണ്ടതും ബാലനായ ഗണപതി ഓടിയെത്തി. എന്നിട്ട് അതുമായി അവിടെനിന്നും സ്ഥലംവിട്ടു.

അതുകണ്ട് കുബേരന്‍ പറഞ്ഞു.കഷ്ടം! ഈ ഗണപതി ഒരു കൊതിയനാണല്ലോ. എല്ലാവരുംകൂടി ഒരു ദിവസം എന്റെ കൊട്ടാരത്തിലേക്ക് വരൂ... ഞാന്‍ ഉഗ്രനൊരു സദ്യ തരാം. ഇവന്റെ വയറും നിറയ്ക്കാം... കുബേരന്റെ ക്ഷണം പരമശിവന്‍ സ്വീകരിച്ചു.

അടുത്തദിവസം പരമേശ്വരനും പാര്‍വതിയും മക്കളായ സുബ്രഹ്മണ്യനും ഗണപതിയും കൂടി കുബേരന്റെ കൊട്ടാരത്തിലെത്തി. കുബേരനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വരൂ.. നമുക്ക് വല്ലതും കഴിച്ചശേഷം സംസാരിക്കാം.

കുബേരന്‍ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ. അവര്‍ കഴിച്ചശേഷം ഞങ്ങള്‍ കഴിച്ചോളാം. പരമേശ്വരന്‍ പറഞ്ഞു. അങ്ങനെ ഗണപതിക്കും സുബ്രഹ്മണ്യനും കുബേരന്‍ നേരിട്ട് ഭക്ഷണം വിളമ്ബി. നിമിഷനേരംകൊണ്ട് ഗണപതി പാത്രങ്ങളെല്ലാം കാലിയാക്കി.

അതുകണ്ട് കുബേരന്‍ അത്ഭുതപ്പെട്ടു. ഹോ.. എന്തൊരു കൊതിയാണിവന്.. കുബേരന്‍ വീണ്ടും ഭക്ഷണവുമായെത്തി. അതെല്ലാം ഗണപതിക്കുതന്നെ നല്‍കി. അതും അവന്‍ ക്ഷണനേരംകൊണ്ട് തീര്‍ത്തു. വീണ്ടും വീണ്ടും പാത്രങ്ങളില്‍ വിഭവങ്ങള്‍ നിരന്നു. അപ്പോള്‍ത്തന്നെ അതെല്ലാം ഗണപതി തീര്‍ത്തുകൊണ്ടുമിരുന്നു.

അങ്ങനെ സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണമെല്ലാം തീര്‍ന്നു. എന്നിട്ടും ഗണപതിയുടെ വിശപ്പടങ്ങിയില്ല. അതോടെ ഗണപതിയ്ക്കു ദേഷ്യമായി. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ ഓരോന്നായി കക്ഷി അകത്താക്കാന്‍ തുടങ്ങി. വൈകാതെ പാത്രങ്ങളും തീര്‍ന്നു. പിന്നീട് എനിക്ക് വിശക്കുന്നേ..

എന്നുപറഞ്ഞ് കുബേരന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പേടിച്ചുപോയ കുബേരന്‍ പരശ്വേരന്റെ കാല്‍ക്കല്‍ വീണു. ഭഗവാനേ.. അടിയനോട് പൊറുക്കണം. എങ്ങനെയെങ്കിലും അടിയനെ രക്ഷിക്കണം.. ഉടന്‍ പാര്‍വതി ഒരു കുടത്തില്‍ കുറച്ചു പാലെടുത്ത് ഗണപതിക്കു നല്‍കി.

അതു കുടിച്ചതോടെ ഗണപതിയുടെ വിശപ്പു മാറി. ആ നിമിഷം കുബേരന്റെ സര്‍വഅഹങ്കാരവും അസ്തമിച്ചു. കുബേരനെ അനുഗ്രഹിച്ചശേഷം പരമേശ്വരനും കുടുംബവും വീട്ടിലേക്കു മടങ്ങി.

പ്രദക്ഷിണം വെക്കേണ്ടത് എപ്രകാരം

പ്രദക്ഷിണം വെക്കേണ്ടത് എപ്രകാരം

പദാത് പദാനുരംഗ ഛേത് കരൗചല
വിവര്‍ജ്ജിതൗ
സ്തുതിര്‍വാചിര്‍ഹൃദി ധ്യാനം
ചതുരംഗം പ്രദക്ഷിണം

ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകള്‍ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തില്‍ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തില്‍ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിനിങ്ങനെ നാലാംഗങ്ങള്‍ ഉണ്ടെന്നാണ് താല്‍പര്യം.

ആസന്ന പ്രസവാ നാരീ
തൈലപൂര്‍ണ്ണം യഥാഘടം
വഹന്തീകര്യാതി
തഥാകാര്യാല്‍ പ്രദക്ഷിണം

പ്രസവം അടുത്തവളായ ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ഓട്ടപ്രദക്ഷിണം ചെയ്യരുതെന്നാണ് ഇവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്. ഭക്തിപരവശന്മാരായുള്ളവര്‍ സ്വന്തം ദേഹത്തെ ആകമാനം നിലത്തുകിടത്തി ശയനപ്രദക്ഷിണവും നിര്‍വഹിക്കാറുണ്ട്. ഈ പ്രദക്ഷിണം ഈശ്വരപ്രീതിക്കുവേണ്ടിയുള്ള ദുര്‍ഘടമായ സാധനാ മാര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.

പ്രദക്ഷിണ കാലവിധികള്‍

പ്രദക്ഷിണ കാലത്തെക്കുറിച്ചും വിധികളുണ്ട്.

പൂര്‍വ്വാഹ്നേ വ്യാധിനാശസ്യാല്‍ മദ്ധ്യാഹ്നേ
വാഞ്ഛിതാര്‍ത്ഥദം
സായാഹ്നേ സര്‍വ്വപാപഘ്‌നം അര്‍ദ്ധയാമേ
വിമുക്തിദം

കാലത്തുചെയ്യുന്ന പ്രദക്ഷിണം രോഗനാശവും മദ്ധ്യാഹ്നകാലത്തുചെയ്യുന്ന പ്രദക്ഷിണം സര്‍വ്വാഭിഷ്ടദായകവും സായാഹ്നകാലത്തുചെയ്യുന്നത് എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രിയില്‍ ചെയ്യുന്നത്
മുക്തിപ്രദവുമത്രെ.

സൂര്യോദയം സമാരഭ്യയാവദസ്തം
രവേര്‍ഭവേത്
താവത് പ്രദക്ഷിണം കൃത്വാസര്‍വ്വാന്‍
കാമാവാപ്‌നുയാത്

സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ ചെയ്യുന്ന പ്രദക്ഷിണ വ്രതത്താല്‍ എല്ലാ ആഗ്രഹങ്ങളും സഫലീകൃതങ്ങളാകുന്നു.

പ്രദക്ഷിണങ്ങളുടെ എണ്ണം

ഏകവിംശതി സംഖ്യാകാദുത്തമംതുപ്രക്ഷിണം

ഇരുപത്തൊന്നു പ്രാവശ്യം ചെയ്യുന്ന പ്രദക്ഷിണമാണത്രെ ഉത്തമമായിട്ടുള്ളത്.

ഏകം വിനായകേ കുര്യാല്‍ദ്വേ
സൂര്യേത്രീണി ശങ്കരേ
ചത്വാരി ദേവ്യാവിഷ്‌ണോശ്ച
സപ്താശ്വത്ഥ പ്രദക്ഷിണം

ഗണപതിക്ക് ഒന്ന്
സൂര്യന് രണ്ട്
ശിവന് മൂന്ന്
ദേവിയ്ക്ക് വിഷ്ണുവിനും നാല്
ആലിന് ഏഴ് പ്രദക്ഷിണങ്ങള്‍ ഉത്തമങ്ങളാണ്.

രാജന്‍ പ്രദക്ഷിണൈകേന മുച്യതേ
ബ്രഹ്മഹത്യയാ
ദ്വിതീയേനാധികാരീസ്യാല്‍ തൃതീയെ
നൈന്ദ്രസംപദ
(ബ്രഹ്മനാരദീയം)

ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മഹത്യാദിപാപങ്ങള്‍ മുഴുവന്‍ നശിക്കുമെന്നും രണ്ടാമത്തേതുകൊണ്ട് ദേവനെ ആരാധിക്കുവാന്‍ അധികാരി ആകുമെന്നും മൂന്നാമത്തേതുകൊണ്ട് ഭോഗസുഖങ്ങള്‍ ലഭിച്ചു സിദ്ധിനേടുമെന്നും ഇതുകൊണ്ട് പറയുന്നു.

(മാധവജിയുടെ ക്ഷേത്രചൈതന്യ
രഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്)

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ല പ്രദക്ഷിണം വയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്ക് ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവിന്റെ സമീപംവരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയില്‍ പോവുകയുമാണല്ലോ ചെയ്യുന്നത്. അപ്പോള്‍ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു.

സവ്യാപസവ്യമാര്‍ഗ്ഗങ്ങളെന്ന് ഇവയെ വിളിക്കാറുണ്ട്. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി ”സോമസൂത്രം നലംഘയേല്‍” എന്നാണ് ശിവാഗമത്തില്‍ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാല്‍ അതിനെയാണ് സോമസൂത്രം എന്നുപറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷത്രത്തില്‍ പ്രദക്ഷിണം നടത്താറുള്ളത്.

യോഗശാസ്ത്രത്തില്‍ ശിവന്റെ സ്ഥാനംശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ തത്ത്വം മനസ്സിലാകും. വര്‍ത്തുളാകൃതിയായി സ്‌ക്രൂവിന്റെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാര്‍ഗ്ഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആ വര്‍ത്തുളന്മാര്‍ഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തില്‍ വര്‍ത്തിക്കുന്നത് ശിവനാണെന്നോര്‍ക്കുക. ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്ത്വങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാര്‍ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്‌നകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വടക്കുഭാഗത്തായിരിക്കും സഹസ്രാര പത്മം. അവിടുത്തെ ലോകോപാലകന്‍ സോമനാണല്ലോ.

സോമഖണ്ഡമായിട്ടാണ് യോഗികള്‍ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞുനിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീ ഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ടപ്പുറത്തുതന്നെയാണ് ഈശാനന്‍ എന്ന ദിഗ്‌ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലുമ്പോള്‍ അത് ശിവക്ഷേത്രമാണെങ്കില്‍ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകന്‍ പോകുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാര്‍ ശിവസ്ഥാനത്തിനു താഴെ മാത്രം വര്‍ത്തിക്കുന്നതിനാല്‍ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണംവക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കില്‍ ഉപരിതമമായ ബിന്ദുവാണെങ്കില്‍ ഈ പ്രദക്ഷിണമാര്‍ഗം വടക്ക് സോമബിന്ദുവില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ക്ഷേത്രഗണിത പ്രകാരം ചിന്തിക്കുകയാണെങ്കില്‍ ആസ്ഥാനത്തിനപ്പുറത്തേക്ക് ആ ഊര്‍ദ്ധ്വഗമന രേഖ നീട്ടുവാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്, അതിനാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വടക്ക് സോമസൂത്രം വരെ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്ന് ശ്രീകോവിലില്‍ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിന്റെ സാക്ഷാല്‍ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകന്‍ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാല്‍ ബലിക്കല്ലുകള്‍ക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമാണ്.

അപ്പോള്‍ ശിവക്ഷേത്രത്തില്‍ നടയ്ക്കുനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കില്‍ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ഊര്‍ദ്ധ്വഗമനം തുടങ്ങുന്നു.

അങ്ങനെ ഇഡാപിംഗളാനാഡികളിലൂടെ പൂരകുരേചങ്ങളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയര്‍ന്ന ഒരു യോഗമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് (തത്വം ലംഘിക്കാതെ) അന്തര്‍വര്‍ത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.

മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്.

പൂജാതത്ത്വം

പൂജാതത്ത്വം

മന്ത്രജപവും ധ്യാനവും പൂര്‍ണമായും മാനസിക ക്രിയകള്‍ ആണല്ലോ. നേരെ മറിച്ച് പൂജ എന്നത് ചില ഉപകരണങ്ങള്‍ കൊണ്ടും സാധന സാമഗ്രികള്‍കൊണ്ടും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ വളരെയധികം ശാരീരികം കൂടിയായ ഒരു സാധനാക്രമമാണത്. സാധാരണ സാധനാപഥത്തില്‍ പ്രവേശിക്കുന്നവര്‍ പൂജ ചെയ്തുകൊണ്ടാണ് ആരംഭിക്കുക. അതായത് അവരുടെ സാധനാക്രമത്തില്‍ ശരീരത്തെ കൂടി അവര്‍ പങ്കെടുപ്പിക്കുന്നു എന്നര്‍ത്ഥം.

ശരീരവുംകൂടി പങ്കെടുക്കുമ്പോള്‍ മനസ്സിന് പൂര്‍ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ്. ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിക്കുമ്പോഴാണ് മനസ്സിന്റെ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകംചിന്തകള്‍ മസ്തിഷ്‌കത്തിലൂടെ ‘പരേഡ്’ നടത്തുന്നത്. വെറുതെയിരുന്നു മന്ത്രം ജപിക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്‌കരിക്കുമ്പോഴും ഉണ്ടാകുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാര്‍ക്കറിയുവാന്‍ പ്രയാസമില്ല. നമസ്‌കരിക്കുമ്പോള്‍ അനാവശ്യമായ ചിന്തകള്‍ മനസ്സില്‍ വരുന്നില്ല. ശരീരംകൂടി ആ കര്‍മ്മത്തില്‍ ഭാഗഭാക്കാകുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. കേരള ബ്രാഹ്മണര്‍ വൈദിക ഋക്കുകള്‍ ചൊല്ലി അനേകം പ്രാവശ്യം നമസ്‌കരിച്ചുകൊണ്ടാണ് വൈദികമന്ത്രസാധനകള്‍ അനുഷ്ഠിക്കാറുള്ളത് എന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.

മന്ത്രസാധനയനുഷ്ഠിക്കുന്ന സാധകന്മാര്‍ ആദ്യത്തെ പടിയായി അവരുടെ സാധനക്ക് ദാര്‍ഢ്യം കിട്ടുവാന്‍ ഉപയോഗിക്കുന്നത് പൂജാപദ്ധതിയെയാണ്. സാധനക്ക് ദൈര്‍ഘ്യം വരുന്നതോടെ ബാഹ്യപൂജ ആന്തരികപ്രക്രിയയായി മാറുന്നുവെന്നുള്ളത് സാധകന്മാരില്‍ സാധാരണ കണ്ടുവരാറുള്ളത് ഇതുകൊണ്ടാണ്. ഒരുതരത്തില്‍ നോക്കുകയാണെങ്കില്‍ ജപസാധനയും പൂജതന്നെയാണ്. മന്ത്രജപത്തിന്റെ ഒരു സുപ്രധാന ഘടകം ധ്യാനശ്ലോകപ്രകാരമുളള ഒരു മനോവിഗ്രഹം ഗാത്രക്ഷേത്രത്തില്‍ ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്. ശിലാമയിയും ലോഹമയിയും ദാരുമയിയും മറ്റുമായ പ്രതിമാ വിശേഷങ്ങളെ പറയുന്നതിനിടക്ക് മനോമയിയായ പ്രതിമയേയും പറയുന്നുണ്ട്.

ധ്യാനോക്തരൂപം മനസ്സിലുറപ്പിച്ച് അതില്‍ മാനസ ഉപചാരങ്ങള്‍ അഥവാ ശരീരഘടകങ്ങളായ പഞ്ചഭൂതങ്ങളെയും ആ ദേവനില്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ മനസ്സുകൊണ്ട് ചെയ്യുകയും തദനുസൃതമായ മുദ്രകള്‍ കൈകള്‍കൊണ്ട് കാണിക്കുകയും ചെയ്തുകൊണ്ട് പൂജയുടെ ഏറ്റവും ലഘുപതിപ്പായ മാനസപൂജയെ മന്ത്രജപത്തിനിടക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതു കഴിയുമ്പോള്‍ നമ്മുടെ ശരീരഘടകങ്ങള്‍ മുഴുവനും സമര്‍പ്പിക്കുന്നതുകൊണ്ട് ആരാധ്യദേവതയും സാധകനും താദാത്മ്യം പ്രാപിക്കുക എന്നതാണ് പൂജയുടെ പ്രധാന തത്വം.

ലം പൃത്ഥ്യാത്മനേഗന്ധം കല്പയാമി നമഃ
ഹം ആകാശാത്മനേ പുഷ്പം കല്‍പയാമി നമഃ
യം വായ്‌വ്യാത്മനേ ധൂപം കല്പയാമി നമഃ
രം അഗ്‌ന്യാത്മനേ ദീപം കല്പയാമി നമഃ
(വം), ഠ്വം അമൃതോത്മനേ നൈവേദ്യം കല്പയാമി നമഃ
എന്നിവയാണ് പഞ്ചോപചാര പൂജാ മന്ത്രങ്ങള്‍. പഞ്ചഭൂതങ്ങള്‍ ഓരോന്നും സമര്‍പ്പിക്കുമ്പോള്‍ അതതു തന്മാത്രകളുടെ ബീജാക്ഷരവുംകൂടി ഉള്‍പ്പെട്ടവയാണ് മേല്‍കാണിച്ച മന്ത്രങ്ങള്‍. ഇതു ചെയ്യുമ്പോള്‍ ക്രമത്തില്‍ ചെറുവിരല്‍, പെരുവിരല്‍, ചൂണ്ടാണി വിരല്‍, നടുവിരല്‍, മോതിര വിരല്‍ എന്നീ വിരലുകളില്‍ സമ്മര്‍ദ്ദം ചെലുത്തി (പെരുവിരല്‍കൊണ്ടോ ചൂണ്ടുവിരല്‍കൊണ്ടോ) അവയെ ദേവതാഭിമുഖമായ അവയുടെ അഗ്രംവരെ ആ സമ്മര്‍ദ്ദത്തെ നീക്കിക്കൊണ്ടാണ് അതതു മുദ്രകള്‍ കാണിക്കാറുള്ളത്. ഇതില്‍നിന്നും സമര്‍പ്പണരീതി മനസ്സിലായല്ലോ.

(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം പുസ്തകത്തില്‍നിന്ന്)