ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2016

കാല്‍ വിറപ്പിച്ചു കൊണ്ടിരിക്കാമോ?

കാല്‍ വിറപ്പിച്ചു കൊണ്ടിരിക്കാമോ?

     ചിലര്‍ എല്ലായ്പ്പോഴും കാലുകള്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്നതായി കാണപ്പെടാറുണ്ട്. ഇത് മോശമായൊരു ശീലമാണെന്നും ഇങ്ങനെ ചെയ്യുന്നത് ദോഷങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് ഇത്തരക്കാരെ ദോഷം ക്ഷണിച്ചുവരുത്തുന്നവരുടെ പട്ടികയിലാണ് കണക്കാക്കിയിരുന്നത്. ഇത് വെറും അന്ധവിശ്വാസമാണെന്നാണ് പലരും കരുതി വരുന്നത്. എന്നാല്‍ ഇത് ഒരു അന്ധവിശ്വാസമല്ലെന്നാണ് ആധുനിക മനശാസ്ത്രത്തിന്‍റെ വിലയിരുത്തല്‍. മറ്റു ജോലികളില്‍ വ്യാപൃതരായിരിക്കുന്നതിനിടയിലും ഇങ്ങനെ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരെ മനചാഞ്ചല്യം ഉള്ളവരായിട്ടാണ് മനശാസ്ത്രം നിര്‍വചിക്കുന്നത്.

സന്ധ്യയ്ക്കും രാത്രിയിലും എന്തുകൊണ്ട് അടിച്ചുതളിക്കരുത്

സന്ധ്യയ്ക്കും രാത്രിയിലും എന്തുകൊണ്ട് അടിച്ചുതളിക്കരുത്

  അടിച്ചുതളിയെന്തെന്ന് പുതിയ തലമുറയ്ക്കറിയില്ലെങ്കിലും അത്തരത്തിലൊരു സംവിധാനം കേരളീയര്‍ ആദ്യകാലം മുതല്‍ തന്നെ നിലനിര്‍ത്തിയിരുന്നു.

  വൈകുന്നേരം സ്ത്രീകളുടെ ഒരു പ്രധാന കര്‍ത്തവ്യം എന്നത് അടിച്ചുതളിക്കുകയായിരുന്നു. പടിഞ്ഞാറേ ആകാശത്തില്‍ സൂര്യന്‍ താണ് സന്ധ്യയാകുന്നതിനു മുമ്പാണ് ഇത് നിര്‍വഹിച്ചിരുന്നത്. സന്ധ്യയ്ക്ക് വന്നെത്തുന്ന മൂതേവിയെ വീട്ടിലോ പരിസരത്തോ പ്രവേശിപ്പിക്കാതെ വിളക്ക് കൊളുത്തി ഐശ്വര്യത്തെ ആകര്‍ഷിക്കുന്നതിനു മുമ്പാണ് അടിച്ചുതളിച്ചിരുന്നത്.

  മുറ്റത്തെ ചപ്പും ചവറുമൊക്കെ അടിച്ചു കളഞ്ഞ് ഗംഗാസങ്കല്‍പ്പത്തില്‍ ജലമെടുത്ത് തളിക്കുന്നതിനാണ് "അടിച്ചുതളി" എന്ന് പറയുന്നത്. എന്നാല്‍ ചിലര്‍ സന്ധ്യയ്ക്കും രാത്രിയിലും ചിലപ്പോഴെങ്കിലും അടിച്ചുതളിക്കാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ദോഷവും പാപവുമാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.

   എന്നാല്‍ സന്ധ്യക്കും രാത്രിയിലും അടിച്ചുതളിക്കരുതെന്നു പറയുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. പകല്‍നേരത്തെ അപേക്ഷിച്ച് സന്ധ്യയ്ക്കും രാത്രിയിലും മനുഷ്യന്‍റെ കാഴ്ചശക്തി കുറഞ്ഞിരിക്കുമത്രേ!. അതിനാല്‍ സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിച്ചാല്‍ വൃത്തിയാകില്ലെന്ന് സാരം.

കടുക് വീണാല്‍ കലഹം ഉണ്ടാകുമോ?

കടുക് വീണാല്‍ കലഹം ഉണ്ടാകുമോ?
കടുക് നിലത്തു വീണു ചിതറിയാല്‍ ആ വീട്ടില്‍ അന്ന് കലഹമുണ്ടാകുമെന്നാണ് വിശ്വാസം. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ഇത് ശരിയാണ്.
വളരെ ശ്രദ്ധാപൂര്‍വ്വമാണ് കടുക് കൈമാറ്റം ചെയ്തിരുന്നത്. തന്റെ കയ്യില്‍ നിന്നും കടുക് നിലത്തു പോകാതിരിക്കാന്‍ കൊടുക്കുന്ന ആളും വാങ്ങുന്നവരുടെ കയ്യില്‍ നിന്ന് കടുക് നിലത്തുവീഴാതിരിക്കാന്‍ ആയാളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വളരെ ചെറിയ വസ്തുവായ കടുക് തറയില്‍ പോയാല്‍ വീണ്ടും ശേഖരിക്കുക അതീവ ശ്രമകരമാണ്. അങ്ങനെ കടുക് നഷ്ടപ്പെടുത്തുന്ന വ്യക്തിയെ വീട്ടുകാര്‍ ശാസിക്കുന്നത് ദാരിദ്രം നിറഞ്ഞുനിന്ന പണ്ട് പുതുമയായിരുന്നില്ല.
  കടുക് വീണാല്‍ കലഹം എന്ന വിശ്വാസം ഇതില്‍ നിന്നും ഉണ്ടായതാണ്.

ചന്ദ്രനെ രാഹു വിഴുങ്ങുന്നുണ്ടോ?

ചന്ദ്രനെ രാഹു വിഴുങ്ങുന്നുണ്ടോ?

  വിശ്വാസങ്ങളുടെ പിന്‍ബലമില്ലാതെ സംസ്ക്കാരങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നതാണ് വാസ്തവം. വിശ്വാസങ്ങള്‍ക്കൊക്കെ പിന്നില്‍ അതനുഷ്ഠിക്കുന്നവരുടെ ആത്മജ്ഞാനമാകും പിന്‍ബലമായിരിക്കുന്നത്. വിചിത്രമെന്നു നമുക്ക് തോന്നാമെങ്കിലും ശക്തമായ അത്തരം വിശ്വാസങ്ങള്‍ തലമുറകള്‍ പിന്‍തുടരുന്ന ആചാരരീതികളാണ്.

  ചന്ദ്രഗ്രഹണദിവസം വീട്ടുമുറ്റത്തെ കല്ലുകളില്‍ തെങ്ങിന്‍മടല്‍ കൊണ്ടാഞ്ഞടിക്കുകയെന്നത് നാട്ടിന്‍പുറങ്ങളില്‍ ചിലയിടത്ത് ഇന്നും കണ്ടുവരുന്ന അത്ഭുതക്കാഴ്ചയാണ്. ചന്ദ്രനെ വിഴുങ്ങാനെത്തുന്ന രാഹു എന്ന സര്‍പ്പത്തിന്‍റെ വായില്‍ നിന്നും ചന്ദ്രനെ രക്ഷിക്കാനെന്ന വിശ്വാസമാണ് ഇങ്ങനെ ചെയ്യിക്കുന്നതിനു പിന്നില്‍.

  നിശ്ചിത ഭ്രമണപഥങ്ങളിലൂടെ ആണ് ഭൂമി സൂര്യനെ ചുറ്റുന്നതെങ്കിലും ചിലപ്പോള്‍ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയിലും ഭൂമിയുടെ നിഴല്‍ ചന്ദ്രനിലും പതിക്കുന്നുണ്ട്. ഇതുവഴിയാണ് ഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍, സമ്പൂര്‍ണ്ണ ഗ്രഹണം ഉണ്ടാകണമെങ്കില്‍ സൂര്യനും ഭൂമിയും ചന്ദ്രനും ഭൂമിയുടെ ഭ്രമണപഥത്തില്‍ ഋജുരേഖയില്‍ തന്നെ വരേണ്ടതുണ്ട്. ചന്ദ്രഗ്രഹണം പൌര്‍ണ്ണമി ദിവസത്തിലും സൂര്യഗ്രഹണം അമാവാസി ദിവസത്തിലുമാണ് സംഭവിക്കുന്നത്.

  ശാസ്ത്രസത്യത്തില്‍ നിന്നുമാണ് ചന്ദ്രഗ്രഹണസമയത്ത് തെങ്ങിന്‍മടല്‍ വെട്ടി കല്ലിലടിക്കുന്നത് വ്യാപകമായത്. എന്നാല്‍ മടല്‍ കൊണ്ടടിക്കുന്ന സ്ഫോടകശബ്ദത്തിന് ഗ്രഹണ സമയത്തെ അന്തരീക്ഷത്തിലെ വിഷാണുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്.

തവള കരഞ്ഞാല്‍ മഴ പെയ്യുമോ?

തവള കരഞ്ഞാല്‍ മഴ പെയ്യുമോ?

  തവള കരഞ്ഞാല്‍ മഴ പെയ്യുമെന്നൊരു ശ്രുതി പരക്കെയുണ്ട്. എന്നാല്‍ അത്തരത്തില്‍ ശാസ്ത്രീയമായ ഒരു അടിത്തറ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

  മഴ പെയ്തതിനുശേഷമാണ് തവളകള്‍ കരയുന്നത്. അതായത് മഴക്കാലം ആരംഭിക്കുന്നതിനു ശേഷമാണ് അവ 'പേക്രോം' വിളി ആരംഭിക്കുന്നത്. മിക്ക ജാതിയില്‍പ്പെട്ട തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. അതുകൊണ്ട് ഇവയുടെ പ്രജനനകാലത്തിന് മഴയുമായി ബന്ധമുണ്ട്. മഴക്കാലം ആരംഭിക്കുമ്പോള്‍ ആണ്‍തവളകള്‍ അവയുടെ ഇണകളെ ആകര്‍ഷിക്കാനാണ് ഇങ്ങനെ കരയുന്നത്. യഥാര്‍ത്ഥത്തില്‍ കരയുന്നതല്ല. ശ്വാസകോശങ്ങളില്‍ നിന്ന് ശക്തിയായി പുറത്തേയ്ക്കും അകത്തേയ്ക്കും വരുന്ന വായു ശബ്ദതന്തുക്കളില്‍ തട്ടുന്നതുകൊണ്ടാണ് ഇങ്ങനെ കരയുന്നതായി തോന്നുന്നത്. എന്നാല്‍ തവളയുടെ വായുടെ അടിത്തട്ടിലുള്ള വായുസഞ്ചികള്‍ ബലൂണ്‍ പോലെ വീര്‍ത്ത് അത് ഒരു ശബ്ദവര്‍ദ്ധിനിപോലെ പ്രവര്‍ത്തിക്കുന്നത് കാരണം ഒച്ച വളരെയധികം കൂടുകയും ചെയ്യുന്നു.

  പലതരം തവളകളുടെയും ശബ്ദത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും സ്വന്തം ഇണകളെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകള്‍ക്കും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കാണാമോ?

മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കാണാമോ?

  കേരളത്തില്‍ ഏറെ പ്രചാരം നേടിയ ഒരു ചൊല്ലാണ് മരം മുറിയ്ക്കുന്ന ഗര്‍ഭിണികളെ കാണിക്കരുതെന്നത്. മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കണ്ടാല്‍, ശവദാഹത്തിനു വിറകുവെട്ടുകയാണോ എന്ന ചിന്ത അവരില്‍ ഉണര്‍ന്നേക്കുമെന്നാണ് പണ്ടുകാലത്ത് വിശ്വസിച്ചുവന്നിരുന്നത്.

  ഗര്‍ഭിണികള്‍ സദാ ഉന്മേഷചിത്തരായിരിക്കണമെന്നുണ്ടെങ്കിലും മരം മുറിയ്ക്കുന്നത് കണ്ടാല്‍ എന്ത് എന്ന ചോദ്യത്തിന് അടുത്ത കാലം വരെ ശരിയായ ഉത്തരം ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

  മുറിച്ചുകൊണ്ടിരിക്കുന്ന മരം സ്ഥാനം തെറ്റി വീണാല്‍ ഗര്‍ഭിണിക്ക്‌ ഓടിമാറാന്‍ കഴിയില്ല എന്നൊക്കെയുള്ള വിശദീകരണങ്ങളാണ് സമീപകാലം വരെ കേട്ടിരുന്നത്. എന്നാല്‍, ശബ്ദങ്ങള്‍ മനുഷ്യരിലുണ്ടാക്കുന്ന സ്വാധീനങ്ങളെ പറ്റിയുള്ള പഠനങ്ങളാണ് മരം മുറിയ്ക്കുന്നത്തിന്‍റെ സാമീപ്യത്തില്‍ നിന്നും ഗര്‍ഭിണികള്‍ മാറി നില്‍ക്കണമെന്നത്തിന്‍റെ ശാസ്ത്രീയ സത്യം വെളിച്ചത്തു കൊണ്ടുവന്നത്.

  കഠിനമായ ശബ്ദങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ഹൃദയാരോഗ്യത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തികഴിഞ്ഞു.

ഉത്സവത്തിന്‍റെ ആവശ്യകതയെന്ത്?

ഉത്സവത്തിന്‍റെ ആവശ്യകതയെന്ത്?

  വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവം എന്നൊരു ചടങ്ങ് നിലവിലുണ്ട്. എന്നാല്‍ കലാപരിപാടികള്‍ മത്സരിച്ച് നടത്താനും ക്ഷേത്രക്കമ്മിറ്റിയുടെ പദവിയും പണവും മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാനുള്ള ഒരേര്‍പ്പാടാണ് ഉത്സവമെന്നാണ് ഭക്തര്‍ പോലും ധരിച്ചുവച്ചിരിക്കുന്നത്. ക്ഷേത്ര ചൈതന്യ വര്‍ദ്ധനയ്ക്കുള്ള ആവശ്യം കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉത്സവം. ഉത്സവമെന്ന വാക്കിനര്‍ത്ഥം തന്നെ മേല്‍പ്പോട്ടുള്ള പ്രവാഹമെന്നാണ്. അതായത് വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കണമെന്ന് സാരം. എന്നാല്‍, പൊതുവായി ഒരു ചോദ്യം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. നിത്യവും പൂജാകര്‍മ്മങ്ങള്‍ നടക്കുന്ന, ശരിയായ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ള ഒരു ക്ഷേത്രത്തില്‍ ക്ഷേത്രചൈതന്യത്തിന് കുറവ് സംഭവിച്ചാലല്ലേ വര്‍ദ്ധിപ്പിക്കേണ്ടതുള്ളു എന്നാണ് ചോദ്യം. പക്ഷേ, ഭക്തര്‍ അറിയാതെ ചെയ്തുപോകുന്ന തെറ്റുകള്‍ കാരണവും പൂജാരിയുടെ അശ്രദ്ധകൊണ്ടും ചൈതന്യത്തിന് ക്ഷതം സംഭവിക്കാമെന്നാണുത്തരം. ഈ കുറവ് പരിഹരിക്കാനാണ് ഉത്സവമെന്ന ചടങ്ങ് നടത്തണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തിലാകട്ടെ ഉത്സവം നടത്താനായി വിധിക്കപ്പെട്ടിട്ടുള്ളത് കുംഭം, മീനം മാസങ്ങളും മേടമാസത്തിലെ പത്താം തിയ്യതി വരെയുമാണ്. ആ കാലയളവില്‍ അതിശക്തമായ ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് രാത്രികാലങ്ങളില്‍ ഉത്സവത്തിനിടയിലെ കലാപരിപാടികളായ തെയ്യം, തിറ, കഥകളി, കൂടിയാട്ടം ഇവ ആസ്വദിക്കാനായി തുറന്ന സ്ഥലങ്ങളില്‍ എത്തുന്നവരെ ചൂടുകൊണ്ടുള്ള രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൊയ്ത്ത് കഴിഞ്ഞ, ക്ഷേത്രത്തോടു ചേര്‍ന്ന വയലുകളിലാണ് കലാപരിപാടികള്‍ നടത്തിയിരുന്നതെന്നതും ശ്രദ്ധേയം.