ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2016

കല്‍പ്പൂരം കത്തിക്കുന്നത് ഗുണം ചെയ്യുമോ?

കല്‍പ്പൂരം കത്തിക്കുന്നത് ഗുണം ചെയ്യുമോ?

  സാധാരണ പൂജകള്‍ക്ക് കല്‍പ്പൂരം കത്തിച്ച് ഉഴിയുന്നതും സാമ്പ്രാണിത്തിരി കത്തിച്ചുഴിയുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഇതൊക്കെ അന്ധവിശ്വാസത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളാണെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്. വിശ്വാസികള്‍ തന്നെ, ഇതിനെ പൂജയുടെ ഭാഗമായി ഈശ്വരപ്രീതിക്കായി നടത്തുന്നതെന്നാണ് വിശ്വസിച്ചുപോരുന്നത്. എന്നാല്‍ കല്‍പ്പൂരം, സാമ്പ്രാണി മുതലായ വസ്തുക്കള്‍ കത്തിക്കുമ്പോള്‍ അതിന്‍റെ പുക എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷാണുക്കളെ നശിപ്പികാനും കല്‍പ്പൂരത്തിന്‍റെ പുകയ്ക്ക്‌ കഴിയുമത്രേ! ഇതിലൂടെ ലഭ്യമാകുന്നതും ഈശ്വരചൈതന്യം തന്നെയാണ്. ഇതിന്‍റെ ശാസ്ത്രീയത വളരെ പണ്ടേതന്നെ മനസ്സിലാക്കിയിരുന്ന ആചാര്യന്മാര്‍ ആയിരിക്കാം ഇതിനൊക്കെ പ്രേരിപ്പിച്ചതും.

കടുക് ഉഴിഞ്ഞാല്‍ കണ്ണേറ് ഫലിക്കാതിരിക്കുമോ?

കടുക് ഉഴിഞ്ഞാല്‍ കണ്ണേറ് ഫലിക്കാതിരിക്കുമോ?

  ഏതെങ്കിലും തരത്തില്‍ ഉന്നതിയിലേക്ക് നീങ്ങുന്നവരെ മറ്റുള്ളവരുടെ കണ്ണ് ബാധിക്കുമെന്നൊരു വിശ്വാസമുണ്ട്‌. ഇതിനെ കണ്‍ദോഷമെന്നാണ് പറയപ്പെടുന്നത്. യാത്രകളും മറ്റും കഴിഞ്ഞുവരുന്നവര്‍, ആള്‍കൂട്ടത്തിനിടയില്‍പ്പെട്ടിട്ട് വരുന്നവര്‍, ബന്ധുക്കളടങ്ങുന്ന ചടങ്ങുകളില്‍ സംബന്ധിച്ച് മടങ്ങി വരുന്നവര്‍ തുടങ്ങിയവരെയാണ് കണ്‍ദോഷം ബാധിക്കുന്നതത്രേ!. ഇത്തരക്കാര്‍ സ്വഭവനത്തില്‍ മടങ്ങിയെത്തിയാല്‍ ഉല്‍സാഹക്കുറവ് കാണിക്കുന്നുണ്ട്. ഇതോടെ അവരെ ആരുടെയോ കണ്ണ് ബാധിച്ചിരിക്കുന്നതായി പറയും. ഉടനെ തന്നെ കുറച്ച് കടുകെടുത്ത് തലയില്‍ നിന്നും കാലിലേയ്ക്ക് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് കത്തുന്ന അടുപ്പില്‍ ഇടുകയായിരിക്കും. ഇങ്ങനെ ഉഴിയാന്‍ നേരം, ഉഴിയുന്ന ആളോ ഉഴിയപ്പെടുന്ന ആളോ സംസാരിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്. ഇത്തരത്തില്‍ അടുപ്പില്‍ ഇടുന്ന കടുക് ശബ്ദത്തോടുകൂടി തീയില്‍ പൊട്ടുകയും അതിന്‍റെ ഗന്ധം അന്തരീക്ഷത്തില്‍ അനുഭവപ്പെടുകയും ചെയ്യും. അപ്പോള്‍, കണ്ണേറ് ദോഷം സംഭവിച്ചത് പൊട്ടി ഗന്ധത്തോടെ ഇല്ലാതായിയെന്നു പറയും. എന്നാല്‍ ഇതും ഒരു മാനസിക ചികിത്സ തന്നെയാണ്. ഇതോടെ തന്നില്‍ക്കൂടിയ കണ്ണേറ് ഒഴിഞ്ഞുപോയിയെന്ന്, കണ്ണേറ് ഏറ്റെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയും വിശ്വസിക്കുന്നു. തുടര്‍ന്ന് അയാള്‍ ഉല്‍സാഹപൂര്‍വ്വം ദിനചര്യകളിലേയ്ക്ക് കടക്കുകയാണ് പതിവ്. സാധാരണ കടുക് തീയില്‍ വീണാല്‍ പൊട്ടുമെന്നും ഗന്ധം വമിക്കുമെന്നും മനസ്സിലാക്കാതെയാണ് ചിലര്‍ ഇതില്‍ അന്ധമായി വിശ്വസിക്കുന്നത്.

കൊതിക്കോതുന്നത് അന്ധവിശ്വാസമല്ലേ?

കൊതിക്കോതുന്നത് അന്ധവിശ്വാസമല്ലേ?

  കൊതിക്കോതുക എന്നൊരു വിശ്വാസവും ചടങ്ങും നിലനിലക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ പുത്തന്‍ തലമുറയില്‍ കുറച്ചുപേരെങ്കിലും ചിരിക്കാതിരിക്കില്ല. ദഹനക്കുറവ് അനുഭവപ്പെടുക, വയറ് പെരുകിയിരിക്കുക, മലബന്ധം അനുഭവപ്പെടുക, ഭക്ഷണം വേണ്ടാതിരിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ ഉടന്‍തന്നെ വീട്ടുകാര്‍ പറയാറുണ്ട്‌, കൊതിക്ക് ഓത്തണമെന്ന്. ഇതിനുവേണ്ടി ചില സ്ഥലങ്ങളില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവര്‍ തന്നെയുണ്ട്‌. ഇതില്‍ കൂടുതലും മുത്തശ്ശിമാരായിരിക്കും. കാന്താരിമുളക്, ഉപ്പ്, പുളി എന്നിവ മൂന്നും ചേര്‍ത്തുവച്ച് ചില മന്ത്രങ്ങള്‍ ചൊല്ലിയ ശേഷം അത് രോഗിക്ക് കൊടുക്കാനാണ് കൊതിക്കോതുന്നവര്‍ പറയാറ്. അത്ഭുതം തന്നെ ആയിരിക്കും ഇതിന്‍റെ ഫലം. ഇതു നല്‍കിക്കഴിയുമ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ രോഗിയുടെ മലം പുറത്തുപോവുകയും ദഹനക്കേട് മാറുകയും ചെയ്യും. അതോടെ മന്ദതയില്‍ നിന്നും തിരിച്ചെത്തുന്ന രോഗി കൊതിക്കോതിയ മന്ത്രരഹസ്യത്തെ വാഴ്ത്തിപ്പാടും. ഉപ്പും കാന്താരിമുളകും പുളിയും ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേട് മാറിക്കിട്ടുമെന്ന ശാസ്ത്രരഹസ്യം പഴമക്കാര്‍ അറിയാതെ പോയതിനാലാണ് മന്ത്രത്തിനും അതിലൂടെയുള്ള വിശ്വാസത്തിനും ബലമുണ്ടായത്.

അരത്തമുഴിയുന്നതിനു പിന്നിലെ രഹസ്യമെന്ത്?

അരത്തമുഴിയുന്നതിനു പിന്നിലെ രഹസ്യമെന്ത്?

  ശാസ്ത്രവും ആധുനികതയും പുരോഗമനവാദവുമൊക്കെ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ചില വിശ്വാസങ്ങള്‍ ഇന്നും തള്ളികളയാന്‍ പലരും തയ്യാറല്ല. അതില്‍ ഒന്നാണ് "അരത്തമുഴിയുന്ന" ചടങ്ങ്. ദൂരയാത്ര കഴിഞ്ഞെത്തുന്ന കുടുംബാംഗങ്ങള്‍, വരന്റെ വീട്ടിലേയ്ക്ക് വിവാഹം കഴിഞ്ഞെത്തുന്നവള്‍, പ്രസവിച്ചു കിടക്കുന്ന അമ്മ തുടങ്ങിയരെയൊക്കെയാണ് സാധാരണ അരത്തമുഴിഞ്ഞു കണ്ടുവരുന്നത്. പച്ചവെള്ളമെടുത്ത് അതില്‍ മഞ്ഞള്‍ അരച്ചുചേര്‍ത്ത് അല്പം ചുണ്ണാമ്പും ചേര്‍ക്കുന്നു. മഞ്ഞളും ചുണ്ണാമ്പും ചേരുന്നതോടെ വെള്ളത്തിന് ചുവന്ന നിറമായി മാറും. ഇതൊരു പാത്രത്തില്‍ എടുത്ത് അതിനിരുവശത്തും രണ്ടു ദീപനാളങ്ങള്‍ ഉയര്‍ത്തി വ്യക്തിയുടെ ശരീരത്തിനുചുറ്റും മൂന്നുപ്രാവശ്യം ഉഴിയും. ഇതിനെയാണ് "അരത്തം ഉഴിയുക" എന്ന് പറയുന്നത്.മഞ്ഞളിനും ചുണ്ണാമ്പിനും കൃമികീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന കാര്യം നേരത്തെ തെളിയിക്കപ്പെട്ടതുമാണ്. പ്രസ്തുത വ്യക്തിയില്‍ വന്നുചേര്‍ന്നിരിക്കുന്ന വിഷാണുക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഈ വിശ്വാസത്തിനു കഴിയാത്തത്തിനാല്‍ ഇതും അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

കാലനെ കണ്ടിട്ടാണോ പട്ടി കുരയ്ക്കുന്നത്?

കാലനെ കണ്ടിട്ടാണോ പട്ടി കുരയ്ക്കുന്നത്?

  എപ്പോഴെങ്കിലും നായ് മോങ്ങുന്നത് കണ്ടാല്‍ ഉടന്‍ മുതിര്‍ന്നവര്‍ അടക്കം പറയുമായിരുന്നു; കാലനെ കണ്ടിട്ടാണ് നായ് മോങ്ങുന്നതെന്ന്. അത് അവര്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മരണദൂതുമായി കാലന്‍ വരുന്നത് സാധാരണ മനുഷ്യരുടെ കണ്ണില്‍ കാണില്ലെന്നും മറിച്ച് നായ്ക്ക് അത് കാണാന്‍ കഴിയുമെന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ഇത് പൂര്‍ണ്ണമായും സമ്മതിക്കാനാകില്ലെങ്കിലും മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എന്തെങ്കിലും ദൃശ്യമാകുമ്പോഴാണ് നായ്ക്കള്‍ മോങ്ങുന്നതെന്ന് ആധുനിക കണ്ടുപിടുത്തങ്ങള്‍ പറയുന്നു. എന്നാല്‍, മനുഷ്യന്‍റെ കണ്ണില്‍ കാണാന്‍ കഴിയാത്തതിന് കാലന്‍ എന്നാണ് നമ്മുടെ പഴമക്കാര്‍ സങ്കല്‍പ്പിച്ചിരുന്നത്. അതുകൊണ്ടാണ് അവര്‍ പട്ടി മോങ്ങലിനെ കാലനുമായി ബന്ധപ്പെടുത്തിയത്. മനുഷ്യന് കാണാന്‍ കഴിയാത്ത ചില ശബ്ദതരംഗങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത് മനസ്സിലാക്കുന്ന നായ് മോങ്ങുകയായിരുന്നു പതിവ്.

നെഞ്ചില്‍ കൈ കെട്ടിയുറങ്ങാമോ?

നെഞ്ചില്‍ കൈ കെട്ടിയുറങ്ങാമോ?

  മുതിര്‍ന്നവരുടെയിടയില്‍പ്പോലും നെഞ്ചില്‍ കൈകെട്ടിയുറങ്ങുന്ന ഒരു ശീലമുണ്ട്. മലര്‍ന്നുകിടന്നിട്ട് ഇരുകൈകളും കോര്‍ത്ത്‌ നെഞ്ചിന്‍റെ പുറത്തുവയ്ക്കുന്നതാണ് പലപ്പോഴും കാണാന്‍ കഴിയുക. ഒരിക്കലും, ഇങ്ങനെ കൈകെട്ടി കിടന്നുറങ്ങരുതെന്ന് ശാസനയുണ്ട്. എന്നാല്‍ പലര്‍ക്കും ഉറക്കത്തിന്‍റെ സുഖം ലഭിക്കണമെങ്കില്‍ ഇങ്ങനെ കൈകെട്ടി കിടക്കണം. എന്നാല്‍ ഇതുകാരണം എന്തോ ദൈവദോഷം സംഭവിക്കുമായിരുന്നു എന്നാണു പലരും വിശ്വസിച്ചുപോരുന്നിരുന്നത്. പക്ഷേ, ഇതു ആരോഗ്യപരമായി അത്ര ഗുണമല്ലെന്നാണ് കണ്ടെത്തല്‍. സ്വാഭാവികമായി ഹൃദയചലനത്തിനെ ഈ കൈകെട്ടല്‍ ബാധിക്കും. ഹൃദയത്തിന്‍റെ പുറത്ത് അമിതമായ സമ്മര്‍ദ്ദമേല്‍പ്പിക്കാനെ ഈ കൈകെട്ടല്‍ ഉപകരിക്കൂ. ഇതുകാരണം ശ്വാസോച്ച്വാസത്തിന് തടസ്സം നേരിടാനുള്ള സാധ്യതയും തള്ളികളയുന്നില്ല. ഇത്തരത്തില്‍ നെഞ്ചില്‍ കൈകെട്ടി ഉറങ്ങുന്നവരില്‍ പലര്‍ക്കും ഹൃദയാഘാതം വന്നിട്ടുള്ളതായി വെളിപ്പെടുത്തലുണ്ട്.

30 May 2016

ഗണപതി ഹോമം

ഗണപതി ഹോമം

ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. .

നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം. 

ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്. 

ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല. 

ഗണപതിഹോമവും ഫലങ്ങളും

പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്. 

വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :

👉 അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക. 

👉 ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക. 

👉 മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. 

👉 സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

👉 ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക. 

👉 പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക. 

👉 കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

👉 ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.