ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2024

താര

താര

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വാനര രാജ്ഞി. വാനര രാജാവായ ബാലിയുടെ പത്നി. അംഗദൻ ഇവരുടെ പുത്രനാണ്. സുഷേണൻ എന്ന വാനരന്റെ പുത്രിയാണ് താരയെന്നും, പാലാഴി മഥനത്തിൽ നിന്നാണ് താര ജനിച്ചതെന്നും രണ്ട് ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. മഹാപാതകനാശനത്തിനായി കേരളീയർ ഭജിക്കുന്ന പഞ്ചകന്യകമാരിൽ ഒരാളാണ് താര.

താരയെ വിവേകമതിയും അനുനയപാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു.

സീതാന്വേഷണത്തിനിടയില്‍ രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി സഖ്യമുണ്ടാക്കുന്നു. സുഗ്രീവന്റെ ആവശ്യമായിരുന്ന, ബാലിവധത്തിനിടയില്‍ അതിഭയങ്കരമായ യുദ്ധം ബാലിയും സുഗ്രീവനും നടത്തുന്നു. തിരിച്ചറിയാന്‍ പറ്റാതെ അതിഭയങ്കരമായ യുദ്ധം. തോറ്റുപോയ സുഗ്രീവന്‍ രാമന്റെ അഭിപ്രായമനുസരിച്ച് വീണ്ടുമെത്തി ബാലിയെ യുദ്ധത്തിനായി വെല്ലുവിളിക്കുന്നു. അതുകേട്ട താര, ഭര്‍ത്താവിനെ ഉപദേശിക്കുന്നുണ്ട്.  

കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ താരയ്‌ക്ക് അസാമാന്യ കഴിവാണ്. വികാരത്തെ വിവേകം കൊണ്ടു കീഴടക്കണം. ബാലിയോട് താര വിശദമായി വീണ്ടും പറയുന്നു. അംഗദന് ചാരന്മാരില്‍ നിന്ന് ഒരു വിവരം ലഭിച്ചു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി ഒരു സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. ആ പിന്‍ബലത്തിലാണ് സുഗ്രീവന്‍ വീണ്ടും വന്ന് യുദ്ധത്തിന് വിളിക്കുന്നത്. രാമന്‍ മഹാവിഷ്ണുവിന് സമം ബലശാലിയാണ്. രാമന്റെ ശത്രുതയ്‌ക്ക് പാത്രമാകാതിരിക്കുന്നതാണ് നല്ലത്. സഹോദരനോടുളള ശത്രുത മറന്ന് സുഗ്രീവനെ ബാലിയുടെ പിന്‍ഗാമിയായി അവരോധിക്കാനും രാമന്റെ മൈത്രി നേടാനും താര പറയുന്നു.

മരണം അടുത്തെത്തിയതിനാല്‍ ബാലി ഈ ഉപദേശം ചെവിക്കൊണ്ടില്ല. സുഗ്രീവന്റെ അഹങ്കാരത്തിന് തക്ക ശിക്ഷ കൊടുക്കണമൈന്നും എന്നാല്‍ രാമനും ഞാനുമായി യാതൊരു ശത്രുതയുമില്ലെന്നും ബാലി പറയുന്നു. അങ്ങനെ ബാലി സുഗ്രീവനുമായി വീണ്ടും യുദ്ധം നടത്തുകയും ശ്രീരാമന്‍ ബാലിയെ വധിക്കുകയും ചെയ്യുന്നു. മറഞ്ഞു നിന്ന് ബാണമെയ്ത രാമനോട് ബാലി ന്യായാന്യായങ്ങള്‍ വിസ്തരിക്കുന്നു. ബാലി ചെയ്ത അധര്‍മപ്രവൃത്തികള്‍ രാമനും ഓര്‍മിപ്പിക്കുന്നു. സുഗ്രീവനെ കിഷ്‌കിന്ധയില്‍ നിന്നും ഓടിച്ചശേഷം സുഗ്രീവന്റെ ഭാര്യ ‘രുമ’ യെ ബാലി സ്വന്തമാക്കി. പുത്രി, പുത്രഭാര്യ, സഹോദരി, അനുജന്റെ ഭാര്യ ഇവരിലാരെയെങ്കിലും കാമസംതൃപ്തിക്ക് ഉപയോഗിക്കുന്നവന്‍ പാപികളില്‍ വച്ചേറ്റവും മഹാപാപിയാണ്. ഈ പാപത്തിന്റെ ശിക്ഷയാണ് ബാലി അനുഭവിക്കുന്നത്. രാമന്റെ വാക്കുകള്‍ കേട്ട ബാലി താന്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നു.

ബാലിയുടെ മരണമറിഞ്ഞ താര അത്യന്തം ദുഃഖിതയായി ബാലിയുടെ സമീപമെത്തി. അംഗദനെ രാജാവാക്കണമെന്ന മന്ത്രിമാരുടെ വാക്കിന് താരയുടെ മറുപടി ഇപ്രകാരായിരുന്നു. ‘എനിക്കു രാജപദവിയില്‍ തെല്ലും മോഹമില്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട ശേഷം സാമ്രാജ്യങ്ങളും സര്‍വൈശ്വര്യങ്ങളും എനിക്കെന്തിനാണ്? ‘ ഭര്‍ത്താവിന്റെ മരണത്താല്‍ ദുഃഖിതയായ താര ബാലിയെ അകമ്പടി സേവിക്കുകയെന്ന നിശ്ചയത്താല്‍ ബാലിയുടെ സമീപം ഇരുന്നു. ഹനുമാന്‍ പറയുന്നുണ്ട് ‘ ഭവതീ, ഭവതിയുടെ ദുഃഖം ധര്‍മത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാനിടയാക്കരുത്. ജീവിച്ചിരിക്കുന്ന മകന്‍ അംഗദനെക്കുറിച്ച് ചിന്തിച്ച് ദുഃഖശമനമുണ്ടാക്കണം.’ ശ്രീരാമനാകട്ടെ, ഹനുമാനാകട്ടെ ആര്‍ക്കും തന്നെ താരയോടോ അംഗദനോടോ ഒരു വിരോധവുമില്ലായിരുന്നു. ബാലി ചെയ്ത അധര്‍മപ്രവൃത്തിയുടെ ശിക്ഷയാണ് ബാലി അനുഭവിച്ചതും. അംഗദനെപ്പോലെ നൂറു പുത്രന്മാരുണ്ടായാലും ഹതനായ ഭര്‍ത്താവാണ് എനിക്ക് ശ്രേഷ്ഠന്‍ എന്നാണ് ധര്‍മപത്‌നിയായ താര പറയുന്നത്. അംഗദന്റെ നാഥന്‍ പിതൃസഹോദരന്‍ സുഗ്രീവനാണ്. ബാലിയുടെ അധീനതയിലുള്ളതെല്ലാം ഇനി സുഗ്രീവനുള്ളതെന്നാണ് താരയുടെ തീരുമാനം.

ബാലിയുടെ സമീപത്തെത്തുന്ന രാമനോട്, താര തന്റെ സങ്കടം പങ്കുവയ്‌ക്കുന്നു. താരയോട് ദുഃഖം കളയാന്‍ രാമന്‍ പറയുന്നു. ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത് കാലമാണ്. കാലത്തിന്റെ നിര്‍ദേശമനുസരിച്ച് ജീവികള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അപ്രതിരോധ്യമായ കാര്യങ്ങളെക്കുറിച്ച് ആരും വിലപിക്കുവാന്‍ പറയില്ല. പരമോന്നതനായ ഭഗവാന്റെ മാര്‍ഗനിര്‍ദേശത്തിനു കീഴില്‍ കാലത്തിന് സ്വയം അതിക്രമിക്കുവാനോ ദൈവനിശ്ചയമായുള്ള പാതയില്‍ നിന്ന് വ്യതിചലിക്കുവാനോ കഴിയില്ല. ശ്രീരാമന്റെ വാക്കുകള്‍ കേട്ട താര, ദുഃഖത്തില്‍ നിന്ന് മോചിതയായി. താരയുടെ ചിത്തം ശുദ്ധമായി.

സുഗ്രീവന്‍ രാജാവായതിനു ശേഷം തന്റെ ഭാര്യ രുമയോടും പുതുതായി കൈവന്ന താരയോടും കൂടി സുഖഭോഗങ്ങളില്‍ മുഴുകി കഴിഞ്ഞു. 

രാമനോടു ചെയ്ത സഖ്യമെല്ലാം വിസ്മരിച്ചു. സുഗ്രീവനെ കാണാനെത്തിയ കോപാകുലനായ ലക്ഷ്മണനെ താര സമാധാനിപ്പിക്കുന്നു. വാനരസ്വഭാവമാണെന്നും സുഖഭോഗങ്ങളില്‍ മുഴുകി കഴിഞ്ഞതു കൊണ്ടാണ് കാലതാമസം വന്നതെന്നും ഉടനെ തന്നെ സീതാന്വേഷണത്തിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതാണെന്നും ലക്ഷ്മണനെ സമാധാനിപ്പിക്കുന്നത് താരയാണ്. അങ്ങനെ ഏതു വിഷമഘട്ടത്തിലും തന്റെ നൈപുണ്യം കൊണ്ട് വിഷയത്തെ ലഘൂകരിക്കാനുള്ള കഴിവുള്ളവളാണ് താര. കുടുംബത്തിനും ഭര്‍ത്താവിനും വേണ്ട ശരിയായ ഉപായം വിശകലനം ചെയ്യുന്ന സഹധര്‍മ്മിണിയാണ് യഥാര്‍ത്ഥ കുടുംബനാഥ. താരയുടെ ഈ കഴിവുകളാണ് പഞ്ചകന്യകമാരില്‍ ഒരാളായി തിളങ്ങി നില്ക്കുന്നതിന് ഇടയാക്കിയത്.      


 

No comments:

Post a Comment