ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ.
ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. ദശരഥന്റെ യഥാർത്ഥ നാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തിൽ പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് സാരഥ്യവൈദഗ്ഗ്ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട് ഇദ്ദേഹത്തിന് ബ്രഹ്മാവിൽ നിന്ന് ദശരഥൻ എന്ന പേരു ലഭിച്ചു. കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ് അയോദ്ധ്യ സ്ഥിതി ചെയ്തിരുന്നത്.
സരയൂനദീ തീരത്ത് നായാട്ടിലേർപ്പെട്ടിരുന്ന സമയം വെള്ളമിളകുന്ന ശബ്ദംകേട്ട് ആന വെള്ളം കുടിക്കുകയാണെന്നു തെറ്റായി ധരിച്ച ദശരഥൻ നാദഭേദിയായ അസ്ത്രമയച്ചു. അതേറ്റത് മഹർഷി കുമാരനായിരുന്നു. കുമാരൻ മരിച്ചു. ദശരഥനും പുത്രദുഃഖത്താൽ മരിക്കട്ടെയെന്ന് അവന്റെ അച്ഛൻ ശപിച്ചു.
വിഷ്ണുവിന്റെ അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥൻ. ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി രാമനും, കൈകേയിയിൽ പുത്രനായി ഭരതനും, സുമിത്രയിൽ പുത്രനായി ശത്രുഘ്നനും, ലക്ഷ്മണനും അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു. ശാന്തയെ വിവാഹം കഴിച്ചത് ഋഷ്യശൃംഗൻ എന്ന മുനികുമാരനായിരുന്നു. ഈ മുനികുമാരനാണ് അംഗരാജ്യത്ത് ലോമപാദനുവേണ്ടി മഴപെയ്യിച്ചതും, ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും.
കുട്ടിത്തംവിടാത്ത രാമലക്ഷ്മണന്മാരെ യാഗരക്ഷാർഥം വനത്തിൽ കൊണ്ടുപോകണമെന്ന് വിശ്വാമിത്രന്റെ അഭ്യർഥന ചഞ്ചലചിത്തനായ രാജാവിനെ ഭയചകിതനാക്കുന്നു. കുലഗുരു വസിഷ്ഠന്റെ ഉപദേശപ്രകാരം ദശരഥന് അനുമതി നൽകേണ്ടിവരുന്നു. ജനകപുത്രി സീതയെ ശ്രീരാമൻ പാണിഗ്രഹണം ചെയ്യുന്നു. മറ്റു പുത്രന്മാരും വിവാഹിതരാകുന്നു.
ശ്രീരാമനെ രാജാവാക്കാനുള്ള ഒരുക്കങ്ങൾ ദാസി മന്ഥരയുടെ തന്ത്രത്തിൽ കൈകേയി തടയുന്നു. മുമ്പ് ദേവേന്ദ്രനുവേണ്ടി ദേവലോകത്തുചെന്ന് ശംബരൻ എന്ന അസുരനെ ദശരഥൻ നേരിട്ടപ്പോൾ രഥചക്രത്തിന്റെ ആണി ഊരിവീണു. ആണിക്കുപകരം കൈകേയി തന്റെ വിരലുകൾവെച്ച് രക്ഷിച്ചു. ആ സമയത്ത് രാജാവ് കൈകേയിക്ക് രണ്ടുവരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. അഭിഷേകമടുത്തപ്പോൾ ആ വരങ്ങൾ കൈകേയി ആവശ്യപ്പെടുന്നു. ശ്രീരാമനെ കാട്ടിലേക്ക് അയയ്ക്കണമെന്നും തന്റെ പുത്രനെ (ഭരതൻ) രാജാവായി വാഴിക്കണമെന്നുമായിരുന്നു അത്.
ഭാര്യയുടെ ആവശ്യം മഹാരാജാവിനെ ഛിന്നഭിന്നമാക്കുന്നു. പുത്രവിരഹദുഃഖത്തിൽ ദശരഥൻ കാലഗതി പ്രാപിക്കുന്നു.
No comments:
Post a Comment