വനസ്പതി രത്നങ്ങൾ
രത്നങ്ങള്‍ മനുഷ്യ ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുമെന്നാണ് ജ്യോതി ശാസ്ത്രകാരന്‍മാര്‍ പറയുന്നത്. മനുഷ്യ മനസ്സിന് സന്തോഷം പകരുന്നത് എന്തോ അതിനെയാണ് ജ്യോതിഷത്തില്‍ രത്നമെന്ന് വിളിക്കുന്നത്. ഭൂമിയില്‍ രത്നങ്ങള്‍ക്ക് ബാഹുല്യമേറുമെങ്കിലും ഇവയില്‍ 102 എണ്ണമാണ് പ്രാധാന്യമുള്ളത്.
കഷ്ടതകള്‍ മാറ്റാനും ഇഷ്ട ഫല സിദ്ധിക്കും ഇതിനൊക്കെ ഉപരി സന്തോഷം, മനസ്സമാധാനം എന്നിവ പ്രദാനം ചെയ്യാനും രത്നങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ശാസ്ത്ര വിധി. എന്നാല്‍, എല്ലാവര്‍ക്കും എല്ലാ രത്നങ്ങളും ധരിക്കാനാവില്ല. അതിന് ചില കണക്കു കൂട്ടലുകള്‍ ആവശ്യമാണ്.
ജന്മനക്ഷത്രം, ദശാപഹാരം, സൂര്യരാശി, ഭാഗ്യാധിപന്‍ എന്നിവ അനുസരിച്ചാണ് അനുയോജ്യമായ രത്നം തിരഞ്ഞെടുക്കുനത്.
ഒരാളുടെ ജാതകത്തില്‍ ബലഹീനത ഉണ്ടെങ്കില്‍ ആ ഭാവത്തിന്‍റെ അധിപനു വേണ്ട രത്നമാണു ധരിക്കേണ്ടത്. ഗ്രഹനില നോക്കി സമയനിര്‍ണ്ണയം നടത്തി രത്നങ്ങള്‍ ധരിക്കാം.
ചിലര്‍ ലഗ്നാധിപനെ നോക്കി അതിനു ചേര്‍ന്ന രത്നങ്ങളാണ് ധരിക്കാറുള്ളത്. അല്ലെങ്കില്‍ ഇഷ്ടഭാവവുമായി ബന്ധപ്പെട്ട ഗ്രഹത്തിന്‍റെ രത്നം ധരിക്കുന്നു.
അനിഷ്ട സ്ഥാനത്ത് അനിഷ്ട സ്ഥാനാധിപന്മാരുടെ രത്നം ധരിച്ചാല്‍ ആപത്തു വന്നു ചേരും എന്നാണ് അനുഭവം. അതുകൊണ്ട് രത്നങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കുന്നത് വളരെ സൂക്ഷിച്ചുവേണം.
നവഗ്രഹ ശാന്തിക്കായാണ് നവരത്ന മോതിരം ധരിക്കാറ്. ഇത് ഗ്രഹദോഷങ്ങള്‍ക്ക് പൊതുവേ ആശ്വാസമാണെന്നാണ് വിശ്വാസം. നവഗ്രഹ മോതിരം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
സൂര്യനു ചുറ്റും മറ്റ് ഗ്രഹങ്ങള്‍ സഞ്ചരിക്കുകയാണല്ലോ ചെയ്യുന്നത്. അതേ മട്ടിലാണ് മോതിരത്തില്‍ രത്നങ്ങളുടെ വിന്യാസവും. നവരത്നമോതിരത്തിന്‍റേ നടുക്ക് സൂര്യന്‍റെ രത്നമായ മാണിക്യമാണ് വയ്ക്കുക.
പ്രദക്ഷിണ ക്രമത്തില്‍ പറയുകയാണെങ്കില്‍ ഏറ്റവും മുകളില്‍ (വടക്ക് ദിശയിലായി) വ്യാഴത്തിന്‍റെ രത്നമായ പുഷ്യരാഗം. തൊട്ടടുത്ത്(വടക്ക് കിഴക്ക്) ബുധന്‍റെ രത്നമായ മരതകം, പിന്നെ (കിഴക്ക്) ശുക്രന്‍റെ രത്നമായ വജ്രം, തെക്കു കിഴക്കായി ചന്ദ്രന്‍റെരത്നമായ മുത്ത്‌എന്നിവയായിരിക്കും.
തെക്കായി ചൊവ്വയുടെ രത്നമായ പവിഴം, തെക്കു പടിഞ്ഞാറായി രാഹുവിന്‍റെ നക്ഷത്രമായ ഗോമേതകം, പടിഞ്ഞാറായി ശനിയുടെ രത്നമായ ഇന്ദ്രനീലം, വടക്കു പടിഞ്ഞാറായി കേതുവിന്‍റെ രത്നമായ വൈഡൂര്യം എന്നിവ ഘടിപ്പിക്കണം.
രത്നങ്ങള്‍ക്കായി പണം ചെലവാക്കാന്‍ ഇല്ലാത്തവര്‍ക്ക് മറ്റൊരു പോംവഴിയുണ്ട് - ചില ഔഷധ സസ്യങ്ങളുടെ വേര് ധരിച്ചാലും രത്നങ്ങളുടെ ഗുണ ഫലങ്ങള്‍ സിദ്ധിക്കും.
ഓരോ രത്‌നത്തിനും പകരമായി ഉപയോഗിക്കാന്‍ പറ്റുന്ന ഔഷധ വേരുകള്‍ ആചാരന്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ഗ്രഹത്തിന്‍റെയും ആനുകൂല്യം സ്വന്തം ജീവിതത്തില്‍ ലഭ്യമാക്കാന്‍ അവയ്‌ക്ക് അനുയോജ്യമായ ഔഷധ സസ്യത്തിന്‍റെ വേര് ധരിച്ചാല്‍ മതിയാകും.
സൂര്യന്‍ - കൂവളത്തിന്‍റെ വേര്
ചന്ദ്രന്‍ - ചതുരക്കള്ളിയുടെ വേര്
വ്യാഴം - ചെറുതേക്കിന്‍റെ വേര്
ശനി - കച്ചോലത്തിന്‍റെ വേര്
ശുക്രന്‍ - സിംഹപുച്ഛത്തിന്‍റെ വേര്
ബുധന്‍ - വൃദ്ധവാര മരത്തിന്‍റെ വേര്
ചൊവ്വ - സര്‍പ്പനാക്കിന്‍റെ വേര്
രാഹു - മലയചന്ദനത്തിന്‍റെ വേര്
കേതു - അമുക്കുരത്തിന്‍റെ വേര്
എന്നിവയാണ് നവരത്നങ്ങളുടെ ഔഷധ വേരുകള്‍ .ഇതിനെ വനസ്പതി രത്നങ്ങൾ എന്നു പറയുന്നത്.
വനസ്പതി രത്നങ്ങള്‍ ധരിച്ചാലും ദുഷ്ടശക്തികളില്‍ നിന്നും ദൃഷ്ടി ദോഷത്തില്‍ നിന്നും അപകടത്തില്‍ നിന്നും ഭൂത പ്രേതങ്ങളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാനാവും എന്നാണ് വിശ്വാസം.
No comments:
Post a Comment