ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 December 2020

ചോഴിക്കളി

ചോഴിക്കളി

ചോഴികള്‍ എന്നാല്‍ ഭൂതഗുണങ്ങള്‍ എന്നാണര്‍ത്ഥം. മദ്ധ്യകേരളത്തില്‍ പ്രചാരത്തിലുള്ള വിനോദകലാരൂപമാണ് ചോഴിക്കളി. ചോഴിക്കെട്ട് എന്നും പറയും. ചോഴികള്‍ രണ്ടു വിധത്തിലുണ്ട് കുടച്ചോഴിയും തിരുവാതിരച്ചോഴിയും. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്.
ചോഴികളുടെ വേഷം കെട്ടുന്നത് കുട്ടികളാണ്. ഇലകള്‍കൊണ്ട് പ്രത്യേകിച്ചും വാഴയില കൊണ്ടാണ് ദേഹത്ത് വെച്ചുകെട്ടുന്നത്. കൂടെ മുതിര്‍ന്നവര്‍ കെട്ടുന്ന മറ്റു വേഷങ്ങളും ഉണ്ടാവും.

തിരുവാതിര ആഘോഷത്തിന്‍െറ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി. ധനുമാസത്തിലെ തിരുവാതിര നാളില്‍ വെളുപ്പിനാണ് ചോഴികള്‍ ഇറങ്ങുന്നത്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ അര്‍ദ്ധരാത്രി മുതല്‍ കളി അവതരിപ്പിക്കാറുണ്ട്. ചോഴികള്‍ക്ക് വിവിധതരത്തിലുള്ള പാട്ടുകളുണ്ട്.

തിരുവാതിര നാളുകളിലും മററും വള്ളുവനാടന്‍ ഭവനങ്ങളില്‍ പുലര്‍കാലങ്ങളില്‍ സംഗീത സാന്ദ്രമാക്കിയിരുന്ന ചോഴിക്കളി ഇന്ന് ഏതാണ്ട് അന്യം നിന്ന അവസ്ഥയിലാണ്

എെതിഹ്യം

സ്ത്രീകള്‍ക്കു മാത്രമായി ആഘോഷം വേണമെന്ന് പാര്‍വതി പരമശിവനോടാവശ്യപ്പെട്ടത് അനുസരിച്ച് ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ നോമ്പു നോക്കണമെന്നും ആ സമയത്ത് തന്‍റെ ഭക്ത ഗണങ്ങള്‍ ചോഴികളെ കാണാന്‍ വരുമെന്നും അവരെ വേണ്ടപോലെ സ്വീകരിക്കണമെന്നും ശിവന്‍ പാര്‍വതിയോടാവശ്യപ്പെട്ടത്രേ

അവതരണരീതി

വാഴയുടെഉണങ്ങിയ ഇലകൾ കൊണ്ടു ശിവന്റെ ഭൂതഗണങ്ങളായി വേഷം കെട്ടിയ കുട്ടികളും, മുത്തിയമ്മ, പട്ടർ, ചിത്രഗുപ്തൻ, കാലൻ എന്നിവരായി വേഷമിട്ട മുതിർന്നവരും, ചെണ്ടക്കാർ, കൊമ്പുകാർ എന്നിവരുമാണ് ചോഴിക്കളിയിൽ പങ്കാളികൾ. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂ‍ക്ക് ഉൾപ്പെടുന്ന പ്രദേശങ്ങളിലും വ്യാപകമായി ചോഴി കളിച്ചുവരുന്നു.

മുത്തിയമ്മ കുട്ടികളുടെ നടുക്കുനിന്ന് തമാശ കലർന്ന പാട്ടുകൾ ആലപിക്കും. കുട്ടികൾ അതിനനുസരിച്ച് താളം പിടിക്കും. കാലനും ചിത്രഗുപ്തനും ഉച്ചത്തിൽ അലറിവിളിച്ച് രംഗത്ത് പ്രവേശിക്കുന്നു. അഭിനേതാക്കൾ വീടു വീടാന്തരം കയറിയിറങ്ങി നൃത്തം ചെയ്യുന്നു. ചോഴിയുടെ വസ്ത്രധാരണരീതി ഉണങ്ങിയ വാഴയില ദേഹത്തു മുഴുവനായി കെട്ടുകയും രണ്ട് കുഴൽവാദ്യസഹിതവും ആയിരിക്കും. കാലൻ‍, ചിത്രഗുപ്തൻ എന്നിവർ കറുത്ത വസ്ത്രങ്ങളും മുഖം‌മൂടികളും ദം‌ഷ്ട്രകളും ധരിച്ച് ഭീകരമായ പശ്ചാത്തലം ജനിപ്പിക്കുന്നു.

ചോഴിക്കളി അവതരിപ്പിക്കാന്‍ കുട്ടികളും വലിയവരും അടക്കം 25 പേരെങ്കിലും വേണം. ചോഴി കെട്ടി നില്‍ക്കുന്ന കുട്ടികളുടെ നടുവിലായി അവരുടെ നേതാവ് നില്‍ക്കും. പിന്നീട് അവരെ വട്ടത്തിലിരുത്തി അയാള്‍ പാട്ടു പാടാന്‍ തുടങ്ങും. പിന്നീട് വാദ്യത്തോടെ കളി തുടങ്ങും. ചോഴികള്‍ കൈകൊട്ടിക്കളിക്കും. അപ്പോള്‍ കാലന്‍റെയും ചിത്രഗുപ്തന്‍റെയും വേഷം കെട്ടിനില്‍ക്കുന്ന മുതിര്‍ന്ന ആളുകള്‍ അവിടേക്ക് അലറിക്കൊണ്ട് കടന്നുവരും. അതിനു പിന്നാലെ മുത്തിയമ്മയുടെ വേഷം കെട്ടിയ ആളും എത്തുന്നു. മുത്തിയമ്മ പാട്ടുകള്‍ പാടുന്നു.

സാധാരണ നിലയില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കല അവതരിപ്പിക്കാറ്. പൊറാട്ട് അവതരിപ്പിക്കു ന്നതുപോലെ ആദ്യം ഒരു പൊതുസ്ഥലത്തും പിന്നീട് വീടുവീടാന്തരവും ചോഴിക്കളി അവത രിപ്പിക്കുന്നു. കളി തുടങ്ങുമ്പോള്‍ നാട്ടുമൂപ്പന്‍‌മാര്‍ അവിടെ ഉണ്ടായിരിക്കണം എന്നാണ് വയ്പ്പ്.

No comments:

Post a Comment