ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 December 2020

തിരുവാതിര ആഹാരം തന്നെ ഔഷധമാകുന്ന ഉൽസവകാലം

തിരുവാതിര ആഹാരം തന്നെ ഔഷധമാകുന്ന ഉൽസവകാലം

പൂർണമായും സ്ത്രീയുൽസവം ആണ് ധനുമാസത്തിലെ തിരുവാതിര. ആതിരനിലാവും ഇളം തണുപ്പും ചേർന്ന സുന്ദരമായ രാത്രിയിൽ നാട്ടിടവഴികളിലൂടെ നടക്കാൻ സ്ത്രീക്കു സ്വാതന്ത്ര്യം കിട്ടിയിരുന്ന ദിവസം. നമ്മുടെ മുൻതലമുറക്കാർ ആരോഗ്യത്തിന് ഏറെ പ്രാധാന്യം കൊടുത്തിരുന്നു എന്നതിന്റെ തെളിവു കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. തിരുവാതിരയുടെ ചടങ്ങുകളിൽ ഉപയോഗിക്കുന്നതെല്ലാം സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിഭവങ്ങളാണ്. കൈകൊട്ടിക്കളിയും തുടിച്ചു കുളിയുമെല്ലാം ശരീരത്തിനും മനസ്സിനും ഉണർവും ആരോഗ്യവും നൽകും. തിരുവാതിര വ്രതം നോൽക്കുന്നവർ അരിയാഹാരം ഒരു നേരമേ കഴിക്കൂ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കിഴങ്ങുവർഗങ്ങൾ ഉൾപ്പെട്ടതായിരിക്കും. തിരുവാതിരയുടെ തലേന്ന് മകയിരം നാളിലെ പ്രധാന ചടങ്ങാണ് എട്ടങ്ങാടി നിവേദിക്കൽ. കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ ഇവ ചുട്ടെടുത്ത് അതിൽ തേൻ, പഴം, കരിമ്പ് ഇവയെല്ലാം ചേർത്ത് ശർക്കരപ്പാവിലിട്ട് വരട്ടി എടുക്കുന്നതാണ് എട്ടങ്ങാടി.  തിരുവാതിര ആഘോഷിക്കുന്ന ധനുമാസം കിഴങ്ങുകളുടെ വിളവെടുപ്പു കാലം കൂടിയാണ്. അതാകാം ചടങ്ങുകളിൽ ഇവയ്ക്കു പ്രാധാന്യം കൈവന്നത്. തിരുവാതിരയുടെ അന്ന് ഏത്തപ്പഴം നുറുക്കും കായ ഉപ്പേരിയും കൂവ കുറുക്കിയതും തിരുവാതിരപ്പുഴുക്കും ആണ് പ്രധാനം. ഗോതമ്പു കഞ്ഞിയാകും ഉച്ചഭക്ഷണം, ഒപ്പം തിരുവാതിരപ്പുഴുക്കും. കൂവയ്ക്ക് മുലപ്പാലിനോളം ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഹോർമോൺ സന്തുലനം നിലനിർത്താനും, ഹൃദയാരോഗ്യമേകാനും രക്തസമ്മർദം നിയന്ത്രിക്കാനും കൂവ സഹായിക്കും. മൂത്രത്തിലെ അണുബാധ അകറ്റാനും കൂവയ്ക്കു കഴിവുണ്ട്. ചർമസൗന്ദര്യത്തിനും നല്ലത്. തിരുവാതിര എന്ന സ്ത്രീയുൽസവത്തിൽ കൂവയ്ക്ക് ഇത്ര പ്രാധാന്യം വന്നത് വെറുതെയാണോ. ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തയ്ക്ക, വൻപയർ ഇവയെല്ലാം വേവിച്ച് തേങ്ങയും ജീരകവും മുളകും ചേർത്ത് തയാറാക്കുന്ന തിരുവാതിരപ്പുഴുക്ക് ആണ് തിരുവാതിരയുടെ പ്രധാന രുചിക്കൂട്ട്. ഈ കിഴങ്ങു വർഗങ്ങളെല്ലാം പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമാണ്.  ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള കാച്ചിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയ ചേമ്പിനും ഇതേ ഗുണങ്ങളുണ്ട്. ഡയേറിയയ്ക്കും ദഹനപ്രശ്നങ്ങൾക്കും എല്ലാം കൂർക്ക പരിഹാരമേകും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓർമശക്തിക്കും കാഴ്ചശക്തിക്കും മികച്ച മധുരക്കിഴങ്ങിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടെ കലവറയായ വൻപയർ ഊർജ്ജമേകാൻ സഹായിക്കും. നാരുകൾ ധാരാളമടങ്ങിയ പച്ചക്കായ ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. തിരുവാതിരപ്പുഴുക്കിൽ ഉപയോഗിക്കുന്ന കിഴങ്ങുകളെല്ലാം ആരോഗ്യത്തിന് ഏറ്റവും മികച്ചവയാണ്. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന ഉൽസവരാവു കൂടിയാണ് തിരുവാതിര.

ദശപുഷ്പം ചൂടുന്ന ചടങ്ങ് ഇതിൽ പ്രധാനമാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി,  മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്. വിവാഹശേഷമുള്ള ആദ്യ തിരുവാതിര പൂത്തിരുവാതിര ആണ്. രാത്രി മുഴുവൻ തിരുവാതിര കളിച്ച ശേഷം വെളുപ്പിനെ ആറ്റിലോ കുളത്തിലോ തുടിച്ചു കുളിക്കും. രാവിലെ ക്ഷേത്രദർശനം നടത്തും. ചെറിയ കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ ചുവടുവയ്ക്കുന്ന തിരുവാതിരയുമായി ബന്ധപ്പെട്ടതെല്ലാം ആരോഗ്യം നൽകുന്നതാണ്.

എട്ടങ്ങാടി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, പാതിരാപ്പൂവ്, ശരീരം അനങ്ങിയുള്ള കൈകൊട്ടിക്കളി, വെളുപ്പിനെയുള്ള തുടിച്ചു കുളി ഇവയെല്ലാം ആരോഗ്യകരമാണ്.  പഴമ ഒട്ടും ചോരാതെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് ഈ ആഘോഷം പകർന്നു നൽകാൻ നമുക്കു കഴിയണം. ചടങ്ങുകൾക്കുമപ്പുറം ഒരുമയുടെയും സ്വാതന്ത്ര്യത്തിന്റെയും ഔഷധഗുണങ്ങളുള്ള ആരോഗ്യഭക്ഷണങ്ങളുടെയും എല്ലാം ഉൽസവമാണ് ധനുമാസത്തിലെ തിരുവാതിര.
           

No comments:

Post a Comment