ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 March 2018

സപ്തനദികൾ

സപ്തനദികൾ

ഭാരതീയ വിശ്വാസ പ്രകാരം ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്.
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും, എല്ലാപുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു
ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

"ഗംഗേച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു"

ഏകശ്ലോകി രാമായണം

ഏകശ്ലോകി രാമായണം

"പൂര്‍വ്വം രാമ തപോവനാദി ഗമനം
ഹത്വാമ‍ൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മര്‍ദ്ദനം
ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധനം
സമ്പൂണ്ണ രാമായണം.""

ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം

ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്.

പാരായണഫലം

ആദ്ധ്യാത്മരാമായണത്തിന്‍റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താല്‍ നിത്യവും സമ്പൂര്‍ണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കുന്നതാണ്.

സുമിത്ര

സുമിത്ര

കോസലപതിയും കൗസല്യാപതിയുമായ ദശരഥ മഹാരാജാവിന്‌ ഏറെക്കാലം പുത്രഭാഗ്യം ലഭിച്ചില്ല. അപ്പോഴാണ്‌ അദ്ദേഹം കാശിരാജകുമാരിയായ സുമിത്രയെ വിവാഹം കഴിക്കുന്നത്‌. സുമിത്ര ഒരു വൈശ്യപ്രഭുവിന്റെ മകളാണെന്നും മകളെ അദ്ദേഹം രാജാവിന്നു സമ്മാനിച്ചതാണെന്നും കഥയുണ്ട്‌.

സുമിത്രയിലും കുട്ടികളില്ലാതെവന്നപ്പോൾ ദശരഥൻ കേകയ രാജകുമാരിയായ കൈകേയിയെ വിവാഹം ചെയ്‌തു. അതിസുന്ദരിയും തന്റേടിയുമായ കൈകേയിയുടെ കൈകളിലായി പിന്നെ ദശരഥൻ. സുമിത്ര അങ്ങനെ പലതുകൊണ്ടും മൂന്നാംസ്ഥാനക്കാരി ആവുകയായിരുന്നു.

എങ്കിലെന്ത്‌? അവഗണിക്കപ്പെട്ടവൾക്കാണ്‌ ഒരർത്ഥത്തിൽ ഭാഗ്യാതിരേകം വന്നത്‌. മറ്റുളളവർക്ക്‌ ഓരോ പുത്രന്മാരെ ലഭിച്ചപ്പോൾ സുമിത്രയ്‌ക്കു രണ്ടുപേരെ ലഭിക്കുകയുണ്ടായല്ലോ - ലക്ഷ്‌മണനും ശത്രുഘ്‌നനും.

ശ്രീരാമനു പ്രിയപ്പെട്ടവനായി ലക്ഷ്‌മണൻ; ശത്രുഘ്‌നൻ ഭരതന്റെയും. തന്മൂലം രാമനെ കാട്ടിലയയ്‌ക്കുന്ന പ്രശ്‌നത്തിൽ കൗസല്യ ദുഃഖിക്കുമ്പൊഴും ഭരതൻ രാജാവാകുമല്ലോ എന്നോർത്തു കൈകേയി ആഹ്ലാദിക്കുമ്പൊഴും സുമിത്ര സന്തുലിതമായ മനസ്സിന്റെ ഉടമയായി നിന്നു.

സുമിത്ര എന്ന പേരും വളരെ അർത്ഥവത്തായിട്ടുണ്ട്‌. കൗസല്യയ്‌ക്കും കൈകേയിക്കും ഇടയിൽ, രാമനും ഭരതനും ഇടയിൽ, സൗമിത്രത്തിന്റെ അഥവാ സാഹോദര്യത്തിന്റെ പൊൻചരടാണവൾ.

കാടും നാടും സുമിത്രയ്‌ക്ക്‌ ഒരുപോലെയാണ്‌. സുഖവും ദുഃഖവും അവൾക്ക്‌ ഒരുപോലെയാണ്‌. ഒരു മകൻ (ലക്ഷ്‌മണൻ) കാട്ടിൽ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്‌നൻ നാട്ടിൽ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ വലുതായി ബാധിക്കുന്നില്ല.

സമത്വബുദ്ധിയും സന്തുലിതമായ മനസ്സും കൊണ്ട്‌ സുമിത്ര ഒരു തത്വചിന്തകയുടെ ഔന്നത്യം കൈവരിച്ചതുപോലെ തോന്നാം. സൗമ്യവും ശാന്തവുമായ പ്രകൃതം അവളെ അധികനേരവും കൗസല്യയുടെ കൂടെ കഴിയാൻ പ്രേരിപ്പിച്ചു.

സുമിത്രയ്‌ക്കു രാമായണത്തിൽ രത്‌നശോഭ കൈവരുന്ന ഒരു സന്ദർഭമുണ്ട്‌. വനവാസത്തിനു പുറപ്പെട്ടു വന്ന സീതാരാമലക്ഷ്‌മണന്മാരെ ഓരോരുത്തരെയായി ആശ്ലേഷിച്ച്‌ അനുഗ്രഹിക്കുമ്പൊഴാണത്‌. ഒടുവിൽ സ്വപുത്രനായ ലക്ഷ്‌മണന്റെ മൂർദ്ധാവിൽ മുകർന്നു സുമിത്ര പറയുന്ന വരികൾ ലോകപ്രശംസ നേടിയതാണ്‌.

“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം.”

“ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായ എന്നെപ്പോലെയും കണ്ടു സ്‌നേഹാദരങ്ങൾ നൽകണം. ഘോരവനത്തെ അയോദ്ധ്യയാണെന്നും കരുതിക്കൊളളുക. യാത്ര സുഖമാകട്ടെ! മകനേ, നീ പോയി വരിക!”

രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായ ശ്ലോകം ഇതാണെന്നു മഹാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സുമിത്രയുടെ നാവിലൂടെ വരുന്നതാണത്‌. ഈ ശ്ലോകത്തിനു തത്ത്വചിന്താപരമായും മറ്റും ഒട്ടേറെ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്‌.

പറയിപെറ്റ പന്തിരുകുലം എന്ന കഥയിലെ നായകൻ വരരുചി മഹർഷിയാണ്‌. വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിതസദസ്സിലെ ഏറ്റവും പ്രഗത്ഭനായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും കുഴക്കിയ ഒരു ചോദ്യത്തിന്റെ ഉത്തരമെന്ന നിലയിൽ, സുമിത്രയുടേതായ ഈ ശ്ലോകം കൂടുതൽ പ്രശസ്‌തി ആർജ്ജിക്കുകയുണ്ടായി.

രാമായണ രചനയ്‌ക്കുമുമ്പ്‌ വാല്‌മീകിമഹർഷിയിൽനിന്നു “മാനിഷാദ പ്രതിഷ്‌ഠാം‘ എന്നു തുടങ്ങുന്ന ഒറ്റശ്ലോകം ഉണ്ടായല്ലോ. അതുപോലെ രാമായണത്തിന്റെ മുഴുവൻ സത്തയായി ഒരു ശ്ലോകം പിന്നീടുണ്ടായി. അതു സുമിത്രയിലൂടെയാണ്‌.

പലരും സുമിത്രയുടെ മഹത്വം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. സുമിത്രാദേവി നൽകുന്ന സന്ദേശം നിസ്സംഗതയുടേതാണ്‌. സമസ്‌ത ലോകത്തിനും മാനസികാനന്ദം അനുഭവിക്കാനുളള സമതയുടെ ഏകമാർഗ്ഗമാണത്‌.

മാരീചവധം

മാരീചവധം

അസാധാരണ സൗന്ദര്യമുള്ള പൊന്മാനിനെ കിട്ടണമെന്ന് സീതയ്‌ക്കൊരുമോഹം തോന്നി. രാമനോടു പറയുന്നു: ”ഭര്‍ത്താവേ ഒരു കനകമയമൃഗത്തെ കണ്ടില്ലേ? വളരെ വിചിത്രമായിരിക്കുന്നു. രത്‌നങ്ങള്‍കൊണ്ട് അലംകൃതമാണ്. നമ്മുടെ അടുത്തേയ്ക്കുവരുന്നു. മനുഷ്യരോട് വളരെ ഇണക്കമുണ്ടെന്ന് തോന്നുന്നു. ഇതിനോട് കളിക്കാന്‍ വളരെ സുഖമായിരിക്കും. വിളിച്ചാല്‍ വരുമെന്നു തോന്നുന്നു. വേഗം പിടിച്ചുകൊണ്ടുവരുക.”

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്‍ഷമായി. ഇക്കാലയളവില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും പിടിച്ചുതരണമെന്ന് സീത ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പൊന്‍മാനുമായി കളിക്കണമെന്നു തോന്നിയതെന്തുകൊണ്ട്? കഷ്ടകാലം വരുമ്പോഴാണ് ഓരോരോ ആഗ്രഹങ്ങള്‍ തലയില്‍ കയറുന്നത്. ഇത് സാധാരണ സ്ത്രീയായ മായാ സീതതന്നെ. ഈ മായയാണ് മാനിനെ പിടിക്കാനാവശ്യപ്പെടുന്നത്. ആ മായ തന്നെയാണ് രാവണനെ തന്നിലേയ്ക്കാകര്‍ഷിക്കുന്നതും. ശ്രീരാമന്‍ പിടിക്കാന്‍ ചെന്നപ്പോള്‍ മാന്‍ ഓടിയകന്നു. പിന്നെ അടുത്തുവന്നു.

  വീണ്ടും അടുക്കുമ്പോള്‍ ഓടിക്കളയും. രാമനെ കുറശ്ശെയായി അകറ്റുകയാണ് ലക്ഷ്യമെന്ന് ലക്ഷ്മണന് മനസ്സിലായി. ”ജ്യേഷ്ഠാ, ഇതു മാനല്ല. മുഖം കണ്ടില്ലേ, പണ്ടുനാം കൊല്ലാതെവിട്ട മാരീചനാണ്.” ഇക്കാര്യം രാഘവനുമറിയാം. മാനിന്റെ ലക്ഷ്യമെന്താണെന്നും രാമനറിയാം. രാമന്‍ ലക്ഷ്മണനോട് ”നീ സീതയുടെ അടുത്തുതന്നെ നില്‍ക്കണം. രാക്ഷസന്മാരുള്ള കാടാണ്.” എന്നുപറഞ്ഞു. സീതയില്‍നിന്നും രാമന്‍ അകന്നു മാറണം. ഇതു മാരീചന്റെ ലക്ഷ്യം. അതുതന്നെ രാമേച്ഛയും. എങ്കിലേ രാവണനെ കൊല്ലാനും കഴിയൂ. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്നുപറഞ്ഞതുപോലെ മാരീചന്‍ രാമനെ കുറെ അകലെയെത്തിച്ചു.

  രാവണനുവേണ്ടി മായാപ്രയോഗം നടത്തുന്ന ഇവനും ജീവിച്ചിരിക്കേണ്ട. ശ്രീരാമന്‍ അസ്ത്രം തൊടുത്ത് മാരീചന്റെ മാറുപിളര്‍ന്നു. മരിക്കാന്‍ നേരത്ത് അവന്‍ ”ഹാഹാ, ലക്ഷ്മണാ, സഹോദരാ, ഹാ സീതേ, എന്നെ രക്ഷിക്കണേ!” എന്ന് ശ്രീരാമന്റെ ശബ്ദത്തില്‍ അലറിവിളിച്ചു. രാക്ഷസ ശരീരമെടുത്തു പിടഞ്ഞുവീണു മരിച്ചു. രാവണനോട് ഉണ്ടചോറിന് ഇവന്‍ നന്നായി കൂറുകാണിച്ചു. എന്നാല്‍ ശ്രീരാമന്റെ ആര്‍ത്തനാദം കേട്ട് സീത പരിഭ്രമിച്ചു. ”ലക്ഷ്മണാ നീ ചെന്നുനോക്ക്. ആര്യപുത്രന് എന്തോ ആപത്തു സംഭവിച്ചു” എന്നുപറഞ്ഞു ലക്ഷ്മണന്‍ കുലങ്ങിയില്ല.

  ”ദേവീ, ഇതു ജ്യേഷ്ഠന്റെ ശബ്ദമല്ല. ജ്യേഷ്ഠനില്‍നിന്ന് ഇത്തരം ആര്‍ത്തനാദം ഉണ്ടാവുകയുമില്ല. ഇത് മായാവികളായ രാക്ഷസന്മാരുടെ സൂത്രമാണ്. ഞങ്ങളെ അകറ്റിയിട്ട് ദേവിയെ തട്ടിക്കൊണ്ടുപോകാനുള്ള രാക്ഷസന്മാരുടെ അടവാണ്.” വീരശൂരന്മാരായ ഖരദൂഷണാദികളേയും പതിന്നാലായിരം രാക്ഷസപ്പടയേയും അരയാമം കൊണ്ടു വധിച്ച രാമന് ഒരാപത്തും വരുകയില്ലെന്ന് ലക്ഷ്മണന് നന്നായിട്ടറിയാം.

  അഥവാ എന്തെങ്കിലും ആപത്തുണ്ടായാലും രക്ഷിക്കണേയെന്ന നിലവിളി രാമനില്‍ നിന്നൊരിക്കലുമുണ്ടാകുകയുമില്ല. വാല്‍മീകി രാമായണത്തില്‍ ഇങ്ങനെയാണ് ലക്ഷ്മണന്‍ പറയുന്നത്. ”പന്നഗങ്ങള്‍ക്കോ, അസുരന്മാര്‍ക്കോ, ദേവന്മാര്‍ക്കോ, രാക്ഷസന്മാര്‍ക്കോ, ഭവതിയുടെ ഭര്‍ത്താവിനെ ജയിക്കാന്‍ കഴിയില്ല. ഹേ ദേവീ, ദേവന്മാര്‍, മനുഷ്യര്‍, ഗന്ധര്‍വന്മാര്‍, പക്ഷികള്‍, പിശാചന്മാര്‍, കിന്നരന്മാര്‍, മൃഗങ്ങള്‍, ഭയങ്കരന്മാരായ ദാനവന്മാര്‍ ഇവര്‍ക്കൊന്നും യുദ്ധത്തില്‍ രാമനെ വധിക്കാന്‍ കഴിയില്ല. ഈ മൂന്നുലോകത്തിലുമുള്ള സര്‍വ അധിപന്മാരും ദേവന്മാരും എല്ലാവരും ഒന്നിച്ചുവെന്നതിര്‍ത്താലും അദ്ദേഹത്തിന്റെ ശക്തി നശിപ്പിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹം മായാവിയായ ആ മാനിനെ കൊന്നിട്ട് മടങ്ങിവരും.” ഇതൊക്കെ പറഞ്ഞിട്ടും സീത വിശ്വസിക്കുന്നില്ല.

  ലക്ഷ്മണന്‍ കുലുങ്ങാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ സീതാദേവിയുടെ നിയന്ത്രണം വിട്ടു. എത്ര ധീരകളായാലും ദേവിയായാലും സ്ത്രീ മനക്കട്ടിയില്ലാത്തവളാണെന്ന് കാണിക്കാനാണോയെന്നറിഞ്ഞില്ല. സീത കടുത്ത ഭാഷയില്‍ ലക്ഷ്മണനെ ശകാരിക്കുകയാണ്.
നീയും രാക്ഷസകുലത്തില്‍ പിറന്നതാണ്. ദുഷ്ടാ, ജ്യേഷ്ഠന്റെ മരണം നീയാഗ്രഹിക്കുന്നു. ഇത്രയും കാലം ഞാനിതോര്‍ത്തില്ല. ഭരതന്റെ നിയോഗപ്രകാരം രാമനു നാശം വരുത്താനായിട്ടാണ് നീ കൂടെ പോന്നത്. രാമന്‍ മരിച്ചാല്‍ രഹസ്യമായി എന്നെക്കൊണ്ടുപോകാനാണോ നീ വന്നത്? ഒരിക്കലും എന്നെ നിനക്കു കിട്ടുകയില്ല. ഞാനിന്നുതന്നെ പ്രാണത്യാഗം ചെയ്യും. സ്വന്തം ഭാര്യയെ അപഹരിക്കാന്‍ കൂടെവന്നവനാണ് നീയെന്ന് കഷ്ടം ആ രാമന്‍ ധരിച്ചിട്ടേയില്ല. രാമനെയൊഴിഞ്ഞ് മറ്റൊരു പുരുഷനെ ഞാന്‍ തൊടുകപോലുമില്ല. സത്യം. ഇങ്ങനെ പറഞ്ഞ് സീത മാറത്തലച്ച് കരയാന്‍ തുടങ്ങി.

  അതി കഠിനമായ കൊള്ളിവാക്കുകളാണ് സീത പറഞ്ഞത്. ലക്ഷ്മണനെ ഓടിച്ചുവിടുകയാണ് ലക്ഷ്യം. അതിനല്പം കടുത്തപ്രയോഗം നടത്തിയെന്നു ധരിച്ചാല്‍ മതി. പക്ഷേ ഈ വാക്കുകള്‍ സീതയെത്തന്നെ തിരിഞ്ഞടിക്കുന്നുമുണ്ട്. രാവണവധം കഴിഞ്ഞ് രാമന്‍ സീതയോടുപറയുന്ന കടുത്ത വാക്കുകള്‍ നമുക്കപ്പോള്‍ നോക്കാം.

  സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയാത്തതരത്തിലുള്ള സീതയുടെ വാക്ശരങ്ങള്‍ ലക്ഷ്മണനില്‍ ചെന്നു തറച്ചു. താനിതുവരെ മാതൃതുല്യയായി കണ്ടിരുന്ന സീത ഇങ്ങനെയൊക്കെ പറയുമെന്ന് വിചാരിക്കാന്‍പോലും കഴിയില്ല. ലക്ഷ്മണന്‍ ചെവിപൊത്തി.

  നിനക്കുനാശമടുത്തിരിക്കുന്നു പാരമെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേചണ്ഡി ധിക് ദിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
എന്ന് ലക്ഷ്മണനും കടുത്തവാക്കുകള്‍ പ്രയോഗിക്കുന്നു. തീര്‍ച്ചയായും നിനക്കു നാശമടുത്തിരിക്കുന്നു. അതു ഞാന്‍ വിചാരിച്ചാല്‍ തടുത്തുനിറുത്താന്‍ കഴിയില്ല. അല്ലെങ്കില്‍ ഹേ ചണ്ഡീ (കോപിഷ്‌ടേ), കഷ്ടം, കഷ്ടം എല്ലാ സ്ത്രീകള്‍ക്കും ക്രൂരചിത്തമാണല്ലോ! എന്നുപറഞ്ഞ് സീതയുടെ ആഗ്രഹപ്രകാരം ലക്ഷ്മണന്‍ രാമന്റെയടുത്തേക്കു തിരിക്കുന്നു.

  പോകുംമുമ്പ് വനദേവതമാരെ, മനുവംശാധീശ്വരനായ രാമന്റെ പത്‌നിയെ വഴിപോലെ നിങ്ങള്‍ സംരക്ഷിക്കണം എന്ന് വനദേവതമാരോടപേക്ഷിക്കുന്നു. ലക്ഷ്മണന്‍ രാമാശ്രമത്തിനുചുറ്റും ഒരു വൃത്തം വരച്ചുവെന്നും അതിനുപുറത്തിറങ്ങരുതെന്ന് സീതയോട് ചട്ടംകെട്ടിയെന്നും തുളസീദാസരാമായണത്തില്‍ പറയുന്നു.

സംസ്കൃതം – ഭാരതീയ വിജ്ഞാനത്തിന്‍റെ താക്കോല്‍

സംസ്കൃതം – ഭാരതീയ വിജ്ഞാനത്തിന്‍റെ താക്കോല്‍

വിജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന ദേശമാണ്‌ ഭാരതം. വിജ്ഞാനത്തിന്‍റെ ആര്‍ജ്ജനത്തിലും പ്രദാനത്തിലും ഭാരതീയര്‍ ആനന്ദം അനുഭവിക്കുന്നു. ആ പൈതൃകസമ്പത്ത് ഭാരതീയര്‍ക്കു മാത്രമുള്ളതല്ല, ലോകത്തെ സകല ജീവജാലങ്ങള്‍ക്കും ഉപയോഗപെടുന്നതിനു വേണ്ടിയാണ് നമ്മുടെ ആചാര്യന്മാര്‍ അവ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തെ ലോകഗുരുവിന്‍റെ സ്ഥാനത്ത് വിദേശിയര്‍ കാണുന്നു. ആ പൈതൃകവിജ്ഞാന സമ്പത്തിലേക്കുള്ള താക്കോലാണ് സംസ്കൃതം. ഭാരതീയഭാഷകളുടെ അമ്മ എന്ന സ്ഥാനത്തോടൊപ്പം സാംസ്കാരിക ഭാഷയായും സംസ്കൃതം നിലകൊള്ളുന്നു. സംസ്കൃതത്തില്‍ എന്താണുഉള്ളത് എന്ന അല്‍പ്പബുദ്ധികളുടെ ചോദ്യത്തിനുത്തരമായി സംസ്കൃതത്തില്‍ എന്താണ് ഇല്ലാത്തത് എന്ന മറുചോദ്യം ചോദിക്കുവാന്‍ നമ്മുക്ക് സാധിക്കണം.

സംസ്കൃത വാങ്ങ്മയത്തെ രണ്ടായി നമുക്ക് കാണാം – ആദ്ധ്യാത്മികമെന്നും ഭൌതികമെന്നും. ആദ്ധ്യാത്മികമെന്നാല്‍ കേവലം ഈശ്വരസ്തുതി മാത്രമല്ല ശാസ്ത്രിയ വിഷയങ്ങളും ഉള്‍പ്പെടുന്നു.

വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപവേദങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ധര്‍മ്മശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍ ഇവയെല്ലാം ആദ്ധ്യാത്മിക സാഹിത്യ ശബ്ദങ്ങളില്‍പ്പെടുത്താം. ഭൌതികത്തില്‍ സാഹിത്യം, സാമൂഹികം, വിജ്ഞാനം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളെ കാണാം. ഭൌതിക വിജ്ഞാന വിഭാഗത്തില്‍ ഗണിതം, ഭൌമശാസ്ത്രം, രസായനശാസ്ത്രം, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവ ഉള്‍പെടുന്നു. സാമൂഹികത്തില്‍ അര്‍ഥശാസ്ത്രം, രാജ്യശാസ്ത്രം, തുടങ്ങിയവയും ഉള്‍പ്പെടുന്നു. മറ്റനേകം എണ്ണിയാല്‍ത്തീരാത്ത വിജ്ഞാനഗ്രന്ഥങ്ങളും നമ്മുക്ക് സ്വന്തമായുണ്ട്. ഭാഷാശാസ്ത്രം മുതല്‍ വ്യോമശാസ്ത്രം വരെ, നിരീശ്വരവാദം മുതല്‍ അദ്വൈതം വരെ, ഭൌതികവും ആത്മീയവുമായ അനേകം വിജ്ഞാനശാഖകള്‍ ഈ ഭാഷയിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. ആയുര്‍വേദം, വാനശാസ്ത്രം, രസതന്ത്രം, കൃഷിശാസ്ത്രം, തുടങ്ങി മാനവജീവിതവുമായി ബന്ധപെട്ട വിഷയങ്ങളിലെല്ലാം അത്ഭുതകരമായ വിജ്ഞാനസരസുകള്‍ സംസ്കൃതഭാഷയില്‍ കാണാവുന്നതാണ്. ലോകത്തിലെ പൌരാണിക വിജ്ഞാനത്തിന്‍റെ 75 ശതമാനത്തോളം സംസ്കൃതഭാഷയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതീയവിജ്ഞാനം വളര്‍ന്നു വികസിച്ചത് ഈ ഭാഷയിലാണ്. താളിയോല ഗ്രന്ഥങ്ങള്‍ ഇവക്കു നിദര്‍ശനങ്ങളാണ്. സംസ്കൃത ഭാഷയുടെ വൈശിഷ്ട്യം ഇതിന്‍റെ വ്യാകരണമാണ്. ഓരോരോ അക്ഷരത്തിന്റെ ഉച്ചാരണത്തിലും വ്യക്തമായ നിയമവും സ്പഷ്ടതയും ഉണ്ട്. ഇതിന്‍റെ ഉച്ചാരണ മഹത്വമായിരിക്കാം മന്ത്രങ്ങള്‍ രൂപപെടുത്താന്‍ കാരണം. ഇങ്ങനെ ചിട്ടപെടുത്തിയ ശബ്ദങ്ങള്‍ മനസിനെയും ബുദ്ധിയും ശക്തിപ്പെടുത്തുന്നു എന്ന് ആധുനിക വൈജ്ഞാനികര്‍ പരീഷണ നിരീഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട് .

പ്രാചീന വിജ്ഞാന സംഗ്രഹമായ താളിയോലഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. കംപ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന സ്വാഭാവിക ഭാഷകളില്‍ പ്രഥമ സ്ഥാനം സംസ്കൃതത്തിനാണ് ലഭിച്ചിട്ടുള്ളത്. പൌരസ്ത്യശാസ്ത്രം, പ്രാചീന ഭാരതീയ വിജ്ഞാനം, യോഗ, ആയുര്‍വേദം, മനശാസ്ത്രം, തത്വശാസ്ത്രം, ഭാരതീയ മാനേജ്മെന്‍റ്, എന്നിവയില്‍ വിശേഷ ഗവേഷണങ്ങള്‍ ഭാരതത്തിലും വിദേശങ്ങളിലും ഗൌരവമായി നടന്നുവരുന്നുണ്ട് . ഇതിന്റെയെല്ലാം ഫലമായി ഐഐടി തുടങ്ങിയ ടെക്നിക്കല്‍ പഠനകേന്ദ്രങ്ങളിലും ഐഐഎം തുടങ്ങിയ മാനേജ്‌മെന്‍റ് പഠനകേന്ദ്രങ്ങളിലും സംസ്കൃത പഠനം തുടങ്ങിയിരിക്കുന്നു . ഇന്ന് അമൃത സര്‍വകലാശാലയിലെ സ്വദേശിയരും വിദേശിയരുമായ വിദ്യാര്‍ഥികള്‍ സംസ്കൃതം പഠിക്കുന്നു. 15 സര്‍വകലാശാലകള്‍ സംസ്കൃത ഭാഷയ്ക്ക്‌ മാത്രമായി ഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മനിയിലും ഒരു സംസ്കൃത സര്‍വകലാശാല നിലവിലുണ്ട് . ലണ്ടനിലെ സെന്‍ട് ജയിംസ് സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാണ്‌. പല വിദേശ സര്‍വകലാശാലകളിലും സംസ്കൃതം ഒരു ഭാഷയായോ ഭാരതീയ വിജ്ഞാനമായോ പഠിപ്പിച്ചുവരുന്നു.

മുന്‍ വിവരിച്ച സര്‍വകലാശാലകളിലും സ്കൂളുകളിലുമായി 3 കോടിയിലധികം വിദ്യാര്‍ഥികള്‍ സംസ്കൃതം പഠിച്ചു വരുന്നു. ഭാരതത്തിലെ നിരവധി കോളേജുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. സംസ്കൃതം സംസാരിക്കുന്ന ആറു ഗ്രാമങ്ങള്‍, സംസ്കൃതം സംസാരിക്കുന്ന പതിനായിരത്തോളം വീടുകള്‍ ഇങ്ങനെ സജീവ സംസ്കൃത സാന്നിധ്യം വളര്‍ന്നു വരുന്നു. നമ്മുടെ എക്സല്‍ കോളേജിലും സംസ്കൃതം ഐശ്ചികവിഷയമായി എടുത്ത് പഠിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്കായി ഭാഷാ പരിചയ ക്ലാസുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള പഠനാവസരങ്ങളും നല്‍കിവരുന്നു. പഠനത്തോടൊപ്പം യുവജനോത്സവ വേദികളിലും സംസ്കൃത സാഹിത്യ മത്സരങ്ങളിലും അവര്‍ മുന്നിട്ടു നില്‍ക്കുന്നു അതില്‍ നമ്മുക്കഭിമാനിക്കാം.

ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: “ഭാരതത്തിലെ ഏറ്റവും വലിയ നിധി എന്താണെന്നും അതിന്റെ ഏറ്റവും ഉത്തമമായ പൈതൃകം എന്താണെന്നും ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഒരു മടിയും കൂടാതെ അത് സംസ്കൃത ഭാഷയും അതിലടങ്ങിയിരിക്കുന്ന എല്ലാമെല്ലാമാണെന്നും ഞാന്‍ പറയും. അത് അത്ഭുതകരമായ ഒന്നാണ്, ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ ഇത് സ്വാധീനിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം ഭാരതത്തിലെ മൂല വിജ്ഞാന പാരമ്പര്യം തുടരുക തന്നെ ചെയ്യും”.

1 March 2018

ചിതാഭസ്മം എന്തിന് പുണ്യനദികളിൽ ഒഴുക്കുന്നത്

മരണപെട്ടവരുടെ ചിതാഭസ്മം ഗംഗയിലും അതുപോലുള്ള പുണ്യനദികളിലും ഒഴുക്കുതിനെ കുറിച്ച്‌ വിശദീകരിക്കാമോ?

ഹരി ഓം. പൗരാണികകാലം മുതൽക്കുതന്നെ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദം സിന്ധു, കാവേരി, രാമേശ്വരം, ഭാരതപുഴ, തുടങ്ങിയ സ്നാനഘട്ടങ്ങൾ എല്ലാം തന്നെ പാപനാശനവും, പിതൃക്കൾക്ക്‌ മോക്ഷദായകങ്ങളുമാണു. ഈ നദീതീരങ്ങളൊക്കെതന്നെ തർപ്പണഘട്ടങ്ങളാണു. ഗംഗാനദി മാത്രമല്ല എല്ലാ നദികളും, പുഴകളും ശ്രീമഹാദേവന്റെ തിരുജഡയിൽ നിന്നുമൊഴുകുന്ന പുണ്യജലധാരകളാണു. അതുകൊണ്ടാണു നദിക്കരയിലും, പുഴയുടെ തീരത്തുമൊക്കെ ബലിതർപ്പണത്തിനും മറ്റും പ്രാധാന്യം കൈവന്നിരിക്കുന്നത്‌. ഒഴുകുന്ന ഈ ജലസാന്നിദ്ധ്യം ശ്രീ പരമശിവന്റെ സഹായത്താൽ മരിച്ചുപോയ പിതൃക്കൾക്ക്‌ മോക്ഷമേകുന്നു. ഹൈന്ദവാചാരപ്രകാരം മരിച്ചതിന്റെ ഏഴാം നാൾ സഞ്ചയനം എന്നൊരു കർമ്മമുണ്ട്‌. സഞ്ചയനം എന്ന ചടങ്ങിനെ അസ്ഥി പെറുക്കൽ എന്നു പറയാറുണ്ട്‌. ഒരു മൺ കുടത്തിൽ ശേഖരിക്കുന്ന അസ്ഥിയാണു ചിതാഭസ്മം. ഇത്‌ വീടിന്റെ പുറത്ത്‌ ഭദ്രമായി കുഴിച്ചിടുന്നു. ഇത്‌ 15 ആം ദിവസത്തെ ശേഷക്രിയകൾക്കു ശേഷം പുഴയിൽ കൊണ്ടുപോയി ഒഴുക്കുന്നു. അതായത്‌ പരേതാത്മാവിനെ സംബന്ധിച്ചുള്ള അവസാനത്തെ ശെഷിപ്പാണു ചിതാഭസ്മം. അതിനേയും ജലത്തിനു സമർപ്പിക്കുന്നു (ഈ സമയത്ത്‌ ചിലർ ജാതകവും ഒപ്പം ഒഴുക്കാറുണ്ട്‌). ചിതാഭസ്മം ജലത്തിൽ ഒഴുക്കുന്നതിനു പിന്നിലും ഒരു തത്വമുണ്ട്‌. പരേതാത്മാവിനെ മോക്ഷത്തിലേക്ക്‌ നയിക്കുന്നത്‌ ജലമാണു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ എന്നറിയില്ല. ജലമാണു പ്രാണനെ നിലനിർത്തുന്നത്‌. പ്രാണൻ നിലനിൽക്കുന്നതും അന്നത്തിലാണു. നാം കഴിക്കുന്ന അന്നത്തെ നയിക്കുന്നതും ജലമാണു. നാം കഴിക്കുന്ന അന്നാത്തെ ആമാശയത്തിലേക്ക്‌ നയിക്കുന്നത്‌ ഉമിനീരാണു (ജലം). കട്ടികൂടിയ ആഹാരം ഇറക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നാം അൽപം ജലം കുടിക്കാറില്ലെ.അതുകൊണ്ട്‌ ജീവാത്നാവായ പ്രാണനേയുംപരമാത്മാവിലേക്ക്‌ ജലം നയിക്കുന്നു, നദിയായായും, പുഴയായും ഒഴുകുന്ന ജലം അവസാനം എത്തിചേരുന്നത്‌ സമുദ്രത്തിലാണു. സമുദ്രം നദികളുടെ ഒരു ലയനമാണു. സമുദ്രത്തിലെ ജലം നീരാവിയായി, കാർമ്മേഘമായി, മഴയായി പലഭാഗങ്ങളിലായി പെയ്ത്‌ തോടുകളായും പുഴയായും, നദിയായും ഒഴുകി ഒടുവിൽ സമുദ്രത്തിൽ തന്നെ എത്തിചേരുന്നു, അതായത്‌ എവിടെനിന്നാണോ ഉത്ഭവിച്ചത്‌ അവിടേക്കുതന്നെ എത്തിചേരുമ്പോഴാണു ലയനം അതായത്‌ ഒരു പൂർണ്ണത ഉണ്ടാവുന്നത്‌. പ്രകൃതിയിലെ സകലതിലും ഈ ലയനം നമുക്ക്‌ കാണാം. ഇതുപോലെ പരമാത്മാവിൽ നിന്ന് ഉത്ഭവിച്ചതാണു ഈ ജീവാത്മാവു. ഈ ജീവാത്മാവ്‌ പരമാത്മാവിൽ തന്നെ ലയിക്കുമ്പോഴാണു മോഷം ലഭിക്കുന്നത്‌. പക്ഷെ നമുക്കതിനു കഴിയുന്നില്ല. ഈ ജീവൻ പല പല കർമ്മബന്ധങ്ങളിൽ പെട്ട്‌ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും മരിച്ചും മോക്ഷമില്ലതെ ജനനമരണങ്ങൾ ഇങ്ങനെ അനുസൂതം നടന്നുകൊണ്ടേയിരിക്കുന്നു. മോക്ഷത്തെ പതീകാത്മകമായി ചിതാഭസ്മം ഒഴുക്കുന്നതിലൂടേ മാനവരാശിക്ക്‌ പറഞ്ഞുകൊടുക്കുകയാണു ചിതാഭസ്മം ഒഴുക്കുന്ന ഈ ചടങ്ങു. നാം ഈ സത്യം മനസ്സിലാക്കണം. പക്ഷെ എത്രപേർക്കറിയാം ഇത്‌. മരിച്ച ഒരാളിന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയാൽ മരിച്ച വ്യക്തിയുടെ ആത്മാവിനു മോക്ഷം ലഭിക്കുമോ എന്നു ചോദിച്ചാൽ, ഒരിക്കലുമില്ല എന്നു തന്നെയാണു. പിന്നെ എന്തിനാണു ഒഴുക്കുന്നത്‌ എന്നു ചോദിച്ചാൽ ഈയൊരു ആചാരത്തിലൂടെ നമുക്ക്‌ ചിലത്‌ ബോദ്ധ്യപ്പെടുത്തി തരാനുണ്ട്‌. ഈ ശാസ്ത്രം ലളിതമാണു അതേസമയം ഗഹനവുമാണു,