മരണം നടന്ന വീടുകളിൽ താരോപദേശം എന്ന ഭാഗം പണ്ട് കാലങ്ങളിൽ പാരായണം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ കാണാറിലെങ്കിലും, പ്രിയപ്പെട്ടവരുടെ മരണമെന്ന സത്യത്തിന് മുന്നിൽ പതറാതെ മുന്നോട് കൈ പിടിച്ചുയർത്താൻ ഈ താരോപദേശം പ്രചോദനമാകട്ടെ.
ബാലി മരിച്ചു കിടക്കുന്നതു കണ്ട് വാവിട്ടലറി നിലവിളിക്കുന്ന ഭാര്യയെ ശ്രീരാമന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തത്വോപദേശത്തിലൂടെ സാന്ത്വനപ്പെടുത്തുന്നതു നോക്കുക.
"നിന്നുടെ ഭര്‍ത്താവു ദേഹമോ, ജീവനോ
ധന്യേ, പരമാര്‍ത്ഥമെന്നോടു ചൊല്ലൂ നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വക് മാംസ രക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമോര്‍ക്ക നീ"
മനുഷ്യശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണെന്നും. ത്വക്ക്, മാംസം, രക്തം, അസ്ഥികള്‍ തുടങ്ങിയവയുടെ ഒരു സഞ്ചിതരൂപമാണെന്നും ബോധ്യപ്പെടുത്തുന്നു. ക്ഷണഭ്രാ ചഞ്ചലമായ ജീവിതം ക്ഷണഭംഗുരമാണ്. ഏതു സമയവും നശ്വരമായ ആ ജഡത്തിനെ ഓര്‍ത്തു വിലപിക്കുന്നത് മൂഢത്വമാണ്. ജീവന്‍ അനശ്വരമാണ്. അത് ആത്മാവാണ്. അതിന് സുഖമില്ല, ദുഃഖമില്ല. ഉഷ്ണവും ശൈത്യവുമില്ല. ബന്ധവും ബന്ധനവുമില്ല. ജനനവും മരണവുമില്ല. അതിന് സ്ത്രീപുരുഷഭേദവുമില്ല. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ദുഃഖത്തിന് ഒരു കാരണവുമില്ല. എന്നാല്‍ ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബന്ധമുണ്ടാകുമ്പോള്‍ അഹങ്കാരാദികള്‍ സംഭൂതമാകും. അപ്പോള്‍ അവിവേകമുണ്ടാകുന്നു.
അവിവേക കാരണത്താല്‍ അപകടമുണ്ടാകുന്നു. ജഗമ്മിഥ്യ എന്ന സാരാംശം ഓര്‍ക്കുകയാണെങ്കില്‍ ആര്‍ക്കും യാതൊരു വസ്തുവിലും ആസക്തിയുണ്ടാകില്ല. ലോക ജീവിതമാണെങ്കില്‍ രാഗ രോഷാദികളാല്‍ സങ്കല്പമാണ്. സൂഷ്മമായ നിരീക്ഷണത്തില്‍ എല്ലാം വ്യര്‍ത്ഥമാണെന്ന സത്യം നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നശ്വരമായ ജഡചിന്ത വിട്ട് ആത്മാവിനെ ഈശ്വരങ്കല്‍ ലയിപ്പിക്കാന്‍ ശ്രമിച്ചാല്‍ മായയില്‍ മൂടിയ ജീവിതത്തില്‍ ചിരന്തന ശാന്തിയും സമാധാനവും ലഭിക്കും. ദൈനന്ദിന ജീവിതത്തില്‍ വിഷാദമനുഭവിക്കുന്ന ശോകഗ്രസ്തരായ സാധാരണ മനുഷ്യന് ഈ താരോപദേശം ഒരു സാരോപദേശമായി കരുതാം.
No comments:
Post a Comment