ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 April 2022

കൂടപ്പുലം ശ്രീ ലക്ഷ്മണ ക്ഷേത്രം

കൂടപ്പുലം ശ്രീ  ലക്ഷ്മണ ക്ഷേത്രം

കോട്ടയം ജില്ലയിലെ രാമപുരത്തു നിന്നും ഉഴവൂർ എന്ന സ്ഥലത്തേക്കുള്ള വഴിയിൽ മൂന്നു കിലോമീറ്ററോളം ചെന്നാൽ കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ എത്താം. നാലമ്പല ദർശന ക്രമത്തിലെ ക്ഷേത്രമാണിത്. വടക്കും കിഴക്കും താഴ്ച്ചയുള്ള ഭൂപ്രദേശമാണ് താരതമ്യേന മറ്റു പ്രദേശങ്ങളെക്കാൾ ഊർജ്ജദായകം എന്നു ഭാരതീയ വാസ്തു ശാസ്ത്രം പറയുന്നു. വൃന്ദാവന സമാനമായ പ്രകൃതി ഭംഗി തിളങ്ങിനിൽക്കുന്ന, കിഴക്കു-വടക്കു താഴ്ചകളുളള മനോഹരമായൊരു ഗ്രാമമാണു ശ്രീ ലക്ഷ്മണ സ്വാമിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന കുടപ്പുലം പ്രദേശം.

ശ്രീ ലക്ഷ്മണസ്വാമി, ശ്രീരാമ ദേവൻറെ പാതി ദേഹവും പാതി മനസ്സുമാണ് എന്നാണല്ലോ വിശ്വാസം! കൈവന്ന രാജ്യ ഭരണം ഉപേക്ഷിച്ചുള്ള യാത്രക്കിടയിൽ, സമീപദേശമായ രാമപുരത്തു എത്തിച്ചേർന്ന ശ്രീ രാമ ദേവനെ പിൻതുടർന്നെത്തിയ ലക്ഷ്മണ കുമാരൻ, ഇവിടെ വാസമാക്കിയതു കൊണ്ടാണു ഈ സ്ഥലനാമം "കുടപ്പുലം" എന്നായതെന്നാണു് വിശ്വാസം. ശ്രീ രാമദേവൻറെ "കൂടെപുലർന്നവൻ" എന്ന പദത്തിൽ നിന്നുമാണത്രെ "കുടപ്പുലം" ഉണ്ടായത്! ഇവിടെയടുത്ത് തന്നെയുള്ള ലക്ഷ്മണ ഭഗവാൻ "വില്ലു" കുത്തിയ സ്ഥലമായി കരുതുന്ന സ്ഥലം "വിൽക്കുഴി"യായും, നായാട്ടിനിറങ്ങിയ ഭാഗം "നായാട്ടുകുന്ന്" ആയും, രാമ-ലക്ഷ്മണന്മാർ കൂടിയിരുന്ന കുന്നിൻ പ്രദേശം "കുടിയിരുപ്പുമല" യായും ഇന്നും കാണപ്പെടുന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ, ഭാരതത്തിലെ ഹൈന്ദവരുടെ വിശ്വാസാധിഷ്ഠിത പ്രാധാന്യമുള്ള രാമായണ കഥകളുടെ ആധികാരികത കൊണ്ടു കൂടിയായിരിക്കാം, ഈ ക്ഷേത്രവും ഇതിനു ചുറ്റുമുള്ള നാലമ്പല ദർശന ക്ഷേത്രങ്ങൾക്കൊപ്പം അനുദിനം ഐശ്വര്യദായകമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. അനേകായിരം ഭക്തരാണു ഇവിടെയെത്തി വഴിപാടുകൾ അർപ്പിച്ചു സായൂജ്യമടയുന്നതെന്നു കാണാം

നാലു കൈകളാലും അനുഗ്രഹം വാരിച്ചൊരിയുന്ന ചതുർബാഹുവായിട്ടാണ് ശ്രീ ലക്ഷ്മണ സ്വാമിയുടെ ഏറെ ചൈതന്യ വാഹിയായ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ടാ മൂർത്തിയായ ലക്ഷ്മണ സ്വാമിക്ക് പുറമേ, നാലമ്പലത്തിനകത്ത് ശ്രീ ദക്ഷിണാമൂർത്തി, ശ്രീ ഗണപതി എന്നീ ദേവതകളും പുറത്ത് യക്ഷി, രക്ഷസ് എന്നീ മൂർത്തികളും ശ്രീ അയ്യപ്പനെ പ്രത്യേക ക്ഷേത്രത്തിലുമായി പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൻറെ സമീപത്ത് കീഴേടമായി ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയുടേയും സ്വാമി അയ്യപ്പൻറെയും ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. ഇത് ഇവിടുത്തെ ദർശന ചൈതന്യത്തിൻറെ ശക്തി കൂട്ടുന്നു. കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി (ബ്രാഹ്മണ) കുടുംബമായ “കാഞ്ഞിരപ്പള്ളി മന”യുടെ ഉടമസ്ഥതയിലാണു ക്ഷേത്രമെങ്കിലും, ദൈനംദിന കാര്യങ്ങൾ നടത്തുന്നതു സാമുദായിക സംഘടനയായ എൻ.എസ്.എസ്.കരയോഗം ആണ്.. മണ്ഡലകാലത്തിൻറെ അവസാന ദിവസം പള്ളിവേട്ട വരുന്ന വിധത്തിലുള്ള 6 ദിവസത്തെ വാർഷികോത്സവമാണ് ക്ഷേത്രത്തിലുള്ളത്. നാലമ്പല തീർത്ഥാടനത്തിലെ രണ്ടാമത്തെ ക്ഷേത്രമായത് കൊണ്ട് പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് രാമായണമാസത്തിൽ ദർശനത്തിന് ദേശത്തിൻറെ നാനാഭാഗത്ത് നിന്നുമായി എത്തിച്ചേരുന്നത്.

സാധാരണ സമയങ്ങളിൽ ക്ഷേത്ര ദർശന സമയം രാവിലെ 5 മുതൽ 10.00 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും, നാലമ്പല  തീർത്ഥാടന കാലത്ത് രാവിലെ 5 മുതൽ 12.00 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ്.

No comments:

Post a Comment