ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 June 2021

പുല, വാലായ്മ

പുല, വാലായ്മ

ഋഷി സൂക്തങ്ങളിൽ പറയുന്നു: ഒരു മാവിന്റെ കൊമ്പൊടിഞ്ഞു വീഴുന്ന സമയത്ത് ആമാവിന് എപ്രകാരമാണോ ഇളക്കങ്ങൾ സംഭവിക്കുന്നത് അപ്രകാരം ഒരുവ്യക്തിയുടെ സൂക്ഷമ സ്ഥൂല ശരീരം വേർപിരിയുന്ന സമയത്ത്, ആ മാവിന് എപ്രകാരമാണോ ഇളക്കങ്ങൾ സംഭവിക്കുന്നത് അതുപോലെ അവരുമായി ബന്ധപ്പെട്ട് അടുത്തുനിൽക്കുന്ന എല്ലാവരുടെയും ചൈതന്യത്തിനു ക്ഷതം സംഭവിക്കുന്നു. മാതാപിതാക്കൾ മരിക്കുന്ന സമയത്ത് മക്കളുടെ ചൈതന്യത്തിനു ലോഭമുണ്ടാകുന്നു. നഷ്ടപ്പെട്ട ചൈതന്യത്തെ വീണ്ടെടുക്കാൻ വേണ്ടി നമ്മൾ പത്തു ദിവസം അനുഷ്ഠിക്കുന്ന തപസ്സിനെയാണ് പുല എന്ന് പറയുന്നത്.

പുല, വാലായ്മ പത്തു ദിവസമാചാരിക്കണമെന്ന് ശ്രീനാരായണ ഗുരുദേവൻ പറയുന്നു. പത്തുദിവസം ആചരിക്കേണ്ടത് എങ്ങനെആകണമെന്നും അദ്ദേഹം പറയുന്നു: മുണ്ടുടുത്തു ക്ഷൗരം ചെയ്യാതെ, വറ്റൽ മുളകുപയോഗിക്കാതെ, കുരുമുളകുപയോഗിച്ചു, വെളിച്ചെണ്ണ ഉപയോഗിക്കാതെ, നല്ലെണ്ണ ഉപയോഗിച്ച്, വലിയ മധുരമുള്ളതും ആഡംബരമുള്ളതുമായ ജീവിതവും ഭക്ഷണവുംകഴിക്കാതെ ലളിതമായി ജീവിച്ചു എന്റെ അച്ഛനോടും അമ്മയോടുമുള്ള കടപ്പാട് എന്നാണെന്ന് നമ്മുടെ മക്കൾക്കു ബോധ്യമാകുന്ന വിധത്തിൽ ലളിതമായി ജീവിക്കണം.

പുലയുള്ളപ്പോൾ അമ്പലത്തിൽ പോകരുതെന്ന് ഒരുപുസ്തകത്തിലും പറഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പറഞ്ഞിരിക്കുന്നത്. പത്തു ദിവസവും നിങ്ങളുടെ കാര്യം നോക്കേണ്ടത് ബന്ധുക്കളാണ്. അങ്ങനെയൊരു ബന്ധുവലയം ഉണ്ടാക്കുക എന്ന ഉദ്ദേശ്യമാണ് പുല ആചരിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

വാലായ്മ എന്ന കാര്യത്തിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. പണ്ട് ചെറിയ വീടായതിനാലും കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നതിനാലും ജനിച്ച കുട്ടിക്കും അമ്മയ്ക്കും ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ പുറത്തുള്ളവർ അകത്തേക്ക് വരാതിരിക്കാനും അകത്തുള്ളവർ പുറത്തേക്കു പോകാതിരിക്കാനുമാണ് വാലായ്മ നിലനിന്നിരുന്നത്. ഇപ്പോൾ അണുകുടുംബവും പര്യാപ്തമായ വീടുകളും ഉണ്ടല്ലോ? അപ്പോൾ വാല്യമയുടെ പ്രശ്നമില്ല.

പുലിയുടെ കാര്യത്തിൽ മക്കൾക്ക് demonstrative anthropology ( പ്രകടനാത്മക നരവംശശാസ്ത്രം) നമ്മുടെ മക്കൾ കാണണം. അച്ഛനോടും അമ്മയോടും എനിക്കുള്ള സ്നേഹവും ബഹുമാനവും നമ്മുടെ മക്കളെ മനസ്സിലാക്കി കൊടുക്കുക എന്ന തത്വവും ഉണ്ട്.

ഈ പത്തു ദിവസം ഉണ്ടായത് എങ്ങനെയെന്നും നോക്കാം.അമ്മയുടെ ഗർഭത്തിൽ നാം പത്തുമാസം കിടക്കുന്നു.ആ പത്തുമാസത്തിന് ഒരു മാസം ഒരുദിവസം എന്ന രീതിയിലാണ് 10 ദിവസത്തെ പുല ആചരിക്കുന്നത്.

അമ്മയുടെ ഗർഭത്തിൽ അഞ്ചാം മാസത്തിലാണ് കുട്ടിയുടെ എല്ലുകൾ ഉറക്കുന്നത്. അതുകൊണ്ട് മരിച്ചു കഴിഞ്ഞു അഞ്ചാം ദിവസം അസ്ഥി സഞ്ചയനം നടത്തുന്നത്. അസ്ഥി സഞ്ചയനം നടത്തുന്ന ദിവസം കോഴി, മുട്ട, അപ്പം, ഇറച്ചി എന്നിവ കഴിക്കാൻ പാടില്ല. മരണം ആഘോഷിക്കേണ്ടതല്ല, ജന്മദിനമാണ് ആഘോഷിക്കേണ്ടത്. ഉത്സവം ആഘോഷിക്കേണ്ടതാണ് പ്രതിഷ്ഠാദിനം ആചരിക്കേണ്ടതാണ്. മരണാന്തര ചടങ്ങുകളും ആചരിക്കേണ്ടതാണ്-ആഘോഷിക്കേണ്ടതല്ല. (ഡോ. എൻ. ഗോപാലകൃഷ്ണൻ)

പുല ആചരിക്കേണ്ട രീതികൾ

നമുക്ക് ജന്മം തന്നവരാണ് മാതാപിതാക്കള്‍ . നാം നമ്മുടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അങ്ങനെ പ്രകൃതി സത്യമായ ജനന പ്രക്രിയ നടക്കുന്നു. അങ്ങനെ നമ്മുടെ കുടുംബത്തിലെ മണ്‍മറഞ്ഞവര്‍ക്കായുള്ള കര്‍മ്മമാണ് ശ്രാദ്ധം. ഭക്തിയും ശ്രദ്ധയും കൂടി ചേരുന്ന കര്‍മ്മങ്ങളാണ് പരമാര്‍ത്ഥികമായി മാറുന്നത്. അതുകൊണ്ട് ശ്രാദ്ധം വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണ്.

മനുഷ്യ ജന്മത്തില്‍ ധാരാളം കര്‍മ്മം ചെയ്യേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന കര്‍മ്മമാണ് ശ്രാദ്ധം. ഭാരതീയ പുരാണങ്ങളിലെല്ലാം ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് മഹത്വം പറഞ്ഞിട്ടുണ്ട്. ബ്രഹ്മ പുരാണത്തില്‍ പറയുന്നു - "ഒരു പഴം കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ , ആ വംശത്തിലെ സര്‍വ്വ ദുഃഖങ്ങളും ഒഴിഞ്ഞു പോകുന്നു" എന്ന്.

ഈ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന മഹത് ശക്തിയുള്ള ഒന്നാണ് എള്ള്. എള്ളിനെ തിലം എന്നും പറയുന്നു. അപ്പോള്‍ തിലഹവനം എന്നാല്‍ എന്ത് എന്നു മനസ്സിലായിക്കാണുമല്ലോ. ദേവ കര്‍മ്മങ്ങള്‍ വലത്തു വശം പ്രധാനമായും, പിതൃ കര്‍മ്മങ്ങള്‍ ഇടത്തു പ്രാധാന്യമായും ചെയ്യണം. അതു കൊണ്ടാണ്, പൂണൂല്‍ ധാരികള്‍ ആ സമയത്ത് പൂണൂല്‍ ഇടത്തേക്ക് ധരിയ്ക്കുന്നത്. അതു പോലെ പിതൃ കര്‍മ്മങ്ങള്‍ , തെക്ക്‌ മുഖമായി ഇരുന്ന്‍ ചെയ്യണം.

പിതൃപൂജയ്ക്ക്‌ ആവശ്യമായ പുഷ്പങ്ങള്‍

തുളസി, ദര്‍ഭ, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ ഇവയും എള്ളും പിതൃ പൂജയ്ക്ക് ഉത്തമങ്ങളാണ്.

തുളസി :- ഇലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ടം തുളസിയാണ്. തുളസിയ്ക്ക് പകരമായി മറ്റൊന്നില്ല. അതുകൊണ്ട് "പുന:പ്രക്ഷാള പൂജയേല്‍ " - അതായത്‌ വീണ്ടും കഴുകി ഉപയോഗിച്ചോളൂ എന്നു പറഞ്ഞിരിക്കുന്നത്.

ദര്‍ഭ :- ഇരിയ്ക്കുവാ൯ ഏറ്റവും ഉത്തമമായത് ദര്‍ഭയിലാണ് . വെറും നിലത്തിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കുലനാശനമാണ്.

എള്ള് :- വാക്കുകൊണ്ടും, മനസ്സുകൊണ്ടും, ശരീരം കൊണ്ടും ചെയ്യുന്ന സര്‍വ്വ പാപങ്ങളും നശിപ്പിക്കുവാ൯ എള്ളിന് കഴിവുണ്ട്.

ആയതുകൊണ്ട് ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഗ്രഹിക്കണം. പിതൃ, ദേവ, ഋഷി എന്നിങ്ങനെ മൂന്ന് വിധ ഋണ (കടം)ത്തോട് കൂടിയാണ് മനുഷ്യ൯ ജനിക്കുന്നത്. ചില കര്‍മ്മങ്ങളാല്‍ ഉണ്ടാകുന്ന ശുചിത്വക്കുറവിനേയാണ് ആശൗചം എന്നു പറയുന്നത്. പ്രസവം മൂലം ഉണ്ടാകുന്നത് പ്രസവാശൗചം. എല്ലാ മതക്കാര്‍ക്കും 3 ദിവസം ആശൗചം ഉണ്ട്. പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയാണ് വാലായ്‌മ . മരണം മൂലം ഉണ്ടാകുന്നത് പുല. പുലകൊണ്ട് വാലായ്‌മ പോകുന്നതല്ലാതെ, വാലായ്‌മ കൊണ്ട് പുല പോകുന്നതല്ല . ഇവയെല്ലാം, ഓരോ മതസ്ഥര്‍ക്കും, വെവ്വേറെ ആയിരിക്കാം. ദേശ വ്യത്യാസവും ഉണ്ടാവാം. അപമൃത്യുവിന് ഇരയാവുന്നവരെ, സംബന്ധിച്ച് ആശൗചമോ, പുലയോ ഒന്നും ബന്ധുക്കള്‍ക്ക് ഉണ്ടാവുകയില്ല. അപമൃത്യുവിന്, സാധാരണ ബലികര്‍മ്മങ്ങള്‍ ഒന്നും ചെയ്യാറില്ല. അതവര്‍ക്ക്‌ സ്വീകരിക്കുവാനും ആവില്ല. പിന്നെ അവര്‍ക്കു വേണ്ടി ചെയ്യാവുന്നത് നാരായണ ബലി മാത്രമാണ്. അത് ചെയ്യുക.

കരിനാൾ ദോഷം

സ്ഥിര രാശൗ, പുണര്‍ത വിശാഖം
ഉത്രവും ഉത്രാടവും, ഉത്രട്ടാതിയും
രേവതി, രോഹിണി, ജന്മ നക്ഷത്രം,
അഷ്ടമി, വാവും, രിക്താ തിഥികളും ഒത്തു വന്നാല്‍
തക്കതിലോന്നിന് മൃത്യു ഭവിക്കും.
മരണം, സ്ഥിര രാശിയിലിരിക്കുക, രിക്താതിഥികള്‍ - ചതുര്‍ത്ഥി, ചതുര്‍ദ്ദശി, നവമി ഇവയും മുകളില്‍പ്പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളും ഒത്തു വന്നാല്‍ , വീണ്ടും, കുടുംബത്തില്‍ മരണം ഉണ്ടാകും.

പിണ്ഡനൂല്‍ ദോഷം

തൃക്കേട്ട, കാര്‍ത്തിക, പൂരം, പുരാടം, പൂരുരുട്ടാതി, ആയില്യം, തിരുവാതിര, മൂലം. ഈ നക്ഷത്രങ്ങളില്‍ മരണം, ഉണ്ടായാല്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്കു ഒരു വര്‍ഷത്തിനകം ദോഷം ഉണ്ടാവും. അതു പോലൊരു ദോഷമാണ് വസുപഞ്ചകം അതായത്, അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചു നക്ഷത്രങ്ങളില്‍ മരണമുണ്ടായാല്‍ , ആ കുടുംബത്തില്‍ തുടര്‍ന്നും മരണമുണ്ടാകും. അവിട്ടത്തില്‍ മരിച്ചാല്‍ വീണ്ടും 1 മരണം കൂടി ചതയത്തിലെങ്കില്‍ വീണ്ടും 2 മരണം അങ്ങനെ, രേവതിയിലെങ്കില്‍ വീണ്ടും 5 മരണം. മൃത്യുഞ്ജയ ഹോമമാണ് മുകളില്‍പ്പറഞ്ഞ ദോഷങ്ങള്‍ക്കെല്ലാം പരിഹാരം. പിണ്ഡ കര്‍ത്താവിന്റെ പേരിലാണ് പരിഹാരം ചെയ്യേണ്ടത്.

സാധാരണ ക്ഷേത്രങ്ങളില്‍ പിതൃകര്‍മ്മം ചെയ്യുന്നത്, ദേവഹിതമല്ല. പിതൃപൂജകള്‍ ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. തിരുവല്ലം, തിരുനാവായ്, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നിവ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ബലികര്‍മ്മം നടത്തേണ്ടത്, മരിച്ചയാളുടെ പേരും മരണ ദിവസത്തെ തിഥിയിലാണ്. മരിച്ചാല്‍, തിഥിയ്ക്കാണ് പ്രാധാന്യം (തിഥി - പ്രഥമ , ദ്വിതീയ, തൃതീയ ----) . മരണ ദിവസ നക്ഷത്രത്തിലും കര്‍മ്മം ചെയ്യാം. ഇവ ഒന്നും അറിയില്ലയെങ്കില്‍ , പരേതന്റെ നാമവും, തിരുവോണം നക്ഷത്രവും കുടി ചേര്‍ത്ത്‌ പറഞ്ഞു വേണം കര്‍മ്മം ചെയ്യാ൯ .

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും എന്നാണ് പറയുക. 107 അകാല മൃത്യുകള്‍ , 1 കാല മരണം, അങ്ങനെ 108. കാല മരണത്തെ, തടയാനാവില്ല. അകാല മൃത്യുക്കളാണ്, രോഗമായും, ജീവിത ബുദ്ധിമുട്ടുകളായും വരുക. അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാം. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും നിര്‍ബ്ബന്ധമായും ക്ഷേത്രദര്‍ശനം നടത്തണം.മരണം നിത്യ സത്യമാണ്. അതില്‍ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ദേവ നാമം ഉച്ചരിക്കുക. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെങ്കിലും, ദേവ നാമം മനസ്സില്‍ വരും അതില്‍ കവിഞ്ഞോരു പുണ്യമില്ല. അഥവാ അതില്‍ കവിഞ്ഞോരു പുണ്യമുണ്ടെങ്കില്‍ , ഭഗവാനേ, അതെനിക്കു വേണ്ട.

കടപ്പാട്: രുദ്ര ശങ്കരന്‍

No comments:

Post a Comment