ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2021

വിഷ്ണു പാദാദികേശസ്തോത്രം

വിഷ്ണു പാദാദികേശസ്തോത്രം

വിഷ്ണു സ്മരണം തന്നെ സകലവിധ പാപശമനത്തിനും ഉപയുക്തമാണ്. അപ്പോള്‍ ശ്രീവിഷ്ണു ഭഗവാന്റെ നാമസ്‌തോത്രജപം എത്രമാത്രം ഫലസിദ്ധി പ്രദാനം ചെയ്യുന്നതാണെന്ന് ഊഹിക്കാമല്ലോ. ചിത്തശുദ്ധി സമാര്‍ജ്ജിക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമായ ആദ്ധ്യാത്മിക സാധനയാണ് വിഷ്ണുപാദാദി കേശസ്‌തോത്രജപം. പ്രസ്തുത സ്‌തോത്രം നിത്യവും ജപിക്കുന്നതായാല്‍ മനഃസമാധാനവും സന്തുഷ്ടിയും ആത്മബലവും കരഗതമാകുന്നു. വിഷ്ണുപാദാദികേശ സ്‌തോത്രത്തിന്റെ രചയിതാവ് ജഗത്ഗുരു ശ്രീ ശങ്കരാചാര്യസ്വാമികളാണ്. വിഷ്ണുവിന്റെ പാദം മുതല്‍ കേശം വരെയും ശംഖചക്രാദി വിഭൂഷകളെക്കുറിച്ചും വളരെ പ്രതീകാത്മകമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. തൃശൂര്‍ മതിലകത്തു വച്ച് രചിച്ച ഈ സ്‌തോത്രകൃതി പൂര്‍ത്തിയാകുന്നതിന് മുമ്പ് ആചാര്യസ്വാമികള്‍ സമാധിയായെന്നാണ് ഐതിഹ്യം. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യനായ പദ്മപാദാചാര്യരാണ് ഇത് പൂര്‍ത്തിയാക്കിയതെന്നും വിശ്വസിക്കുന്നു. വിഷ്ണുപാദാദികേശ സ്‌തോത്രത്തിന് പൂര്‍ണ സരസ്വതിസ്വാമികള്‍ 'ഭക്തിമന്ദാകിനി' എന്ന പേരില്‍ ഒരു വ്യാഖ്യാനം ചമച്ചിട്ടുണ്ട്. സദ്ഗുരു വിമലാനന്ദ സ്വാമികള്‍ മലയാളഭാഷയിലും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. സ്രഗ്ധരാ വൃത്തത്തിലുള്ള 52 ശ്ലോകങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.                                                                                  വിഷ്ണുവിന്റെ കൈയിലുള്ള ശംഖ് ബ്രഹ്മതത്വമാണെന്ന് പറഞ്ഞിരിക്കുന്നു. പ്രഥമശ്ലോകത്തില്‍ തന്നെ ആ ശംഖിനെ വര്‍ണിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ യഥാക്രമം ചക്രായുധം, വില്ല്, ദിവ്യമായ ഖഡ്ഗം, കൗമോദകി എന്ന ഗദ, വാഹനമായ ഗരുഡന്‍, തല്പമായ അനന്തന്‍, ലക്ഷ്മി, പാദരേണുക്കള്‍, പാദതലത്തിലെ രേഖ, തൃപ്പാദങ്ങള്‍, അംഗുലികള്‍, പാദാംഗുലീ നഖങ്ങള്‍, പാദത്തിന്റെ മുകള്‍ഭാഗം, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍, ഊരുക്കള്‍, ജഘനം, കാഞ്ചീകലാപം, നാഭീദേശം, ഉദരം, രോമരാജി, മാറിടം, ശ്രീവത്സം, കൗസ്തുഭരത്‌നം, വൈജയന്തീമാല, ബാഹുമൂലം, കരങ്ങള്‍, കണ്ഠം, ഔഷ്ഠങ്ങള്‍, ദന്താവലി, വാഗ്‌രൂപം, കവിള്‍ത്തടങ്ങള്‍, നാസിക, നേത്രങ്ങള്‍, പുരികങ്ങള്‍, പുരികക്കൊടികളുടെ മധ്യഭാഗം, നെറ്റിത്തടം, അളകാവലി, മുടിക്കെട്ട്, കിരീടം, സമ്പൂര്‍ണ്ണ വിഗ്രഹം, അംശാവതാരങ്ങള്‍, ഭഗവാന്റെ സച്ചിദാനന്ദരൂപം, വിഷ്ണുധ്യാനപരായണരായ ഭക്തന്മാര്‍ എന്നിവയാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്. അവസാന ശ്ലോകത്തില്‍ വിഷ്ണുഭക്തന്മാര്‍ക്ക് ലഭിക്കുന്ന പരമാനന്ദ സ്വരൂപത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതഗ്രന്ഥംപോലെ തന്നെ പരമപ്രഭുവായ ശ്രീ ഭഗവാന്റെ വാങ്മയസ്വരൂപമായിട്ടു തന്നെയാണ് ഭഗവത് ഭക്തന്മാര്‍ വിഷ്ണുപാദാദികേശ സ്‌തോത്ര ഗ്രന്ഥത്തെയും കല്പിച്ചിരിക്കുന്നത്. ശ്രീ ഭഗവാന്റെ അവതാരമഹിമയും ഭൂഷണവിശേഷവും ഏതൊരു ഭക്തന്റെ അന്തരംഗത്തിലാണോ നിഴലിക്കുന്നത്, അവിടെ ഭഗവാന്റെ സാന്നിധ്യം നിഷ്പ്രയാസം ദര്‍ശിക്കാം. സത്ചിത് ആനന്ദസ്വരൂപനായ ഭഗവാനെ അകക്കാമ്പില്‍ പ്രതിഷ്ഠിച്ചാല്‍ ഏതൊരു ദുഃഖത്തിനും ശമനമുണ്ടാകുന്നു. ആയതിനാല്‍ ഭഗവാന്റെ പാദാദികേശ സ്‌തോത്രജപം ശീലമാക്കുവാന്‍ ഭക്തമനസ്സുകള്‍ക്ക് സാധിക്കട്ടെ..                                                                          

No comments:

Post a Comment