ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 December 2021

ഊണു നിയമങ്ങള്‍

ഊണു നിയമങ്ങള്‍

 1. ചൂടോടെ ഉണ്ണണം –
ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.

 2. മയമുള്ളതുണ്ണണം –
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ മയമുള്ളതുണ്ണണം.

 3. അളവറിഞ്ഞുണ്ണണം -
അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.

 4. വിരുദ്ധമാവാത്തതുണ്ണണം -
 കഴിക്കുന്ന സാധനങ്ങള്‍ തമ്മില്‍ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. വിരുദ്ധങ്ങളായവ ശരീരത്തില്‍ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന് പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറില്‍ തൈരു ചേര്‍ക്കരുത്.

 5. ദഹിച്ചശേഷമുണ്ണണം -
ആദ്യം കഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാല്‍ പലമട്ട് പാകം വന്ന നീരുകള്‍ കൂടിക്കലര്‍ന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാല്‍ വാതം, തുടങ്ങിയ ദോഷങ്ങള്‍ തുല്യാവസ്ഥയിലെത്തി ശരീരം നിലനിര്‍ത്തും. ശരിയായ വിശപ്പുണ്ടാകുകയും കഴിച്ചത് വേണ്ടപോലെ ദഹിക്കുകയും ആയുസ്സ് പാലിക്കപ്പെടുകയും ചെയ്യും.

 6. തിടുക്കത്തിലുണ്ണരുത് -
വേഗം കൂടിയാല്‍ ചോറു വഴിമാറുകയും ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയും ദോഷവുമറിയില്ല അതിനാല്‍ അതിവേഗം പാടില്ല.

 7. സുഖമായിരുന്നുണ്ണണം -
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാല്‍ വകയ്ക്കു കൊള്ളില്ല. അതിനാല്‍ സുഖമായിരുന്നുണ്ണണം.

 8. തീരെപ്പതുക്കെയുണ്ണരുത് - ഏറെപ്പതിഞ്ഞമട്ടായാല്‍ വയറു നിറയുന്നതറിയില്ല. അധികമുണ്ടുപോകും. ഭക്ഷണം തണുക്കുകയും ദഹനം ക്രമം വിട്ടാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം വളരെ സാവധാനത്തിലും കഴിക്കരുത്.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത് - ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനസ്സ് മറ്റൊന്നിലായാല്‍ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങള്‍ എല്ലാമുണ്ടാകും.

10. അവനവനെ അറിഞ്ഞുണ്ണണം - കഴിക്കുന്നതില്‍ ഇതെനിക്കു നന്ന് ഇതാപത്താണ് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുള്ളതേ ഉണ്ണാവൂ.

( കടപ്പാട് )

No comments:

Post a Comment