ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2021

വാരാണസീപുരപതിം ഭജ വിശ്വനാഥം

വാരാണസീപുരപതിം ഭജ വിശ്വനാഥം

കള്ളസാക്ഷ്യം പറഞ്ഞതിന് ശിവന്‍ ഒരിക്കല്‍ ബ്രഹ്മാവിന്‍റെ ഒരു ശിരസ് നുള്ളിയെടുത്തു. അങ്ങനെ ശിവന് ബ്രഹ്മഹത്യാപാപം സംഭവിച്ചു. പെട്ടെന്ന്‍ നീലനിറവും ചെമ്പിച്ച മുടിയുമായി ബ്രഹ്മഹത്യ എന്ന ഘോരരൂപിണി ശിവനെ സമീപിച്ചു. ആ വിരൂപിണിയെ കണ്ട ശിവന്‍ അവളോട്‌ ഇങ്ങനെ ചോദിച്ചു: “ നീ ആരാണ്..? എന്തിനു വന്നു..?” അപ്പോള്‍ ബ്രഹ്മഹത്യ ശിവനോട് പറഞ്ഞു:

“ഞാന്‍ ബ്രഹ്മഹത്യയാണ്. ബ്രഹ്മാവിന്‍റെ ശിരസ്സ് മുറിച്ച അങ്ങ് പാപം ചെയ്തിരിക്കുന്നു. പാപമോക്ഷം ലഭിക്കുന്നതുവരെ ഞാന്‍ അങ്ങയുടെ ശരീരത്തില്‍ വസിക്കും.” ഇങ്ങനെ പറഞ്ഞ അവള്‍ ശിവനില്‍ ലയിച്ചു ചേര്‍ന്നു. പെട്ടെന്ന്‍ ശിവന്‍റെ ദേഹമാസകലം ചുട്ടുപൊള്ളാന്‍ തുടങ്ങി. പാപ പരിഹാരത്തിനായി ശിവന്‍ നരനാരായണന്മാരെ കാണാന്‍ ബദര്യാ ശ്രമത്തില്‍ ചെന്നു. പക്ഷെ അവരെ കാണാനായില്ല. ദുഃഖിതനായ ശിവന്‍ ശരീരത്തിലെ ചൂട് ശമിപ്പിക്കാനായി യമുനയില്‍ പോയി. ശിവന്‍റെ ശരീരത്തിലെ ചൂട് കാരണം യമുന വറ്റിപ്പോയി. പിന്നീട് പുഷ്കരാരണ്യം, മഗധാരണ്യം, സൈന്ധവാരണ്യം, നൈമിശാരണ്യം, ധര്‍മ്മാരണ്യം, ഇവിടെയൊക്കെ പോയി. എവിടെയും ജലമില്ലാതെ ശിവന്‍ പരിക്ഷീണിതനായി. സമുദ്രങ്ങളിലും, നദികളിലും, ആശ്രമങ്ങളിലുമൊക്കെ പോയെങ്കിലും, ബ്രഹ്മഹത്യ ശിവനില്‍നിന്ന്‍ വിട്ടുമാറിയില്ല. അത്യന്തം ദുഃഖിതനായ ശിവന്‍ കുരുക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അപ്പോള്‍ ഗരുഡവാഹനനായ വിഷ്ണുവിനെ കണ്ടു. അഞ്ജലീബദ്ധനായി ശിവന്‍ വിഷ്ണുവിനെ സ്തുതിച്ചു. ബ്രഹ്മഹത്യാപാപം മാറുന്നതിനായി വിഷ്ണു ശിവനോട് ഇപ്രകാരം ഉപദേശം നല്‍കി,

“ഹേ കപാലീ.. പുണ്യാംശമായ ബ്രഹ്മാണ്ഡത്തില്‍ എന്‍റെ അംശമായി ജനിച്ച യോഗശായി എന്ന ഭഗവാന്‍ പ്രയാഗയില്‍ വസിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വലത്തേ കാലില്‍നിന്നും പുറത്തേക്ക് വരുന്ന വരണ എന്ന സര്‍വപാപഘ്നയായ മഹാനദിയും, ഇടത്തേ കാലില്‍നിന്ന്‍ പുറത്തേക്ക് വരുന്ന അസി എന്ന മഹാനദിയും അത്യന്തം പൂജനീയമാണ്. ഈ നദികളുടെ മദ്ധ്യദേശത്താണ് യോഗശായിയുടെ ക്ഷേത്രം. അത് ത്രിലോകങ്ങളിലും ശ്രേഷ്ഠവും പാപനാശിനിയുമായ തീര്‍ത്ഥമാണ്. ആ നഗരി വാരാണസി എന്നറിയപ്പെടുന്നു. പ്രാപഞ്ചികന്മാര്‍പോലും ആ തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ സംസാരമുക്തി ലഭിക്കും. ദേവേശ്വരാ.. അവിടം എന്‍റെ ആശ്രമസ്ഥാനവുമാണ്. ലോലനെന്ന സൂര്യഭഗവാന്‍ സകലരുടെയും സര്‍വപാപങ്ങളും നശിപ്പിച്ചുകൊണ്ട് അവിടെ വസിക്കുന്നുണ്ട്. അവിടെ ചെന്നാല്‍ അങ്ങയ്ക്ക് പാപമോചനം ലഭിക്കും.”

ഇപ്രകാരം വിഷ്ണുവിന്‍റെ ഉപദേശം സ്വീകരിച്ച ശിവന്‍ വാരാണസിയില്‍ എത്തി അവിടെ സ്നാനം ചെയ്തു തന്‍റെ ബ്രഹ്മഹത്യാപാപം നീക്കി. പിന്നീട്, അവിടെ വന്ന്‍ പാപമോചനം നേടുന്നവരെ അനുഗ്രഹിക്കാനായി, വാരാണസീപതിയായി ശിവന്‍ അവിടെ കുടിയിരുന്നു.

"ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണസീപുരപതിം ഭജ വിശ്വനാഥം "

No comments:

Post a Comment