ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2021

സർപ്പവും നാഗവും

സർപ്പവും നാഗവും

സർപ്പവും  നാഗവും രണ്ടാണെന്ന് ഭഗവത്ഗീത10:28-29  ഭഗവാൻ പറയുന്നു. സർപ്പങ്ങളിൽ  ഞാൻ  വാസുകിയും  നാഗങ്ങളിൽ  ഞാൻ  അനന്തനും ആണെന്ന്.

സർപ്പാണമസ്മി   വാസുകി:
അനന്തശ്ചാസ്മി  നാഗാനാം

ഭാഗവതം അഞ്ചാം  സ്കന്ദത്തിൽ ഇരുപത്തി  നാലാം  അദ്ധ്യായത്തിലാണ്  സർപ്പം  നാഗം  ഇവയുടെ  വ്യത്യാസം വർണ്ണിച്ചിരിക്കുന്നത്:

ഭൂമിയുടെ  അധോഭാഗത്തിൽ  അതലം ,വിതലം, സുതലം,  തലാതലം,  മഹാതലം, രസാതലം ,  പാതാളം  എന്നിങ്ങനെ  ഏഴു ലോകങ്ങൾ ഉണ്ട്. ഇവയെ  പൊതുവായി ബില സ്വർഗ്ഗങ്ങൾ  എന്നു  പറയുന്നു.

തലാതലത്തിൽ  മയാസുരൻ മഹാദേവന്റെ അനുഗ്രഹത്താൽ സന്തുഷ്ടനായി  വസിക്കുന്നു. ഈ  തലാതലത്തിനു  താഴെയുള്ള  ലോകമാണ്  മഹാതലം. ഇതാണ്  സർപ്പങ്ങളുടെ  ആവാസസ്ഥലം.

തതോഽധസ്താന്‍മഹാതലേ കാദ്രവേയാണാം സര്‍പാണാം 
നൈകശിരസാം ക്രോധവശോ നാമ ഗണഃ കുഹക-
തക്ഷകകാലിയസുഷേണാദിപ്രധാനാ മഹാഭോഗവന്തഃ 
പതത്ത്രിരാജാധിപതേഃ പുരുഷവാഹാദനവരതമുദ്വിജ-
മാനാഃ സ്വകലത്രാപത്യസുഹൃത്കുടുംബസങ്ഗേന 
ക്വചിത്പ്രമത്താ വിഹരന്തി (ശ്രീമദ് ഭാഗവതം 5.24.29)

കദ്രുവംശജരായ  സർപ്പങ്ങൾ  മഹാതലത്തിൽ  വസിക്കുന്നു.  അനേകം ഫണങ്ങൾ  (ഒന്നിൽ  കൂടുതൽ) ഉള്ള  ഇവർ  അത്യന്തം  ക്രോധിഷ്ടരുമാണ്. *കുഹകൻ, തക്ഷകൻ, കാലിയൻ സുഷേണൻ* തുടങ്ങിയവരാണ്  സർപ്പ പ്രമുഖർ. ഈ  സർപ്പങ്ങൾ  എല്ലാവരും മഹാവിഷ്ണു വാഹനമായ  ഗരുഡനെ  ഭയന്നാണ്  സദാസമയവും  കഴിയുന്നത്. 

നാഗങ്ങളെക്കുറിച്ച് വർണ്ണിക്കുന്നത് നോക്കാം.

ദക്ഷപ്രജാപതിയുടെ   പന്ത്രണ്ടുമക്കളിൽ  ഒരാളായ സുരസ  കശ്യപമഹർഷിയെ  വിവാഹം ചെയ്തു.  രാമായണത്തിൽ  നാഗങ്ങൾ  സുരസ  വംശജരാണെന്നാണ് വിവരിച്ചിരിക്കുന്നത്.
മഹാഭാരതത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും, നാഗങ്ങൾ  സുരസയുടെയും സർപ്പങ്ങൾ  കദ്രുവിന്റെയും  വംശജർ  തന്നെ എന്നാണ് പറഞ്ഞിട്ടുള്ളത്.

തതോഽധസ്താത്പാതാലേ നാഗലോകപതയോ 
വാസുകിപ്രമുഖാഃ ശങ്ഖകുലികമഹാശങ്ഖശ്വേത-
ധനഞ്ജയ ധൃതരാഷ്ട്രശങ്ഖചൂഡകംബലാശ്വതര-
ദേവദത്താദയോ മഹാഭോഗിനോ മഹാമര്‍ഷാ നിവസന്തി 
യേഷാമു ഹ വൈ പഞ്ചസപ്തദശശതസഹസ്രശീര്‍ഷാണാം 
ഫണാസു വിരചിതാ മഹാമണയോ രോചിഷ്ണവഃ 
പാതാലവിവരതിമിരനികരം സ്വരോചിഷാ 
വിധമന്തി (ശ്രീ.ഭാ. 5.24. 31)

രസാതലത്തിന്  താഴെയാണ് പാതാലം  (പാതാളം) അഥവാ നാഗലോകം.
നാഗങ്ങളിൽ പ്രമുഖരാണ് വാസുകി, ശംഖൻ, കുലികൻ ,  മഹാശംഖൻ,  ശ്വേതൻ, ധനഞ്ജയൻ, ധൃതരാഷ്ട്രൻ, ശംഖചൂഡൻ, കംബാലൻ, അശ്വതാരൻ ,ദേവദത്തൻ തുടങ്ങിയവർ.  വാസുകിയാണ്  ഇവരുടെ  രാജാവ്. സർപ്പങ്ങളെപ്പോലെ അത്യന്തം  കോപിഷ്ടരുമാണ്.  എല്ലാ നാഗങ്ങൾക്കും ഒന്നിൽ  കൂടുതൽ  ഫണങ്ങൾ ഉണ്ടാവും.  അവ  അഞ്ച്, ഏഴ് അങ്ങിനെ  ആയിരങ്ങൾ  വരെ  ഉണ്ടാകും.  അവരുടെ ഫണങ്ങളെ  അലങ്കരിക്കുന്ന അമൂല്യ  രത്നനങ്ങൾ  ചൊരിയുന്ന  പ്രഭയാൽ പാതാലം (നാഗലോകം) എപ്പോഴും  പ്രകാശമാനമാണ്. 

ഇവിടെ  വാസുകിയെ  നാഗരാജാവായിട്ടാണ്  വിവരിച്ചിരിക്കുന്നത്.  അതുപോലെ  കാലിയ  (കാളിയനെ)  സർപ്പമായും  നാഗമായും ഭാഗവതത്തിൽ പരാമർശിച്ചിട്ടുണ്ട്. (ശ്രീ. ഭാ. 10:16)  നാഗ പ്രമുഖനായ  അനന്തൻ പ്രപഞ്ച സ്ഥിതി സംരക്ഷണം  എന്ന  കർത്തവ്യം  ഏറ്റെടുത്ത ശേഷം സർപ്പലോകവും  നാഗലോകവും  വാസുകിയുടെ  കീഴിൽ  വന്നതാകാം. അതിനുശേഷം പൊതുവായി സർപ്പം,  നാഗം  എന്നു വിശേഷിപ്പിക്കാൻ  തുടങ്ങിയിരിക്കാം. അനന്തൻ  വിഷ്ണുതല്പം  ആയതു പോലെ  ശിവഭക്തനായ  വാസുകി  ഭഗവാന്റെ  കണ്ഠാഭരണം  ആകുകയും  ചെയ്തു. പിന്നീട്  തക്ഷകൻ  രണ്ടു ലോകങ്ങളും ഏറ്റെടുത്തു. തക്ഷകൻ  ഇന്ദ്രസുഹൃത്താണ്.

നാഗങ്ങളും സർപ്പങ്ങളും തമ്മിൽ ഉള്ള ചില വ്യത്യാസങ്ങൾ :-

സർപ്പങ്ങൾ:-

ഭൂലോകത്തോട് അടുത്തുള്ള മഹാതല വാസികളാണ്.
എല്ലാ സർപ്പങ്ങൾക്കും ഒന്നിൽ  കൂടുതൽ  ഫണങ്ങൾ ഉണ്ടാവണം എന്നില്ല. ഉള്ളവർ  ധാരാളം ഉണ്ട്.
സർപ്പങ്ങൾ  രത്നധാരികൾ അല്ല.
സർപ്പങ്ങൾ ഗഗന ചാരികൾ അല്ല.
സർപ്പങ്ങൾ  ക്ഷിപ്രകോപികളും  മറ്റു മൃഗങ്ങളെയും  മനുഷ്യരെയും  ആക്രമിക്കാനും സാധ്യത ഉണ്ട്.

നാഗങ്ങൾ :-
 
നാഗങ്ങൾ ഏറ്റവും  അകലെയുള്ള പാതാല (പാതാള) ലോക വാസികളാണ്.
എല്ലാ നാഗങ്ങൾക്കും  ഒന്നിൽ  കൂടുതൽ  ഫണങ്ങൾ  കാണും. 
എല്ലാ  നാഗങ്ങളും  രത്നധാരികളാണ്. 
എല്ലാ  നാഗങ്ങൾക്കും പറന്നു നടക്കാനുള്ള  കഴിവുണ്ട്. (ഗഗന ചാരികൾ ആണ്.)
നാഗങ്ങൾ പൊതുവേ സമാധാന പ്രിയർ ആണ്.
നാഗങ്ങൾ  വൈദ്യശാസ്ത്രത്തിൽ  പ്രാവീണ്യം  ഉള്ളവരാണ്.
ഇഷ്ടം  പോലെ രൂപം മാറാനും  കഴിവുണ്ട്.
നാഗങ്ങൾക്ക്  മനുഷ്യരുമായി  കൂടുതൽ  ബന്ധം (വിവാഹ ബന്ധം വരെ) ഉണ്ട്.  

സർപ്പസത്രത്തിൽ  അനേക സർപ്പങ്ങൾ  ഉന്മുലനം  ചെയ്യപ്പെട്ടു.  നാഗങ്ങൾക്ക്  പ്രശ്നങ്ങൾ  ഉണ്ടായതായി പറയുന്നില്ല.
രണ്ട്  കൂട്ടരും  ഉരഗ വർഗ്ഗമാണ്.

No comments:

Post a Comment