ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 December 2021

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവപ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ‍ - കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തമിഴ്നാടിന്റെ ഭാഗമാകുന്നതിന് മുമ്പ് തിരുവിതാകൂറിലായിരുന്ന ഈ മഹാക്ഷേത്രം, അവിടത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴും ധാരാളം മലയാളികൾ ഇവിടെ ദർശനത്തിനെത്താറുണ്ട്. ധനുമാസത്തിൽ തിരുവാതിരയ്ക്കും മേടമാസത്തിൽ ചിത്രാപൗർണ്ണമിയ്ക്കും ആറാട്ട് വരും വിധത്തിലാണ് ഇവിടത്തെ ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രത്തിലുള്ള, ഇരുപതടി ഉയരമുള്ള ഹനുമദ്വിഗ്രഹം പ്രസിദ്ധമാണ്. ധാരാളം ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു ധർമ്മ പ്രബോധന കേന്ദ്രമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം - 1

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതിൽ പ്രധാനം. ദേവൻമാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.
അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോൽപ്പത്തിയ്ക്ക് കാരണമായി പറയുന്നത്. ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിൻറെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തിൽ ഒറ്റയ്ക്കാണെന്ന ചിന്ത മഹർഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാൽ മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തിൽ പോകാൻ അപേക്ഷിച്ചു. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിൻറെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിൻറെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു. ഭർത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹർഷി നാരദൻ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാർവ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ. ഇതുകേട്ട അനസൂയ ഒരു നിമിഷം തൻറെ ഭർത്താവിൻറെ പാദ പൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.
ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാർ ഭർത്താക്കാന്മാരെ പഴയ രൂപത്തിൽ തിരിച്ചു നൽകണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവൃത്തിയിൽ അവർ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചു നൽകി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

ഐതിഹ്യം - 2

ദേവേന്ദ്രൻ നിർമ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹർഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തിൽ ഇന്ദ്രൻ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹർഷിയുടെ പർണ്ണശാലയിലെത്തിയ ഇന്ദ്രൻ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണർന്ന ഗൗതമമഹർഷി നേരം പുലർന്നെന്നു കരുതി പൂജകൾക്കായി തൊട്ടടുത്തുള്ള നദിക്കരയിൽ പോയി. തുടർന്ന് ഗൗതമമഹർഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രൻ അഹല്യയെ സമീപിക്കുന്നു. സ്നാദി-പൂജകൾക്കായി പോയ ഗൗതമഹർഷി ഇരുട്ടു മാറിയില്ലെന്നു മനസ്സിലാക്കി പർണ്ണശാലയിൽ തിരികെയെത്തുന്നു. അപ്പോൾ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹർഷി കാണുന്നത്. രോക്ഷാകുലനായ മഹർഷി ശിലയായി പോകട്ടൈയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടൈയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രൻ ത്രിമൂർത്തികളെ തപസു ചെയ്തെന്നും അവർ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നൽകിയെന്നുമാണ് വിശ്വാസം. തുടർന്ന് ഇന്ദ്രൻ ത്രിമൂർത്തികൾക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ.

അഗ്നിപരീക്ഷ

സത്യാസത്യങ്ങൾ തെളിയിക്കുന്നതിന് പ്രാചീനകാലത്തു സ്വീകരിച്ചിരുന്ന കടുത്ത പരീക്ഷകളിൽ ഒന്ന്. കുറ്റവാളിയെന്നു കരുതപ്പെടുന്ന ആൾ തീയിൽചാടിയോ തിളയ്ക്കുന്ന എണ്ണ, നെയ്യ് എന്നിവയിൽ കൈമുക്കിയോ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പരീക്ഷണമാണിത്. കുറ്റപത്രം മുതലായ പ്രമാണങ്ങൾ, സാക്ഷികൾ, ശപഥം ചെയ്യിക്കൽ എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാൻ ആദ്യം നോക്കുന്നു. എന്നാൽ അത്തരം രീതികൾ ഫലപ്രദമല്ലാതെവരുമ്പോൾ തുലാസ്സ്, അഗ്നി, ജലം, വിഷം, കോശം, തണ്ഡുലം, സപ്തമാഷകം എന്നീ ഏഴുവിധം ദ്രവ്യപരീക്ഷകളെ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. 
13-‍ം ശതകത്തിലാണ്‌ ശുചീന്ദ്രത്ത്‌ കൈമുക്ക്‌ പരീക്ഷ തുടങ്ങിയത്‌. ശുചീന്ദ്രത്ത്‌ താമസം തുടങ്ങിയ നമ്പൂതിരിമാരാണ്‌ കൈമുക്ക്‌ അവിടെ ഏർപ്പെടുത്തിയത്‌. സ്മാർത്ത വിചാരത്തിന്റെ തുടർച്ചപോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു ശുചീന്ദ്രം രേഖകളിൽ പറയുന്നു. സ്വാതിതിരുനാളിന്റെ കാലത്താണ്‌ ശുചീന്ദ്രം കൈമുക്ക്‌ നിർത്തൽ ചെയ്തത്‌...

ശില്പ ചാരുത

നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിൻറെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവർചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. നൂറുവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ശിൽപികളുടെ കരവിരുത് ഏതോരു സന്ദർശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവൻമാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകർഷിക്കുന്നതാണ്.
ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ശിൽപകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്.

18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാർത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.

1874ൽ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിനു പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തിൽ (തിരുവിതാംകൂർ) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിർമ്മാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം. ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാൾ മഹാരാജാവ് അനുമതി നൽകി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്. പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ഗോപുര നിർമ്മാണത്തിനായി കണ്ടെത്തിയിരുന്നു.

വിനായകി പ്രതിഷ്ഠ

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറെ അപൂബര്‍വ്വമായൊരു പ്രതിഷ്ഠയും ശുചീന്ദ്രം സ്ഥാനുമല്യന്‍ ക്ഷേത്രത്തിലുണ്ട്. ആനയുടെ തലയുള്ള ദേവിയാണ് വിനായകി എന്ന പേരില്‍ ഇവിടെ ആരാധിക്കപ്പെടുന്നത്. ഗണേശന്റെ സ്ത്രീരൂപമായ വിനായകിയെ ഗജനാനി എന്നും പറയുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി

ഇന്ത്യയില്‍ ഇന്ന് കാണുന്ന ഏറ്റവും വലിയ നന്ദി പ്രതിമകളിലൊന്ന് ഈ ക്ഷേത്രത്തിലേതാണ്. 13 അടി ഉയരവും 12 അടി നീളവും 10 അടി വീതിയുമാണ് ഇതിനുള്ളത്.ഉത്സവം

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാർകഴിയും ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രിൽ / മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക. ശിവരാത്രിയും വിശേഷമാണ്.
ശൈവ, വൈഷ്ണവ ഭക്തരെ ആകർഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളിൽ മുപ്പതോളം ദേവി-ദേവൻമാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.

ക്ഷേത്രസമയം

വിശ്വാസികളേക്കാളുപരി ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ 7.30 മുതല്‍ വാകിട്ട് 7.30 വരെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സമയം.

ശുചീന്ദ്രം സത്യാഗ്രഹം

ശുചീന്ദ്രം ക്ഷേത്രത്തിലോ ചുറ്റുമുള്ള വീഥികളിലോ അവർണരെ അനുവദിച്ചിരുന്നില്ല. 1924 - 25 ലെ വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി 1926 ൽ ശുചീന്ദ്രം സത്യാഗ്രഹം നടന്നു. ഇതിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. എം.ഇ. നായിഡുവായിരുന്നു.

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലായാണ് ശുചീന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ നിന്നും 14 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ളത്.

No comments:

Post a Comment