ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 September 2024

കൃഷിഗീത

കൃഷിഗീത

ഉപയോഗമൂല്യമുള്ള നാട്ടറിവുകൾ കവികെട്ടി സൂക്ഷിക്കുകയും തലമുറകളിലേക്കു കൈമാറുകയും ചെയ്യുകയെന്നത് സ്വാഭാവികമായ വിനിമയരീതിയാണ്. പഴമൊഴികളും വിഷവൈദ്യവിധികളും കാലാതീതമായി നിലനിന്നതും ഇതുകൊണ്ടുതന്നെ. കർഷകന്റെ അറിവും അനുഭവവും വിശ്വാസവും ചേര്‍ന്നതാണ് കൃഷിപ്പാട്ട്. കർഷകജനതയുടെ അനുഭവസാക്ഷ്യമാണിത്. ഏതൊരു നാടോടി വാങ്മയത്തെയുംപോലെ കൃഷിഗീതയും ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്. കെട്ടുമുറയനുസരിച്ച് ഭേദപാഠങ്ങളുണ്ടാകുന്ന ഞാറ്റുപാട്ടുകളെപ്പോലെത്തന്നെയാണ് ക്യഷിഗീതയുടെയും രൂപപരിണാമം. പഴഞ്ചൊല്ലുകൾ പോലെ സമഷ്ടിയുടെ അറിവിന്റെ വൈയക്തികമായ ആവിഷ്കാരമാണിത്. കൃഷിഗീതയെക്കുറിച്ചുള്ള ലിഖിതരൂപത്തിലുള്ള ആദ്യത്തെ മലയാളപരാമർശം പി. ഗോവിന്ദപ്പിള്ളയുടെ മലയാള ഭാഷാസാഹിത്യചരിത്രത്തിലേതായിരിക്കണം. 18-ാം നൂറ്റാണ്ടിൽത്തന്നെ മക്കൻസിയുടെ കുറിപ്പുകളിൽ കൃഷിഗീതയുടെ പരാമർശമുണ്ട്.

1881-ൽ പ്രസിദ്ധീകരിച്ച ഭാഷാചരിത്രത്തിന്റെ അഞ്ചാമധ്യായത്തിൽ ബ്രാഹ്മണിപ്പാട്ട്, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, സർപ്പപ്പാട്ട്, ശാസ്താൻപാട്ട്, നിഴൽക്കുത്തുപാട്ട് എന്നിവയ്ക്കൊപ്പം കൃഷിപ്പാട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. കൊല്ലവർഷം ഒന്നുമുതൽ മൂന്നാം ശതവർഷത്തിനകം മധ്യകേരളത്തിൽ മലയാളഭാഷയിലുണ്ടായിട്ടുള്ള അനേകം പാട്ടുകളിൽ ഒന്നാണ് കൃഷിപ്പാട്ടെന്ന് സാഹിത്യചരിത്രകാരൻ പറയുന്നു.

പരശുരാമൻ പലവിധ ധാന്യങ്ങൾ, നാല്ക്കാലികൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ ഇവയെ കേരളത്തിൽ കൊണ്ടുവന്നു നടപ്പാക്കിയശേഷം ഈ വൃക്ഷാദികൾ നട്ടുവളർത്തുന്നതിനും ധാന്യങ്ങൾ കൃഷിചെയ്യുന്നതിനുമുള്ള സമ്പ്രദായം വിസ്തരിച്ചു പ്രതിപാദിക്കുന്ന കേരളകല്പം പോലുളള സംസ്കൃത ഗ്രന്ഥങ്ങൾ ആര്യബ്രാഹ്മണരുടെ ഉപയോഗത്തിനുണ്ടെന്നും കൃഷിക്കാരായ കൊഴുവന്മാർ ശൂദ്രരാകയാലും അവർക്ക് ആദ്യകാലത്ത് സംസ്കൃതജ്ഞാനമില്ലാതിരുന്നതിനാലും ധാന്യഭേദങ്ങളെയും കൃഷിക്കാര്യങ്ങളെയും കുറിച്ച് പരശുരാമന്‍ ബ്രാഹ്മണർക്കു ചെയ്ത ഉപദേശങ്ങളെ ഏതോ ഒരു നമ്പൂരി നാലുപാദമായിട്ട് ഒരു ഭാഷാഗ്രന്ഥം ചമച്ചെന്നും അതാണ് കൃഷിപ്പാട്ടെന്നും ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. കാട്ടുകൃഷിയെക്കുറിച്ചും ഞാറ്റടി ഒരുക്കുന്നതിനെക്കുറിച്ചുമുള്ള എട്ടു വരികൾ മാതൃകയായി കൊടുക്കുന്നുമുണ്ട്.

ആറു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറു പാകരുതെന്നു ധരിക്കണം

ഞാറ്റിനു മുപ്പറുപതു നാളുണ്ടു

ചേറ്റിലും പൊടിയിൽത്തന്നെ പാകിലും

നമ്പുഞാറു നൂരി പിരിയുന്നെങ്കിൽ

അമ്പൊടേ വിളവേറ്റമറിഞ്ഞാലും

പിൻവരിഷമേറീടുന്ന കാലത്തു

നമ്പു കൊയ്യാമരിവിരി നിർണയം

ഭാഷാ ചരിത്രത്തിൽ ഉദ്ധരിച്ചിട്ടുള്ള ഈ വരികളിൽനിന്നും ഏറക്കുറെ വ്യത്യസ്തമാണ് മദ്രാസ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ മൂന്ന്-നാല് വോള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട കൃഷിഗീതയിലേത്.

ആറു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറു പാകരുതെന്നു ധരിക്കണം

തൊറ്റിള്‍ മൂപ്പിരുപതു നാളുണ്ട്.

ചേറ്റിലും പൊടിയിൽത്തന്നെയെങ്കിലും

നമ്പുഞാറങ്ങരിവിരിക്കുണ്ടെങ്കിൽ

അമ്പൊടേ വിളവേറ്റമറിഞ്ഞാലും

പിമ്പുവർഷമങ്ങേറിയ കാലത്ത്

നനുകൊയ്യാമരിവിരി നിർണയം

"എട്ടു ചാലിൽ കുറഞ്ഞിട്ടൊരുത്തരും

തട്ടിടും ഞാറു പാകരുതാരുമേ' എന്ന ഈരടികൾ ഉൾക്കൊളളുന്ന ഖണ്ഡമാണ് ചില പാഠങ്ങളിൽ കാണുന്നത്.

മലയാളക്കരയിലെ കർഷകസമൂഹമാകെ കൈപ്പുസ്തകമാക്കിയ കൃഷിഗീത ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയോളമെങ്കിലും പഴന്തലമുറ ചുണ്ടിലേറ്റി നടന്നിരുന്നുവെന്നതിന് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ലേഖനങ്ങളും സാക്ഷിയാണ്. ഏതാണ്ട് ഭാഷാചരിത്രം എഴുതപ്പെടുന്ന കാലത്തുതന്നെയാണ് വിദ്യാവിനോദിനിയിൽ കേസരി "കൃഷിക്കാരൻ' എന്ന ലേഖനം എഴുതുന്നത് (1070-ൽ). 'കൃഷിപരിഷ്കാരം' എന്ന പേരിൽ പുനഃപ്രസിദ്ധികരിച്ച കേസരിയുടെ ലേഖനത്തിൽ കൃഷിപ്പാട്ടിലെ വരികൾ ഉദ്ധരിക്കുന്നുണ്ട്:

പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ

കണ്ടാലുമറിയാതെ മറഞ്ഞുപോയ്

നിഷ്ടുരങ്ങളാമിന്നുള്ള വിത്തുകൾ

കുഷ്ഠരോഗാദി വർധിപ്പിക്കും ദൃഢം.

എന്ന് നമ്മുടെ കൃഷിപ്പാട്ടിൽ പറഞ്ഞത് ദ്വിതീയാക്ഷരപ്രാസത്തിനുവേണ്ടി മാത്രമല്ലെന്നും പഴക്കവും പരിചയവുമുളള ഏതു കൃഷിക്കാരനും ഇക്കാര്യം സമ്മതിക്കുമെന്നും കേസരി പറയുന്നു. ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് മാന്യമായ ഏർപ്പാടുതന്നെയാണെന്നും വല്ലവിധേനയും അതിനു സാധിക്കാതെ വന്നാൽ അത്തരക്കാർ പൂന്തോട്ടമെങ്കിലും നട്ടുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 പണ്ടത്തെക്കാലം ഇങ്ങനെയുള്ള ഉദ്യാനങ്ങൾ സർവസാധാരണമായിരുന്നുവെന്ന് സമർഥിക്കാൻ കൃഷിഗീതയിലെ "പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ നീന്തിടുന്നീല സംസാരസാഗരേ- എന്ന വരി ഉദ്ധരിക്കുന്നുണ്ട്. എ. ആർ. രാജരാജവർമ വ്യത്തമഞ്ജരിയിൽ ഊനകാകളിക്ക് ലക്ഷ്യമായി കൊടുക്കുന്ന വരികളും കൃഷിഗീതയിലേതു തന്നെ. 1912-ൽ പ്രസിദ്ധീകരിക്കപ്പെട്ട കെ.പി. പത്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിലും കൃഷിഗീതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ വിവരണത്തിനടിസ്ഥാനം കീഴ്നടപ്പാണെന്നും ചീനമുളക്, പറങ്കിമുളക് എന്നീ സൂചനകളിൽ നിന്നും കൃതിയുടെ കാലം പോർച്ചുഗീസുകാർ മലയാളത്തിൽ വന്നതിനുശേഷമാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഈ വാദം പൂർണമായും ശരിയല്ല.

പണ്ടു പണ്ടുള്ള വിത്തുകളെല്ലാം കണ്ടാലറിയാത്തവിധം മാഞ്ഞുപോയതിൽ സങ്കടപ്പെട്ടുകൊണ്ടാണ് തുളുനാട്ടിലെയും കോലനാട്ടിലെയും ഇടനാട്ടിലെയും വിത്തിനങ്ങളെ പേരുചൊല്ലി വിവരിക്കുന്നത്. കേരളമെന്നും പരദേശമെന്നുമുള്ള ഭേദം എല്ലാറ്റിനുമുണ്ടത്രേ. നിഷ്ടുരങ്ങളായ ഇന്നുള്ള വിത്തുകൾ മിക്കവയും പരദേശികളാണ് എന്ന കൃഷിപ്പാട്ടുകാരന്റെ സൂചനയനുസരിച്ച് നാമിന്ന് നാടൻവിത്തുകൾ എന്നു വിളിക്കുന്ന പലതും പരദേശികളായിരിക്കണം. ഇടനാട്ടിലെ വിത്തുകളുടെ കൂട്ടത്തിൽ രോഗബാധകളെ ചെറുക്കാൻ കഴിയുന്ന "ചിറ്റരി'യെപ്പറ്റിയും മുണ്ടകൻവയലിനു പറ്റുന്ന 'ആയനി'യെപ്പറ്റിയും പരാമർശിക്കുന്നുണ്ട്. ഈ വിത്തുകൾ നമ്മുടെ പാടങ്ങളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ, ഈ പേരുകളുമായി സാമ്യമുള്ള മറ്റൊരു വിത്ത്, ചിറ്റേനി-ഹരിതവിപ്ലവം ഉഴുതുമറിച്ചിട്ട് ഉത്തരകേരളത്തിലെ പാടശേഖരങ്ങളിൽ അതിജീവിക്കുന്നുണ്ട്. ചിറ്റേനി ചൈനയിൽ നിന്നും വന്നതാണെന്നാണ് ഗുണ്ടർട്ട് നിഘണ്ടു നല്കുന്ന സൂചന (A rice said to come from China, grows from August to December). ആയനിയെന്ന വിത്ത് നടപ്പുണ്ടായിരുന്ന ഒരു പ്രദേശത്ത് പുതുതായെത്തപ്പെട്ട ഒരു പരദേശിവിത്ത്, വിത്തിലോ ചെടിയിലോ ഉള്ള സാദൃശ്യം മൂലം ചിറ്റായനി-ചിറ്റേനി എന്നറിയപ്പെട്ടതാകാം

സംസ്കാരസമന്വയത്തിന്റെ സൂചകവും അധിനിവേശത്തിന്റെ കൊടിയടയാളവുമാണ് വിത്തുകൾ. വിത്തുകളുടെ വിതരണചരിത്രം ആഗമനത്തിന്റെയും അധിനിവേശത്തിന്റെയും സമാന്തരചരിത്രംകൂടിയാണ്. ഒരു പരദേശിവിത്ത് ജനതയുടെ സംസ്കാരത്തിലിടപെട്ട് അതിന്റെ തന്നെ ഭാഗമായി മാറുക; വിത്തിനനുസരിച്ചു സംസ്കാരം മാറുക. ഇതു രണ്ടും സംഭവിച്ചിട്ടുണ്ട്. കേരവ്യക്ഷം കേരളത്തിന്റെ പ്രതീകമായത് ആദ്യത്തേതിന് ഉദാഹരണം. റബ്ബര്‍ തൊട്ട് ആന്തുറിയംവരെയുള്ള നാണയവിളവുകൾ കേരളത്തിന്റെ സംസ്ക്കാരത്തെ ചിട്ടപ്പെടുത്താൻ തുടങ്ങിയത് രണ്ടാമത്തേതിനും. അഗ്രിക്കൾച്ചറിന്റെയും അഗ്രോ ബിസിനസ്സിന്റെയും വിരുദ്ധഭൂമികളിലാണ് തെങ്ങിനും റബ്ബറിനും ഇടപെടേണ്ടി വന്നിട്ടുള്ളത്. ലാഭാധിഷ്ഠിതമായ ഒരു കാർഷികപര്യാവരണത്തിലാണ് റബ്ബർ ഒരു സംസ്കാരമായത്. റബ്ബറിൽ നിന്നും മൾബറിയിലേക്കോ അവിടെനിന്നും ഓർക്കിഡിലേക്കോ ചുവടുമാറ്റാൻ പുത്തൻ കർഷകനു പ്രയാസമേതുമില്ല.

കൃഷിയെ സംസ്കാരവും ജീവിതചര്യയുമാക്കിയിരുന്ന ഒരു കൂട്ടായ്മയിലേക്കാണ് തെങ്ങ് കടന്നുവന്നത്. ദേശസംസ്കാരത്തിന്റെ ഹൃദയവേഗമുൾക്കൊണ്ടുകൊണ്ടാണ് തെങ്ങിന്റെ നാരുവേരുകൾ ശതാവരികളായി പടർന്നത്. പ്രകൃത്യുർവരതയെ തോറ്റിയുണർത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്കും ഭേദകല്പനയില്ലാത്ത മനുഷ്യോർവരതയുമായി ബന്ധപ്പെട്ട അരങ്ങേറ്റച്ചടങ്ങുകൾക്കും (Initiation Rituals)തേങ്ങ സംഘാതദ്രവ്യങ്ങളിലൊന്നായി; തെങ്ങ് കല്പവൃക്ഷമായി. കേരളത്തിന്റെ സ്വാഭാവികപരിസ്ഥിതി തകർത്തതിൽ റബ്ബറിനോളം, ഒരുവേള അതിലുമേറെ ഉത്തരവാദിത്വം തെങ്ങിനുണ്ടെങ്കിലും അതിനെ തള്ളിപ്പറയുമ്പോൾ മലയാളമനസ്സിന്റെ ആത്മാവു നോവുന്നതിനു കാരണവും വേറൊന്നുമല്ല.

കറ്റപ്പാട്ട്
💗●➖➖●ॐ●➖➖●💗
കാർഷികസംസ്കാരത്തിന്റെ പഴയ മുഖച്ഛായകൾ മങ്ങിമറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും, ഉത്തരകേരളത്തിലെ പുള്ളുവരുടെ ഗാനമാധുരി കൃഷിപ്പാടങ്ങളിൽ ഇന്നും ഒഴുകാറുണ്ട്. കന്നിവിളക്കൊയ്ത്തുകാലത്ത് പുള്ളുവർ വീണയുമായി വയലുകൾ തോറും സഞ്ചരിച്ചു പാടുന്ന പാട്ടിനെ ‘കറ്റപ്പാട്' എന്നാണ് പറയുക. നെൽക്കറ്റയ്ക്കുവേണ്ടിയാണ് അവർ പാടുന്നത്. ഭൂലോകത്ത് കാര്‍ഷികവൃത്തി ആരംഭിച്ചതിനെ സംബന്ധിച്ച ഒരു പുരാവൃത്ത കഥനത്തോടെയാണ് കറ്റപ്പാട്ട് ആരംഭിക്കുന്നത്. വിവിധ ഇനം നെൽവിത്തുകളെപ്പറ്റി പരാമർശമുണ്ട്. ശ്രീഭഗവതി കൈയാൽ വാരിവിതച്ചുവെന്ന പുരാസങ്കല്പവും അതിൽ കാണാം:

മുൻപിൽ പിറന്നു ജനിച്ചു വരിനെല്ല്

കാരാരിയൻ നല്ല പോരാരിയൻ വിത്ത്

കാസ്തകൻ മോടകൻ ചെന്നൽ കരിംചെന്നൽ

കാത്തക പൂത്താട നാളികൻ വിത്തുമേ

കാഞ്ഞിരക്കൊട്ടൻ കടിഞ്ചോല നാരനും

പേരാടൻ കരിഞ്ചോരൻ വെളിയനും വായകൻ

നല്ല കവുങ്ങിൻ പൂത്താടയുമങ്ങനെ

എണ്ണക്കുഴമ്പനും പൊൻകിളിവാലനും

പൊന്നിന്നിടയോൻ പൊന്നരിയൻ വിത്ത്

എന്നിങ്ങനെ അനേകം വിത്തിനങ്ങളുടെ പേരുകൾ കറുപ്പാട്ടിലുണ്ട്. നാരോൻ, നഗരി, തൊണ്ണൂറാൻ, ഓടച്ചൻ, പാൽക്കഴമ, ഉണ്ണിക്കറുക, ഉണിക്കുറുക, തഴുവൻ, ചെന്നെല്ല്, ചോവാല, ഇട്ടുഴിച്ചെന്നെല്ല്, കിളികാരിച്ചെന്നെല്ല്, പാണ്ടിനെൽ, പച്ചനെൽ, പാണ്ടിക്കുറുക, ബാലക്കുറുക, പരന്നെൽ വിത്ത്, കവുങ്ങിൻപൂത്താട, പൊന്നാരിയൻ, തവളക്കണ്ണൻ, ചിത്തിരത്തണ്ടൻ, ചെമ്പൻ, ആമ്പൻ, ഇരിമ്പൻ, ചെറുവെള്ളരി, ചൗവ്വരിയൻ, മുല്ലരി, പാൽക്കണ്ണി, നീർക്കണ്ണിച്ചെന്നെല്ല്, പാലക്കുറുക, പഴുക്കുത്തുവീരൻ, കൈരളി, ചിറ്റേനി, കുട്ടനാടൻ, കോഴിവാലൻ, ജീരകശാല, ഗന്ധകശാല തുടങ്ങി നൂറ്റൊന്നു വിത്തിനങ്ങളുടെ പേരുകൾ പുള്ളുവർ പാടിപ്പൊലിക്കാറുണ്ട്. ഇന്നയിന്ന വിത്തുകൾ ഇന്നയിന്ന പരിതസ്ഥിതിയിലാണ് നന്നാവുകയെന്നുള്ളതിനും സൂചനകൾ ഇല്ലാതില്ല:

വേനിലേ നീരങ്ങു വറ്റാതെ ദിക്കില-

ങ്ങേറെ വിളയുമാ മുണ്ടവൻ നെൽവിത്ത്

മലയിൽ വിളയും മലയൊടമ്പൻ വിത്ത്

നീരിൽ വിളയുന്ന നീർക്കഴമ വിത്ത്

തുടങ്ങിയ വരികൾ നോക്കുക. നെല്ലും തെങ്ങും അവരവരുടെ മേന്മ ചൊല്ലി പരസ്പരം തർക്കിക്കുന്നതായി ഭാവന ചെയ്യുന്ന ഭാഗമാണ് "കറ്റപ്പാട്ടി'ന്റെ ഒടുവിൽ അടങ്ങിയിട്ടുള്ളത്.

വിത്തുപൊലിപ്പാട്ട്
💗●➖➖●ॐ●➖➖●💗
കാർഷികവൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടി തുലാമാസം പത്താമുദയം മുതൽ നടത്തുന്ന, നാടകീയത കലർന്ന ഒരനുഷ്ഠാന കലാനിർവഹണമാണ് "കോതാമൂരിയാട്ടം', ഗോദാവരി എന്ന ദിവ്യധേനുവിന്റെ സങ്കല്പത്തിലുള്ള ഒരു വേഷവും, അതിന്റെ സംരക്ഷകരെന്ന നിലയിലുള്ള രണ്ട് പനിയന്മാരും' (ഹാസ്യാത്മകവേഷങ്ങൾ) ആണ് അതിൽ ആടുക. ഗോദാവരിയാട്ടത്തിനു പാടുന്ന ഗാനങ്ങളിൽ ‘വിത്തുപൊലിപ്പാട്ടും' അടങ്ങുന്നു.

ചെന്നെല്ല് വിത്ത് പൊലിക പൊലി ചെന്നെല്ല് വിത്ത് പാലിക

കുഞ്ഞിക്കഴമ പൊലിക പൊലി കുഞ്ഞിക്കഴമ പൊലിക

ത്യച്ചെണ്ടൻ വിത്ത് പൊലിക പൊലി തൃച്ചെണ്ടൻ വിത്ത് പൊലിക

എന്നിങ്ങനെ ആവർത്തനസ്വഭാവമുള്ളതാണ് ആ പാട്ട്. എണ്ണക്കുഴമ്പൻ, നാരകന്‍, മുണ്ടവൻ, പൊൻകിളിവാലി, നവര, കവുങ്ങിൻ പൂത്താട, ചിറ്റേനി, തഴുവൻ, നാളികൻ, പാൽക്കഴമ, ഉണ്ണിക്കുറുവ, കോയിവാലൻ, ജീരകശാല, ഗന്ധകകശാല തുടങ്ങി പതിനെട്ടു വിത്തുകളുടെ പേരുകൾ ചൊല്ലി പൊലിക്കണമെന്നുണ്ട്.

പള്ള് പാട്ടി'ലെ വിത്തുകൾ
💗●➖➖●ॐ●➖➖●💗
അത്യുത്തരകേരളത്തിലെ കാവുകളിലും ദേവീക്ഷേത്രങ്ങളിലും മീനപ്പൂരത്തിനു സമാപിക്കത്തക്കവിധം ഒൻപതു നാളുകളിലായി നടത്താറുള്ള അനുഷ്ഠാനനർത്തനമാണ് പൂരക്കളി. അതിൽ, വന്ദന, പൂരമാല, വൻകളികൾ, അങ്കം, പട, ചായൽ, ശൈവനാടകം, ശക്തിനാടകം, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെ വിവിധ ഇനം കളികളുണ്ട്. പൂരക്കളി സമാപിക്കുന്ന പൂരം നാളിൽ ആടിപ്പാടിക്കളിക്കുന്നതാണ് "പള്ള്.' പരമേശ്വരനും പാർവതിയും പള്ളന്റെയും പള്ളത്തിയുടെയും നിലയിൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നതാണ് 'പള്ളി'ന്റെ പശ്ചാത്തലമായ പുരാവൃത്തം. പാട്ടിൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ വർണിക്കുന്നുണ്ട്. ദേവേന്ദ്രൻ പളളനു നല്കിയവയും പള്ളൻ 'പള്ളിവയലി'ൽ വിതച്ചതുമായ വിത്തിനങ്ങളുടെ പേരുകൾ അതിൽ പ്രസ്താവിച്ചിരിക്കുന്നു:

വിതൈത്ത വിത്താണ്ട ചെന്നൽ കഴമ കുറു

വെള്ളരിയൻ പെന്തൻ പൂത്താട ചെമ്പ

ആരിയനഴകനാദിത്യ നല്ലിക്കണ്ണൻ

അലയിരിതം പേരാടോൻ മലയുടുമ്പൻ

മധുമൊഴിയൻ പല്ലികൻ ചിരോച്ചാല

മറ്റുമിപ്പടിയിതോരോ വിത്തിതെല്ലാം

എന്നാണ് ഒരു പാട്ടിൽ കാണുന്നത്.

കൊടുമമിക്കാനക്കോടെനഴകൻ

ആരിയനാദിത്യൻ മുണ്ടകൻ വിത്തും

മൂരികുറുവെയും തൊണ്ടാവെളുത്താൻ

നീരിൽ നീന്തും തുളുങ്കനും പിന്നെ

മൈയഴകൻ മണക്കേളനരിൻ...

എന്നിങ്ങനെ എണ്ണമില്ലാതുള്ള വിത്ത് നല്കപ്പെട്ടുവെന്നാണ് മറ്റൊരു 'പള്ളുപാട്ടി'ൽ പ്രസ്താവിച്ചിരിക്കുന്നത്.

മറ്റു പാട്ടുകളിലൂടെ
💗●➖➖●ॐ●➖➖●💗
ഉത്തരകേരളത്തിലെ അനുഷ്ഠാനകലാനിർവഹണമായ തെയ്യാട്ടത്തിനു പാടാറുള്ള ചില തോറ്റങ്ങളില്‍ കാര്‍ഷിക സംസ്കാരത്തെയും വിത്തുകളെയും കുറിച്ചുള്ള പരാമര്‍ശം കാണാം. ആലയില്‍ നിന്നും കാളകളെ തെളിച്ച് വയലിൽച്ചെന്ന് നിലമുഴുത് പുഞ്ച വിതയ്ക്കുന്നതിനെപ്പറ്റി "പൊട്ടൻ തെയ്യത്തോറ്റ'ത്തിൽ വർണനയുണ്ട്. “താനേ വിളയുന്ന വൈനാടോൻ പുഞ്ച' എന്നൊരു നിഗൂഢത അതിൽ സൂചിപ്പിച്ചിട്ടുണ്ടെന്നു മാത്രം.

"മലാരമ്പത്ത് മലപ്പിലവൻ തോറ്റ'ത്തിൽ പുനംകൃഷിയുടെ വിവിധഘട്ടങ്ങളെ വർണിക്കുന്നുണ്ട്. ആ പാട്ടിലുള്ള

കോരിവിതച്ചാലും വകഞ്ഞതേ വിളയൂ

വാരിവിതച്ചാലും വകഞ്ഞതേ വിളയൂ

എന്ന ഈരടി ഒരു ലോകോക്തിയുടെ സ്വഭാവം ഉൾക്കൊള്ളുന്നതാണ്. ഉത്തരകേരളത്തിലെ വണ്ണാന്മാർ കെന്ത്രോൻ പാട്ടിനു (ഗന്ധർവൻ പാട്ടിന്) പാടാറുള്ള "കന്നൽപ്പാട്ടി'ൽ ഗോദാവരിപ്പശുവിനെ ആനയിക്കുവാനായി ചൂതുവൻ കണ്ടെത്തിയ മാർഗം, ചില വിത്തിനങ്ങൾ മുളപ്പിക്കലായിരുന്നുവെന്നു പറയുന്നു:

ചൂതുവനാര് പിടിച്ചുപോയ കൊടപ്പുറത്ത്

ചേറിട്ടും ചെമ്മണ്ണിട്ടും മെഴുകിത്തേച്ച്

വാരിവിതച്ചു ചിറ്റെയും ചെറുപയറും

വിത്തുകൾ മുളച്ചതു കണ്ട ഗോദാവരി, ചൂതുവനോടൊപ്പം ഇറങ്ങിവന്നു.

No comments:

Post a Comment