ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 09

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 09

ഗന്ധര്‍വന്‍ തുള്ളല്‍
♦️➖➖➖ॐ➖➖➖♦️
ഗന്ധര്‍വന്‍മാരെ പ്രീതിപ്പെടുത്താന്‍ നടത്തിപ്പോരുന്ന കലാരൂപമാണിത്‌. ക്ഷേത്രങ്ങളില്‍ വച്ചാണ്‌ ഗന്ധര്‍വന്‍ തുള്ളല്‍ നടത്തുന്നത്‌. വിവാഹപ്രായമായ പെണ്‍കുട്ടികളെ ഗന്ധര്‍വന്‍മാര്‍ ബാധിക്കുമെന്ന വിശ്വാസത്തില്‍ നിന്നാണ്‌ ഈ കലാരൂപം ഉണ്ടായത്‌. പ്രത്യേകം കെട്ടിപ്പൊക്കിയ പന്തലിലാണ്‌ ഗന്ധര്‍വന്‍ തുള്ളല്‍ നടക്കുക. പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട്‌ ഗന്ധര്‍വന്‍മാരുടെ ചിത്രങ്ങള്‍ വരയ്ക്കും. അതിനുശേഷം ഗന്ധര്‍വന്‍മാരെ സ്തുതിക്കുന്ന പാട്ടുകളാണ്‌. ചിലര്‍ ഗന്ധര്‍വന്‍മാരുടെ വേഷം ധരിച്ചു നൃത്തം ചെയ്യും. പന്തം ഉഴിയുന്ന ചടങ്ങും ഗന്ധര്‍വന്‍ തുള്ളലിലുണ്ട്‌.

കേരളത്തിലെ ഒരു അനുഷ്ഠാനകല. തെയ്യം, തിറ, തിടമ്പു നൃത്തം, മുടിയേറ്റ്, തീയാട്ട്, കോലംതുള്ളല്‍ എന്നിവപോലെ പ്രചാരം ലഭിച്ചിരുന്ന ഗീത-വാദ്യ-നൃത്ത-ആലേഖ്യപ്രധാനമായ പ്രാചീന കലാരൂപമാണ് ഗന്ധര്‍വന്‍ തുള്ളല്‍. കളമെഴുത്തും പാട്ടും അതിനുചേര്‍ന്ന താളമേളങ്ങളും ഗന്ധര്‍വനൃത്തവും പിണിയാളുടെ തുള്ളലും ഈ കലാരൂപത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത അംശങ്ങളാണ്. ഗന്ധര്‍വരാജനായ ചിത്രരഥന്റെ കളമാണ് ഇതുമായി ബന്ധപ്പെട്ട് ആലേഖനം ചെയ്യുന്നത്. കളമെഴുത്തിന് ഉപയോഗിക്കുന്നത് പാരമ്പര്യവിധിപ്രകാരമുള്ള പൊടികളാണ്. അരിപ്പൊടി, കരിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തി എടുക്കുന്ന ചുവപ്പുപൊടി, വാകയിലയോ മഞ്ചാടി ഇലയോ ഇടിച്ചെടുക്കുന്ന പച്ചപ്പൊടി എന്നിവ പാരമ്പര്യമായി കളമെഴുത്തിന് ഉപയോഗിക്കുന്നു.

ക്ഷേത്രങ്ങളിലും ബ്രാഹ്മണ-പ്രഭുകുടുംബങ്ങളിലുമാണ് ഗന്ധര്‍വന്‍തുള്ളല്‍ സാധാരണയായി അരങ്ങേറുക.

ഒരു കാലത്ത് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഹൈന്ദവ ജനതയെ അത്യധികം ആകര്‍ഷിച്ചുവന്ന ഈ അനുഷ്ഠാനം ഇന്നു വളരെക്കുറച്ചു സ്ഥലങ്ങളില്‍ മാത്രമേ നടത്താറുള്ളൂ.

ദേശവ്യത്യാസമനമുസരിച്ചുള്ള വ്യത്യസ്തരീതികളുണ്ടുതാനും. ഗണകസമുദായത്തില്‍ ഉള്‍പ്പെടുന്ന കുറുപ്പന്മാര്‍ തുടങ്ങിയ ആളുകളാണ് ഗന്ധര്‍വന്‍തുള്ളല്‍ നടത്തുന്നത്.

ഇതിലേക്ക് ഉദ്ദേശിച്ചിട്ടുള്ള സ്ഥലം ശുദ്ധിയും വെടിപ്പും വരുത്തി മുകള്‍ഭാഗം വെള്ളയും ചുവപ്പും പട്ടുകള്‍കൊണ്ട് അലങ്കരിക്കുന്നു. കുരുത്തോല, പൂക്കുല, ആലില, മാവില, പുഷ്പങ്ങള്‍ എന്നിവയും അലങ്കരണത്തിന് ഉപയോഗിക്കുന്നു. തുടര്‍ന്നു നിലവിളക്കു കത്തിച്ചുവച്ച് ഗണപതി, സരസ്വതി എന്നീ ദേവതമാരെ വന്ദിച്ച് കളം എഴുതുന്നു. ചില സ്ഥലങ്ങളില്‍ ഗന്ധര്‍വന്റെയും യക്ഷിയുടെയും കളം എഴുതാറുണ്ട്.

കുതിരപ്പുറത്ത് ഇരിക്കുന്ന വിധത്തിലും ഗന്ധര്‍വരാജനെ ആലേഖനം ചെയ്യാറുണ്ട്. കളമെഴുതിക്കഴിഞ്ഞാല്‍ ദേവതയെ കളത്തിലേക്ക് എതിരേല്ക്കുന്നു. തുടര്‍ന്ന് ദേവതയ്ക്കു പൂജാനിവേദ്യങ്ങള്‍ നല്കുന്നു. അതു കഴിഞ്ഞാല്‍ കുറുപ്പന്മാര്‍ കളത്തിനു മുമ്പിലിരുന്നു ദേവതാസ്തുതിപരങ്ങളായ കീര്‍ത്തനങ്ങളും തോറ്റങ്ങളും ആലപിക്കുന്നു.

വിവാഹപ്രായമായ പെണ്‍കുട്ടികളെ ഉദ്ദേശിച്ചാണ് ഈ ചടങ്ങ് ചില സ്ഥലങ്ങളില്‍ നടത്തുക. എന്നാല്‍ പ്രായമായ സ്ത്രീകള്‍ക്കുവേണ്ടിയും ചില ഇടങ്ങളില്‍ നടത്തിക്കാണാറുണ്ട്. ഈതിബാധോപദ്രവങ്ങളില്‍നിന്ന് അവരെ വിമുക്തരാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ചടങ്ങാണ് ഗന്ധര്‍വന്‍ തുള്ളല്‍. ഇതിലേക്കു പാട്ട് ആരംഭിക്കുന്നതിനുമുമ്പ് ബാധോപദ്രവം ഉള്ള സ്ത്രീകളെ വ്രതം എടുപ്പിച്ചു പിണിയാളായി ഇരുത്താറുണ്ട്. പാട്ടിന്റെ അവസാനമാവാറാവുമ്പോഴേക്കും പിണിയാളുകള്‍ തുള്ളുവാന്‍ തുടങ്ങുന്നു. ഉത്തരകേരളത്തില്‍ പ്രത്യേക വേഷവിധാനങ്ങളോടുകൂടിയും കിരീടം (മുടി) ചൂടിയും കര്‍മികളില്‍ ഒരാള്‍ രംഗത്തുവരുന്നു. ഹസ്തമുദ്രകളോടുകൂടി ആടിപ്പാടി അയാള്‍ നൃത്തം ചവിട്ടുന്നു. എന്നാല്‍ ദക്ഷിണകേരളത്തില്‍ ഈ ചടങ്ങു കാണുന്നില്ല.

പിണിയാള്‍തന്നെയാണ് തുള്ളുക. ഹസ്തമുദ്രകള്‍ അവര്‍ക്കു പരിചിതമല്ല; പതിവും ഇല്ല. നൃത്തം ചെയ്യുന്ന ആള്‍ നൃത്താന്ത്യത്തില്‍ ഉപദ്രവമുള്ള ആളിന്റെ അക്ഷതം എറിയുന്നു. തുടര്‍ന്ന് പന്തം കൊളുത്തിയും തേങ്ങാ ഉടച്ചും ബലി തൂവിയും അനുഗ്രഹിക്കുന്നു. അതോടെ ബാധയേറ്റ ആള്‍, സമാധാനിക്കുന്നു. പാട്ടുകാരില്‍ ഒരാള്‍ ആവേശം കൊണ്ട് പിണിയാളെ അനുഗ്രഹിക്കുന്ന ഒരു സമ്പ്രദായം ചില സ്ഥലങ്ങളില്‍ പതിവുണ്ട്. അയാള്‍ നെല്ലും അരിയും പൂവും വെള്ളവും ചേര്‍ത്ത് പിണിയാളുടെ തലയില്‍ നിക്ഷേപിച്ച് ഉപദ്രവശാന്തി വരുത്തുന്നു. പിന്നീട് കളം മായ്ച്ച് അനുഷ്ഠാനം അവസാനിപ്പിക്കുന്നു. പൂക്കുലകൊണ്ടാണ് കളം മായ്ക്കുന്നത്. മുഖം മാത്രം കൈകൊണ്ടും.



No comments:

Post a Comment