ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 April 2021

സൂര്യനും വിഷുവും

സൂര്യനും വിഷുവും

ഓരോ ഹൈന്ദവാഘോഷങ്ങളും  അനുഷ്ഠാനങ്ങളും  മോക്ഷപ്രാപ്തിയിലേക്ക് മനുഷ്യനെ പാകപ്പെടുന്നു. പുരാണാധിഷ്ഠിതമാണ് അവയുടെ അന്തര്‍ധാരകള്‍. ആഘോഷങ്ങങ്ങളുടെ ആധ്യാത്മിക പ്രാധാന്യം
മറക്കുമ്പോഴത് ആഡംബരത്തിലേക്ക് വഴിമാറും. തലമുറകള്‍ പിന്നിടുമ്പോള്‍ അതിന്റെ അന്ത:സത്ത നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. പുരാണേതിഹാസങ്ങളുമായി  അഭേദ്യബന്ധമുണ്ട് കേരളത്തിന്റെ തനത് ആഘോഷങ്ങള്‍ക്കും. അവയുടെ പ്രസക്തിയറ്റു പോകാനിടവരരുത്. അറിഞ്ഞിരിക്കണം നമ്മളതിന്റെ പുരാവൃത്തങ്ങള്‍. പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും വേണം.

പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വിഷുവെത്താന്‍ ഇനി ഏറെ നാളില്ല. മീനം രാശിയില്‍ നിന്ന് മേടരാശിയിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് വിഷു. വസന്തഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്തവിഷുവെന്നും പേരുണ്ട്. കൊന്നയും കാര്‍ഷികോല്പന്നങ്ങളും, അലങ്കരിച്ച കൃഷ്ണവിഗ്രഹങ്ങളുമൊരുക്കി, കൈനീട്ടം നല്‍കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളില്‍ സൂര്യാരാധനയ്ക്കുള്ള  പ്രാധാന്യം മറക്കരുത്.

പുതുവത്സരദിനമെന്ന സവിശേഷതയുള്ള വിഷുവിന്റെ പുരാവൃത്തങ്ങള്‍ സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ്. കൊയ്ത്തുകഴിഞ്ഞ് നിറസമൃദ്ധിയില്‍ കര്‍ഷകര്‍ ആഹ്ലാദചിത്തരായി സൂര്യനെ ഭക്ത്യാദരം പ്രണമിക്കേണ്ട  ദിനം കൂടിയാകുന്നു വിഷു. സര്‍വചരാചരങ്ങളിലും നിറയുന്ന  ചൈതന്യമാണ് സൂര്യന്‍. സമൃദ്ധിയുടെ, ആരോഗ്യത്തിന്റെ ദേവന്‍.

നവഗ്രഹങ്ങളുടെ നാഥന്‍. പ്രഭാതസൂര്യനെ വാമനനായി സങ്കല്പിക്കണം. പ്രദോഷസൂര്യന്‍ വരുണനായും.മേടരാശിയിലാണ് സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുന്നത്. മേടസംക്രമനാളില്‍ പുലര്‍ച്ചെയുണര്‍ന്ന് ആളുകള്‍, പ്രകൃതിക്ക് സൂര്യന്റെ ദാനമായ പൂക്കളും പഴങ്ങളും വെച്ച് കണിയൊരുക്കുന്നു. കുടുംബാംഗങ്ങളെല്ലാം കണി കണ്ട ശേഷം കണി പുറത്തേക്കെടുത്ത് സൂര്യദര്‍ശനത്തായി വെയ്ക്കണമെന്നാണ് പറയപ്പെടുന്നത്. സൂര്യതേജസ്സിന്റെ പ്രതീകമത്രേ കണിക്കൊന്നകള്‍.

ആത്മീയമായൊരു ബന്ധം മനുഷ്യനും സൂര്യനുമിടയിലുണ്ട്. ബ്രഹ്മത്തിന്റെ കാണാവുന്ന രൂപമെന്ന സങ്കല്പത്തില്‍ പൗരാണിക കാലം മുതല്‍ സൂര്യഭഗവാനെ മനുഷ്യന്‍ ആരാധിച്ചു പോന്നു.സൂര്യനെ വാഴ്ത്തുന്ന മന്ത്രങ്ങളാല്‍ സമൃദ്ധമാണ് ഋഗ്വേദം. അവയില്‍ പരമപ്രധാനം  ഗായത്രീമന്ത്രം. ജീവിത സംഘര്‍ഷങ്ങളെ നിര്‍വീര്യമാക്കാന്‍ സൂര്യാരാധന കൊണ്ട്  സാധിക്കും. രാവിലെയുള്ള സൂര്യരാധന ഊര്‍ജദായകമാണ്. ആലസ്യമകന്ന് പ്രസരിപ്പ് ലഭിക്കാന്‍ ഉദയസൂര്യനെ പ്രാര്‍ഥിക്കുക.

നിത്യജീവിതത്തിലും സൂര്യന്റെ സ്വാധീനം ഏറെയാണ്. സമയം ചിട്ടപ്പെടുത്തുന്നത്  ഉദയാസ്തമയങ്ങളെ ആധാരമാക്കി. കര്‍ഷകര്‍ കൃഷിയിറക്കുന്ന ഞാറ്റുവേലയ്ക്കുമുണ്ട് സൂര്യനുമായി അഭേദ്യ ബന്ധം.

No comments:

Post a Comment