ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 December 2016

അയ്യപ്പന്‍ അഭിഷേകപ്രിയന്‍

അയ്യപ്പന്‍ അഭിഷേകപ്രിയന്‍

അഭിഷേകപ്രിയനാണു ശബരിമല അയ്യപ്പന്‍. വ്യത്യസ്ത ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള അഭിഷേകങ്ങള്‍ അയ്യപ്പനു പതിവുണ്ട്. മറ്റൊരു ശാസ്താ (അയ്യപ്പ) ക്ഷേത്രത്തിലും നെയ്യഭിഷേകമുള്‍പ്പെടെയുള്ള അഭിഷേകങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല എന്നതും ശ്രദ്ധേയം.
തപസ്സുചെയ്യുന്ന ശാസ്താവ് എന്ന സങ്കല്‍പ്പമാണു ശബരിമലയിലേത്. മഹര്‍ഷിമാരുടെ കൊടുംതപസ്സിന്റെ കാഠിന്യത്താല്‍ ഉണ്ടാകുന്ന ചൂടിനെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം. ഈ ചൂടിനെ ശമിപ്പിക്കുക എന്ന ലക്ഷ്യമാണു അഭിഷേകത്തിനു പിന്നിലുള്ളത്. മഹായോഗിയായ പരമശിവനു ധാര നടത്തുന്നതും, ഗണപതിക്കു കറുകമാല സമര്‍പ്പിക്കുന്നതും തപസ്സിന്റെ തീവ്രതമൂലം ഉണ്ടാകുന്ന ചൂട് ശമിപ്പിക്കുവാനാണ്.
പ്രഭാതത്തില്‍ നടതുറന്നാലുടനെ എണ്ണകൊണ്ട് അഭിഷേകം ചെയ്ത്‌ വാകച്ചാര്‍ത്തു നടത്തി വിഗ്രഹം ശുചിയാക്കിയ ശേഷം ആപോഹിഷ്ഠാദി ഋക്കുകളും (ഋഗ്വേദ മന്ത്രങ്ങള്‍), പുരുഷസൂക്തവും, സപ്ത ശുദ്ധിമന്ത്രങ്ങളും, മൂലമന്ത്രവും ചൊല്ലി ശംഖാഭിഷേകം നടത്തിയാണു ശാസ്താ ക്ഷേത്രങ്ങളില്‍ ദിവസപൂജകള്‍ ആരംഭിക്കുന്നത്. അഷ്ടാഭിഷേകവും പ്രഭാതത്തിലാണു പതിവ്. എണ്ണ, നെയ്യ്, തേന്‍, പാല്‍, തൈര്, കരിമ്പിന്‍ നീര്, ഇളനീര്, ചന്ദനം (കളഭം) എന്നിവകൊണ്ടുള്ള അഭിഷേകമാണ് അഷ്ടാഭിഷേകം. പനിനീരുകൊണ്ടും അഭിഷേകം നടത്താറുണ്ട്.
ഉച്ചപൂജയ്ക്കു മുന്‍പു വരെയാണു ശബരിമലയില്‍ നെയ്യഭിഷേകം നടത്തുക. നവകാഭിഷേകം, പഞ്ച ഗവ്യാഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ ഉച്ചപൂജയുടെ സമയത്താണു പതിവ്. നവകാഭിഷേകത്തിനു പ്രത്യേകം പൂജിച്ച ഒന്‍പതുകലശങ്ങളിലെ (കുടങ്ങളിലെ) ജലം ഉപയോഗിക്കുന്നു. ഗോമൂത്രം, ഗോമയം (ചാണകം), പാല്, തൈര്, നെയ്യ് എന്നിവ നിശ്ചിത അളവില്‍ ചേര്‍ന്നതാണു പഞ്ചഗവ്യം. നവകാഭിഷേകത്തോടൊപ്പം പഞ്ചഗവ്യാഭിഷേകവും നടക്കുന്നു. സഹസ്രകലശാഭിഷേകത്തില്‍ പൂജിച്ച ആയിരം കലശങ്ങളില്‍ നിറച്ച വിവിധ ദ്രവ്യങ്ങള്‍കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നു. ലക്ഷാര്‍ച്ചന തുടങ്ങിയ പൂജകളില്‍ ഒരുകലശത്തില്‍ നിറച്ച കളഭം കൊണ്ടാണ് അഭിഷേകം. ഭക്തജന ബാഹുല്യം കാരണം മണ്ഡല മകര വിളക്കുകാലത്ത് സഹസ്രകലശം അപൂര്‍വ്വമായേ നടത്താറുള്ളൂ. ഭഗവദ്‌ ചൈതന്യ വര്‍ദ്ധനവിനായാണു സഹസ്രകലശാഭിഷേകം, ലക്ഷാര്‍ച്ചനയോടനുബന്ധിച്ചുള്ള കളഭാഭിഷേകം, ദ്രവ്യകലശാഭിഷേകം തുടങ്ങിയവ നടത്തുന്നത്.
സന്ധ്യാ ദീപാരാധനയ്ക്ക്‌ ശേഷം താമര, തുളസി, ചെത്തി, അരളി തുടങ്ങിയ പുഷ്പങ്ങള്‍ കൊണ്ട് അയ്യപ്പ വിഗ്രഹത്തില്‍ നടത്തുന്ന അഭിഷേകമാണ് പുഷ്പാഭിഷേകം. അത്താഴ പൂജയ്ക്കു ശേഷം നടയടയ്ക്കുന്നതിനു മുന്‍പ് ഭസ്മാഭിഷേകവും നടത്തുന്നു.
മാസ പൂജകള്‍ക്കും മണ്ഡല മകര വിളക്കു പൂജകള്‍ക്കും ശേഷം നടയടയ്ക്കുന്ന ദിവസങ്ങളില്‍ അയ്യപ്പനു ഭസ്മാഭിഷേകം നടത്തി യോഗദണ്ഡു ധരിപ്പിച്ചാണു നടയടയ്ക്കുന്നത്.


No comments:

Post a Comment