ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 December 2016

സ്വാമിയേ ശരണമയ്യപ്പാ

സ്വാമിയേ ശരണമയ്യപ്പാ

ശാസ്താവിന്റെ മൂലമന്ത്രവും ഗായത്രീ മന്ത്രങ്ങളും താന്ത്രിക പൂജാക്രമത്തില്‍ ജപിച്ചുവരുന്നതാണ്. എന്നാല്‍ അനേകകോടി ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്ന പുണ്യനാമഘോഷമാണ്
''സ്വാമിയേ ശരണമയ്യപ്പാ"
എന്ന നവാക്ഷര ശരണമന്ത്രം.
സ്വാമി ശബ്ദത്തിനു രക്ഷകന്‍, നാഥന്‍, രാജാവ്, ആദ്ധ്യാത്മിക ഗുരു, ആചാര്യന്‍, യോഗി എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങളുണ്ട്. എല്ലാ അര്‍ത്ഥവും അയ്യപ്പനു യോജിക്കുന്നതുമാണ്. ശരണം എന്നവാക്കിനു ആശ്രയം (സംസാര ദുഃഖഹരണാര്‍ത്ഥം ഈശ്വരനില്‍ ആശ്രയിക്കുക) എന്ന അര്‍ത്ഥമാണു ഭഗവദ്ഗീതാഭാഷ്യത്തില്‍ (18.62) ശങ്കരാചാര്യ സ്വാമികള്‍ സ്വീകരിച്ചിരിക്കുന്നത്. സ്വാമിയേ ശരണമയ്യപ്പാ എന്നതിനു ‘രക്ഷകനായ അയ്യപ്പാ അവിടുന്നാണു എനിക്കാശ്രയം’ എന്നു അര്‍ത്ഥം പറയാം.
അയ്യപ്പനില്‍ ശരണാഗതി തേടുന്ന ഭക്തര്‍ ഈ നവാക്ഷരി നിരന്തരം ജപിക്കുന്നു. ശരണാഗതി എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ശ്രീവിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ശരണാഗതിയുടെ അര്‍ത്ഥം നമുക്കു ലളിതമായ വരികളിലൂടെ പറഞ്ഞു തരുന്നു.
‘മര്‍ത്യനീശ്വരപാദത്തില്‍തന്നെയുംതന്റെസര്‍വ്വവുംതിരുമുല്‍ക്കാഴ്ചവെക്കുന്നതാകുന്നുശരണാഗതി’.
സര്‍വ്വവും ഭഗവാനില്‍സമര്‍പ്പിച്ച് ആശ്രയം പ്രാപിക്കുന്നതാണ് (സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്) ശരണാഗതി. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യമാമേകം ശരണം വ്രജ എന്ന്ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നു. അങ്ങിനെയുള്ള ഭക്തന്റെ സകല സംരക്ഷണവും ഭഗവാന്‍ ഏറ്റെടുക്കുന്നു
(ന മേ ഭക്തഃ പ്രണശ്യതി, യോഗക്ഷേമംവഹാമ്യഹം എന്നീ ഭഗവദ് ഗീതാ വചനങ്ങളും ഓര്‍ക്കുക).
ഭക്തന്‍ തന്നെയും തന്റെ സര്‍വ്വവും സ്വാമിയായ ഈശ്വരനു സമര്‍പ്പിക്കുമ്പോള്‍ ഈശ്വരനില്‍ നിന്നും വേറിട്ടയാതൊന്നുമില്ല എന്ന ബോധത്തിലേക്ക് എത്തുന്നു. എല്ലാവരിലും ഭക്തന്‍ സ്വാമിയെ (അയ്യപ്പനെ) കാണുന്നു. സ്വയം അയ്യപ്പനായിമാറുന്നു. ഭാഗവതം പ്രകീര്‍ത്തിക്കുന്ന നവവിധ ഭക്തികളില്‍ ആത്മനിവേദനം എന്നതും ഈ ശരണാഗതിതന്നെ.
സ്വാമി ശരണം എന്നതിനു മറ്റൊരു പ്രസിദ്ധ വ്യാഖ്യാനം ഇതാണ്
സ്വാകാരോച്ചാരമാത്രേണ സ്വാകാരംദീപ്യതേമുഖേ
മകാരാന്ത ശിവം പ്രോക്തംഇകാരംശക്തിരുച്യതേ
ശം ബീജം ശത്രുസംഹാരംരേഫംജ്ഞാനാഗ്നിവാചകം
ണകാരം സിദ്ധിദം ശാന്തംമുദ്രാവിനയ സാധനം
‘സ്വാ’ കാരം ഉച്ചരിക്കുന്നതിലൂടെ ഭക്തന്റെ സ്വാകാരം (ആത്മബോധം) മുഖത്തെ പ്രകാശിപ്പിക്കുന്നു. 'മ' കാരം ശിവനേയും 'ഇ' കാരം ശക്തിയേയും സൂചിപ്പിക്കുന്നതിനാല്‍ മകാരത്തോടു ഇകാരംചേര്‍ന്ന ‘മി’ കാരം ശിവശക്തി സംയോഗത്തെ (പരമാത്മ സാക്ഷാത്കാരത്തെ) കുറിക്കുന്നു. സ്വാമിശബ്ദം അതിനാല്‍ ജീവാത്മ പരമാത്മ ഐക്യമെന്ന തത്വത്തെ ഭക്തനു അനുഭവവേദ്യമാക്കുന്നു. ശരണശബ്ദത്തിലെ ‘ശ’ കാരം ശത്രു സംഹാരക ബീജമാണ്. ‘ര’ കാരം അഗ്നി ബീജവും ജ്ഞാനത്തെ ദ്യോതിപ്പിക്കുന്നതുമാണ്. ‘ണ’ കാരം സിദ്ധിദായകമായ ബീജമാണ്. ‘ശരണം’ അതിനാല്‍ ഭക്തന്റെ ശത്രുക്കളാകുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളെ ജ്ഞാനാഗ്നിയാല്‍ ഭസ്മമാക്കി സിദ്ധി പ്രദാനം ചെയ്യുന്ന ശബ്ദമാണ്. സ്വാമിശരണം എന്നു ജപിക്കുമ്പോള്‍ (സ്വാമിശരണം എന്ന അടയാളം ധരിക്കുമ്പോള്‍) ഭക്തന്‍ വിനയാന്വിതനാകുന്നു. അവന്‍ മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള പതിനെട്ടു പടികള്‍കയറി തത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍ അറിഞ്ഞവനായി താരകബ്രഹ്മവും ചിന്‍മയനുമായ ഭഗവാനില്‍എത്തുന്നു.
കാനനവാസനായ അയ്യനെ കാണാന്‍ യാത്രതിരിക്കുന്ന ഭക്തര്‍ ഉച്ചത്തില്‍ ശരണം വിളിച്ച് കാടും മലയും പുഴയും എല്ലാം കടക്കുന്നു. ആദ്യകാലങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുവാനായി ആരംഭിച്ചതാവാം ഭക്തന്മാരുടെ കൂട്ടശരണം വിളികള്‍. ഉച്ചത്തില്‍ ശരണം വിളിക്കുമ്പോള്‍ ശ്വാസഗതിയിലുണ്ടാകുന്ന വ്യത്യാസവും  ഭക്തിഭാവവും ഉള്ളിലെ ദുഷ്ചിന്തകളെ അകറ്റുന്നു. വനത്തിലൂടെയുള്ള യാത്രയുടെ കാഠിന്യത്തെ ലഘൂകരിക്കുകയും ചെയ്യുന്നു.No comments:

Post a Comment