ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 December 2016

അധിരഥന്‍

അധിരഥന്‍

മഹാഭാരതത്തിലെ ഒരു കഥാപാത്രം. ചമ്പാപുരിക്കു സമീപം പാര്‍ത്തിരുന്ന ധൃതരാഷ്ട്രസുഹൃത്തായ ഒരു സൂതന്‍. രാധയെന്നായിരുന്നു അധിരഥന്റെ ഭാര്യയുടെ പേര്. സന്താനങ്ങള്‍ ഇല്ലാതിരുന്ന അവര്‍ ഒരു ദിവസം ഗംഗയില്‍ ജലക്രീഡ ചെയ്തു കൊണ്ടു നില്‍ക്കുമ്പോള്‍ ഒരു പേടകത്തില്‍ കോമളാകാരനായ ഒരു ശിശു ഒഴുകി വരുന്നതുകണ്ടു. കുന്തീദേവി അവിവാഹിതയായിരിക്കെ സൂര്യനില്‍നിന്നു ഗര്‍ഭം ധരിച്ച്, പ്രസവിച്ച ഉടനെ അപമാന ഭയത്താല്‍ ഒരു പെട്ടിയിലാക്കി ഗംഗയില്‍ ഒഴുക്കിയ ശിശു (കര്‍ണന്‍) ആയിരുന്നു അത്. അധിരഥനും ഭാര്യയും ശിശുവിനെ എടുത്തുകൊണ്ടുപോയി. വസുഷേണന്‍ എന്നു പേരിട്ട് വാത്സല്യപൂര്‍വം വളര്‍ത്തി. യഥാകാലം, ഹസ്തിനപുരത്തില്‍ ദ്രോണാചാര്യരുടെ അടുക്കല്‍ അയച്ച് ആയുധവിദ്യ അഭ്യസിപ്പിച്ചു. ആചാര്യരുടെ നേതൃത്വത്തില്‍ കുരുക്ഷേത്രത്തില്‍ വച്ച് പാണ്ഡവകൌരവ രാജകുമാരന്‍മാരുടെ അസ്ത്രാഭ്യാസപ്രദര്‍ശനം നടക്കുമ്പോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ചെന്ന കര്‍ണന്റെ പദവിയെപ്പറ്റി പൊന്തിയ ആക്ഷേപത്തിനു പരിഹാരമായി ദുര്യോധനന്‍ ധൃതരാഷ്ട്രരുടെ അനുമതിയോടുകൂടി കര്‍ണനെ അവിടെ വച്ച് അംഗരാജാവായി അഭിഷേകം ചെയ്യുകയുണ്ടായി. കര്‍ണന്‍ അങ്ങനെ രാജകീയ പ്രതാപത്തോടുകൂടി നില്ക്കുമ്പോള്‍, മേല്‍മുണ്ടഴിഞ്ഞ്, ദേഹമാസകലം വിയര്‍ത്തൊലിച്ച നിലയില്‍ വടിയും ഊന്നി വൃദ്ധനായ അധിരഥന്‍ കര്‍ണന്റെ സമീപത്തെത്തി. കര്‍ണന്‍ തന്റെ വളര്‍ത്തച്ഛനെ കണ്ടമാത്രയില്‍ ഭക്ത്യാദരങ്ങളോടുകൂടി അടുത്തുചെന്ന് അഭിഷേകാര്‍ദ്രമായ ശിരസ്സു കുനിച്ച് അദ്ദേഹത്തെ നമസ്കരിച്ചതും അദ്ദേഹം അദമ്യമായ വാത്സല്യത്തോടുകൂടി വളര്‍ത്തുമകന്റെ ശിരസ്സ് മാറോടണച്ച് കണ്ണുനീര്‍കൊണ്ട് ഒന്നുകൂടി അഭിഷേചനം ചെയ്തതും മഹാഭാരതത്തിലെ അത്യന്തം ഹൃദയസ്പൃക്കായ രംഗങ്ങളില്‍ ഒന്നാണ്.

ബംഗാളിയില്‍ ടാഗോറും ഹിന്ദിയില്‍ മൈഥിലീശരണ്‍ ഗുപ്തയും 'കുന്തീകര്‍ണ' കഥയെ ആസ്പദമാക്കി ഓരോ നാടകീയകാവ്യം രചിച്ചിട്ടുള്ളതില്‍ അധിരഥനും രാധയും കഥാപാത്രങ്ങളാണ്.

No comments:

Post a Comment