ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2024

അഹം ബ്രഹ്മാസ്മി

അഹം ബ്രഹ്മാസ്മി

നമ്മളിൽ ഏറെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അണുബോംബിനേക്കാൾ അപകടകാരിയുമായ ഒരു വാക്കാണിത്.

അഹം ബ്രഹ്മാസ്മി എന്ന് പറയാൻ യോഗ്യത ഉള്ളവർ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.

ബ്രാഹ്മജ്ഞാനി എന്ന്...

അതും വാക്ക് കൊണ്ട്പോലുമല്ല,
ഹൃദയം കൊണ്ട്.

അല്ലാതെ നമ്മളെ പോലുള്ള സാധാരണക്കാർ ഈ വാക്ക് ഉപയോഗിച്ചാൽ അത് അവനിലെ മറഞ്ഞിരിക്കുന്ന അഹന്ത വർധിപ്പിക്കാൻ മാത്രമേ കാരണമാകു.

അത് എങ്ങനെ എന്ന് നോക്കാം...

അഹം ബ്രഹ്മാസ്മി എന്ന് നമ്മൾ പറയുമ്പോ 
"അഹം അല്ലെങ്കിൽ ഞാൻ എന്ത് എന്നതാണ് അവിടെ ഉയരുന്ന അടുത്ത ചോദ്യം?."

ശരീര മനോ ദ്രവ്യാത്മകമായി മാത്രം വർത്തിക്കുന്ന അല്ലെങ്കിൽ വർത്തിക്കാൻ ശീലിച്ച ഒരുവൻ അഹം ബ്രഹ്മം (ഞാൻ പരമമായത്/ ഞാൻ ശ്രേഷ്ടമായത്/ ഞാൻ ഉന്നതമായത് ) എന്ന് പറയുമ്പോൾ അത് അവനിലെ അഹങ്കാരമാണ് അവൻപോലുമറിയാതെ അവിടെ ഉയർത്തിപ്പിടിക്കുന്നത്.

അപ്പോൾ ആ അഹന്തയാണ് ഉന്നതമായത് എന്ന് അവൻ അവനോട് തന്നെ ഒരു ഓട്ടോസജഷൻ പോലെ എപ്പോളും പറഞ്ഞ് കൊടുത്തു കൊണ്ടിരിക്കുകയാണ് അവിടെ ചെയ്യപ്പെടുന്നത്.

അതാണ് ലോകത്തിലെ ഏറ്റവും അപകടമായ അവസ്ഥ.

ഒരിക്കലും നമ്മളെ പോലെ താഴെ തട്ടിൽ നിൽക്കുന്ന ഒരാൾ അത്തരം വാക്കുകൾ ഉപയോഗിക്കാനേ പാടില്ല എന്നേ ഞാൻ പറയു.. 

അഹം ദ്രവ്യം...
 ഈ വാക്ക് ചിലപ്പോൾ അവന് തിരിച്ചറിവിലേക്ക് നയിക്കാം.
ഇത് അവനിലെ ദ്രവ്യാത്മകമായ ബോധത്തെ കാട്ടിക്കൊടുക്കാനെങ്കിലും ഉപകരിക്കും.

പരിണമിച്ചു ശക്തിയായ മായ്ക്ക് മാത്രമേ പുരുഷനെ ശിവനിലേക്ക് നയിക്കാനാവു എന്ന് കേട്ടിട്ടില്ലേ അതുപോലെ തന്നെ ഇതും.

മായയെ തിരിച്ചറിഞ്ഞാൽ പെട്ടെന്ന് നമുക്ക് ശിവബോധത്തിലേക്ക് കടന്നു ചെല്ലാം.

എന്നെങ്കിലും ഒരുനാൾ ഒരുവനിൽ ബ്രഹ്മബോധം അനുഭവഭേദ്യമായാൽ അതിൽ തന്നെ അവന് എത്ര കാലം തുടരാൻ കഴിയുന്നോ അത്ര കാലം വരെ ഉച്ചാരണമില്ലാതെ അവന്റെ ഹൃദയത്തിൽ ഉണ്ടാവേണ്ട വൈഖരി മന്ത്രമാണ് അഹം ബ്രഹ്മാസ്മി.

അല്ലാതെ മറ്റുള്ളവരെ കേൾപ്പിക്കാൻ, ഞാൻ എന്തോ ആയിപ്പോയി എന്ന് കാണിക്കാൻ പലരും ആ വാക്ക് ഉപയോഗിക്കുന്നത് കാണാറുള്ളത്. 
അത് തീർത്തും ദോഷകരമായ പ്രവർത്തിയാണത്.
അത് അവനെ മായയിൽ തളച്ചിടാൻ മാത്രമേ ഉപകരിക്കുകയുള്ളു.

ഉയരാനുള്ള ഒരു സാധ്യത പോലും അത് അവിടെ ഇല്ലാതാക്കും 

അഹം ബ്രഹ്മാസ്മി 
അത് വാക്കുകൊണ്ടുണ്ടാക്കി എടുക്കേണ്ട ഉച്ചാരണമോ ശബ്ദമോ അല്ല.

മറിച്ച് ബോധത്തിന്റെ നിറവിൽ ഒരുവനിൽ ഉണ്ടായിതീരേണ്ട ഒരവസ്ഥയാണത്.
ജീവ മന്ത്രം പോലെ ആത്മവിനോട് ചേർന്ന് നിൽക്കേണ്ടത്.



.

No comments:

Post a Comment