ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 May 2022

ഗുരുവായൂരിലെ പള്ളിവേട്ട...

ഗുരുവായൂരിലെ പള്ളിവേട്ട...

ദേവചൈതന്യം ക്ഷേത്രമതിൽക്കെട്ടിൽനിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവൻ പുറത്തേക്കെഴുന്നള്ളുമ്പോൾ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തിൽ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാൻ ഈ മൂലമന്ത്രസപന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവൻ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്.

പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാൽ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവൻ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്ന് സാധാരണ കരുതുന്ന ചടങ്ങ്, തന്ത്രദൃഷ്ടിയിൽ ക്ഷേത്രമാകുന്ന യോഗീശ്വരന്റെ സമാധിപദത്തിലെത്തിച്ചേരലാണ്. പള്ളിവേട്ടയോടുകൂടി ഗ്രാമം മുഴുവൻ നിറയുന്ന ദേവചൈതന്യം അടുത്തദിവസം താന്ത്രികവിധിപ്രകാരമുള്ള കർമ്മാദികളോടുകൂടി ദേവൻ ആറാടുമ്പോൾ അതോടൊപ്പം ആറാട്ടു തീർത്ഥത്തിൽ കുളിക്കുന്ന നാട്ടുകാരിലേക്കും പകരുന്നു.

ഗുരുവായൂർ ഉത്സവം ഒൻപതാം ദിവസം പള്ളിവേട്ട. അന്ന് ദീപാരാധനയ്ക്ക് ശേഷം, 
പട്ടുകുടകളുടെയും, ദീപങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ആനയോട്ടത്തിൽ വിജയിച്ച ആനയുടെ പുറത്ത് കയറി, ഇരു ഭാഗത്തും ഈരണ്ട് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ്റെ എഴുന്നള്ളത്ത്. ആയിരക്കണക്കിന് ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. ഭക്തിനിർഭരമായ കാഴ്ച.

കിഴക്കേ ഗോപുരം വഴി പുറത്തിറങ്ങി, കുളം പ്രദക്ഷിണം വച്ച് വടക്കേ നടയിൽ എഴുന്നെള്ളിപ്പ് തീർന്ന് ഘോഷയാത്ര ക്ഷേത്രത്തിനുള്ളിലേക്ക് മടങ്ങും. പിന്നീട് ആനപ്പുറത്തു കയറി പള്ളിവേട്ടയ്ക്കായി ഭഗവാൻ ഇറങ്ങുന്നു. കൊട്ടൂം വാദ്യവുമൊന്നുമില്ലാതെ ഭഗവാൻ കിഴക്കെ നടയിലേക്ക് നീങ്ങുന്നു. ക്ഷേത്രത്തിലെ കഴകക്കാരനായ പിഷാരടി പന്നിമാനുഷങ്ങളുണ്ടോ? എന്നു ചോദിക്കുന്നതോടെ പള്ളിവേട്ട തുടങ്ങും. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പ്രദക്ഷിണം നടത്തുന്നു. ആ പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. വേട്ടമൃഗത്തെ ക്ഷേത്രപാലകന് കാഴ്ചവെച്ച് അകത്തേക്ക് എഴുന്നെള്ളുന്നു. 

അന്ന് ക്ഷേത്രത്തിന് വടക്കുഭാഗത്ത് പ്രത്യേകം അലങ്കരിച്ച പഴുക്കാമണ്ഡപത്തിൽ വെള്ളിക്കട്ടിലിൽ പട്ടുതലയിണയും വച്ച് ഭഗവാൻ പള്ളിയുറങ്ങുന്നു. 12 പാരമ്പര്യക്കാർ നിശ്ശബ്ദരായി ഭഗവാന് കാവലിരിയ്ക്കും. നാഴികമണി അബദ്ധത്തിൽ പോലും ശബ്ദിയ്ക്കാതിരിക്കാൻ കെട്ടിയിടും.

No comments:

Post a Comment