ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2021

അഷ്ടാക്ഷര മാഹാത്മ്യം

അഷ്ടാക്ഷര മാഹാത്മ്യം

നമ്മൾ ഏവർക്കും സുപരിചിതമായ മന്ത്രമാകുന്നു അഷ്ടാക്ഷര മഹാ മന്ത്രമായ  "ഓം നമോ നാരായണായ" എന്നാൽ ഈ മന്ത്രത്തിൻ്റെ മഹത്വം ചുരുക്കം ചിലർക്ക് മാത്രം അറിയാമെന്നതാണ് സത്യം, പലരും ഈ മന്ത്രത്തെ നാമമായും എടുക്കാറുണ്ട്. ഈ മന്ത്രത്തിൻ്റെ മൂല്യമറിയാതെ നിസാരമായി കരുതുന്നവരുമുണ്ട്, നമുക്ക് അഷ്ടാക്ഷര മന്ത്രമാഹാത്മ്യത്തെ കുറിച്ച് ചിന്തിക്കാം.

നാരായണ - നരന്റെ ഉള്ളിൽ അയനം ചെയുന്ന സജീവ അവസ്ഥക്ക് കാരണ ഭൂതമാകുന്ന പ്രാണ ശക്തി ആകുന്നു "ഹംസഃ". ഈ പ്രാണ ശക്തി തന്നെ ആകുന്നു നാരായണൻ.

മറ്റൊരു അർത്ഥത്തിൽ സകല ജീവാത്മകളുടെ അന്ത്യ വിശ്രാന്തി ഏകുന്ന പരമ ആത്‍മനാകുന്നു നാരായണൻ.

ആ പരമ ആത്മാവിൻ്റെ തന്നെ മൂല മന്ത്രമാകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

വൈഷ്ണവ ദർശനം

ഈ മന്ത്രത്തെ കുറിച്ച് അറിയും മുൻപ് വൈഷ്ണ ദർശനത്തെ കുറിച്ച് അറിയണം. വൈഷ്ണവ ദർശനം ആദി നാരായണാധിഷ്ഠിതമാണ്. പരബ്രഹ്മം തന്നെ സഗുണ ഭാവത്തിൽ ആദി നാരായണനായി രൂപം കൊണ്ടു അദ്ദേഹത്തിൽ നിന്നും ആദിശക്തി മഹാലക്ഷ്മിയും ക്രമേണ വാസുദേവൻ സംഘർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ ഇവരെ "ചതുർവ്യൂഹം" എന്ന് വിളിക്കും. ഇവരിൽ നിന്ന് ബ്രഹ്മാവും, രുദ്രനും, ക്രമേണ ഉപവ്യൂഹങ്ങളും ആവിർഭവിച്ചു സകല ബ്രഹ്മാണ്ഡ ചക്രം പ്രവർത്തിക്കുന്നു.

നാരായണ നാമവും ചതുർവ്യൂഹവും

"നാരായണ"

ന - കാരത്തിൽ നിന്നു വാസുദേവനും.
ര - രാകാരത്തിൽ നിന്നു സംകർഷണനും.
യ - കാരത്തിൽ നിന്നു പ്രദ്യുമ്നനും.
ണ - കാരത്തിൽ നിന്നു അനിരുദ്ധനും ആവിർഭവിക്കും.

നാരായണ എന്ന ഒറ്റപഥം ഉരുവിടുമ്പോൾ അവിടെ ചതുർവ്യൂഹം പ്രകടമാകും. ആ വ്യൂഹത്തിൻ്റെ ഉള്ളിൽ ത്രിദേവന്മാരും കേശവാദി ഉപവ്യൂഹങ്ങൾ തൊട്ട് അണുവരെ ഉള്ള സർവ്വമാനബ്രഹ്മാണ്ഡവും ഉൾക്കൊള്ളും.

വൈഷ്ണവ ദർശന പ്രകാരം 26 തത്ത്വ സിദ്ധാന്തം ആകുന്നു പറയപ്പെടുന്നത്.

പൃഥ്‌വി തൊട്ടുള്ള 24 തത്വം ശേഷം
ജിവാത്മൻ 25
പരമ പുരുഷൻ 26.

ഇങ്ങനെ 26 തത്വങ്ങൾ ഉൾക്കൊണ്ട് പരമ പുരുഷനാകുന്നു നാരായണൻ.

വൈഷ്ണവ ദർശനം ഈ ബ്രഹ്മാണ്ഡത്തെ മൂന്ന് ആയി ഭാഗം ചെയ്യും

ഓം - ശരീരം (24തത്വ രൂപം) ജഡം.
നമോ - ജീവാത്മാവ്
നാരായണായ - പരമാത്മാവ്

അതിനാൽ പരബ്രഹ്മത്തിന്റെ മന്ത്രം ആകുന്നു അഷ്ടാക്ഷരി മഹാ മന്ത്രം.

നാരായണ അഷ്ടാക്ഷരിയും ഋഷി ഛന്ദ് ആദി ന്യാസവും.

അഷ്ടാക്ഷരി മഹാ മന്ത്രത്തിന്റെ ഓരോ അക്ഷരത്തിനും ഒരു ഋഷി ഒരു ഛന്ദസ്സ് ഉണ്ട്.

ഓം -> ഗൗതമ ഋഷി -> ഗായത്രി ഛന്ദസ്സ്.

ന -> ഭരദ്വാജ ഋഷി -> ഉഷ്ണിക ഛന്ദസ്സ്.

മോ -> വിശ്വാമിത്ര ഋഷി -> അനുഷ്ടുപ് ഛന്ദസ്സ്.

നാ -> ജമദഗ്നി ഋഷി -> ബൃഹതി ഛന്ദസ്സ്.

രാ -> വസിഷ്ഠ ഋഷി -> പംക്തി ഛന്ദസ്സ്.

യ -> കാശ്യപ ഋഷി -> തൃഷ്ടുപ ഛന്ദസ്സ്.

ണാ -> അത്രി ഋഷി -> ജഗതി ഛന്ദസ്സ്.

യ -> അഗസ്ത്യ ഋഷി -> വിരാട് ഛന്ദസ്സ്.

ഇങ്ങനെ ഓരോ അക്ഷരത്തിനും ഓരോ ഛന്ദസ്സും  ഋഷിയും ഉണ്ട്. സകല അക്ഷര ത്തിന്റേയും ദേവത നാരായണൻ തന്നെ ആകുന്നു.

നാരായണ അഷ്ടാക്ഷരവും മന്ത്രാക്ഷര വർണ്ണവും

ഓംകാരം -> ശുക്ല വർണ്ണം

'ന' കാരം -> രക്ത വർണ്ണം

'മോ' കാരം -> കൃഷ്ണ വർണ്ണം

'നാ' കാരം -> രക്ത വർണ്ണം

'രാ' കാരം -> കുങ്കുമ വർണ്ണം

'യ' കാരം -> പീത വർണ്ണം

'ണാ' കാരം -> അഞ്ജന വർണ്ണം

'യ' കാരം -> ബഹു വർണ്ണം

നാരായണ അഷ്ടാക്ഷരവും മുദ്രകളും

ധ്യാനം ചെയ്‌ത് മന്ത്ര ജപത്തിന് മുമ്പേ എട്ട് മുദ്രകൾ പ്രദർശിപ്പിക്കണം.

ഓം -> ശ്രീ വത്സ മുദ്ര

ന -> കൗസ്തുഭ മുദ്ര

മോ -> വനമാല മുദ്ര

നാ -> ശംഖ മുദ്ര

രാ -> ചക്ര മുദ്ര

യ -> ഗദ മുദ്ര

ണാ -> പദ്മ മുദ്ര

യ -> ഗരുഡ മുദ്ര

ഈ മുദ്രകൾ അഷ്ടക്ഷരത്തിന്റെ ഓരോ അക്ഷരത്തിന്റേയും മുദ്രകളാകുന്നു.

നാരായണ അഷ്ടാക്ഷരവും ദേവതകളും

ഓം -> ബ്രഹ്മ

ന -> വിഷ്ണു

മോ -> രുദ്ര

നാ -> ഈശ്വര

രാ -> സകല ബ്രഹ്മാണ്ഡം

യ -> പരമപുരുഷ

ണാ -> ഭഗവാൻ

യ -> പരമാത്മാ

നാരായണ അഷ്ടാക്ഷരവും പ്രണവ കലയും

ഓം -> 'അ' കാരം

ന -> 'ഉ' കാരം

മോ -> 'മ' കാരം

നാ -> ബിന്ദു

രാ -> നാദം

യ -> കലാ

ണാ -> കലാതീതാ

യ -> താരക ബ്രഹ്മം

അഷ്ടാക്ഷരവും മാതൃകയും

വൈഷ്ണവ ദർശന പ്രകാരം സകല മാതൃക യുടെ ഉത്ഭവം അഷ്ടക്ഷരത്തിൽ നിന്നും ആകുന്നു.

ഓം -> അ ആ ഇ ഈ ഉ ഊ ഋ ഋ ' ലൃ ലൃൃ ഏ ഐ ഓ ഔ അം അ:

ന -> ക ഖ ഗ ഘ ങ

മോ -> ച ഛ ജ ഝ ഞ

നാ -> ട ഠ ഢ ഡ ണ

രാ -> ത ഥ ദ ധ ന

യ -> പ ഫ ബ ഭ മ

ണാ -> യ ര ല വ

യ -> ശ ഷ സ ഹ ള ക്ഷ

നാരായണ അഷ്ടാക്ഷരവും നരസിംഹ രൂപവും

ഓം -> ഘണ്ഡ ഭേരുണ്ഡ പക്ഷിരാജ മുഖം

ന ->  നരസിംഹ മുഖം

മോ -> മഹാ വ്യാഘ്ര മുഖം

നാ -> ഹയഗ്രീവ മുഖം

രാ -> ആദി വരാഹ മുഖം

യ -> ആഘോര വാനരേന്ദ്ര മുഖം

ണാ -> മഹാ ഗരുഡ മുഖം

യ -> ഭാലുകാ മുഖം

ഇങ്ങനെ മഹാവിരാട് അഷ്ട മുഖമായ ഘണ്ഡ ഭേരുണ്ഡ നരസിംഹ രൂപം. ഇത് നരസിംഹ ദേവന്റെ പൂർണഭാവം ആകുന്നു. ആ ദിവ്യ രൂപം അഷ്ടാക്ഷരിയുടെ ശക്തി വിലാസം കൂടി ആകുന്നു.

അഷ്ടാക്ഷരിയും ലക്ഷ്മിയും

അഷ്ടാക്ഷരത്തിന്റെ ഓരോ അക്ഷരം അഷ്ട ഐശ്വര്യ രൂപം ആകുന്നു.
ഇതിൽ നിന്നും ഓരോ ലക്ഷ്മി ആവിർഭവിച്ച് സാധകന് സർവ ഐശ്വര്യവുമേകും.

ഓം -> ആദി ലക്ഷ്മി

ന -> ധന ലക്ഷ്മി

മോ -> ധാന്യ ലക്ഷ്മി

നാ -> ഗജ ലക്ഷ്മി

രാ -> സന്താന ലക്ഷ്മി

യ -> വീര ലക്ഷ്മി

ണാ -> ജയ ലക്ഷ്മി

യ -> വിദ്യാ ലക്ഷ്മി

നാരായണ മന്ത്രം - അർത്ഥം

ഈ അഷ്ടക്ഷരം താരക മന്ത്രം ആകുന്നു.
ജിവാത്മാവിന് പരമാത്മാവിൽ ലയമേകുന്ന മഹാമന്ത്രം. അതിനാൽ തിരുമന്ത്രം എന്നും അറിയപ്പെടും. ഈ മന്ത്രത്തെ ചിദാത്മൻ ആയി ആരാധന ചെയ്യണം.

ഓം -> ജീവാത്മാവ് ആകുന്നു

നമോ -> പ്രകൃതി ആകുന്നു

നാരായണായ -> പരമാത്മ ആകുന്നു

ഈ ജിവാത്മാവിനെ പ്രകൃതിയുടെ പരമമായ പരമാത്മയിൽ ലയമേകണം എന്നാകുന്നു ഈ മന്ത്രത്തിൻ്റെ  മന്ത്രാർത്ഥം.

അഷ്ടാക്ഷരി മന്ത്രവും ജപ ഫലങ്ങളും.

ഈ മന്ത്രം ജപിക്കുന്ന വ്യക്തി ക്രമേണ സംസാര ബന്ധനത്തിൽ നിന്നും മോചിച്ച് മോക്ഷ പദം നേടും.

സന്ധ്യ സമയം ഈ മന്ത്രം ജപം ചെയ്താൽ സർവ്വപാപം നശിക്കും.

സ്നാനം ചെയ്‌തു ശുചി ആയി ഈ മന്ത്രം നിത്യം സഹസ്ര ജപം ചെയ്യുക. ശേഷം ഏകാദശി വ്രതം എടുത്ത് ദ്വാദശിക്ക് നാരായണ പൂജ ചെയ്ത് മന്ത്രം ജപിക്കുക. അങ്ങനെ ചെയുന്നവ്യക്തിക്ക് പുരുഷാർഥപ്രാപ്തി ഉണ്ടാകും സകല പാപങ്ങളിൽ നിന്നും  മുക്തനായി മോക്ഷം കൈ വരിക്കും.

ഹൃദയത്തിൽ ശ്രീമൻ നാരായണനെ ധ്യാനിച്ച് നിത്യ ജപം ചെയ്താൽ സർവ പാപം നശിച്ച് ആത്മശുദ്ധി കൈ വരും.

ഒരു ലക്ഷം ജപം ചെയ്താൽ ആത്മ ശുദ്ധി വരും.

രണ്ട് ലക്ഷം കൊണ്ട് മന്ത്രസിദ്ധി വരും.

മൂന്ന് ലക്ഷം കൊണ്ട് സ്വർഗ്ഗപ്രാപ്തി ഉണ്ടാകും.

നാല് ലക്ഷം കൊണ്ട് ഹരി സാമീപ്യം കൈവരും.

അഞ്ച് ലക്ഷം കൊണ്ട് നിർമ്മല ജ്ഞാനം ഉണ്ടാകും.

ആറ് ലക്ഷം കൊണ്ട് ഭഗവാൻ സ്ഥിരമതി കൈവരും.

എഴ് ലക്ഷം കൊണ്ട് സാരൂപ്യാവസ്ഥ  ലഭിക്കും.

എട്ട് ലക്ഷം കൊണ്ട് നിർവാണം സിദ്ധിക്കും.

എട്ട് ലക്ഷം പൂർണ്ണ പുരശ്ചരണമാകുന്നു.

ഈ മന്ത്രം നിത്യവും ദൃഢ ഭക്തിയോടെ ജപം ചെയ്യുന്ന വ്യക്തി സർവ്വപുരുഷാർത്ഥവും ഭോഗിച്ചു മോക്ഷം കൈ വരും.

അഷ്ടാക്ഷര സാധകനെ ഒരു തരത്തിലുള്ള ദുഷ്ട ശക്തികൾക്കും തൊടാൻ ആകില്ല അവൻ്റെ  വംശം നൂറ്റാണ്ടുകൾ നില കൊള്ളും.

അഷ്ടാക്ഷരിയും കേരളവും

കേരളത്തിൽ മുഖ്യ വിഷ്ണു ക്ഷേത്രങ്ങളിൽ എല്ലാം ഉപയോഗിച്ചു വരുന്ന മൂല മന്ത്രം അഷ്ടാക്ഷരി മഹാമന്ത്രമാകുന്നു.

ഗുരുവായൂർ, പദ്മനാഭസ്വാമി ക്ഷേത്രം, സകല മഹാ ക്ഷേത്രങ്ങളിലും ഈ മന്ത്രമാകുന്നു ഉപയോഗിച്ചു വരുന്നത്.

തന്ത്ര സമുച്ചയക്രമത്തിലും ഈ മന്ത്രം ആകുന്നു ശ്രീ നാരായണൻ്റെ മൂല മന്ത്രമായി എടുക്കുന്നത്.

അഷ്ടാക്ഷരിയും തന്ത്രവും

അഷ്ടാക്ഷര മഹാ മന്ത്രം പശ്ചിമാമ്നായ വിദ്യ ആകുന്നു. ശക്തി ആയി ശ്രീ മഹാലക്ഷ്മി, ഭൂമി ദേവി മന്ത്രം ആകുന്നു.

അംഗം ആയി ഗരുഡൻ, സുദർശനം, ചതുർ വ്യൂഹ മന്ത്രം, ദശാവതാര മന്ത്രം, വിശ്വസ്കേണ മന്ത്രം പറയുന്നു.

ശ്രീ ചക്രത്തിൽ പോലും വൈഷ്ണവ ദർശന പൂജ ഈ മഹാമന്ത്രം കൊണ്ട് ആകുന്നു ചെയ്യുന്നത്.

അഷ്ടാക്ഷരിയും ഗ്രന്ഥങ്ങളും

നാരദപഞ്ചരാത്രം
സാത്വത് സംഹിത
അനന്ത സംഹിത
അനിരുദ്ധ സംഹിത
പ്രദ്യുമ്‌ന സംഹിത
വാസുദേവ സംഹിത
സംകർഷണ സംഹിത
പുരുഷോത്തമ സംഹിത

തൊട്ട് 108 വൈഷ്ണവ സംഹിത ഈ മഹാ മന്ത്രത്തെ പ്രദിപാദിക്കുന്നു.

ഇതും അല്ലാതെ

ശ്രീമദ് ഭാഗവതം
വിഷ്ണു പുരാണം
നരസിംഹ പുരാണം
ഗരുഡ പുരാണം
അഗ്നി പുരാണം
താരാസാര ഉപനിഷത്
നാരായണ ഉപനിഷത്
ശാരദ തിലകം
പ്രപഞ്ചസാരതന്ത്രം
മുമുക്ഷുപടി
എന്നിവയിൽ ഈ മഹാമന്ത്രം പ്രതിപാദിച്ചിട്ടുണ്ട്. 

അഷ്ടാക്ഷരി ജപം സഹിതം നാരായണ കവചം, വിഷ്ണു സാഹസ്രനാമം, നാരായണ ഹൃദയം ഇവ പാരായാണം ചെയ്താലാകുന്നു ഉത്തമ ഫലം.

സാധ്യ നാരായണ ഋഷി
ദേവി ഗായത്രി ഛന്ദ്
പരമാത്മാ ദേവത

ധ്യാനം

ക്ഷീരോദന്വത്പ്രദേശേ ശുചിമണിവിലസത്‌സൈകതേര്‍‌മൌക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍‌മൌക്തികൈര്‍മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍മുക്തപീയൂഷ വര്‍ഷൈഃ
ആനന്ദീനഃ പുനീയാദരിനളിനഗദാശംഖപാണിര്‍മുകുന്ദഃ
ഭൂ പാദൌ യസ്യ നാഭിര്‍വിയദസുരനിലശ്ചന്ദ്ര സൂര്യൌ ച നേത്രേ
കര്‍ണ്ണാവാശാഃ ശിരോ ദ്യോര്‍മുഖമപി ദഹനോ യസ്യ വാസ്പേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധര്‍വദൈത്യൈഃ
ചിത്രം രംരമ്യതേ തം ത്രിഭുവന വപുഷം വിഷ്ണുമീശം നമാമി

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈകനാഥം

മേഘശ്യാമം പീതകൌശേയവാസം
ശ്രീവത്സാംഗം കൌസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സര്‍വ്വലോകൈകനാഥം

നമഃ സമസ്തഭൂതാനാമാതിഭൂതായ ഭൂഭൃതേ,
അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥലശോഭി കൌസ്തുഭം
നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം

ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതം
ചന്ദ്രാനനം ചതുര്‍ബാഹും ശ്രീവത്സാങ്കിത വക്ഷസം
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ

മന്ത്രം

ഓം നമോ നാരായണായ.

No comments:

Post a Comment